Sunday, July 08, 2007

എക്സ്പ്രസ്സ് മണി

“വീട്ടാരേ... വീട്ടിലാരുല്ലേ...“

പോസ്റ്റ്മാന്‍ പ്രകാശേട്ടന്റെ നീട്ടിയുള്ള വിളി കേട്ട് ഉമ്മ കിഴക്കേപ്പുറത്തേക്കു വന്നു.

“ഒരു റെയ്സ്ട്രുണ്ട്” പ്രകാശേട്ടന്‍ പറഞ്ഞു.

ഉമ്മ കത്ത് ഒപ്പിട്ടു വാങ്ങി. പ്രകാശേട്ടന്‍ തലചൊറിഞ്ഞുകൊണ്ടു നിന്നു. ഉമ്മ അകത്തു പോയി പത്തു രൂപകൊണ്ടുവന്നു. പ്രകാശേട്ടന്‍ അതു വാങ്ങി തന്റെ സൈക്കിളുമായ് തിരിച്ചു പോയി.

ഉപ്പാക്കു നാട്ടില്‍ വരാന്‍ പറ്റാത്ത മറ്റൊരു പെരുന്നാളുകൂടി കടന്നു പോകുന്നു. ഉമ്മ കത്തു പൊട്ടിച്ചു വായന തുടങ്ങി. പെരുന്നാളിനു വെല്ലിപ്പാര്‍ക്കും അമ്മായിക്കും പെറ്റുമ്മാക്കും ബാക്കി ബന്ധുക്കള്‍ക്കും കൂടെ കുട്ടികളായ ഞങ്ങള്‍ക്കും കൊടുക്കുവാനുള്ള കൈനീട്ടത്തിന്റെ വിശദമായ കണക്കും അവര്‍ക്കുള്ള സ്നേഹാന്വേഷണങ്ങളും അടങ്ങുന്ന ഒരു അഞ്ചാറു പേജു വരുന്ന ഒരു കത്തും അതോടൊപ്പം ഒരു ഡ്രാഫ്റ്റും. ഞങ്ങളുടെയെല്ലാം പേരെടുത്തെഴുതി അതിനോടൊപ്പം ഉപ്പ തരുന്നതെന്തുതന്നെയായാലും അതു തരുന്ന ഒരു സന്തോഷവും സംതൃപ്തിയും എത്രമാത്രമുണ്ടായിരുന്നെന്ന് ഇപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്.

ആദ്യ കാലങ്ങളില്‍ ഒരു ശരാശാരി ഗള്‍ഫുകാരന്റെ പണം നാട്ടിലെത്തിയിരുന്നത് അവരുടെ സ്നേഹത്തില്‍ പൊതിഞ്ഞ സന്ദേശങ്ങളും ചേര്‍ന്നായിരുന്നു. വീട്ടുകാരുടേയും നാട്ടുകാരുടേയും വിശേഷങ്ങളന്വേഷിച്ചും അവര്‍ക്കെല്ലാം അന്വേഷണങ്ങളറിയിക്കണമെന്ന വരികളോടും കൂടി പേജുകള്‍ നീളുന്ന ലേഖനങ്ങള്‍. മണി എക്സ്ചേഞ്ചില്‍ നിന്നു വാങ്ങിയ ഡ്രാഫ്റ്റിനു മുന്നില്‍, നാടിനെ മനോമുകുരത്തില്‍ കണ്ടെഴുതുന്ന പ്രവാസിയുടെ കത്തുകള്‍. തന്റെ വിഷമങ്ങളും പ്രയാസങ്ങളും മറ്റുള്ളവരെയറിയിക്കാതെ, മറ്റുള്ളവരുടെ വിശേഷങ്ങളാരായുന്ന ഒരായിരം ചോദ്യങ്ങളടങ്ങിയ നീണ്ട നീണ്ട കത്തുകള്‍. പിന്നെ നാട്ടിലേക്കാരെങ്കിലും പോകുന്നുണ്ടൊ എന്ന തിരച്ചില് കത്ത് അവരുടെ കയിലേല്‍പ്പിക്കാന്‍‍. അതിലും പരാജയപ്പെട്ടാല്‍ മാത്രം, പോസ്റ്റൊഫീസില്‍ പോയി നാട്ടിലേക്കയക്കുന്ന ‘റെയ്സ്ട്രുകള്‍’.


