Sunday, November 02, 2008

സമന്‍സ്

“കരകാണാ കടലലമേലെ
മോഹപ്പൂങ്കുരുവി പറന്നേ....”

തളിക്കുളം കാര്‍ത്തിക(തിയേറ്റര്‍)യുടെ സൈക്കില്‍ ഷെഡ്ഡില്‍ നിന്നു എന്റെ ഇരുചക്ര വാഹനം പുറത്തെടുക്കുമ്പോഴും ആ ഗാനം എന്റെ ചുണ്ടില്‍ തിരുവാതിര ചവിട്ടുകയായിരുന്നു. ഒരു നല്ല സിനിമ കണ്ട സന്തോഷം. കൂടെ വീട്ടില്‍നിന്നു ആദ്യമായി ഒളിച്ച് സെക്കന്റ് ഷൊ കാണാന്‍ പോയതിന്റെ പരിഭ്രമവും.

കൈതക്കല്‍ പള്ളിയില്‍ ഒരു വയളു*ണ്ടെന്നു പറഞ്ഞിറങ്ങിയതാണ് വീട്ടില്‍ നിന്ന്. കൂടെ കൂട്ടുകാര്‍ സൈഫുവും സക്രുവും(സകരിയ). കാലേകൂട്ടിയുള്ള പ്രോഗ്രാം ഫിക്സ്ചര്‍ അനുസരിച് പള്ളിയിലേക്കു തന്നെയാണ് മൂവരും ഇറങ്ങി തിരിച്ചത്. ഇടക്കു വച്ച് സൈഫുവിനൊരു ബോധോദയം, അല്ലേലും ഇത്തരം ബോധങ്ങളും അവബോധങ്ങളും അവന്റെ മാത്രം സ്വന്തമാണ്, “തളിക്കുളം കാര്‍ത്തികയില്‍ നാടോടിക്കാറ്റ് കളിക്കുന്നു പോയാലൊ?” ഏതായാലും വീട്ടില്‍ നിന്നിറങ്ങി. കഴിഞ്ഞ അഞ്ചു ദിവസം മുടങ്ങാതെ കേട്ടതല്ലെ വയള്. ഇന്നത്തെ വയളു കട്ട് ചെയ്യാം. വയളുകേട്ട് നന്നാവുമായിരുന്നെങ്കില്‍ മൈക് ഓപറേറ്റര്‍ ജലാല്‍ക്ക എന്നേ നന്നായേനെ. നയതന്ത്രപരവും കുടിലതന്ത്രപരവുമായ ചര്‍ച്ചകള്‍ക്കും വഗ്വാദങ്ങല്‍ക്കുമൊടുവില്‍, നാളികേരം വെട്ടുന്നപോലെ, വെട്ടൊന്ന് മുറിരണ്ട് എന്ന കണക്കില്‍ തീരുമാനമായി. വയള് എന്ന മുക്കണ്ണന്‍ മുറി ഒരിടത്തേക്ക് മാറ്റിവച്ച്, സ്വതവേ സിനിമാ ഭ്രാന്തില്ലാത സക്രുവും ഞാനും സമ്മതം മൂളി, വെറുതെ അല്ല, ഫുള്‍ ചെലവ് സൈഫു വഹ. പിന്നെ ഞാനെന്തു കാട്ടാനാ, എന്തു നോക്കാനാ. നേരെ വണ്ടി തളിക്കുളത്തേക്ക് തിരിച്ചു. ഒരു സൈക്കില്‍ 3 പേര്‍. പോകുംപോള്‍‍ ചവിട്ട് എനിക്ക് (സൈക്കിള്‍ ഡ്രൈവര്‍ ഞാന്‍) വരുമ്പോള്‍‍ സൈഫു. തടിയുടെ കാര്യത്തില്‍ ഈര്‍ക്കിലായ സക്രുവിന്, മഹാമനസ്കരും പരമാവധി ഉദാരമതികളുമായ ഞങ്ങളുടെ വക ഫ്രീ ലിഫ്റ്റ്.

ഇനി സൈഫുവിന്റെ ഊഴമാണ് സൈക്കില്‍ ഡ്രൈവിങ്ങ്. ഈ ദേഹത്തെക്കുറിച്ച് കുറച്ചൊന്നുമല്ല ഇണ്ട്രൊഡക്റ്റാന്‍ ഉള്ളത്. സ്കൂളില്‍ പോകും വഴിയിലുള്ള പുളിയും മാങ്ങയും എറിഞ്ഞ് ഞെട്ടരിഞ്ഞുവീഴ്ത്താന്‍ ഒരു പ്രത്യേക പാടവം തന്നെയുണ്ട് കക്ഷിക്ക്. വീഴുന്ന മാങ്ങ മതിലിനപ്പുറമാണെങ്കില്‍ ഇഞ്ചികടിച് ഡാവിഞ്ചിയായി ആശാനോരു നില്‍പ്പുണ്ട്. ചിലപോള്‍ വഴിയിലുള്ള തെങ്ങിന്‍ കരിക്കുകളില്‍ വരെ തന്റെ സ്കിത്സ് ടെസ്റ്റ് ചെയ്യാറുണ്ട്. കരിക്ക് എറിഞ്ഞു വീഴ്താം എന്ന അതിമോഹം കൊണ്ടൊന്നുമല്ല, മാങ്ങയോ പുളിയൊ ഇല്ലതിരിക്കുമ്പോള്‍ ഇത് ആശാന്റെ കൈതരിപ്പിന്റെ പ്രശ്നമാണ്. തന്റെ ട്രേഡ്മാര്‍ക്ക് ആയ തിരിഞ്ഞ പല്ലുകൊണ്ട് ഒരു ഉണത്തേങ്ങ ചകിരി അടര്‍ത്തിയവനാണ് ഒരിക്കല്‍. യവനാണ് യിവന്‍ സൈഫു.

വണ്ടിയുമെടുത്ത് ഞങ്ങള്‍ മൂന്നുപേരും സവാരിഗിരിഗിരി തുടങ്ങി. വാഹനം ആശേരി അമ്പലവും കഴിഞ്ഞ് ഹൈസ്കൂളിനടുത്തെത്തുന്നു. എങ്ങും നിശബ്ദത. ഞങ്ങളെ മൂന്നുപേരേയും വഹിക്കുന്നതിലുള്ള പെഡലിന്റെ എതിര്‍പ്പുകള്‍ “കിയൊ കിയൊ” എന്ന ഭീകര ശബ്ദമായി അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നു. പെട്ടെന്ന് ഒരു പോലീസ് ജീപ്പ് ഞങ്ങളുടെ അടുത്ത് സഡന്‍ ബ്രേക്കിട്ടു. ഞാനൊന്നു കിടുങ്ങിപ്പോയി.

“എവിടേക്കാടാ ഈ പാതിരാത്രീല്?”

ഞങ്ങള്‍ സൈക്കിളില്‍ നിന്ന് ചാടിയിറങ്ങി ഇടിവെട്ട് കൊണ്ടതുപോലെ അവശരും, അശക്തരും ആലമ്പഹീനരും അലവലാതികളുമായി നിന്നു. ആദ്യമായി ഒരു കള്ളത്തരം ചെയ്തതാ, അതിപ്പൊ പൊല്ലാപ്പായൊ അള്ളാ. എന്നെയെങ്ങാനും പോലീസ് പിടിച്ചുകൊണ്ടുപോയാല്‍, അത് ആലോചിക്കാന്‍ മൈ ബ്രൈന്‍ ഈസ് നൊട്ട് കോണ്‍ഫിഗേര്‍ഡ്. ഏതു കള്ളന്മാരെ പിടിക്കന്‍ വന്നവരാണൊ ഇവര്‍. ഇനി അവരെ കിട്ടാത്തതിന് ഞങ്ങളെയെങ്ങാനും.... എന്നാല്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. കൈതക്കല്‍ പോയ ഞങ്ങളെങിനെ തളിക്കുളത്തെത്തി?, വീട്ടുകാര്‍ ചോദിച്ചാല്‍, എല്ലാകള്ളവും ഒന്നിച്ചു പൊളിയുമല്ലോ റബ്ബെ. ഇത്യാദി ചിന്തകളാല്‍ വിവശനും, വായും തൊണ്ടയും വേനല്‍ക്കാലത്തെ ഭാരതപുഴപോലെ വറ്റിയവനും, നാവ് അതിന്റെ സര്‍വ്വീസ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് കട്ടപ്പുറം കേറിയവനും, വന്നുനില്‍ക്കുന്ന ജീപ്പിന്റെ ഹെഡ് ലൈറ്റ് പോലെ കണ്ണുന്തിയവനും, സര്‍വ്വോപരി മറ്റുള്ളവര്‍ കണ്ടാല്‍ ബോധം മറയും വിധം സുന്ദരനുമായി ഞാന്‍ നിലകൊണ്ടു.

“ഞങ്ങള്‍ കാര്‍ത്തികേന്ന് വരാ സാറെ” സൈഫുവിന്റെ ശബ്ദം.
“ഇവിടെ വാടാ” - സൈഫു ആദ്യം, ഞങ്ങള്‍ പിമ്പെ.
“ഒരു സൈക്കിളില്‍ 3 പേരെയുള്ളു, വേറാരെം കിട്ടീലെഡാ”
മൌനത്തെ വായിലിട്ട് അമ്മാനമാടികൊണ്ട് ഞങ്ങള്‍ വിദ്ധ്വാന്മാരായി നിന്നു.
“എന്തെഡാ നിന്റെ പേര്?” ചോദ്യം സൈഫുവിനോട്. അവനല്ലേ ചവിട്ടുകാരന്‍, തൊഴിയും അവനുതന്നെ ഇരിക്കട്ടെ!
“കോയാസ്സന്‍” അവന്റെ പുതിയനാമധേയം കേട്ട് ഞങ്ങളൊന്നു പരുങ്ങി.
“അഡ്രസ്സ്”
“പണിക്കവീട്ടില്‍, സാ‍ല്‍മിപടി, തളിക്കുളം” അഡ്രസ്സ് പൂര്‍ത്തിയായി.
“പി സി ആകാറ്റഴിചുവിട്ടോ, നാളെ സ്റ്റേഷനില്‍ വാ മൂന്നുപേരും” ജീപ്പ് നീങ്ങി.

തല്‍ക്കുമുകളിലൂടെ പറന്നു കളിച്ചിരുന്ന എന്റെ പാതിജീവന്‍ സ്വകായ പ്രവേശം നടത്തി. ശാസൊച്ച്വാസം പതുക്കെ പഴയതുപോലെ. ഇനി എമര്‍ജന്‍സി ഓക്സിജന്‍ സെറ്റപ് എടുത്തുമാറ്റാം. 100 നും 110 നും ഇടയില്‍ ഓടികളിച്ചിരുന്ന ഹാര്‍ട്ട് സെന്‍സെക്സ് 72-75 ലേക്ക് കൂപ്പുകുത്തി. തന്നിഷ്ടപ്രകാരം നടത്തിവന്ന പ്രഭാതഭേരി യാതൊരുമുന്നറിയിപ്പും കൂടാതെ ഹൃദയം നിര്‍ത്തിവച്ചു. ഞാനിപ്പോള്‍ ലോലഹൃദയന്‍, മിസ്റ്റര്‍ ലോലന്‍.

കാറ്റില്ലാത്ത സൈക്കിളും തള്ളി രാജപാതയില്‍നിന്ന് പതുക്കെ ഉള്‍വഴിയിലേക്ക് ഉള്‍വലിഞ്ഞു. ഇനി മറ്റുവല്ല ഏമാന്മാരും കണ്ടാലോ. ഒരു ചിന്ന കുഴിയില്‍ വീണ് ചിന്നതായി കാലുളുക്കിയതൊഴിച്ചാല്‍ ഒരു പോറല്പോലും ഏല്‍ക്കാതെ ഞാന്‍ വീട്ടിലെത്തി.

രംഗം 2
സ്ഥലം - സാല്‍മിപടി, മാധവേട്ടന്റെ ചായക്കട പരിസരം.
സമയം - 5 മണിയോടടുത്തിരിക്കുന്നു.

