Showing posts with label ഇസ്മായില്‍. Show all posts
Showing posts with label ഇസ്മായില്‍. Show all posts

Thursday, April 26, 2007

സന്മാര്‍ഗ്ഗം

“സ്വര്‍ഗ്ഗത്തില്‍ കടക്കണമെങ്കില്‍ നമ്മള്‍ എന്തു ചെയ്യണം”

ത്രേസ്യാകുട്ടി ടീച്ചറുടെ സന്മാര്‍ഗ്ഗം ക്ലാസ്. വെള്ളിയാഴ്ചകളില്‍ ഉച്ചക്കുള്ള രണ്ടുമണിക്കൂര്‍ ഇടവേളകളില്‍ അരമണിക്കൂര്‍ കൊണ്ട് കുട്ടികളെ സന്മാര്‍ഗ്ഗികളാക്കുന്ന പരിപാടിയാണിത്. പള്ളിസ്കൂളുകളിലാണ് സന്മാര്‍ഗ്ഗികളായ ഭാവിതലമുറയെ വാര്‍ത്തെടുക്കാനായി ഈ പദ്ധതിയുള്ളത്. കാകൊല്ലം, അരക്കൊല്ലം, കൊല്ലം എന്നീ രീതികളില്‍ ഈ ക്ലാസ്സിനു പരീക്ഷകളും ഉണ്ടായിരുന്നു. ചോദ്യം എന്തു തന്നെയായാലും ഞങ്ങള്‍ കുറച്ചു പേര്‍ക്ക് ഉത്തരം എപ്പോഴും ഒന്നു തന്നെയായിരുന്നു, “ദൈവം”.

ക്ലാസ്സില്‍ ഞങ്ങള്‍ മുസ്ലിം ആണ്‍കുട്ടികള്‍ക്ക് ഈ ക്ലാസ്സ് കൊണ്ട് ചില ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ഒന്നാമത് വെള്ളിയാഴ്ച ഉച്ചസമയത്താണ് ഈ ക്ലാസ്സ്. നമസ്കാരത്തിനായി പള്ളിയില്‍ പോകണം. അര മണിക്കൂര്‍ ക്ലാസ്സ് കഴിഞ്ഞ് അപ്പോള്‍ തന്നെ ഓട്ടം തുടങ്ങിയാലാണ് നമസ്ക്കാരം കഴിയുന്നതിനു മുമ്പെന്കിലും പള്ളിയില്‍ എത്താന്‍ പറ്റുന്നത്. പള്ളിയും കഴിഞ്ഞ് തിരിച്ചു വന്നിട്ടു വേണം ഉച്ചഭക്ഷണം കഴിക്കാന്‍. ഈ സമയത്ത് ഞങ്ങളുടെ മറ്റു കൂട്ടുകാര്‍ മൈദാനത്ത് ഏറുമ്പന്ത് കളിക്കുന്നുണ്ടാവും. ഉച്ചക്കലെ ഇടവേള രണ്ടു മണിക്കൂറുണ്ടെങ്കിലും അതില്‍ അരമണിക്കൂര്‍ പോലും ആര്‍മ്മാദിക്കാന്‍ കിട്ടാറില്ല എന്നതാണ് സത്യം.

ത്രേസ്യാ ടിച്ചറോട് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് ഇക്കാര്യം. എന്നാലും ഫലം മാഫി. ഇങ്ങനെയൊരു ക്ലാസ്സില്‍ വച്ചാണ് മുടിയനായ പുത്രന്‍ നാടുകാണാന്‍ പോയി തിരിച്ചു വന്നപ്പോള്‍, അച്ചന്‍ ഒരു പോത്തിനെയറുത്ത് നാട്ടുകാര്‍ക്ക് സദ്യകൊടുത്ത കഥ പഠിച്ചത്. ഈ കഥ പഠിച്ചതിനു ശേഷം, ഉത്തരക്കടലാസ് നോക്കുമ്പോള്‍ ടീച്ചര്‍ക്ക് ബോറഡിക്കേണ്ട എന്നു കരുതി പരീക്ഷയുടെ ഉത്തരത്തില്‍ നിന്ന് ദൈവത്തിന് അവധി നല്‍കി. പിന്നെ “മുടിയന്‍”, “പുത്രന്‍”, “പോത്ത്”, “നാട്ടുകാര്‍”, “സദ്യ“ എന്നിങ്ങനെ ഉത്തരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഞങ്ങള്‍ എഴുതി വച്ചു പോന്നു. പക്ഷെ എല്ലാചോദ്യത്തിനും ഉത്തരം “ദൈവം” എന്നെഴുതിയപ്പോള്‍ കിട്ടിയിരുന്ന മാര്‍ക്ക് പോലും ഈ വറൈറ്റി ഉത്തരങ്ങള്‍ക്ക് കിട്ടിയിരുന്നില്ല എന്നത് മറ്റൊരു സത്യം.