ഫോണിന്റെ വരവോടെ കത്തുകളുടെ നീളം കുറഞ്ഞു കുറഞ്ഞുവന്നു. ഫോണ്‍ സര്‍വ്വ സാധാരണമായ ഈ നാളുകളില്‍ അവസാനം കത്തുകളേയില്ലാതായി. വിശേഷങ്ങള്‍ എല്ലാം ഒന്നോ രണ്ടോ വാചകങ്ങളില്‍, കാര്‍ഡിലെ ക്രെഡിറ്റു കുറയുന്നതിന്റെ തിരക്കില്‍ ആര്‍ക്കോവേണ്ടി പറയുന്ന ആത്മാര്‍ത്ഥതയില്ലാത്ത വാക്കുകങ്ങളില്‍, പറഞ്ഞൊതുക്കുന്നു.

ജീവിതത്തിന്റെ തിരക്കു കൂടുന്നതനുസരിച്ച്, എത്രയും നേരത്തെ പണം നാട്ടിലെത്തിക്കാനുള്ള തത്രപ്പാടില്‍, നാമാശ്രയിക്കാറുള്ളത് എപ്പോഴും എക്സ്പ്രസ്സ് മണി ട്രാന്‍സ്ഫറുകളെയാണ്. അതിനുശേഷം ഫോണില്‍ നിന്നുള്ള ഒരു വിളിയോ അല്ലെങ്കില്‍ ഒരു സന്ദേശമോ. ഇതില്‍ അവസാനിക്കുന്നു വിനിമയം. വളരെ നല്ലരീതിയിലുള്ള സേവനം നല്‍കുന്ന ഒരുപാട് മണി എക്സേഞ്ചുകള്‍ കൂണുപോലെ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്നു. പണമയച്ച് പത്തുമിനുട്ടുകള്‍ക്കകം അതു നാട്ടില്‍ കൈപറ്റാനുള്ള സൌകര്യം ഇന്ന് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. ഇതു കൂടാതെ നറുക്കെടുപ്പുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്ത്, ഈ പ്രസ്ഥാനത്തെ ഒരു ഒഴിച്ചു കൂടാനാവാത്ത ഘടകമാക്കി മാറ്റിയിരിക്കുന്നു ഈ പണം പിഴിയല്‍ സ്ഥാപനങ്ങള്‍.

ഇതിനിടയിലെവിടെയോ പ്രവാസി വെറും പണം കായ്ക്കുന്ന മരങ്ങളായി മാറുന്നു നാട്ടില്‍ ശേഷിച്ചിരിക്കുന്നവര്‍ക്ക്. എപ്പോഴെങ്കിലും ഗള്‍ഫില്‍ നിന്നു നാട്ടിലുള്ളവരെ തേടിയെത്തുന്ന കത്തുകള്‍, മനസ്സുകള്‍ തമ്മില്‍ അകലമുണ്ടാവാതെ സൂക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു.

ഇനിയും കത്തുകളുടെ പ്രതാപകാലം തിരിച്ചു വരുമോ, മനസ്സുകള്‍ തമ്മിലുള്ള അടുപ്പവും.

20 comments:

Sul | സുല്‍ said...

"എക്സ്പ്രസ്സ് മണി"

ഒരു പ്രവാസി ചിന്ത.

പുതിയ പോസ്റ്റ്.

-സുല്‍

അഗ്രജന്‍ said...

വളരെ ശ്രദ്ദേയമായൊരു കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു സുല്ലിന്‍റെ ഈ പോസ്റ്റ്.

