Monday, December 31, 2007

സൌഹൃദത്തിന്റെ സുഗന്ധങ്ങള്‍...


ഉരുകിത്തീര്‍ന്ന ഒരു വേനലിനൊടുവില്‍...
പുതുമഴയില്‍ കുളിരുന്ന പുതുമണ്ണു പോലെ സൌഹൃദങ്ങള്‍...
വര്‍ണ്ണക്കുടകള്‍ വിടരുന്ന വസന്തത്തിന്റെ
സുഗന്ധമൊളിപ്പിക്കുന്ന ബന്ധങ്ങള്‍...
ഒരു മഞ്ഞുകാലത്തിന്റെ കുഞ്ഞുപുതപ്പിനുള്ളില്‍ നാം...

കൊഴിഞ്ഞു വീണ പൂക്കള്‍ക്കും ഇലകള്‍ക്കുമൊപ്പം
സാഗരത്തെ പുല്‍കാന്‍ ഒഴുകിയകലുന്ന ഒരു വര്‍ഷം കൂടി.

പോയ്‌മറയെ, ഈ വര്‍ഷം മനസ്സിലേക്ക്‌ പകര്‍ന്ന
പുതിയ മുഖങ്ങള്‍... പുതിയ സൌഹൃദങ്ങള്‍...

പുതുമഴ തഴുകിയ മണ്ണില്‍ നിന്നുയര്‍ന്ന
മാദക ഗന്ധം പോലെ,
മനസ്സില്‍ കുടിയേറിയ പഴയ സൌഹൃദങ്ങളുടെ
സ്നേഹ സുഗന്ധങ്ങള്‍...
ഉള്ളിന്റെയുറക്കങ്ങളെ തൊട്ടുണര്‍ത്തുന്ന,
സ്നേഹത്തിന്റെ പിച്ചകപ്പൂമണം.
മറ്റൊരു മഞ്ഞുകാലത്തെ പുലര്‍വേളയിലേക്ക്‌
വിടരുന്ന സ്നേഹത്തിന്റെ മിഴിയിണകള്‍...

ഒരു വേനല്‍പുഴയും കടന്ന് വരുന്ന
മാരിക്കും മഞ്ഞിനുമായി
ഒരിക്കല്‍ കൂടി കാത്തിരിക്കാം...
വസന്തത്തിലെ ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ
ഊഷ്മള സുഗന്ധവും പേറിയെത്തുന്ന
പുതിയ സൌഹൃദങ്ങള്‍ക്കായ്‌...
നമ്മുടെ സൌഹൃദത്തിന്റെ ഈടുമായ്‌....

ഒരുപാട്‌ നന്മകളോടെ!
പുതുവല്‍സരാശംസകള്‍
-സുല്‍

Wednesday, December 19, 2007

ബക്രീദ് ആശംസകള്‍

സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ഓര്‍മ്മകളുയര്‍ത്തിക്കൊണ്ട് മറ്റൊരു ബലിപെരുന്നാള്‍ കൂടി സമാഗതമായിരിക്കുകയാണ്. ഇബ്രാഹിം നബിയുടേയും പുത്രന്‍ ഇസ്മായിലിന്റേയും ത്യാഗത്തിന്റെ സ്മരണ ഒരിക്കല്‍ കൂടി പുതുക്കുകയാണ് ലോക ജനത. പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലക്ഷങ്ങള്‍ അറഫായില്‍ സംഗമിച്ചിരിക്കുന്നു. നാടെങ്ങും തക്ബീര്‍ ധ്വനികള്‍ കൊണ്ട് മുഖരിതമാകുന്നു. മഹാനായ അല്ലാഹുവെ വാഴ്ത്തികൊണ്ടുള്ള സ്തുതിഗീതങ്ങള്‍ മുഴങ്ങുന്നു. മനുഷ്യര്‍ പരസ്പരം ആശംസകള്‍ കൈമാറുന്നു, സ്നേഹ സമ്മാനങ്ങള്‍ കൈമാറുന്നു.

ഈ നല്ല നാളുകളില്‍ നിങ്ങള്‍ക്കേവര്‍ക്കും നിറഞ്ഞമനസ്സോടെ സുല്ലും കുടുംബവും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു!

ഈദ് മുബാറക്

Thursday, December 13, 2007

മഞ്ഞുപൊഴിയുന്ന ബ്ലൊഗ്

മഞ്ഞുപൊഴിയുന്ന എന്റെ കവിതാ ബ്ലോഗില്‍ തേങ്ങാകൊത്തുകളാണ് അല്ലെങ്കില്‍ തേങ്ങാപീരയാണ് വീഴുന്നതെന്ന് പറഞ്ഞവര്‍ക്കും, അതല്ല ബ്ലോഗിന്റെ ഉത്തരം ഉച്ചുകുത്തി ഇനി കരിഓയിലടിക്കണം എന്നു പറഞ്ഞവര്‍ക്കുമായി മഞ്ഞുവീഴ്ചയുടെ രഹസ്യം പരസ്യമാക്കുന്നു.

ഇത് ഒരു ജാവാസ്ക്രിപ്റ്റ് പ്രോഗ്രാം കോഡ് ആണ്. ഇതുപയോഗിക്കാന്‍ ജാവാസ്ക്രിപ്റ്റ് അറിയണമെന്നൊന്നുമില്ല. html/javascript പേജ് എലമെന്റ് ആയി ചേര്‍ക്കാന്‍ പുതിയ ബ്ലോഗ്ഗര്‍ തരുന്ന വഴികളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി.

ആദ്യമായി നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് സെറ്റിങ്സില്‍ പോകുക.
പേജ് എലമെന്റ്സ് എന്ന സെക്ഷന്‍ എടുക്കുക. Add and Arrange Page Elements എന്ന പേജ് കിട്ടും.
അവിടെ Add a Page Element എന്നിടത്ത് ക്ലിക്കുക. Choose a New Page Element എന്ന പേജ് കിട്ടും.
അവിടെ HTML/JavaScript എന്നതിനടിയില്ലുള്ള Add To Blog ക്ലിക്കുക. Configure HTML/JavaScript എന്ന പേജിലായിരിക്കും നിങ്ങള്‍ ഇപ്പോള്‍.
അവിടെ താഴെക്കാണുന്ന സ്ക്രിപ്റ്റ് കോപി പേസ്റ്റ് ചെയ്യുക.



<style>

.drop { position: absolute; width: 3; filter: flipV(), flipH(); font-size: 40;
color: blue }

</style>

<script language="javascript">

snow = true;

snowsym = " ' "

rainsym = " ! "

howmany = 40

if(snow){sym = snowsym; speed=1; angle=10; drops=howmany}

else{sym = rainsym; speed=50; drops=howmany; angle=6}

movex = -speed/angle; movey = speed; count = 0;


function moverain(){

for(move = 0; move < drops; move++){

xx[move]+=movex; yy[move]+=mv[move];

hmm = Math.round(Math.random()*1);

if(xx[move] < 0){xx[move] = maxx+10;}

if(yy[move] > maxy){yy[move] = 10;}

drop[move].left = xx[move]

drop[move].top = yy[move]+document.body.scrollTop;

}setTimeout('moverain()','1')}

</script>


<script language="javascript">

if (document.all){

drop = new Array(); xx = new Array(); yy = new Array(); mv = new Array()

ly = "document.all[\'"; st = "\'].style"

for(make = 0; make < drops; make++){

document.write('<div id="drop'+make+'" class="drop">'+sym+'</div>');

drop[make] = eval(ly+'drop'+make+st);

maxx = document.body.clientWidth-40

maxy = document.body.clientHeight-40

xx[make] = Math.random()*maxx;

yy[make] = -100-Math.random()*maxy;

drop[make].left = xx[make]

drop[make].top = yy[make]

mv[make] = (Math.random()*5)+speed/4;

drop[make].fontSize = (Math.random()*10)+20;

//*Change (col = 'white) to (col =YOUR COLOR)*//

if(snow){col = 'white'}else{col = 'blue'}

drop[make].color = col;

}

window.onload=moverain

}

</script>

സേവ് ചെയ്യുക.

ഇനി ഈ മഞ്ഞിനെ മഴയാക്കണമെങ്കില്‍ snow = true; എന്നഭാഗം snow = false; എന്നാക്കിയാല്‍ മതി.
നിങ്ങളുടെ ബ്ലോഗിന് നല്ലൊരു മഞ്ഞുകാലം / മഴക്കാലം ആശംസിക്കുന്നു.

Tuesday, December 04, 2007

ഇത്തിരി ഭ്രമണം

കയ്യിലെ ചാട്ടവാര്‍ ചലിക്കാന്‍ തുടങ്ങി. കൊമ്പന്‍ കാള മുത്തുക്കാളയോടൊപ്പം ചേര്‍ന്ന് വണ്ടി വലിച്ചുകൊണ്ടിരുന്നു. വണ്ടിയിലിരിക്കുന്ന കപ്പലണ്ടി പിണ്ണാക്ക്, പരുത്തികൊട്ട, വൈക്കോല്‍, പറകൊട്ട, ഉപ്പ്, അരി... എല്ലാറ്റിന്റേയും സ്രോതസ്സ്‌ തേടി അയാള്‍ അലയാന്‍ തുടങ്ങി.

ഉയര്‍ന്നു താഴുന്ന ചാട്ടവാറില്‍ കാളകള്‍ വേദനകൊണ്ടു പുളഞ്ഞു. കാളകളുടെ വേഗം അയാള്‍ക്ക്‌ പ്രചോദനത്തിന്റെ ഊര്‍ജ്ജം നല്‍കി. കവിളില്‍ വന്നിരുന്ന കൊതുകിനായി അയാളുടെ കൈവിരലുകള്‍ മുഖത്ത് പതിഞ്ഞ്‌ കൊണ്ടിരുന്നു. ആ ചുവപ്പു നിറം കയ്യില്‍ പടരുന്നതിനായി അയാള്‍ കാത്തിരുന്നു...

പരന്ന് കിടക്കുന്ന റോഡിനു മുമ്പില്‍, ചുരുട്ടി വലിച്ചെറിഞ്ഞ ചപ്പുചവറുകള്‍ക്ക് മുകളില്‍ ഞരങ്ങുന്ന വണ്ടിയിലിരുന്ന് ആയാള്‍ ദിനേശ് ബീഡി കത്തിച്ചു... സ്വപ്നങ്ങള്‍ ചുരുളുകളായി... മോഹങ്ങള്‍ ചാരമായി... അയാള്‍ ദീര്‍ഘനിശ്വാസത്തിലൊതുങ്ങി... കാളയും വണ്ടിയും ഓടികൊണ്ടേയിരുന്നു.

പിന്നെയും ഇത്തിരി ഓട്ടോക്കാട് പഠിച്ചുകൊണ്ടേയിരുന്നു.

Wednesday, November 21, 2007

രാക്ഷസന്‍ നമ്പര്‍ നാല്

ഈ കഥയില്‍ രാക്ഷസനില്ല. രാജകുമാരി മാത്രമേയുള്ളു. ഇനിയാരെയെങ്കിലും രാക്ഷസനെന്നു തോന്നിയാല്‍ അതെന്റെ കുറ്റമല്ല. - സുല്‍


രാജകുമാരനായ രാക്ഷസനില്‍ നിന്ന് രാജകുമാരിയെ തട്ടിയെടുത്ത് കൊട്ടാരത്തിന്റെ പുറത്തു വന്നു സിമി. നീല ജീന്‍സും വെളുപ്പ് മുഴുക്കയ്യന്‍ ടീ ഷര്‍ട്ടുമാണ് അയാള്‍ ധരിച്ചിരുന്നത്. അയാളുടെ കയ്യില്‍ ഒരു തൊപ്പിയും കഴുത്തില്‍ ഒരു സഞ്ചിയുമുണ്ടായിരുന്നു. രാജകുമാരിയുടെ പോലെ ചുവന്നു തിളങ്ങുന്ന വസ്ത്രങ്ങള്‍ അയാള്‍ക്കില്ല്ലായിരുന്നു. അയാള്‍ ചൂളമടിച്ചപ്പോള്‍ പുറത്തു നിന്നിരുന്ന കറുത്ത കുതിര അവരുടെ അടുത്തെത്തി. അയാളെ കുതിരക്ക് നല്ല ഇഷ്ടമായിരുന്നു. പിടുത്തം വിടുവിക്കാനായി രാജകുമാരി കൈ കുതറികൊണ്ടിരുന്നു. അയാള്‍ രാജകുമാരിയെ കൂടുതല്‍ മുറുകെ ചേര്‍ത്തു പിടിച്ചു. രാജകുമാരി കുതറികൊണ്ടേയിരുന്നു. കുതിരയുടെ പുറത്ത് ചാടിക്കയറാന്‍ പറ്റാതെ അയാള്‍ നിന്നു കിതച്ചു. ആനകിടക്കുന്നപോലെ കുതിര നിലത്തു കിടന്നു അതിനു കാലുകള്‍ അങ്ങനെ മടക്കുവാന്‍ പാടില്ലായിരുന്നെങ്കിലും. അയാള്‍ രാജകുമാരിയേയും പിടിച്ച് കുതിരപ്പുറത്തേറി ഏറ്റവും വേഗത്തില്‍ ഓടിച്ചു പോയി.

കോട്ടയും കഴിഞ്ഞ് കാടും കഴിഞ്ഞ് നാട്ടിലെത്തി. ടാറിട്ട റോഡിലെത്തിയപ്പോള്‍ കുതിര ഒരു കറുത്ത ബൈക്കായി മാറി. അയാള്‍ക്കേറ്റം ഇഷ്ടപ്പെട്ട ബുള്ളറ്റ്. അയാള്‍ക്ക് നല്ല ദാഹമുണ്ടായിരുന്നു. മാടക്കടക്കടുത്ത് ബൈക്ക് നിര്‍ത്തി അയാള്‍ രണ്ടു പെപ്സി വാങ്ങി. ഒരെണ്ണം അയാള്‍ കുടിച്ചു. ഒരെണ്ണം രാജകുമാരിക്കു കൊടുത്തു. രാജകുമാരിക്കും നല്ല ദാഹമുണ്ടായിരുന്നു. പെപ്സി വാങ്ങി കുടിച്ച രാജകുമാരിക്കതിഷ്ടപ്പെട്ടില്ല. രാജകുമാരി അത് തുപ്പിക്കളഞ്ഞു. പെപ്സി ദൂരെ വലിച്ചെറിഞ്ഞു. അയാള്‍ കടയില്‍ നിന്നു ഒരു സിഗരറ്റിനു തീകൊളുത്തി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രാജകുമാരിയേയും കൊണ്ട് ഓടിച്ചു പോയി.

മൌറീഷ്യസ്സിലേക്കു പുറപ്പെട്ട അവര്‍ എത്തിചേര്‍ന്നത് പാലക്കാടാണ്. അവന്റെ താമസസ്ഥലത്ത്. അവിടേക്ക് രാജകുമാരിയെ കൊണ്ടു വരണമെന്ന് അയാക്ക് ആഗ്രഹമില്ലായിരുന്നു. തന്റെ വേരുകളെ തൊട്ടറിയാന്‍ രാജകുമാരിക്കൊരവസരം കൊടുക്കാമെന്നു കരുതി‍. ഒരു ചെറിയ ഗേറ്റ് കടന്ന് ഉള്ളിലേക്ക് ഒരു നീണ്ട വഴി. അതിന്റെ അറ്റത്ത് മുന്നിലേക്ക് തുറക്കുന്ന മൂന്ന് വാതിലുകളുള്ള ഒരു വീട്. ഇടത്തു വശത്തെ വാതിലില്‍ ‘രഘു’ എന്നും വലതു വശത്തെ വാതിലില്‍ ‘പുട്ടുലു രാമറാവു’ എന്നും എഴുതിയിരുന്നു. നടുവിലെ പേരെഴുതാത്ത വാതിലിനടുത്തേക്ക് അവന്‍ രാജകുമാരിയേയും കൊണ്ടു നടന്നു.

1വാതില്‍ തുറക്കുവാന്‍ അയാള്‍ ഒന്നു മടിച്ചു നിന്നു. മുറിയില്‍ നിറയെ പെപ്സി ടിന്നുകളും സിഗരറ്റ് കുറ്റികളും പഴയ തുണികളും പത്രതാളുകളും പഴയ മാസികകളും മറ്റ് ചപ്പു ചവറുകളും നിറഞ്ഞു കിടന്നു. മതിലില്‍ മാറാല തൂങ്ങിയിരുന്നു. മുറിയില്‍ സാമാന്യം ദുര്‍ഗന്ധവുമുണ്ടായിരുന്നു. അവന്‍ ചിരിച്ചു. എന്നിട്ടു പറഞ്ഞു ഇതെന്റെ ഭൂതകാലമാണ്1. രാജകുമാരിക്ക് അയാളോട് ദയ തോന്നി, തന്റെ രാജ്യത്തില്‍ ഇങ്ങനെയും ഒരാള്‍ ജീവിക്കുന്നുണ്ടെന്ന് രാജകുമാരി അപ്പോഴാണ് അറിഞ്ഞത്. അയാള്‍ രാജകുമാരിയെ അവിടെ പൂട്ടിയിടാന്‍ പോകുകയാണെന്നാണ് രാജകുമാരിക്ക് മനസ്സിലായി.

ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴികണ്ടു പിടിക്കണം. കാട്ടിലെ കാട്ടാനയെ അടിച്ചു കൊല്ലുന്ന രാക്ഷസനില്‍ നിന്നു രക്ഷപ്പെട്ടിട്ടുള്ളതല്ലേ, പിന്നെയാണോ ഇത്. രാജകുമാരി നല്ല സൂത്രശാലിയായിരുന്നു. അവള്‍ ഒരു പദ്ധതി തയ്യാറാക്കി. 2അവളുടെ വിടര്‍ന്ന കണ്ണുകള്‍ അല്പംകൂടി വിടര്‍ത്തി മന്ദഹസിച്ചു. ഒന്നും മിണ്ടാതെ ഒരു ചൂലെടുത്ത് എല്ലാം അടിച്ചുവാരി പ്ലാസ്റ്റിക്ക് കൂടകളിലാക്കി മുറിയുടെ ഒരു മൂലക്കു വെച്ചു. ഒടുവില്‍ ചിരിച്ചുകൊണ്ട് നെറ്റിയിലെ വിയര്‍പ്പ് തുടച്ച് നിലത്തുവിരിച്ച മെത്തയില്‍ ചടഞ്ഞിരുന്നു. പുഞ്ചിരിച്ചുകൊണ്ട് അല്പം നാണത്തോടെ രാജകുമാരി പതിയെ പറഞ്ഞു. ഇനിമുതല്‍ നിന്റെ വര്‍ത്തമാനവും ഭാവിയുമെല്ലാം ഇങ്ങനെയാണ്. വൃത്തിയും വെടിപ്പുമുള്ളത്2.

ഒന്നും മിണ്ടാതെ അവന്‍ രാജകുമാരിയെ തള്ളിപുറത്താക്കി ബൈക്കിന്റെ താക്കോലും കൊടുത്തു കതകടച്ചു. പ്ലാസ്റ്റിക്ക് കൂടകളില്‍ നിന്ന് ചപ്പു ചവറുകള്‍ വാരി മുറിയില്‍ വിതറി. അഴുക്കു പുരണ്ട മെത്തയില്‍ ചുരുണ്ടുകിടന്ന് സുഖമായുറങ്ങി.

രാജകുമാരിയുടെ മുത്തശ്ശി രാജകുമാരിക്ക് അട്ടയെപിടിച്ചു മെത്തയില്‍ കിടത്തുന്ന കഥ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. രാജകുമാരിയെ കണ്ട രഘു വാതില്‍ തുറന്നു പുറത്തു വന്നു. ബുള്ളറ്റുസ്റ്റാര്‍ട്ട് ചെയ്ത് രാജകുമാരിയേയും പിറകില്‍ കയറ്റിയിരുത്തി യാത്രയായി. അന്നുമുതല്‍ സിമിയുടെ കഥകളില്‍ നിന്ന് രഘു പുറത്തായി. വലതു വശത്ത് അടഞ്ഞുകിടന്ന വാതിലിനു പിന്നില്‍ ഒറ്റ ജനലിലൂടെ പുട്ടുലു രാമറാവു അപ്പോഴും വിളിച്ചു പറഞ്ഞു LET ME OUT!.


1 & 2 സിമിയുടെ കഥകളില്‍ വന്ന അതേ വാചകങ്ങള്‍ . കോപിറൈറ്റ് സിമിക്ക്:)
രാക്ഷസന്‍ നമ്പര്‍ ഒന്ന്
രാക്ഷസന്‍ നമ്പര്‍ രണ്ട്
രാക്ഷസന്‍ നമ്പര്‍ മൂന്ന്

Thursday, November 08, 2007

നിറങ്ങള്‍

പലരും പല നിറങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്? എല്ലാവര്‍ക്കും ഒരു നിറം മാത്രം ഇഷ്ടപെട്ടാല്‍ പോരെ? ചിലര്‍ക്ക് ചുവപ്പിനോടിഷ്ടം, ചിലര്‍ക്ക് പച്ച, പിന്നെ മഞ്ഞ, നീല, പിങ്ക് ഇങ്ങനെ പോകും നിറങ്ങളോടുള്ള ഇഷ്ടങ്ങള്‍. എണ്ണക്കറുപ്പിനേഴഴകെന്നു പാട്ടും പാടി വെളുത്ത പെണ്ണിനെ മാത്രം കാണാന്‍ പോകുന്നവരും ഉണ്ട്.

നിറങ്ങളെ പറ്റി എന്റെ മനസ്സില്‍ ഒരു വട്ട് ചിന്തയുണ്ടായിരുന്നു കുട്ടികാലത്ത്. ഇപ്പോഴും അതിനൊരു തീര്‍പ്പായിട്ടില്ല എന്നു വേണം പറയാന്‍‍. അതൊന്നു പകര്‍ത്താമെന്നു കരുതി ഇവിടെ. എന്റെ സംശയം നിങ്ങളുടെ സംശയമായാല്‍ ഞാന്‍ വിജയിച്ചു.

നിറങ്ങള്‍ തിരിച്ചറിയുന്നത് നമ്മുടെ തലച്ചോറിലാണല്ലൊ. (അതെന്തെര് ചോറ്? എന്ന് ചോദിച്ചു വരരുത്. ഇല്ലാത്തവര്‍ മിണ്ടാതിരിക്കുക, എന്റെ കയ്യെല്‍ ഇല്ല നിങ്ങള്‍ക്കു തരാന്‍). എല്ലാവരും ഒരു നിറത്തെയാണ് ഇഷ്ടപ്പെടുന്നതെന്നാണ് എന്റെ കണ്ടുപിടുത്തം. അതായത് ലോകത്തിലുള്ള എല്ലാവര്‍ക്കും എന്റെ ചുവപ്പ് നിറത്തെയാണിഷ്ടപ്പെടേണ്ടത് എന്നാണ് നമ്മുടെ തലയുടെ ഡിഫാള്‍ട്ട് സെറ്റിങ് എന്നു കരുതുക. എന്നിട്ടത് വിശ്വസിക്കുക. അതെങ്ങനെ ശരിയാകും എന്നല്ലെ ചോദ്യം.