കടയുടെ മുന്നില്‍ സ്ഥിരം ചീട്ട് കളി ഗാങ്ങ് അവരുടെ പരിപാടികളില്‍ വ്യാപൃതര്‍.
ഒരു പോലീസ് ജീപ് കടയുടെ മുന്നില്‍ ലാന്റ് ചെയ്യുന്നു.

ചീട്ടുകളി ഇന്റര്‍നാഷനല്‍ ക്രൈമുകളുടെ പട്ടികയില്‍ എണ്ണപ്പെടുന്നതിനാലും, ഏമാനുകൊടുക്കാന്‍ സ്വന്തം കയ്യില്‍ പൂത്തകായില്ലാ‍ത്തതിനാലും, ചീട്ടുകളിക്കാര്‍ ഒരാളൊഴികെ മറ്റെല്ലാരും ചാടി എഴുന്നേറ്റ് മുഖത്ത് ഭവ്യത എന്ന ക്ണാപ് ഫിറ്റ് ചെയ്ത് വളഞ്ഞ് മടങ്ങി ഒടിഞ്ഞ് തളര്‍ന്ന് അറ്റന്‍ഷനായി നിന്നു.

രണ്ടേമാന്മാരും അവരുടെ നാല് ബൂട്ടുകളും ജീപ്പിനു പുറത്തേക്ക് “ആരാ ഇവിടെ കോയാസ്സന്‍?” ഏമാന്‍ ഒന്നിന്റെ ചോദ്യം.

കളിക്കാരുടെയും കണ്ടു നിന്നവരുടേയും മുഖത്ത് ഉത്കണ്‍ട, ഉല്പ്രേക്ഷ, അത്ഭുതം എന്നീ ഭാവഹാവാദികളുടെ തിരയേറ്റം, വേലിയേറ്റം, മതിലേറ്റം.

“ആ ഇരിക്കുന്നവനാ സാറെ” ചീട്ടുകളിക്കാരില്‍ എഴുന്നേല്‍ക്കാതിരുന്ന ആളെചൂണ്ടി കരിപ്പിടി കണാരന്‍.

ഇനി ഇരിക്കുന്നതാരെന്നു പറയാം, ഇത് ഒറിജിനല്‍ കോയാസ്സന്‍, പണിക്കവീട്ടില്‍, സാല്‍മി പടി, തളിക്കുളം.

“എന്താകാര്യം സാറെ?” കോയാസ്സന്‍ ഇരുന്നുകൊണ്ട്.

“നിനക്കൊരു സമന്‍സ് ഉണ്ട്’

“സമന്‍സോ? എനിക്കോ?” കോയാസ്സന്റെ കൈകള്‍ പതുക്കെ തന്റെ കാലിനരുകിലേക്കു നീങ്ങി. പുള്ളീ എഴുന്നേല്‍ക്കാനുള്ള ഭാവമില്ല. കണ്ടുനിന്നവര്‍ ഇന്ദ്രന്‍സിനെ മനസ്സില്‍ ധ്യാനിച്ച്, അവരുടെ കഴുത്തുകള്‍ 1, 1 1/2 ഇഞ്ചുകള്‍ വലിച്ചു നീട്ടി കോയാസ്സനില്‍ ദൃഷ്ടികള്‍ ഉറ്പ്പിച്ചു.

“എന്താ സമന്‍സ് സാറെ” കോയാസ്സന്‍ വിവരം മുഴുവന്‍ അറിഞ്ഞേ അടങ്ങൂ എന്ന ഭാവം. ഇതിനിടയില്‍ കോയാസ്സന്റെ കൈകളില്‍ കറുത്ത് തിളങ്ങുന്ന എന്തൊ ഒന്ന്.

“ഈ മാസം 10നു രാത്രി 12 മണിക്ക് തളിക്കുളം ഭാഗത്ത്‌വച്ച് രണ്ട് പേരെ ലോഡ് വച്ച് സൈക്കിളില്‍ പോയതിനുള്ളതാണ്”. ഏമാന്‍ ഒരു മര്യാദാ പുരുഷോത്തമ കൈമള്‍ തന്നെ. അല്ലേല്‍ കണ്ണീല്‍ കണ്ട തെറിയെല്ലാം വിളിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരം പാഴാക്കുമൊ.

കൂടി നില്‍ക്കുന്നവര്‍ ചിരിയടക്കാന്‍ പാടു പെടുന്നു. ഏമാന്റെ മുന്നിലെങ്ങനെ....

ഇതിനിടയില്‍ കോയാസ്സന്‍ കറുത്ത വസ്തു കൈകളില്‍ തിരുകി, കൈകള്‍ മണ്ണില് കുത്തി മുട്ടിലിഴഞ്ഞ് ഏമാന്റെ അടുത്തു വന്നു മുട്ടുകാലേല്‍ നിന്നു.

“ഞാനോ സൈക്കിളിലോ? അതും രണ്ടുപേരെവെച്ച്”.

കോയാസ്സ തിരുദര്‍ശനത്താല്‍ സായൂജ്യമടഞ്ഞ കേരളാ പോലീസ് ഏമാന്‍സ് കൂടുതല്‍ ക്വസ്റ്റ്യന്‍ ആന്‍സേര്‍സിനു പഴുതു കൊടുക്കാതെ കിട്ടിയ വേഗത്തില്‍ ജീപ്പ് വിട്ടു പോയി എന്നത് പരമാര്‍ത്ഥം. വിഗലാംഗനായ കോയാസ്സന്റെ മുച്ചക്ര വാഹനം ഇതിനെല്ലാം സാക്ഷിയായി മാധവേട്ടന്റെ ചായക്കടക്കുമുന്നില്‍ മിണ്ടാതെ അനങ്ങാതെ കിടന്നു.

-------------------
*വയള് = മുസ്ലിം മതപ്രസംഗം

Monday, June 30, 2008

പ്രസവാവധി


പുരുഷനു പ്രസവാവധി കിട്ടുമോ?

പുരുഷന്‍ പ്രസവിക്കത്തിടത്തോളം അതെല്ലാം പകല്‍ക്കിനാവുകള്‍ മാത്രമാവാനാണു സാധ്യത. എന്തായാലും എനിക്കൊരു പ്രസവാവധി കിട്ടി. അതും 'ജോലി കിട്ടിയിട്ടുവേണം കൂലിയൊന്നുമില്ലാത്ത ഒരു ലീവെടുക്കാന്‍' എന്നപോലെ, ഇപ്പോഴുള്ള ജോലിയില്‍ കയറി മൂന്നുമാസമാവുന്നതിനു മുന്‍പേ.

ഇത്രനാളും കൂടെയുണ്ടായിരുന്ന പ്രാണനാഥന്‍ തന്നെ ഒറ്റക്കാക്കി സ്ഥലം കാലിയാക്കുമ്പോള്‍, ബോറടിക്കാതിരിക്കാനും, സുല്ലി, ആലോചനാനിമഗ്നയും അതോടൊപ്പം വിഷദത്തിന്റെ പടുകുഴിയിലേക്ക്‌ കൂപ്പു കുത്താതിരിക്കുന്നതിനുമായി, നല്ലൊരു താങ്ങും തണലുമായി, ഓര്‍മ്മിക്കാന്‍ ഒരുപിടി നല്ലനാളുകളും ഓമനിക്കാന്‍ ഉദരത്തില്‍ ഒരു ഉണ്ണിവാവയെയും നല്‍കിയിട്ടാണ്‌ ഈ പ്രവാസി പ്രയാസിയായത്‌. ആകെക്കൂട്ടി മൊത്തം കലക്കിക്കൂട്ടി പറഞ്ഞാല്‍ ഉണ്ണിപിറക്കുന്നത്‌ കാണാന്‍ നില്‍ക്കാതെ ഉണ്ണാനുള്ള വകതേടി പരക്കം പായെണ്ടി വന്നു എന്നു ചുരുക്കം.

ദൈവ കൃപ ഒന്നുകൊണ്ടു മാത്രം, ഇവിടെ വന്നു ഒരു മാസം തികയുന്നതിനു മുന്‍പേ ഒരു ജൊലി തരമായി. ദുബായില്‍ ജോലി തിരയുംബോഴും മനം ഏറെ ദൂരെ, ഭൂമിയിലേക്ക്‌ ടിക്കറ്റ്റ്റെടുത്ത്‌ ബാപ്പയേയും ഉമ്മയേയും ഇത്താനേയും കാണാന്‍ കണ്ണില്‍ കിനാക്കള്‍ നിറച്ച്‌ കാത്തിരിക്കുന്ന, ഉണ്ണിയുടെ ആദ്യ രോദനം ശ്രവിക്കനുള്ള ഒരുക്കങ്ങളിലായിരുന്നു.

ജോയിന്‍ ചെയ്ത്‌ മൂന്നു മാസമാവുമ്പോഴേക്കും എങ്ങനെ ലീവ്‌ ചോദിക്കുമെന്നു ചിന്തിക്കുംബോഴാണു, രോഗി ഇച്ചിച്ചതും വൈദ്യന്‍ ഇച്ചിച്ചതും പാലെന്നപോലെ, നാട്ടില്‍ അനിയന്റെ കല്യാണം ശരിയായത്‌. ഇനി ഏതായാലും പോവാതിരിക്കാന്‍ നിവൃത്തിയില്ല. എം ഡി യോടു ചോദിക്കുകതന്നെ. ജൂണ്‍ 20 നു അനിയന്റെ കല്യാണം, 28 നു ഡോക്ടര്‍ പരഞ്ഞ ഡേറ്റ്‌, അപ്പോള്‍ 10 ദിവസത്തെ ലീവില്‍ എല്ലം ഒതുക്കാം എന്ന വ്യമോഹം പൊട്ടിത്തൂളിയ അപ്പൂപ്പന്താടി കണക്കെ എന്നില്‍ നിറഞ്ഞു. പോയാലൊരു വാക്ക്‌... കിട്ടിയാലൊരാന എന്ന കണക്കേ ഞാന്‍ എം ഡി യോട്‌ 10 ദിവസത്തേക്ക്‌ അവധി ചോദിച്ചു. പ്രസവ കേസല്ലെ, ചെറിയ ചെക്കനല്ലേ, പൊയ്ക്കോട്ടെ, കണ്ടൊട്ടെ, കരച്ചിലു കേട്ടോട്ടെ എന്നു കരുതി കരുണാവാരിധിയായ എം ഡി പത്ത്‌ ദിവസം ലീവ്‌ കനിഞ്ഞരുളി.

ഇടിവെട്ടിയാല്‍ പിന്നെ പാമ്പു കടിക്കാതെ പോവുന്നതു പാമ്പിനു നാണക്കേടല്ലെ. അനിയന്റെ കല്യാണം നിശ്ചയിച്ചതിനും ഒരാഴ്ച മുമ്പ്‌ ജൂണ്‍ 12 ആം തിയതിയിലേക്കാക്കികൊണ്ടുള്ള കുറിമാനം കടലു കടന്നു വന്നു. അപ്പോള്‍ കല്യാണത്തില്‍ കൂടണമെങ്കില്‍ 11ആം തിയതി രാത്രിയെങ്കിലും ഇവിടന്നു മുങ്ങണം, പിന്നെ 29 നു വന്നു ജോയിന്‍ ചെയ്യണം, അവധി
കൂട്ടാനായി വീണ്ടും എം ഡി തന്നെ ശരണം, ഏതായാലും 17 ദിവസത്തെ പരോള്‍ അനുവദിച്ചുകൊണ്ടുത്തരവായി. അങ്ങനെ 11 നു രാവിലെ ഞാന്‍ നെടുംബാശ്ശേരിയിലെത്തി. 12 നു കല്യാണവും കൂടി. 29 നുള്ള റിട്ടേണ്‍ ടിക്കറ്റും ബുക്ക്‌ ചെയ്തു സീറ്റ്‌ ഉറപ്പാക്കി. അല്ലെങ്കില്‍ പണിപോകുന്ന കാര്യമാണെ.

