Friday, April 24, 2009

പുട്ട്മിണുങ്ങി ഏലിയാസ് കിട്ടുണ്ണിമാഷ്

തളിക്കുളം, പ്രശാന്ത സുന്ദരമായ ഒരു കൊച്ചു ഗ്രാമം. ഒരു ടിപ്പിക്കല്‍ കേരളഗ്രാമത്തിന്റെ ഡിഫൊള്‍ട്‌ സെറ്റിങ്ങ്സെല്‍ ഉള്ള, കേരള ഭൂമിശാസത്രത്തിന്റെ ഒരു സുവര്‍ണ്ണ ഏട്. കേരലത്തിന്റെ കള്ളുതലസ്ഥാനമായ അന്തിക്കാടും മുറ്റിച്ചൂരും ഭാഗങ്ങളെ തന്നില്‍ നിന്ന് കഴിയുന്നത്ര അകറ്റി നിര്‍ത്താന്‍ തളിക്കുളത്തിനു കിഴക്കേ അതിര്‍ത്തിയില്‍ കനോലിക്കനാല്‍ ഒരിക്കല്‍ നിറഞ്ഞും പിന്നെ നിറയാതെയും ഒഴുകുന്നു. പടിഞ്ഞാറ്‌ ഇന്ത്യയുടെ അതിര്‍ത്തി അറബി കടല്‍. വടക്കും തെക്കും രണ്ടു ഭീമാകാരന്മാരായ പഞ്ചായത്തുകള്‍ വാടാനപ്പള്ളിയും നാട്ടികയും. ഇവരുടെ ഇടയില്‍ കിടന്നു വികസനകാര്യത്തില്‍ ശ്വാസമ്മുട്ടി മരിക്കാറായിരിക്കുന്നു എന്റെ കൊച്ചു ഗ്രാമം. ഏതായാലും പറഞ്ഞുവന്നതിതല്ല.

ഈ ഗ്രാമത്തിലെ പത്താംകല്ല്‌ എന്ന പേരുള്ള ഒരു കൊച്ചു പ്രദേശം. അവിടുത്തെ ബാലികാബാലന്മാരുടെ ഹയര്‍ എഡുക്കേഷന്റെ അനന്തസാധ്യതകളുടെ അവസാനവാക്കായ സി യം എസ്‌ യു പി സ്കൂള്‍. ഈ സരസ്വതീമന്ദിരത്തിന്റെ ജീവാത്മാവും പരമാത്മാവുമായ കിട്ടുണ്ണി മാഷ്‌.

അഞ്ചര അഞ്ചെമുക്കാലടി പൊക്കം കറുത്ത്‌ മെലിഞ്ഞ ശരീരപ്രകൃതി. മുഖത്തൊരു വട്ടക്കണ്ണട. ഹിറ്റ്‌ലര്‍ സ്മരണകളുറങ്ങുന്ന ഇരുവര മീശ. ബാക്കിയുള്ള മാലോകരെയെല്ലാം പുച്ഛം നിറഞ്ഞ നോട്ടം. (ജന്മനാ അന്ധന്‍ എന്ന പോലെ ജന്മനാ പുച്ഛന്‍) ഇടതുകക്ഷത്ത്‌ ഇറുക്കിപ്പിടിച്ച മുണ്ടിന്‍ തലപ്പ്‌. കയ്യില്‍ തന്നെക്കാള്‍ വീതിയേറിയ ലാത്തി. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പേടി സ്വപ്നം. ഇതാണ്‌ കിട്ടുണ്ണിമാഷുടെ ഒരു പൂര്‍ണ്ണകായ ഹിസ്റ്ററി.

വിദ്യാര്‍ത്ഥികളെയെല്ലാം ഇടം വലം വീക്കി വീക്കി മുന്നേറുന്ന മാഷിന്‌ ഒരേ ഒരു വീക്നെസ്സെ ഉള്ളൂ ഈ ഭൂമി മലയാളത്തില്‍. അതാണ്‌ ഇപ്പോള്‍ ചുട്ടെടുത്ത ആവിപറക്കും പുട്ട്‌. അതെ, താങ്കള്‍ മനസ്സില്‍ കണ്ടതു തന്നെ, അരിപ്പുട്ട് ബിറ്റ്‌വീന്‍ ബിറ്റ്‌വീന്‍ അരി പൊടിയും തേങ്ങ ചിരവിയതും അഞ്ചെ ഇസ്റ്റു ഒന്ന് എന്ന പ്രൊപോഷനില്‍ ഒരു അലുമിനിയം പൈപിനകത്ത് ഇന്‍സര്‍ട്ട് ചെയ്ത്, അടുപ്പത്തുള്ള പോട്ടില്‍ വെള്ളം ബോയിലിയിട്ട്, അതിന്റെ സ്റ്റീം കൊണ്ട് ഉണ്ടാക്കുന്ന അതേ പുഡ്ഡിംഗ്‌ തന്നെ. റൈസ്റ്റ് സ്റ്റീം കേക്ക്. ഇപ്പോള്‍ മനസ്സിലായില്ലെ ഗ്രാമത്തിലാണേലും മോഡേണ്‍ ഫുഡ്ഡാണ് മാഷിനിഷ്ടമെന്ന്.