ഞാന്‍ ചുവപ്പു നിറം കാണുന്നു അതിഷ്ടപ്പെടുന്നു. അതു നിങ്ങള്‍ക്കിഷ്ടമാകുന്നില്ല. നിങ്ങള്‍ക്ക് നീല (എനിക്കു നീലയായി കാണുന്ന) നിറമാണിഷ്ടം. ഞാന്‍ കാണുന്ന ചുവപ്പ് നിങ്ങള്‍ പചയായാണ് കാണുന്നത്. പച്ച നിറം കാണുമ്പോള്‍ തലയ്കതിഷ്ടപ്പെടുന്നില്ല. എന്നാല്‍ ഞാന്‍ കാണുന്ന നീല നിറം ചുവപ്പ് ആയാണ് നിങ്ങളുടെ തല മനസ്സിലാക്കുന്നതെങ്കില്‍, ചുവപ്പിനെ ഇഷ്ടപ്പെടാന്‍ പ്രോഗ്രാം ചെയ്യപ്പെട്ട ബ്രൈന്‍ അതിനെ ഇഷ്ടപ്പെടുന്നു. അപ്പോള്‍ നിങ്ങള്‍ പറയുന്നു നിങ്ങള്‍ക്ക് നീലയാണിഷ്ടമെന്ന്. എന്നാല്‍ അതെനിക്കിഷ്ടപ്പെടുന്നുമില്ല എന്തെന്നാല്‍ ഞാന്‍ അതിനെ ചുവപ്പായല്ല നീലയായാണ് കാണുന്നത്.

ചെറുപ്പകാലത്ത് നമ്മള്‍ നിറങ്ങളുടെ പേരുകള്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ആരോ പറഞ്ഞുതന്ന പേരുകള്‍ നമ്മള്‍ കാണാതെ പഠിച്ച് തിരിച്ചു പറയുകയല്ലേ ചെയ്യുന്നത്. ഇലയുടെ നിറം പച്ചയാണെന്ന് ടീച്ചര്‍ പറയുമ്പോള്‍ ടീച്ചര്‍ കാണുന്ന പച്ചയെ ഞാന്‍ ചുവപ്പായികണ്ട്, മറ്റൊരാള്‍ നീലയായി കണ്ട് മറ്റൊരാള്‍ മഞ്ഞയായി കണ്ട് അതിനെ പച്ചയെന്നു വിളിക്കുന്നു, പേരിടുന്നു. ഞാന്‍ കാണുന്ന നിറങ്ങള്‍ എനിക്കറിയുന്ന നിറങ്ങള്‍ അതേ നിറത്തില്‍ തന്നെയാണോ നിങ്ങളും കാണുന്നത്, അതായത് മനസ്സിലാക്കുന്നത്? അതായത് ഞാന്‍ കാണുന്ന പച്ച നിറം നിങ്ങള്‍ കാണുമ്പോള്‍ അത് എന്റെ പച്ചയായി തന്നെയോ നിങ്ങള്‍ കാണുന്നത്? അല്ലെങ്കില്‍ എന്റെ നീല പോലെയോ ചുവപ്പ് പോലെയൊ. അതെങ്ങനെ കണ്ടു പിടിക്കാന്‍ കഴിയും? എനിക്കറിയില്ല, നിങ്ങള്‍ക്കൊ?

ഇത്രയും പറഞ്ഞിട്ട് ഒരു പിടിയും കിട്ടിയില്ലെങ്കില്‍, ഫിലിമിന്റെ ഉപയോഗം നോക്കാം. കറുപ്പും വെളുപ്പും മാത്രം തിരിച്ചറിയുന്ന ഫിലിം, കളര്‍ തിരിച്ചറിയുന്ന ഫിലിം. ഇവ രണ്ടും കാണുന്നത് ഒരു വസ്തുവിനെ തന്നെ. എങ്കിലും അതിനെ വേറെ വേറെ നിറങ്ങളില്‍ കാണുന്നു. അതു മാത്രമല്ല ആ ഫിലിം നമ്മള്‍ കാണുമ്പോള്‍ (നെഗറ്റീവ്) മറ്റൊരു നിറമാണ്. ഇതു പോലെ നമ്മുടെ തലയും നിറങ്ങളെ പലതായി കാണുന്നില്ലെന്നാരാ പറഞ്ഞത്?

Tuesday, August 28, 2007

ഒന്നാം വാര്‍ഷികാഘോഷങ്ങള്‍. ഹൂ ഹാ

വാര്‍ത്തകള്‍ വിശദമായി.

മലയാള ബ്ലോഗ് രത്നം ‘സുല്‍’ ഇന്ന് ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. ദുബൈ ആസ്ഥാനമായി ബ്ലോഗ് നടത്തുന്ന ഒരു യു എ ഇ ബ്ലോഗറാണിദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നൂറില്പരം പോസ്റ്റുകള്‍ നാട്ടി സഹ ബ്ലോഗര്‍മാര്‍ക്ക് ഒരു വെല്ലുവിളിയായിരിക്കുകയാണ്. ദുബായിലും തന്റെ സ്വന്തം ദേശമായ തളിക്കുളത്തും ആഘോഷപരിപാടികള്‍ അരങ്ങേറുകയാണ് ഇപ്പോള്‍. ആഘോഷ പരിപാടികളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ദുബൈല്‍നിന്ന് ബിജു കിട്ടിയ താപ്പേല്‍ ജെംസ് തിന്നുകൊണ്ട് ഇപ്പോള്‍ ലൈനിലുണ്ട്.

‘ബിജു കേള്‍ക്കാമൊ..?”

‘കേള്‍ക്കാം സുരേഷ്...’

‘ബിജു കേള്‍ക്കാമൊ. കേള്‍ക്കാമോ ബിജു.?”

‘ഇവിടെ കേള്‍ക്കാം ഇവിടെ കേള്‍ക്കാം സുരേഷ്...’

‘ബ്ലോഗ് രത്നം സുല്ലിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണല്ലോ ദുബായില്‍. എന്താണ് അവിടെ ഇപ്പോള്‍ നടക്കുന്നത്, പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്താണ്?”

‘സുരേഷ്... ഞാന്‍ പറയേണ്ട കാര്യങ്ങള്‍ അവിടന്ന് വിളിച്ചു പറയണമെന്നില്ല. ചോദ്യങ്ങള്‍ മാത്രം മതി. ഉത്തരം ഞാന്‍ തരുന്നതായിരിക്കും. ബ്ലഗാവ് സുല്ലിന്റെ ബ്ലോഗിലെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് നടക്കുന്ന മീറ്റ് ആന്‍ഡ് ഈറ്റ് ഈവനിങ്ങില്‍ പങ്കെടുക്കാനായി വമ്പിച്ച ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ബ്ലഗാവ് സുല്ലിനെ ഒരു നോക്ക് കാണാനും ആശീര്‍ വാദങ്ങള്‍ വാങ്ങാനുമായി ഒരു കൂട്ടം ബ്ലഗാക്കള്‍ ഇന്നലെ രാത്രി തന്നെ യു എ ഇ യുടെ മറ്റ് എമിറേറ്റ്സുകളില്‍ നിന്ന് ഇവിടെ വന്ന് കുറ്റിയടിച്ചിട്ടുണ്ട്. അഘോഷ
പരിപാടികള്‍ നടന്നു കൊണ്ടിരിക്കുന്നു. കുറച്ചു മുമ്പ് ഡോളിവുഡ് (ദുബൈ) ന്റെ മെഗാതാരം അല്‍ അമര്‍ ബിന്‍ അക്ബര്‍ ആന്റണി ആഘോഷ പരിപാടികളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. അറബിയില്‍ ആയിരുന്ന പ്രസംഗം അതേപടി കേട്ട് എല്ലാ മലയാളി ബ്ലഗാക്കളും കയ്യടിച്ചെങ്കിലും മറ്റൊരു പ്രമുഖ് ബ്ലഗാവ് കൈപള്ളി കയ്യടിയില്‍ ചേരാതെ മാറിയിരുന്നു എന്നത് പ്രസ്താവ്യമാണ്. സുരേഷ്....’

‘എന്താണ്‍ കൈപള്ളീ കയ്യടിയില്‍ ചേരാതിരുന്നത്. അവിടെ ഒരു ചേരിതിരിവിന്റെയോ ഗ്രൂപ്പു കളിയുടെയോ പ്രശ്നമുണ്ടോ ‍..‘

‘അതൊന്നുമല്ല സുരേഷ് പ്രശ്നം, ഇവിടെയുള്ള മലയാളികളെ പറ്റി മെഗാതാരം അല്‍ അമര്‍ ബിന്‍ അക്ബര്‍ ആന്റണി അറബിയില്‍ പറഞ്ഞത് മറ്റു ബ്ലഗാക്കള്‍കൊന്നും
മനസ്സിലായില്ലെന്നു വേണം കരുതാന്‍... എന്തിനും കേറി നല്ലത്, ബെസ്റ്റ്, കിടിലന്‍, സൂപര്‍ എന്നീ കമന്റ്റുകളിട്ടു നടന്നിരുന്ന ബ്ലഗാക്കള്‍ മറ്റൊന്നും നോക്കാതെ കൂട്ട കയ്യടി നടത്തിയെന്നു വേണം മനസ്സിലാക്കാന്‍... സുരേഷ്‘

‘ബിജു, ഇപ്പോള്‍ വേദിയില്‍ എന്തു പരിപാടിയാണ് അരങ്ങേറുന്നത്? ഇനി എന്തെല്ലാമാണ് മറ്റിനങ്ങള്‍? ഈ ആഘോഷം ഒരു യു.എ.ഇ മീറ്റ് ആയി പരിഗണിക്കുമോ?‘

‘ഇപ്പോള്‍ വേദിയില്‍ ചര്‍ച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. ‘കമെന്റ് സിന്റിക്കേറ്റുകളും പോസ്റ്റുകളും’ എന്ന വിഷയത്തെ അധികരിച്ച്, ബ്ലഗാവ് അഗ്രജന്‍റ്റെ നേതൃത്വത്തില്‍
കൂലംകൂഷമായ ചര്‍ച്ചനടക്കുകയാണ്. ബ്ലഗാവ് ഇത്തിരിവെട്ടം ഇതിനിടയില്‍ ചില കുത്തിതിരുപ്പുകള്‍ക്ക് ശ്രമിച്ചെങ്കിലും എല്ലാം പാഴായി പോവുകയാണുണ്ടായത്. ഗ്രൂപുകളായി തിരിക്കേണ്ടതിന്റെ ആവശ്യം ബ്ലഗാവ് ബയാന്‍ ഉയര്‍ത്തിയെങ്കിലും കമെന്റ് സിന്ഡിക്കേറ്റ് വേണം എന്ന രീതിയിലാണ് ചര്‍ച്ച ഇപ്പോള്‍ മുന്നേറുന്നത്. ബ്ലഗാവ് വിശാലന്റെ കൊടകരപുരാണത്തില്‍ നിന്ന് ഒരു സൂകതം വായിക്കുന്ന ചടങ്ങ് ഇതിനോടനുബന്ധിച്ചു നടക്കുന്നുണ്ട്. ബ്ലഗാവ് ദില്‍ബാസുരന്റെ ആവശ്യപ്രകാരം ബാച്ചിലര്‍ ക്ലബ്ബിന്റെ ഹൃദയത്തുടിപ്പായി തിരഞ്ഞെടുക്കപ്പെട്ട ബിന്ദു പണിക്കര്‍ ആണ് ഈ സൂക്തം വായിക്കുന്നത്. അതിനു ശേഷം ‘ചെണ്ടക്കെന്തിന് കൊട്ട്’ എന്നതിനെ പറ്റി ബ്ലഗാവ് കുറുമാനും, ‘ഊഞ്ഞാലിനാടാന്‍ ഊഞ്ഞാലുവേണോ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബ്ലഗാവ് തമനുവും അവരവരുടെ തോന്നിവാസങ്ങള്‍ കുത്തിനിറച്ച പോസ്റ്റുകള്‍ വായിക്കുന്നതാണ്. അതിനു ശേഷം ബ്ലഗാവ് അഗ്രജന്റെ വക ‘ തക്കുവും പച്ചുവും പാചുവും’ എന്ന ഫോട്ടൊ പ്രദര്‍ശനവും ഉണ്ടാവുമെന്ന് അറിയുന്നു. ഇതിനു ശേഷം ‘ബൂലോഗ ദുബൈ‘ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതാണ്. സുരേഷ്...’

‘ബിജു, ഈ അഘോഷം ഒരു യു.എ.ഇ മീറ്റ് ആയി പരിഗണിക്കുമോ?’

‘അടുത്ത ആഴ്ച നടക്കാനിരിക്കുന്ന കുറുമാന്റെ പുസ്തകപ്രകാശനമാണ് യു എ ഇ മീറ്റ് ആയി അംഗീകരിച്ചിരിക്കുന്നത്. ഈ ആഘോഷം ഒരു മീറ്റ് ആയി പരിഗണിക്കാന്‍
കഴിയില്ലെന്നാണ് ഇതു വരെയുള്ള സൂചനകള്‍. ബൂലോക ക്ലബ്ബിലേക്ക് അപേക്ഷ അയച്ചിട്ടുണ്ട്. ഈ മീറ്റിനെ റെക്കോര്‍ഡുകളില്‍ ഉള്‍കൊള്ളിച്ചിട്ടില്ല എന്നാണ് ബ്ലഗാവ് തറവാടി അറിയിച്ചത്. ഈ ആഘോഷം മീറ്റ് ആയി പരിഗണിച്ചില്ലെങ്കില്‍ പുല്ലെന്നാണ് സുല്ല് പറഞ്ഞത്. സുരേഷ്’‘

ഒരു വര്‍ഷം പിന്നിടുന്ന ബ്ലഗാവ് സുല്ലുമായി ബിജുകുട്ടന്‍ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇപ്പോള്‍ കാണാം.

ബിജു : ‘ താങ്കള്‍ ബ്ലോഗിലേക്ക് വരാനുണ്ടായ കാരണം?’

സുല്‍ : ‘ ഒരു വര്‍ഷം മുമ്പു വരെ ഒരു കടം കഥ പോലും എഴുതാതിരുന്ന ഞാന്‍, ഇടക്ക് മലയാളം ബ്ലോഗുകള്‍ വായിക്കാനിടയായി. ഇതാണോ ബ്ലോഗെഴുത്ത്, എന്നാല്‍ ഒരു കൈ നോക്കിക്കളയാം എന്ന ഒറ്റ ചങ്കുറപ്പിന്റെ പുറത്താണ് ഞാന്‍ ഇവിടെ ഒരു സെന്റ് മണ്ണ് വേലി കെട്ടി തിരിച്ചെടുത്തത്. ഇന്ന് അത് വളര്‍ന്ന് പന്തലിച്ച് ഒരു ഒരു പ്രസ്ഥാനമായി മാറിയകാര്യം അറിയാമല്ലോ’

ബിജു : ‘താങ്കളുടെ ആദ്യ പോസ്റ്റിനു മറ്റുള്ളവരില്‍ നിന്നുള്ള പ്രതികരണം എന്തായിരുന്നു’

സുല്‍ : ‘ ഞാന്‍ ഇവിടെ കടന്നു വരുന്ന കാലഘട്ടത്തില്‍ നിലനിന്നിരുന്ന മാമൂലുകള്‍ അനുസരിച്ച് സീനിയര്‍ ബ്ലോഗര്‍ എന്ന ഒരു വിഭാഗമായിരുന്നു കമെന്റ് സിന്റിക്കേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്നത്. എന്റെ ആദ്യ ബ്ലോഗില്‍ ഒരാളും കമെന്റിട്ടില്ല എന്നതാണ് സത്യം. അവസാനം അടുത്തപോസ്റ്റില്‍ ആളെ വിളിച്ചുകൂട്ടുകയാണുണ്ടായത്. ഓഫ് യൂണിയന്‍ പ്രസി. ആയിരുന്ന ഇടിവാള്‍, ഗ്രൂപ്പിനു കേറിമേയാന്‍ മറ്റൊരു മേച്ചില്പുറം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു.‘

ബിജു : ‘മലയാളം ബ്ലോഗിന്റെ വളര്‍ച്ചക്ക് താങ്കളുടെ സംഭാവനകള്‍...’

സുല്‍ : ‘മലയാളം ബൂലോഗം നിലനില്‍ക്കുന്നത് കമെന്റുകളുടെ കാരുണ്യം കൊണ്ടാണെന്നു പറയാം. ആദ്യ പോസ്റ്റിനു സ്വീകരണം കിട്ടാതിരുന്നത് എന്നെ വളരെയധികം ആകുലചിത്തനാക്കി. അത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബ്ലഗാക്കള്‍ വരുന്നവരെ അത് ഏതു അണ്ടനും അടകോടനും ആയാലും ശരി സ്വാഗതം പറയുന്നത് ഒരു ജനകീയ പ്രസ്താനമാക്കി. അങ്ങനെ പൊന്തി വന്ന ഒരു ബ്ലഗാവാണ് ബ്ലഗാവ് സാന്‍ഡോസ്, അവന്‍ ഇപ്പോള്‍ എനിക്കുമുന്നേ വാര്‍ഷികാഘോഷങ്ങളുടെ തിരക്കിലാണ്.
മാസം തികയാതെ പെറ്റപോലെ എന്നാണ്‍് എനിക്കാ ആഘോഷത്തെ പറ്റി പറയാനുള്ളത്. അതു കൂടാതെ, പുതിയ പോസ്റ്റുകള്‍ക്ക് തേങ്ങയുടച്ച് മറ്റു സഹ ബ്ലഗാക്കളുടെ ശ്രദ്ധ അവിടേക്കു കൊണ്ടുവരുന്ന ഒരു രീതിയും നടപ്പിലാക്കിയിട്ടുണ്ട്.’

ബിജു : ‘താങ്കളുടെ മറ്റു പ്രവര്‍ത്തന മേഖലകള്‍...’

സുല്‍ : ‘എന്റെ പ്രധാന പ്രവര്‍ത്തനമേഖല സുസ്മേരം എന്ന ബ്ലോഗാണ്. അതില്‍ എന്റെ നാടിനെ കുറിച്ചും നാട്ടാരെ കുറിച്ചും എനിക്കറിയാവുന്ന സത്യങ്ങളാണെഴുതുന്നത്. ആ ബ്ലോഗ് തുടങ്ങിയതിനു ശേഷം ഞാന്‍ നാട്ടില്‍ പോകാന്‍ ധൈര്യപ്പെട്ടിട്ടില്ല. ബിക്കു എന്ന ഒരു ബ്ലഗാവ് എന്റെ പോസ്റ്റുകളുടെ പ്രിന്റ് നാടു നീളെ വിതരണം ചെയ്തതിന്റെ ഫലമായി, നാട്ടിലേക്ക് കാലു കുത്താന്‍ പറ്റാത്ത അവസ്ഥയാണ്. മറ്റൊന്ന് മനസ്സിന്റെ അന്തരാളങ്ങളില്‍ നിന്നുരുത്തിരിയുന്ന നാളെയുടെ വിളികളെ പകര്‍ത്തിവെക്കാന്‍ ‘സുല്ലിന് സ്വന്തം’ എന്ന
പേരില്‍ ഒരു കവിതാ ബ്ലോഗ് ഉണ്ട്. രണ്ടാമത് വായിക്കുമ്പോള്‍ ഡെലീറ്റ് ചെയ്ത് കളയണം എന്നു കരുതുമെങ്കിലും, പോസ്റ്റുകളുടെ എണ്ണം കൂട്ടി കാണിക്കാന്‍ അവ അവിടെ തന്നെ വിടുകയാണ് പതിവ്. മറ്റൊന്ന് പട ബ്ലോഗാണ്. മൊബൈലില്‍ ക്യാമറായുള്ളവനെല്ലാം പടം പിടുത്തക്കാരാവുമ്പോള്‍ ഞാനെന്തിനു മടിച്ചു നില്‍ക്കണം. കാര്‍ട്ടൂണുകള്‍ക്കും ആബ്ലോഗില്‍ സ്താനമുണ്ട്. ബൂലോഗം ഉറ്റുനോക്കുന്ന ഒരു കാര്‍ട്ടൂണിസ്റ്റായ സുജിത്ത് പോലും ഉറ്റുനോക്കുന്നത് എന്റെ കാര്‍ട്ടൂണുകളിലേക്കാണെന്ന കാര്യം ഞാന്‍ മറച്ചു പിടിക്കുന്നില്ല. ‘

ബിജു : ‘കൂട്ടായ്മയെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം...’

സുല്‍ : ‘കൂട്ടായ്മ അത് പണ്ട് എന്ന് ചില കൂട്ടര്‍, എന്നാല്‍ ഇപ്പോഴും ഉണ്ട് എന്ന് ചില കൂട്ടര്‍, കൂട്ടായ്മ ഇല്ല എന്ന് മറ്റൊരു കൂട്ടര്‍. ബൂലോഗത്ത് കൂട്ടായ്മ ഉണ്ടോ എന്ന്
പരിശോധിക്കുന്നതിനായി ബ്ലഗാവ് അതുല്യയുടെ നേതൃത്വത്തില്‍ ഗന്ധര്‍വ്വനും ദേവനും അടങ്ങുന്ന ഒരു ടീം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അവരുടെ വിശദമായ് പഠന റിപ്പോര്‍ട്ട് മേശപ്പുറത്തോ, പുരപ്പുറത്തോ, അടുപ്പത്തോ അടുത്തു തന്നെ വെക്കുന്നതായിരിക്കും എന്ന് അറിയുന്നു.‘


ബിജു : ‘പിന്മൊഴി നിര്‍ത്തിയതില്‍ താങ്കള്‍ക്കെന്തെങ്കിലും പങ്കുണ്ടോ..’

സുല്‍ : ‘ അങ്ങനെ ചില കിംവദന്തികള്‍ എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഞാന്‍ പിന്മൊഴിപോയിട്ട് മുന്മൊഴി പോലും നിര്‍ത്താന്‍ ആഗ്രഹിക്കുന്നവനല്ല.‘

ഞാന്‍ ഇടപെടുകയാണ് ബിജു. ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇന്നു രാത്രി ഒമ്പതിന് കാണാവുന്നതാണ്. മറ്റു വാര്‍ത്തകളിലേക്ക്....