സ്വര്‍ഗ്ഗത്തില്‍ കടക്കുന്ന കാര്യമാണ് പറഞ്ഞുവന്നത്. മറന്നിട്ടില്ല.

ടീച്ചര്‍ ഞങ്ങളോട് ചോദിച്ചുകൊണ്ടേയിരുന്നു.

“ഞാന്‍ എല്ലാവരോടും സ്നേഹത്തോടും കരുണയോടും കൂടി പെരുമാറിയാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമൊ?”

“ഇല്ല” ഞങ്ങള്‍ കൂട്ടത്തോടെ പറഞ്ഞു.

“നിരാലംബരായ അനാഥകുട്ടികളെ പരിപാലിച്ച് ജീവിതകാലം കഴിച്ചാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമൊ?”

“ഇല്ല”

“വൃദ്ധരേയും രോഗികളേയും ശുശ്രൂഷിച്ച് ജീവിതകാലം കഴിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമൊ?”

“ഇല്ല”

ഇത്രയും ഓപ്‌ഷന്സ് തന്നിട്ടും ടീച്ചറെ സ്വര്‍ഗ്ഗത്തില്‍ കടത്തിവിടാത്തതില്‍ ടീച്ചര്‍ക്കുള്ള അമര്‍ഷം വാക്കുകളിലും വന്നു തുടങ്ങി.

“എന്റെ സമ്പത്ത് മുഴുവന്‍ ഞാന്‍ ദാനം ചെയ്താല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമോ?”

“ഇല്ല”

ടീച്ചര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കാനുള്ള മറ്റു കുറുക്കുവഴികളൊന്നും അറിയാത്തതിനാലാവണം ചോദ്യം നിര്‍ത്തി.

“അപ്പോള്‍ പിന്നെ എന്തു ചെയ്യണം എനിക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍?” ഞങ്ങള്‍ക്കറിയാവുന്ന ഓപ്ഷന്‍ അറിയാന്‍ വേണ്ടി ടീച്ചര്‍ ചോദിച്ചു.

“ടീച്ചര്‍ ഒന്നു മരിച്ചുതന്നാല്‍ മതി” ഇസ്മായിലിന്റെ ഉത്തരം വളരെ പെട്ടന്നായിരുന്നു.

---------

ഈ സംഭവത്തിനു ശേഷം പന്ത്രണ്ടരക്ക് സ്കൂള്‍ വിട്ടാല്‍ ഊണ് കഴിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കനുവദിച്ചുകിട്ടി. ക്ലാസ്സിലെ മറ്റുകുട്ടികള്‍ സന്മാര്‍ഗ്ഗത്തിന്റെ കുറുക്ക് കുടിക്കുമ്പോള്‍, അവരുടെ നാസാരന്ദ്രങ്ങള്‍ക്ക് കൊതിയുടെ മണം നല്‍കികൊണ്ട് ഞങ്ങള്‍ അടുത്ത മുറിയില്‍ ഊണുകഴിച്ചു കൊണ്ടിരുന്നു.

