Monday, February 26, 2007

നാരങ്ങാമുട്ടായി

ഭാഗം 1 കണ്ണന്റെ സെന്റര്‍സ്പ്രെഡ്‌
ഭാഗം 2 മള്‍ട്ടികളര്‍ പുട്ട്‌മിണുങ്ങി

ഭാഗം 3 നാരങ്ങാമുട്ടായി

തന്റെ മുഹബ്ബത്തായ ഹാജറയെ കുഴിയില്‍ ചാടിക്കേണ്ടിവന്നതില്‍ മനം നൊന്ത്‌ അലോചനാ ചിത്തനായി ഇസ്മായില്‍, കണ്ണനെയും ഉദയനെയും വീഴ്ത്താനായി ഒരുക്കിയ കുഴിയോട്‌ അതിലേറെ വേദനയോടെ വിടപറഞ്ഞ്‌ നേരെ പോയത്‌, പത്താം കല്ല് ടൌണിലെ വിജയേട്ടന്റെ കപ്പലണ്ടി പീട്യയിലേക്കാണ്‌.

ഒരു പൊതി കടലവാങ്ങി അടുത്തു നില്‍കുന്ന ആലിന്റെ അടിയിലിട്ട ബഞ്ചിലിരുന്ന് കൊറിച്ചു പകുതിയായപ്പോഴാണ്‌, ഇസ്മായിലിന്‌ പണ്ടാര്‍ക്കൊ ഉണ്ടായെന്നു പറയപ്പെടുന്ന ബോധോദയമുന്‍ വീണുകിട്ടിയത്‌. താനൊരുക്കിയ കുഴിയില്‍ വീണ്‌ ഡ്രസ്സെല്ലാം നനഞ്ഞ്‌ ക്ലാസ്സിലേക്ക്‌ നടന്നു പോയ ഹാജറയുടെ ചിത്രം, ഇസ്മായിലിന്റെ മനസ്സിനെ വേട്ടയാടാന്‍ തുടങ്ങിയത്‌. ബാക്കി ബോധംകൂടി ഉദയം ചെയ്യും മുന്‍പ്‌, ഹാജറക്കുട്ടിക്കു സമ്മാനിക്കാനായി അന്‍പത്‌ പൈസക്ക്‌ വിജയേട്ടന്റേന്ന് നാരങ്ങാമുട്ടായി പൊതിഞ്ഞു വാങ്ങി നിക്കറിന്റെ പോക്കറ്റില്‍ സൂക്ഷിച്ചു വച്ചു. പുസ്തക കെട്ടുമെടുത്ത്‌ സ്കൂളിലേക്ക്‌ തിരിച്ചു നടന്നു.

ഊട്ടിയും, കൊടൈകനാലും, മൈസൂറും എന്തിനു പറയുന്നു നമ്മടെ മലമ്പുഴപോലും ഇസ്മായിലിന്‌ തൃപ്തിയാവാത്തതിനാല്‍, തന്നെ ഹാജറയുടെ പേരു പറഞ്ഞു കളിയാക്കാറുള്ള കൂട്ടുകാരുടെ മുന്നിലൂടെ, ഈ പത്താംകല്ലിന്റെ മണല്‍തരികളെ പുളകമണിയിച്ചു കൊണ്ട്‌, ഹാജറകുട്ടിയുടെ തോളില്‍ കയ്യിട്ട്‌ നടക്കുന്ന സ്വപ്നവുംകണ്ട്‌, കാലുകള്‍ വലിച്ചു വച്ച്‌ നടന്നു ഇസ്മായില്‍. താനിന്നു പണിപ്പെട്ടൊരുക്കിയ കുഴി തനിക്കൊരുക്കി വെച്ച കെണിയെപറ്റി യാതൊരു ഗന്ധവുമില്ലാതെയാണ്‌ ഇസ്മായില്‍ സ്കൂളിന്റെ പടികേറിയത്‌.

കുഴിയുണ്ടാക്കിയത്‌ ഇസ്മായിലാണെന്ന് ഹെഢാപ്പീസില്‍ അറിയിച്ചു കൊടുത്ത്‌, ഇസ്മായിലിന്റെ വരവും കാത്തു നിന്നിരുന്ന ഉദയന്‍, ഇസ്മായിലിനെ കണ്ടതും വാണം വിട്ടപോലെ ഓടിപ്പോയി പുട്ടുമിണുങ്ങിയോട്‌ വിവരം ബോധിപ്പിച്ചു. ഇസ്മായിലിനെ വിളിക്കാന്‍ ആളെവിട്ട്‌ ചൂരലും മൂര്‍ച്ചകൂട്ടി കാത്തിരുന്നു ഹെട്ടീച്ചര്‍ ശാരദാമണി.