മൂന്ന് അമ്പത്തി അഞ്ചിന് ‘ജനഗണമന‘ തുടങ്ങുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നിന്ന് പുസ്തകങ്ങളും പേന പെന്‍സില്‍ മറ്റു മാരകായുധങ്ങളുമെല്ലാം ബാഗില്‍ എടുത്ത് വച്ച് ഓടാനായി നില്‍ക്കും. കിട്ടുണ്ണിമാഷ് മാഷാണെങ്കിലും മാഷും അറ്റന്‍ഷനായി നിന്ന് ഒരുക്കങ്ങള്‍ തുടങ്ങും പുറപ്പെടാനായി. സ്കൂള്‍ വിട്ടാല്‍ മാഷ്‌ നേരെ വച്ചു പിടിക്കും പത്താംകല്ലു സിറ്റിയിലേക്ക്‌.

പത്താംകല്ലെന്നു പറഞ്ഞാല്‍ അതൊരു ഒന്നൊന്നര സിറ്റിയാണേ. സിറ്റിക്ക്‌ ഒത്ത നടുവില്‍ ഒരു പേരാല്‌. അതില്‍നിന്നും പെരുപാമ്പുകളെപ്പോലെ തൂങ്ങിക്കിടക്കുന്ന വേരുകള്‍. അതിനടിയില്‍ വിജയേട്ടന്റെ കപ്പലണ്ടി പീട്യ. റോഡിനിരുവശവുമായി മറ്റു ചില പീട്യകള്‍. കെ എസ്‌ തളിക്കുളത്തിന്റെ പാത്രക്കട. സക്ക്രിയക്കാടെ പലചരക്കുകട, ബാബുന്റെ മുടിവെട്ടുകട, ഇമ്പോര്‍ട്‌ എക്സ്പോര്‍ട്ട്‌ എമ്പ്ലോയീസ്‌ യൂണിയന്‍ ഓഫിസ്‌, പിന്നെ അന്തിക്കൊന്നു മിനുങ്ങാന്‍ ഒരു കള്ളുഷാപ്‌. റോഡിനു മറുവശത്തായി കുതിരക്കാരന്റെ സൈക്കിള്‍ കട, ഈ കടയ്ക്കടുത്തുള്ള മധുരിമ ഫൈവ്‌ സ്റ്റാര്‍ തട്ടുകടയാണ്‌ മാഷുടെ അന്തിമലക്ഷ്യം .

മധുരിമയില്‍ നിന്നൊരുകുറ്റി ആവിപറക്കും പുട്ടുതട്ടിയില്ലേല്‍ അന്നേദിവസം മാഷിന്‌ അപൂര്‍ണ്ണമാണ്‌. ഹോട്ടലില്‍ വരുന്നതിനും പുട്ടകത്താക്കുന്നതിനും പുറത്തുവന്ന്‌ വിജയേട്ടന്റെ പീട്യേന്ന്‌ ഒരു ചാര്‍മിനാര്‍ പുകക്കുന്നതിനും പിന്നെ തന്റെ വീടിനടുത്തേക്ക്‌ പോകുന്ന കെ കെ മേനോന്‍ ബസ്സില്‍ കയറി സ്ഥലം കാലിയാക്കുന്നതിനും ബസ്സിനേക്കാളും കിറുകിറുത്യമായ സമയ നിഷ്ടയുണ്ടായിരുന്നു മാഷിന്‌. മാഷ്‌ വരുന്ന സമയം നോക്കി കയ്യേല്‍ കിടക്കുന്ന വാച്ചിന്റെ സമയം വരെ അഡ്ജസ്റ്റ്‌ ചെയ്യാമെന്നൊരു കിംവതന്തി പത്താംകല്ല്‌ ദേശീയപാതയിലൂടെ ഇടക്ക്‌ ലൂണ ഓടിച്ചു പോകുന്നതു കാണാം.

പതിവുപോലെ അന്നും മധുരിമയിലെ ആവിപറക്കുന്ന പുട്ടിന്റെ മധുരസ്മരണകളില്‍, കിട്ടാവുന്നത്ര വേഗത്തില്‍ സ്കൂളിന്റെ പടികടക്കുകയായിരുന്നു മാഷ്‌. അപ്പോഴാണ്‌ ഏഴാം ക്ലാസ്സിലെ ഇസ്മായിലിന്റുപ്പ മക്കാര്‍ക്ക ആ വഴി വന്നത്‌. മാഷ്‌ ഒന്നു ബ്രൈക്ക്ചവിട്ടി സൈഡൊതുക്കി മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും, മക്കാര്‍ക്ക ആരാ മോന്‍.

"ല്ല മാശേ, ങ്ങള്‍ത്‌ ബ്ട്ക്കാ ഈ ബാലുമ്മെ തീപിടിച്ചപോലെ പായിണീ?"

"അല്ല അതുപിന്നെ മക്കാരെ..." മാഷുടെ രക്ഷപ്പെടാനുള്ള ശ്രമം പാളുന്നു. മാഷിനു സംസാരിക്കേണ്ടി വരുന്നു.

