Sunday, February 04, 2007

ഒരു താക്കോല്‍ വിശേഷം (ആകാശവാണ്യേച്ചി 3)

അങ്ങനെ ആകാശവാണ്യേച്ചിടെ മോള്‍ കല്യാണി നാലാമതും പെറ്റു. കൊച്ചൊരു ഒന്നാന്തരം ആങ്കൊച്ച്‌. കെട്ടും കെടക്കീം കുണ്ടാമണ്ടിയമായി ആസ്പത്രിയില്‍ കഴിയാന്‍ തുടങ്ങീട്ട്‌ നാള്‌ നാലായി. ഇനി എങ്ങനേലും വീട്ടിലെത്തിയാല്‍ മതിയെന്നായി.

വീനമ്മക്കാണെങ്കില്‍ കാലത്തും വൈകീട്ടും കറവക്കു പോണം. അതിനിടയില്‍ മോളുടെ കുട്ടിയെക്കാണാന്‍ എല്ലാദിവസവും ഓടിപിടഞ്ഞ്‌ ആസ്പത്രിയിലെത്താന്‍പറ്റൊ. ഇനിയേതായാലും സമാധാനമായി. മോളെം മോനെം കൊണ്ട്‌ വീട്ടിലേക്ക്‌ പോകാലൊ.

വീനമ്മ പുതപ്പും തലയിണേം കവറിലാക്കുമ്പോഴാണ്‌ നഴ്സ്‌ കടന്നു വന്നത്‌. വന്നപാടെ കുട്ടിയെ ഒന്നു കൂടെ നോക്കി വീനമ്മയോടും കല്യാണിയോടുമായി പറഞ്ഞു

"അടുത്തയാഴ്ച കുട്ടിയെ ഒന്നു കൊണ്ടുവരണം ഡോക്ടറെ കാണിക്ക്യാന്‍"

"ഇനി മോനെ കാണാനുള്ളോര്‌ വീട്ടിവന്നു കണ്ടോട്ടെ" വീനമ്മ എടുത്തടിച്ച പോലെ മറുപടിയും പറഞ്ഞു കൊണ്ട്‌ പുറത്തേക്ക്‌ പോയി.

വീനമ്മ ഒരു ഓട്ടോയും വിളിച്ചു വന്നു. മകളെയും കുട്ടിയെയും കയറ്റി നേരെ ഏഷണിമുക്കിലെ സ്വന്തം വീട്ടിലേക്ക്‌ വിട്ടു. വീടിന്റെ വാതില്‍ തുറക്കാന്‍ താക്കോല്‍ തപ്പിയപ്പോഴാണ്‌, ആശുപത്രീന്ന് കെട്ടുകെട്ടുന്ന തിരക്കിനോട്‌ യോജിപ്പില്ലാതെ, തക്കോല്‌ താക്കോലിന്റെ വഴിക്കു പോയതറിഞ്ഞത്‌. മകളെം കുട്ടിയെം ഈ പൊരിവെയിലത്ത്‌ പുറത്തു നിര്‍ത്തുന്നതെങ്ങനെ, വീട്ടിനുള്ളില്‍ കടക്കാന്‍ വേറെ വഴിയൊന്നുമില്ല. ഒരു താക്കോല്‍ വീട്ടിനുള്ളിലുണ്ട്‌, അതൊന്നു കിട്ടിയാല്‍ മതി. അതിനും എന്താ വഴി. ആണ്മക്കളൊന്നും സ്ഥലത്തില്ല. ഇനിയെന്തു ചെയ്യും?

തള്ളയെം കുട്ടിയേം ഇറയത്ത്‌ പുതപ്പു വിരിച്ചു അതില്‍ കിടത്തി. മുറ്റത്തു ഉണക്കാനിട്ടിരുന്ന ഒരു മടലു കയ്യിലെടുത്ത്‌, അടുക്കളവാതിലിന്റെ ഓടാമ്പലു നീക്കി അകത്തു കടക്കാന്‍ ഒരു ശ്രമം നടത്തി. വാതില്‍ തുറക്കാതെ തന്നെ മടല്‍ അടുക്കളയിലെത്തിയെന്നല്ലാതെ, വാതില്‍ ഒരടിക്കു മുന്നോട്ടൊ പിന്നോട്ടൊ ഇല്ലെന്ന മട്ടില്‍ നിലയുറപ്പിച്ചു.