ശാരദാമണി സ്നേഹപൂര്‍വം നല്‍കിയ ചൂരല്‍പഴങ്ങളെല്ലാം തുടയില്‍ ഏറ്റുവാങ്ങുമ്പോള്‍, ഹാജറക്കുട്ടിയെ കുഴിയില്‍ വീഴ്ത്തിയതിന്‌ ഇങ്ങനെയെങ്കിലും പ്രായശ്ചിത്തം എന്നു മാത്രം കരുതി ഇസ്മായില്‍. അടികൊണ്ടയിടം ചുട്ടുപൊള്ളുമ്പോഴും അവിടം തുടക്കുകയോ, അല്‍പം പോലും കരയുകയോ ചെയ്യാതെ തിരിച്ചു നടക്കുമ്പോഴും, ഇസ്മായില്‍, ഹാജറക്കുട്ടിക്ക്‌ നാരങ്ങാമുട്ടായി കൊടുക്കുന്നതിനെ കുറിച്ചുള്ള മധുര സ്മരണകളിലായിരുന്നു.

വിവിയെ പാരവെച്ചതാരെന്നകാര്യം ഇപ്പോഴും അജ്ഞാതമാണെങ്കിലും, ഇസ്മായിലിന്‌ പാര വാരിക്കോരി കൊടുത്തത്‌ ഉദയനാണെന്നത്‌ പകല്‍ പോലെ വ്യക്തമാണ്‌. അതു രമേഷ്‌ ക്ലാസിന്നിടയില്‍ ഇസ്മയിലിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇസ്മായിലിന്റെ മനസ്സിലെ വിഷസര്‍പ്പത്തെ ഇളക്കിവിടാന്‍ രമേഷിന്റെ വാക്കുകള്‍ക്കായി. പ്രതികാര വാജ്ഞ അവനില്‍ അണപൊട്ടിയൊഴുകി. (:)) നാലുമണിക്ക്‌ സ്കൂള്‍ വിടുന്നതിനായി കാത്തിരുന്നു ഇസ്മായില്‍.

സ്കൂള്‍ വിട്ടതേ പുറത്തേക്കോടിയ ഇസ്മായില്‍, റോട്ടില്‍ നിന്ന് നല്ല മുഴുപ്പുള്ള കുറച്ചു കല്ലുകള്‍ പെറുക്കി അന്തോണ്യാപ്ലേടെ മതിലിനു പിറകില്‍ മറഞ്ഞിരുന്നു. ഉദയന്‍ അകെലേനിന്ന് വരുന്നത്‌ കണ്ടപ്പോള്‍, കല്ലെടുത്ത്‌ വീശിയൊറേറു കൊടുത്തു. ചക്കിനും കൊക്കിനുമുള്ള പ്രാധാന്യം കല്ലിനറിയാവുന്നതിനാല്‍, ഉദയന്റെ പിന്നിലായി വന്നിരുന്ന കണ്ണന്റെ പെങ്ങള്‍ ഗീതയുടെ തലയിലാണത്‌ കൊണ്ടതെന്നു മാത്രം.

അപ്രതീക്ഷിതമായി പെങ്ങളുടെ അലമുറകേട്ട കണ്ണന്‍, കാര്യമന്ന്വേഷിച്ചപ്പോള്‍ ഇസ്മായിലിനെ ചൂണ്ടിക്കാണിച്ചു ഗീത. നൂറോടാന്‍ തയ്യാറായി നില്‍ക്കുന്നവനെപ്പോലെ നില്‍ക്കുന്ന ഇസ്മായിലിനെ കണ്ടതും കലികേറിയ കണ്ണന്‍ അവനടുത്തേക്കോടിയടുത്തു.