"ങ്ങള്‌ നിക്കീന്ന്‌. ഇന്നലെ ആ ബലാല് ബീട്ടിബന്ന്‌ പറഞ്ഞീ ന്നോട്‌ ങ്ങളെ ബന്ന്‌ കാണാന്‍, എന്താ ബിശേസം മാശെ?"

മോന്‍ ഇസ്മായില് എന്തോ കൊസ്രാങ്കൊള്ളി ഒപ്പിച്ചതിന് അച്ചനെ കൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതി എന്നു പറഞ്ഞ ആ സമയത്തോട് പുച്ഛം തോന്നി മാഷിന്. ശപിക്കണമെന്നു വരെ തോന്നിപ്പോയി. തനെ പുട്ട് മണി തന്നെ മാടി വിളിക്കുന്നു... അതിനിടയില്‍ ഇയാള്‍...

"അതെ, ഞാന്‍ പറഞ്ഞിരുന്നു ഇസ്മായിലിനോട്‌"

"ഞമ്മക്ക്‌ ഇപ്പളാ ഒയ്‌വ്‌ കിട്ട്യേമ്മാശേ. എന്താ പ്രസ്നം മാശെ"

"അതൊക്കെ പിന്നെ പറയാം മക്കാരെ. നിങ്ങള്‍ നാളെ വാ" വീണ്ടും പാളുന്ന ശ്രമം. മാഷുടെ മനസ്സ്‌ പ്രിയ പുട്ടിനെക്കാണാന്‍ വെമ്പുന്നു.

"ങ്ങള്‌ പറമാശേ" മക്കാര്‍ക്ക വിട്ടിട്ടുവേണ്ടെ മാഷിന് പുട്ട് വയറ്റിലേക്ക് ഇന്‍പുട്ടാന്‍.

ഇസ്മായിലിന്‌ ഇന്നലെ കൊടുത്തതൊന്നുംപോരാതെ, ബാപ്പാനെ വിളിച്ചു വരാന്‍ പറഞ്ഞത്‌ വീട്ടില്‍ നിന്ന്‌ കിട്ടാനുള്ളത്‌ ഇസ്മായിലിന്‌ കുറഞ്ഞുപോകേണ്ട എന്ന ഒരേ ഒരു സദുദ്ദേശത്തോടെ മാത്രമാണ്‌. വഴീല്‍ വെച്ച്‌ പറഞ്ഞാല്‍ ബാപ്പാക്ക്‌ അതിന്റെ സീരിയസ്നെസ്സ്‌ മനസ്സിലായില്ലെങ്കിലോ. മധുരിമയിലെ തന്റെ പ്രാണ സഖി ‘പുട്ട്‌‘ തന്നെ മാടി വിളിക്കുന്നു. അതിനിടയില്‍ കേറി വന്നോളും ഓരോന്ന്‌. ഏതായാലും പറഞ്ഞ്‌ സ്ഥലംവിടാന്‍ മാഷ്‌ തീരുമാനിച്ചു. അടുത്തിരുന്ന രാജുവിനെ ഇസ്മായില്‍ പേനകൊണ്ട്‌ കുത്തിയതും രണ്ടുപേരും അടികൂടിയതും ഒരുവിധം പറഞ്ഞൊപ്പിച്ച്‌ മാഷ്‌ പറഞ്ഞു "എന്ന ഞാന്‍ നീങ്ങട്ടേ. ഇസ്മായിലിനെ ഒന്നു സൂക്ഷിക്കണം."

"അത്‌ ഞമ്മളേറ്റ്‌ മാശെ, ങ്ങള്‌ ബേജാറാവേണ്ട".

മക്കാര്‍ക്ക സൈക്കിളെല്‍ തെക്കോട്ടും മാഷ്‌ വെടികൊണ്ട പന്നിപോലെ വടക്കോട്ടും വച്ചുപിടിച്ചു.

മധുരിമയിലെ ചില്ലലമാരയിലിരുന്ന്‌ ബോണ്ടയും വടയും സുജിയനും പഴമ്പൊരിയും (പലതിനും നല്ല പ്രായം തോന്നുന്നുണ്ട്‌) മാഷെ നോക്കി ചിരിച്ചു. പുട്ടുപെണ്ണിനെ മനസ്സിലിട്ടു താലോലിച്‌ ഓമനിച്ചു വളര്‍ത്തുന്ന മാഷുണ്ടോ ഈ ചിരിയില്‍ മയങ്ങുന്നു. അതോടൊപ്പം തന്റെ പ്രാണേശ്വരിയായ പുട്ടിനൊപ്പം ചിലവഴിക്കേണ്ട അമൂല്യ നിമിഷങ്ങള്‍ മക്കാര്‍ക്ക തട്ടിയെടുത്തതിന്റെ വൈക്ലബ്യവും.

