Wednesday, August 22, 2007

നഫീസയുടെ സ്വകാര്യങ്ങള്‍ 4

“ഉമ്മാ.. കരേണ്ടുമ്മാ... ഉമ്മാ കരേല്ലെ...” അബുമോന്‍ കരഞ്ഞുകൊണ്ട് ഓടിവന്ന് കെട്ടിപിടിച്ചു തുരുതുരെ ഉമ്മ തരാന്‍ തുടങ്ങി. അബുമോനും നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. അവനെ വാരിയെടുത്ത് മാറോടണച്ചപ്പോള്‍
സങ്കടം വര്‍ദ്ധിച്ചതേയുള്ളു. കുറച്ചു നേരം നിശബ്ദമായി തേങ്ങി. അബുമോന്റെ കരച്ചില്‍ മാറ്റുന്നതിനായി, അവനെ സാന്ത്വനിപ്പിക്കുന്നതിനായി പിന്നെയുള്ള ശ്രമം. തന്റെയുള്ളിലെ സ്നേഹം അവനു പകര്‍ന്നു നല്‍കുമ്പോള്‍, അവന്‍ തന്നൊടൊട്ടിയിരിക്കുമ്പൊള്‍, അവന്റെ കുഞ്ഞികൊഞ്ചലുകള്‍ക്ക് കാതു കൊടുക്കുമ്പോള്‍ തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന സങ്കടങ്ങളില്‍ നിന്നൊരൊളിച്ചോടല്‍ തനിക്കു സാധ്യമാവുന്നില്ലേ. എല്ലാ സങ്കടങ്ങളും മറക്കാന്‍, തനിക്കു താങ്ങും തണലുമാവാന്‍ തന്റെ അബുമോന്‍.

പുറത്തു തടവികൊണ്ടിരിക്കുന്നതിനിടയിലെപ്പോഴൊ, കരഞ്ഞു കരഞ്ഞ് അബു മോന്‍ ഒന്നു മയങ്ങി. നമസ്ക്കാരപ്പായയില്‍ നിന്നെഴുന്നേറ്റ്, അബുമോനെ പായ വിരിച്ച് അതില്‍ കിടത്തി. വിശക്കുന്നുണ്ടാവും പാവം. ബാപ്പ വന്നിട്ട് കൂടെയിരുന്ന് ഭക്ഷണം കഴിക്കാനായി കാത്തിരിക്കുകയായിരുന്നു അവന്‍ ഇതുവരെ. ഇനിയേതായാലും
ഉറങ്ങിയുണരട്ടെ. ഹസ്നമോള്‍ ഇനി സ്കൂള്‍ വിട്ട് നാലുമണികഴിഞ്ഞേ വരു. തനിക്കും ഒന്നും കഴിക്കണമെന്നില്ല. ആവശ്യത്തിനു കിട്ടിയതല്ലേ. അബുമോന്റെ അരികില്‍ പായയില്‍ ചുരുണ്ടുകൂടാന്‍ അധികം ആലോചിക്കേണ്ടിവന്നില്ല. പുറത്ത് മഴയുടെ ആക്കം കുറഞ്ഞു. ചെറിയ കാറ്റും അങ്ങിങ്ങ് ഇലതുമ്പുകളില്‍ നിന്നുതിര്‍ന്നു വീഴുന്ന മഴയുടെ ശേഷിപ്പുകളും. ഓര്‍മ്മയുടെയും മറവിയുടെയും ഇടയിലെവിടെയോ താന്‍
പോലുമറിയാതെ ഒരു പകല്‍ മയക്കത്തിലേക്ക് കാലിടറി.