വരികളില്‍ സ്നേഹവും സാമീപ്യവും ആശ്വാസവും പകര്‍ന്ന് നല്‍കിയിരുന്ന കത്തുകള്‍ അന്യം നിന്ന് പോകുന്നു. ചാര്‍ജ്ജ് ചെയ്യപ്പെട്ട മിനുറ്റുകളില്‍ പറഞ്ഞൊതുക്കുന്ന വിശേഷങ്ങള്‍ ഒരു വഴിപാട് പോലെയായി മാറുന്നു.

kaithamullu : കൈതമുള്ള് said...

വളരെ കാലികം, സത്യസന്ധം.
-പുതിയ SMS ജീവിതം!

SAJAN | സാജന്‍ said...

സുല്ലേ, വളരെ നല്ല നിരീക്ഷണം.. പ്രവാസമലയാളികളില്‍ മാത്രമല്ലല്ലൊ ഈ മാറ്റം കാണുന്നത് ഇപ്പൊ എഴുതാന്‍ ആര്‍ക്കും സമയമില്ലല്ലൊ..ബാങ്കിന്റെ സ്റ്റേറ്റ്മെന്റുകള്‍ മാസാമാസം വരുന്ന ചില മാഗസിനുകള്‍, ബില്ലുകള്‍, അപൂര്‍വം ചില ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ ഇവയൊക്കെ ഒഴിച്ച് ഒരു കൈപ്പടയിലെഴുതിയ ഒരു കത്തെനിക്ക് കിട്ടിയിട്ട് ഇപ്പൊ വര്‍ഷങ്ങള്‍ ആവുന്നു :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കത്തെഴുതാന്‍ പോയിട്ട് വല്ലോം എഴുതാന്‍ നോക്കുമ്പോള്‍ അക്ഷരങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്ന മലയാളികളുടെ എണ്ണം കൂടുന്നു. കത്തെഴുതുന്നതിന്‍് അതിന്റേതായ ഒരു സുഖമുണ്ട്.

അപ്പു said...

"തന്റെ വിഷമങ്ങളും പ്രയാസങ്ങളും മറ്റുള്ളവരെയറിയിക്കാതെ, മറ്റുള്ളവരുടെ വിശേഷങ്ങളാരായുന്ന ഒരായിരം ചോദ്യങ്ങളടങ്ങിയ നീണ്ട നീണ്ട കത്തുകള്‍."

സുല്ലേ, നല്ല പോസ്റ്റ്, നല്ല നിരീക്ഷണം. ചാത്തന്‍ പറഞ്ഞതിന്റെ അടിയില്‍ ഒരു ഒപ്പ്

വല്യമ്മായി said...

സമാനമായ അനുഭവങ്ങളിലൂടെ വളര്‍ന്ന് വന്നതിനാലാകാം വളരെ ഇഷ്ടമായി ഈ പോസ്റ്റ്.

ഇടിവാള്‍ said...
This comment has been removed by the author.
ഇടിവാള്‍ said...

ini Blog ezhuthi "blog address' SMS cheythu koduthaal mathi SullE ;) avarkku nammuTe manasu vaayikaa. thru blog!

Permission> invited Members Only ennu aakkane .. ;)

സു | Su said...

:)

ബീരാന്‍ കുട്ടി said...

സുല്ലേ, നല്ല പോസ്റ്റ്

sandoz said...

