Sunday, June 03, 2007

നഫീസയുടെ സ്വകാര്യങ്ങള്‍ -2

നാടും നാട്ടുകാരും

പുരമേയാനായി മെടഞ്ഞു വച്ചിരുന്ന ഓലമുഴുവന്‍ ഇന്നലത്തെ മഴയില്‍ നനഞ്ഞു കുതിര്‍ന്നു കിടക്കുന്നു. കഴിഞ്ഞ മാസം ആമിനത്താടെ പറമ്പില്‍ തെങ്ങു കയറുമ്പോള്‍ വാങ്ങിയതാണ് നാല് കെട്ട് ഓല. അതോടൊപ്പം ഒരു കെട്ട് ഒണക്ക ഓലയും വെറുതെ തന്നു. നാലു കെട്ടിന്റെ പൈസ ഇനിയും കൊടുത്തിട്ടില്ല. അസിക്കാട് അതു പറഞ്ഞിട്ട് കേട്ട ഭാവം പോലുമില്ല. കഴിഞ്ഞ കൊല്ലം ഉപ്പ വന്നപ്പോള്‍ തന്ന പൈസയല്ലേ കൊടുത്തത് ഓലക്കും പിന്നെ പുരമേയുന്നതിനും.

എല്ലാം ഒരുവിധം മെടഞ്ഞ് ഉണക്കാനിട്ടതായിരുന്നു. ഇപ്പൊള്‍ എല്ലാം നനഞ്ഞു. രണ്ടുദിവസം തോരാതെ പെയ്തതല്ലേ. ഇനി രണ്ടുമൂന്നു ദിവസം നല്ല വെയില്‍ കിട്ടിയാല്‍ ഉണങ്ങികിട്ടും. പുരയൊന്നു പൊളിച്ചു മേയാന്‍ ആ വേലികെട്ടുകാരന്‍ കുഞ്ഞിപ്പേങ്ങനോട് പറഞ്ഞിരുന്നതാ. അവനും വന്നില്ല ഇതു വരെ. അവര്‍ക്ക് അപ്പോള്‍ തിരക്കായിരുന്നത്രേ. ഇനിയും തിരക്കു കൂടുകയേ ഉള്ളു. തെങ്ങിനു തടമെടുപ്പും വളമിടലും അങ്ങനെ പോകും അവരുടെ തിരക്കുകള്‍. ഇനി അടുത്ത മഴതുടങ്ങുമ്പോഴേക്കും ഇതൊന്ന് മേഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു.

ഓല മറിച്ചിട്ടുകൊണ്ട് ആമിനത്താന്റെ പറംബില്‍ നില്‍ക്കുമ്പോഴാണ്, ആമിനത്താന്റെ ഭര്‍ത്താവ് ഉമ്മര്‍ക്കയും കുറെ ആള്‍ക്കാരും അങ്ങോട്ട് വന്നത്. അവര്‍ കുറച്ചു നേരം അവിടെ നിന്നു സംസാരിച്ചു. കൂടെ വന്നവര്‍ തെങ്ങിന്‍ മണ്ടയിലേക്കെല്ലാം സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. വീടിനോട് തൊട്ടു കിടക്കുന്ന ആ സ്ഥലമായിരുന്നു മുറ്റമായി ഇതുവരെ ഉപയോഗിച്ചിരുന്നത്. അവരുടെ സംസാരത്തില്‍ നിന്നും ആ ഭാഗം വില്‍ക്കാന്‍ പോകുകയാണെന്നാ തോന്നുന്നത്.

മോളെ കെട്ടിച്ചയച്ചതില്‍ സ്വര്‍ണ്ണ കടയില്‍ കുറച്ച് കടം ബാക്കിയുണ്ടെന്ന് ഉമ്മര്‍ക്ക ഇടക്കിടെ പറയുന്നത് കേള്‍ക്കാം കുറച്ച് ബാങ്കിലും. ഉമ്മര്‍ക്ക ഗള്‍ഫിലായിരുന്നത്രേ. ഞാന്‍ ഇവിടെ വരുമ്പോള്‍ പക്ഷേ മൂപര്‍ നാട്ടിലുണ്ട്. നാട്ടിലായതിനു ശേഷം മൂന്നു പെങ്കുട്ടികളെ കെട്ടിച്ചയച്ചു. ഒരു മോനുള്ളത് ഇപ്പോഴും ജോലിയൊന്നും ശരിയാവാതെ നടക്കുന്നു. തെങ്ങിനു നനക്കാന്‍ വരുമ്പോള്‍ കാണാറുണ്ട് അവനെ.