Wednesday, August 22, 2007

നഫീസയുടെ സ്വകാര്യങ്ങള്‍ 4

“ഉമ്മാ.. കരേണ്ടുമ്മാ... ഉമ്മാ കരേല്ലെ...” അബുമോന്‍ കരഞ്ഞുകൊണ്ട് ഓടിവന്ന് കെട്ടിപിടിച്ചു തുരുതുരെ ഉമ്മ തരാന്‍ തുടങ്ങി. അബുമോനും നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. അവനെ വാരിയെടുത്ത് മാറോടണച്ചപ്പോള്‍
സങ്കടം വര്‍ദ്ധിച്ചതേയുള്ളു. കുറച്ചു നേരം നിശബ്ദമായി തേങ്ങി. അബുമോന്റെ കരച്ചില്‍ മാറ്റുന്നതിനായി, അവനെ സാന്ത്വനിപ്പിക്കുന്നതിനായി പിന്നെയുള്ള ശ്രമം. തന്റെയുള്ളിലെ സ്നേഹം അവനു പകര്‍ന്നു നല്‍കുമ്പോള്‍, അവന്‍ തന്നൊടൊട്ടിയിരിക്കുമ്പൊള്‍, അവന്റെ കുഞ്ഞികൊഞ്ചലുകള്‍ക്ക് കാതു കൊടുക്കുമ്പോള്‍ തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന സങ്കടങ്ങളില്‍ നിന്നൊരൊളിച്ചോടല്‍ തനിക്കു സാധ്യമാവുന്നില്ലേ. എല്ലാ സങ്കടങ്ങളും മറക്കാന്‍, തനിക്കു താങ്ങും തണലുമാവാന്‍ തന്റെ അബുമോന്‍.

പുറത്തു തടവികൊണ്ടിരിക്കുന്നതിനിടയിലെപ്പോഴൊ, കരഞ്ഞു കരഞ്ഞ് അബു മോന്‍ ഒന്നു മയങ്ങി. നമസ്ക്കാരപ്പായയില്‍ നിന്നെഴുന്നേറ്റ്, അബുമോനെ പായ വിരിച്ച് അതില്‍ കിടത്തി. വിശക്കുന്നുണ്ടാവും പാവം. ബാപ്പ വന്നിട്ട് കൂടെയിരുന്ന് ഭക്ഷണം കഴിക്കാനായി കാത്തിരിക്കുകയായിരുന്നു അവന്‍ ഇതുവരെ. ഇനിയേതായാലും
ഉറങ്ങിയുണരട്ടെ. ഹസ്നമോള്‍ ഇനി സ്കൂള്‍ വിട്ട് നാലുമണികഴിഞ്ഞേ വരു. തനിക്കും ഒന്നും കഴിക്കണമെന്നില്ല. ആവശ്യത്തിനു കിട്ടിയതല്ലേ. അബുമോന്റെ അരികില്‍ പായയില്‍ ചുരുണ്ടുകൂടാന്‍ അധികം ആലോചിക്കേണ്ടിവന്നില്ല. പുറത്ത് മഴയുടെ ആക്കം കുറഞ്ഞു. ചെറിയ കാറ്റും അങ്ങിങ്ങ് ഇലതുമ്പുകളില്‍ നിന്നുതിര്‍ന്നു വീഴുന്ന മഴയുടെ ശേഷിപ്പുകളും. ഓര്‍മ്മയുടെയും മറവിയുടെയും ഇടയിലെവിടെയോ താന്‍
പോലുമറിയാതെ ഒരു പകല്‍ മയക്കത്തിലേക്ക് കാലിടറി.

--------

“ഉമ്മാ... ഉമ്മാ...“ ഹസ്ന മോളുടെ വിളി കേട്ടാണ് കണ്ണുമിഴിച്ചത്. അള്ളാ നേരം കുറേയായല്ലോ. നാലുമണിക്ക് സ്കൂള്‍വിട്ട് മോളു വീട്ടിലെത്തി. അബുമോന്‍ ഇനിയും എഴുന്നേറ്റില്ല. മുറ്റത്തു മഴ നിലച്ചിരിക്കുന്നു. നല്ല വെയിലു പരന്നിട്ടുണ്ട്.
വേഗം പായയില്‍ നിന്ന് തട്ടിപിടഞ്ഞെഴുന്നേറ്റു. പുറത്തു പോയി മുഖം കഴുകി വന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാത്തതിന്റെ വിശപ്പ് അല്‍പ്പാല്‍പ്പമായി തലപൊക്കി തുടങ്ങി. മോനെ വിളിച്ചെഴുന്നേല്‍പ്പിച്ചു. അവനും ഒന്നും കഴിക്കാതെയാണല്ലോ ഉറങ്ങിയത്. രണ്ടുപേര്‍ക്കും ചോറു വിളമ്പിക്കൊടുത്തു. താനും കഴിക്കാനിരുന്നു.

“നബീസാ... നബീസാ...“ പുറത്തുനിന്ന് അസിക്കായുടെ വിളി.

എന്തിനാണാവോ. ഇവിടന്ന് കുടിയിരിപ്പിന്റെ ആധാരവും കൊണ്ട് പോയതല്ലേ. ഇപ്പോളെന്താണാവോ ഇത്ര സന്തോഷം. വാരിയ പിടി പാത്രത്തില്‍ തന്നെ വച്ച് അടുക്കളയില്‍ നിന്നെഴുന്നേറ്റ് വേഗം കിഴക്കെപുറത്തെത്തി. തന്റെ പിന്നാലെ ഭക്ഷണം കഴിക്കല്‍ മതിയാക്കി അബുമോനും ഹ്സ്നമോളും ഓടി വന്നു. പുറത്ത് അസിക്ക നില്‍ക്കുന്നു. ഏതായാലും വരവ് നാലുകാലിലല്ല. അത്രയും സമാധാനം.

“നബീസാ നീ അത് നോക്ക്...” റോഡിലേക്ക് ചൂണ്ടികൊണ്ട് അസിക്ക പറഞ്ഞു. അസിക്കായുടെ മുഖം പൂത്തിരികത്തിച്ച പോലെ, ചിരിച്ചുകൊണ്ടേയിരിക്കുന്നു. അസിക്ക അധികം ചിരിക്കാറില്ല. ചിരിക്കാറുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ ആ കാലങ്ങളില്‍.. പിന്നെ പിന്നെ ചിരി എവിടെയൊ മറഞ്ഞു പോയി. വഴക്കിടാനും തന്നെ തല്ലാനും മാത്രമായി ഒരുമിച്ചുകൂടുന്ന സമയങ്ങള്‍.

അതിനിടയില്‍ അസിക്ക റോഡരികിലേക്ക് നടന്നു കഴിഞ്ഞു. അവിടെ ആമിനത്താടെ പറമ്പിലേക്ക് കയറ്റി ഒരു ഓട്ടോറിക്ഷ നിറുത്തിയിട്ടിട്ടുണ്ട്. രണ്ട് മൂന്നു കുട്ടികള്‍ അതിനടുത്തായി നില്‍പ്പുണ്ട്. അസിക്ക ആ വണ്ടിയുടെ അടുത്തേക്കാണ് പോകുന്നത്. ഏതായാലും സന്തോഷത്തോടെ വിളിച്ചതല്ലേ, കുടത്തില്‍ നിന്നു വെള്ളമെടുത്തു കൈ കഴുകി റോഡരികിലേക്ക് നടന്നു.

“എങ്ങനെയുണ്ടെഡീ വണ്ടി” അസിക്കാടെ ചോദ്യം. വണ്ടിയെപറ്റി എന്തിനാ എന്നോട് ചോദിക്കുന്നത്. ഇതു വാങ്ങാനുള്ള പുറപ്പാടാണൊ ആവോ.

“ഇതിപ്പൊ നമ്മളെ വണ്ടി. ഞാനിതു വാങ്ങി.” തന്റെ മറുപടിക്കു കാത്തുനില്‍ക്കാതെ അസിക്ക പറഞ്ഞു.

ഇതിനായിരുന്നോ ആധാരവും പൊക്കി പിടിച്ചു പോയത്. തനിക്കും അല്പം സന്തോഷം തോന്നുന്നു, എന്നാലും ചെറിയ വിഷമവുമില്ലാതില്ല. അസിക്കാടെ കാര്യമാണ്. എന്തിനുള്ള പുറപ്പാടാണാവോ. ഈ സന്തോഷ സമയത്തും തനിക്കുള്ളുതുറന്ന് ആനന്ദിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം വിഷമത്തോടെ മനസ്സിലാക്കിയതപ്പോഴാണ്.


“നീ കേറ്. നമ്മുക്കൊന്ന് കറങ്ങിയിട്ട് വരാം” അസിക്ക മക്കളെ രണ്ടുപേരെയും എടുത്ത് വണ്ടിയില്‍ കയറ്റിയിരുന്നു അപ്പോഴേക്കും.

“ഞാനില്ല ഈ മുഷിഞ്ഞ വേഷത്തില്‍...“ ആദ്യം തന്നെ ഒരു കാര്യം എതിര്‍ത്തു പറയുന്നെന്നോര്‍ക്കാതെ പറഞ്ഞുപോയി.

വണ്ടിയുടെ മുന്‍ഭാഗത്ത് ‘കുട്ടേട്ടന്‍’ എന്ന് ചുവന്ന നിറത്തില്‍ എഴുതിയിരിക്കുന്നു. പതുക്കെ വണ്ടിക്കരികത്തേക്കു ചെന്നു.

“ഈ പേരുമാറ്റണം. മുന്നില്‍ അബുമോനെന്നും പിന്നില്‍ ഹസ്നമോള്‍ എന്നും എഴ്തണം.” ആദ്യമായി സ്വന്തമായ ഒരു വണ്ടി. അതിന് ആദ്യമായി തന്റെ അഭിലാഷം അസിക്കായെ അറിയിച്ചു.

“ങാ. ഇനി കൊറച്ച് പണിയുണ്ട്. പെര്‍മിറ്റ് മാറ്റണം അങ്ങനെ പലതും.” അസിക്കയും സംസാരിച്ചു തുടങ്ങി. എത്ര നാളായി ഇങ്ങനെ തുറന്നു സംസാരിച്ചിട്ട്. ഓര്‍മ്മപോലും മറഞ്ഞുപോയിരിക്കുന്നു.

“നീ വാ... നമ്മുക്ക് ഉമ്മാനെം ഉപ്പാനെം ഒന്ന് കാണാന്‍ പോകാം അതോടൊപ്പം നിന്റെ വീട്ടിലും ഒന്നു കേറാം” അസിക്ക വണ്ടിയില്‍ നിന്നിറങ്ങി. മക്കളേയും കൂട്ടി വീട്ടിലേക്കു നടന്നു.

കുറെകാലങ്ങള്‍ക്കു ശേഷം ബാപ്പയും മക്കളും താനും ഒരുമിച്ചിരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അസിക്കയുടെ ചുണ്ടത്തെ പുഞ്ചിരി അപ്പോഴും മാഞ്ഞിട്ടുണ്ടായിരുന്നില്ല.

Wednesday, August 01, 2007

പ്രേമസുധാകരം 2

മഴക്കാലത്തിന്റെ കൊച്ചു തണുപ്പില്‍, തന്റെ സ്ഥിരം കലാപരിപാടിയായ കുംഭകര്‍ണ്ണ സേവയുടെ മൂര്‍ദ്ദന്ന്യത്തിലാണ് സുധാകരേട്ടന്‍. കെട്ടിയുണ്ടാക്കിയ വിറകുപുര ചോര്‍ന്നൊലിച്ച്, അടുപ്പില്‍ വെക്കാനുള്ള വിറകെല്ലാം നനഞ്ഞു വിറച്ചു വിറങ്ങലിച്ചിരിരിക്കുന്നത് നോക്കി കഷ്ടം വച്ചിരിക്കുകയാണ് പ്രേമേച്ചി.

തെക്കെപുറത്തെ ഇത്തിരികുഞ്ഞന്റെ മാവ് വെട്ടി വീടിന് കട്ലയും ജനലും പിടിപ്പിച്ചതില്‍ ബാക്കി കുറെ കൊമ്പും ചില്ലയും സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതൊന്നു വെട്ടി മെനയാക്കിതരാ‍ന്‍ ഇനി ആരെ വിളിക്കും. “ഇവിടെയൊരാളുണ്ട്, ഒന്നിനും കൊള്ളൂല്ല“ പ്രേമേച്ചിയുടെ ആത്മഗദങ്ങള്‍ ഗദ്ഗദങ്ങളായി
ദിഗന്ദങ്ങളിലേക്കൊഴുകി.

പ്രേമേച്ചി, തന്റെ ഡാര്‍ളിംഗും പ്രിയതമനും പരമാവധി കണവനുമായ സുധാകരേട്ടനെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ അകത്തേക്ക് നടന്നു. അന്നേരം പ്രേമേച്ചിയുടെ കരളിനു കുളിരേകി കാതിനിമ്പമേകുന്ന ഒരു ഗാനം റോഡിലൂടെ പോയിരുന്ന ചിദംബരന്റെ ലോട്ടറി വണ്ടിയില്‍ നിന്ന് പ്രേമേച്ചിയെ തേടിയെത്തി.

“യേലോ യേലോ യേലോ യേലോ യേലമ്മാ....
ഓലാ ഓലാ ഓലാ ഓലാ ഓലമ്മാ...
അന്തങ്കാക്ക കൊണ്ടക്കാരീ...
റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക
അച്ചുവെല്ലം തൊണ്ടക്കാരി...
റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക
ഐ ആറെട്ട് പല്ലുക്കാരി....”

പാടുന്നവരുടെ മധുരസ്വരത്തില്‍ പ്രേമേച്ചി അലിഞ്ഞലിഞ്ഞില്ലാതായി. തമിഴുനാട്ടില്‍ ഓലവിക്കുന്നവര്‍ പാടുന്ന പാട്ടായിരിക്കണം. നല്ല പാട്ട്. അവസാന വരി ആലോചിച്ചിട്ട് പ്രേമേച്ചിക്ക് ഒരെത്തും പിടിയും കിട്ടിയിരുന്നില്ല. ചിദംബരന് തന്റെ പുഞ്ചിരിയില്‍ പൊതിഞ്ഞ ഒരൊന്നൊന്നര കടാക്ഷവും
വീശിയെറിഞ്ഞ് പ്രേമേച്ചി അകത്തേക്ക് പോയി.


“ദേന്ന് ഒന്നെന്‍റ്റുവന്നേ, ഒരു കാര്യോണ്ട്” കയ്യെല്‍ ആവി പറക്കുന്ന കട്ടഞ്ചായയുമായി അങ്ങേരെ തട്ടിവിളിച്ചു.

സുധാകരേട്ടന്‍ തിരിഞ്ഞു മറിഞ്ഞ് മൂരി നിവര്‍ന്ന് കട്ടിലില്‍ കുത്തിയിരിപ്പായി. പ്രേമേച്ചി ചായകപ്പ് കയ്യേല്‍ കൊടുത്തുകൊണ്ടാരാഞ്ഞു.

“ഈ ഐ ആറെട്ട് പല്ലെന്നു പറഞ്ഞാലെന്താ. പണ്ടൊക്കെ നിങ്ങള്, എനിക്ക് മുല്ലപ്പൂമൊട്ടു പോലത്തെ പല്ലെന്നല്ലേ പറഞ്ഞിരുന്നേ...” പ്രേമേച്ചി വിറകുകീറുന്ന കാര്യത്തിലേക്ക് കടക്കാതെ കിന്നാരം പറഞ്ഞു. കാര്യം പറയുന്നതിനുമുമ്പൊന്നു പതപ്പിക്കുന്ന സ്വഭാവം പണ്ടേ കൂടപ്പിറപ്പല്ലേ.

“എന്തൂട്ടാ നീയീപറേണേ” സുധാകരേട്ടന്‍ കണ്ണുമിഴിച്ചിരുന്നു.

“അല്ലേലും നിങ്ങക്കെന്നോട് ഇപ്പളായേപിന്നെ ഇങ്ങനാ.. ഞാനൊന്നും പറഞ്ഞാ മനസ്സിലാവൂല്ല. ”

“ആടി.. അങ്ങനെ തന്നെ... മനസ്സിലാവാണ്ടല്ല... മുല്ലമൊട്ടായിരുന്നുത്രേ. അതന്ന്. ഇന്നതെല്ലാം വിരിഞ്ഞ് പൂവായില്ലേ” ഒന്നുമറിയാത്ത പോലെ സുധാകരേട്ടന്‍ ചായ മൊത്തിക്കുടിച്ചു.

“ദേ മനുഷ്യാ... എന്നെ വെറുതെ.... ഇവിടെ കത്തിക്കാന്‍ ഒരു തരി വിറകില്ല. മുറ്റത്തുകിടക്കുന്ന ആമാവുംകൊമ്പൊന്നു കീറിതാ..” ഭര്‍ത്താവിന്റെ വാക്കുകള്‍ മൊത്തമായും
ചില്ലറയായും അവോയ്ഡ് ചെയ്ത്, പ്രേമേച്ചി സീരിയസ് മാറ്റര്‍ അവതരിപ്പിച്ചു.

“വിറകു കീറാനോ ഞാനോ. അതു നിന്റെ മറ്റവനോടു പറ.” പ്രേമേച്ചിടെ മറ്റവന്മാരോടു പറഞ്ഞാല്‍ വിറകു കീറാനായി മുറ്റത്തൊരടി നടക്കും എന്നറിയാത്ത പുവര്‍മേന്‍.

“ങാ എന്താണെച്ചാ ആക്കിക്കൊ.. ഇന്നു രാത്രിക്ക് ചോറുവച്ചിട്ടില്ല” പ്രേമേച്ചി ഒരു കഞ്ഞിപാത്രവും തൂക്കി പാലുവാങ്ങാനായി അടുത്ത വീട്ടിലേക്കു ജൂണ്‍ ജൂലായ് സ്റ്റെപ്പേല്‍ നടന്നുപോയ്.

കാര്യങ്ങളുടെ കിടപ്പത്ര പന്തിയല്ലെന്നറിയാവുന്നതിനാലും, ഇന്നേരത്തന്വേഷിച്ചാല്‍ വിറകുകീറാനൊരു അണ്ണാച്ചിയെ തരപ്പെടുത്താന്‍ പറ്റില്ലെന്നതിനാലും, അണ്ണാച്ചിക്ക് കൊടുക്കാന്‍ പൂത്തകായൊന്നും കീശയിലില്ലാത്തതിനാലും, ഈ ഉദ്ദ്യമം ഏറ്റെടുക്കാന്‍ തന്നെ സുധാകരേട്ടന്‍ തീരുമാനിച്ചു. ചിലപ്പോള്‍ രാത്രി ഭക്ഷണം തരാതിരിക്കാനും മതി. ഒരുമ്പെട്ടവള്‍....

പ്രേമേച്ചി തിരിച്ചു വരുമ്പോള്‍ കീറിയിട്ട വിറകിനടുത്ത് വിയര്‍ത്തൊലിച്ചിരിക്കുന്ന കണവനെ കണ്ട് വെര്‍തേ ഒന്നു ചോദിച്ചു.

“ങാ നിങ്ങളല്ലേ പറ്റൂല്ലാന്ന് പറഞ്ഞത്. എന്നിട്ടിപ്പോ എന്തുപറ്റി?”

“അതൊക്കെ നിസ്സാര കാര്യല്ലേ... ഈ മാവിങ്കൊമ്പ് നീയാണെന്ന് ഞാനങ്ങ് കണക്കു കൂട്ടി. അത്ര തന്നെ.“ സുധാകരേട്ടന്‍ തോര്‍ത്തെടുത്ത് തോളിലിട്ട് പുറത്തെ വഴിയിലേക്ക് നടന്നു. വടികൊടുത്തടി വാങ്ങിയതെന്തിനെന്നറിയാതെ പ്രേമേച്ചി അകത്തേക്കും.

Sunday, July 08, 2007

എക്സ്പ്രസ്സ് മണി

“വീട്ടാരേ... വീട്ടിലാരുല്ലേ...“

പോസ്റ്റ്മാന്‍ പ്രകാശേട്ടന്റെ നീട്ടിയുള്ള വിളി കേട്ട് ഉമ്മ കിഴക്കേപ്പുറത്തേക്കു വന്നു.

“ഒരു റെയ്സ്ട്രുണ്ട്” പ്രകാശേട്ടന്‍ പറഞ്ഞു.

ഉമ്മ കത്ത് ഒപ്പിട്ടു വാങ്ങി. പ്രകാശേട്ടന്‍ തലചൊറിഞ്ഞുകൊണ്ടു നിന്നു. ഉമ്മ അകത്തു പോയി പത്തു രൂപകൊണ്ടുവന്നു. പ്രകാശേട്ടന്‍ അതു വാങ്ങി തന്റെ സൈക്കിളുമായ് തിരിച്ചു പോയി.

ഉപ്പാക്കു നാട്ടില്‍ വരാന്‍ പറ്റാത്ത മറ്റൊരു പെരുന്നാളുകൂടി കടന്നു പോകുന്നു. ഉമ്മ കത്തു പൊട്ടിച്ചു വായന തുടങ്ങി. പെരുന്നാളിനു വെല്ലിപ്പാര്‍ക്കും അമ്മായിക്കും പെറ്റുമ്മാക്കും ബാക്കി ബന്ധുക്കള്‍ക്കും കൂടെ കുട്ടികളായ ഞങ്ങള്‍ക്കും കൊടുക്കുവാനുള്ള കൈനീട്ടത്തിന്റെ വിശദമായ കണക്കും അവര്‍ക്കുള്ള സ്നേഹാന്വേഷണങ്ങളും അടങ്ങുന്ന ഒരു അഞ്ചാറു പേജു വരുന്ന ഒരു കത്തും അതോടൊപ്പം ഒരു ഡ്രാഫ്റ്റും. ഞങ്ങളുടെയെല്ലാം പേരെടുത്തെഴുതി അതിനോടൊപ്പം ഉപ്പ തരുന്നതെന്തുതന്നെയായാലും അതു തരുന്ന ഒരു സന്തോഷവും സംതൃപ്തിയും എത്രമാത്രമുണ്ടായിരുന്നെന്ന് ഇപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്.

ആദ്യ കാലങ്ങളില്‍ ഒരു ശരാശാരി ഗള്‍ഫുകാരന്റെ പണം നാട്ടിലെത്തിയിരുന്നത് അവരുടെ സ്നേഹത്തില്‍ പൊതിഞ്ഞ സന്ദേശങ്ങളും ചേര്‍ന്നായിരുന്നു. വീട്ടുകാരുടേയും നാട്ടുകാരുടേയും വിശേഷങ്ങളന്വേഷിച്ചും അവര്‍ക്കെല്ലാം അന്വേഷണങ്ങളറിയിക്കണമെന്ന വരികളോടും കൂടി പേജുകള്‍ നീളുന്ന ലേഖനങ്ങള്‍. മണി എക്സ്ചേഞ്ചില്‍ നിന്നു വാങ്ങിയ ഡ്രാഫ്റ്റിനു മുന്നില്‍, നാടിനെ മനോമുകുരത്തില്‍ കണ്ടെഴുതുന്ന പ്രവാസിയുടെ കത്തുകള്‍. തന്റെ വിഷമങ്ങളും പ്രയാസങ്ങളും മറ്റുള്ളവരെയറിയിക്കാതെ, മറ്റുള്ളവരുടെ വിശേഷങ്ങളാരായുന്ന ഒരായിരം ചോദ്യങ്ങളടങ്ങിയ നീണ്ട നീണ്ട കത്തുകള്‍. പിന്നെ നാട്ടിലേക്കാരെങ്കിലും പോകുന്നുണ്ടൊ എന്ന തിരച്ചില് കത്ത് അവരുടെ കയിലേല്‍പ്പിക്കാന്‍‍. അതിലും പരാജയപ്പെട്ടാല്‍ മാത്രം, പോസ്റ്റൊഫീസില്‍ പോയി നാട്ടിലേക്കയക്കുന്ന ‘റെയ്സ്ട്രുകള്‍’.


