Sunday, February 11, 2007

കണ്ണന്റെ സെന്റര്‍സ്പ്രെഡ്‌ | Susmeram

ഇന്നലെ കണ്ണന്‍ വെച്ച പാരക്ക്‌ മറുപാരവെക്കാനൊരു കിടിലന്‍ ഐടിയ കത്തിയ തലയുമായാണ്‌ ഇസ്മായില്‍ കിടക്കവിട്ടെഴുന്നേറ്റത്‌. ഇന്നെങ്കിലും അതിനു പകരം വീട്ടിയില്ലെങ്കില്‍ ശരിയാവില്ല. ഇന്ന് കണ്ണനൊ അവന്റെ അനിയത്തിക്കോ ഇട്ട്‌ രണ്ടു പൊട്ടിച്ചിട്ടു തന്നെ കാര്യം.

പിന്നെ ഉദയന്‍. അവനും വച്ചിട്ടുണ്ട്‌. 'അവന്‍ വലിയ ടീചര്‍ടെ മോനല്ലെ. പിന്നെങ്ങനാ. ആ ഈനാമ്പേച്ചിയാ മറ്റേ‌ മരപ്പട്ടിക്ക്‌ കൂട്ട്‌' ഇസ്മായിലിന്റെ മനസ്സിലൂടെ പലവിധ ചിന്തകള്‍ കടന്നു പോയി.

.......

ക്ലാസ്സിലെ ലീഡറാണ്‌ ഉദയന്‍. സ്കൂളിലെ ശാരദമണിറ്റീച്ചറെ മോന്‍. വലിയ പടിപ്പു കാരന്നാണെന്നാ അവന്റെ ഭാവം. അതിനു വളംവച്ച്‌ വെള്ളൊഴിക്കാന്‍ ബാക്കി ടീചര്‍മാരും മാഷമ്മാരും. എന്തെന്നാല്‍ ശാരദമണി ടീച്ചര്‍ സ്കൂളിന്റെ ഹെട്ടീച്ചറല്ലെ.

കിട്ടുണ്ണിമാഷിന്റെ കണക്ക്‌ ക്ലാസ്‌ ഒരു കണക്കിനു ആടിയും ഉലഞ്ഞും കൂട്ടിയും കുറച്ചും മുന്നോട്ടു പോകുന്നു. അപ്പോഴാണ്‌ 7 ഏയിലെ ഒരു കുട്ടീടച്ഛന്‍ മാഷെക്കാണാന്‍ വന്നത്‌. ഈ പുട്ട്‌മിണുങ്ങീനെക്കാണാന്‍ കൊല്ലത്തില്‍ മുന്നൂറ്ററുപത്തഞ്ചു ദിവസോം കുട്ടികളുടെ വീട്ടിലുള്ളോര്‍ ഈ സ്കൂളില്‍ വരുന്നതല്ലെ. അതിലൊരു പുതുമേം ഇല്ല.

മാഷ്‌, ഉദയനെ ക്ലാസിന്റെ അച്ചടക്കത്തിന്റെ ഭാരമേല്‍പിച്ച്‌ രക്ഷിതാവിന്നടുത്തേക്ക്‌ നീങ്ങി. ഒരു പേനയും പുസ്തകവുമായി ഉദയന്‍ മാഷെ മേശേടടുത്ത്‌ വന്നു നിന്നു, സംസാരിക്കുന്നവരുടെ പേരെഴുതി വെക്കാന്‍. തന്റെ കഴുക ദൃഷ്ടികളുമായി ഉദയന്‍ കുട്ടികളെ സ്കാനിംഗ്‌ ആരംഭിച്ചു.

തന്റെ മലയാളം പുസ്തകത്തില്‍ നിന്ന് ഒരു കടലാസെടുത്ത്‌ രമേഷിനു കാട്ടിക്കൊടുക്കുന്ന തിരക്കിലായിരുന്നു ഇസ്മായില്‍. ഇതു കണ്ട്‌ മുന്‍-ബഞ്ചിലിരുന്ന കണ്ണന്‍ അതു തട്ടിപറിച്ചു.

'ഡാ അതിങ്ങു താഡാ' അതു തിരിച്ചു ചോദിച്ചതിന്റെ പേരില്‍ ഇസ്മായിലിന്റെ പേരു ഉദയന്റെ ലിസ്റ്റില്‍ കേറി.