ചെങ്കല്ലിട്ട റോഡിലൂടെയോടിയോടി മുഴച്ചു നിന്ന ഒരു കല്ലില്‍തട്ടി മറിഞ്ഞു വീണു ഇസ്മായില്‍. കല്ലില്‍ തട്ടി ഇസ്മായിലിന്റെ കാലിലെ തൊലിയുറിഞ്ഞ്‌ രക്തം വരുന്നതു കണ്ടപ്പോള്‍, കണ്ണന്റെ കലിയെല്ലാം കയറിയതുപോലെതന്നെ ഇറങ്ങിപ്പോയുകയുമുണ്ടായി.

എന്തു ചെയ്യണമെന്നറിയാതെ ഇസ്മായിലിന്‌ ചുറ്റും കൂടി എല്ലാവരും. കാലില്‍ നിന്ന് രക്തം വരുന്നതും കണ്ട്‌ തരിച്ചു നിന്നു ചിലര്‍, തല്ലുകൂടിക്കതു പാകമാണെന്നു പറഞ്ഞ്‌ തിരിച്ചു പോയി ചിലര്‍. ഇന്നേരത്താണ്‌ ഹാജറയും കൂട്ടുകാരികളും ആ വഴി വന്നത്‌.

അധികം നോക്കിനില്‍ക്കാതെ ഹാജറ വഴിയരികില്‍ നിന്നിരുന്ന കമ്മ്യൂണിസ്റ്റ്‌ പച്ചയില്‍ നിന്ന് രണ്ടുമൂന്ന് ഇലകളടര്‍ത്തി തിരിച്ചു വന്നു. തന്റെ കയ്യിലിട്ട്‌ പിഴിഞ്ഞു നോക്കിയിട്ട്‌ നീരൊന്നും കിട്ടാതെ, അത്‌ കണ്ണന്റെ കയ്യിലേല്‍പ്പിച്ചു. കണ്ണന്‍ അതു പിഴിഞ്ഞു, നീര്‌ ഇസ്മായിലിന്റെ മുറിവിലേക്കൊറ്റിച്ചു കൊടുത്തു.

"നീറ്റലുണ്ടോ?" ഇസ്മായിലിന്റെ മുഖഭാവം കണ്ട്‌ ഹാജറ അന്വേഷിച്ചു. ഹാജറയില്‍ നിന്ന് തനിക്കായി ജനിച്ച ആദ്യ വചനങ്ങള്‍ കേട്ട്‌ ഇസ്മായില്‍ കാലുപൊട്ടിയ വേദനയിലും, കോരലും തരിക്കലും എന്തെന്ന് നുണഞ്ഞറിഞ്ഞു.

"ഇല്ല" ഹജറയേയും കണ്ണനേയും നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ ഇസ്മായില്‍ പറഞ്ഞു. ഹാജറ എത്തിയപ്പോഴേ ഇസ്മായില്‍ വേദനയെല്ലാം മറന്നിരുന്നു.

"ഞാനൊരു കാര്യം തരട്ടേ നിനക്ക്‌?" ഇസ്മായില്‍ ഹാജറയോടു ചോദിച്ചു.

"എന്താ? തരൂ" ഒന്നുമറിയാതെ ഹാജറ പറഞ്ഞു.

ഇസ്മായില്‍ നിക്കറിന്റെ പോക്കറ്റില്‍ നിന്നും നാരങ്ങാ മുട്ടായിയുടെ പൊതി പുറത്തെടുത്ത്‌ ഹാജറക്കു നല്‍കി. തുറന്നു നോക്കി സന്തോഷത്തോടെ ഒരു മിഠായിയെടുത്തു നുണഞ്ഞു അവള്‍. പൊതിഞ്ഞ കടലാസില്‍ ഒട്ടിപ്പിടിച്ചിരുന്ന ബാക്കി മിഠായികള്‍ എടുത്ത്‌ കൂട്ടുകാരികള്‍ക്കും അവിടെ കൂടി നിന്നിരുന്നവര്‍ക്കും കണ്ണനും അവസാനമായി ഇസ്മായിലിനും കൊടുത്തു.

കൂട്ടുക്കാരികളോടൊപ്പം തുള്ളിച്ചാടി പോകുന്ന ഹാജറയേയും നോക്കി ആ വഴിയിലൂടെ ഞൊണ്ടി ഞൊണ്ടി നടന്നു ഇസ്മായില്‍.

Thursday, February 22, 2007

ഇക്കാസിന് പെണ്ണുകിട്ടുമൊ?

ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം (10 - 30 വര്‍ഷം), ഇക്കാസ് പെണ്ണിനെ തേടി കളത്തിലിറങ്ങിയിരിക്കുകയാണ് സുഹ്ര്‌ത്തുക്കളെ.

ഇക്കാസിന്റെ ഈയടുത്തിടെയായി ഇറങ്ങുന്ന എല്ലാ പോസ്റ്റിലും ഒരു കല്യാണസൌഗന്ധികം വിരിഞ്ഞു നില്‍കുന്നത് നിങ്ങളറിയുന്നില്ലേ?.

1. പുതിയ കാമുകിമാരെ തേടികൊണ്ടുള്ള പരസ്യം

2. ചെക്കന്‍ കാണാന്‍ കൊള്ളാം എന്നു ഊതിപെരുപ്പിക്കുന്ന പോസ്റ്റ് (കൊള്ളലൊക്കെ കണക്കെന്നെ)

3. . ചെക്കന്‍ നല്ല സെറ്റപ്പാണ്, നിങ്ങളുടെ മകളെ പൊന്നുപോലെ നോക്കാനുള്ളത് ഞാന്‍ ഉണ്ടാക്കുന്നുണ്ടെന്നു കാണിക്കുന്ന പോസ്റ്റ്

അവസാനമായി, ചെക്കന്‍ ഭക്തശിരോമണിയാണെന്നു കാണിക്കുന്ന വചനങ്ങള്‍ ഗൂഗിള്‍ സ്റ്റാറ്റസ് മെസ്സേജ് :
ഇതു അറബിയാണ്‍്. അറിയുന്നവര്‍ക്ക് വായിക്കാം. അല്ലാത്തവര്‍ക്ക് ചൊറിയാം.

1. الإيمان ان تؤمن بالله و ملاءكته و كتبه و رسله و يوم الآخر و القدر الخير والشر من الله تعلى
2. اركان الإسلام هو خمسٍ شهادة ان لا اله الله اقيم الصلوة اعطيع الزكة صوم رمضان حج بيت الله الحرم

ഇനി നിങ്ങള്‍ തന്നെ പറ. “ഇക്കാസിനു പെണ്ണു കിട്ടുമൊ ഇല്ലേ?”

Monday, February 19, 2007

മള്‍ട്ടികളര്‍ പുട്ട്‌മിണുങ്ങി

നിലനില്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോട്‌ എതിര്‍പ്പു രേഖപ്പെടുത്തിക്കൊണ്ട്‌ എന്നും ബെല്ലടിച്ചതിനു ശേഷം മാത്രം സ്കൂളിലെത്തിയിരുന്ന ഇസ്മായില്‍, അന്ന് ഒരു മണിക്കൂര്‍ നേരത്തേ തന്നെ സ്പോട്ടിലെത്തി. ഇന്നലെ രാത്രിയും ഇന്നും നിര്‍ത്താതെ പെയ്യുന്ന മഴ, പ്രകൃതി തന്നെ ഇസ്മായിലിന്റെ വികൃതിക്ക്‌ കളമൊരുക്കുകയായിരുന്നോ എന്നു ശങ്കിക്കേണ്ടിയിരിക്കുന്നു.

എന്നാലും ഈ മഴയിലും ഇസ്മായിലിന്റെ ഒരു ശുഷ്കാന്തി, എടുത്തു പറയേണ്ടതു തന്നെ. വന്നയുടനെ പുസ്തകക്കെട്ട്‌ മഴയൊഴിഞ്ഞ ഒരിടത്തു വച്ച്‌ ഇസ്മായില്‍ ഉദ്യമം ആരംഭിച്ചു. മഴപെയ്ത്‌ വെള്ളം കെട്ടി കിടക്കുന്ന സ്കൂള്‍ മുറ്റത്ത്‌, സ്കൂള്‍ കായിക മേളകളിലെ ഒഴിച്ചു കൂടാനാവാത്ത ഐറ്റമായ ചാക്കോട്ടം(ചാക്കില്‍ കയറി ചാടി ചാടിയുള്ള ഓട്ടം) പോലെ, ഒരിടത്തുതന്നെ നിന്ന് ചാടി ചാടി അവിടെ വലിയൊരു കുഴിയൊരുക്കി. മേല്‍ ഭാഗം വെള്ളത്താല്‍ മൂടപ്പെടുന്നതിനാല്‍ അവിടെ ഒരു കുഴിയുണ്ടെന്ന് ആര്‍ക്കും മനസ്സിലാക്കുവാനും കഴിയില്ല. ഇന്നലെ ക്ലാസ്സില്‍ നടന്നതിന്റെ പകരം വീട്ടാനായി കണ്ണനോ ഉദയനോ വരുന്നതും കാത്തിരുന്നു.