--------

“ഉമ്മാ... ഉമ്മാ...“ ഹസ്ന മോളുടെ വിളി കേട്ടാണ് കണ്ണുമിഴിച്ചത്. അള്ളാ നേരം കുറേയായല്ലോ. നാലുമണിക്ക് സ്കൂള്‍വിട്ട് മോളു വീട്ടിലെത്തി. അബുമോന്‍ ഇനിയും എഴുന്നേറ്റില്ല. മുറ്റത്തു മഴ നിലച്ചിരിക്കുന്നു. നല്ല വെയിലു പരന്നിട്ടുണ്ട്.
വേഗം പായയില്‍ നിന്ന് തട്ടിപിടഞ്ഞെഴുന്നേറ്റു. പുറത്തു പോയി മുഖം കഴുകി വന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാത്തതിന്റെ വിശപ്പ് അല്‍പ്പാല്‍പ്പമായി തലപൊക്കി തുടങ്ങി. മോനെ വിളിച്ചെഴുന്നേല്‍പ്പിച്ചു. അവനും ഒന്നും കഴിക്കാതെയാണല്ലോ ഉറങ്ങിയത്. രണ്ടുപേര്‍ക്കും ചോറു വിളമ്പിക്കൊടുത്തു. താനും കഴിക്കാനിരുന്നു.

“നബീസാ... നബീസാ...“ പുറത്തുനിന്ന് അസിക്കായുടെ വിളി.

എന്തിനാണാവോ. ഇവിടന്ന് കുടിയിരിപ്പിന്റെ ആധാരവും കൊണ്ട് പോയതല്ലേ. ഇപ്പോളെന്താണാവോ ഇത്ര സന്തോഷം. വാരിയ പിടി പാത്രത്തില്‍ തന്നെ വച്ച് അടുക്കളയില്‍ നിന്നെഴുന്നേറ്റ് വേഗം കിഴക്കെപുറത്തെത്തി. തന്റെ പിന്നാലെ ഭക്ഷണം കഴിക്കല്‍ മതിയാക്കി അബുമോനും ഹ്സ്നമോളും ഓടി വന്നു. പുറത്ത് അസിക്ക നില്‍ക്കുന്നു. ഏതായാലും വരവ് നാലുകാലിലല്ല. അത്രയും സമാധാനം.

“നബീസാ നീ അത് നോക്ക്...” റോഡിലേക്ക് ചൂണ്ടികൊണ്ട് അസിക്ക പറഞ്ഞു. അസിക്കായുടെ മുഖം പൂത്തിരികത്തിച്ച പോലെ, ചിരിച്ചുകൊണ്ടേയിരിക്കുന്നു. അസിക്ക അധികം ചിരിക്കാറില്ല. ചിരിക്കാറുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ ആ കാലങ്ങളില്‍.. പിന്നെ പിന്നെ ചിരി എവിടെയൊ മറഞ്ഞു പോയി. വഴക്കിടാനും തന്നെ തല്ലാനും മാത്രമായി ഒരുമിച്ചുകൂടുന്ന സമയങ്ങള്‍.

അതിനിടയില്‍ അസിക്ക റോഡരികിലേക്ക് നടന്നു കഴിഞ്ഞു. അവിടെ ആമിനത്താടെ പറമ്പിലേക്ക് കയറ്റി ഒരു ഓട്ടോറിക്ഷ നിറുത്തിയിട്ടിട്ടുണ്ട്. രണ്ട് മൂന്നു കുട്ടികള്‍ അതിനടുത്തായി നില്‍പ്പുണ്ട്. അസിക്ക ആ വണ്ടിയുടെ അടുത്തേക്കാണ് പോകുന്നത്. ഏതായാലും സന്തോഷത്തോടെ വിളിച്ചതല്ലേ, കുടത്തില്‍ നിന്നു വെള്ളമെടുത്തു കൈ കഴുകി റോഡരികിലേക്ക് നടന്നു.

“എങ്ങനെയുണ്ടെഡീ വണ്ടി” അസിക്കാടെ ചോദ്യം. വണ്ടിയെപറ്റി എന്തിനാ എന്നോട് ചോദിക്കുന്നത്. ഇതു വാങ്ങാനുള്ള പുറപ്പാടാണൊ ആവോ.

“ഇതിപ്പൊ നമ്മളെ വണ്ടി. ഞാനിതു വാങ്ങി.” തന്റെ മറുപടിക്കു കാത്തുനില്‍ക്കാതെ അസിക്ക പറഞ്ഞു.