ഒരു കൊലപാതകം ചെയ്താലും പത്തെണ്ണം ചെയ്താലും ഒരിക്കലല്ലേ തൂക്കിക്കൊല്ലു എന്ന അറിവിന്റെ പിന്‍ബലത്തില്‍, ഇസ്മായില്‍ പൂര്‍വാദികം ശക്തിയായി കണ്ണനോട്‌ വഴക്കു തുടങ്ങി. ഉദയന്റെ ലിസ്റ്റില്‍ പേരുകള്‍ കൂടിവന്നു. അടി മൂര്‍ദ്ദന്യതയിലെത്തിയ സമയത്താണ്‌ പുട്ട്‌മിണുങ്ങി കയറി വന്നത്‌. ഈ തക്കത്തിന്‌ കണ്ണന്‍ ആ കടലാസ്‌ അവന്റെ പോക്കറ്റില്‍ ഭദ്രമായെടുത്തു വച്ചു.

പുതുതായി ചാര്‍ജെടുത്ത ഏമാന്‌, ഭരണ പ്രദേശത്തെ ക്രമസമാധാന സ്ഥിതി വിവരക്കണക്കേല്‍പ്പിക്കുന്ന ഏഡ്‌ കുട്ടമ്പിള്ളയെപ്പോലെ, ഉദയന്‍ കുട്ടികളുടെ പേരെഴുതിയ ലിസ്റ്റ്‌ കിട്ടുണ്ണി മാഷ്ക്ക്‌ കൈമാറി. കൂടെ ഒരു വിവരണവും.

'ഇസ്മായിലും കണ്ണനും അടികൂടി മാഷെ'

ഇതു മാത്രമായിരുന്നു ഇസ്മായിലിന്റെ കണ്ണില്‍, ഉദയന്‍ ചെയ്ത മഹാപരാധം.

മാഷ്‌ നേരെ ഇസ്മായിലിരിക്കുന്ന ലാസ്റ്റ്‌ ബഞ്ചിനടുത്തെത്തി. ഇസ്മായിലിനെം കണ്ണനേം പിടിച്ചു നിര്‍ത്തി തന്റെ ലാത്തി കൊണ്ട്‌ കൈകളില്‍ രണ്ടുവീതം പൊട്ടിച്ചു. എന്നിട്ട്‌ മാഷ്‌ ചോദിച്ചു.

"എന്തിനാടാ ഇവിടെ കിടന്നടികൂടിയത്‌?" കിട്ടിയ അടിയും വാങ്ങി, കിട്ടിയതു ലാഭം എന്ന മട്ടില്‍ ഇരിക്കാനാഞ്ഞ ഇസ്മായിലിന്‌ ഈ ചോദ്യം നിന്ന നില്‍പില്‍ ഇടിവെട്ടു കൊണ്ട പോലെയായി. കണ്ണനും ഇസ്മയിലും മുഖത്തോടു മുഖം നോക്കി. രമേഷ്‌ ഒന്നുമറിയാത്ത്‌ പോലെ കണക്കു പുസ്തകവും നോക്കിയിരുന്നു.

"പറയെഡാ വേഗം" മാഷ്‌ വീണ്ടും.

"അതു... പിന്നെ.... മാഷെ...." ഇസ്മായില്‍ വിക്കി വിക്കി ചൊല്ലി.

"എന്റെ കയ്യിലിരുന്ന പേപ്പര്‍ കണ്ണന്‍ തട്ടിപ്പറിച്ചിട്ടാ മഷെ" അന്നേരം മറ്റു മറുപടികളൊന്നും ആലോചിച്ചു വച്ചിട്ടില്ലാത്തതിനാല്‍ ഇസ്മായില്‍ സത്യം പറഞ്ഞു.

"എവിടെടാ ആ പേപ്പര്‍?" കിട്ടിയ അടിയും വാങ്ങി നിക്കറിന്റെ പോകെറ്റില്‍ കയ്യിട്ടു നില്‍ക്കുന്ന കണ്ണനോടായി മാഷിന്റെ അടുത്ത ചോദ്യം.