കൊച്ചിന്റെ അഞ്ചാം പിറന്നാളിന് വാങി അയച്ച സമ്മാനം ഇരുപത്തിയഞ്ചാം പിറന്നാളിന് കിട്ടിയ/കിട്ടിച്ച തപാല്‍ വകുപ്പുള്ള നാടാണ് നമ്മുടെ...
പിന്നെ എന്തൊക്കെ പറഞാലും ..
പോയിട്ട് കത്തയക്കണം കേട്ടാ എന്ന ഡയലോഗ് ഇനിയുള്ള നാളുകളില്‍ കഥയെഴുത്തുകാര്‍കും നോവലെഴുത്തുകാര്‍ക്കും ഉപയോഗിക്കാന്‍ പറ്റില്ലാ...എന്ന മാറ്റം ആല്ലാതെ വലിയ നൊസ്റ്റാല്‍ജിയ ഒന്നും എനിക്ക് തോന്നണില്ലാ...
പ്രവാസി അനുഭവങള്‍ കുറവായത് കൊണ്ടായിരിക്കാം...
ഈ നോര്‍ത്ത് ഇന്‍ഡ്യ പ്രവാസിലോകത്തില്‍ പെടുമോ ചേട്ടന്മാരേ...

ikkaas|ഇക്കാസ് said...

തമാശായാലും കാര്യമായാലും ഇടിവാളിന്റെ കമന്റ് നല്ല ഒരാശയമാണ്. പരീക്ഷിക്കിന്‍ പ്രവാ‍സികളേ..

തറവാടി said...

:)

കരീം മാഷ്‌ said...

എനിക്കു കുറ്റബോധമില്ല.
കാരണം ഞാന്‍ കത്തെഴുത്തു നിര്‍ത്തിയിട്ടില്ല. പക്ഷെ കത്തുകള്‍ വരമൊഴിയില്‍ അടിച്ചു യൂണിക്കോഡില്‍ പ്രിന്‍റു ചെയ്തെടുക്കുമ്പോള്‍ എന്റെ കയ്യക്ഷരത്തിലെഴുതിയ കത്തു വായിക്കുമ്പോഴാണു ഇഷ്ടം എന്നു എല്ലാരും പറയുമ്പോള്‍ ഒരു വിഷമം. നാള്‍ക്കുനാള്‍ എന്റെ കയ്യക്ഷരം മോശമായി വരുന്നു.
"കീബോര്‍ഡിന്റെ സൈഡ്‌ ഇഫക്ട്‌".

ഇത്തിരിവെട്ടം said...

നല്ല പോസ്റ്റ്... നല്ല നിരീക്ഷണം...

(എനിക്കും കുറ്റബോധം തോന്നിയില്ല... )

G.manu said...

സുല്‍ജി........ നന്നായി..ഫോണുകളൂം ഇ.മെയിലുകളൂം തട്ടിയെടുത്തത്‌ ഹൃദയങ്ങളെ ആണു.. കൊച്ചു കൊച്ചു നാട്ടുവര്‍ത്തമാനങ്ങളെയാണു

അരീക്കോടന്‍ said...

കത്തുകളുടെ പ്രതാപകാലം തിരിച്ചു വരുമോ ? Last day I also thought the old golden days of waiting for postman....Really his arrival was a thrill in that days.സുല്ലേ, നല്ല പോസ്റ്റ്

കുട്ടമ്മേനൊന്‍| KM said...

കത്തുകളെല്ലാം അന്യം നിന്നുപോകുന്നു. ബന്ധങ്ങളുടെ തീവൃതയ്ക്ക് കത്തുകള്‍ എന്നും ഒരു മുതല്‍ക്കൂട്ടുതന്നെയാണ്. നല്ല ചിന്ത.

മുരളി വാളൂര്‍ said...

തീര്‍ച്ചയായും കത്തുകള്‍ വായിക്കുമ്പോഴുള്ള ഒരു വികാരം, അതൊന്നു വേറെ തന്നെയാണ്‌, പക്ഷേ കാലം മാറിയില്ലേ, എല്ലാരും കൂടുതല്‍ വേഗത്തിനായി പരക്കം പായുന്നു, കത്തു നന്നെന്നു പറയുമ്പോഴും ഞാന്‍ നല്ലപാതിക്കു എന്നും രാവിലെ ഇമെയില്‍ അയക്കുന്നു, അവളിങ്ങോട്ടും....!!