സ്കൂളിലേക്ക്‌ വന്നു കൊണ്ടിരുന്ന മറ്റു കുട്ടികളെ വഴിമാറി നടക്കാന്‍ ഇസ്മായില്‍ തന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ആരെങ്കിലും ആ കുഴിയില്‍ വീണ്‌ കാലൊടിയേണ്ടെന്ന സ്നേഹം കൊണ്ടൊന്നുമല്ല തന്റെ പ്ലാന്‍ പൊളിയരുതെന്നുള്ള ആത്മാര്‍ത്ഥത കൊണ്ട്‌ മാത്രം. മുട്ടോളം വെള്ളത്തില്‍ മുങ്ങി താനുണ്ടാക്കിയ പ്ലാനില്‍ ഇനിയും വെള്ളം ചേര്‍ക്കരുതല്ലോ. ഇസ്മായില്‍ സ്കൂളിലെ മേട്ടയും ഏട്ടയും ആയതിനാല്‍ മറ്റു പിഞ്ചുങ്ങളാരും എതിരൊന്നും പറയാതെ വഴിയൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.

ഇത്തരുണത്തിലാണ്‌, ഇസ്മായിലിന്റെ ഖല്‍ബില്‍ മുഹബ്ബത്തിന്റെ അസര്‍മുല്ലകള്‍ വിരിയിച്ച സുന്ദരി - ആറാം ക്ലാസ്സിലെ ഹാജറ ആ വഴിയെ വന്നത്‌. വെള്ളത്തട്ടവും പുള്ളിപ്പാവാടയുമിട്ട്‌ ഹൂറിപോലെ വരുന്ന ഹാജറയെ കണ്ടതും ഇസ്മായിലിന്നകതാരിലൂടൊരു മായപൊന്മാന്‍ പറന്നു പോയി. ഒരു കുഴിയുണ്ടാക്കി അതിനു മുന്നില്‍ കാവല്‍ നില്‍ക്കുന്ന തന്നെ കണ്ടാല്‍ ഹാജറക്കെന്തു തോന്നും, അതു അവളോടൊപ്പമുള്ള തന്റെ ഭാവിജീവിതത്തില്‍ വരുത്താനിടയുള്ള ഹലാക്കിന്റൌലുംകഞ്ഞികളെ മനസ്സില്‍ കണ്ട്‌, ഇസ്മായില്‍ വേഗം അടുത്തു നിന്ന തെങ്ങിന്റെ മറവിലേക്കൊതുങ്ങി. ഇതൊന്നും അറിയാതെ കൂട്ടുകാരോടൊപ്പം ഓടിച്ചാടി വന്ന ഹാജറ ആ കുഴിയില്‍ വീഴാന്‍ അധികം സമയമൊന്നുമെടുത്തില്ല. പാവാട പകുതിയിലധികം നനഞ്ഞു കുതിര്‍ന്ന ഹാജറയെ കൂട്ടുകാരികള്‍ ഒരുവിധം കുഴിയില്‍ നിന്നു കരകയറ്റി പതുക്കെ ക്ലാസ്സിലേക്ക്‌ പോയി.

ഇനിയും അവിടെ നില്‍ക്കുന്നതത്ര പന്തിയല്ലെന്ന് മനസ്സിലാക്കിയ ഇസ്മായില്‍, ബെല്ലടിച്ചതിനു ശേഷം സ്കൂളില്‍ വരുന്ന തന്റെ പതിവിന്‌ കോട്ടം വരാതിരിക്കാനും വേണ്ടി, തെങ്ങിന്‍ മറവില്‍ നിന്ന് പതുക്കെ പുറത്തുവന്ന് പുസ്തകക്കെട്ടും എടുത്ത്‌ സ്കൂളില്‍ നിന്നും സ്കൂട്ടായി.