പടിഞ്ഞാറേലെ സിദ്ദനോ തെക്കേലെ സുകുവൊ അവിടെയുണ്ടോന്നു ചെന്നു നോക്കി. അവരും ജോലിക്കു പോയിരിക്കുന്നു. അവിടെയുണ്ടായിരുന്ന അമ്മിണീം ലീലെം പിന്നെ അഞ്ചാറു പിള്ളേരും ആകാശവാണിയോടൊപ്പം കൂടിയതു മിച്ചം. ആകാശവാണ്യേച്ചി തിരികെ വന്ന്‌ മോളോടൊപ്പം ഇറയത്ത്‌ കുത്തിയിരിപ്പായി.

"കൃഷ്ണാ, ഗുരുവായൂരപ്പാ രക്ഷിക്കണേ. ഈ വാതിലൊന്നു തുറക്കാന്‍ ഒരു വഴികാണിക്കണേ... " ആകാശവാണ്യേച്ചി കരുണാകരന്റെ കരുണകടാക്ഷത്തിന്നായി കൈനീട്ടി.

അകത്തു കടക്കാനുള്ള വഴികളെല്ലാം കൊട്ടിയടഞ്ഞ്‌ ഇനിയെന്ത്‌ കുന്തമെന്ന ചിന്തയുമായി വഴിയിലേക്ക്‌ കണ്ണും നട്ടിരിക്കുപോഴാണ്‌, അപരിചിതനായ ഒരാള്‍ അതിലെ കടന്നു പോകുന്നത്‌ കണ്ടത്‌. അയാളെ കണ്ടപാടെ ആകാശവാണി ചാടിയെഴുന്നേറ്റ്‌ ഉറക്കെ വിളിച്ചു.

"ടാ... മോനെ ഒന്നിങ്ങ്ട്‌ വന്നിട്ട്‌ പോ"

കാട്ടുകോഴിക്കെന്ത്‌ കര്‍ക്കട ചന്‍ക്രാന്തിയെന്ന മട്ടില്‍ അയാളിതൊന്നും അറിയാതെ നടന്നു പോയി. ആകാശവാണി വഴിയരികിലോളം പോയി അയാളെ വീണ്ടും വിളിച്ചു. ഇത്തവണത്തെ വിളി ഏറ്റെന്നു തോന്നുന്നു. തെക്കോട്ടു പോയവന്‍ വടിവെട്ടിയെറിഞ്ഞപോലെ വടക്കോട്ടു തിരിച്ചുവന്നു. ഒരു അന്‍ഞ്ച്‌ അഞ്ചരയടി ഉയരം, കറുത്ത ശരീരം, പിരിച്ചു വച്ച മീശ. ഈ മനുഷ്യനെ അടുത്തിവിടെയെങ്ങും കണ്ടിട്ടില്ലെന്നറിയാന്‍ വീനമ്മക്ക്‌ അധികം ആലോചിക്കേണ്ടി വന്നില്ല. എന്തായാലും ആളോട്‌ വീനമ്മ താക്കോലു കളഞ്ഞുപോയ അത്യാഹിതം അറിയിച്ചു. അയാളെം കൂട്ടി വീനമ്മ വീട്ടു മുറ്റത്തെത്തി.