ഇനി 27 ഓ 28 ഓ എന്ന ഒരു സന്ദേഹം മാത്രം. ഉണ്ണിയൊന്നു വരാന്‍, ഒരു നോക്കു കാണാന്‍, ഒരു വാക്കു മിണ്ടാന്‍. ആകാംക്ഷയോടെ കാത്തിരുന്ന നാളുകള്‍. ഡോക്റ്ററുടെ അഭിപ്രായത്തില്‍ 27നു മുന്‍പെ ആവാനാണു സാധ്യത. എന്തായാലും 28 ആണു ഡേറ്റ്‌.

27 ആം തിയതി ആശുപത്രിയില്‍ പോയി. കൂടെ കെട്ടും കിടക്കയും. പോക്കുകണ്ടാല്‍ തോന്നും അവിടെ സ്ഥിര താമസമാക്കാനാണെന്ന്. പിന്നെ എന്റെ ഉണ്ണി ഒരു ദിവസം മുന്‍പിങ്ങു വന്നു കിട്ടിയാല്‍ എനിക്ക്‌ അത്രയും നേരമധികം കാണാമല്ലോ. ഇതൊക്കെ ആ ഡാക്കിട്ടര്‍ സാറിനു മനസ്സിലാവുമോ. "പെയിനൊന്നുമില്ല, ആയിട്ടില്ല, നാളെ വരൂ.... " ഡാക്കിട്ടര്‍ ഞങ്ങളെ നിഷ്കുരണം ഇറക്കിവിട്ടു. 28നും കഥ ഇതു തന്നെ. അട്മിറ്റാക്കാമെന്നു പറഞ്ഞിട്ടു കൂടി ദാക്കിട്ടര്‍ സാര്‍ സമ്മതിച്ചില്ല.

ഉണ്ണിയെ കാണാമെന്നുള്ള മൊഹമെല്ലാം കൊഴിഞ്ഞു തുടങ്ങി. മേലേന്നുള്ള വിളികള്‍ മുറക്കു വരുന്നുണ്ട്‌. 29 നു തന്നെ ജോയിന്‍ ചെയ്യണം എന്നാണു തിട്ടൂരം. ടിക്കറ്റ്‌ ഒന്നോ രണ്ടോ ദിവസത്തേക്ക്‌ നീട്ടുവാനുള്ള ആലോചനയും ആവഴിക്കു നടന്നില്ല. അവസാനം 29 നു രാവിലെ പെട്ടീം പ്രമാണവുമായി വീണ്ടും ദുബായിലേക്കു തിരിച്ചു, നിറവയറുമായൊരുത്തിയെ നിറകണ്ണുകളോടെ തനിച്ചാക്കി....

ജൂണ്‍ 30 നു ജോലിയില്‍ ജോയിന്‍ ചെയ്തു. കുല്ലും പതിവുപോലെതന്നെ. ജോലികഴിയുന്നതുവരെ ഉണ്ണിവന്ന അറിയിപ്പൊന്നും വന്നില്ല. കാത്തിരിപ്പിന്റെയെല്ലാം അവസാനമെന്നോണം 30 നു രാത്രി എട്ടരയോടടുപ്പിച്ച്‌ നാട്ടില്‍ നിന്നു ആ നല്ലവാര്‍ത്ത ശ്രവിക്കാനായി. ബാപ്പയെക്കാണാന്‍ ഓടിവരാതിരുന്ന മോളുടെ വരവിനെക്കുറിച്ച്‌. സുഖ പ്രസവം. ഉമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഇന്നു ജൂണ്‍ 30 - അനുവിന്റെ 4 ആം പിറന്നാള്‍.

Tuesday, June 10, 2008

അന്തമാനിക്ക

അവധിക്ക് നാട്ടിലെത്തിയപ്പോള്‍, ഇല്ലാത്ത സമയമുണ്ടാക്കി വീടിനടുത്തുള്ള റോഡുകളിലൂടെയും ഇടവഴികളിലൂടെയും ചുറ്റി നടന്ന് നാട്ടുകാരേയും കൂട്ടുകാരേയും കണ്ട് അവിടുത്തെ വിശേഷങ്ങളെല്ലാം അപ്ഡേറ്റ് ചെയ്യുകയായിരുന്നു. പണ്ടവിടെ കണ്ട കൊച്ചുങ്ങള്‍ക്കെല്ലാം കൊച്ചുങ്ങളായോ എന്നറിയാനുള്ള കൌതുകവും.

“എല്ലാരും ഗള്‍ഫീ പോയാല്‍ നന്നാവാ ചെയ്യ. നീ ഇതെന്തെ പോയപോലെ തന്നെ?” നാല് ആടുകളേം കൊണ്ട് പാടത്ത് കെട്ടാന്‍ പോകുന്ന സരസൂന്റെ കുശലാന്വേഷണം.

“തടിയിത്രയൊക്കെ പോരെ. എല്ലാം കണ്ട്രോളിലാ സരസൂ”

“നിന്റെ പിശുക്കൊന്നും ഇപ്പൊഴും മാറിലല്ലേ. ഒര് കണ്ട്രോള്. എന്റെ മിഠായിം കിട്ടീല.“

“മിഠായി നിന്റെ വീട്ടികൊണ്ടന്ന് തന്നാല്‍ നിന്റെ കെട്ട്യോനെന്ത് വിചാരിക്കും. വീട്ടിലുണ്ട്. സുല്ലി തരും”

“ആ പെണ്ണിനും കുട്ട്യോള്‍ക്കും എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നുണ്ടാവൊ. നിന്റെ ഒടുക്കത്തെ പിശുക്ക്. വീട്ടിവരുമ്പോള്‍ ഞാന്‍ ചോദിക്കുന്നുണ്ട്”

“ഇന്നത്തെ കാലത്ത് ഗള്‍ഫീ ജീവിക്കാന്‍ ഒരു വിധം പിശുക്കൊന്നും പോരെന്റെ സരസൂ. അതൊക്കെ പറഞ്ഞിട്ടെന്താകാര്യം.”

“പിന്നെ പിന്നേ.. പോട മോനേ. ഈ സരസൂം കണ്ടിട്ട്ണ്ടേ കൊറെ ഗള്‍ഫ് കാരെ.” സരസു ആടുകളേയും കൊണ്ട് പാടത്തേക്കിറങ്ങിപ്പോയി.

“ങാ മോനെന്ന് വന്ന്..” മുഷിഞ്ഞ വേഷം ധരിച്ച വൃദ്ധനായ ഒരാള്‍ നടന്നടുത്തു. കക്ഷത്തില്‍ ഒരു പൊതിയുണ്ട്. മുഖത്ത് വാര്‍ദ്ധക്യത്തിന്റെ കരവിരുതുകള്‍. മുറുക്കാന്‍ കറ പുരണ്ട പല്ലുകള്‍ പലതും കാണാനില്ല. അന്തമാനിക്ക. കുറച്ചുകൂടി കുനിഞ്ഞിട്ടുണ്ട് മുതുക്.

“ഞാന്‍ വന്നെട്ടൊരാഴ്ചായിക്കാ”

“യ്യി ഇങ്ക്ട് വന്നേ. ഒരു ചായ വേടിച്ചന്നേ.” കൂടുതല്‍ വര്‍ത്തമാനത്തിനു നില്‍ക്കാതെ എന്റെ കയ്യും പിടിച്ച് അന്തമാന്ക്ക ഇബ്രാഹിംക്കയുടെ ചായപ്പീടികയിലേക്ക് നടന്നു.

എനിക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ ഞാന്‍ ഇബ്രാംഹിംക്കായുടെ ചായക്കട അവിടെ കാണുന്നുണ്ട്. അവിടെ പലരും വന്നിരിക്കുന്നതും ചായകുടിക്കുന്നതും പത്രം വായിക്കുന്നതും ഓത്തുപള്ളീല്‍ പോകുമ്പോഴുള്ള സ്ഥിരം കാഴ്ചയാണ്. എങ്കിലും ഇത്രകാലം ഞാന്‍ അവിടെ കയറിയിട്ടില്ലായിരുന്നു. വീടിനടുത്തുള്ള ചായക്കടയില്‍ കയറി ചായകുടിക്കാന്‍ എനിക്കെന്താ വട്ടുണ്ടോ? വീട്ടില്‍ ചോദിച്ചാല്‍ നല്ല അസ്സല് ചായ ഉമ്മ ഉണ്ടാക്കിത്തരും. ഹല്ല പിന്നെ. ഉമ്മയുണ്ടാക്കുന്ന ചായ, അതൊരു ഒന്നൊന്നര തന്നെയാണേ. രണ്ടുമൂന്ന് ദിവസം ഭക്ഷണം കിട്ടിയില്ലേലും വേണ്ടില്ല നാലഞ്ച് ചായയില്ലാതെ ഒരു ദിവസം തള്ളിനീക്കാന്‍ ഉമ്മാക്ക് വല്യ ബുദ്ധിമുട്ടാണ്. ലഞ്ചായാലും സപ്പറായാലും സൂപ്പറായ ഒരു ചായ ഇല്ലാത്ത ഊണ് ഉമ്മാക്ക് ചിന്തിക്കാനേ വയ്യ. അതു വേറെ കഥ.

ഓത്തുപള്ളിയില്‍ പോകുമ്പോഴാണ് ഞങ്ങള്‍ അന്തമാനിക്കയെ സ്ഥിരമായി കാണാറ്. എപ്പോഴും പുഞ്ചിരിക്കുന്ന മുഖമാണ് അന്തമാനിക്കാക്ക്. കുറച്ചു തടിച്ചിട്ടാണെങ്കിലും അധികം ഉയരമില്ല. എന്നു കാണുമ്പോഴും തല മൊട്ടയായിരിക്കും. കക്ഷത്ത് എപ്പോഴും എന്തെങ്കിലും ചുരുട്ടി വച്ചിരിക്കും, ഒരു തോര്‍ത്തുമുണ്ടോ ഒരു പഴയ മുണ്ടോ മറ്റോ. ഒരിക്കല്‍ ഞങ്ങള്‍ ചോദിച്ചു എന്തിനാണീ മുണ്ടും കക്ഷത്തു വച്ചു നടക്കുന്നതെന്ന്.

“ഹറാമ്പെറൊന്നോമ്മാര്. എപ്പളാ തുണിം ഉരിഞ്ഞ് ഓടാന്നറിയൊ. ഇട്ത്തതുണിപോയാ മാറ്റിയെട്ക്കാനാ ഇത്” അന്തമാനിക്കയുടെ തുണി ഇതുവരെ ആരും ഉരിഞ്ഞോടിയതായി തളിക്കുളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ എഴുതപ്പെട്ടിട്ടില്ല.

കുട്ടികള്‍ അന്തമാനിക്കയെ കാണുമ്പോള്‍ പാടുന്ന ഒരു പാട്ടും ഉണ്ട്.

“അന്തമാനുറക്കത്തില്‍ കുന്തം വിഴുങ്ങീ
അന്തിക്ക് പാടത്തൂടെ അന്തംവിട്ടോടീ.
അങ്ങേലെ പാത്തുമ്മാത്ത നെലവിളിച്ചേ
കേട്ടതും നാട്ടാരെല്ലാം പിന്നാലെ പാഞ്ഞേ...“

ഇത് അന്തമാനിക്ക അടുത്തുള്ളപ്പോള്‍ ആരും പാടാറില്ല. അന്തമാനിക്കയുടെ കല്ലേറ് എത്തേണ്ടിടത്തു തന്നെ എത്തുമെന്ന് എല്ലാര്‍ക്കുമറിയാം. ഈ പാട്ടാരെങ്കിലും പാടിയാല്‍ പിന്നെ ഓടെടാ ഓട്ടമാണ് എല്ലാവരും കൂടെ. പിന്നാലെ കല്ലുമായി അന്തമാനിക്കയും.