മാഷ്‌ ഇത്രയും ഡീറ്റയിലായി കേസന്വേഷണം നടത്തുമെന്ന് സ്വപ്നേപി നിരൂപിക്കാത്ത കണ്ണന്‍, പെട്ടെന്ന് പോക്കറ്റില്‍ നിന്നു കയ്യെടുത്തു. ഇതു കണ്ട മാഷ്‌ കണ്ണനെ പിടിച്ചു നീക്കി നിര്‍ത്തി അവന്റെ പോകെറ്റില്‍ കയ്യിട്ടു.

നിന്ന നില്‍പില്‍ താന്‍ ഉരുകിയൊലിച്ചു പോകുമോ അതൊ മരവിച്ച് ഉറ്അച്ചു പോകുമൊ എന്നൊന്നും മാഷിനു മനസ്സിലായില്ല. കീശക്കുള്ളിലില്ലാത്ത പേപറിനെ അന്വേഷിച്ച്‌ ചെന്ന മാഷ്‌, കീശതന്നെയില്ലെന്നറിഞ്ഞത്‌ കണ്ണന്റെ കണ്ണായ സ്ഥലത്ത്‌ തന്റെ കൈകൊണ്ടപ്പോഴാണ്‌. ഷോക്കേറ്റ പോലെ കൈ പിന്‍വലിച്ച മാഷിന്റെ അപ്പൊഴത്തെ മുഖഭാവം നവരസങ്ങളില്‍ പത്താമത്തേതായിരുന്നു. കടിച്ച പാമ്പിനെ കൊണ്ട്‌ വിഷമിറപ്പിക്കുന്ന പോലെ അടിച്ച കൈ കൊണ്ട്‌ തടവിച്ചതിന്റെ ആത്മ സംതൃത്പ്തി കണ്ണന്റെ മുഖത്ത്‌.

ജാള്യത മറക്കാന്‍ കര്‍ക്കശതയുടെ മുഖം മൂടിയണിഞ്ഞ്‌ മാഷ്‌ കണ്ണന്റെ ഇടത്തേ പോക്കറ്റിലും കയ്യിട്ടു. അന്വേഷിച്ചത്‌ കണ്ടെത്തിയതു കൊണ്ടും, കഴിഞ്ഞ പോക്കറ്റിലെ വ്യത്യസ്തമായ അനുഭവം മനസ്സില്‍ വച്ചു കൊണ്ടും, എത്രയും വേഗം കിട്ടിയപേപ്പറും കൊണ്ട്‌ കീശകാലിയാക്കി മാഷ്‌.

"ഇതാണൊഡാ ഇസ്മായിലിന്റേന്ന് എടുത്ത പേപ്പര്‍?" മാഷ്‌ കണ്ണനോട്‌ ചോദിച്ചു.

"അതെ" ഇനിയെന്ത്‌? വരുന്നത്‌ വരുന്നോടത്തു വച്ചു കാണാം എന്ന മട്ടില്‍ കണ്ണന്‍ പറഞ്ഞു.

തനിക്കേതായലും നറുക്കു വീണ സ്ഥിതിക്ക്‌ ഇസ്മായിലിനെം അതില്‍ കൂടെ ചേര്‍ക്കാം എന്ന ഒരു ദുരുദ്യേശവും ആ 'അതേ' യില്‍ ഒളിഞ്ഞു കിടന്നിരുന്നു.

പോക്കറ്റിലെ കണ്ണനെ പിടിച്ചതിന്റെ ചവര്‍പ്പു മാറ്റുവാന്‍ മാഷിനു കിട്ടിയ മധുരമിട്ടായിയാണോ ആ തുണ്ടു കടലാസ്‌? കടലാസ്‌ മടക്കുകള്‍ നീര്‍ത്തിയ മാഷ്‌, യോദ്ധയിലെ ജഗതിയെ ഓര്‍മ്മിപ്പിക്കും വിധം, പതുങ്ങി, ചളുങ്ങി, മണുങ്ങി മണുങ്ങനായി കണ്ണു തള്ളി നിന്നു. അല്ലേലും ഇത്രെം കുട്ട്യേള്‍ നോക്കി നില്‍കുമ്പോള്‍, ആദിപാപത്തിലെ അഭിലാഷേടെ പടമുള്ള നാനയുടെ നടുക്കണ്ടം കയ്യില്‍ കിട്ടിയാല്‍ മാഷ്ക്ക്‌ പിന്നല്ലാതെ കോള്‍മയില്‍ കൊള്ളാനൊ, രോമാഞ്ച കഞ്ചുകനാവാനോ, തന്റെയുള്ളിലുള്ളത്‌ പുറത്തു കാണിക്കാനൊ പറ്റില്ലല്ലൊ.