കാര്യം കേട്ടതെ ആഗതനു സംഗതീടെ കെടപ്പുവശം പിടികിട്ടുകയും, അതിനടിസ്ഥാനത്തില്‍ താക്കോലു കണ്ടുപിടിക്കാനുള്ള പ്രാരംഭ നടപടികളില്‍ വ്യാപൃതനാവുകയും ചെയ്തു. വീടിനടുത്തു നിന്നിരുന്ന മൂവാണ്ടന്‍ മാവിനടുത്തു വന്നു. ഇട്ടിരുന്ന ഷര്‍ട്ടൂരി മാവിന്‍ കൊമ്പില്‍ തൂക്കി. ഉടുത്തിരുന്ന കെയിലി മടക്കിക്കുത്തി അതിന്റെ നീണ്ടു കിടക്കുന്ന വാലെടുത്ത്‌ പിന്നിലേക്ക്‌ കുത്തി. കുരങ്ങിനെപോലെ മാവില്‍ വലിഞ്ഞു കയറി ചാഞ്ഞു കിടക്കുന്ന ചില്ലയിലൂടെ പുരപ്പുറത്തിറങ്ങി വിദ്വാന്‍. പുരപ്പുറത്തെ ഓടു നീക്കി വിദ്വാന്‍ വീടിനുള്ളിലെത്തിയത്‌ നിമിഷ നേരം കൊണ്ട്‌. ഇതെല്ലാം കണ്ടുകൊണ്ട്‌ വീനമ്മയും പുത്രിയും, പുത്രീ പുത്രനും അയല്‍കാരും മുറ്റത്ത്‌ മാനം നോക്കി നിന്നു.

അല്‍പനേരം കഴിഞ്ഞ്‌, അടുക്കളവാതില്‍ വഴി പുറത്തു കടന്നു വിദ്വാന്‍. അകത്ത്‌ അലമാരയിലിരുന്ന പൂമുഖ വാതിലിന്റെ താക്കോലെടുത്ത്‌ വലതു കയ്യിന്റെ ചൂണ്ടു വിരലിലിട്ട്‌, ഭഗവാന്റെ കയ്യിലെ സുദര്‍ശനം പോലെ കറക്കിക്കൊണ്ട്‌, വീനമ്മയുടെ അടുത്തെത്തിയ വിദ്വാനെ വാരിപുണര്‍ന്ന് ഒരുമ്മ കൊടുത്തു വീനമ്മ. വിദ്വാന്‍ താക്കോല്‍ വീനമ്മയുടെ കയ്യിലേല്‍പ്പിച്ചു.

“ഈ താക്കോലവടെ അളമാരീലുള്ള കാര്യം നീയെങ്ങനറിഞ്ഞു?” വീനമ്മക്ക് അതു ചോദിക്കാതിരിക്കാനായില്ല. വാതില്‍ തുറന്നു മകളേയും മോനെയും അകത്തു കയറ്റിയ വീനമ്മ ആഗതനെയും വീട്ടിലേക്ക്‌ ക്ഷണിച്ചു.

"ഞാനാരാണെന്നെച്ചാ നിങ്ങളിങ്ങനെ?" ഒരുമ്മം തന്നതും പോരാഞ്ഞ്‌ ഇനി വീട്ടിലേക്ക്‌ സല്‍കരിക്കന്‍ വിളിക്കുന്നതിന്റെ ഗുട്ടന്‍സ്‌ മനസ്സിലാവാതെ വിദ്വാന്‍ ചോദിച്ചു.

"നീ ആരായാലെന്താ. നിന്നെപ്പൊയിങ്ങട്‌ സാക്ഷാഗുരുവായൂരപ്പനയച്ചതല്ലെ" വീനമ്മ കൃഷ്ണകടാക്ഷത്തെ വാഴ്ത്തിപ്പറഞ്ഞു.

"ങാ ങാ. ഗുരുവായൂരപ്പന്‍. ഞാനിപ്പൊ പോലീസ്‌ സ്റ്റേഷനീന്ന് വരാ തള്ളേ. വാടാനപ്പള്ളീലൊരുവീട്ടില്‍ രാത്രി കക്കാന്‍ കേറ്യേന്‌ പോലീസ്‌ പിടിച്ചിട്ട്‌" വിദ്വാന്‍ പറഞ്ഞു നിര്‍ത്തി.