ഫോണിന്റെ വരവോടെ കത്തുകളുടെ നീളം കുറഞ്ഞു കുറഞ്ഞുവന്നു. ഫോണ്‍ സര്‍വ്വ സാധാരണമായ ഈ നാളുകളില്‍ അവസാനം കത്തുകളേയില്ലാതായി. വിശേഷങ്ങള്‍ എല്ലാം ഒന്നോ രണ്ടോ വാചകങ്ങളില്‍, കാര്‍ഡിലെ ക്രെഡിറ്റു കുറയുന്നതിന്റെ തിരക്കില്‍ ആര്‍ക്കോവേണ്ടി പറയുന്ന ആത്മാര്‍ത്ഥതയില്ലാത്ത വാക്കുകങ്ങളില്‍, പറഞ്ഞൊതുക്കുന്നു.

ജീവിതത്തിന്റെ തിരക്കു കൂടുന്നതനുസരിച്ച്, എത്രയും നേരത്തെ പണം നാട്ടിലെത്തിക്കാനുള്ള തത്രപ്പാടില്‍, നാമാശ്രയിക്കാറുള്ളത് എപ്പോഴും എക്സ്പ്രസ്സ് മണി ട്രാന്‍സ്ഫറുകളെയാണ്. അതിനുശേഷം ഫോണില്‍ നിന്നുള്ള ഒരു വിളിയോ അല്ലെങ്കില്‍ ഒരു സന്ദേശമോ. ഇതില്‍ അവസാനിക്കുന്നു വിനിമയം. വളരെ നല്ലരീതിയിലുള്ള സേവനം നല്‍കുന്ന ഒരുപാട് മണി എക്സേഞ്ചുകള്‍ കൂണുപോലെ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്നു. പണമയച്ച് പത്തുമിനുട്ടുകള്‍ക്കകം അതു നാട്ടില്‍ കൈപറ്റാനുള്ള സൌകര്യം ഇന്ന് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. ഇതു കൂടാതെ നറുക്കെടുപ്പുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്ത്, ഈ പ്രസ്ഥാനത്തെ ഒരു ഒഴിച്ചു കൂടാനാവാത്ത ഘടകമാക്കി മാറ്റിയിരിക്കുന്നു ഈ പണം പിഴിയല്‍ സ്ഥാപനങ്ങള്‍.

ഇതിനിടയിലെവിടെയോ പ്രവാസി വെറും പണം കായ്ക്കുന്ന മരങ്ങളായി മാറുന്നു നാട്ടില്‍ ശേഷിച്ചിരിക്കുന്നവര്‍ക്ക്. എപ്പോഴെങ്കിലും ഗള്‍ഫില്‍ നിന്നു നാട്ടിലുള്ളവരെ തേടിയെത്തുന്ന കത്തുകള്‍, മനസ്സുകള്‍ തമ്മില്‍ അകലമുണ്ടാവാതെ സൂക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു.

ഇനിയും കത്തുകളുടെ പ്രതാപകാലം തിരിച്ചു വരുമോ, മനസ്സുകള്‍ തമ്മിലുള്ള അടുപ്പവും.

Tuesday, July 03, 2007

പിന്മൊഴി പിന്‍‌വലി (സൂം ഇന്‍)

പിന്മൊഴി നിര്‍ത്തലാക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും, അവസാനം അതു നിര്‍ത്തലാക്കിയതിലേക്ക് അതിന്റെ ഭാരവാഹികളെ നയിച്ച ഘടകങ്ങളും‍.

സുല്ലിന്റെ ഒരു സൂം ഇന്‍...

8. June 24, 3:22 am ചിദംബരിയുടെ ഒടുക്കത്തെ കമെന്റോടെ പിന്മൊഴിയുടെ ആപ്പീസ് പൂട്ടി താക്കോല്‍ കടലിലേക്കു വലിച്ചെറിയുന്നു. ചിദംബരിയുടെ ഒടുക്കത്തെ കമെന്റ് ഇവിടെ വായിക്കാം.

7. ബൂലോഗര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും ചെളിവാരി എറിയലും തമ്മിലടിയും സ്വപ്നം കണ്ട് മനം മടുത്ത് ഏവൂരാന്‍ പിന്മൊഴി പിന്‌വലിക്കുന്നതായി പ്രഖ്യാപിക്കുന്നു. കണ്ടത് ഇവിടെ

6. പെരിങ്ങോടന്റെ പോസ്റ്റ്. പിന്മൊഴി എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു? - ഞരമ്പ് രോഗത്തിനു പ്രതിവിധി കാണാന്‍ പിന്മൊഴി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശുന്ന പോസ്റ്റ്. പിന്മൊഴിയുടെ ഇവിടുത്തെ പണി കഴിഞ്ഞെന്നും ഇനി പിന്മൊഴി വേറെ പണിയന്വേഷിച്ച് പോവുകയാണ് നല്ലതെന്നും പെരിങ്ങോടന്‍ തന്മയിത്വത്തോടെ പറഞ്ഞൊപ്പിക്കുന്നു. അത് ഇവിടെ

5. ഇഞ്ചിപെണ്ണിന്റെ പോസ്റ്റ്. മലയാളം ബ്ലോഗിങ്ങും ഞരമ്പ് രോഗികളും! - ഞരമ്പ് രോഗികള്‍ വഴിവക്കിലോ ആട്ടോസ്റ്റാന്‍ഡിലോ മാത്രമല്ല കാണപ്പെടുന്നത്, വിദ്യാസമ്പന്നരുടെ ഇടയില്‍ ഈ രോഗം മാരകമായി പെരുകിയിട്ടുണ്ടെന്നും അതു പിന്മൊഴി വഴി കയറിവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഈ ബ്ലോഗ്ഗര്‍ സത്യം സത്യമായി പറയുന്നു. ഞരമ്പ് രോഗം പരത്തുന്നതില്‍ പിന്മൊഴിക്കുള്ള പങ്കിനെ കുറിച്ച് കൂലങ്കൂഷമായി ചിന്തിക്കുന്ന പോസ്റ്റ്.

4. ഇഞ്ചി കുഞ്ചുവിന്റെ പോസ്റ്റ്.ബൂലോകത്തും പിന്മൊഴിയിലും ഞരമ്പ് രോഗം എത്രത്തോളം പടര്‍ന്നു പിടിച്ചിട്ടുണ്ടെന്ന് കാണിക്കുന്നതിന് ഉത്തമോദഹാരണമായ പോസ്റ്റ്. ഇഞ്ചി കുഞ്ചുവിനും സ്വപ്നം കാണാനും കണ്ടതു കണ്ടപോലെ പകര്‍ത്താനും അറിയാമെന്നു പറയുന്നതിവിടെ.

3. അഗ്രജന്റെ പോസ്റ്റ്.ഷാര്‍ജ അല്‍ഖാനിലെ ആദ്യത്തെ ഇന്റര്‍ചേഞ്ചിന്റെ മൂലക്കിരുന്ന്, പയറുകൊറിക്കുമ്പോള്‍ ഇഞ്ചികടിച്ചതു സ്വപ്നം കണ്ടെന്നു അഗ്രജന്‍ തട്ടിവിടുന്ന വെറും പോസ്റ്റിനായുള്ള പോസ്റ്റ്. ഇഞ്ചികുഞ്ചുവിനെകൊണ്ട് സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച അഗ്രജന്റെ സ്വപ്ന പോസ്റ്റ്.

2. ഇത്തിരിവെട്ടത്തിന്റെ പോസ്റ്റ്. സ്വപ്നം കാണാന്‍ തനിക്കും അറിയാം എന്ന് ഇത്തിരി പറയുന്നു. ബൂലോഗരെയെല്ലാം തന്റെ വാലിന്‍ തുമ്പില്‍ കെട്ടി യു എ യിയില്‍ നിന്നു ഇത്തിരി കൊച്ചിയിലേക്കു ചാടുന്ന തന്റെ സ്വപ്നം. ചെണ്ടയുള്ള കുറുമാനും, നീല മുണ്ടുടുത്ത ഇടിവാളും, നൂലു(ണ്ട)പോലെ മെലിഞ്ഞ ദില്‍ബനും.... അങ്ങനെയങ്ങനെ ബൂലോഗരേറെ ഈ സ്വപ്നത്തില്‍. അഗ്രജനെ ഒരു സ്വപ്നത്തിലേക്ക് തള്ളിയിട്ട ഇത്തിരിപോസ്റ്റ്.

1. വിശാലമനസ്കന്റെ പോസ്റ്റുകള്‍സ്വപ്നം കാണുകമാത്രമല്ല അത് കുറിച്ചു വെക്കുകയും, നാലാളോട് പറയുകയും ചെയ്യുന്ന സ്വപ്നങ്ങളുടെ സുല്‍ത്താന്റെ സ്വപ്നങ്ങള്‍ക്കായുള്ള പോസ്റ്റ്. ഇവിടെയെല്ലാം കാണാം. ഇവിടെ കാണാത്തത് മറ്റൊന്നുമില്ല. ഇവിടെ കണ്ടില്ലെങ്കില്‍ പിന്നെ എവിടെയും ഇല്ല. ഇതാ ഇതാ ഇതാ......

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ബൂലോകര്‍ക്ക് സ്വപ്നം കാണാനുള്ള വക ബൂലോകത്തില്‍ നിന്നും കിട്ടുമെന്നും, അത് ഒരു പോസ്റ്റ് ആക്കി ഇറക്കിയാല്‍ പിന്മൊഴിയില്‍ ആവശ്യമുള്ളതും ആവശ്യമില്ലാത്തതും കുത്തിനിറക്കാന്‍ കമെന്റെര്‍മാര്‍ തയ്യാറാണെന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതു തന്നെയല്ലേ പിന്മൊഴിയെ ശ്വാസം മുട്ടിച്ചു കൊന്നതും. തും. തും...

ബൂലോകത്തിന്റെ വളര്‍ച്ചക്ക് വി.യം നല്‍കിയെന്നു പറയുന്ന സംഭാവനകളുടെ കൂട്ടതില്‍ ഇതും ഇരിക്കട്ടെ.

ഇതു വായിച്ച് വിയം ഉം വിയം ഫാനുകളും ഏസികളും എന്നെ തല്ലികൊല്ലാതിരുന്നാല്‍ മതിയായിരുന്നു.

സ്വരക്ഷക്ക് :
ഇവിടെ പറഞ്ഞ കാര്യങ്ങള്‍ പകുതിയും, മുക്കാലും അല്ല മുഴുവനായും സത്യമല്ലെന്നും ഇതെല്ലാം ഒരു തമാശമേശപ്പുറത്ത് എഴുതിയതാണെന്നും ഈയുള്ളവനും ഇതു വായിക്കുന്നവര്‍ക്കും അറിയാവുന്നതാണ് എന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. കാര്യങ്ങള്‍ ഗൌരവമായെടുത്ത് വീണ്ടുമൊരു ചെളിവാരിയെറിയല്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഈ പോസ്റ്റ്, ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ വിഷമത്തിനു കാരണമാകുന്നെങ്കില്‍ sullvu@gmail.com ല്‍ ഒന്നു പറയാന്‍ താല്പര്യപ്പെടുന്നു. പോസ്റ്റ് ഉടനെ നീക്കുന്നതായിരിക്കും. :) സുല്‍.

Monday, June 11, 2007

നഫീസയുടെ സ്വകാര്യങ്ങള്‍ - 3

അടുത്തവീട്ടിലെ അവ്വാമത്താന്റെ മോനാണ് ജമാല്‍ക്ക. എനിക്ക് അഞ്ചൊ ആറൊവയസ്സ് പ്രായമുള്ളപ്പോള്‍ അവിടെ വന്ന് താമസമാക്കിയതാണ്. അവര്‍ കാഞ്ഞാണിയിലായിരുന്നു താമസ്സിച്ചിരുന്നത് ആദ്യം. കാഞ്ഞാണി കുഞ്ഞിമ്മാന്നാ എല്ലാരും അവരെ വിളിക്കുന്നത്. അവരുടെ ഭര്‍ത്താവ് അന്തമാന്‍‌ക്ക മരിച്ചിട്ട് രണ്ടുവര്‍ഷമായെന്നാ അന്നു പറഞ്ഞത്. അവരുടെ ആദ്യത്തെ മോളെ കല്യാണം കഴിച്ചു കൊടുത്തു. ഇപ്പോള്‍ സക്കീനത്തയും ജമാലക്കയും അവ്വമത്തയുമാണ് അവിടെ താമസിക്കാനെത്തിയത്. എന്നെക്കാള്‍ രണ്ടുമൂന്നു വയസ്സിനു മൂത്തതാണ് ജമാല്‍ക്ക.

കൈതോല പൊളിയും, പൊളിപായമെടഞ്ഞ് വിറ്റും ആയിരുന്നു അവരുടെ ജീവിതം. അവ്വാമത്ത കൈതോലവെട്ടി കൊണ്ടുവന്ന് വീടിനുമുന്നിലിരുന്ന് മുള്ളുകളയുന്നതു നോക്കിയിരിക്കുമായിരുന്നു. എപ്പോഴെങ്കിലും അവരുടെ കയ്യെല്‍ മുള്ളുകുത്തുമെന്നു പേടിയായിരുന്നു മനസ്സുനിറയെ. ഒരിക്കല്‍ ചോദിച്ചപ്പോള്‍ പറയുകയാണ് ‘എന്തോരം കാലായി ചെയ്യണ തൊയിലാണ് മോളെ മുള്ളൊന്നും കുത്തൂല. ജ്ജ് വെല്‍താവുമ്പോ ഞാമ്പറഞരട്ടാ മുള്ള് കളയാന്‍’ ജമാല്‍ക്ക അപ്പോള്‍ അവിടെ ഒരു സൈക്കിള്‍ ചക്രവും ഉരുട്ടി ഓടിക്കളിക്കുന്നുണ്ടാരുന്നു.

എന്റെ വീട്ടില്‍ നിറയെ ആളുകളുണ്ടായിരുന്നു അന്ന്. കുഞ്ഞാലിക്കെം കൂട്ടുകാരും ബിരിയാണിവെക്കുന്ന തിരക്കിലാണ്. ചാവക്കാടുള്ള മൂത്തുമ്മെം വട്ടേക്കാടുള്ള അമ്മായിം ബാക്കി എല്ലാം ബന്ധുക്കളും സ്വന്തക്കാരും എല്ലാരും വന്നിട്ടുണ്ട്. അന്ന് അമ്മായി ഒരു വളയിടീച്ചു തന്നു കയ്യെല്‍. അതുപോലെ അഞ്ചാറ് മോതിരങ്ങളും മാലകളും. മൂത്തുമ്മാടെ വക പാവാടയും ജാക്കറ്റും. എന്തോരം സമ്മാനങ്ങളായിരുന്നു. എല്ലാരും കൊണ്ടന്നിരുന്നു ഓരൊരൊ സമ്മാനങ്ങള്‍.

പുരയുടെ രണ്ടുവീടപ്പുറത്തുള്ള സൈതൊമ്മതാജിടെ കുളത്തിലേക്ക് എല്ലാവരും കൂടി തന്നെ കൊണ്ടു പോയി കുളിപ്പിക്കാന്‍. ജമീലത്താടെ കയ്യെല്‍ ഒരു പാത്രത്തില്‍ കൊപ്രാകൊത്തും ശര്‍ക്കരയും ഉണ്ടായിരുന്നു ഒരു പാത്രത്തില്‍ മുറുക്കാനും. കുളക്കരയില്‍ വന്നവര്‍ക്ക് തിന്നാന്‍. കുളക്കരയില്‍ മൊത്തം ജനങ്ങളായിരുന്നു. കുളികഴിഞ്ഞ തന്നെ ഉപ്പാ തന്ന പട്ട് പാവാടയും ജാക്കറ്റും ഇടീച്ചു തന്നു. പൊകലകൂട്ടാതെ മുറുക്കാനും തന്നു. കുടയും ചൂടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നു.

പന്തലില്‍ വന്നവര്‍ക്ക് ഭക്ഷണം വിളംബികൊടുക്കുകയായിരുന്നു ജമാല്‍ക്ക. ബാപ്പ പണ്ട് ഗള്‍ഫില്‍ നിന്നു വന്നപ്പോള്‍ കൊടുത്ത നീലയില്‍ ചുവന്ന പൂക്കളുള്ള ഒരു ലുങ്കിയും ഒരു ഹാപിബനിയനുമായിരുന്നു ജമാല്‍ക്കയുടെ സ്ഥിരം വേഷം. ഇന്ന് ആള് ഒരു സുന്ദരക്കുട്ടപ്പനായിട്ടുണ്ട്. ഒരു ചുവന്ന ഷര്‍ട്ടും വെള്ളമുണ്ടും എടുത്ത് ബിരിയാണി വിളംബിക്കൊടുക്കാന്‍ ഓടിനടക്കുന്നു. താന്‍ പന്തലിലേക്കു കടന്നു വന്നപ്പോള്‍ ജമാല്‍ക്ക തന്നെ കണ്ട് അന്തിച്ച് നിന്നത്.. അന്ന് ജമാല്‍ക്കയുടെ മുഖത്തെ ചിരിക്കൊരു പ്രത്യേകതയുണ്ടായിരുന്നു. തന്റെമുഖത്തും അറിയാതെ ഒരു ചിരി വിരിഞ്ഞത് നാണത്തില്‍ കുതിര്‍ന്നതായിരുന്നു.

--------

കിഴക്കെപള്ളിയിലെ ഉസ്താദ് ളുഹറ് നമസ്ക്കാരവും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നു. റബ്ബേ നേരെന്തൊരായാവൊ. ഇപ്പോ അസിക്ക വരാന്‍ സമയമായല്ലോ. ളുഹറ് നമസ്കരിച്ചിട്ടില്ല. ഒന്നും ഒതുക്കീറ്റില്ല. ജമാല്‍ക്കാനെ കണ്ട് ഓരോന്നൊര്‍ത്ത് നിന്നു പോയി. അതിനിടയില്‍ ചന്ദ്ര വെള്ളവുമെടുത്ത് പോയിക്കഴിഞ്ഞു.

വീട്ടിലെത്തി നമസ്കാരവും കഴിഞ്ഞിരിക്കുമ്പോഴാണ് അസീസ്ക്ക കയറിവന്നത്. വളരെ തിരക്കിലായിരുന്നു. വന്നതും ധൃതിയില്‍ പെട്ടിതുറക്കുന്നത് കണ്ടു. പെട്ടിയും തുറന്ന് അതില്‍ നിന്നും വീടിന്റെം പറമ്പിന്റേം ആധാരം എടുത്തു മറിച്ചു നോക്കി. അതും കൊണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ എന്തിനാണിതെന്ന് ചോദിച്ചു.

“പണയം വെക്കാന്‍. കുറച്ചു പണത്തിന്റെ അത്യാവശ്യമുണ്ട്”

“ഇനിയിതുകൂടിയല്ലേ ഉള്ളു. എന്റെ കാതിലും കഴുത്തിലുമെല്ലാമുണ്ടായത് തീര്‍ന്നപ്പോള്‍...” അധികം പറയേണ്ടി വന്നില്ല.

“മിണ്ടാതിരിക്കടി ഹറാംപെറന്നോളെ” എന്നു പറയലും മുഖമടച്ച് ഒന്ന് കിട്ടലും ഒരുമിച്ചായിരുന്നു. “ഞാനുണ്ടാക്കിയ മൊതല് എന്തു ചെയ്യണോന്ന് ഞാന്തീരുമാനിക്കും” ഇത്രയും പറഞ്ഞ് എവിടെക്കോ ചവിട്ടി കുത്തി കടന്നു പോയി. അബുമോന്‍ എന്തിനെന്നറിയാതെ വലിയവായില്‍ കരയുന്നുണ്ടായിരുന്നു.

Monday, June 04, 2007

നൂറിന്റെ കണക്കെടുപ്പ്


സുസ്‌മേരം
1. നഫീസയുടെ സ്വകാര്യങ്ങള്‍ -2
2. നഫീസയുടെ സ്വകാര്യങ്ങള്‍
3. കൈകുമ്പിള്‍
4. സന്മാര്‍ഗ്ഗം
5. സാന്‍ഡോസിന്റെ ദു:ഖ വെള്ളി
6. പൊടിമീശക്കാരനും കന്യകയും (A)
7. പ്രേമസുധാകരം
8. സെറ്റപ്പ്
9. നല്ല ഡോക്ടര്‍.
10. പെണ്ണിനൊത്തൊരു ചെക്കനുണ്ടോ?
11. പൈരസിക്കെതിരെ!
12. നാരങ്ങാമുട്ടായി
13. ഇക്കാസിന് പെണ്ണുകിട്ടുമൊ?
14. മള്‍ട്ടികളര്‍ പുട്ട്‌മിണുങ്ങി
15. 14ന്റെ ചിന്ത
16. കണ്ണന്റെ സെന്റര്‍സ്പ്രെഡ്‌ Susmeram
17. ഇരുട്ടുതീനികള്‍
18. ഒരു താക്കോല്‍ വിശേഷം (ആകാശവാണ്യേച്ചി 3)
19. ഒരു ആക്രാന്ത ചിരി
20. ഇഡിയറ്റിന്റെ നാനാര്‍ത്ഥങ്ങള്‍
21. കുടമ്പുളി (ആകാശവാണ്യേച്ചി 2)
22. അരക്കൊല്ല പരീക്ഷ
23. ആകാശവാണ്യേച്ചി
24. അശ്വതി
25. സുല്ലിന്റെ ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍
26. ഒന്ന് തള്ളിത്താ....
27. കാളിയമര്‍ദ്ദനം (അവസാനഭാഗം)
28. കാളിയമര്‍ദ്ദനം (ഒന്നാം ഭാഗം)
29. വരിക്കപ്ലാവ്‌
30. വടം
31. ചാര്‍ സൌ ബീസ്‌
32. സ്വര്‍ഗ്ഗത്തിലെ പുട്ട്
33. പാരെലെല്‍ പാര്‍ക്കിങ്ങ്
34. മാലാഖ (കവിത)
35. മൌനം (കവിത)
36. കടലകന്നുപോയ്
37. പുട്ടുപുരാണം; കിട്ടുണ്ണിമാഷ്ടെം.
38. എല്ലാം തിരിച്ചുചോദിക്കുക
39. മുഖം തിരിക്കുന്നത്
40. കേരളം - ഒരു കുട്ടിക്കവിത
41. എന്‍ പ്രിയസഖി
42. സമന്‍സ്
43. ഒരു ഗള്‍ഫ് പ്രണയലേഖനം.
44. ഒരു കത്തും പിന്നെ ഞാനും.
45. ഭൂമിയിലെ സ്വര്‍ഗ്ഗം.
46. മീന്‍ നുള്ള്.
47. വിദ്യാരംഭാശംസകള്‍...
48. Iruhridayangalil onnay veeshi
49. Onaasamsakal
50. എന്റെ ആദ്യ ബ്ലോഗ്

സുല്ലിട്ട പടങ്ങള്‍
1. അമിയുടെ പിറന്നാള്‍2. കൊങ്ങിണിപൂവ്3. ബൂലോക സമ്മര്‍ദ്ദം - അനോണി 44. വാകപൂക്കള്‍5. പൊതുസ്വത്ത് - അനോണി കമെന്റ് -36. കരിവേപ്പിന്‍ പൂവ്7. അനോണി കമെന്റ് - 28. അനോണി കമെന്റ് - 19. കുട്ടിച്ചാത്തന്‍ പൂവ്10. മുത്തുമണിതൂവല്‍തരാം....11. നമ്മള്‍ കൊയ്യും വയലുകളെല്ലാം....12. പിരിയാണീസ്13. മരണത്തേയും കാത്ത്...14. ഫില്‍റ്ററോമാനിയ15. ചെമ്പരത്തിപ്പൂ‍16. പോസ്റ്റ് ചൂണ്ടല്‍17. ചെമ്പകം മൊട്ട്, പൂവ്18. തള്ളയും പിള്ളേരും19. വിഷു ആശംസകള്‍20. കൈത്തിരി21. സിയക്കായ്22. സന്ധ്യക്കെന്തിന് സിന്ദൂരം.23. യു എ ഇ യില്‍ വിരിഞ്ഞവര്‍24. അനു അമി

ഹൌ ഞാന്‍ അങ്ങനെ നൂറ് തികച്ചു. ബാറ്റും പൊക്കിപിടിച്ച് എല്ലാവര്‍ക്കും സലാം.
സഹായ സഹകരണങ്ങളും കമെന്റുകളും തുറന്ന വിലയിരുത്തലുകളും ഇനിയും പ്രതീക്ഷിച്ചു കൊണ്ട്.
-സുല്‍
(കുട്ടിച്ചാത്തന്റെ സംശയം എനിക്കൊരു പുതിയ പോസ്റ്റായി ജനിച്ചു. :) )

Sunday, June 03, 2007

നഫീസയുടെ സ്വകാര്യങ്ങള്‍ -2

നാടും നാട്ടുകാരും

പുരമേയാനായി മെടഞ്ഞു വച്ചിരുന്ന ഓലമുഴുവന്‍ ഇന്നലത്തെ മഴയില്‍ നനഞ്ഞു കുതിര്‍ന്നു കിടക്കുന്നു. കഴിഞ്ഞ മാസം ആമിനത്താടെ പറമ്പില്‍ തെങ്ങു കയറുമ്പോള്‍ വാങ്ങിയതാണ് നാല് കെട്ട് ഓല. അതോടൊപ്പം ഒരു കെട്ട് ഒണക്ക ഓലയും വെറുതെ തന്നു. നാലു കെട്ടിന്റെ പൈസ ഇനിയും കൊടുത്തിട്ടില്ല. അസിക്കാട് അതു പറഞ്ഞിട്ട് കേട്ട ഭാവം പോലുമില്ല. കഴിഞ്ഞ കൊല്ലം ഉപ്പ വന്നപ്പോള്‍ തന്ന പൈസയല്ലേ കൊടുത്തത് ഓലക്കും പിന്നെ പുരമേയുന്നതിനും.