കേസിന്റെ കൂടുതല്‍ വിശദീകരണങ്ങലിലേക്കു കടക്കാതെ, കടന്നാല്‍ ഇനി അടുത്ത കുരിശ്‌ എന്താണെന്നരിയാത്തതിനാല്‍, മാഷ്‌, കണ്ണനും ഇസ്മായിലിനും തുടയില്‍ അഞ്ച്‌ വീതം ചൂരല്‍ പഴം കൊടുത്തു. അന്നത്തെ ക്ലാസ്‌ അത്രമതിയെന്നു പറഞ്ഞ്‌ ഉദയനു ചെങ്കോല്‍ കൈമാറി. കിട്ടുണ്ണിമാഷ്‌ സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു.

"ഇതൊക്കെ മാഷമ്മാരുടെ ഒരു അഡ്ജസ്റ്റ്‌മന്റ്‌ ഓഫ്‌ കേരളയല്ലെ. അഭിലാഷ മോളേം കൊണ്ടല്ലെ പോക്ക്‌. പുട്ട്‌മിണുങ്ങി ഓട്യാലെവടം വരെ" കണ്ണന്‍ മനസ്സില്‍ പറഞ്ഞു.

(അടുത്ത ലക്കത്തില്‍ അവസാനിപ്പിക്കാം)

13 comments:

Sul | സുല്‍ said...

"കണ്ണന്റെ സെന്റര്‍സ്പ്രെഡ്‌"

കിട്ടുണ്ണിമാഷ് (പുട്ട്‌മിണുങ്ങി) പരമ്പരയില്‍ നിന്ന് പുതിയ ഒരേട്.

പുതിയ പോസ്റ്റ്.

-സുല്‍

ikkaas|ഇക്കാസ് said...

പുട്ടിനു ചേര്‍ക്കാന്‍ പോലും തേങ്ങയില്ല! ന്നാലും കെടക്കട്ടെ ഒരു ബീഹാറി നാരിയല്‍, പുട്ടുമിണുങ്ങി സീരീസിന്റെ ഉമ്മറത്ത്!
ഠ്ഠ്ഠ്ഠേ.......

കുട്ടന്മേനൊന്‍::KM said...

കിട്ടിയ അടിയും വാങ്ങി നിക്കറിന്റെ പോകെറ്റില്‍ കയ്യിട്ടു നില്‍ക്കുന്ന കണ്ണനോടായി മാഷിന്റെ അടുത്ത ചോദ്യം.
...
അപ്പൊ നീട്ടാന്‍ തന്ന്യാ പരിപാടി അല്ലേ.

പൊതുവാള് said...

ഇതു വായിച്ചപ്പോള്‍ സമാനമായ മറ്റൊരു സംഭവം തന്നെയാണ് ഓര്‍മ്മ വന്നത്.

ഒരിക്കല്‍ ഞങ്ങളുടെ സ്കൂളില്‍ ഒരു നാലാംക്ലാസ്സുകാരന്‍ ബീഡിവലിയുടെ ഉസ്താദായി.
പലനാള്‍ കാണാതെവലിച്ചു മുന്നേറിയപ്പോള്‍ മറ്റുകുട്ടികള്‍ അറിഞ്ഞു.അവസാനം അദ്ധ്യാപികയുടെ കാതിലുമെത്തി .അവരുടെ പീര്യഡില്‍ കേസ് വാദത്തിനെടുത്തു.

ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റം നിഷേധിച്ചു.ഉദയനേപ്പോലൊരുത്തന്‍ വിളിച്ചുപറഞ്ഞു ‘അവന്റെ കീശയില്‍ ഇപ്പളും ബീഡിയുണ്ട് ടീച്ചറേ’
പിന്നീടുണ്ടായത് പുട്ടുമിണുങ്ങിയുടെ അതെ അനുഭവം.

അഗ്രജന്‍ said...

ഈ സുല്ലായിരുന്നോ ആ കണ്ണന്‍ :)


എടാ... ഭീകരാ :)

കുറുമാന്‍ said...