-------------

കൂലി, “ചെലവ് കഴിച്ച് കഞ്ഞി“ മതി എന്നതിനാല്‍ ഹാജ്യാരടവിടുത്തെ പുറം ജോലികളെല്ലാം ചെയ്തു പോന്നിരുന്നത് അന്തമാനിക്കയാണ്. തെങ്ങുകയറ്റ സമയത്ത് തേങ്ങയും ഓലയും പെറുക്കിക്കൂട്ടല്‍ മുതലായവ. ഒരിക്കല്‍ ഹാജ്യാരുടെ കടപ്പുറത്തെ പറമ്പിലെ നാളികേരം തള്ളുവണ്ടിയില്‍ നിറച്ച് വീട്ടില്‍ കൊണ്ടു വരികയായിരുന്നു അന്തമാനിക്ക. ഒരാളെക്കൊണ്ട് നിയന്ത്രിക്കാവുന്നതിലധികം ഭാരവും കയറ്റി വച്ചിട്ടുണ്ട്. റോഡില്‍ നിന്ന് വീട്ടിലേക്കുള്ള ഇറക്കത്തില്‍ വെച്ചാണ് അന്തമാനിക്ക ആ കാഴ്ക കാണുന്നത്, ഹാജ്യാര്ടെ മോന് കല്യാണം കഴിഞ്ഞ വകയില്‍ കിട്ടിയ ചുവന്ന മാരുതി കാറ് കാര്‍പോര്‍ച്ചില്‍ കിടക്കുന്നത്. വഴി സിമന്റിട്ട് ഉറപ്പിച്ചിട്ടുള്ളതിനാലും രണ്ടുവശവും പൂചെട്ടികള്‍ നിരന്നിരിക്കുന്നതിനാലും വണ്ടി മറ്റൊരിടത്തേക്ക് തിരിക്കാനും കഴിഞ്ഞില്ല.

“ഹാജ്യാരേ കാറ്മാറ്റിക്കാ... ഹാജ്യാരേ കാറ്മാറ്റിക്കാ...” ഇറക്കം ഇറങ്ങുന്നതനുസരിച്ച് വേഗം കൂടി കൊണ്ടിരിക്കുന്ന തള്ളുവണ്ടി വലിച്ചു നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ അന്തമാനിക്ക വിളിച്ചു പറഞ്ഞു. ഈ കൂക്കി വിളികേട്ട് ഹാജ്യാര് പുറത്തേക്കോടി വന്നു. ശൂലം വിട്ട പോലെ ഓടി വരുന്ന അന്തമാനിക്കയേയും തള്ളുവണ്ടിയും കണ്ട് ഹാജ്യാര്‍ മറ്റൊന്നും ആലോചിക്കാതെ ഓടിച്ചെന്ന് തള്ളുവണ്ടിയില്‍ പിടുത്തമിട്ടു.

പിടിച്ചതേ ഹാജ്യാര്‍ക്ക് ഓര്‍മ്മയുണ്ടായുള്ളു. താഴെക്കിടന്ന് തലപ്പൊക്കി നോക്കുമ്പോള്‍ തള്ളുവണ്ടി നൂറെ നൂറില്‍ പാഞ്ഞ് മോന്റെ മാരുതീന്റെ മൂട്ടിലിട്ടിടിക്കുന്നതാണ് കേട്ടത്. “ടമാര്‍” എന്ന ഒച്ചകേട്ട് പുറത്തെത്തിയ ഹാജ്യാരെ മോന്‍ കണ്ടത് മാരുതീന്റെ ഡിക്കി പപ്പട പരുവമായിരിക്കുന്നതായിരിന്നു.

“ഹിമാറെ, നിനക്ക് കണ്ണും കണ്ടൂടെ.“ മുണ്ടും കൂട്ടിപ്പിടിച്ച് ഓടിവന്ന ഹാജ്യാരുടെ ചോദ്യവും അടിയും ഒന്നിച്ചായിരുന്നു.

“ങ്ങളോട് കാറ് മാറ്റിക്കോളാമ്പറഞ്ഞില്ലേ. ഈ ഉന്തുംവണ്ടിക്ക് ബ്രേക്കില്ലാന്ന് ഇങ്ങക്കറിഞ്ഞൂടെ?” ഇത്രയും പറഞ്ഞ് ചെയ്ത പണിക്ക് കൂലിയും വാങ്ങാതെ തലയില്‍ തോളിലിട്ടിരുന്ന തോര്‍ത്തെടുത്ത് കക്ഷത്തു വച്ച് അന്തമാനിക്ക തിരിച്ചു നടന്നു. പിന്നെ കുറെക്കാലത്തേക്ക് അന്തമാനിക്ക ഹാജ്യാരുടെ വീട്ടില്‍ പോവാറില്ലായിരുന്നു.

---------

തളിക്കുളം സിറ്റിയിലെ പേരുകേട്ട ഒരു സ്താപനമാണ് സഹദേവന്‍ ചേട്ടന്റെ മൈത്രീ ടീസ്റ്റാള്‍. ചന്തയില്‍ വരുന്നവര്‍ക്ക് ഒരു ചായകുടിക്കണമെങ്കിലോ ഒരു ബോണ്ട കഴിക്കണമെങ്കിലോ മൈത്രീ ടീസ്റ്റാള്‍ അല്ലാതെ മറ്റൊരു സ്താപനമില്ലവിടെ. അവിടെയുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് ചായ എത്തിക്കുന്നതിനായി അന്തമാനിക്കയും മൈത്രീ ടീസ്റ്റാളിലെ സ്റ്റാഫ് ആയിരുന്നു.

ഒരിക്കല്‍ റോഡിനപ്പുറമുള്ള ആനന്ദ് ടൈലേര്‍സിലേക്ക് ആറു ചായയും കൊണ്ട് പോയ അന്തമാനിക്ക പോയതിലും വേഗം തിരിച്ചു വന്ന് പുതിയ ആറുചായയും തൂക്കി പോകുന്നത് കണ്ടപ്പോള്‍ സഹദേവേട്ടന്‍ ചോദിച്ചു.

“ഇപ്പൊകൊണ്ടോയ ആറെണ്ണത്തിന്റെ പൈസയെവടെ?”

“അതിനു പൈസയൊന്നും കിട്ടീല”

“അതെന്തേ?”

“അത് ഒരുകാറ് വന്ന് ഹോണടിച്ചപ്പോള്‍ ചാടിയപ്പോള്‍ ആറു ഗ്ലാസ്സും റോഡില് വീണ് പൊട്ടിപ്പോയി”

“ങേ.. എങ്ങനെ?” സഹദേവേട്ടന്‍ നെഞ്ചത്ത് കൈ വച്ചു കൊണ്ട് ചോദിച്ചു.

“ഇങ്ങനെ” അന്തമാനിക്ക കയ്യിലുണ്ടായിരുന്ന ആറു ഗ്ലാസ്സുകളും നിലത്തിട്ട് ലൈവ് ഡെമോ കാണിച്ചു കൊടുത്തു സഹദേവേട്ടന്.

------------------

ഇബ്രാഹിംക്കാടെ കടയില്‍ നിന്ന് ചായയും പുട്ടും കഴിച്ച് ഇറങ്ങിയപ്പോള്‍ അന്തമാനിക്കയുടെ കയ്യില്‍ കുറച്ചു പൈസ കൂടി വച്ചു കൊടുത്തു. ആ ചുളിവു വീണ മുഖത്ത് ഇപ്പൊഴും പഴയ പുഞ്ചിരിയുണ്ടായിരുന്നു.

Monday, March 31, 2008

ഒന്നാമന്‍

“ഉമ്മാ.... ചോറെടുത്താ... ചായെവടെ?... ഇന്നും പൂട്ടാ.... അള്ളാ കൂട്ടാനുണ്ടാക്കീലേ ഇതേവരെ....“

“ഈ പയറൊന്ന് കുത്തിക്കാച്ചീറ്റ് ഇപ്പൊത്തരാം മോനെ... നീ അപ്പൊള്‍ക്കും ചായ കുടിക്ക്...“

“നോക്യൊമ്മാ.. ഇനി എപ്പളണ്. ഇപ്പത്തന്നെ മണി ഒമ്പതര കഴിഞ്ഞ്.... ഇതൊന്ന് നേരത്തെ ഉണ്ടാക്കി വച്ചൂടെ....“

ഒന്നര കിലോമീറ്റര്‍ അകലെയുള്ള കൈതക്കല്‍ നിന്ന് ഓത്തുപള്ളിവിട്ട് വീട്ടിലെത്തിയാല്‍ ആകെ മൊത്തം തിരക്ക് തന്നെ തിരക്ക്. ഒമ്പതു മണിക്കാണ് ഓത്തു കഴിയുന്നത്. അവിടന്ന് വലിച്ചു വച്ച് നടക്കും. കൂടെ അനിയത്തി ഉള്ളതിനാല്‍ കുറച്ചു കഴിയുമ്പോള്‍ വലിവ് താനെ കുറയും. വീട്ടിലെത്തുമ്പോള്‍ ഏകദേശം 9.25 ആവും. കിട്ടിയ സമയം കൊണ്ട് ഡ്രസ്സ് മാറി സ്കൂളില്‍ പോവാനുള്ള തിരക്കായിരിക്കും അടുത്ത പടി. ഡ്രസ്സ് മാറി അടുക്കളയിലെത്തുമ്പോള്‍... പുട്ടിന്നാവി വരുന്നുണ്ടാവുകയുള്ളു. അതെടുത്ത് എനിക്കു തന്നിട്ട് വേണം പയറ് അല്ലെങ്കില്‍ പരിപ്പ് കുത്തിക്കാച്ചാന്‍. ഉച്ചഭക്ഷണത്തിനായി വക്കാന്‍. ഈ വക പരിപാടിയെല്ലാം കഴിഞ്ഞു വരുമ്പോള്‍ ഒമ്പത് മുക്കാല്‍ ആവും. ഇനി എത്ര വേഗത്തില്‍ പോയാലും സ്കൂളില്‍ നേരത്തെ എത്താന്‍ പറ്റില്ല.

വാടാനപ്പള്ളി ആര്‍. സി. യു. പി സ്കൂളില്‍ പഠിച്ച മൂന്നു വര്‍ഷത്തിലും ഓരോദിവസവും ആവര്‍ത്തിച്ചു കൊണ്ടിരുന്ന ദിനചര്യ. വീട്ടില്‍ നിന്ന് ഇറങ്ങി പറ്റാവുന്നത്ര വേഗത്തില്‍ നടക്കും. പത്താംകല്ല് സി. എം. എസ് യുപി സ്കൂളില്‍ പഠിക്കുന്ന എന്റെ മറ്റു കൂട്ടുകാര്‍ എന്റെ പിന്നാലെ കൂടും അപ്പോള്‍. എന്റെ പിന്നാലെ വന്നാല്‍ അവര്‍ക്ക് കൃത്യ സമയത്ത് സ്കൂളിലെത്താമത്രേ. എനിക്കാണെങ്കില്‍ പത്താംകല്ലില്‍ നിന്ന് ഇനി ബസ് കയറി വേണം പോകാന്‍. ഒമ്പത് അമ്പത്തി അഞ്ചിനെത്തുന്ന സെന്റ് ജോര്‍ജ്ജ് കിട്ടിയില്ലെങ്കില്‍ പിന്നെ 10.10 നു കെ കെ മേനോന്‍. പത്തു മണിക്ക് ക്ലാസ് തുടങ്ങും. ബസ്സിറങ്ങിയിട്ടും നടക്കാനുണ്ട് കുറച്ച്. ഏതു ബസിനു പോയാലും നേരം വൈകും. പത്തേകാലാവാതെ ഞാന്‍ സ്കൂളില്‍ എത്താറില്ല.