എല്ലാം ഒരുവിധം മെടഞ്ഞ് ഉണക്കാനിട്ടതായിരുന്നു. ഇപ്പൊള്‍ എല്ലാം നനഞ്ഞു. രണ്ടുദിവസം തോരാതെ പെയ്തതല്ലേ. ഇനി രണ്ടുമൂന്നു ദിവസം നല്ല വെയില്‍ കിട്ടിയാല്‍ ഉണങ്ങികിട്ടും. പുരയൊന്നു പൊളിച്ചു മേയാന്‍ ആ വേലികെട്ടുകാരന്‍ കുഞ്ഞിപ്പേങ്ങനോട് പറഞ്ഞിരുന്നതാ. അവനും വന്നില്ല ഇതു വരെ. അവര്‍ക്ക് അപ്പോള്‍ തിരക്കായിരുന്നത്രേ. ഇനിയും തിരക്കു കൂടുകയേ ഉള്ളു. തെങ്ങിനു തടമെടുപ്പും വളമിടലും അങ്ങനെ പോകും അവരുടെ തിരക്കുകള്‍. ഇനി അടുത്ത മഴതുടങ്ങുമ്പോഴേക്കും ഇതൊന്ന് മേഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു.

ഓല മറിച്ചിട്ടുകൊണ്ട് ആമിനത്താന്റെ പറംബില്‍ നില്‍ക്കുമ്പോഴാണ്, ആമിനത്താന്റെ ഭര്‍ത്താവ് ഉമ്മര്‍ക്കയും കുറെ ആള്‍ക്കാരും അങ്ങോട്ട് വന്നത്. അവര്‍ കുറച്ചു നേരം അവിടെ നിന്നു സംസാരിച്ചു. കൂടെ വന്നവര്‍ തെങ്ങിന്‍ മണ്ടയിലേക്കെല്ലാം സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. വീടിനോട് തൊട്ടു കിടക്കുന്ന ആ സ്ഥലമായിരുന്നു മുറ്റമായി ഇതുവരെ ഉപയോഗിച്ചിരുന്നത്. അവരുടെ സംസാരത്തില്‍ നിന്നും ആ ഭാഗം വില്‍ക്കാന്‍ പോകുകയാണെന്നാ തോന്നുന്നത്.

മോളെ കെട്ടിച്ചയച്ചതില്‍ സ്വര്‍ണ്ണ കടയില്‍ കുറച്ച് കടം ബാക്കിയുണ്ടെന്ന് ഉമ്മര്‍ക്ക ഇടക്കിടെ പറയുന്നത് കേള്‍ക്കാം കുറച്ച് ബാങ്കിലും. ഉമ്മര്‍ക്ക ഗള്‍ഫിലായിരുന്നത്രേ. ഞാന്‍ ഇവിടെ വരുമ്പോള്‍ പക്ഷേ മൂപര്‍ നാട്ടിലുണ്ട്. നാട്ടിലായതിനു ശേഷം മൂന്നു പെങ്കുട്ടികളെ കെട്ടിച്ചയച്ചു. ഒരു മോനുള്ളത് ഇപ്പോഴും ജോലിയൊന്നും ശരിയാവാതെ നടക്കുന്നു. തെങ്ങിനു നനക്കാന്‍ വരുമ്പോള്‍ കാണാറുണ്ട് അവനെ.

“നഫീസെ ദേ മോന്‍ വീട്ടിലേക്കോടി” സരളയുടെ വിളികേട്ടാണ് തിരിഞ്ഞു നോക്കിയത്. വീടിന്റടുത്തുതന്നെയുള്ള ബാലവാടിയില്‍ ഉപ്പുമാവ് വെക്കലും കുട്ടികളെ നോക്കലുമാണ് സരളക്കു പണി. ആ ബാലവാടി ലീലാംബ്രാളുടെ പറമ്പിലാണുള്ളത്. അംബ്രാളെന്ന് ചീരുന്റവിടുത്തെ ചന്ദ്ര പറഞ്ഞതാ. ലീലമ്മ നായന്മാരാണത്രെ. അതുകൊണ്ടാ അവരെ അംബ്രാളെന്നു വിളിക്കുന്നത്. ഞാന്‍ അവരെ ലീലമ്മാന്ന വിളിക്കുന്നത്. അവരുടെ പറമ്പില്‍ നിറയെ കശുമാവുകളുണ്ട് നല്ലമാവുകളും. വേനക്കാലത്ത് കുറെ മാങ്ങകള്‍ കിട്ടും. ഈ വേനലിന് അബുമോന്‍ പെറുക്കികൊണ്ടുവന്ന കശുവണ്ടികള്‍ ഒരു പാത്രത്തില്‍ ഇട്ടു വച്ചിട്ടുണ്ട്. ഇടക്കിടക്ക് അവന്‍ അതെടുത്തിരുന്ന്
കളിക്കുന്നതു കാണാം.

അബുമോന്‍ എപ്പോഴും ഇങ്ങനെ തന്നെയാണ്. ഇടക്കിടക്ക് പഠിപ്പിന്നിടയില്‍ എഴുന്നേറ്റോടും. വീട്ടില്‍ വന്ന് കഞ്ഞിവെള്ളമോ മറ്റോ കുടിച്ചാല്‍ അവനു സന്തോഷമായി. പിന്നെ തിരിച്ചു കൊണ്ടു വിടണം അത്രമാത്രം. ബാലവാടി അടുത്തായതു കൊണ്ട് അവന് വീടും അതും തമ്മില്‍ വല്യ വ്യത്യാസമൊന്നുമില്ല. ബാലവാടി സമയം കഴിഞ്ഞാലും ഇടക്കവന്‍ അവിടെ പോയി കളിക്കാറുണ്ട്. ഏതായാലും അവനെ തിരിച്ച് ബാലവാടിയിലാക്കികൊടുത്തു.

വെള്ളമെടുക്കാന്‍ പൈപിന്‍ കടയില്‍ ചെന്നപ്പോഴാണ് ചന്ദ്രയെ കണ്ടത്. അവരുടെ കിഴക്കേ വീട്ടില്‍ ഇപ്പൊ താമസിക്കാന്‍ വന്നിരുന്നത് ഒരു ചേറ്റുവക്കാരാണ്. തന്റെ സ്വന്തം നാട്ടുകാര്‍. മുസ്ലിം വീട്ടുകാരാണത്രെ. അവിടുത്തെ ഒരു പെങ്കുട്ടിയുമായി ചന്ദ്രയുടെ ചേട്ടന്റെ മകന്‍ അടുപ്പത്തിലാണെന്ന്. അവന് ഇത് എന്തിന്റെ കേടാണാവോ. ആ പെണ്ണിനു രണ്ടു കുട്ടികളുണ്ട്. കെട്ട്യോന്‍ എറണാകുളത്താണെന്നു തോന്നുന്നു. ഇവിടെ വരാരില്ലത്രെ. ഇവളുടെ സ്വഭാവം അവനു തീരെ ഇഷ്ടമല്ലെത്രെ. എന്നാലും അവള്‍ക്കും കുഞ്ഞിനും പൈസ അയച്ചു കൊടുക്കാറുണ്ട്. ചന്ദ്രേടെ ചേട്ടന്റെ മോനും ഉണ്ട് ഒരു മകനും ഭാര്യയും. ആ പാവം പെണ്ണിന്റെ കഷ്ടകാലം. അവന്റെ അമ്മാവിയുടെ മോളുതന്നെയാ. പ്രേമ വിവാഹമായിരുന്നു അതും. അവളുടെ മുന്നില്‍ വെച്ചാണ് ഇവനിതെല്ലാം കാണിക്കുന്നതെന്നൊരു ചിന്ത പോലുമില്ല അവന്.

പെട്ടെന്നാണ് റോഡിലൂടെ ബൈക്കില്‍ പോയിരുന്ന ആള്‍ തന്നെ സൂക്ഷിച്ചു നോക്കുന്നതായി തോന്നിയത്. ബൈക്ക് തെക്കോട്ടേക്ക് പോയികൊണ്ടിരിക്കുമ്പോഴും അയാള്‍ തന്നെ തിരിഞ്ഞു നോക്കികൊണ്ടേയിരുന്നു. ശരിക്കൊന്നുകൂടി ഓര്‍ത്തു നോക്കിയപ്പോള്‍... കുറച്ചു തടിവച്ച് സുന്ദരനായിട്ടുണ്ട്. എത്ര കാലങ്ങള്‍ക്കുശേഷമാണ് കാണുന്നത്. അതിനിടയില്‍ ഗള്‍ഫില്‍ പോയെന്നോ മറ്റൊ അറിഞ്ഞിരുന്നു. ജമാല്‍ക്ക. തന്റെ എല്ലാമെല്ലാമായിരുന്ന ജമാല്‍ക്ക.

(തുടരും)

Monday, May 28, 2007

നഫീസയുടെ സ്വകാര്യങ്ങള്‍

ചോരുന്ന മേല്‍ക്കൂരയില്‍ നിന്നും മുഖത്തിറ്റുവീണ വെള്ളം തുടച്ചുകളഞ്ഞ് നഫീസ കിടക്കപ്പായില്‍ നിന്നെഴുന്നേറ്റു. സുബഹി ബാങ്കിന്റെ അലയൊലികള്‍ കിഴക്കെ പള്ളിയില്‍ നിന്ന് ഇലകളില്‍ ഇറ്റുവീഴുന്ന മഴയുടെ മര്‍മ്മരത്തോടൊപ്പം വളരെ നേര്‍ത്തരീതിയില്‍ കാതില്‍ വന്നലക്കുന്നുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് തുടങ്ങിയ മഴയാണ് ഇപ്പോഴും തുടരുന്നു.

മുറ്റത്തുകെട്ടികിടക്കുന്ന തണുത്ത വെള്ളത്തിലേക്ക് കാലെടുത്തുവച്ച് നഫീസ ആമിനത്താന്റെ കുളവും ലക്ഷ്യമാക്കി നടന്നു. ആമിനത്തയും വീട്ടുകാരും ആ കുളം ഉപയോഗിക്കാറെയില്ല നാട്ടുകാരുടെ പൊതു കുളമായി അതങ്ങനെ കിടക്കുന്നു. മുറ്റത്തുള്ളൊരു ചാമ്പ് പൈപ് അഞ്ചാറു മാസമായി കേടായി കിടക്കുന്നു. അതൊന്ന് ശരിയാക്കിക്കാന്‍ എത്രയായി പറയുന്നു. അസീക്കാക്ക് അതെല്ലാം നോക്കാന്‍ എവിടെ നേരം.

നഫീസ കുളിയും കഴിഞ്ഞ് അംഗശുദ്ധിയും വരുത്തി വീട്ടില്‍ വന്ന് സുബഹി നമസ്കാരം നിര്‍വ്വഹിച്ചു. ദൈവത്തോട് മാത്രമേ അവള്‍ക്ക് പറയാനുള്ളു. ഉള്ളുതുറന്ന പ്രാര്‍ത്ഥനകള്‍ മാത്രമാണവളുടെ ജീവിതത്തിന്റെ താളം എന്നവളറിയുന്നു. ഹസ്നമോളും അബുമോനും നല്ല ഉറക്കമാണ്. ഇന്നലെ ബാപ്പായുടെ കയ്യില്‍നിന്നു കിട്ടിയ തല്ലിന്റെ വേദനയില്‍ കരഞ്ഞു കരഞ്ഞ് ഉറങ്ങി പോയതാണ്. ദിവസവും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കിട്ടുന്നതല്ലേ തനിക്കും മക്കള്‍ക്കും. അതു ശീലമായി പോയി.

നേരം പരപരാ വെളുത്തുവരുന്നതേയുള്ളു. നമസ്കാരപായ മടക്കിവച്ച്, പുറത്തിരുന്ന കുടവുമെടുത്ത് അവള്‍ റോഡുവക്കത്തെ പൈപിന്‍ കടക്കലേക്ക് നടന്നു. ആ ചാമ്പ് പൈപ് നന്നാക്കിയിരുന്നെങ്കില്‍ ഈ മഴയത്ത് വെള്ളം പിടിക്കാന്‍ പോവേണ്ടായിരുന്നു. ഇന്നലെ മഴയായതിനാല്‍ സാധാരണ പിടിച്ചു വെക്കാറുള്ളപോലെ വെള്ളവും പിടിച്ചു വച്ചിരുന്നില്ല.

കട്ടഞ്ചായയുണ്ടാക്കി അസീക്കാനെ വിളിച്ചു. കാലത്തുണരുമ്പോള്‍തന്നെ ഒരു കട്ടഞ്ചായ വേണം. അതിവിടെ വന്നതുമുതലുള്ള ചിട്ടയാ. അതിനു മുടക്കം വരുത്താറില്ല. ചായകുടിച്ച് അസിക്ക പോയി കുളിച്ചു വന്നു. മഴ ചന്നം പിന്നം നില്‍ക്കുന്നുണ്ടെങ്കിലും പോകാതിരിക്കാന്‍ പറ്റില്ല. ഇന്നലെ ആമിനത്താടെ പറമ്പില്‍ കൊള്ളികിഴങ്ങ് പറിക്കാന്‍ കൂടിയതില്‍ നിന്നും കിട്ടിയ കൊള്ളിയും പുഴുങ്ങി അപ്പൊഴേക്കും ചായ ശരിയാക്കി. അസിക്ക വന്ന് വസ്ത്രം മാറ്റി ചായയും കുടിച്ച് ഉറങ്ങിക്കിടക്കുന്ന മക്കള്‍ക്കും തനിക്കും നെറ്റിയില്‍ ഉമ്മവും തന്ന് പുറത്തുകടന്നു.

ഇന്നലെ വന്നതെങ്ങനെയെന്നോര്‍മ്മയൊന്നുമില്ല. സൈക്കിള്‍ കിഴക്കേ പറമ്പിലെ വഴിയില്‍ ഇരുന്നു മഴകൊള്ളുന്നു. എന്നും ഇങ്ങനെയാണ്. എത്ര സന്തോഷത്തോടെയാണ് ഇവിടന്നിറങ്ങുന്നത്. കയറിവരുന്നതോ നാലുകാലിലും. എന്നാലും എന്നോട് നല്ല സ്നേഹമാണെന്നെനിക്കറിയാം. അസിക്ക കോലായില്‍ കഴുകി കമഴ്ത്തിയിരുന്ന കൊട്ടയുമെടുത്ത് സൈക്കിളിനരുകിലേക്ക് നടന്നു.
മുറ്റത്തു നാലുപാടും മഴയില്‍ കുളിച്ചു കരിയിലകള്‍ കിടക്കുന്നുണ്ട്. മുറ്റമടി ഇപ്പോഴൊന്നും നടക്കില്ല. നേരം വെളുത്തിട്ട് ആമിനത്താടവിടന്ന് പൊല്ലമാന്തി വാങ്ങികൊണ്ടുവരണം. എന്നാലേ ഈ മണ്ണില്‍ കുഴഞ്ഞുകിടക്കുന്ന ഈ ഇലകളെല്ലാം വൃത്തിയാക്കാന്‍ പറ്റൂ.

ഹസ്നമോളെ വിളിച്ചെഴുന്നേല്‍പ്പിച്ചു. കുറേ നേരം ഉറക്കം തൂങ്ങിയിരുന്നവള്‍ പിന്നെയും പിന്നെയും വിളിച്ചപ്പോള്‍ ഉമിക്കരിയുമെടുത്ത് പല്ലുതേക്കാന്‍ പോയി. വടക്കേ പുറത്ത് വട്ടകയില്‍ വച്ചിരുന്ന വെള്ളത്തില്‍ മുഖംകഴുകി അവള്‍ അടുക്കളയിലേക്കു വന്നു. അവള്‍ക്ക് ചായയും കൊള്ളിയും കൊടുത്തു. ഇന്നലെ ഭക്ഷണം കഴിക്കാതുറങ്ങിയതിനാലാവണം അവള്‍ അത് മുഴുവന്‍ തിന്നു. പാവാടയും കുപ്പായവും തട്ടവുമിട്ട് അവള്‍ ഓത്തുപള്ളിയിലേക്ക് പോകാനായി റം‌ലായുടെ വീട്ടിലേക്ക് പോയി. അവളുടെ കുപ്പായം ഒരരുകില്‍ കീറിയിട്ടുണ്ട് അതൊന്നു തുന്നികൊടുക്കാന്‍ രണ്ടു ദിവസമായി പറയുന്നു. പറ്റിയില്ല. ഇന്ന് ആമിനത്താടവിടന്ന് നൂലും സൂചിയും വാങ്ങി വെക്കണം. അവള്‍ പോയി വന്നിട്ട് തുന്നിക്കൊടുക്കാം.

കലം കഴുകി ചോറിനുള്ള വെള്ളം തീമെലിട്ടു. മോള്‍ക്ക് സ്കൂളിലേക്ക് ചോറുകൊണ്ടു പോകണം. അല്ലെങ്കില്‍ പിന്നെ ഉച്ചക്ക് അവള്‍ പട്ടിണിയിരിക്കും. ചോറുതിന്നാനായി വീട്ടില്‍ വരാനവള്‍ക്കിഷ്ടമില്ല. കുറെ നടക്കണമത്രെ. നാലിലാണ് പഠിക്കുന്നതെങ്കിലും അവള്‍ക്കും അവളുടെ ഇഷ്ടങ്ങളായി.

അബുവിന് നാലു വയസ്സേ ആയുള്ളു അവന്‍ രാവിലെ പത്തുമണിവരെ ഉറങ്ങിക്കോളും. ഇനി ഉണര്‍ന്നാലും അവനു പുറത്തു വിടാന്‍ പറ്റില്ലല്ലോ മഴ പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു. തണുപ്പു പിടിച്ച് ഉറങ്ങുകയാണ്. ഉണര്‍ന്നാല്‍ വെയിലും മഴയൊന്നും അവനു പ്രശനമല്ല. മുറ്റത്തുകെട്ടികിടക്കുന്ന വെള്ളം അവനു കളിക്കാന്‍ പുതിയൊരിടമാണ്.

മുറ്റത്തേക്കിറങ്ങിയപ്പോല്‍ ആട്ടിന്‍ കൂട്ടില്‍ നിന്ന് പാത്തുമ്മ കരയാന്‍ തുടങ്ങി. അബു പേരിട്ടതാണ്‍് ആടിന് പാത്തുമ്മ എന്ന പേര്. കഴിഞ്ഞ പെരുന്നാളിന് വീട്ടില്‍ പോയപ്പോള്‍ ഉമ്മ കൊടുത്തതാണ് അബുവിന് ഇവളെ. ഈ മഴയത്ത് ഇനിയെന്തു ചെയ്യും. വേലിപടര്‍പ്പില്‍ നിന്നും ശീമക്കൊന്നയുടെ രണ്ടു കൊമ്പൊടിച്ചു കൂട്ടില്‍ കെട്ടികൊടുത്തു. കൂട് ചോര്‍ന്നൊലിച്ചിട്ടുണ്ട്. എന്നാലും പാത്തുമ്മ, നനയാത്തിടത്ത് ഒരരുകില്‍ നില്‍ക്കുകയാണ്. തനിക്ക് ആടിന്റെ മണമാണെന്നാണ് അസിക്ക പറയുന്നത്. അസിക്കാക്ക് മീനിന്റെ മണമാണെന്ന് താനും വെറുതെ പറയും. അതു പറഞ്ഞതിനു ശേഷം ഒരു വെള്ളിയാഴ്ച പള്ളിയില്‍ നിന്നു വരുമ്പോള്‍ മുല്ലപ്പൂവിന്റെ അത്തറും വാങ്ങി വന്നു. അതു കഴിയാറായിരിക്കുന്നു. വേറെ വാങ്ങാന്‍ പറയണം.