ഷോക്കേറ്റ പോലെ കൈ പിന്‍വലിച്ച മാഷിന്റെ അപ്പൊഴത്തെ മുഖഭാവം നവരസങ്ങളില്‍ പത്താമത്തേതായിരുന്നു - കലക്കി സുല്ലേ

ചേച്ചിയമ്മ said...

കൊള്ളാം സുല്ലേ. അപ്പോ അടുത്തത്‌ പോരട്ടേ....

ഏറനാടന്‍ said...

"എന്തേ കണ്ണനു കറുപ്പുനിറം...
കാളിന്ദിയില്‍ വീണതിനാലോ
അതോ മാഷിന്റെ ശിക്ഷയേറ്റതിനാലോ.."
:))

തമനു said...

ഇതും കലക്കി സുല്ലേ .......

എനിക്കും അറീയാം ഇങ്ങനെ ഒരു സംഭവം.സരസ്വതി റ്റീച്ചര്‍ ഒരിക്കല്‍ ഞങ്ങളുടെ ക്ലാസിലെ ബാലന്റെ പോക്കറ്റില്‍ നിന്നും സിഗരട്ടെടുത്തു, എന്നിട്ടു ദാസാറിനോട്‌ അതിനെപ്പറ്റി വളരെ നിഷ്കളങ്കമായി പറഞ്ഞത്‌ പില്‍ക്കാലത്ത്‌ ഞങ്ങളുടെ ക്ലാസിലെ ഒരു സ്ഥിരം കമന്റായി മാറിയിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിവിടെ പറയാന്‍ പറ്റില്ല. നേരില്‍ കാണുമ്പോ പറയാം.

അടുത്ത ഭാഗം, പോരട്ടെ, പോന്നോട്ടെ...

ഇത്തിരിവെട്ടം|Ithiri said...

ഇസ്മാഈലിന്റെ പേര് സുല്‍ഫിക്കര്‍ എന്നാണോ... ?

അങ്ങനെ ഒരു ദശരസം കാണാന്‍ ഭാഗ്യമുണ്ടായി അല്ലേ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു വരി മാത്രം ഇഷ്ടപ്പെട്ടില്ല.ചുവടെ ചേര്‍ക്കുന്നു..
“(അടുത്ത ലക്കത്തില്‍ അവസാനിപ്പിക്കാം)“
എന്തിനാ ന്നെ ഇങ്ങനെ വിഷമിപ്പിക്കണേ :)

വല്യമ്മായി said...

അപ്പോള്‍ നാനയുടെ പേജും കൊണ്ടായിരുന്നു സുല്‍ സ്കൂളില്‍ പോയിരുന്നത്.വിവരണം കലക്കി

Sul | സുല്‍ said...

"കണ്ണന്റെ സെന്റര്‍സ്പ്രെഡ്‌“

വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും ഒരായിരം നന്ദി.

പിന്നൊരുകാര്യം ഇവരാരും ഞാനോ ഞാനുമായി ബന്ധമുള്ളവരോ അല്ല. (നാട്ടില്‍ ഇനിയും കാലുകുത്തണം എന്നു തന്നെയാ ആഗ്രഹം:))

ഇക്കാസെ :)
മേന്നേ :) നീട്ടണോ?
പൊതുവാള്‍ :) ഇവിടെയും മുഴുവന്‍ പറഞ്ഞിട്ടില്ല.
അഗ്രു :) നിന്റെയൊരു സംശ്യം.
കുറു :) ഇതെന്തു കലക്ക്. വെറും കലക്ക വെള്ളത്തില്‍ മീന്‍പിടിക്കല്‍.
ചേച്ചിയമ്മ :) വരും.
ഏറനാടന്‍ :) അടിതന്നെ.
ഇത്തിരീ :) ഞാന്‍ ഒന്നും കണ്ടില്ല. കേട്ടില്ല.
കുട്ടിചാത്തോ :) വിഷമിപ്പിക്കില്ല അവസാനിപ്പിക്കാം
വല്യമ്മായി :) കളിയാക്കല്ലേ. ഞാന്‍ നല്ലക്കുട്ടിയായിരുന്നെന്ന് എന്റെ ആദ്യ പോസ്റ്റില്‍ തന്നെ മുങ്കൂര്‍ ജാമ്യം വാങ്ങിയതെന്തിനായിരുന്നു?

നന്ദി -
-സുല്‍