അങ്ങനെ എന്നും നേരം വൈകിയെത്തുന്നതിനാല്‍ കാലത്ത് ഹാജര്‍ബുക്കില്‍ എനിക്ക് ആബ്സന്റ് മാര്‍ക്ക് ചെയ്യാറില്ല. ഉച്ചക്ക് ഹാജറുണ്ടെങ്കില്‍ ഫുള്‍ ഓകെ. മേരി ടീചര്‍ക്കും, നിര്‍മ്മല ടീച്ചര്‍ക്കും ത്രേസ്യ ടീച്ചര്‍ക്കും അതിന് എത്ര നന്ദി പറയും ഞാന്‍? നേരം വൈകി എത്തുന്നതിനാല്‍ എന്നും അവസാനത്തെ ബഞ്ചില്‍ അവസാനത്തെ സീറ്റ് ആണ് കിട്ടിയിരുന്നത്. പിന്നെ ആകെയുള്ള ഒരു സമാധാനം ആദ്യത്തെ പിരിയഡിലെ ഇംഗ്ലീഷ് ഡിക്റ്റേഷന്‍ ആണ്. ഡിക്റ്റേഷന്‍ കഴിഞ്ഞാല്‍ കിട്ടിയ മാര്‍ക്കിനനുസരിച്ച് ഓരോരുത്തരുടേയും ഇരിപ്പിടവും മാറും എന്നതാണ് അതിലെ സമാധാനപ്രദമായ ഘടകം. അങ്ങനെ രണ്ടാം ബഞ്ചിലോ ചിലപ്പോള്‍ ഒന്നാം ബഞ്ചിലോ എല്ലാം എത്തിച്ചേരും. പിന്നെ സമാധാനമായി. അന്ന് അവിടന്നു മാറേണ്ടി വരില്ല.

പ്രമോദ് കെ എം ആണ് സാധാരണയായി ഒന്നാമനാവുന്നത്. എപ്പോഴും ഒന്നാം ബഞ്ചില്‍ ഒന്നാമത് തന്നെയായിരിക്കും അവന്‍. കേട്ടെഴുത്തിലും എല്ലാം ശരിയാവുന്നത് കൊണ്ട് അവന്റെ സ്ഥാനത്തിനു മാറ്റമുണ്ടാവാറില്ല. മറ്റുള്ളവര്‍ എല്ലാം ശരിയാക്കിയാലും ഒന്നാമതെത്താറില്ല, ഒന്നാമതിരിക്കുന്ന ആള്‍ എന്തെങ്കിലും തെറ്റിക്കാതിരുന്നാല്‍ അവിടന്നു മാറേണ്ടി വരില്ല. ഇങ്ങനെയിരിക്കുന്ന കാലത്തിങ്കലാണ് എനിക്ക് ഒന്നാമനാവാനൊരു സുവര്‍ണ്ണാവസരം വീണുകിട്ടിയത്. ക്ലാസ്സിലെ ഞാനൊഴികെ ബാക്കിയെല്ലാവരും കേട്ടെഴുത്തില്‍ ഒരുവാക്ക് തെറ്റിച്ചിരിക്കുന്നു.

മേരിടീച്ചര്‍ എന്നെ വിളിച്ച് ആദരണീയമായ ഒന്നാം സ്ഥാനത്തിരുത്തി. എനിക്കാണെങ്കില്‍ ഒന്നാമനാവണമെന്നും അവിടെയിരിക്കണമെന്നും നല്ല ആഗ്രഹവുമുണ്ടായിരുന്നു എന്നും. കുറച്ചു കഴിഞ്ഞപ്പോള്‍ പിരിയഡ് കഴിഞ്ഞു. മേരിടീച്ചര്‍ പോയി. പ്രമോദിന്റെ മുഖം നോക്കിയപ്പോള്‍ ഒരു തിളക്കവുമില്ലാത്തപോലെ. അവന് എന്തോ ഒരു വിഷമം പോലെ.

“എനിക്ക് ഇവിടെയിരിക്കേണ്ട. ഇവിടെ നീ തന്നെ ഇരുന്നോ ഞാന്‍ രണ്ടാമതിരുന്നോളാം” ഞാന്‍ അവനോടു പറഞ്ഞു. കുറെ നേരത്തെ നിര്‍ബന്ധത്തിനു ശേഷം അവന്‍ സന്തോഷത്തോടെ ഒന്നാമനായിരുന്നു. ഞാന്‍ സമാധാനത്തോടെ രണ്ടാമനായും...

-------------------------------------
ഈ സംഭവം ഓര്‍ക്കാനുണ്ടായ കാരണം:

അമിക്ക് സ്കൂളില്‍ എ+ കിട്ടി ഹാന്‍ഡ്‌റൈറ്റിങ് ഒഴികെ എല്ലാവിഷയത്തിലും. സ്കൂളിലെ നോട്ടീസ് ബോര്‍ഡില്‍ ഫോട്ടോയും ഉണ്ട്. സുല്ലി വല്ല്യ സന്തോഷത്തിലാണ്.

ഇന്നലെ പുതിയ ബുക്ക്സെല്ലാം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ സുല്ലി അമിയോട് ചോദിച്ചു. “അമി ഇനി വണ്ണില്‍ പോവില്ലേ. അപ്പോള്‍ ഫ്രന്‍ഡ്സിനോട് പറയോ നിന്റെ ഫോട്ടൊ നോട്ടീസ് ബോര്‍ഡില്‍ വന്നത് എ+ കിട്ട്യേതും? ”

കുറച്ചു നേരത്തെ ആലോചനക്കുശേഷം അമി പറഞ്ഞു “ഇല്ല ഞാന്‍ പറയില്ല. ചിലപ്പോള്‍ അവര്‍ക്ക് വിഷമമായാലോ. അവരുടെ ഫോട്ടൊ ബോര്‍ഡില്‍ വരാത്തതുകൊണ്ട്”

Sunday, March 16, 2008

അവളെക്കാണാന്‍

അവളെ അവിടെ ചെന്നു കാണണമെന്ന്. എന്തിനായിരിക്കും അവിടേക്കു ചെല്ലാന്‍ പറഞ്ഞത്? ടെലഫോണില്‍ പറയാന്‍ പറ്റാത്ത എന്തു കാര്യമാണുള്ളത്. കാര്യങ്ങള്‍ തുറന്നു പറയുകയാണെങ്കില്‍ ഒരു സമാധാനമായേനെ. ഇതു യാതൊരു ഉറപ്പും തരാതെയുള്ള ക്ഷണമാണ്. ഏതായാലും കല്യാണം ഉറപ്പിച്ചതല്ലേ. വേറെ വഴിയൊന്നുമില്ല. പോയി കാണുകതന്നെ. എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിക്കണമാവോ ഇതൊന്നു നടന്നു കിട്ടാന്‍.

ഓഫീസില്‍ നിന്ന് ഒരാഴ്ചത്തെ അവധിയേ കിട്ടിയുള്ളു. ഉമ്മയും ബാപ്പയും ബ്രോക്കര്‍മാരും കൂടി തിരച്ചിലോടു തിരച്ചിലിനൊടുവില്‍, അവര്‍ക്കിഷ്ടമായ ഒരാളെ കിട്ടിയപ്പോള്‍ എന്നെ അറിയിക്കുകയായിരുന്നു. അവളെ കാണുമ്പോള്‍ പിന്നാലെ വരാനിരിക്കുന്ന പ്രശ്നങ്ങളെ പറ്റിയൊന്നും ഒട്ടും ബോധവാനായിരുന്നില്ല എന്നതാണു സത്യം. പ്രഥമദര്‍ശനത്തില്‍ തന്നെ എന്റെ മനസ്സില്‍ കയറിപറ്റിയവള്‍. ഇരുവീട്ടുകാരും തീരുമാനിച്ചു എന്‍‌‌ഗേജ്മെന്റും ഒരു വിധം കഴിഞ്ഞു.

അതിനുശേഷം ഞങ്ങള്‍ ടെലഫോണിലൂടെ കൈമാറാത്ത വിശേഷങ്ങളില്ല. രാത്രിയെന്നോ പകലെന്നോ വേര്‍തിരിവില്ലാതെ ഞങ്ങള്‍ സംസാരിച്ചു തീര്‍ത്തത് ഞങ്ങളുടെ ജീവിതം തന്നെയായിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാതെ നീണ്ടു പോകുന്ന സംഭാഷണങ്ങള്‍. അവളുടെ കളി തമാശകളും കുസൃതികളും അപ്പോഴേക്കും ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. അതെല്ലാം തന്റേതു മാത്രമെന്ന് വിശ്വസിക്കാനും തുടങ്ങി. അവളുമായി സംസാരിക്കുമ്പോള്‍ അവള്‍ തന്റെ സമീപമുണ്ടെന്ന തോന്നലോ... അതൊ അവളില്ലാതെയിനി ജീവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവോ... എന്താണ് ആ സംഭാഷണങ്ങള്‍ തനിക്കു നല്‍കിയതെന്നു പറയുക വയ്യ ഇപ്പോഴും. ഇത്രയും കാലം ഞാന്‍ കാത്തിരുന്നത് അവള്‍ക്കു വേണ്ടിയായിരുന്നോ. അങ്ങനെയൊരു കാത്തിരിപ്പ് എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നോ, എനിക്കും പ്രണയിക്കാനാവുമെന്നു തിരിച്ചറിഞ്ഞ നാളുകളാണിത്.

ഇനി കല്യാണത്തിന് ഏറെയില്ല ദിനങ്ങള്‍. അതിനിടയില്‍ ഒരുക്കേണ്ട ഒരു പാടു കാര്യങ്ങള്‍. നാട്ടില്‍ പോയതും എന്‍‌ഗേജ്മെന്റ് മറ്റുപരിപാടികളുമായി കുറെ പണം ചിലവായി. കല്യാണം ആര്‍ഭാഢമാക്കുന്നതിനോടൊന്നും യോജിക്കുന്നില്ലെങ്കിലും സ്വന്തം കാര്യം വരുമ്പോള്‍ അത്തരം തത്വശാസ്ത്രങ്ങളൊന്നും തുണക്കാറില്ല. ഇനി കല്യാണകാര്യം മുറക്കു നടക്കണമെങ്കില്‍ ലോണെടുക്കുകയേ നിവൃത്തിയുള്ളൂ. ഒറിജിനല്‍ പാസ്സ്പോര്‍ട്ടും, സാലറി സര്‍ട്ടിഫിക്കേറ്റും മറ്റു രേഖകളുമായി ഞാന്‍ യാത്രയായി, അവള്‍ക്കായി, ഇവളെക്കാണാന്‍, ബാങ്കിലേക്ക്.

