എങ്ങും കുറ്റാകൂരിരുട്ട്. സമയം പാതിരാത്രി കഴിഞ്ഞുകാണും. ചീവീടുകളുടെ ശബ്ദവും അതിനു കൂട്ടിന്നായി തവളകളുടെ പേക്കൊം പേക്കൊം കരച്ചിലും. അകലെയെവിടെയോ ശ്വാന സംഗം അവരുടെ ഗാനമേള പൊടിപൊടിക്കുന്നു. ഒരു വിജനമായ പ്രദേശത്തു കൂടെ വീട്ടിലേക്കുള്ള യാത്രയിലാണ് ഞാന്‍. പകലുപെയ്ത മഴയുടെ കാരുണ്യം കൊണ്ട് കരകവിഞ്ഞ കുളം, വഴിയിലേക്കും പറമ്പിലേക്കും കവിഞ്ഞ്, പരന്നു കിടക്കുന്നു. നാട്ടുകാര്‍ നടന്ന് നടന്നുണ്ടാക്കിയ ഒരു നടവഴി. അതിനടുത്തായി ഒരു വലിയ പ്ലാവ്. കഴിഞ്ഞ വേനലിലെ കൊടും വെയിലില്‍ കൊഴിഞ്ഞ ഇലകള്‍ ഇനിയും കിളിര്‍ത്ത് തുടങ്ങിയിട്ടില്ല.
സൈക്കിളും തള്ളി വഴിയിലെ വെള്ളത്തിലൂടെ കാലുകള്‍ വലിച്ചു വച്ചു നടന്നു. വെള്ളത്തിലുള്ള ചപ്പുചവറുകള്‍ ചെരിപ്പിനിടയില്‍ തടയുന്നുണ്ട്. എന്നാലും എത്രയും പെട്ടന്ന് ഇവിടം കഴിഞ്ഞു കിട്ടാന്‍ വേണ്ടി കാലുകള്‍ വലിച്ചു വച്ചു നടക്കുകയാണ്. കൂട്ടുകാരന് അവന്റെ വീടെത്തിയപ്പോള്‍ ഞാന്‍ ഒറ്റക്കായി. അവന്റടുത്തുന്നു ആ ടോര്‍ച് വാങ്ങാമായിരുന്നു. ഇനി പറഞ്ഞിട്ടെന്താ. ഈ പറമ്പുകഴിഞ്ഞു കിട്ടിയാല്‍ രക്ഷപ്പെട്ടു. വീട് അടുത്തു തന്നെയാണ്.
പെട്ടെന്ന് എനിക്കൊരു തോന്നല്‍. ഞാന്‍ നടക്കുന്ന ശബ്ദമല്ലാതെ വെള്ളത്തില്‍ മറ്റൊരു ശബ്ദം കേള്‍ക്കുന്നുണ്ടോ? പെട്ടെന്ന് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു വലിയ പാമ്പ് എന്റെ നേരെ ഇഴഞ്ഞിഴഞ്ഞു വരുന്നു. ഞാന്‍ സകല ശക്തിയുമെടുത്ത് ഓടാനാഞ്ഞു. പക്ഷെ എന്റെ കാലുകള്‍ ചലിക്കുന്നില്ല. ഞാന്‍ നിന്നിടത്തു തന്നെ നിന്ന് തിരിയുന്നു. ഒരടിപോലും മുന്നോട്ടോ പിന്നോട്ടോ പോകുന്നില്ല. ഓടാനുള്ള ഊക്കം കൂട്ടുന്നതനുസരിച്ച് തിരിയലിന്റെ ശക്തിയും കൂടികൂടി വന്നു. പാമ്പ് എന്റെ അടുത്ത് എത്തിതുടങ്ങി. കുറെ നേരത്തെ ശ്രമത്തിനുശേഷം ഞാന്‍ വെള്ളത്തില്‍ നിന്നൊരുവിധം കരയിലെത്തി. സൈക്കിളില്‍ കയറാനോ ചവിട്ടാനോ പറ്റുന്നില്ല. പാമ്പ് പിന്നാലെ വരുന്നുണ്ട്. ഓടിയില്ലെങ്കിലും വേണ്ട പതുക്കെയെങ്കിലും നടക്കാമെന്നു കരുതി നടന്നു. അല്പം ചെന്നപ്പോള്‍ തെങ്ങോലയില്‍നിന്നൂര്‍ന്നുവീണ മറ്റൊരു പാമ്പ് എന്റെ കൈകളിലൂടെ സൈക്കില്‍ ഹാന്‍ഡിലില്‍ ചുറ്റി കിടന്നു. സൈക്കിള്‍ തള്ളി മാറ്റിയിട്ട് ഞാന്‍ അവിടുന്നും ഓടി.