തന്റെ മുന്നിലിരിക്കുന്ന ഒരു കുറ്റി പുട്ട്‌ മാഷ്‌ ഒന്നു കൂടെ നോക്കി. അതില്‍ ഒരു കഷണമെടുത്ത്‌ 90 ഡിഗ്രീ തിരിച്ചു വെച്ചു. ഐസ്രൂട്ടാരന്‍ അണ്ണാച്ചി തന്റെ ഹോണ്‍ മുഴക്കാന്‍ ബലൂണില്‍ അമര്‍ത്തുന്ന പോലെ മാഷ്‌ പുട്ടിനെ ഉള്ളം കയിലാക്കി ഒരു പ്രസ്സിംഗ്‌. തേങ്ങയും പൊടിയും എല്ലം മിക്സഡ് ലൈക് കോണ്‍ക്രീറ്റ് മിക്സ്ചര്‍‌. പിന്നെ ചെറിയ ചെറിയ ഉണക്കപുട്ടുപിടികള്‍ മാഷുടെ തിരുവായിലേക്ക് തിരുവെഴുന്നള്ളത്ത് നടത്തി‌. ശേഷം ഒരു കവിള്‍ ചായ. പിന്നെയും പുട്ട്. ബിറ്റ്വീന്‍ ബിറ്റ്വീന്‍ പുട്ട് ആന്‍ഡ് ചായ. പുട്ടുണ്ടാക്കുന്നപോലെ പുട്ടുകഴിക്കുന്ന കിട്ടുണ്ണിമാഷ്. മാഷ്‌ രണ്ടുകഷ്ണം പുട്ടിന്റെ കഥ കഴിച്ചു കഴിഞ്ഞു. അടുത്ത കഷ്ണത്തില്‍ തന്റെ പ്രസ്സിംഗ്‌ പരിപാടിക്ക്‌ കോപ്പുകൂട്ടുന്നു.

"മാഷ്ടെ ബസ്സ്‌ വന്നല്ലൊ മാഷെ" കടക്കാരന്‍ മനോഹരന്റെ മനോഹരമായ കമന്റ്‌ മാഷിന്റെ കര്‍ണ്ണങ്ങളില്‍ ഇടിത്തീയായ് പെയ്തിറങ്ങി.

കേട്ടതുപാതി കേള്‍ക്കാത്ത മറ്റേപാതി പ്രസ്സിങ്ങിനു വെച്ച പുട്ട്‌ പ്രസ്സാതെ പൊടിക്കാതെ നേരെ തിരുനാവായിലേക്ക് ഒരു അമക്കല്‍‌. ആ മഹാ വായില്‍ ഇനി കടുകിടാന്‍ സ്ഥലമില്ലത്തതിനാല്‍ ചായ ഔട്ട്‌. നിറഞ്ഞവായയുമായി (വയറല്ല കേട്ടൊ) മുണ്ടും പൊക്കിപ്പിടിച്ച്‌ തന്റെ ബസ്സുപിടിക്കാന്‍ ശ്രീഹരിക്കോട്ടയില്‍ നിന്നു വിട്ട വാണം പോലെ ഒരു പാച്ചില്‍. പാച്ചിലിനിടയില്‍, തനിക്കു വേണ്ടത്ത്ര ശ്രദ്ധനല്‍കതെ ഓടിയതില്‍ പ്രതിഷേധം അറിയിച്ച്‌ കാല്‍ അടുത്തു കണ്ട കല്ലിനെ കൂട്ടുപിടിച്ച്‌ മാഷെ തട്ടിമറിച്ചു താഴെയിട്ടു. "വീണിതല്ലോകിടക്കുന്നു ധരണിയില്‍...". “ഹമ്മേ”, “ഹയ്യൊ”, അല്ലെങ്കില്‍ കലിപ്പ് സ്റ്റൈലേല്‍ “രക്ഷിപ്പീരടെ”, അല്ലെല്‍ ഇന്നച്ചന്‍ സ്റ്റൈലേല്‍ “ഞാന്‍ ഇതാ പോണേ....” എന്നീ ആശ്ചര്യദായകങ്ങളൊന്നും പുട്ടിനാല്‍ സീല്‍ചെയ്ത മൌത്തില്‍നിന്നും നിര്‍ഗ്ഗളിച്ചില്ല. തൃപ്പാദം പൊട്ടി തൃരക്തം ചിന്തിയെങ്കിലും തൃവായിലെ ഒരുമണിപുട്ടുപോലും ചിന്തിയില്ല എന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌. തപ്പിപ്പിടിച്ചെഴുന്നേറ്റ്‌ ഒരു വിധം ഓടി ബസ്സ്പൂകിയ മാഷ്‌ പത്താംകല്ലുവിട്ടത്‌ ഒരു ഓമനപ്പേരിനുടമയായിട്ടയിരുന്നു. "പുട്ടുമിണു‍ങ്ങി".

ടിക്കറ്റെടുക്കാന്‍ കണ്ടക്റ്ററോട് “ഒരു തൃപ്രയാര്‍” ചോദിച്ച മാഷ്, വിഷുവിനു കിഴക്കെ മുറ്റത്തു കത്തിക്കുന്ന പൂക്കുറ്റിയേക്കാള്‍ വിശേഷമായി വായിലുള്ള പുട്ടും തേങ്ങയും കണ്ടക്റ്ററുടെ മുഖത്തേക്ക് ഫയര്‍ ചെയ്തത് എനിക്ക് അന്നു ബസ്സിലുണ്ടായിരുന്ന മുത്തവ പറഞ്ഞറിവുമാത്രം.