Thursday, February 14, 2008

ഒരു പഴയ പ്രണയ ലേഖനം

ഒരിക്കലും പറയാനാകാത്ത പ്രണയം...
മനസ്സില്‍ നിന്നും ഒരിക്കലും ഇറക്കി വെക്കാനാവാത്ത ഭാരമാണ്.
പെയ്യാന്‍ കൊതിച് പെയ്യാനാകാതെ
നീങ്ങി നീങ്ങിപോകുന്ന കാര്‍മേഘം പോലെ
എങ്കിലും...
ജീവിതത്തില്‍ എന്നെങ്കിലും അത് തുറന്നു പറയാനാവുമ്പോള്‍
മനസ്സില്‍ നിന്നൊരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നും.
ചിലപ്പോള്‍ ഭാരക്കൂടുതലായി എന്നും തോന്നിപ്പോകാം.
പരിചയങ്ങളൊക്കെ പ്രണയമാകുമെന്ന് കരുതിയിരുന്ന
ഒരു ബാലിശമായ കൌമാരം ഞാനും കടന്നു പോയിരുന്നു
എന്നാല്‍ കുട്ടിയുടെ രൂപം എന്റെ മനസ്സില്‍ നിറഞ്ഞു നിന്നപോള്‍
നല്ലൊരു സൌഹൃദത്തിനുമപ്പുറം
നീ എന്റെ മറ്റാരൊക്കെയോ ആയിതീരുകയയിരുന്നു.
അതിന് പ്രണയത്തിന്റെ പുതിയ പരിവേഷം ഉണ്ടാവുകയായിരുന്നു.
ശിശിരത്തില്‍ ഇലകള്‍ അടര്‍ന്ന് പൊഴിയുന്നതുപോലെ
ഒരുപാട് സൌഹൃദങ്ങള്‍ ജീവിത വഴിത്തിരിവില്‍ പൊഴിഞ്ഞുപോയി
അപ്പോഴും...
കുട്ടിയുടെ സുന്ദര രൂപം
അണയാത്ത നക്ഷത്രമായും പൊഴിയാത്ത പുഷ്പമായും
എന്നില്‍ വെളിച്ചവും സുഗന്ധവും പരത്തി നിറഞ്ഞു നിന്നു.
ഓമര്‍ഖയ്യമിന്റെ ഗീതങ്ങള്‍ പാടുന്ന പേരറിയാ കിളികളും
ഈന്തപ്പനമരങ്ങളെ തഴുകിയെത്തുന്ന കുളിര്‍ക്കാറ്റും
വിടര്‍ന്നകണ്ണുകളില്‍ ഈന്തപ്പഴതുടിപ്പും ചുവപ്പുമുള്ള അറബിസുന്ദരികളും
എല്ലാമുള്ള ഈ മരുഭൂമിയിലായിരിക്കുമ്പോഴും
ഞാനും എന്റെ മനസ്സും ആഴികള്‍ക്കപ്പുറത്തുള്ള നിന്നോടൊപ്പമാണ്
നിന്റെ ഓര്‍മ്മകളുമായി എന്റെ മനസ്സ് പറന്നുയരുമപ്പോള്‍‍...
നീ എന്നോടൊപ്പമുള്ളതു പോലെ...
തണലേകാനും തലോടാനും ആശ്വസിപ്പിക്കാനും
കഴിയുന്ന ഒരു പൂമരത്തണലില്‍ ഇരിക്കുന്നതായി തോന്നും.
ചിലപ്പോള്‍ പേടിയോടെ ഞാനോര്‍ക്കും
ഈ തണല്‍ പൂമരം എനിക്കു നഷ്ടപ്പെടുമോയെന്ന്.
എന്നിരുന്നാലും...
എന്റെ മനസ്സിലെ ക്യാന്‍‌വാസില്‍ നിറങ്ങളും ഭാവങ്ങളും നല്‍കി
വരഞ്ഞെടുത്ത വര്‍ണ്ണതുമ്പിയായ് നീ എന്നെന്നും നിറഞ്ഞു നില്‍ക്കും.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇഷ്ടമാകുന്ന ഒരു പ്രണയം,
പൂവണിയാതെ കൊഴിയുന്ന പ്രണയം,
എല്ലാം ഒരുപാട് കേട്ട് പഴകിയ വാക്കുകളാണ്.
അതിനു യഥാര്‍ത്ഥ പ്രണയവുമായി ബന്ധമൊന്നുമില്ല.
പ്രണയത്തിന്റെ നറുപുഷ്പങ്ങള്‍ വിരിയുന്നത്
അതിനും ഒരുപാട് ഉയരത്തിലുള്ള ശിഖരങ്ങളിലാണ്
പ്രിയപ്പെട്ടവനേയും മനസ്സിലേറ്റി, സ്വപ്നങ്ങളും മെനഞ്ഞുള്ള
കാത്തിരിപ്പിന്റെ ഒരു സുഖം പറഞ്ഞറിയിക്കനവാത്തതാണ്.
കാത്തിരിക്കുമല്ലോ...

(പ്രണയദിനത്തില്‍ എഴുതിയതല്ല ഇത്. പ്രണയദിനത്തിനായി എഴുതിയതുമല്ല. പ്രണയദിനം മറ്റു ദിനങ്ങളില്‍ നിന്നുള്ള കടമെടുപ്പു മാത്രമാണ്. അതിനു തനതായ ഒരു അസ്തിത്വമോ വ്യക്തിത്വമോ ഇല്ല. പ്രണയം അത് കാലം തരുന്ന സമ്മാനമാണ്. സമ്മാനങ്ങള്‍ ഒരിക്കലും പിടിച്ചു പറികളല്ല. കാലത്തെ ഒരു ദിനത്തില്‍ കെട്ടിയിട്ട് അന്നു തന്നെ പ്രണയമെന്ന സമ്മാനം ലഭിക്കണമെന്ന ശാഠ്യം, ഒരിക്കലും നിനക്ക് പ്രണയത്തെ നല്‍കുന്നില്ല ഒരു സമ്മാനമായി.)

Monday, January 28, 2008

പ്രയാസിയുടെ ആശംസാപത്രം.

ഇന്ന് 28-01-2008 ഞങ്ങളുടെ ഏഴാം വിവാഹവാര്‍ഷികം. ഒരു പോസ്റ്റിടണോ വേണ്ടെ എന്ന ചിന്തയിലായിരുന്നു ഇതു വരെ. അതിനിടയിലാണ് പ്രയാസി ഈ കാര്‍ഡ് അയച്ചു തന്നത്. അതു തന്നെ ഒരു പോസ്റ്റില്‍ കിടക്കട്ടെ എന്നു കരുതി അതിന്റെ ഭംഗി കണ്ടപ്പോള്‍.

അപ്പോള്‍ എല്ലാവരും ക്യൂവില്‍ വന്ന് ആശംസിച്ച് പൊയ്കോളൂ (പ്രയാസിയെ:))

--------------------

ആശംസിക്കാന്‍ അറിയാത്തവര്‍ക്ക് ഒരു കമെന്റ് ഉദാഹരണം (അഭിലാഷിനു സ്നേഹം കൂടിയാല്‍ ഇങ്ങനെയാ:)):-

അഭിലാഷങ്ങള്‍ said...

അസ്‌ലാമു അലൈക്കും...

എത്രയും പ്രിയപ്പെട്ട ദൈവം വായിച്ചറിയുന്നതിലേക്ക് ‘സുല്ലി‘ എഴുതുന്നത്...

ഇന്ന് 28 ജനുവരി..2008

ഗോഡേ..., 7 വര്‍ഷം....!

നീണ്ട 7 വര്‍ഷം.........!!

ഭൂമിയില്‍ ഒരുപാട് സഹിക്കുന്നവര്‍ക്ക് ഭൂമിയിലെ വാസത്തിന് ശേഷം സ്വര്‍ഗം ലഭിക്കും എന്ന് കേട്ടിട്ടുള്ളത് കൊണ്ട് ഞാന്‍ അല്പം ഹാപ്പിയാ.. ബട്ട്, 100 വര്‍ഷം ആയുസ്സ് സുല്ലിനും, എനിക്കും നീ തന്നിട്ടുള്ളത് കൊണ്ടും, അങ്ങേര് എന്റെ ആമിയുടെയും അനുവിന്റെയും ഉപ്പ ആയതുകൊണ്ടും, നമ്മുടെ രണ്ടാളുടെയും ഭൂമിയിലെ 100 വര്‍ഷം കഴിഞ്ഞാല്‍ എനിക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് സുല്ലിനെ കാണാന്‍ നരഗത്തില്‍ (മാസത്തില്‍ ഒരിക്കല്‍.. അതു മതി.. ധാരാളം) പോകാനുള്ള ഔട്ട് പാസ് അനുവദിക്കണം എന്ന് വിനീതമായ അഭ്യര്‍ത്ഥന-അപ്ലിക്കേഷന്‍ ഞാന്‍ ഇവിടെ സബ്‌മിറ്റ് ചെയ്യുന്നു. കവിത(!?) എഴുതി എഴുതി എഴുതി മനുഷ്യന്മാരെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന സുല്ലിന് നരകമേ നിന്റെ കൈയ്യില്‍ ഓപ്‌ഷന്‍ ഉള്ളൂ എന്നറിയാം. എന്നാലും... ഇടക്ക് എന്നെ കാണാന്‍ വരാനുള്ള (ഗൈറ്റ് വരെ മതി) ഔട്ട് പാസ് അങ്ങേര്‍ക്ക് അനുവദിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കണ്‍സിഡര്‍ ചെയ്യണം പ്ലീസ്... (ഈ പറയുന്നതൊക്കെ അങ്ങയുടെ ലാപ്‌ടോപ്പില്‍ സേവ് ചെയ്ത് വച്ചാ‍ മതി.. 100 വര്‍ഷം കഴിഞ്ഞ് ഒപ്പണ്‍ ചെയ്യാനുള്ള സാധനമാ.. )

ഗോഡേ.. 7 വര്‍ഷം കവിത സഹിച്ചു.. അങ്ങേരുടെ ഒടുക്കത്തെ ബ്ലോഗ് സഹിച്ചു.. എല്ലാം ഞാന്‍ എന്റെ മുജ്ജന്മപാപത്തിന്റെ അനന്തരഫലങ്ങളായി കാണുന്നു. ഇതിന് പ്രതിവിധിയായി അടുത്ത ജന്മത്തിലും എനിക്ക് എന്റെ സുല്ലിന്റെ കൂടെ തന്നെ ഒരു ജന്മം അനുവദിക്കണം, എന്റെ ആമിയുടെയും അനുവിന്റെയും ഉപ്പയായിട്ട്. ബട്ട്, നീ എന്നെ ഒരു ബ്ലോഗറാക്കണം..!!! സുല്ലിന്റെ അതേ റേഞ്ചുള്ള ഒരു ബ്ലോഗര്‍.. എന്നിട്ട്.. കഥയും മനുഷ്യന്‍മാര്‍ക്ക് മനസ്സിലാവാത്ത കവിതയും എഴുതി പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് എനിക്ക് അങ്ങേരോട് അഭിപ്രായം ചോദിക്കണം... “സഹനം” എന്ന വാക്കിന്റെ മീനിങ്ങ് അങ്ങേരും ഒന്ന് മനസ്സിലാക്കണം... അതിനായി ഒരു ജന്മം വേസ്റ്റാക്കാനും ഞാന്‍ തയ്യാര്‍ ഗോഡേ...

(ഈ “ഗോഡേ” ന്നു വിളിക്കുന്നത് ഹിന്ദിയിലല്ല , ഇംഗ്ലീഷില്ലാണെന്ന് അങ്ങ് മനസ്സിലാക്കും എന്ന് എനിക്ക് വിശ്വാസമുള്ളത് കൊണ്ടാ ‘ഗോഡേ ഗോഡേ‘ന്ന് വിളിച്ചോണ്ടിരിക്കുന്നത് ദൈവേ.. ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് മീ....)

അപ്പോ, ഇന്ന് 7 ആം വാര്‍ഷികം ആഘോഷിക്കുവാ ഞങ്ങള്‍...

അനുഗ്രഹിക്കണേ..

എല്ലാ ബ്ലോഗര്‍മാരും അനുഗ്രഹിക്കുന്നുണ്ട് പോലും..

അതില്‍ ഒരു അഭിലാഷങ്ങള്‍ എന്ന ഒരു തെണ്ടി (സോറി ഗോഡേ..അവന്റെ കൈയ്യിലിരിപ്പ് വച്ച് പറഞ്ഞുപോയതാ) മാത്രം ആശംസകള്‍ പറയില്ല പോലും. കാരണം, ‘സുല്ലിനും കുടുംബത്തിനും എന്നും നല്ലത് വരാനുള്ള പ്രാര്‍ഥന അലിഞ്ഞ് ചേര്‍ന്നിട്ടുള്ള ബ്ലഡ്ഡാ അവന്റെ‘ ആന്റ് ‘ഇതു പോലുള്ള ഒരു 100 വാര്‍ഷികങ്ങള്‍ ഒരുമിച്ച് സന്തോഷത്തോടെ ആഘോഷിക്കുന്നത് കാണാനായി മാത്രം ഡും ഠും... ഡും ഠും... ഡും ഠും... ഡും ഠും... എന്ന് ശബ്ദമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന ഹൃദയമാ അവന്റെ‘ എന്നൊക്കെയാ ആ കശ്മലന്‍ പറഞ്ഞ് നടക്കുന്ന ഫിലോസഫിയും ബോട്ടണിയും സുവോളജിയും ആന്ത്രപ്പോളജിയും...

അതെന്തായാലും.. ഞങ്ങളെ അനുഗ്രഹിക്കണേ..

എന്നും നല്ലത് വരുത്തണേ...