"ഞാനൊന്നു പറഞ്ഞപ്പോള്‍, എന്നെ സഹായിക്കാന്‍ നീ മിടുക്കന്മാരെ തന്നെ തെരഞ്ഞെടുത്തയച്ചല്ലൊ കൃഷ്ണാ, ഗുരുവായൂരപ്പാ. എല്ലാം നിന്റെ മായ" വീനമ്മ നെടുവീര്‍പ്പിട്ടു.

ഏതായാലും ആഗതനും അയല്‍ക്കാര്‍ക്കും ചായയും ബിസ്കറ്റും കൊടുത്ത്‌ സല്‍കരിച്ചിട്ടെ വിട്ടുള്ളു ആകാശവാണ്യേച്ചി.

17 comments:

സുല്‍ |Sul said...

“ഒരു താക്കോല്‍ വിശേഷം“

ആകാശവാണ്യേച്ചി ഭാഗം 3 സമര്‍പ്പിക്കുന്നു.

-സുല്‍

സു | Su said...

ഇനി വീനമ്മച്ചേച്ചി വീടും പൂട്ടി പോകാന്‍ മടിക്കും. കള്ളനു കഞ്ഞിവെക്കുക എന്ന് കേട്ടിട്ടുണ്ട്. ഉമ്മ കൊടുക്കുക എന്ന് ആദ്യമായിട്ടാ.

തമനു said...

ഠേ ....

അടിച്ചു.സുല്ലിനു തേങ്ങാ ഞാനടിച്ചേ

ഈ വീനമ്മ ഒരു സംഭവം തന്നെ സുല്ലേ .. പാവം കള്ളന്‍ ...

ഹഹഹഹ ... കലക്കി

തമനു said...

ഞാനടിച്ച തേങ്ങാ സൂ .... ന്ന്‌ പോയല്ലോ ..

സുല്ല്‌, സുല്ല്‌ ഞാനില്ല ഇനി തേങ്ങയടിക്കാ‍ന്‍

Mubarak Merchant said...

ആഹഹഹ. എന്താ അലക്ക്.
കാത്തിരുന്ന പോലല്ലേ സുല്ല് വീനമ്മെനേം കൊണ്ട് വന്നത്.
അടുത്തത് പോരട്ടേ.

Sathees Makkoth | Asha Revamma said...

സുല്ലേ, കൊള്ളാം. നല്ല രസമുണ്ട്.
അവസാനം അല്പം കൂടി ശരിയാക്കാമായിരുന്നെന്ന് തോന്നുന്നു.പെട്ടെന്ന് അവസാനിപ്പിച്ചതായി തോന്നി.

മുസ്തഫ|musthapha said...

ക്വാട്ട് ഓഫ് ദ് പോസ്റ്റ്:

[...നഴ്സ്‌...... പറഞ്ഞു

"അടുത്തയാഴ്ച കുട്ടിയെ ഒന്നു കൊണ്ടുവരണം ഡോക്ടറെ കാണിക്ക്യാന്‍"

"ഇനി മോനെ കാണാനുള്ളോര്‌ വീട്ടിവന്നു കണ്ടോട്ടെ" വീനമ്മ എടുത്തടിച്ച പോലെ .... പറഞ്ഞു...]

ആകാശവാണ്യേച്ചി ഇത്തവണയും സ്ട്രൈക്കി :)

ഇടിവാള്‍ said...

കള്ളനാന്നറീഞ്ഞിട്ടും സല്‍ക്കരിച്ചു വിട്ട വിശാലമനസയാണല്ലേ വിനമ്മാ! എന്തോ പെട്ടെന്നവസാനിച്ച പോലെ എനിക്കും തോന്നി ;)

Unknown said...

'ആകാശവാണ്യേച്ചി കരുണാകരന്റെ കരുണകടാക്ഷത്തിന്നായി കൈനീട്ടി.'

മോന്റെതായാലും കുഴപ്പമില്ലെന്നാ അവസാനം കരഞ്ഞ് പറഞ്ഞത്.

സുല്ലിനപ്പോ നല്ല അനുഭവസമ്പത്തുണ്ടല്ലേ?:)

നന്നായിട്ടുണ്ട്.ഇച്ചിരി ചെറുതായിപ്പോയോ എന്നൊരു തംശ്യം തോന്നാതിരുന്നില്ല.

sandoz said...