“നഫീസെ ദേ മോന്‍ വീട്ടിലേക്കോടി” സരളയുടെ വിളികേട്ടാണ് തിരിഞ്ഞു നോക്കിയത്. വീടിന്റടുത്തുതന്നെയുള്ള ബാലവാടിയില്‍ ഉപ്പുമാവ് വെക്കലും കുട്ടികളെ നോക്കലുമാണ് സരളക്കു പണി. ആ ബാലവാടി ലീലാംബ്രാളുടെ പറമ്പിലാണുള്ളത്. അംബ്രാളെന്ന് ചീരുന്റവിടുത്തെ ചന്ദ്ര പറഞ്ഞതാ. ലീലമ്മ നായന്മാരാണത്രെ. അതുകൊണ്ടാ അവരെ അംബ്രാളെന്നു വിളിക്കുന്നത്. ഞാന്‍ അവരെ ലീലമ്മാന്ന വിളിക്കുന്നത്. അവരുടെ പറമ്പില്‍ നിറയെ കശുമാവുകളുണ്ട് നല്ലമാവുകളും. വേനക്കാലത്ത് കുറെ മാങ്ങകള്‍ കിട്ടും. ഈ വേനലിന് അബുമോന്‍ പെറുക്കികൊണ്ടുവന്ന കശുവണ്ടികള്‍ ഒരു പാത്രത്തില്‍ ഇട്ടു വച്ചിട്ടുണ്ട്. ഇടക്കിടക്ക് അവന്‍ അതെടുത്തിരുന്ന്
കളിക്കുന്നതു കാണാം.

അബുമോന്‍ എപ്പോഴും ഇങ്ങനെ തന്നെയാണ്. ഇടക്കിടക്ക് പഠിപ്പിന്നിടയില്‍ എഴുന്നേറ്റോടും. വീട്ടില്‍ വന്ന് കഞ്ഞിവെള്ളമോ മറ്റോ കുടിച്ചാല്‍ അവനു സന്തോഷമായി. പിന്നെ തിരിച്ചു കൊണ്ടു വിടണം അത്രമാത്രം. ബാലവാടി അടുത്തായതു കൊണ്ട് അവന് വീടും അതും തമ്മില്‍ വല്യ വ്യത്യാസമൊന്നുമില്ല. ബാലവാടി സമയം കഴിഞ്ഞാലും ഇടക്കവന്‍ അവിടെ പോയി കളിക്കാറുണ്ട്. ഏതായാലും അവനെ തിരിച്ച് ബാലവാടിയിലാക്കികൊടുത്തു.

വെള്ളമെടുക്കാന്‍ പൈപിന്‍ കടയില്‍ ചെന്നപ്പോഴാണ് ചന്ദ്രയെ കണ്ടത്. അവരുടെ കിഴക്കേ വീട്ടില്‍ ഇപ്പൊ താമസിക്കാന്‍ വന്നിരുന്നത് ഒരു ചേറ്റുവക്കാരാണ്. തന്റെ സ്വന്തം നാട്ടുകാര്‍. മുസ്ലിം വീട്ടുകാരാണത്രെ. അവിടുത്തെ ഒരു പെങ്കുട്ടിയുമായി ചന്ദ്രയുടെ ചേട്ടന്റെ മകന്‍ അടുപ്പത്തിലാണെന്ന്. അവന് ഇത് എന്തിന്റെ കേടാണാവോ. ആ പെണ്ണിനു രണ്ടു കുട്ടികളുണ്ട്. കെട്ട്യോന്‍ എറണാകുളത്താണെന്നു തോന്നുന്നു. ഇവിടെ വരാരില്ലത്രെ. ഇവളുടെ സ്വഭാവം അവനു തീരെ ഇഷ്ടമല്ലെത്രെ. എന്നാലും അവള്‍ക്കും കുഞ്ഞിനും പൈസ അയച്ചു കൊടുക്കാറുണ്ട്. ചന്ദ്രേടെ ചേട്ടന്റെ മോനും ഉണ്ട് ഒരു മകനും ഭാര്യയും. ആ പാവം പെണ്ണിന്റെ കഷ്ടകാലം. അവന്റെ അമ്മാവിയുടെ മോളുതന്നെയാ. പ്രേമ വിവാഹമായിരുന്നു അതും. അവളുടെ മുന്നില്‍ വെച്ചാണ് ഇവനിതെല്ലാം കാണിക്കുന്നതെന്നൊരു ചിന്ത പോലുമില്ല അവന്.

പെട്ടെന്നാണ് റോഡിലൂടെ ബൈക്കില്‍ പോയിരുന്ന ആള്‍ തന്നെ സൂക്ഷിച്ചു നോക്കുന്നതായി തോന്നിയത്. ബൈക്ക് തെക്കോട്ടേക്ക് പോയികൊണ്ടിരിക്കുമ്പോഴും അയാള്‍ തന്നെ തിരിഞ്ഞു നോക്കികൊണ്ടേയിരുന്നു. ശരിക്കൊന്നുകൂടി ഓര്‍ത്തു നോക്കിയപ്പോള്‍... കുറച്ചു തടിവച്ച് സുന്ദരനായിട്ടുണ്ട്. എത്ര കാലങ്ങള്‍ക്കുശേഷമാണ് കാണുന്നത്. അതിനിടയില്‍ ഗള്‍ഫില്‍ പോയെന്നോ മറ്റൊ അറിഞ്ഞിരുന്നു. ജമാല്‍ക്ക. തന്റെ എല്ലാമെല്ലാമായിരുന്ന ജമാല്‍ക്ക.