മീന്‍ കച്ചോടൊംകഴിഞ്ഞ് ഉച്ചയാവുമ്പോഴേക്കും വീട്ടിലെത്തും അസിക്ക. പിന്നെ ഉച്ചതിരിഞ്ഞ് വെറുതെ പുറത്തിറങ്ങും. അതുകഴിഞ്ഞു വരുന്നതാണ് നാലുകാലില്‍. എല്ലാ ദിവസവും ഞാന്‍ കുടിക്കില്ല എന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങുക. തിരിച്ചു വന്നാല്‍ പിന്നെ കണ്ടതിനും കേട്ടതിനും വഴക്കാണ്. മോളുടെ പുസ്തകവും സ്ലേറ്റും ഒരു ദിവസം എടുത്തു വലിച്ചെറിഞ്ഞു. അതിനു ശേഷം വാപ്പ വരുന്നതിനു മുമ്പുതന്നെ ദിക്കര്‍ ചൊല്ലലും പാഠമെഴുതലും കഴിച്ച് പുസ്തകവും സ്ലേറ്റും ബാഗിലിട്ട് അവള്‍തന്നെ, ബാപ്പ കാണാതിരിക്കാന്‍, അടുക്കളയിലുള്ള ചെറ്റ കെട്ടിയ മുളയില്‍ കൊളുത്തിയിടും.

തനിക്കും തല്ലു കിട്ടാത്ത ദിവസങ്ങള്‍ വിരളം. രാത്രി, ഭക്ഷണത്തില്‍ ഉപ്പ് കൂടി അല്ലെങ്കില്‍ ചോറു വേവ് കൂടി.. കുറ്റങ്ങള്‍ അനവധി. പാത്രം വലിച്ചെറിയലും അതിന്റെ ഒരു ഭാഗം മാത്രം. പൂവിതറിയപോലെ കിടക്കുന്ന ചോറ് പെറുക്കിയെടുക്കുമ്പോളായിരിക്കും ഒരു തള്ള്. ഒരു ചവിട്ട്. ഒരു അടി എന്തുമാവാം. എല്ലാം സഹിക്കും. എന്തിനെന്നറിയില്ല. ഒരിക്കലും എതിര്‍ത്തു പറയാറില്ല. കാലം കുറെയായില്ലേ. എല്ലാം ശീലമായി. അല്പം ഭക്ഷണം കഴിച്ചെന്നു വരുത്തി പാത്രമെല്ലാം കഴുകി വരുമ്പോഴേക്കും അസിക്ക ഉറക്കം പിടിച്ചിരിക്കും. ഹസ്ന മോളും അബുമോനും നേരത്തെ ഉറക്കം പിടിച്ചിരിക്കും. താന്‍ തനിച്ചാവുന്ന സമയങ്ങള്‍. അല്ലെങ്കിലും എല്ലായ്പ്പോഴും താന്‍ തനിച്ചു തന്നെയായിരുന്നു. വെറുതെ ഒറ്റക്കിരുന്ന് ഓരോന്ന് ആലോചിച്ചു കൂട്ടുന്ന സ്വഭാവം തനിക്കു ചെറുപ്പം മുതലേയുണ്ട്.

അസിക്കായുടെ പായുടെ ഒരരുകില്‍ വന്നു കിടക്കും. പതുക്കെ ഉറക്കം കണ്ണുകളിലേക്കിറങ്ങിവരും. അസിക്ക ബോധമില്ലാത്ത ഉറക്കത്തിലായിരിക്കും. ചില രാവുകളീല്‍ ഇരുളിലെപ്പോഴൊ ഒരു കൈ തന്നെ പുണരുന്നതായറിയും. താന്‍ പതുക്കെ ഉറക്കം വിട്ടെഴുന്നേല്‍ക്കും. അസിക്കായുടെ ശരീരത്തിന്റെ ചൂട് ഉയരുന്ന സമയമാണത്. ഈ സമയത്തിനായിരുന്നോ ഇതുവരെയുള്ള കാത്തിരിപ്പെന്നു തോന്നിപ്പോകും. തന്നോട് ഏറ്റം ഇഷ്ടം തോന്നുമ്പോഴാണ് മാറുകള്‍ക്കിടയില്‍ താടിയുരസിക്കൊണ്ട് അസിക്ക പറയും നിനക്ക് ആടിന്റെ മണമാണെന്ന്. പാത്തുമ്മയുടെ മണം. കഴിഞ്ഞ മാസം ഒരു മലകൊറ്റന്‍ വന്നിരുന്നു. പാത്തുമ്മയുമായി കുറേ നേരം സല്ലപിച്ചിട്ടവന്‍ അവന്റെ വഴിയേ പോയി. അസിക്കയും തന്റെ കൃത്യം കഴിഞ്ഞു ഒരു ഭാഗത്തേക്കു ചെരിഞ്ഞു കിടന്നു. പാവം, നാളെ കാലത്തെണീറ്റ് പോവേണ്ടതല്ലേ. ഉറങ്ങട്ടെ. ഇനി ഞാനും ഉറങ്ങട്ടെ.

(തുടരും. ഒരു തുടരനാണ്. വേണോ വേണ്ടേ എന്നറിയിക്കുമല്ലൊ :))

Wednesday, May 23, 2007

കൈകുമ്പിള്‍

അടുക്കാനാവില്ല
എന്നറിഞ്ഞിട്ടും
അറിയാതടുത്തു.
അടുക്കാനായടുത്തു.

ചാറ്റിന്റെ
നടുമുറ്റത്തൊ
ഇടവഴിയിലോ
തിരക്കേറിയ
പൊതുനിരത്തിലൊ.
എവിടെയാണവള്‍
‍എന്നെ കണ്ടത്.
പ്രൈവറ്റ്
വിന്‍ഡൊയിലൊരു
കളമൊഴി
പലതും
തുടങ്ങിയതവിടന്ന്.

ഇന്ന്
സ്നേഹം
പിടിമുറുകുംതോറും
ഒഴുകിമാറുന്ന
ഒരു കൈക്കുമ്പിള്‍
ജലം.

മുഷ്ടിയും
ശാഠ്യങ്ങളും
ഞാനും തനിച്ച്.

നമുക്കിടയിലെന്തെല്ലാം
കടല്‍
മുള്‍വേലി
ഒരു ശ്വാസം.

Thursday, April 26, 2007

സന്മാര്‍ഗ്ഗം

“സ്വര്‍ഗ്ഗത്തില്‍ കടക്കണമെങ്കില്‍ നമ്മള്‍ എന്തു ചെയ്യണം”

ത്രേസ്യാകുട്ടി ടീച്ചറുടെ സന്മാര്‍ഗ്ഗം ക്ലാസ്. വെള്ളിയാഴ്ചകളില്‍ ഉച്ചക്കുള്ള രണ്ടുമണിക്കൂര്‍ ഇടവേളകളില്‍ അരമണിക്കൂര്‍ കൊണ്ട് കുട്ടികളെ സന്മാര്‍ഗ്ഗികളാക്കുന്ന പരിപാടിയാണിത്. പള്ളിസ്കൂളുകളിലാണ് സന്മാര്‍ഗ്ഗികളായ ഭാവിതലമുറയെ വാര്‍ത്തെടുക്കാനായി ഈ പദ്ധതിയുള്ളത്. കാകൊല്ലം, അരക്കൊല്ലം, കൊല്ലം എന്നീ രീതികളില്‍ ഈ ക്ലാസ്സിനു പരീക്ഷകളും ഉണ്ടായിരുന്നു. ചോദ്യം എന്തു തന്നെയായാലും ഞങ്ങള്‍ കുറച്ചു പേര്‍ക്ക് ഉത്തരം എപ്പോഴും ഒന്നു തന്നെയായിരുന്നു, “ദൈവം”.

ക്ലാസ്സില്‍ ഞങ്ങള്‍ മുസ്ലിം ആണ്‍കുട്ടികള്‍ക്ക് ഈ ക്ലാസ്സ് കൊണ്ട് ചില ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ഒന്നാമത് വെള്ളിയാഴ്ച ഉച്ചസമയത്താണ് ഈ ക്ലാസ്സ്. നമസ്കാരത്തിനായി പള്ളിയില്‍ പോകണം. അര മണിക്കൂര്‍ ക്ലാസ്സ് കഴിഞ്ഞ് അപ്പോള്‍ തന്നെ ഓട്ടം തുടങ്ങിയാലാണ് നമസ്ക്കാരം കഴിയുന്നതിനു മുമ്പെന്കിലും പള്ളിയില്‍ എത്താന്‍ പറ്റുന്നത്. പള്ളിയും കഴിഞ്ഞ് തിരിച്ചു വന്നിട്ടു വേണം ഉച്ചഭക്ഷണം കഴിക്കാന്‍. ഈ സമയത്ത് ഞങ്ങളുടെ മറ്റു കൂട്ടുകാര്‍ മൈദാനത്ത് ഏറുമ്പന്ത് കളിക്കുന്നുണ്ടാവും. ഉച്ചക്കലെ ഇടവേള രണ്ടു മണിക്കൂറുണ്ടെങ്കിലും അതില്‍ അരമണിക്കൂര്‍ പോലും ആര്‍മ്മാദിക്കാന്‍ കിട്ടാറില്ല എന്നതാണ് സത്യം.

ത്രേസ്യാ ടിച്ചറോട് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് ഇക്കാര്യം. എന്നാലും ഫലം മാഫി. ഇങ്ങനെയൊരു ക്ലാസ്സില്‍ വച്ചാണ് മുടിയനായ പുത്രന്‍ നാടുകാണാന്‍ പോയി തിരിച്ചു വന്നപ്പോള്‍, അച്ചന്‍ ഒരു പോത്തിനെയറുത്ത് നാട്ടുകാര്‍ക്ക് സദ്യകൊടുത്ത കഥ പഠിച്ചത്. ഈ കഥ പഠിച്ചതിനു ശേഷം, ഉത്തരക്കടലാസ് നോക്കുമ്പോള്‍ ടീച്ചര്‍ക്ക് ബോറഡിക്കേണ്ട എന്നു കരുതി പരീക്ഷയുടെ ഉത്തരത്തില്‍ നിന്ന് ദൈവത്തിന് അവധി നല്‍കി. പിന്നെ “മുടിയന്‍”, “പുത്രന്‍”, “പോത്ത്”, “നാട്ടുകാര്‍”, “സദ്യ“ എന്നിങ്ങനെ ഉത്തരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഞങ്ങള്‍ എഴുതി വച്ചു പോന്നു. പക്ഷെ എല്ലാചോദ്യത്തിനും ഉത്തരം “ദൈവം” എന്നെഴുതിയപ്പോള്‍ കിട്ടിയിരുന്ന മാര്‍ക്ക് പോലും ഈ വറൈറ്റി ഉത്തരങ്ങള്‍ക്ക് കിട്ടിയിരുന്നില്ല എന്നത് മറ്റൊരു സത്യം.

സ്വര്‍ഗ്ഗത്തില്‍ കടക്കുന്ന കാര്യമാണ് പറഞ്ഞുവന്നത്. മറന്നിട്ടില്ല.

ടീച്ചര്‍ ഞങ്ങളോട് ചോദിച്ചുകൊണ്ടേയിരുന്നു.

“ഞാന്‍ എല്ലാവരോടും സ്നേഹത്തോടും കരുണയോടും കൂടി പെരുമാറിയാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമൊ?”

“ഇല്ല” ഞങ്ങള്‍ കൂട്ടത്തോടെ പറഞ്ഞു.

“നിരാലംബരായ അനാഥകുട്ടികളെ പരിപാലിച്ച് ജീവിതകാലം കഴിച്ചാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമൊ?”

“ഇല്ല”

“വൃദ്ധരേയും രോഗികളേയും ശുശ്രൂഷിച്ച് ജീവിതകാലം കഴിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമൊ?”

“ഇല്ല”

ഇത്രയും ഓപ്‌ഷന്സ് തന്നിട്ടും ടീച്ചറെ സ്വര്‍ഗ്ഗത്തില്‍ കടത്തിവിടാത്തതില്‍ ടീച്ചര്‍ക്കുള്ള അമര്‍ഷം വാക്കുകളിലും വന്നു തുടങ്ങി.

“എന്റെ സമ്പത്ത് മുഴുവന്‍ ഞാന്‍ ദാനം ചെയ്താല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമോ?”

“ഇല്ല”

ടീച്ചര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കാനുള്ള മറ്റു കുറുക്കുവഴികളൊന്നും അറിയാത്തതിനാലാവണം ചോദ്യം നിര്‍ത്തി.

“അപ്പോള്‍ പിന്നെ എന്തു ചെയ്യണം എനിക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍?” ഞങ്ങള്‍ക്കറിയാവുന്ന ഓപ്ഷന്‍ അറിയാന്‍ വേണ്ടി ടീച്ചര്‍ ചോദിച്ചു.

“ടീച്ചര്‍ ഒന്നു മരിച്ചുതന്നാല്‍ മതി” ഇസ്മായിലിന്റെ ഉത്തരം വളരെ പെട്ടന്നായിരുന്നു.

---------

ഈ സംഭവത്തിനു ശേഷം പന്ത്രണ്ടരക്ക് സ്കൂള്‍ വിട്ടാല്‍ ഊണ് കഴിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കനുവദിച്ചുകിട്ടി. ക്ലാസ്സിലെ മറ്റുകുട്ടികള്‍ സന്മാര്‍ഗ്ഗത്തിന്റെ കുറുക്ക് കുടിക്കുമ്പോള്‍, അവരുടെ നാസാരന്ദ്രങ്ങള്‍ക്ക് കൊതിയുടെ മണം നല്‍കികൊണ്ട് ഞങ്ങള്‍ അടുത്ത മുറിയില്‍ ഊണുകഴിച്ചു കൊണ്ടിരുന്നു.

Thursday, April 05, 2007

സാന്‍ഡോസിന്റെ ദു:ഖ വെള്ളി

ചോദിക്കുന്നത്‌ കൊണ്ട്‌ ഒന്നും തോന്നരുത്‌. ഇപ്പോള്‍ സാന്‍ഡൊസിന്റെ തലയിലിരിപ്പവനാര്‌? മദ്യമെന്നോ പോത്തെന്നോ പറയുന്നതിനു മുന്‍പ്‌ ഒരുവട്ടം കൂടി ഒന്നാലോചിക്കുക.


ആലോചിച്ചാലൊന്നും അങ്ങനെ പിടികിട്ടില്ല. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിച്ചവര്‍ക്ക്‌ ഏകദേശ രൂപം കിട്ടിക്കാണും. സാക്ഷാല്‍ പ്രേതമാണ്‌ അതായത്‌ പ്രേതവര്‍ഗ്ഗത്തിലെ സ്ത്രീഗണങ്ങളില്‍ പെട്ട യക്ഷിയാണ്‌ സാന്‍ഡോസിന്റെ തലയില്‍ ഇപ്പോള്‍ കുടിയേറിയിരിക്കുന്നതും കുടില്‍കെട്ടിയിരിക്കുന്നതും എന്നാണ്‌ അദ്ദേഹത്തിന്റെ അടുത്തിടെയിറങ്ങിയ പോസ്റ്റുകള്‍ വിളിച്ചു കൂവുന്നത്‌.


ഇപ്പറഞ്ഞതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടോ. കാണില്ല.... എന്നാല്‍ ഈ പ്രേത യക്ഷിയെ ആരെങ്കിലും കണ്ടവരുണ്ടോ അതും ഇല്ല. മനക്കലെ യക്ഷി, ഇല്ലത്തെ യക്ഷി, പാലയിലെ യക്ഷി, കോട്ടയത്തെ യക്ഷി എന്നെല്ലാം കേട്ടു കേള്‍വി മാത്രമേയുള്ളു. ഇതു വരെ നാമാരും യക്ഷിയെ കണ്ടിട്ടില്ല. ഭൂമിയുടെ നൊണ്‍ടാഞ്ചിയബിള്‍ അസെറ്റ്‌സില്‍ പെടുന്നതാണ്‌ യക്ഷികള്‍ എന്നാണ്‌ വെപ്പ്‌.


യക്ഷികള്‍ തുണിയെടുക്കാത്തവരെന്നല്ലേ പണ്ടുമുതലേ കരുതിപ്പോന്നിരുന്നത്‌. ഛായ്‌.. അതല്ല പറഞ്ഞത്‌. യക്ഷികള്‍ക്ക്‌ സാധാരണയായി വെള്ള സാരിയാണ്‌ പഥ്യം. ഉജാലയുടെ വെണ്മയെ വെല്ലുന്ന പുതുപുത്തന്‍ വെള്ള സാരികള്‍ ഉടുത്താണ്‌ യക്ഷികള്‍ പാലമുകളില്‍ നിന്നോ, തെങ്ങിന്‍ മുകളില്‍ നിന്നോ ഒന്നിനും പറ്റിയില്ലെങ്കില്‍ വല്ല കവുങ്ങില്‍ നിന്നോ ചാടിയിറങ്ങിവന്ന് ഇരപിടിക്കുന്നതെന്ന് സങ്കല്‍പം... അനുമാനം...


ഈയടുത്ത കാലത്താണ്‌, ദിനചര്യയില്‍ ഒഴിച്ചു കൂടാനാവാത്ത ഒഴിച്ചു കുടിയും കഴിഞ്ഞ്‌ സ്വഗൃഹത്തിലേക്ക്‌ ഗമിക്കവേ, മനക്കലെ മീനാക്ഷിയുടെ പ്രേതം എന്നവകാശപ്പെടുന്ന യക്ഷി സാന്‍ഡോസിനെ തടഞ്ഞു നിര്‍ത്തുകയും എങ്ങിനെയെങ്കിലും അയാളെ ഭയപ്പെടുത്തി ഞരമ്പുകള്‍ എഴുന്നു വരുന്നതും കാത്തുനില്‍കുകയും ചെയ്തത്‌. ആളോഹരി മദ്യതോതിന്റെ അഞ്ച്‌ മടങ്ങ്‌ കൂടുതല്‍ ചെലുത്തിയിരുന്ന ദേഹത്തു നിന്ന് ഞരമ്പൊന്നും എഴുന്നു വരാത്തതില്‍ കോപിച്ച്‌, തന്റെ സ്വന്തം വസ്ത്രമായ വെള്ളസാരി അഴിച്ചെടുത്ത്‌ കുടഞ്ഞ്‌ മടക്കി ശ്രീ സാന്‍ഡൊ വശം കൊടുക്കുകയും, സാരിവാങ്ങാന്‍ നീട്ടിയ കൈകളുടെ സ്പര്‍ശനത്തിലൂടെ മീനാക്ഷിയക്ഷി അങ്ങേരുടെ തിരുമണ്ടയില്‍ കയറി ടെമ്പററി ലിവിംഗ്‌ സെറ്റപ്‌ ഉണ്ടാക്കുകയും ചെയ്തത്‌. തലയില്‍ കേറിയ പാടെ മുണ്ടിനോടലര്‍ജിയായ യക്ഷി കയറിക്കൂടിയ ദേഹത്തെ മുണ്ടഴിച്ചെറിയുകയായിരുന്നു ആദ്യമായി ചെയ്തത്‌. വി ഐ പി സ്യൂട്ടിലായിരുന്നു സാന്‍ഡൊ വീട്ടിലെത്തിയതെന്ന ചില കുപ്രചരണങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്‌.


ഈ പ്രേതബാധക്കു ശേഷം തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഉല്ലാസകേന്ദ്രമായ പാലക്കാടിനടുത്തുള്ള കരിമ്പനക്കാടുകളിലേക്കുള്ള ഉല്ലാസ യാത്രക്കിടയില്‍ ഹൊണൊലുലുവില്‍ വച്ച്‌ ഒരു എമണ്ടന്‍ പോത്തിനെ പിടിച്ച്‌ അലുമിനിയം കലത്തിലാക്കാന്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു.


ഒരിക്കല്‍ മണ്ടനായിവന്‍ ലണ്ടനില്‍ പോയി രാജ്ഞിയുടെ കിരീടം മോഷ്ടിക്കുകയും കൊച്ചിയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ജീവിതത്തില്‍ ഒരിക്കലും പരാചയമെന്തെന്നറിയാത്ത പൂജ്യം പൂജ്യം ഏഴ്‌ ഇതിന്റെ അന്വേഷണ ചുമതല ഏറ്റെടുത്ത്‌ കൊച്ചിയില്‍ എത്തി. അയാളുടെ ജീവിതത്തിലെ ആദ്യ പരാജയം അവിടെ തുടങ്ങുകയയിരുന്നു. ഈ കാര്യത്തില്‍ കൊച്ചിയിലെ മണ്ണില്‍ മിസ്റ്റര്‍ ബോണ്ട്‌ മുട്ടുകുത്തിയെന്നാണൈതിഹ്യം.


--------------


"ട്ര്ണിം... ട്ര്ണിം... ട്ര്ണിം... "


"ഹലോ, ആരാത്‌?"


"ഹലോ, മനുവല്ലേ ത"


"അതെ മനുവാണ്‌ ത"


"കടമറ്റത്ത്‌ ഫാമിലിയിലെ മനു ത?"


"അതേഡോ താന്‍ കാര്യം പറ"


"കൊച്ചീലെ ഇടപ്പള്ളീലുള്ള സാന്‍ഡൊസിനെയറിയൊ?"


"യാ"


"ഒരു അത്യാവശ്യ കാര്യം അറിയിക്കാനാ വിളിച്ചത്‌"


"നേരം കളയാതെ പറഞ്ഞു തുലക്കടോ"


"ഒരൊഴിപ്പിക്കല്‍ കേസ്സാ"


"ക്വെട്ടേഷന്‍ അല്ലേ?"


"അങ്ങനെം പറയാം. സാന്‍ഡോസിനു പ്രേതബാധ. അതൊന്നുഴിഞ്ഞിറക്കിത്തരണം."


"അതാണോ ഇത്ര വലിയ കാര്യം. ഇത്തിരി വെള്ളുള്ളിപൂക്കളും, ഇത്തിരി ചുവന്നുള്ളിപൂകളും, ഒരു മരക്കുരിശും റെഡിയാക്ക്‌, കുറച്ച്‌ കടുകും മോരും. ഞാന്‍ ഇന്നു സൂര്യാസ്തമനത്തിനു ശേഷം അവിടെയെത്തുന്നതാണ്‌"


"ഓ, വളരെ ഉപകാരം. വെക്കട്ടെ"


"ഓ"


-----------


ചത്ത ശവത്തിനു ജീവന്‍ കൊടുക്കുന്ന മൃതോത്ഥാന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തന്റെ ഗുരുവില്‍ നിന്ന് അനുഗ്രഹവും വാങ്ങി, മൊട്ടത്തലമറക്കാനൊരു ചട്ടിതൊപ്പിയും കമഴ്തി ചാരനിറത്തിലുള്ള ളോഹയും വലിച്ചു കേറ്റി ബ്ലാക്ക്ബെല്‍റ്റിട്ട്‌ കയ്യിലൊരു കൊടക്കാലന്‍ വടിയുമായി മനുത വൈകുന്നേരം ഏഴുമണിയോടെ ഇടപ്പള്ളിയിലെ സാന്‍ഡോസ്‌ ഗൃഹത്തിലെത്തി.