ഇതിനായിരുന്നോ ആധാരവും പൊക്കി പിടിച്ചു പോയത്. തനിക്കും അല്പം സന്തോഷം തോന്നുന്നു, എന്നാലും ചെറിയ വിഷമവുമില്ലാതില്ല. അസിക്കാടെ കാര്യമാണ്. എന്തിനുള്ള പുറപ്പാടാണാവോ. ഈ സന്തോഷ സമയത്തും തനിക്കുള്ളുതുറന്ന് ആനന്ദിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം വിഷമത്തോടെ മനസ്സിലാക്കിയതപ്പോഴാണ്.


“നീ കേറ്. നമ്മുക്കൊന്ന് കറങ്ങിയിട്ട് വരാം” അസിക്ക മക്കളെ രണ്ടുപേരെയും എടുത്ത് വണ്ടിയില്‍ കയറ്റിയിരുന്നു അപ്പോഴേക്കും.

“ഞാനില്ല ഈ മുഷിഞ്ഞ വേഷത്തില്‍...“ ആദ്യം തന്നെ ഒരു കാര്യം എതിര്‍ത്തു പറയുന്നെന്നോര്‍ക്കാതെ പറഞ്ഞുപോയി.

വണ്ടിയുടെ മുന്‍ഭാഗത്ത് ‘കുട്ടേട്ടന്‍’ എന്ന് ചുവന്ന നിറത്തില്‍ എഴുതിയിരിക്കുന്നു. പതുക്കെ വണ്ടിക്കരികത്തേക്കു ചെന്നു.

“ഈ പേരുമാറ്റണം. മുന്നില്‍ അബുമോനെന്നും പിന്നില്‍ ഹസ്നമോള്‍ എന്നും എഴ്തണം.” ആദ്യമായി സ്വന്തമായ ഒരു വണ്ടി. അതിന് ആദ്യമായി തന്റെ അഭിലാഷം അസിക്കായെ അറിയിച്ചു.

“ങാ. ഇനി കൊറച്ച് പണിയുണ്ട്. പെര്‍മിറ്റ് മാറ്റണം അങ്ങനെ പലതും.” അസിക്കയും സംസാരിച്ചു തുടങ്ങി. എത്ര നാളായി ഇങ്ങനെ തുറന്നു സംസാരിച്ചിട്ട്. ഓര്‍മ്മപോലും മറഞ്ഞുപോയിരിക്കുന്നു.

“നീ വാ... നമ്മുക്ക് ഉമ്മാനെം ഉപ്പാനെം ഒന്ന് കാണാന്‍ പോകാം അതോടൊപ്പം നിന്റെ വീട്ടിലും ഒന്നു കേറാം” അസിക്ക വണ്ടിയില്‍ നിന്നിറങ്ങി. മക്കളേയും കൂട്ടി വീട്ടിലേക്കു നടന്നു.

കുറെകാലങ്ങള്‍ക്കു ശേഷം ബാപ്പയും മക്കളും താനും ഒരുമിച്ചിരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അസിക്കയുടെ ചുണ്ടത്തെ പുഞ്ചിരി അപ്പോഴും മാഞ്ഞിട്ടുണ്ടായിരുന്നില്ല.

12 comments:

Sul | സുല്‍ said...

“കുറെകാലങ്ങള്‍ക്കു ശേഷം ബാപ്പയും മക്കളും താനും ഒരുമിച്ചിരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അസിക്കയുടെ ചുണ്ടത്തെ പുഞ്ചിരി അപ്പോഴും മാഞ്ഞിട്ടുണ്ടായിരുന്നില്ല. “
-സുല്‍

Sul | സുല്‍ said...

കൂട്ടുകാരെ,
"നഫീസയുടെ സ്വകാര്യങ്ങള്‍ 4" ഇവിടെ പോസ്റ്റുന്നു.

-സുല്‍

അഗ്രജന്‍ said...

അസിക്കാന്‍ മനുസന്മാരെ പോലെ കാണുംന്ന് നിരീച്ചതല്ല... എല്ലാ മനുസന്മരുടെ ഉള്ളിലും ഉണ്ട് നന്മ... അത് പുറത്ത് ചാടിച്ചത് നന്നായി :)

ഇനി അസിക്കാനെ വെടക്കാക്കിയാല്‍...! :)

ഏറനാടന്‍ said...