അസ്‌ലാമു അലൈക്കും...

എന്ന് സ്വന്തം

സുല്ലിന്റെ സുല്ലി
--------------------------


സ്നേഹപൂര്‍വ്വം.

-സുല്‍

Sunday, January 06, 2008

മാംഗല്യം തന്തുനാനേന... സുമിത്രേ...

“ഏയ് ടാ അവിടെ നിന്നേ”

മൂന്നുമണിയായിട്ടും ഒരുമണി വറ്റുപോലും വയറ്റിലെത്തിയിട്ടില്ല. നേരമില്ലാത്തെ നേരത്ത് ഹോട്ടലും തിരക്കി കാലുകള്‍ വലിച്ചു വച്ചു നടക്കുമ്പോഴാണ് പിന്നില്‍ നിന്നൊരു കിളിനാദം കേട്ടത്. തിരിഞ്ഞു നോക്കുമ്പോള്‍ കുഞ്ഞൊന്നിനെ ഒക്കത്തും ഒന്നിന്റെ കയ്യേലും പിടിച്ചൊരു യുവതി ബസ്റ്റോപ്പില്‍ നില്‍ക്കുന്നു.

“ഹമ്മേ, ആരിത് കുട്ടീം വട്ടീമായിട്ട്. എങ്ങോട്ടാണാവോ പ്രയാണം?”

“നീയെവിടേക്കാ ഈ വാണം വിട്ടപോലെ? റോഡില്‍ ആരെങ്കിലും നില്‍കുന്നുണ്ടോയെന്ന് പോലും നോക്കാതെ” അവളുടെ മറുചോദ്യം പെട്ടെന്നു വന്നു.

“മനുഷ്യന്‍ വിശന്ന് വലഞ്ഞ് ഭക്ഷണം തേടി നടക്കുമ്പോള്‍ വായ്നോട്ടം കുറവായിരിക്കും” ഫിലോസഫി വരണമെങ്കില്‍ വയറു വിശക്കണമെന്നു പറയുന്നത് ശരിയാ.

“നിന്റെ തീറ്റയും വായ് നോട്ടവും പണ്ടത്തെപ്പോലെ ഇപ്പോഴുമുണ്ടെന്നു ചുരുക്കം.” വിശപ്പിന്റെ കാര്യം പറയേണ്ടായിരുന്നെന്നു തോന്നിപ്പോയി.

“ഞാന്‍ ഒന്നും നിര്‍ത്തിയിട്ടില്ല. നീ ഇതെല്ലാം നിര്‍ത്തിയോ. മെലിഞ്ഞുണങ്ങി സ്ലിം ബ്യൂട്ടിയായിപ്പോയി. മൂപ്പെത്താതെ ഉണങ്ങിപ്പോയ മുരിങ്ങക്കായ പോലെയുണ്ടല്ലോ. എന്തെര് പറ്റി പെണ്ണേ.?”

“അക്കാര്യമൊന്നും പറയേണ്ട കൊശവാ. ഇവറ്റങ്ങ രണ്ടെണ്ണത്തിനെ പോറ്റുന്ന പണിപോരെ ഞാന്‍ സുന്ദരിയാവാന്‍.” ഒക്കത്തിരുന്ന കുഞ്ഞ് പിടിച്ചുവലിച്ച മുടി നേരെയാക്കിക്കൊണ്ടവള്‍ പറഞ്ഞു.

“ങാ‍ അതു പോട്ടെ. കല്യാണമെല്ലാം കഴിഞ്ഞ് നിന്നെ ആദ്യമായി കാണുന്നതല്ലേ. നിന്റെ വെടിവെപ്പുകാരനെന്തു പറയുന്നു”

“സുല്ലേ അനാവശ്യം പറയല്ലേ. ഒരു പട്ടാളക്കാരന്റെം അവന്റെ ഭാര്യയുടെം ദു:ഖം നിനക്കു പറഞ്ഞാ മനസ്സിലാവില്ല”

“ഉം ഉം വിരഹസാഗരം അലതല്ലിയിട്ടും നിന്നെയങ്ങോട്ടെന്തേ കെട്ടിയെടുക്കാഞ്ഞെ?. അതിനെങ്ങനാ അതിയാനിവിടെയെത്തിയാല്‍ പൊറുതി കൊടുക്കുന്നുണ്ടാവില്ല. നിന്റെ പണ്ടത്തെ സ്വഭാവം വെച്ചു നോക്കിയാല്‍ മൂപ്പീന് ലീവെടുക്കാതെ അതിര്‍ത്തിയില്‍ തന്നെ കുറ്റിയടിക്കാനാണ് സാധ്യത.”

“നീയെന്റേന്നു വേടിക്കും സുല്ലേ” അമ്മയുടെ ഭാവമാറ്റം കണ്ട് എന്നേം നോക്കിനില്‍ക്കുകയാണ് കൊച്ച് നമ്പര്‍ ഒന്ന്. “ആരാമ്മാ ആരാമ്മാ” എന്നിടക്ക് ചോദിക്കുന്നും ഉണ്ട്.

“ഇതമ്മേന്റൊപ്പം പടിച്ച മാമനാ മോളേ” അമ്മയുടെ വിശദീകരണം.

“പിന്നെ എന്താ നിന്റെ അമ്മേടെ വിശേഷം?”

“ങാ, അമ്മ സുഖമായിരിക്കുന്നു. ഇടക്ക് നിങ്ങളുടെയെല്ലാം കാര്യം പറയും. നീ ഇപ്പോഴാവഴിയെല്ലാം മറന്നില്ലേ. തിരക്കില്ലേല്‍ ഒരീസം വീട്ടിലോട്ട് വര്വാ”

“നീ പോകാന്‍ നോക്കിക്കേ... പറ്റിയെങ്കില്‍ ഞാന്‍ വരാം. ഇനി ഇവിടെ നിന്നാല്‍ എനിക്കുള്ള ചോറില്‍ വേറാരേലും ചാറൊഴിക്കും.“ രണ്ടു ബസ്സുപോയിട്ടും മൂഡ് പോകാതെ കണ്ടിന്യൂ ചെയ്യുന്ന ഇവളെ പറഞ്ഞുവിടാന്‍ മറ്റൊരു വഴിയും കണ്ടില്ല. വിശപ്പിന്റെ വിളി കൂടുതല്‍ ഉച്ചത്തിലായികൊണ്ടിരിക്കുന്നതിനാല്‍ മെല്ലെ അവിടം കാലിയാക്കി ഹോട്ടലന്വേഷണം തുടര്‍ന്നു. അടുത്ത ബസ്സില്‍ കയറി അവരും യാത്രയായി.

----
ഇതു സുമിത്ര. എന്റെ ക്ലാസ്മേറ്റ്. ഒരൊന്നാന്തരം നായരുട്ടി. വായെടുത്താല്‍ എടാ, പോടാ, കൊരങ്ങാ, കഴുതേ, മങ്കീ, അസത്ത് എന്നെല്ലാമെ വായില്‍നിന്നുതിര്‍ന്നു വീഴൂ എന്നതൊഴിച്ചാല്‍ വേറെ കുറ്റമൊന്നും പറയാനില്ല. ക്ലാസ്സിലെ സുന്ദരിയാണെന്ന് ധരിച്ചു വശായവരില്‍ ഒരുവള്‍. എന്നാലും ഇളം കാപ്പി (ഏകദേശം ഒരു ഗോള്‍ഡന്‍) നിറമുള്ള ബാക്ക് ഗ്രൌണ്ടില്‍ വെള്ളപൂക്കളുള്ള പാവാടയും അതേ നിറത്തിലുള്ള ജുബ്ബയും ധരിച്ച സുമിത്രക്ക് അല്പം സൌന്ദര്യമില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നുത്തരം.

വരാന്തയിലൂടെ വായില്‍നോക്കി നടന്നിരുന്ന എം കോമിലെ സുരേഷാണ് ഞങ്ങളുടെ ആദ്യ പരിചയത്തിന്റെ രാസത്വരകമായി വര്‍ത്തിച്ചത്. പ്രേമിക്കുവാണേല്‍ പെണ്ണിന്റെ സൌന്ദര്യം മാത്രം നോക്കിയാല്‍ പോരാ, സമ്പത്തില്ലെങ്കിലും അവളുടെ ജാതിയെങ്കിലും ഒത്തുവരണേയെന്ന് നേരത്തേ തന്നെ നിശ്ചയിച്ചിറങ്ങിയിട്ടുള്ള മിസ്റ്റര്‍ സുരേഷ് നായര്‍. ജാതി പറഞ്ഞ് കെട്ടൊഴിഞ്ഞു പോകരുതല്ലോ. ചുറ്റിപടര്‍ന്നാല്‍ വിട്ടൊഴിയാതിരിക്കാന്‍ വളക്കൂറുള്ള മണ്ണിലായിരിക്കണം പ്രണയത്തിന്റെ വിത്തിടേണ്ടത് എന്നു കരുതുന്നവരില്‍ ഒരുവന്‍. ആത്മാര്‍ത്ഥസ്നേഹം എന്നു പറഞ്ഞാല്‍ ഇതാണ്. സുമിത്രയെപറ്റിയുള്ള ഏകദേശ ഡീറ്റയിത്സൊക്കൊ ശേഖരിച്ച്, വായ് നോട്ടത്തിന്റെ മൂര്‍ദ്ധന്യതയിലെത്തിയപ്പോള്‍ സുമിത്രയോട് ഹൃദയം തുറക്കണമെന്ന ഒരു കാമുകന്റെ ഏറ്റവും മിനിമം ആവശ്യവുമായി സമീപിച്ചത് എന്നെ. അയല്‍‌വാസിയല്ലേന്നു കരുതി ഞാനും കേറിയങ്ങേറ്റു. ഞാനൊരു നല്ല ദൂതനായി, കുറച്ചു വിഷമിച്ചെങ്കിലും, കാര്യം സുമിത്രയെ അന്നേ ദിവസം തന്നെ അറിയിക്കുന്നു.

“ഏത്, ആ കൊരങ്ങനേ? അവനിങ്ങട് വരട്ടെ.” ഇതായിരുന്നു അവളുടെ റിപ്ലെ. ഈ റിപ്ലേ എങ്ങനെ സുരേഷിനുമുന്നില്‍ പ്ലേ ചെയ്യുമെന്നറിയാതിരുന്നു പോയി ഈയുള്ളവന്‍. ഇങ്ങനെ ആലോചനാ നിമഗ്നനായിരിക്കുമ്പോളാണ് ക്ലാസിലെ മറ്റൊരു സുന്ദരി ജുഗുനുവിന്റെ ക്ഷേമാന്വേഷണം “ എന്തു പറ്റി സുല്‍?”

“അതൊരു ചിന്ന പ്രശ്നം. നീയൊരു പാട്ടു പാടിക്കേ. എന്നിട്ടു പറഞ്ഞുതരാം” അല്പസ്വല്പം പാടുന്ന കൂട്ടത്തിലായതിനാല്‍, ഏതായാലും അവള്‍ക്കിട്ടൊരു പണി കൊടുക്കാമെന്നു കരുതി.

“ഉണ്ണീവാവാവോ പൊന്നുണ്ണീ വാവാവോ
നീലപ്പീലി കണ്ണും പൂട്ടി ഊഞ്ചേലാടാലോ...
ഉണ്ണീവാവാവോ പൊന്നുണ്ണീ വാവാവോ
നീലപ്പീലി കണ്ണും പൂട്ടി ഊഞ്ചേലാടാലോ...“

എന്തൊരു സിറ്റുവേഷനിസ്റ്റായ പാട്ട്. എന്റെ മനസ്സ് വായിച്ചറിഞ്ഞപോലെ ഇരുന്നുപാടി അവള്‍.

പാടിക്കഴിഞ്ഞപ്പോള്‍ അവള്‍ക്ക് എന്റെ മൂഡൌട്ടിന്റെ കാരണം അറിയണം. ഞാന്‍ കാര്യങ്ങളെല്ലാം നടന്നപടി പറഞ്ഞു. സുരേഷിനെ പറ്റി പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു തിരയിളക്കം. സുമിത്ര സുരേഷിനെ നിരാകരിച്ചതു കൂടി കേട്ടപ്പോള്‍ മാന്മിഴികളില്‍ ഒരു കടലിരമ്പി.