അയല്പക്കത്തെ സത്യന്റെ വീട്ടിലെ ടോമി, ഇന്നു കാലത്തു വരെ ഞങ്ങള്‍ നല്ല സൌഹൃദത്തിലായിരുന്നു, എന്റെ ഈ ഓട്ടവും വരവും കണ്ട്, എന്റെ പിന്നാലെ കുരച്ചുകൊണ്ടോടിവന്നു. കൂടെ വേറെ നാലഞ്ച് നായ്ക്കളും. പ്രാണന് കിട്ടിയാല്‍ മതിയെന്ന മട്ടിലെ ഓട്ടം നിര്‍ത്തിയത് എന്റെ റൂമിന്റെ ജനാലക്കു പിറകില്‍. എന്റെ ശ്വാസൊഛാസം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഹൃദയമിടിപ്പ് കൂടി കൂടി വരുന്നു.
ജനല്‍പാളിയുടെ ഇടയിലൂടെ എന്റെ ശര്‍ട്ടിന്റെ ഒരറ്റം കാണുന്നു. ഞാന്‍ അതു പതുക്കെ പിടിച്ചു വലിച്ചു. ജനല്‍ തുറന്ന് കുപ്പായം കയ്യിലായി. അതോടൊപ്പം അവിടെനിന്നൊരുകൂട്ടം തവളകള്‍ എന്റെ നേരെ ചാടി. തവളകള്‍ ശരീരത്തില്‍ പറ്റാതിരിക്കാന്‍ ഒഴിഞ്ഞുമാറിയ ഞാന്‍ കാലുതെറ്റി മലര്‍ന്നടിച്ചു വീണു. മന്‍ഢൂകങ്ങള്‍ എന്റെ മണ്ടയില്‍ ടപ്പാംകുത്ത് നടത്തി. എന്റെ ഹൃദയമിടിപ്പു നിന്ന പോലെ തോന്നി. ഞാന്‍ ശക്തിയായി കിതച്ചു കൊണ്ടിരുന്നു.
"ടാ സുല്ലേ ടാ സുല്ലേ എന്തു പറ്റ്യേഡാ..." കൂടെ കിടന്നുറങ്ങിയിരുന്ന സക്രുവിന്റെ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. അപ്പോഴും ഞാന്‍ കിതച്ചുകൊണ്ടേയിരുന്നു.
ഇന്നലെ രാത്രി നടന്ന ആ ഭീകരസംഭവം കറന്റടിച്ചപോലെ എന്റെ തലയിലൂടെ മിന്നിമാഞ്ഞു.
(തുടരും)
Sunday, December 03, 2006
Subscribe to:
Post Comments (Atom)
18 comments:
“എങ്ങും കുറ്റാകൂരിരുട്ട്. സമയം പാതിരാത്രി കഴിഞ്ഞുകാണും. ചീവീടുകളുടെ ശബ്ദവും അതിനു കൂട്ടിന്നായി തവളകളുടെ പേക്കൊം പേക്കൊം കരച്ചിലും. അകലെയെവിടെയോ ശ്വാന സംഗം അവരുടെ ഗാനമേള പൊടിപൊടിക്കുന്നു.“
"കാളിയമര്‍ദ്ദനം (ഒന്നാം ഭാഗം)" ഇവിടെ തുടങ്ങുന്നു.
-സുല്‍
സ്വപ്നം ആയത് നന്നായി. അല്ലെങ്കില്‍ പാമ്പ് കൈയില്ക്കൂടെ ഊര്‍ന്നു പോയീന്ന് പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി. ;)
നല്ല സ്വപ്നം എന്നു തന്നെ പറയാം അല്ലേ..
വായിച്ചപ്പോള്‍ ശ്രീനിവാസന് തവള പിടുത്തക്കാരനായ ഒരു സിനിമ (അപരിചിതര്‍ ആണെന്ന് തോന്നുന്നു കൃത്യമായി ഓര്‍ക്കുന്നില്ല)ഓര്‍മ്മ വന്നു.
രാജു.
സുല്ലേ.. ഇന്നലെ വല്ല മീറ്റുമുണ്ടായിരുന്നോ.. ഇങ്ങനെ പാമ്പാവാന്‍ ?
സ്വപ്നങ്ങള്‍, സ്വപ്നങ്ങളേ നിങ്ങള്‍ സുല്ലിനെയിങ്ങനെ ടെന്‍ഷനടിപ്പിക്കാതെ..
മണ്ടുകങ്ങളുടെ ഡപ്പാം കുത്ത് - ഹാ ഹാ
സ്വപ്നത്തില്‍ ഓടാന്‍ ശ്രമിച്ചാലും പറ്റാറില്ല. :)ഉറങ്ങുന്നതിനു മുന്‍പ് ഈശ്വരനെ വിചാരിച്ചിട്ട് കിടക്കൂ.:)
ഇരിങ്ങല്‍ മാഷെ, ആ സിനിമ ‘ചിതറിയവര്‍’അല്ലേ?