(തുടരും)

12 comments:

സുല്‍ |Sul said...

"നഫീസയുടെ സ്വകാര്യങ്ങള്‍ "

രണ്ടാംഭാഗം വെളിച്ചം കാണിച്ചിട്ടുണ്ടേ.
തൊഴിച്ചാലും അടിക്കരുത് :)

-സുല്‍

Rasheed Chalil said...

അപ്പോ അങ്ങനെയാണ് കാര്യങ്ങള്‍...
വരട്ടേ... ബാക്കിയും

മുസ്തഫ|musthapha said...

“വീടിനോട് തൊട്ടു കിടക്കുന്ന ആ സ്ഥലമായിരുന്നു മുറ്റമായി ഇതുവരെ ഉപയോഗിച്ചിരുന്നത്. അവരുടെ സംസാരത്തില്‍ നിന്നും ആ ഭാഗം വില്‍ക്കാന്‍ പോകുകയാണെന്നാ തോന്നുന്നത്...“ ഈ വരികള്‍ ടച്ചിങ്ങ് ആയി തോന്നി...

നഫീസയുടെ കെട്ട്യോനെ വില്ലനായി അവതരിപ്പിച്ച സ്ഥിതിക്ക് ഒരു നായകന്‍ കടന്ന് വരും എന്നുറപ്പുണ്ടായിരുന്നു... :)

അപ്പോ അടുത്ത ലക്കത്തില്‍ പലതും പ്രതീക്ഷിക്കാം അല്ലേ :)

വല്യമ്മായി said...

:)

SUNISH THOMAS said...

:)

തമനു said...

സുല്ലേ ...

കഥ ട്രാക്കിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ അല്ലേ...

എഴുതിയടത്തോളം നന്നായി..

തുടരുക.

അപ്പു ആദ്യാക്ഷരി said...

good! :-)

thoufi | തൗഫി said...

“നഫീസയുടെ സ്വകാര്യങ്ങള്‍”-രണ്ടാം ഭാഗം മുതലാണ്
വായിക്കുന്നത്.വായിച്ചേടത്തോളം ഇഷ്ടമായി.
നാടിന്റെ മണമുള്ള പോസ്റ്റ്.

തുടക്കം തന്നെ എന്റെ മനസ്സ് നാട്ടിലേക്കൊടിയെത്തി.
ഓലമെടയാനെത്തുന്ന ബീവിതാത്താടെ മുഖമാണോര്‍മ്മ വന്നത്.ഒരു ഉയരം കുറഞ്ഞ ചെറിയ മുക്കാലിയിലിരുന്ന് ഒരു കാല്‍ കൊണ്ട് ഓല ചവിട്ടിപ്പിടിച്ച് ഒരു പ്രത്യേകതാളത്തില്‍
ഓല മെടയുന്ന ബീവിതാത്താടെ കരവിരുത് ചെറുപ്പത്തില്‍ പലപ്പോഴും നോക്കിനിന്നുപോയിട്ടുണ്ട്.

സുല്ലേ...നന്നായിട്ടുണ്ട്..
ഇനിയും വരട്ടെ..

--മിന്നാമിനുങ്ങ്

സാല്‍ജോҐsaljo said...

ജമാല്‍ക്കയെയും കാത്തിരിക്കുന്നു...

മനോജ് കുമാർ വട്ടക്കാട്ട് said...
This comment has been removed by the author.
മനോജ് കുമാർ വട്ടക്കാട്ട് said...

അതിനിടയില്‍ ഇങ്ങിനൊരു സംഭവം നടക്കുന്നുണ്ടായിരുന്നോ?

തലക്കെട്ട് വായിച്ചപ്പോള്‍, പഴയ കോളേജ് കയ്യെഴുത്ത് മാസികയിലെ ചില തലക്കെട്ടുകള്‍ ഓര്‍ത്തു പോയി-
കാറ്റത്താടുന്ന തെങ്ങോലകള്‍,
മഞ്ഞമാമലയിലെ മഞ്ഞക്കിളികള്‍...

Unknown said...

ജമാല്‍ക്കാ(സുല്ല്‌ക്കാ):)

കൊള്ളാട്ടാ:)

നഫീസാനോട് ,ആരോടും പറയൂല്ലാന്നും പറഞ്ഞ് എല്ലാക്കാര്യവുമറിഞ്ഞ് ഇതിവിടെ ബൂലോകത്ത് പരസ്യപ്പെടുത്തുകയാണല്ലേ?:)

ആ അബു ചെക്കന്‍ വളര്‍ന്നു വരുമ്പോള്‍ കമ്പൂട്ടറു പഠിക്കാതെ നോക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ അവനുമൊരു ബ്ലോഗ് തുടങ്ങി സത്യമെല്ലാം വിളിച്ചു പറഞ്ഞാ‍ലോ:)

സൂച്ചിച്ചാല്‍ തുക്കിക്കണ്ടാ........

ബാക്കി കൂടി പോരട്ടെ.