സുല്ലേ കൊള്ളാം. ന്നാലും ഇതിനെന്തേ 'നഫീസയുടെ സ്വകാര്യങ്ങള്‍' എന്നിട്ടതെന്ന്‌ പിടികിട്ടുന്നില്ല.

മഴത്തുള്ളി said...

സുല്ലേ,

തികച്ചും വികാരഭരിതമായ രംഗങ്ങളാണല്ലോ.

പിന്നെ അസിക്കാക്ക് ഒരു ഓട്ടോ വാങ്ങിയതിലുള്ള സന്തോഷം കൊണ്ടുള്ള സ്നേഹമാവണം. ഇനി അങ്ങോട്ടെന്താണെന്ന് കണ്ടറിയാം.

പോരട്ടെ സുല്ലേ അടുത്ത ഭാഗങ്ങളെല്ലാം. :)

എന്റെ ഉപാസന said...

കൊള്ളാമല്ലോ ഇത്ത...
ഇതു റിയല്‍ ആയി സംഭവിച്ചതാണോ.
:)
സുനില്‍

അപ്പു said...

പിന്നേം പുനരാരംഭിച്ചതില്‍ സന്തോഷം സുല്ലേ

Murali Menon (മുരളി മേനോന്‍) said...

ഒരു മനുഷ്യനും ആത്യന്തികമായ് ക്രൂരന്മാരാവുന്നില്ലെന്നൂം ജീവിതം കൂട്ടിമുട്ടിക്കുന്നതിന്റെ വേവലാതികളില്‍ പെട്ട് ഭ്രാന്തുപിടിക്കുകയും, പരാക്രമങ്ങള്‍ കാട്ടുകയും ചെയ്യുന്നു. നാളെയെന്ന സമസ്യക്ക് ഒരു തടയിടാന്‍ കൂടെയുള്ളവരോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ അവസരം കിട്ടുമ്പോള്‍ അവന്‍ പഴയ മനുഷ്യനാവുന്നു, ബീവിയേയും മക്കളേയും സ്നേഹത്തോടെ നോക്കാനും അവരുടെ കൂടെ ഉല്ലസിക്കാനുമുള്ള അവന്റെ തനതായ ഭാവം പുറത്തു വരുന്നു. സത്യം സത്യമായ് പുറത്തേക്കൊഴുകിയിരിക്കുന്നു.... സന്തോഷം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അപ്പഴെങ്ങനാ? സംഭവം ഇങ്ങനെ ശുഭപര്യവസായി ആക്കി ഫുള്‍സ്റ്റോപ്പിടുകല്ലേ. അതോ ഇനി ഒരു രണ്ട് മാസം കഴിഞ്ഞ് അഞ്ചാം ഭാഗോം കാണ്വോ?

ഓടോ: നീലബാക്ക് ഗ്രൌണ്ടിലു നീല അക്ഷരം വായിക്കാനിത്തിരി പാടാണെ...

ഇത്തിരിവെട്ടം said...

സുല്ലേ നന്നായിട്ടുണ്ട്... വരട്ടേ അടുത്ത ഭാഗങ്ങള്‍.

ജാസു said...

ഇന്നാണിത് കാണുന്നത്. എല്ലാ ഭാഗങ്ങളും വായിച്ചു. തുടരൂ..

മന്‍സുര്‍ said...

പ്രിയ സ്നേഹിത

നാം ഏതൊക്കെ രീതിയില്‍ കഥ മെനഞാലും അതിലൊക്കെ മറഞ് കിടക്കുന്ന ഒരു സത്യം ഉണ്ടു....അതു വെറൊന്നുമല്ല....ഒരു യാത്ഥാര്‍ത്യ ജീവിതത്തിന്‍റെ നോവുണര്‍ത്തുന്ന പച്ചയായ സത്യങ്ങള്‍
ഇവിടെയും കേള്‍ക്കാം അത്തരമൊരു തേങ്ങള്‍ ...കണ്ണീര്‍ കണ്ണങ്ങള്‍ ലളിതമായ രചന...അഭിനന്ദങ്ങള്‍

ഓണാശംകള്‍


സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