ബിന്ദു താങ്കള്‍ പറഞ്ഞതാണ് ശരി. ‘ചിതറിയവര്‍’എന്നാണ് ശരി.
ഞാന്‍ എഴുതുമ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു. തിരുത്തിയതിന് നന്ദി.
എന്റെ ഭായീ..
സ്വപ്നമായതു കഷ്ടമായി, അല്ലെങ്കില്‍ ഒരു പാമ്പു വേലായുധനെക്കൂടി കേരളത്തിനു കിട്ടിയേനെ!!
ഇതു പോലെ വിശാലമായ സ്വപ്നങ്ങള്‍ കാണാന്‍ കോപ്പിറൈറ്റ് എടുത്തിട്ടുണ്ടോ?
സുല്‍ത്താന്റെ സ്വന്തം ഏരിയാ ആണെന്നറിയാമല്ലോ? ;)
ന്റെ സുല്ലേ.. കിനാവിലെങ്കിലും വണ്ണമുള്ള മുട്ടന്‍ അനകോണ്ടയേയോ പെരുമ്പാമ്പ്/മലമ്പാമ്പ് ജാതിയിലുള്ളതിനേയോ, അല്ലേല്‍ രാജവെമ്പാലനേയോ കണ്ടിരുന്നെങ്കില്‍ നനഞ്ഞുവിറച്ചിരിക്കുന്ന നേരം അടിമുടിയൊന്ന് ത്രസിപ്പിച്ച് വാപൊളിച്ച് ഇരിക്കാമായിരുന്നു. അടുത്ത ഭാഗം വേഗം പോരട്ടെ?
സ്വപ്നം കൊള്ളാം സുല്‍..
“ചീവീടുകളുടെ ശബ്ദവും അതിനു കൂട്ടിന്നായി തവളകളുടെ പേക്കൊം പേക്കൊം കരച്ചിലും. അകലെയെവിടെയോ ശ്വാന സംഗം അവരുടെ ഗാനമേള പൊടിപൊടിക്കുന്നു“
ഞാന്‍ ആാദ്യം ശ്വാനസംഗമം എന്നാണു വായിച്ചത്.. അപ്പോളാദ്യമോര്ത്തു അവരു വല്ല ബ്ലോഗേഴ്സൂ മീറ്റി വ്വല്ലോം നടത്തുകയായിരിക്കും എന്നു ;)
ബെസ്റ്റ് സ്വപ്നം :)
പെരൊന്ന് മാറ്റി ‘ദാരിക വധം’ എന്നാക്കായിരുന്നു ;)
തൊടക്കം കണ്ടപ്പൊ,ഇതേതോ കഥാപ്രസംഗമാണെന്നാ കരുതിയെ.പിന്നീടങ്ങോട്ട് ശ്വാസമടക്കിപ്പിടിച്ചിരുന്നാ വായിച്ചത്.എന്നാലും എന്റെ സുല്ലെ,ഇങ്ങനെ പ്യാടിച്ചാലൊ..?പാമ്പുകളോടെന്തെങ്കിലും മുന്‍ വൈരാഗ്യം വല്ലതും..?
ആ ഡബ്ബാംകൂത്ത് പ്രയോഗം ക്ഷ പിടിച്ചൂ,ട്ടൊ
ഓ.ടോ)നിന്റെ പ്യാടിപ്പനി ഇപ്പഴും ശരിക്കങ്ങട് മാറീട്ടില്ലല്ലെ.രണ്ടു ദിവസം പനിച്ച് കിടന്നതല്ലെ,അതു കൊണ്ടാ ഇജ്ജാതി കിനാവ് കാണുന്നെ.അല്ലാ,മരുന്നൊന്നും മാറിക്കഴിചിട്ടില്ലാല്ലൊ,അല്ലെ..!
സുല്ലേ.... പാമ്പ് ... സെക്സിന്റെ സിമ്പലാ.. കൂടെ തവള .. അതൊരു സുഖമുള്ളൊരു കാര്യമല്ല... നപുംസകത്തെ സൂചിപ്പിക്കുന്നു.. പട്ടികള്‍ ... അപകടമാ..
--------------- എന്നാലും നീ ആള് കൊള്ളാം ആളെയങ്ങ് ഭയപ്പെടുത്തി കളഞ്ഞു
സ്വപ്നം കണ്ടതും നല്ല 7.1 സ്റ്റീരിയോഫോണിക് ഡോള്‍ബി ഡിജിറ്റലൊക്കെ വെച്ചിട്ടായിരുന്നു അല്ലെ.
തവളയുടെ ശബ്ദം,ചിവീടുകളുടെ സംഗീതം,പട്ടികളുടെ കുര അങ്ങനെ അങ്ങനെ..