ഇസ്മായിലും കൂട്ടരും വരുംതലമുറക്കു കൈമാറാനും കാത്തു വെക്കനുമായി ഈ സംഭവത്തെ ഒരു ഗാനരൂപത്തില്‍ ക്രോഡീകരിച്ച് സംഗീതം നല്‍കി കോറസ്സായി നാടുമുഴുവന്‍ പാണനെപ്പോലെ പാടിനടന്നു.

"ഓടിവരും ബസ്സുകളില്‍ ചാടിക്കേറും മാഷെ
ചാടിക്കേറി മറിഞ്ഞുവീഴും പുട്ട്മ്മ്ണ്‍ങ്ങി മാഷേ
കിട്ടുണ്ണിമാഷേ കിട്ടുണ്ണിമാഷേ“

Monday, April 20, 2009

ചാര്‍ സൌ ബീസ്‌ പുരാണം

സ്പോക്കണ്‍ ഇം‍ഗ്ലിഷ്‌ ക്ലാസ്സുകഴിഞ്ഞ്‌ കാഞ്ഞാണി സ്റ്റാര്‍വിന്‍റ്റെ വരാന്തയിലൂടെയുള്ള ഉലാത്തലും അതോടൊപ്പം താഴെ റോഡിലൂടെ ബി എ ക്ലാസ്സില്‍ പോകുന്ന മിനിയുടെ, മിനിയുടെ മാത്രമല്ല അപ്പുറത്ത്‌ മന്യയില്‍ പോകുന്ന ചിന്താമണികളും ലീലാമണികളും ഇതില്‍ പെടും, വരവും പ്രതീക്ഷിചുള്ള പ്രേമന്റെ കാത്തിരിപ്പും തുടരുമ്പോഴാണ്‌ ഞാനവിടെ എത്തിയത്‌. മന്യ, സ്റ്റാര്‍വിന്‍ പരെലല്‍ കോളെജുകള്‍ അടുത്തടുത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ കാലത്തും വൈകീട്ടും ലലനാമണികളുടെ ഒരു സംസ്ഥാന സമ്മേളനം കഴിഞ്ഞ പ്രതീതിയാണ്‌. പ്രേമനു ഇതു ചാകര ടൈമും. പ്രേമന്റെ പ്രേംകുമാര്‍ എന്ന പേരുമാറ്റി അതിനെ ഞങ്ങള്‍ റൊമാന്‍സണ്‍ എന്നാക്കിയതു വെറുതെയാണൊ.

"ടാ ചുള്ളാ വാ പോകാം, മതി നിന്റെ വായ്നോട്ടം." ഞാനവനെ വിളിച്ചു. അപ്പുറത്ത്‌ രാജേഷും ജസ്റ്റിനും കാത്തു നില്‍ക്കുന്നു.

"യു മസ്റ്റ്‌ തിങ്ക്‌ ലുക്‌, ഇറ്റ്‌ വില്‍ നോട്ട്‌ വാക്‌ ഹിയര്‍. അവളിപ്പൊ വരോഡ, ന്നട്ട്‌ പോകാം." പ്രേമന്‍ സ്പോകണ്‍ ഇംഗ്ലീഷ് ക്ലാസിന്റെ ഹാങ്ങോവറില്‍ ന്യൂ വേര്‍ഡ്സ് മേയ്ക്കുന്നു.

"യു മസ്റ്റ്‌ തിങ്ക്‌ ലുക്കോ അതെന്തൂട്ടണ്ടാ? ആരു പറഞ്ഞന്ന്‍ നിനക്കിത്? " ഇതുവരെ കേള്‍ക്കാത്ത ഒരു ശൈലി ഇംഗ്ലീഷ് കേട്ടതില്‍ എന്റെ വണ്ടര്‍ ഞാന്‍ മറച്ചു വെച്ചില്ല. ഇനി ആ പ്രസാദ്‌ മാഷ്‌ ഇവനു മാത്രം പ്രത്യേകം ക്ലാസുകൊടുക്കുന്നുണ്ടോ ആവൊ.

"ങാ അതു ഞാന്‍ ഇപ്പൊ ഉണ്ടാക്കിയതാ. നമ്മള്‍ സ്പോക്കെണിന്‍ഗ്ലിഷ്‌ പഠിച്ചിട്ടെന്തെലും കാര്യൊം വേണ്ടെ" പ്രേമന്റെ വിശദീകരണം പിന്നാലെ വന്നു.

"അതിന്റെ മീനിങ്ങൊ?" ഞാന്‍ പാവം, ഇപ്പൊഴും വണ്ടര്‍കുഴിയില്‍ തപ്പിത്തടയുന്നു.

"അതൊ? യു മസ്റ്റ്‌ തിങ്ക്‌ ലുക്ക്‌ - നീ ചിന്തിചു നോക്കണം അതെന്നെ" അവന്റെ ഭാഗം വ്യക്തമാക്കി. ഇനിക്ക്യവനോട്‌ എന്തെന്നില്ലാത്ത മതിപ്പു തോന്നി. അവന്‍ സ്വന്തമായി ആന്‍ഗലേയ വാചകങ്ങള്‍ കൊരുത്തു തുടങ്ങി. ഞാനിതുവരെ ഒരു വാചകം പോലും നേരെ ചൊവ്വെ ഉണ്ടാക്കിയിട്ടില്ല.