Monday, February 26, 2007

നാരങ്ങാമുട്ടായി

ഭാഗം 1 കണ്ണന്റെ സെന്റര്‍സ്പ്രെഡ്‌
ഭാഗം 2 മള്‍ട്ടികളര്‍ പുട്ട്‌മിണുങ്ങി

ഭാഗം 3 നാരങ്ങാമുട്ടായി

തന്റെ മുഹബ്ബത്തായ ഹാജറയെ കുഴിയില്‍ ചാടിക്കേണ്ടിവന്നതില്‍ മനം നൊന്ത്‌ അലോചനാ ചിത്തനായി ഇസ്മായില്‍, കണ്ണനെയും ഉദയനെയും വീഴ്ത്താനായി ഒരുക്കിയ കുഴിയോട്‌ അതിലേറെ വേദനയോടെ വിടപറഞ്ഞ്‌ നേരെ പോയത്‌, പത്താം കല്ല് ടൌണിലെ വിജയേട്ടന്റെ കപ്പലണ്ടി പീട്യയിലേക്കാണ്‌.

ഒരു പൊതി കടലവാങ്ങി അടുത്തു നില്‍കുന്ന ആലിന്റെ അടിയിലിട്ട ബഞ്ചിലിരുന്ന് കൊറിച്ചു പകുതിയായപ്പോഴാണ്‌, ഇസ്മായിലിന്‌ പണ്ടാര്‍ക്കൊ ഉണ്ടായെന്നു പറയപ്പെടുന്ന ബോധോദയമുന്‍ വീണുകിട്ടിയത്‌. താനൊരുക്കിയ കുഴിയില്‍ വീണ്‌ ഡ്രസ്സെല്ലാം നനഞ്ഞ്‌ ക്ലാസ്സിലേക്ക്‌ നടന്നു പോയ ഹാജറയുടെ ചിത്രം, ഇസ്മായിലിന്റെ മനസ്സിനെ വേട്ടയാടാന്‍ തുടങ്ങിയത്‌. ബാക്കി ബോധംകൂടി ഉദയം ചെയ്യും മുന്‍പ്‌, ഹാജറക്കുട്ടിക്കു സമ്മാനിക്കാനായി അന്‍പത്‌ പൈസക്ക്‌ വിജയേട്ടന്റേന്ന് നാരങ്ങാമുട്ടായി പൊതിഞ്ഞു വാങ്ങി നിക്കറിന്റെ പോക്കറ്റില്‍ സൂക്ഷിച്ചു വച്ചു. പുസ്തക കെട്ടുമെടുത്ത്‌ സ്കൂളിലേക്ക്‌ തിരിച്ചു നടന്നു.

ഊട്ടിയും, കൊടൈകനാലും, മൈസൂറും എന്തിനു പറയുന്നു നമ്മടെ മലമ്പുഴപോലും ഇസ്മായിലിന്‌ തൃപ്തിയാവാത്തതിനാല്‍, തന്നെ ഹാജറയുടെ പേരു പറഞ്ഞു കളിയാക്കാറുള്ള കൂട്ടുകാരുടെ മുന്നിലൂടെ, ഈ പത്താംകല്ലിന്റെ മണല്‍തരികളെ പുളകമണിയിച്ചു കൊണ്ട്‌, ഹാജറകുട്ടിയുടെ തോളില്‍ കയ്യിട്ട്‌ നടക്കുന്ന സ്വപ്നവുംകണ്ട്‌, കാലുകള്‍ വലിച്ചു വച്ച്‌ നടന്നു ഇസ്മായില്‍. താനിന്നു പണിപ്പെട്ടൊരുക്കിയ കുഴി തനിക്കൊരുക്കി വെച്ച കെണിയെപറ്റി യാതൊരു ഗന്ധവുമില്ലാതെയാണ്‌ ഇസ്മായില്‍ സ്കൂളിന്റെ പടികേറിയത്‌.

കുഴിയുണ്ടാക്കിയത്‌ ഇസ്മായിലാണെന്ന് ഹെഢാപ്പീസില്‍ അറിയിച്ചു കൊടുത്ത്‌, ഇസ്മായിലിന്റെ വരവും കാത്തു നിന്നിരുന്ന ഉദയന്‍, ഇസ്മായിലിനെ കണ്ടതും വാണം വിട്ടപോലെ ഓടിപ്പോയി പുട്ടുമിണുങ്ങിയോട്‌ വിവരം ബോധിപ്പിച്ചു. ഇസ്മായിലിനെ വിളിക്കാന്‍ ആളെവിട്ട്‌ ചൂരലും മൂര്‍ച്ചകൂട്ടി കാത്തിരുന്നു ഹെട്ടീച്ചര്‍ ശാരദാമണി.