“ആ ചേട്ടനെ ഞാനെന്നും കാണാറുണ്ട്. സുല്ലിനറിയോ ആളെ ?” അവളുടെ മുഖത്ത് നാണത്തിന്റെ മുകുളങ്ങള്‍.

“പിന്നേ. അവനെന്റെ കൂട്ടുകാരനല്ലേ. എന്നാ പിന്നെ നിന്റെ കാര്യം പറയാം സുരേഷിനോട്...”

എന്റെ മനസ്സിലൊരു കുളിര്‍മഴപെയ്തു. ഒരാളെ പറഞ്ഞിട്ട് ഒന്നും ശരിയാക്കാതിരിക്കുന്നതിലും നല്ലതല്ലേ വേറൊരാളെ ഹൃദയം കൈമാറാന്‍ ഏല്‍പ്പിക്കുന്നതെന്ന് ഓര്‍ത്തുപോയ്.

അവള്‍ മുഖം കുനിച്ച് കണ്ണുകള്‍ മേല്‍പ്പോട്ടാക്കി എന്നെ നോക്കി ചിരിച്ചു. പാദസരങ്ങളെ കൊഞ്ചിച്ചുകൊണ്ട് അവള്‍ ഓടി മറഞ്ഞു.

ജാതി നോക്കിയാല്‍ പ്രേമം പുഷ്പിക്കില്ലെന്ന് പഠിച്ചതിനാലാവാം ജുഗുനുവിന്റെ കാര്യം പറഞ്ഞപ്പോള്‍ സുരേഷിനും സമ്മതം. കെട്ടൊക്കെ പിന്നാലെയല്ലേ ആദ്യം കാര്യങ്ങളു നടക്കട്ടെ. അതങ്ങനെഒരു കഥ അതു പിന്നെപ്പറയാം. ഇങ്ങനെയാണ് സുമിത്രക്കിത്ര പ്രിയം വന്നതെന്നെ. വരാന്തയിലൂടെ പോയ ഒരു വയ്യാവേലിയെ തലയില്‍നിന്നൂരിക്കൊടുത്തല്ലോ.

-------
ഒരു പ്രവാസിക്കുകിട്ടുന്ന എണ്ണിചുട്ട അപ്പം പോലുള്ള ലീവിന്റെ അവസാന ദിനങ്ങളില്‍ എപ്പോഴാണ് എവിടെയാണ് കയറിചെല്ലേണ്ടതെന്നൊരു രൂപവും കാണില്ല. എല്ലാം ഒരോട്ടപ്രദക്ഷിണത്തില്‍ തീര്‍ക്കാനായി തിരക്കുകൂട്ടുന്ന ദിവസങ്ങളിലൊന്ന്.

“രാമനാരായണാ രാമനാരായണാ... ടീ ഇങ്ങട്ട് നോക്കടി ശവമേ“ സുമിത്ര, മോള്‍ക്ക് നാമം ചൊല്ലിപഠിപ്പിക്കുന്ന സന്ധ്യാ സമയത്താണ് ഞാന്‍ അവരുടെ വീട്ടിലെത്തിയത്. അകലേ നിന്നേ ഞാന്‍ വരുന്നതു കണ്ട മോള്‍ എന്നെ നോക്കിയിരുന്നതായിരിക്കണം.

“അമ്മേ ദേ അന്നു കണ്ട മാമ്മന്‍”

നാമകീര്‍ത്തനത്തിന് തല്‍ക്കാലം അവധികൊടുത്ത് ചാടിയെഴുന്നേഴുന്നേറ്റു സുമിത്ര. നിലവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലും തിളങ്ങുന്നമുഖവുമായി അവള്‍.

“ഏ നീയൊ? കൊരങ്ങാ നീ വരുമെന്നൊരിക്കലും വിചാരിച്ചില്ല ഞാന്‍.” ഇപ്പോള്‍ തന്നെ രാമനാമം ജപിച്ച വായിലെ വികട സരസ്വതിയും കേട്ട് വീടിന്റെ തിണ്ണയിലിരുന്നു ഞാന്‍.

“ആരാ മോളേ...” അകത്തു നിന്നു അമ്മയുടെ സ്വരം.

“ഞാനാമ്മേ സുല്‍” മറുപടി എന്റെ വകയായിരുന്നു. ഒരു ചെറുചിരിയുമായി അല്പം മെലിഞ്ഞ ഒരു രൂപം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.

“ങാ മോനൊ. ഇന്നാളിവള്‍ പറഞ്ഞിരുന്നു. വര്വാന്നു നിരീച്ചില്ല” അമ്മയുടെ സ്വരത്തില്‍ പഴയ സ്നേഹം. കുറച്ചു സമയം അമ്മയുമായി സംസാരിച്ചിരുന്നു. അതിനിടയില്‍ സുമിത്രയുടെ ചോദ്യം.

“ടാ നിനക്ക് ചായയെടുക്ക്ട്ടേ... പാലുംവെള്ളത്തിന് പാലില്ല മോനെ” പണ്ടെങ്ങോ ഞാന്‍ പാലിന്‍ വെള്ളമേ കുടിക്കൂ എന്നു പറഞ്ഞത് ഇവള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു. അമ്മയുമായി സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. സുമിത്ര കട്ടന്‍ ചായയുമായി വന്നു. പിന്നെ അവളുടെ വക കത്തിയുടെ കത്തിക്കയറ്റമായിരുന്നു.

“നിന്റെ വായാടിത്തത്തിന് ഇപ്പോഴും ഒരു കുലുക്കവുമില്ലല്ലേ“ അറിയാതെ പറഞ്ഞുപോയി. ഇതിനിടയില്‍ സുമിത്രയുടെ മൂത്ത മകള്‍ നിലവിളക്കുമായി കളിതുടങ്ങിയിരുന്നു. ഞാന്‍ വന്നതിന്റെ തിരക്കില്‍ അവള്‍ അത് അണച്ചു വെക്കാനും മറന്നു പോയിരുന്നു. അവള്‍ നിലവിളക്ക് കയ്യിലെടുത്തു. തിരി സാവധാനം എണ്ണയിലേക്ക് താഴ്ത്തി കെടുത്തി.

“ടാ പൊട്ടാ നിനക്കറിയോ ഈ വിളക്കേതാണെന്ന്? നിനക്കെങ്ങനറിയാനാ നീയിത് കണ്ടിട്ടു പോലുമുണ്ടാവില്ല.”

“എനിക്കെങ്ങനറിയാനാ നിന്റെ വിളക്കിനെപറ്റി?”

“എടാ കൊരങ്ങാ ഇതു നീ തന്നതാ, എന്റെ കല്യാണത്തിന്. ഞാനിത് കെട്ട്യോന്റെ വീട്ടില്‍ കൊണ്ടു പോയില്ല. ഇതിവിടെയിരിക്കട്ടെന്നു കരുതി. അവിടെയാവുമ്പോള്‍ കുറെ പേരുള്ളതല്ലേ. ഇവിടെ ഞാന്‍ മാത്രമല്ലേ ഇതുപയോഗിക്കൂ...” അവള്‍ ശ്വാസം വിടാതെ പറഞ്ഞു കൊണ്ടിരുന്നു. എന്റെ ശ്വാസം ഒരിട നിന്നുപോയപോലെ തോന്നി. അവള്‍ വിളക്കുമായി അകത്തേക്കു പോയി. അതിലെ കടന്നുപോയ കാറ്റിന് ഓര്‍മ്മയുടെ ചെമ്പക സുഗന്ധം.

---------------

ബോംബെ വിലെപാര്‍ലെയിലെ താവ്ഡേയുടെ വീട്ടില്‍ പേയിങ് ഗസ്റ്റ്സ് ആയി ഞങ്ങളുടെ സഹപാഠി കൂടിയായിരുന്ന ജസ്റ്റിനും ഞാനും. പേ ചെയ്യുന്നത് ഞാനാണെങ്കിലും അവനും പേയിങ് ഗസ്റ്റ് തന്നെ! സുമിത്രയുടെ വിവാഹ ക്ഷണപത്രം ലഭിച്ചതിനു ശേഷം ഊണിലും ഉറക്കിലും വഴിയിലും ഓഫീസിലും മനസ്സിലൊരേ ചിന്ത മാത്രം... അവള്‍ക്കു കൊടുക്കേണ്ട ഗിഫ്റ്റെന്തായിരിക്കണം. ഒരു കാര്‍ഡ് അയച്ചാല്‍ മതിയൊ? അല്ലെങ്കില്‍ വേറെന്ത്? എന്തായാലും അതെങ്ങനെ അവിടെയെത്തിക്കും. ചിന്തകള്‍ പലവിധം. രാത്രി ഉറങ്ങാന്‍ നേരം ജസ്റ്റിനുമായി കൂലംകൂഷമായ ചര്‍ച്ച നടത്തി.

“ടാ എന്തു കൊടുക്കും? “

“നീ എന്തു വേണേലും കൊടുത്തൊ.. ഏതായാലും എനിക്ക് ക്ഷണമൊന്നുമില്ലല്ലോ?” അവന്‍ കൈമലര്‍ത്തി.

“അഡ്രസ്സില്ലാത്ത നിന്നെ അവളെങ്ങനെ ക്ഷണിക്കാനാ... നീ അതു വിട്.. ഇതു പറ..”

“ഉം ഞാനൊരു കാര്യം പറയാം. അവരു പാവങ്ങളല്ലേ.. കല്യാണസാരി കൊടുത്താലൊ?” മണ്ടത്തരങ്ങള്‍ക്കൊരു പഞ്ഞവുമില്ലാത്തവന്റെ ഉപദേശം.

“സാരിയാക്കേണ്ടടാ... താലിയാക്കാം... അതിനാ വിലകൂടുതല്‍..”

“എന്നാലതുമതി. നീ കുറെകാലം അവള്‍ക്കുവേണ്ടി പഞ്ചാരികൊട്ടിയതല്ലേ...“ ഇവനെയൊക്കെ കൂടെ കൂട്ടിയ എന്നെ പറഞ്ഞാല്‍ മതിയല്ലൊ. അവസാനം ഞാന്‍ തന്നെ കണ്ടുപിടിച്ച വഴിയായിരുന്നു ആ നിലവിളക്ക്. നാട്ടിലുള്ള മറ്റൊരു സഹപാഠിയായ രാജേഷിനെകൊണ്ട് അതവിടെ എത്തിക്കുകയും ചെയ്തു. ആ നിലയാണ് ഈ വിളക്ക്.

-----------
തിരികെ നടക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനായിരുന്നു. ടവലെടുത്ത് കണ്ണു തുടച്ചു തിരിഞ്ഞു നോക്കി. ചവിട്ടുപടിയില്‍ നിന്ന് കൈവീശുന്ന സുമിത്രയും മക്കളും കണ്ണില്‍ നിന്ന് മറയുന്നു. ജീവിതത്തില്‍ നമ്മുക്ക് നഷ്ടപ്പെട്ടെന്നു കരുതുന്നതെല്ലാം നമുക്ക് നഷ്ടപ്പെട്ടതായിരിക്കുന്നില്ല. എല്ലാം നമ്മുടെ മനോഭാവങ്ങള്‍ മാത്രം. സ്നേഹം - ഉദിച്ചുയരുന്നതും നിലനില്‍ക്കുന്നതും അസ്തമിച്ചകലുന്നതും ജീവിതം പോലെ ഒരു സമസ്യ തന്നെ. ഒരിക്കലും സ്നേഹത്തെതിരയാതെ സ്നേഹിച്ചുകൊണ്ടേയിരിക്കുക. സ്നേഹം - അതെന്നെങ്കിലും നിന്നെത്തേടിയെത്തും, നിന്റെ കണ്ണുകളെ ഈറനണിയിക്കാന്‍.