എന്റെ ഭയത്തിലും ദു:ഖത്തിലും വേദനയിലും പങ്കുചേര്‍ന്ന എല്ലാവര്ക്കും നന്ദി :)
സു :) ഞാനെത്രവട്ടം ഞെട്ടിയിട്ടാ ഇവിടെയെത്തിയതെന്നറിയൊ?
രാജു :) ഇതൊ നല്ല സ്വപ്നം? ഒന്നു കണ്ടു നോക്ക്. അപ്പോളറിയാം.
മേനോനേ :) ഒരു മീറ്റ് കഴിഞ്ഞു വന്നു കണ്ട സ്വപ്നം തന്നെ. മീറ്റ് എന്താന്ന് ഇന്നത്തെ പോസ്റ്റില്‍ ഉണ്ട്.
കുറുമാന് :) അതെന്നെ ടെന്‍ഷനടിപ്പിക്കല്ലെ.
ബിന്ദു :) എന്നും ഈശ്വരനെ വിചാരിക്കാറുണ്ട്. അന്നെന്തേ പറ്റിയേ ആവോ?
ഇക്കാസ് :) ജ്ജ് ന് ഇനിയെന്തിനാ പാമ്പ്വേലായി.
ആദി :) കോപിലെഫ്റ്റ് എടുത്തിട്ടുണ്ട്. റൈറ്റ് കിട്ടുവാണേല്‍ 2 എണ്ണം അയച്ചു തരണേ. കുറച്ചു സ്വപ്നങ്ങള്‍ കൂടി ബാക്കിയുണ്ട്.
ഏറനാടന്‍ :) അതു കോണ്ടനോ കോണ്ടിയോ, ഇന്നത്തെ അദ്യായം വായിക്കുക.
ഇടിവാള്‍ :) അതൊരു ബൂലോഗപട്ടിമീറ്റ് ആയിരിക്കാം.
അഗ്രു :) പേര് നിര്‍ദ്ദേശത്തിനു നന്ദി.
മിന്നു :) പാമ്പിനെ ഇപ്പോഴും പ്യാട്യന്ന്യാ. പിന്നെ അതില്‍ നിന്നുള്ള വൈരാഗ്യവും.
വിചാരം :) പറഞ്ഞു തന്നതിനു നന്ദി. എന്റെ കൂടെ പേടിയില്‍ കൂടിയതിനും :)
മുസാഫിര്‍ :) 7.1 സ്റ്റീരിയോഫോണിക് ഡോള്‍ബി ഡിജിറ്റല്‍ എന്റെ ഒരു വീക്നെസ്സാ. ഇപ്പോള്‍ കാണുന്ന സ്വപ്നങ്ങളിലെ മുഖങ്ങള്‍ പണ്ടത്തെ പോലെ ഒരു സ്ഥലത്ത് ഫിക്സഡ് ആയി കിട്ടുന്നില്ല. ടി വീ പരസ്യങ്ങള്‍ പോലെ അത് സൂം ചെയ്യപ്പെടുകയോ, ബ്ലെന്‍ഡ് ചെയ്യുകയൊ അല്ലെങ്കില്‍ സ്ലൈഡ് പോലെ മാറിപ്പോകുകയൊ ചെയ്യുന്നു. എന്താ ഇപ്പൊ ചെയ്യാല്ലെ?
എല്ലാവരും വാ ഇനി പാമ്പിനെ കൊല്ലാന്‍ പോകാം. കാളിയമര്‍ദ്ദനം രണ്ടാം ഭാഗത്തില്‍ :)
-സുല്‍
ഹ് ഹ അതു കലക്കി മാഷേ...
ഹഹ. ഇതാണ് പട്ടികളുടെയും തവളകളുടെയും സംസ്ഥാനസമ്മേളനം ;) അല്ല ഒരു പാമ്പിനെ കണ്ടെന്നു കരുതി ഇത്ര പേടിക്കാനെന്തിരിക്കുന്നു. ഒരു വടിയെടുത്ത് ഒറ്റയടിക്കങ്ങുതീര്ക്കരുതായിരുന്നോ. ഇനി കാണുന്ന സ്വപ്നങ്ങള്‍ അല്‍പ്പം ധൈര്യശാലിയുടേതാവട്ടെ ;)
പിന്നെ ഡൈലി ഓരോ സ്വപ്നം കാണുമല്ലേ.. അഥവാ ഒരു ദിവസം സ്വപ്നം കണ്ടില്ലേല്‍ ഇതിന്റെ വരാനിരിക്കുന്ന ഭാഗങ്ങള്‍ മുടങ്ങുമല്ലോ ;) പെട്ടെന്നുപോരട്ടെ അടുത്ത ഭാഗം :)
Post a Comment