ശാരദാമണി സ്നേഹപൂര്‍വം നല്‍കിയ ചൂരല്‍പഴങ്ങളെല്ലാം തുടയില്‍ ഏറ്റുവാങ്ങുമ്പോള്‍, ഹാജറക്കുട്ടിയെ കുഴിയില്‍ വീഴ്ത്തിയതിന്‌ ഇങ്ങനെയെങ്കിലും പ്രായശ്ചിത്തം എന്നു മാത്രം കരുതി ഇസ്മായില്‍. അടികൊണ്ടയിടം ചുട്ടുപൊള്ളുമ്പോഴും അവിടം തുടക്കുകയോ, അല്‍പം പോലും കരയുകയോ ചെയ്യാതെ തിരിച്ചു നടക്കുമ്പോഴും, ഇസ്മായില്‍, ഹാജറക്കുട്ടിക്ക്‌ നാരങ്ങാമുട്ടായി കൊടുക്കുന്നതിനെ കുറിച്ചുള്ള മധുര സ്മരണകളിലായിരുന്നു.

വിവിയെ പാരവെച്ചതാരെന്നകാര്യം ഇപ്പോഴും അജ്ഞാതമാണെങ്കിലും, ഇസ്മായിലിന്‌ പാര വാരിക്കോരി കൊടുത്തത്‌ ഉദയനാണെന്നത്‌ പകല്‍ പോലെ വ്യക്തമാണ്‌. അതു രമേഷ്‌ ക്ലാസിന്നിടയില്‍ ഇസ്മയിലിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇസ്മായിലിന്റെ മനസ്സിലെ വിഷസര്‍പ്പത്തെ ഇളക്കിവിടാന്‍ രമേഷിന്റെ വാക്കുകള്‍ക്കായി. പ്രതികാര വാജ്ഞ അവനില്‍ അണപൊട്ടിയൊഴുകി. (:)) നാലുമണിക്ക്‌ സ്കൂള്‍ വിടുന്നതിനായി കാത്തിരുന്നു ഇസ്മായില്‍.

സ്കൂള്‍ വിട്ടതേ പുറത്തേക്കോടിയ ഇസ്മായില്‍, റോട്ടില്‍ നിന്ന് നല്ല മുഴുപ്പുള്ള കുറച്ചു കല്ലുകള്‍ പെറുക്കി അന്തോണ്യാപ്ലേടെ മതിലിനു പിറകില്‍ മറഞ്ഞിരുന്നു. ഉദയന്‍ അകെലേനിന്ന് വരുന്നത്‌ കണ്ടപ്പോള്‍, കല്ലെടുത്ത്‌ വീശിയൊറേറു കൊടുത്തു. ചക്കിനും കൊക്കിനുമുള്ള പ്രാധാന്യം കല്ലിനറിയാവുന്നതിനാല്‍, ഉദയന്റെ പിന്നിലായി വന്നിരുന്ന കണ്ണന്റെ പെങ്ങള്‍ ഗീതയുടെ തലയിലാണത്‌ കൊണ്ടതെന്നു മാത്രം.

അപ്രതീക്ഷിതമായി പെങ്ങളുടെ അലമുറകേട്ട കണ്ണന്‍, കാര്യമന്ന്വേഷിച്ചപ്പോള്‍ ഇസ്മായിലിനെ ചൂണ്ടിക്കാണിച്ചു ഗീത. നൂറോടാന്‍ തയ്യാറായി നില്‍ക്കുന്നവനെപ്പോലെ നില്‍ക്കുന്ന ഇസ്മായിലിനെ കണ്ടതും കലികേറിയ കണ്ണന്‍ അവനടുത്തേക്കോടിയടുത്തു.