"ഞാനൊന്നു പറഞ്ഞപ്പോള്‍, എന്നെ സഹായിക്കാന്‍ നീ മിടുക്കന്മാരെ തന്നെ തെരഞ്ഞെടുത്തയച്ചല്ലൊ കൃഷ്ണാ, ഗുരുവായൂരപ്പാ. എല്ലാം നിന്റെ മായ"

വീനമ്മേടേ ആ അല്ലക്ക്‌ കലക്കി.

അപ്പു ആദ്യാക്ഷരി said...

സുല്ലണ്ണാ, ആദ്യമായിട്ടാണ്‌ ആകാശവാണിചേച്ചിയെ വായിക്കുന്നത്‌. നന്നായീട്ടോ.... ഇനിയെന്നും വായിക്കാന്‍ വരാം കേട്ടാ.

വേണു venu said...

പ്രാര്‍ഥന ഭലിക്കുമെന്നിപ്പോള്‍ മനസ്സിലായി.
നന്നായെഴുതി സുല്‍.‍

ചേച്ചിയമ്മ said...

വീനമ്മച്ചേടത്തി ഒരു സംഭവം തന്നെയാണല്ലോ സുല്ലേ?

salil | drishyan said...

സുല്‍, ഞാനും ഒപ്പു വയ്ക്കുന്നു...
നന്നായിട്ടുണ്ട്.

സസ്നേഹം
ദൃശ്യന്‍

സുല്‍ |Sul said...

"ഒരു താക്കോല്‍ വിശേഷം“ വന്നവര്‍ക്കും വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി.

സു :) വീനമ്മ ആരാ മോള്‍ന്നറിയോ?

തമനു :) നേരത്തിനും കാലത്തിനും വരണേ. അല്ലേല്‍ ഇങ്ങനെയിരിക്കും.

ഇക്കാസെ :) കളിയാക്കല്ലേ.

സതീശ് :) അതു സത്യം.

അഗ്രജാ :) അതത്ര നല്ലതല്ലല്ലൊ?

ഇടിഗഡി :) ഓടുന്ന വണ്ടി ഇടിച്ചു നിന്ന പോലെ അല്ലെ?

പൊതുവാള്‍ :) ചെറുതല്ലേ നല്ലത്.

സാന്‍ഡോസ് :) അതല്ലേ ആകാശവാണി.

അപ്പു :) ഇനിയും വരണേ.

വേണു :) നല്ലതെന്നു പറഞ്ഞല്ലോ. സന്തോഷം.

ചേച്ചിയമ്മ :) ഇനിയും വേണോ സംഭവങ്ങള്‍?

ദൃശ്യന്‍ :) സ്വാ‍ഗതം. നന്ദി.

-സുല്‍

കുട്ടിച്ചാത്തന്‍ said...

സുല്‍ ചേട്ടാ: എന്റെ പോസ്റ്റില്‍ വന്നു കമന്റി തുടങ്ങിയ കാലത്ത് ഞാന്‍ ഇവിടെ വന്ന് നോക്കിയതാ അന്ന് ഇവിടെല്ലാം ചിലന്തി വല കെട്ടിക്കിടക്കുകയായിരുന്നു. അതൊക്കെ തട്ടിക്കളഞ്ഞ് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്ന കാര്യം അടുത്താ അറിഞ്ഞേ. മൊത്തം വായിച്ചു. അവസാനത്തെ പോസ്റ്റിന്‍ കമന്റിടുകേം ചെയ്തു..
“ആകാശവാണ്യേച്ചി“ മെഗാ യാണോ?
സൂക്ഷിച്ചോ കേരളത്തില്‍ കാലു കുത്തിയാല്‍ വല്ല മെഗാക്കാരും റാഞ്ചും!!!

Areekkodan | അരീക്കോടന്‍ said...

ആഹഹഹ. അടുത്തത് പോരട്ടേ.