"അതിന്റെ ബാക്കി? എന്തൊ വാകോ മറ്റൊ" ബാക്കികൂടി പഠിച്ചാല്‍ കൊള്ളാമെന്നൊന്നൊരാശ എന്റെ മനസ്സില്‍ മൊട്ടിട്ടു.

"ഇറ്റ്‌ വില്‍ നോട്ട്‌ വാക്‌ ഹിയര്‍, അതിപ്പൊ നമ്മള്‍ സാധാരണ പറയാറില്ലെ, അതിവിടെ നടക്കൂല്ലാന്ന് അതെന്നെ".

സ്പോക്കെണിന്‍ഗ്ലിഷ്‌ ഇത്ര സിമ്പിള്‍ സങ്ങതിയാണെന്ന തിരിച്ചറിവിന്റെ നിറവില്‍ ഞാന്‍ നില്‍ക്കുമ്പോള്‍, റൊമാന്‍സന്റെ സ്വന്തം ക്ലീയോപാട്ര മിനി, ഈയാമ്പാറ്റ പോലെ റോഡിലൂടെ പറക്കുന്നു. കാത്തിരുന്ന പാറ്റയെകണ്ട പല്ലിയെപ്പോലെ, പ്രേമന്‍, സ്റ്റാര്‍വിന്‍ സ്റ്റാന്റ്‌ വിട്ട്‌ കാഞ്ഞാണി സ്റ്റാന്റിലേക്ക്‌ റെഡിയായി. മൂന്നാം നിലയില്‍നിന്നും ചവിട്ടുപടികള്‍ ചവിട്ടികുത്തി അവന്‍ താഴേക്ക്‌ ഓടിപ്പോയി. ഞങ്ങള്‍ മൂന്നുപേരും പിറകേ വച്ചുപിടിച്ചു. കൈ കണ്‍കടാക്ഷ കോലാഹലാദികളുടെ അകമ്പടിയോടെ അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ മിനിയെ ബസ്സ്കയറ്റിവിട്ട്‌ നിര്‍വൃതീ കഞ്ചുകനായി പ്രേമന്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു.

വടക്കോട്ടു പോകുന്ന ബസ്സുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിലെ പാന്‍ കടക്കാരനെ കണ്ടപ്പോല്‍ ജസ്റ്റിനൊരു പൂതി. വഴിയേ പോകുന്ന വയ്യാവേലിയെല്ലാം കയ്യില്‍ ഇരിക്കുന്ന പണംകൊടുത്തു വാങ്ങി കീശ നിറക്കുന്നത് ജസ്റ്റിനെന്നും ഒരു ഹോബിതന്നെ. അവനിപ്പോള്‍ കലശലായ ആഗ്രഹം ഒരു പാന്‍ കഴിക്കണം. എന്റെയും രാജേഷിന്റെയും സ്വഭാവം നന്നായറിയാവുന്നതിനാല്‍ അവന്‍ പറഞ്ഞു 'മീഠാ പാന്‍ കഴിക്കാം'. എന്നാ ശരി ഞാനും രാജേഷും ചുമ്മാ കേറിയങ്ങു സമ്മതിച്ചു.

പ്രേമന്‌ ഇപ്പറഞ്ഞത് അത്രകണ്ട് ദഹിച്ചില്ല. അയ്യൊപാവം മീഠാ പാന്‍ ഭോജികളായ ഞങ്ങളുടെ മുന്നില്‍ ഒന്ന് ആളാവാന്‍ വേണ്ടി അവന്‍ ചാടിക്കേറി പറഞ്ഞു "ചാര്‍ സൌ ബീസ്‌ മതി".

"ഡാ, നീയെന്തറിഞ്ഞിട്ടാ ഈ പറയ്ണേ, അതു കഴിച്ചാല്‍ തലകറങ്ങും" രാജേഷ്‌ തന്റെ അനുഭവജ്ഞാനം വിളമ്പി.

"എന്റെ തലയൊന്നും കറങ്ങൂല മോനെ... ഈ പ്രേമനിതെത്ര കണ്ടതാ.‌" പ്രേമന്‍ വിടാനുള്ള ഭാവമല്ല.

"എന്നാ നീ ബെറ്റിനുണ്ടാ‌. നൂറുരൂപ" രാജേഷ്‌ പ്രേമനെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

“ശരി എന്നാ ബെറ്റെന്നെ. ഇന്ന് ശരിയാക്കിയിട്ടുതന്നെ കാര്യം”

"എന്നാ ഞാനും കൂടാം" ജസ്റ്റിനും ബെറ്റില്‍ ചേര്‍ന്നു.

പ്രേമനും ജസ്റ്റിനും നാനൂറ്റി ഇരുപത്‌, ഞങ്ങള്‍ക്ക്‌ മീഠാ പാന്‍. പാന്‍കാരന്‍ ബിജുവിന്‌ ഓര്‍ഡര്‍ കൈമാറി. ബെറ്റിന്റെ ഫലമറിയേണ്ട തിരക്കില്‍ നാലു പേരും പാന്‍ വായ്ക്കകത്താക്കി വഴിയില്‍ പോകുന്ന പൈങ്കിളികളുടെ വായ്നോക്കി നിന്നു.