ചെങ്കല്ലിട്ട റോഡിലൂടെയോടിയോടി മുഴച്ചു നിന്ന ഒരു കല്ലില്‍തട്ടി മറിഞ്ഞു വീണു ഇസ്മായില്‍. കല്ലില്‍ തട്ടി ഇസ്മായിലിന്റെ കാലിലെ തൊലിയുറിഞ്ഞ്‌ രക്തം വരുന്നതു കണ്ടപ്പോള്‍, കണ്ണന്റെ കലിയെല്ലാം കയറിയതുപോലെതന്നെ ഇറങ്ങിപ്പോയുകയുമുണ്ടായി.

എന്തു ചെയ്യണമെന്നറിയാതെ ഇസ്മായിലിന്‌ ചുറ്റും കൂടി എല്ലാവരും. കാലില്‍ നിന്ന് രക്തം വരുന്നതും കണ്ട്‌ തരിച്ചു നിന്നു ചിലര്‍, തല്ലുകൂടിക്കതു പാകമാണെന്നു പറഞ്ഞ്‌ തിരിച്ചു പോയി ചിലര്‍. ഇന്നേരത്താണ്‌ ഹാജറയും കൂട്ടുകാരികളും ആ വഴി വന്നത്‌.

അധികം നോക്കിനില്‍ക്കാതെ ഹാജറ വഴിയരികില്‍ നിന്നിരുന്ന കമ്മ്യൂണിസ്റ്റ്‌ പച്ചയില്‍ നിന്ന് രണ്ടുമൂന്ന് ഇലകളടര്‍ത്തി തിരിച്ചു വന്നു. തന്റെ കയ്യിലിട്ട്‌ പിഴിഞ്ഞു നോക്കിയിട്ട്‌ നീരൊന്നും കിട്ടാതെ, അത്‌ കണ്ണന്റെ കയ്യിലേല്‍പ്പിച്ചു. കണ്ണന്‍ അതു പിഴിഞ്ഞു, നീര്‌ ഇസ്മായിലിന്റെ മുറിവിലേക്കൊറ്റിച്ചു കൊടുത്തു.

"നീറ്റലുണ്ടോ?" ഇസ്മായിലിന്റെ മുഖഭാവം കണ്ട്‌ ഹാജറ അന്വേഷിച്ചു. ഹാജറയില്‍ നിന്ന് തനിക്കായി ജനിച്ച ആദ്യ വചനങ്ങള്‍ കേട്ട്‌ ഇസ്മായില്‍ കാലുപൊട്ടിയ വേദനയിലും, കോരലും തരിക്കലും എന്തെന്ന് നുണഞ്ഞറിഞ്ഞു.

"ഇല്ല" ഹജറയേയും കണ്ണനേയും നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ ഇസ്മായില്‍ പറഞ്ഞു. ഹാജറ എത്തിയപ്പോഴേ ഇസ്മായില്‍ വേദനയെല്ലാം മറന്നിരുന്നു.

"ഞാനൊരു കാര്യം തരട്ടേ നിനക്ക്‌?" ഇസ്മായില്‍ ഹാജറയോടു ചോദിച്ചു.

"എന്താ? തരൂ" ഒന്നുമറിയാതെ ഹാജറ പറഞ്ഞു.

ഇസ്മായില്‍ നിക്കറിന്റെ പോക്കറ്റില്‍ നിന്നും നാരങ്ങാ മുട്ടായിയുടെ പൊതി പുറത്തെടുത്ത്‌ ഹാജറക്കു നല്‍കി. തുറന്നു നോക്കി സന്തോഷത്തോടെ ഒരു മിഠായിയെടുത്തു നുണഞ്ഞു അവള്‍. പൊതിഞ്ഞ കടലാസില്‍ ഒട്ടിപ്പിടിച്ചിരുന്ന ബാക്കി മിഠായികള്‍ എടുത്ത്‌ കൂട്ടുകാരികള്‍ക്കും അവിടെ കൂടി നിന്നിരുന്നവര്‍ക്കും കണ്ണനും അവസാനമായി ഇസ്മായിലിനും കൊടുത്തു.

കൂട്ടുക്കാരികളോടൊപ്പം തുള്ളിച്ചാടി പോകുന്ന ഹാജറയേയും നോക്കി ആ വഴിയിലൂടെ ഞൊണ്ടി ഞൊണ്ടി നടന്നു ഇസ്മായില്‍.