മനുതയുടെ കൂടെ ക്ഷണിക്കപ്പെടാത്ത ഒരതിധി കൂടിയെത്തിയിരുന്നു. മനുതയുടെ പോര്‍ട്ട്‌ഫോളിയൊ ഡെവലപ്പിങ്ങിനായി ചെയ്തു തീര്‍ത്ത വര്‍ക്കുകളുടെ പടം പിടിക്കാനും ഒഴിപ്പിക്കലില്‍ ഇത്തിരി സഹായത്തിനയും കൂടെ നിര്‍ത്തിയിരിക്കുന്ന മുത്തുപ്പ, തന്റെ സന്തത സഹചാരിയായ ക്യാമറയും തോളിലേറ്റി മുത്തുപ്പയും എത്തിചേര്‍ന്നു. സൈറ്റിന്റെ വിഗഹ വീക്ഷണം നടത്തി വീടും കൂടും എല്ലാമടക്കം ഒരഞ്ചാറ്‌ ക്ലിക്ക്‌. മുത്തുപ്പ പണിയിലേക്ക്‌ പ്രവേശിച്ചു.


വെള്ളസാരിയില്‍ പൊതിഞ്ഞ ഒരു മനുഷ്യനെ പൂമുഖത്തേക്ക്‌ കൊണ്ടുവന്നു. അവിടെ പ്രത്യേകം തയ്യാറാക്കിയ വാഴയിലയില്‍ ഇരുത്തി.


"ആരാ നീ?"


"നീയാരാടാ അതു ചോദിക്കാന്‍"


"ഞാന്‍ മനു ത. കടമറ്റത്ത്‌ മനുത. നീയാര്‌?"


"ഞാന്‍ യക്ഷി. മീനാക്ഷിയക്ഷി"


"നീ ഇവന്റെ ദേഹം വിട്ടിറങ്ങിപോകുക"


"ഉവ്വ, താന്‍ പറയുമ്പോളിറങ്ങിപ്പോവാനല്ലേ ഞാന്‍ കയറിക്കൂടിയത്‌"


"അല്ലേല്‍ നിന്നെ ഞാന്‍ തളക്കും"


"താന്‍ ഒലത്തും. ഒന്നു കാണട്ടേടൊ തന്റെ തളക്കല്‍. നല്ല പുത്തന്‍ സാരിയൊരെണ്ണം അഡ്വാന്‍സ്‌ ഡെപ്പോസിറ്റ്‌ വെച്ചാ ഞാനിവിടെ താമസിക്കുന്നത്‌"


"മുത്തുപ്പാ, ആ വെള്ളുള്ളിപ്പൂക്കള്‍ തരൂ"


"ഇതാ"


"താനിതെവിടെയാ തിരുകി കേറ്റുന്നേ. മനുഷ്യെന്റെ ചെവിയിലും മൂക്കിലും ഈ പൂക്കള്‍ വെക്കാന്‍ തനിക്ക്‌ ഭ്രാന്തുണ്ടോ?"


"ശബ്ദിക്കരുത്‌. ഈ മനുത നിന്നെപ്പോലെ എത്രയെണ്ണത്തെ തളച്ചതാ. നിനക്കു ബ്ലോഗ്ഗ്‌ അറിയുമോ. അവിടെ പോയി നോക്ക്‌. ഈ മനുത ആരാണെന്നറിയാം. എങ്ങനെയറിയാനാ, നീയെല്ലാം ചത്തു പോയിട്ടെത്രകാലമായി"


"താനെന്ത്‌ --പ്പായാലും എനിക്കെന്താ."


"നിന്നേക്കാള്‍ വലിയ കാമധേനുവിനെ പിടിച്ചു കെട്ടിയവനാ ഈ ഞാന്‍. എന്റെ കമ്പൈസ്‌ മാത്രം വായിച്ചാമതി. നീ ചിരിച്ച്‌ ചിരിച്ച്‌ മരിച്ചു പോകും. പിന്നെ ഈ പൂക്കളൊന്നും വേണ്ട"


"പിന്നേ താന്‍ കൊറെ ഒലത്തി.... തുണ്ണീം പൊക്കിപ്പിടിച്ച്‌ പെണ്‍പിള്ളേരുടെ മുന്നിലൂടെ ഓടി... ദീപേടെ മുന്നില്‍ മുണ്ടഴിച്ചിട്ടുള്ള ഹനുമാന്‍ ചാട്ടമൊന്നും എനിക്കറിയാത്തതല്ല. അന്നു ദീപ ഓടിക്കാണും അതുപോലെ എന്നെോടിക്കാന്‍ നൊക്കല്ലേ... ഇതു ആളു വേറെയാ... തന്റെ ഊഞ്ഞാലു വായിച്ചിട്ട്‌ ഞാന്‍ മരിച്ചില്ല എന്നിട്ടല്ലെ?"


"എന്റെ ആഴ്ചകുറിപ്പുകള്‍ വായിച്ചാല്‍ നീ മാനസാന്തരം പ്രാപിച്ച്‌ ഈ ബോഡിയുപേക്ഷിച്ചു പോകും" മുത്തുപ്പ മനസ്സില്‍ പറഞ്ഞു.


യക്ഷിയുടെ ബ്ലോഗ്ഗു വായനയെപറ്റിയറിഞ്ഞ മനുത ഇവളെകൊണ്ട്‌ അധികം പറയിച്ച്‌ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടാനുള്ള സകലസാധ്യതകളും ഉള്ളതിനാല്‍ അധികം കാത്തു നില്‍ക്കാതെ, ബാക്കിയുള്ള പൂവും കടുകും വാരി പ്രേതവായിലേക്ക്‌ കുത്തിത്തിരുകി. ഗ്ലാസ്സിലിരുന്ന മോരും ഒഴിച്ചു കൊടുത്തു പ്രേതവായ്‌ ഫില്‍ ചെയ്ത്‌ സീല്‍ ചെയ്തു.


മുത്തുപ്പ, മനുതഗുരു ചെയ്യുന്ന ഓരോന്നിന്റേയും പടം ക്ലിക്കികൊണ്ടിരുന്നു. മനുത അടിയന്തിര ഗട്ടത്തില്‍ പെട്ടെന്നെടുത്ത തീരുമാനമായതിനാല്‍, വായില്‍ പൂതിരുകുന്ന രംഗം ക്ലിക്കാന്‍ മുത്തുപ്പാക്കു കഴിയാതെപോയി. അന്നേരം മുറ്റത്തൂടെ ഓടിപ്പോയ പൂച്ചകുട്ടിയെ ക്ലിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.


"സര്‍, ഒരിക്കല്‍ കൂടി വായില്‍ കയ്യൊന്നു വെക്കു"


"മിസ്റ്റര്‍ മുത്തുപ്പ. ഇതു കല്യാണത്തിലെ താലികെട്ടു രംഗമല്ല. ഇനി കൈവെച്ചാല്‍ അവള്‍ അതിലൂടെ എന്നിലേക്ക്‌ കയറികൂടും. ബാക്കിയുള്ളത്‌ പിടിച്ചാല്‍ മതി"


"ഡോ താന്‍ കൊറെ നേരായല്ലോ ഇതു തൊഡങ്ങീട്ട്‌. ഇതൊന്നവസാനിപ്പിക്കഡോ. മോരു കുഡിച്ച്‌ ഉള്ളകെട്ടും ഇറങ്ങീട്ടു നിക്ക്വാ. എനിക്കു പോയിട്ടൊന്നു വീശീട്ടു വരാനുള്ള സമയമായി"


"നീ ഇനിയും ഇറങ്ങിപ്പോയില്ലെ."


"ഹഹഹ. കുടികിടപ്പവകാശം വാങ്ങിട്ടാഡോ ഞാനിവിടെ കേറിയത്‌"


"ഹും കുടികിടപ്പവകാശം... ഈ കുരിശിനാല്‍ ഞാന്‍ നിന്നെ തളക്കാന്‍ പോകുകയാണ്‌"


"താന്‍ വേറെ വല്ല പണിയും നോക്കി പോകുന്നുണ്ടോ. ചൂടുകാലത്ത്‌ അല്പം തണുപ്പുകിട്ടാന്‍ സെമിത്തേരിയിലെ മാര്‍ബിളിട്ട കല്ലറക്കുമുകളില്‍ കുരിശില്‍ തലയും ചാരികിടന്നുറങ്ങുന്ന എന്റെയടുത്താണോ തന്റെ ഈ ചിന്ന കുരിശും വച്ചുള്ള കളി"


തന്റെ അവസാനത്തെ അടവും പിഴക്കുമെന്നുറപ്പായപ്പോള്‍ വളഞ്ഞ കാലുള്ള വടിയും കയ്യിലെടുത്ത്‌ സ്ഥലം കാലിയാക്കാന്‍ ഒരുങ്ങുകയാണ്‌ മനുത. ക്ലിക്കിയ പടത്തേക്കാളും നല്ലത്‌ ക്ലിക്കാത്ത പടമാണെന്നറിയാമെങ്കിലും ഇനിയും ക്ലിക്കാന്‍ പോയാല്‍ ശരിയാവില്ലെന്നതിനാല്‍ മുത്തുപ്പയും തിരിച്ചുപോക്കിനുള്ള ഒരുക്കം തുടങ്ങി.


"സാന്‍ഡോസില്ലേ അവിടെ"


"ആ ഇതാര്‌ സിയ മോനൊ. വാ കയറിവാ. അപ്പൊ മോനൊന്നുമറിഞ്ഞില്ലേ. നമ്മടെ സാന്‍ഡൊയല്ലേ ഈ സാരിയുമെടുത്തിവിടെയിരിക്കുന്നെ"


"ഓ ഇവനെന്തു പറ്റി?" "പ്രേതം കയറിക്കൂടിയതാ. അതിന്റെ ഒഴിപ്പിക്കലാ ഇപ്പൊ നടക്കുന്നത്‌"


"ഉം, ഈ പ്രേതത്തെ ഒഴിപ്പിക്കാല്‍ ട്രഡീഷണല്‍ വഴികളൊന്നും പറ്റില്ല. ഇതു ബ്ലോഗൂര്‍ കാവിന്റെ അടുത്തുള്ള കരിമ്പനയില്‍ താമസിച്ചിരുന്ന ബ്ലോക്ഷി ആവാനാ വഴി. ഇവന്‍ ഈയിടെയായി നട്ടപ്പാതിരക്കും നട്ടുച്ചക്കും ഒരുപോലെ ബ്ലോഗില്‍ തന്നെയായിരുന്നു."


"അങ്ങനെയൊ, ഇനി ഇപ്പൊ എന്തോ ചെയ്യും?"


"അതിനെന്തു പ്രയാസം. ഇതിപ്പൊ ഇറക്കിത്തരാം. കമ്പ്യുട്ടര്‍ എവിടെ. ഫോട്ടോഷോപ്‌ ലോഡ്‌ ചെയ്തിട്ടുണ്ടോ?"


"ഉണ്ട്‌, ഇതാ"


"ഉം. ഇപ്പൊ ശരിയാക്കിതരാം."


മനുതയും മുത്തുപ്പയും നോക്കിനില്‍ക്കേ സിയ കമ്പ്യൂട്ടറില്‍ ഫോട്ടോഷോപ്പെടുത്ത്‌ ഫയല്‍ ന്യു സെലക്റ്റ്‌ ചെയ്ത്‌ ഒരു പുത്തന്‍ ചിത്രം തയ്യാറാക്കാന്‍ ഒരുങ്ങി. ടെക്സ്റ്റ്‌ ടൂള്‍ എടുത്ത്‌ ഏരിയല്‍ ഫോണ്ട്‌ സെലെക്റ്റ്‌ ചെയ്ത്‌ ചുവന്ന നിറവും എടുത്ത്‌ പുതിയ ലയെറും എടുത്ത്‌ ചിത്രത്തിന്റെ നടുവില്‍ "SAN DOZ" എന്നെഴുതി. അതിനു നടുവിലൂടെ കാണുന്ന വിടവിലൂടെ ഒരു കുരിശു രൂപം അടുത്ത ലെയറിലും വരച്ചു വച്ചു. ഫയല്‍ മെനുവില്‍ ക്ലിക്ക്‌ ചെയ്ത്‌ സേവ്‌ എടുത്ത്‌ sandoz2 എന്നു നാമകരണവും ചെയ്തു.


ഫയല്‍ സേവ്‌ ചെയ്ത്‌ കഴിഞ്ഞതും വാഴയിലയിലിരുന്നിരുന്ന സാന്‍ഡോസ്‌ ചാടിയെഴുന്നേറ്റു. സാരിയെല്ലാം അഴിച്ചു മാറ്റി. ഓടിപ്പോയി മുറിയില്‍ നിന്നു കൈലിയും ചുറ്റി ഒരു ടീ ഷര്‍ട്ടും ഇട്ട്‌ തിരിച്ചു വന്നു. പട്ടഷാപ്പില്‍ പോകാനിരുന്ന സാന്‍ഡോസ്‌ സിയയോടൊപ്പം ഫൊട്ടൊഷാപ്പില്‍ കേറി മേഞ്ഞു നടന്നു.


ആധുനിക കാലത്തെ പ്രേതമൊഴിപ്പിക്കല്‍ കണ്ട്‌ ഒരക്ഷരം മിണ്ടാതെ മനുത ഊശാന്താടിയിലെ രണ്ടു രോമങ്ങളേയും തലോടി ചിന്താകുന്തനായി തിരിച്ചു പോയി. ചുമ്മ കിട്ടുന്നതല്ലേ എന്നു കരുതി സാന്‍ഡോസ്‌ അഴിച്ചു കളഞ്ഞ സാരി മുത്തുപ്പ തന്റെ ക്യാമറയോടൊപ്പം കയ്യില്‍ കരുതി. മുത്തുപ്പയുടെ കയ്യിലെ വെള്ളസാരി അപ്പോഴും ചിരിച്ചുകൊണ്ടേയിരുന്നു.

Thursday, March 22, 2007

പൊടിമീശക്കാരനും കന്യകയും (A)

"ഞാനൊരു കാര്യം പറയാം. ഏതായാലും കുറെ സമയം ബാക്കി. നമ്മുക്കൊരു സിനിമക്കു പോയാലൊ?"

"സിനിമക്കൊ? അതിനിനി മണ്ണാര്‍ക്കാട്‌ പോണം"

"എവിടെ വേണേലും പോകാം. വെറുതെയിരുന്നു ബോറടിക്കുന്നു"

"എന്നാ ശരി പോകാം"

"പക്ഷെ എനിക്കു മറ്റേ സിനിമകാണണം"

"മറ്റേതോ?"

"അതെ ഏ പടം. ഞാനിതു വരെ കണ്ടിട്ടില്ല. നാട്ടിലാകുമ്പോള്‍ ഇതൊന്നും പറ്റില്ല. ആരേലും കണ്ട്‌ അപ്പനറിഞ്ഞാ പിന്നെ അതു മതി. ഇവിടെ ആരും കാണില്ലല്ലൊ"

"ഡാ നവീ, അതൊക്കെ ശരി. വയസ്സ്‌ 10-20 ആയിട്ടും അതിന്റെ വിശേഷമൊന്നും മുഖത്ത്‌ കാണുന്നില്ലല്ലൊ നിനക്ക്‌. ഇവിടെ എല്ലാം ഭയങ്കര സ്റ്റ്രിക്റ്റാ. വെറുതെയൊന്നും കടത്തിവിടില്ല തിയെറ്ററിലേക്ക്‌."

"അപ്പൊ പിന്നെ എന്തു ചെയ്യും. എനിക്കേതായാലും കാണണം"

"ഒരു കാര്യം ചെയ്യാം. നിന്നെ ഞങ്ങള്‍ അതിനുള്ളില്‍ കയറ്റാം. പടം കാണുവേം ചെയ്യാം. മൊത്തം ചിലവ്‌ നിന്റെ വക. സമ്മതിച്ചൊ?"

"ഓ കെ"

------

മണ്ണാര്‍ക്കാട്‌, കൂട്ടുകാരന്‍ സജീവിന്റെ പെങ്ങളുടെ വിവാഹത്തിനു പോയതാണ്‌ ഞാനും നവീനും, രമേഷും, ജസ്റ്റിനും. ഒരുവഴിക്കു പോകുന്നതല്ലേ ഇനി കല്യാണത്തിനു നേരം വൈകിയെത്തേണ്ടന്നു കരുതി ഞങ്ങള്‍ രണ്ടു ദിവസം മുമ്പേ സജീവിന്റെ വീട്ടിലെത്തി. ചായകുടീം കടീം വീട്ടിലുള്ളോരെം പരിചയപ്പെടലും, ഉച്ചക്കുള്ള ഊണും നാട്ടാരുടെ ഇന്റര്‍വ്യൂവും കഴിഞ്ഞ്‌ ചുമ്മയിരിക്കുമ്പോഴാണ്‌ നവീന്‌ വെളിപാടുണ്ടായത്‌ എ പടം കാണാന്‍.

നവീനിന്‌ പ്രായം വേണമെങ്കില്‍ ഒരു കല്യാണമെല്ലാം കഴിക്കാം എന്നു സര്‍ക്കാര്‍ എഴുതി വച്ച ഇരുപത്തി ഒന്ന് ആയെങ്കിലും, മുഖം കണ്ടാല്‍ പതിനാലിനു മേലെ പറയില്ല. മുഖത്‌ രോമം ഇപ്പൊഴും വരണോ വേണ്ടയോ എന്ന തീരുമാനം, സ്വാശ്രയ കോളേജ്‌ പ്രശ്നം പോലെ നീണ്ടു പോകുന്നു.

നാട്ടിലുലെനിക്കുള്ള ക്ലീന്‍ ഇമേജിന്‌ യാതൊരു വിധത്തിലും കോട്ടം തട്ടില്ലെന്നതിനാലും, ഇത്തരം പടം ആദ്യമൊരിക്കലും കണ്ടിട്ടില്ലാത്തതിനാലും, ഇതെന്താണെന്നറിയാനുള്ള ഒരു ക്വസ്റ്റിനാലും, കൂട്ടുകാരെല്ലാം പടത്തിനുപോയാല്‍ കല്യാണവീട്ടില്‍ വരുന്ന താത്ത കുട്ടികളെ ഒറ്റക്കു മനേജ്‌ ചെയ്യേണ്ടി വരും എന്നതിനാലും (വേറെ ഒന്നിനാലും അല്ലെന്നിപ്പോള്‍ മനസ്സിലായില്ലെ) എനിക്കും പരിപാടിയോട്‌ പരിപൂര്‍ണ്ണ സമ്മതം. പിന്നെ ചിലവ്‌ മുഴുവന്‍ നവീന്റെ തലയിലും വേറെന്തു വേണം ആര്‍മാദിക്കാന്‍?.

അന്നാളുകളില്‍ ഏതോ ഒരു മഹാന്‍ പറഞ്ഞതോര്‍ക്കുന്നു "ഇത്ര കാണാനായി ഇതില്‍ എന്താ ഉള്ളത്‌. മനുഷ്യ ശരീരത്തില്‍ മുഴച്ചു നില്‍ക്കുന്ന ഒരു മാംസകഷ്ണം, അതു വെറും മാംസം തന്നെ നിന്റെ കയ്യിലും കാലിലും ഉള്ളതുപോലെ. അതു സ്ത്രീകളെ പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. ഇതില്‍ ഇത്ര ആകര്‍ഷണീയത എന്താണുള്ളത്‌?". ഇതു കേട്ടപ്പോള്‍ തുടങ്ങിയിട്ടുള്ള ആഗ്രഹമാണ്‌, ഇതില്‍ ആകര്‍ഷണീയത എന്താണെന്നറിയണമെന്ന്. ഇപ്പോള്‍ അതിനുള്ള അവസരവും വന്നിരിക്കുന്നു. അതോടൊപ്പം സിനിമയും കാണാം. എന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ എന്നില്‍ നിന്നും നഷ്ടപ്പെട്ട്‌, ലക്കും ലഗാനുമില്ലാതെയോടുന്ന കുതിരയായതു മാറി.

----

സജീവ്‌ അകത്തുപോയി ഒരു ഐബ്രോപെന്‍സിലും കൊണ്ട്‌ വന്നു. മഴപെയ്തു രണ്ടുദിനം കഴിയുമ്പോള്‍ മുളപൊട്ടുന്ന മുറ്റത്തെ നെന്മണിയുടെ നാമ്പുകള്‍പോലെ, ചിന്നതായി കിളിര്‍ത്തു വരുന്ന നവീന്റെ പൊടിമീശയില്‍ ഒരു പ്രയോഗമങ്ങ്‌ നടത്തി. ഇപ്പോള്‍ നവീന്റെ പ്രായ നിലവാരം പതിനാലില്‍ നിന്ന് പതിനാറിലേക്ക്‌ കുതിച്ചുയര്‍ന്നു. എ പടം കാണുന്ന പൌരനാവാന്‍ ഇനിയും വേണം അവന്‌ രണ്ടുവര്‍ഷം കൂടി. ഏതായാലും പോകാന്‍ തന്നെ തീരുമാനിച്ചു. കവലയില്‍ നിന്നൊരു ജീപ്പു വിളിച്ച്‌ ഞങ്ങളും സജീവും അവന്റെ മൂന്ന് കൂട്ടുകാരും കൂടിയുള്ള ഗാങ്ങ്‌ യാത്രതിരിച്ചു.

ടിക്കറ്റെടുത്ത്‌ ആദ്യം തന്നെ നവീന്നെ പറഞ്ഞയച്ചു. അവനെ കയറ്റിയിട്ടുവേണ്ടെ ബാക്കിയുള്ളവര്‍ കേറണോ വേണ്ടെ എന്നു തീരുമാനിക്കാന്‍. ഞങ്ങളെല്ലാം അവിടെ മാറിനിന്നു. നവിയുടെ പൊടിമീശയില്‍ പുരട്ടിയ കന്മഷിയിലൊന്നും വീഴില്ലെന്ന് തീറെഴുതി ഗേറ്റ്‌ കീപ്പര്‍ അവനെ തിരിച്ചയച്ചു, പ്രായമായില്ലാ പോലും. അപ്പോഴാണ്‌ നവി പോക്കറ്റിലിരിക്കുന്ന "ഐഡന്റിറ്റി കാര്‍ഡി"നെ പറ്റിയോര്‍ത്തത്‌. ഐഡി കണ്ട കീപ്പര്‍ "പോട പോട. അധികം വിളച്ചിലെടുക്കല്ലെ, പോലീസിനെ വിളിക്കുവെ" എന്നും പറഞ്ഞ്‌ അവനെ വിരട്ടിവിട്ടു. പോയ ഉന്മേഷമില്ലാതെ വിഷമിച്ചു വരുന്ന നവീന്റെ മുഖത്തെ അപ്പോഴത്തെ വികാരപ്രകടനങ്ങള്‍ ഒരിക്കലും ഒരു എ പടത്തിനു ചേരുന്നതായിരുന്നില്ല.

സജീവിന്റെ നിര്‍ദ്ദേശമനുസരിച്ച്‌, അടുത്ത ശ്രമത്തിനു ഞങ്ങള്‍ തയ്യാറായി. എല്ലാവരുടെയും ടിക്കറ്റ്‌ വാങ്ങി സജീവ്‌ കയ്യില്‍ പിടിച്ചു. നവീനെ ഞങ്ങള്‍ ഏഴുപേരും കൂടി ചുറ്റും കൂടിനിന്ന് പൊതിഞ്ഞു ഗേറ്റിലെത്തി. എട്ടുപേരേയും ഒപ്പം കണ്ടപ്പോള്‍ ഓരോരുത്തരെ നോക്കാന്‍ ഗേറ്റ്കീപ്പര്‍ക്കു പറ്റിയില്ല. ഞങ്ങള്‍ ടിക്കറ്റ്‌ കൊടുക്കും മുമ്പ്‌ തന്നെ തിക്കിതിരക്കി നവീനെയും രമേഷിനേയും വാതിലിനപ്പുറമെത്തിച്ചു.