ചവച്ചതിന്റെ നീര്‌ തുപ്പിക്കളയാന്‍ ജസ്റ്റിന്‍ അടുത്തുള്ള പോസ്റ്റിനടുത്തേക്ക്‌ നീങ്ങി ഒപ്പം പ്രേമനും. അതാ നടന്നുവരുന്നു മുമ്പിലേക്ക്‌ ജസ്റ്റിന്റെ വല്യപ്പന്‍ തോമാച്ചന്‍. ഇതുകണ്ടതും ജസ്റ്റിന്‍ തന്റെ വായിലുള്ളത്‌ മൊത്തം ഒരൊതുക്കല്‍, വര്‍ത്താനം പറയാന്‍ വായ്‌ ആവശ്യമായതിനാലും വയറിനു ഇതില്‍ യാതൊരു പങ്കുമില്ലാത്തതിനാലും ഒതുക്കിയ പാന്‍ വായില്‍ നിന്നു വയറിലേക്ക്‌ കൈമാറി. ഒരു കോളിനോസ്‌ മുഖത്ത്‌ വെച്ച്‌ ചുള്ളന്‍ വല്ല്യപ്പനെക്കാത്തു നിന്നു. തുപ്പാനൊരുങ്ങിയ പ്രേമനേയും, വല്യപ്പനെ കാട്ടി പേടിപ്പിച്ച്‌ വായിലുള്ളത്‌ വിഴുങ്ങാന്‍ പ്രേരിപ്പിച്ചു. ഗത്യന്തരമില്ലാതെ പ്രേമന്റെ പാനും അവന്റെ വയറ്റില്‍ ഇടം കണ്ടെത്തി.

"വല്യപ്പച്ചനെവിട്ക്ക്യാ" ജസ്റ്റിന്‍ കുശലന്ന്വേഷണം നടത്തി. പ്രേമന്‍ തലചൊറിഞ്ഞു ഇളിച്ചുകാട്ടി അവനരികില്‍ നിന്നു.

"ആ ജസ്റ്റിയെ നീയെന്തന്‍ഡ്ര ഇവിടെ?" വല്യപ്പച്ചന്‍ തിരിച്ചൊരു ചോദ്യം.

"ക്ലാസ്‌ കഴിഞ്ഞു വീട്ടിപ്പൊവാപ്പച്ച"

ഇന്നേരംകൊണ്ട്‌ പ്രേമന്റെ മുഖം വിവര്‍ണ്ണമാകുന്നത്‌ കാണാമായിരുന്നു. വയറ്റിലെത്തിയ പാന്‍ അതിന്റെ പണി തുടങ്ങിക്കഴിഞ്ഞെന്ന്‌ പ്രേമന്റെ മുഖം സവിസ്തരം ഉത്ഘോഷിച്ചു കൊണ്ടിരുന്നു.

"ഞാന്‍ നമ്മളെ റോസക്കുട്ടീനെ കൊടുത്തോട്ത്ത്ക്ക്‌. അവള്‍ടെ മോനെന്തൊ പനിയൊ മറ്റോ. സുഖമില്ലാന്നിന്നലെ വിളിച്ചു പറഞ്ഞതാ. വല്യപ്പച്ചന്‍ പാവര്‍ട്ടിപോണ ബസ്സ്‌ നോക്കി വന്നത..." വല്യപ്പച്ചന്‍ തന്റെ ഭാണ്ടം കുരുക്കഴിച്ചു തുടങ്ങി.

പ്രേമന്‍ മെല്ലെ അവിടം വിട്ട്‌ ഞങ്ങളോടൊപ്പം ചേര്‍ന്ന്‌, വയറിന്റെ ദുരവസ്തയെ ചൊല്ലി വാചാലനായി. അവിടെ വച്ച്‌ എന്തു ചെയ്യണമെന്നറിയാതെ ഞാനും രാജേഷും മുഖത്തോടു മുഖം നോക്കി നിന്നു. അപ്പോഴെക്കും പാവറട്ടി പോകുന്ന വണ്ടി വന്നു വല്യപ്പനെ കയറ്റിവിട്ട്‌ ജസ്റ്റിനും എത്തി. അവര്‍ രണ്ടു പേരും നന്നായി വിയര്‍ത്തൊഴുകുന്നുണ്ടായിരുന്നു.

അല്‍പം കഴിഞ്ഞ്‌ പ്രേമന്‍ വാടിയ താമരതണ്ടുപോലെ രാജേഷിന്റെ ചുമലിലേക്ക്‌ ചാഞ്ഞു. അവനിപ്പൊ സ്വബോധം നഷ്ടപ്പെട്ട്‌ റോഡിലേക്ക്‌ വഴുതിയിരുന്നു. നാലാള്‍ കൂടുംമുമ്പ്‌ അവനെ അവിടന്നൊഴിവാക്കാനുള്ള ആത്മാര്‍ത്ഥശ്രമം ഞങ്ങള്‍ തുടങ്ങി. ആദ്യപടിയായി ഞാനും രാജേഷും ചേര്‍ന്ന്‌ പ്രേമന്റെ കൈകള്‍ ചുമലിലാക്കി നടത്തുവാന്‍ നോക്കി.

പ്രേമന്റെ ശരീരം ഒരു സമ്പൂര്‍ണ്ണ പണിമുടക്കു പ്രഖ്യാപിച്ചതില്‍ തങ്ങളുടെ സര്‍വ്വ പിന്തുണയും ഉറപ്പു നല്‍കിയ കാലുകളുണ്ടൊ ഒരടി മുന്നൊട്ടൊ പിന്നോട്ടൊ. അവരുടെയും സമരം സമ്പൂര്‍ണ്ണം. പ്രേമന്‍ തോളില്‍ തൂങ്ങിയതു മിച്ചം. സ്വന്തം ശരീരത്തെ പണിമുടക്കില്‍ നിന്നും രക്ഷിക്കാന്‍ ജസ്റ്റിന്‍ നടത്തുന്ന ഭഗീരഥ പ്രയത്നങ്ങള്‍ ഞങ്ങള്‍ കണ്ടില്ലെന്നു വിചാരിക്കല്ലേ, ഞങ്ങള്‍ നിസ്സഹായരായിരുന്നു.

അടുത്തിരുന്ന ഒരു സൈക്കിളിന്റെ കാരിയറില്‍ പ്രേമനെ ഒരുവിധം കയറ്റി വച്ചു. ലോഡു കയറ്റിയ സൈക്കിള്‍ മെല്ലെ തള്ളിക്കൊണ്ട്‌ ഞങ്ങള്‍ ത്രേസ്സ്യെടത്തിയുടെ വീട്‌ ലക്ഷ്യമാക്കി അടിവച്ചടിവച്ചടുത്തു. സ്വയം കണ്ട്രോള്‍ ഏറ്റെടുത്ത്‌ ജസ്റ്റിന്‍ സൈക്കിളിന്റെ സീറ്റെല്‍ മുറുക്കിപ്പിടിച്ച്‌ വേച്ച്‌വേച്ച്‌ നടന്നു. ഈ കോലം കണ്ട പ്രേമന്റെ പ്രേമഭാജനങ്ങള്‍ വായ്പൊത്തിയും പൊത്താതെയും ചിരിക്കുകയും കടക്കണ്ണാല്‍ ഒരു കടാക്ഷം ബോധമുള്ള ഞങ്ങള്‍ക്കു നേരെ വീശിയെറിയുകയും ചെയ്തു കടന്നു പോയി. എന്റെ അനുജത്തിയൊടൊപ്പം പ്രീ ഡി ഗ്രിക്കു പഠിക്കുന്ന രഹ്നയുടെ നോട്ടം, ഇതുവരെ സേവ്‌ ചെയ്യാത്തതും അവളെ മനസ്സില്‍ കണ്ട്‌ ഞാന്‍ തയ്യാറാക്കുന്നതുമായ ലവ്‌ ലെറ്റര്‍ ഡോക്കുമെന്റിന്റെ മുന്നില്‍ മൈക്രൊസോഫ്റ്റിന്റെ എറര്‍ മെസ്സേജ്‌ പൊലെ കണ്ണുരുട്ടി നിന്നു.

ത്രേസ്സ്യേടത്തിയുടെ കിണറ്റിന്‍ കരയില്‍ പ്രേമന്റെ പള്ളി നീരാട്ടിനുള്ള ഒരുക്കങ്ങള്‍ നടത്തി പ്രേമനെ ഒരു കല്ലില്‍ കുടിയിരുത്തി. നാലോ അഞ്ചൊ ബക്കറ്റ്‌ വെള്ളം കോരിക്കൊടുത്തതു ഞാന്‍ അതെടുത്ത്‌ പ്രേമന്റെ തലയില്‍ കമഴ്തിയത്‌ രാജെഷ്‌. ഇവിടെ എന്താണ്‌ നടക്കുന്നതെന്ന്‌ വലിയ ഗ്രാഹ്യമൊന്നുമില്ലാതെ കിണറ്റുവക്കില്‍ പിടിച്ച്‌ ജസ്റ്റിനും.

പ്രേമന്റെ നീരാട്ടിനു ശേഷം ജസ്റ്റിന്റെ കുളിസീന്‍ ഒരു സ്പെഷ്യല്‍ ഷോ ആയി അവിടെ നടത്തപ്പെട്ടു. ഇരട്ടക്കുട്ടികളുടെ പ്യാരന്റ്സിനെപ്പോലെ, കൂളിപ്പിച്ച കുട്ടികളെ ത്രേസ്സ്യേടത്തിയുടെ തോര്‍ത്തിനാല്‍ തോര്‍ത്തി സുന്ദരക്കുട്ടപ്പന്മാരാക്കി. ത്രേസ്സ്യേടത്തിക്ക്‌ നന്ദിയും കടപ്പാടും തോര്‍ത്തും കൊടുത്ത്‌ ഞങ്ങള്‍ നാലുപേരും സ്വന്തം കാലുകളില്‍ തിരിച്ചു നടന്നു.