"എട്ടാള്‌, രണ്ടാള്‌ കേറിപ്പോയി." ടിക്കെറ്റേല്‍പ്പിച്ചു കൊണ്ട്‌ സജീവ്‌ പറഞ്ഞു. ഗേറ്റ്കീപര്‍ എണ്ണിനോക്കി. ആറുപേരെ കണ്ട്‌ സംതൃപ്തിയോടെ ടിക്കറ്റ്‌ കീറിതന്നു.

പടം തുടങ്ങി കുറെ ആയപ്പോള്‍ ക്യാപ്റ്റന്‍ രാജു ഏതോ ഒരു കാടത്തി പെണ്ണിനെ പിടിച്ചു വലിക്കുന്നത്‌ കണ്ടു. അതോടെ നല്ല പച്ചയും മഞ്ഞയും എല്ലാം വ്യക്തമായി കണ്ടിരുന്ന സ്ക്രീന്‍ കേടായോ എന്നു പോലും തോന്നിപ്പോകും മൊത്തം നീല മയം. രാജുവിന്റേം കൂടെയുള്ള പെണ്ണിന്റെം വേഷവും നിറവും മാറി, കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി അവരുടെ നിറം മാത്രമല്ല, തടിയും തൂക്കവും, അച്ചനും അമ്മയും, വീടും, വാര്‍ഡും, പഞ്ചായത്തും എന്തിനധികം പറയുന്നു മാതൃരാജ്യമായ ഇന്ത്യവരെ മാറിപ്പോയെന്ന്. ഇപ്പോള്‍ വെള്ളിതിരയില്‍ അല്ല നീലത്തിരയില്‍ കാണുന്നത്‌ ഒരു നീല വെള്ളക്കാരനേയും നീല വെള്ളക്കാരിയേയുമാണ്‌. കുറച്ചു കഴിഞ്ഞപ്പോള്‍ സ്ക്രീന്‍ വെള്ളിതിരതന്നെയായി. കാടിന്റെ നയന മനോഹര കാഴ്ചകള്‍ തിരികെ വന്നു.

അടുത്ത ഒരു വട്ടം കൂടി ഇതാവര്‍ത്തിച്ചു. അതു കഴിഞ്ഞപ്പോള്‍ സജീവും കൂട്ടുകാരും പോകാനായി എഴുന്നേറ്റു.

"ഇവിടെ രണ്ടെണ്ണമാ കണക്ക്‌. ഇനിയുണ്ടാവില്ല" സജീവ്‌ അറിയിച്ചു. ഇതിനിടയില്‍ തിയറ്റര്‍ കാലിയായിതുടങ്ങിയിരുന്നു.

"സിനിമ കഴിയട്ടെ എന്നിട്ടു പോകാം. കഥയെന്താവുമെന്നറിയേണ്ടെ" ഞാന്‍ പറഞ്ഞു. സജീവ്‌ എന്നെ രൂക്ഷമായൊന്നു (അതൊ പുച്ചത്തോടെയൊ) നോക്കി അവിടെതന്നെയിരുന്നു. ആ രൂക്ഷതയെന്തിനായിരുന്നെന്ന് പത്തുമിനുട്ട്‌ കഴിഞ്ഞപ്പോള്‍ മനസ്സിലായി. പ്രതീകാരാഗ്നിയില്‍ വെന്തു നീറിയ നായിക, വില്ലനെ കൊലപണ്ണിയശേഷം, ഞാന്‍ ഇനി ജീവിച്ചിരുന്നിട്ട്‌ കാര്യമില്ലെന്നും പറഞ്ഞ്‌ ആത്മഹത്യ ചെയ്തപ്പോള്‍ സങ്ങതി ശുഭം.

പടം വിട്ട്‌ പോകുമ്പോള്‍ നവീനെ കണ്ട ഗേറ്റ്കീപ്പര്‍ അവനെ ഒന്നു കൂടി സൂക്ഷിച്ചു നോക്കുന്നതു കണ്ടു. ‘ഇവനേതു കാലിനിടയില്‍കൂടി ഇവിടെ കേറിപറ്റി?’ എന്നതായിരുന്നു അയാളുടെ ഭാവം. ഏതായാലും എ പടം കണ്ടു. സമാധാനമായി. ഇനി ആ വഴിക്കു പോകേണ്ടല്ലൊ. പടം കണ്ട ക്ഷീണം തീര്‍ക്കാന്‍ ഹോട്ടലില്‍ കയറി പൊറോട്ടയും ബീഫ്രൈയുമടിച്ചശേഷമാണ്‌ സജീവിന്റെ വീട്ടിലേക്ക്‌ തിരിച്ചത്‌. പിന്നെ ഒരു കാര്യംകൂടി കന്യക ആ സിനിമാശാലയുടെ പേരായിരുന്നു.

Thursday, March 15, 2007

പ്രേമസുധാകരം

ഒരു ഞായറാഴ്ചയുടെ അലസതക്കു ശേഷം ഒന്നുറങ്ങാന്‍ കിടന്നതാണ്‌ സുധാകരേട്ടന്‍. ഞായറായതു കൊണ്ട്‌ നിങ്ങള്‍ വിചാരിക്കേണ്ട ബാക്കി ദിവസങ്ങള്‍ മുഴുവനും ഓടിനടന്ന് കിളച്ചു മറിക്കുമെന്ന്. എല്ലാ ദിവസവും ഇതുപോലെയൊക്കെതന്നെ. ഉച്ചയൂണ്‌ കഴിഞ്ഞ്‌ ഒരുറക്കം സുധാകരേട്ടന്റെ വീക്നെസ്സാ. ഈ വീക്നെസ്സിനെ താലോലിച്ച്‌ സുധാകരേട്ടന്‍ ഉറക്കത്തിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക്‌ ചാടാനൊരുങ്ങുമ്പോഴാണ്‌, വടക്കേപ്പുറത്ത്‌ നിന്ന് പ്രേമേചിയുടെ മുറുമുറുപ്പ്‌ സ്റ്റെപ്‌ സ്റ്റെപ്‌ ആയി വോള്യം കൂടിവന്ന് അത്‌ സുധാകരേട്ടന്റെ കര്‍ണ്ണപുടങ്ങളെ തഴുകിയെത്തിയത്‌.

"ഇവിടെയുണ്ടൊരു സാധനം. തീറ്റെം ഉറക്കോം. തീറ്റെം ഉറക്കോം തന്നെ"

സുധാകരേട്ടന്റെ ശ്രദ്ധ പ്രേമേച്ചിയുടെ മൊഴികളിലേക്കൊതുങ്ങി. ചെവികള്‍ ഷാര്‍പന്‍ ചെയ്ത് പ്രേമെച്ചിയിലെക്ക് ഫോക്കസ് ചെയ്തു. ബാക്കിയെല്ലാം ഔട്ട് ഓഫ് ഫോക്കസ്.

"എന്നിട്ട്‌ വല്ല കാര്യമുണ്ടോ അതും ഇല്ല"

ഒരു കാര്യമില്ലെന്നു പറഞ്ഞപ്പോള്‍ സുധാകരേട്ടന്‍ കാര്യം പിടി കിട്ടി. തന്നെ പറ്റി തന്നെ. സുധാകരേട്ടന്റെ രണ്ടു കണ്ണുകളും രണ്ടു ബള്‍ബുകളായി അവിടമാകെ പ്രകാശം പരത്തി.

"ഇവിടന്നും തിന്നും, അവിടന്നും തിന്നും, അങ്ങേലെ അവളുമ്മാരുടെ അവിടന്നും തിന്നും." പ്രേമാന്റിയുടെ പ്രസംഗം തകത്തു കൊണ്ടിരുന്നു.

???ഞാനിന്നലെ കാര്‍ത്യായനീടെ വീട്ടീന്ന് കപ്പപ്പുഴുക്ക്‌ തിന്നതിവളെങ്ങനറിഞ്ഞു. കാര്‍ത്യായനി നല്ല പെണ്ണാ. അവള്‍ എന്തു വേണേലും തരും എന്തും. അവളെങ്ങനെ തരതിരിക്കും, അവളുടെ കെട്ട്യോന്‍ കുമാരന്‍ കൂപ്പിലു പോയാ അവളെ നോക്കാന്‍ ഞാനല്ലാതെ പിന്നെ ആരാ.???? കാര്‍ത്യായനിയെ കുറിച്ചോര്‍ത്തപ്പോള്‍ സുധാകരേട്ടന്‌ ഉള്‍പുളകോല്‍പുളകം. എന്തായാലും ഇന്നേരത്ത്‌ പുളകത്തെ പൂളിനോക്കി സ്വാദ്‌ നോക്കാന്‍ സ്കോപ്പില്ലാത്തതിനാല്‍, കട്ടിലില്‍നിന്നെഴുന്നേറ്റ്‌ മുണ്ടെടുത്ത്‌ മുറുക്കി കുത്തി വടക്കേപ്പുറത്തേക്ക്‌ വെച്ചടിച്ചു.

"ഇന്നലെക്കൂടി അവളോട്ക്ക്‌ കയറിപ്പോകുന്നത്‌ ഞാന്‍ കണ്ടതാ." പ്രേമേച്ചി കഥ പറഞ്ഞു തീര്‍ത്തു.

ഇതേ സമയം സുധാകരേട്ടന്‍ പ്രേമേച്ചിയുടെ അടുത്തോടിയെത്തി അടിക്കാനായി കയ്യോങ്ങി.

"ച്ചീ പോ പട്ടി" കയ്യിലിരുന്ന വടികോണ്ട്‌ ഒന്നു കൊടുത്തുകൊണ്ട്‌ പ്രേമേച്ചി അലറി.

പാവം പട്ടി, അടികൊണ്ടതേ "കൈ കൈ" എന്ന് മോങ്ങലോടെ‌, കാര്‍ത്യായനീ ഗൃഹം ലക്ഷ്യമാക്കി കുതിച്ചു. സുധാകരേട്ടന്‍ ഒന്നുമറിയാത്ത പോലെ തിരിച്ചുവന്ന് കട്ടിലില്‍ വീണു. പട്ടിവേണൊ, പ്രേമ വേണോ, കാര്‍ത്ത്യായനി വേണോ എന്നിത്ത്യാദി ചിന്തകളില്‍ മേഞ്ഞ്‌ നടക്കുമ്പോള്‍, കാര്‍ത്ത്യായനീടെ വീടിന്റെ ഉമ്മറപ്പടി തട്ടി സുധാകരേട്ടന്‍, ഉറക്കത്തിന്റെ അഗാധഗര്‍ത്തത്തിലേക്ക് തട്ടി മറിഞ്ഞു വീണു.

Tuesday, March 13, 2007

സെറ്റപ്പ്

സുധാകരേട്ടന്‍ തിരോന്തരത്ത് പോയി രണ്ടീസം കൊണ്ട് പോയകാര്യൊം കമ്പ്ലീറ്റാക്കി മടങ്ങിവന്നപ്പോള്‍, പ്രേമേച്ചിക്ക് പറയാന്‍ ഒരു കാര്യം മാത്രേ ഉണ്ടായിരുന്നുള്ളൂ, കൈസറിന്റെ കാര്യം.

കുട്ടികളാരും ചൊട്ടയിലേ നന്നായില്ല. എന്നിട്ടല്ലേ ഇപ്പോള്‍. കതിരിനു വളം വെക്കുന്ന പരിപാടി നിര്‍ത്തി, സുധാകരേട്ടന്‍, കണ്ടശ്ശാങ്കടവിലെ തോമസ്സുകുട്ടീടെ കയ്യിന്ന് കയ്യോടെ വാങ്ങി കൊണ്ട്‌വന്ന് കാലാ വളരണെ കയ്യാ വളര്ണെന്ന് നോ‍ക്കി വളര്‍ത്തുന്ന ഒരു ചാവാലിയല്ലാത്ത പട്ടിയാണ് ഇന്ത കൈസര്‍.

സുധാകരേട്ടന്‍ പോയതിനു ശേഷം കൈസറിന് ഉറക്കോം വേണ്ട ഊണും ഇല്ലാ എന്ന മട്ടായി. സദാസമയോം ഗേറ്റിങ്കല്‍ തറവാട്ടിലേക്കു നോക്കി നില്‍ക്കല്‍ തന്നെ. ആദ്യ ദിവസം നിന്ന് നോക്കിയവന്‍ പിന്നെ ഇരുന്നും കിടന്നും നോക്കാന്‍ തുടങ്ങി. ഇതെല്ലാം കണ്ട് മൂക്കത്തു വിരല്‍ വെച്ചു പ്രേമേച്ചി. സ്വന്തം കുട്ടികള്‍ക്കില്ലാത്ത ആദിയെന്തിനാ ഈ പട്ടിക്ക്?.

“പാവം കൈസര്‍. ങ്ങളേം നോക്കി കെടപ്പെന്നേര്ന്നു. ഒന്നും തിന്നിട്ടില്ല ഇതുവരെ.” പ്രിയതമന്‍ വന്നു കേറും മുമ്പേ പ്രേമേച്ചി കഥയുടെ ചുരുളഴിച്ചു.

“അവനെങ്കിലും എന്നോടല്പം സ്നേഹൊണ്ടല്ലൊ” കൈസറിന്റെ തലയില്‍ തടവിക്കൊണ്ട് സുധാകരേട്ടന്‍ പറഞ്ഞു.

“ഓഹ്, അപ്പൊ പട്ടി മതി. ഞങ്ങളൊന്നും നിങ്ങള്‍ക്ക് പിടിക്കാത്തവരായി” പ്രേമേച്ചി പ്ലേറ്റ് മാറ്റി.

“നീയെപ്പോഴാ ഞാന്‍ വരുന്നതും കാത്ത്, വഴിക്കണ്ണും നട്ടിരുന്നിട്ടുള്ളത് ഇവനെപ്പോലെ?” വന്നു കേറുമുമ്പേ വഴക്കിടാന്‍ വന്ന പ്രേമേച്ചിയെ രൂക്ഷമായൊന്നു നോക്കി സുധാകരേട്ടന്‍ വാദമുഖം നിരത്തി.

“ഓ, നിങ്ങളെപ്പവരും എന്നുവരുമെന്നൊന്നും അറിയാത്തപ്പോഴൊക്കെ ഞാനിവിടെ തന്നെയുണ്ടാവാറുണ്ട്” പ്രേമേച്ചി സത്യം സത്യമായി പറഞ്ഞു.

പ്രേമേച്ചീടെ തനിസ്വഭാവം നന്നായറിയാവുന്നതിനാല്‍, സുധാകരേട്ടന്‍ മറുത്തൊന്നും പറയാതെ തലയും താഴ്തി അകത്തോട്ട് കടന്നു പോയി.

(പ്രാണേശ്വരന്‍ വരുന്നതെപ്പോഴെന്നറിയാതെ വഴിക്കണ്ണുമായി കാത്തിരിക്കും എന്നു മാത്രം മനസ്സിലാക്കുക. അല്ലാതെ പ്രേമേച്ചി നിങ്ങള്‍ വിചാരിക്കുന്ന പോലത്തെ ആളൊന്നുമല്ല).

Thursday, March 08, 2007

നല്ല ഡോക്ടര്‍.

കാലത്തേതന്നെ ഒരു പൊതിയും കൈപിടിച്ച് നടന്ന്‌ വരുന്ന കുട്ടന്മാഷെ കണ്ട് കിട്ടുണ്ണിമാഷ് വണ്ടറടിച്ച് നിന്നുപോയി. ഇന്നു ശനിയാഴ്ചയല്ലേ. ഇന്ന് സ്കൂളില്ലല്ലോ. ഇയാളിതെവിടെപോയിട്ടാ.

“അല്ല മാഷെ, നിങ്ങളിതെവിടുന്നാ ഈ വെളുപ്പാങ്കാലത്ത്?” പുട്ട്‌മിണുങ്ങി ചോദിച്ചു.

“ഓഹ്, ഒന്നും പറയേണ്ട മാഷെ. ഞാനാ മധുസൂതനന്‍ ഡോക്ടറെയൊന്നു കാണാന്‍ പോയി. എന്താ തിരക്കവിടെ. ആറ് മണിക്കു ടോക്കനും പിടിച്ചിരിക്കണതാ. ഇപ്പൊഴാ ഒന്നു കാണാനായെ” കുട്ടമ്മാഷ് കഥ പറഞ്ഞു.

“നിങ്ങള്‍ക്കിപ്പൊ എന്താ പറ്റിയേ മധുഡോക്ടറെകാണാന്‍ ?”

“കിഡ്നിക്കൊരു ചെറിയ പ്രശ്നം എന്നാ ഡോക്ടര്‍പറഞ്ഞത്.”

“കിഡ്നിക്കാണേല്‍ ആ സക്കരിയായല്ലാരുന്നൊ നല്ലത്?” പുട്ടുമിണുങ്ങി ഒരു ഓപ്ഷന്‍ കൂടി സജസ്റ്റ് ചെയ്തു.

“ഇയാളുനല്ലയാളാ. ലക്ഷ്മീടെ ആങ്ങളേനെ ഇയാളല്ലേ നോക്കിയിരുന്നേ.” ഭാര്യാ സഹോദരനെ നോക്കിയ ഡോക്ടറെ നല്ലതല്ലെന്ന് കുട്ടമ്മാഷിനു പറയാനൊക്കില്ലല്ലൊ.

“അയാളല്ലേ കഴിഞ്ഞ മാസം മരിച്ചുപോയത്?” പുട്ട്മിണുങ്ങി വിടാനുള്ള ഭാവമില്ല.

“ങാ. അതു ശരിയാ. എന്തു ചെയ്യാം. നല്ലവനായിരുന്നു. ഒരു ഹാര്‍ട്ടറ്റാക്ക് അത്രേ ഉണ്ടായുള്ളു” കുട്ടമ്മാഷ് നെടുവീര്‍പ്പിട്ടു.

“അതെന്നാ പറയുന്നെ മധുഡോക്ടറ് പോരാന്ന്” പുട്ട്‌മിണുങ്ങി വിടാനുള്ള മട്ടില്ല.

“അതെന്താ അയാളു ഹാര്‍ട്ടറ്റാക്ക് വന്നല്ലേ മരിച്ചെ, കിഡ്നി ട്രബിള്‍ വന്നല്ലല്ലൊ” കുട്ടമ്മാഷ്.

“അതാ പറഞ്ഞേ. സക്കരിയയായിരുന്നെങ്കില്‍ അയാള്‍ കിഡ്നി ട്രബിള്‍ കൊണ്ടു തന്നെ മരിക്കുമെന്നുറപ്പിക്കാമായിരുന്നു. ഇതങ്ങനാണോ?” പുട്ട്‌മിണുങ്ങിയുടെ വാദത്തിനുമുന്‍പില്‍ കുട്ടമ്മാഷിന് വേറൊന്നും പറയാനുണ്ടായിരുന്നില്ല.

Wednesday, March 07, 2007

പെണ്ണിനൊത്തൊരു ചെക്കനുണ്ടോ?

എനിക്കു മുല്ലപ്പൂ പോലത്തെ ഒരനിയത്തിയുണ്ട്. ഇതുവരെയും കല്യാണം എന്നു പറഞ്ഞാലവള്‍ക്ക് അലര്‍ജിയായിരുന്നു. ഇപ്പോളവള്‍ക്കൊരു മോഹം കല്യാണായാലോന്ന്.

എത്ര സുന്ദരന്മാരായ ആമ്പിള്ളേരെ കാണിച്ചു കൊടുത്തതാ.

ഒന്നിനു കളറ് പോരാ.
ഒന്ന് ഇന്ദ്രജിത്തിനെപ്പോലെയല്ല.
ഒന്നിന്റെ ചിരി അവള്‍ക്കങ്ങ് പിടിച്ചില്ല.
ഒന്നിന് സിഗരറ്റ് നീട്ടി വലിച്ച് ചുണ്ട് കറുത്തു പോയി.

ഓ ഈ പെണ്ണിനെ ഒന്നെങ്ങനാ കെട്ടിച്ചു വിടാന്നാലോചിക്കാന്‍ തുടങ്ങീറ്റ് കാലമിശ്യായി.

ഇന്നലെ ഡ്ബ്ലീയു ദുര്‍ബലനെ പോലെ ഒരുത്തന്‍ വന്ന് പെണ്ണുകണ്ട്. അവളു പറയാ...

“എനിക്കിതായാലും മതി. എന്റെ വിധി ഇതാണെന്ന് കരുതിക്കോളാം” ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചത് തലച്ചോറില്‍ കൊണ്ട് തലവേദന വന്നു.

ഒരു സ്വകാര്യം. ഇന്നലെ ഞങ്ങടെ വീട്ടില്‍ കണ്ണാടി വാങ്ങിച്ചു.

കടയും തലയും മൊത്തം ഇവിടെ http://mullappoo.blogspot.com/2007/03/blog-post.html

Sunday, March 04, 2007

പൈരസിക്കെതിരെ!




യാഹുവിന്റെ ബ്ലോഗ് പൈരസിക്കെതിരെ!

Yahoo! India plagiarised contents from several blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility nor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology! When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible. Part of being the malayalam blog community ,I am protesting against this ,and joining hundreds of bloggers in this march 5th 2007 against blatant corporate plagiarisation...!List of blogs and other online media that discusses the same issue

Bloggers protest on March 5th 2007 against Yahoo!
Content theft by Yahoo India
കറിവേപ്പില - സൂര്യഗായത്രി
Content Theft by Yahoo! Shame Shame…
Copyright Violations
Global Voice - News
If it were… - സിബു
Indian bloggers Mad at Yahoo
Indian bloggers Mad at Yahoo
JUGALBANDI
Lawyers’ Opinion
Malayalam Bloggers Don’t Agree with Yahoo India
Mathrubhoomi (Malayalam News)
My protest against plagiarisation of Yahoo India! യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം
Protest against Yahoo India
Tamil News
Wat Blog
Yahoo back upsetting people
Yahoo India accused of plagiarism by Malayalam blogger
Yahoo India Denies Stealing Recipes
Yahoo Plagiarism Protest Scheduled March 5th
Yahoo! India's dirty play...
Yahoo's Copyright infringement on Malayalam Blog content.
याहू ने साहित्यिक चोरि की
കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...
മനോരമ ഓണ്‍ലൈന്‍
മാതൃഭൂമി
യാഹൂ മാപ്പു പറയുക!
യാഹൂവിന്റെ ബ്ലോഗ് മോഷണം
രണ്ടായിരത്തിഏഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധ ദിനം
Digital Inspiration - Amit Agarwal
ശേഷം ചിന്ത്യം- സന്തോഷ്
സങ്കുചിത മനസ്കന്‍
And Yahoo counsels us to respect intellectual rights of others
Indian Bloggers' protest against Yahoo's Plagiarism