ഇസ്മായില്‍ പോയെങ്കിലും ഇസ്മായില്‍ കുഴിച്ച കുഴി, ആര്‍ക്കും വരാം എപ്പോഴും വീഴാം, കടന്നു വരൂ കടന്നു വരൂ, ശങ്കിച്ചു നില്‍കാതെ മടിച്ചു നില്‍ക്കാതെ, ;ചിദംബരന്റെ സൈക്കിളിലെ മൈക്കില്‍ നിന്നും ഉയര്‍ന്നു വരുന്ന ലോട്ടറി നാദം പോലെ, ആര്‍ക്കുവേണമെങ്കിലും വന്നു വീഴാനായി വഴിയില്‍ നീണ്ടു നിവര്‍ന്നു മലര്‍ന്നു കിടന്നു. കുഴിയില്‍ വീഴാന്‍ വരുന്ന കുട്ടികളെ മാറ്റുന്ന ജോലി ഇസ്മായിലിന്റെ പിന്മുറക്കാര്‍ ഏറ്റെടുത്തു നടത്തികൊണ്ടിരുന്നു.

പുട്ട്‌മിണുങ്ങിമാഷ്‌ പതിവുപോലെ മധുരിമയിലെ പുട്ടും അകത്താക്കി, മുണ്ടിന്റെ ഒരു തലയെടുത്ത്‌ വലത്തെ കക്ഷത്തില്‍ ഇറുക്കിപിറ്റ്ടിച്ച്‌ കാലന്‍ കുടയും ചൂടി അടിവച്ചടിവച്ച്‌ സ്കൂള്‍ ഗേറ്റിനോടടുത്തു തുടങ്ങി. പുട്ട്‌മിണുങ്ങിയെ കണ്ടപ്പോള്‍ കുഴിയില്‍ നിന്ന് വഴിപോക്കരെ വഴിമാറ്റാന്‍ നിന്നിരുന്ന വാളണ്ടിയര്‍മാര്‍, ഇനിയവിടെ നിന്നാല്‍ വഴിയില്‍ കിടന്ന കുഴിയെടുത്ത്‌ വേണ്ടാത്തിടത്ത്‌ വെക്കലാവും എന്നറിയുന്നതിനാല്‍ അവിടന്നോടിപ്പോയി കുറച്ചകലെ മാറി ഗേറ്റിലേക്കു വീക്ഷിച്ചുകൊണ്ട്‌ നിന്നു.

സ്കൂള്‍ മുറ്റത്ത്‌ വെള്ളം കണ്ടപ്പോള്‍, പുട്ട്‌മിണുങ്ങി ഇടത്തേ കൈകൊണ്ടും മുണ്ടല്‍പം കയറ്റി പിടിച്ച്‌, ചുമ്മാപോകുമ്പോള്‍ വഴിയില്‍ ചുമ്മാ കിടന്ന ചാണകം ചവിട്ടി അതൊന്നു തൂത്തു കളയാന്‍ പറ്റിയ എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചു നടക്കുമ്പോലെ, രണ്ടു കാലുകളും പരമാവധി അകത്തി വച്ച്‌ ജൂണ്‍ ജൂലായ്‌ സ്റ്റെപ്പില്‍ നടന്നു വന്നു കൊണ്ടിരുന്നു. ഏതു സ്റ്റയിലിനും അധികകാലം നിലനില്‍പ്പില്ലെന്നറിയിച്ചു കൊണ്ട്‌ അടുത്ത സ്റ്റെപ്പില്‍ മാഷ്‌ വലത്തെ കാല്‍ എടുത്തു നേദിച്ചത്‌ ഇസ്മായിലിന്റെ കുഴിയിലേക്കാണ്.

മാഷിന്റെ സെറിബ്രത്തിനും സെറിബെല്ലത്തിനും യാതൊരു വിധത്തിലും മാനേജ്‌ ചെയ്യാന്‍ പറ്റാത്ത അവസ്തയായതിനാല്‍ മെഡുല്ല ഒബ്ലാങ്കട്ട പറഞ്ഞതനുസരിച്ച്‌ മാഷ്‌ കയ്യിലുണ്ടായിരുന്ന കുട വെള്ളത്തിലേക്കിട്ട്‌, വലതെ മുട്ട്‌കാല്‍ വെള്ളത്തിലേക്ക്‌ കുത്തി വലതു കൈകുത്തി വലതു വശം ചരിഞ്ഞു വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ബാലന്‍സ്‌ ചെയ്തു. ഇടതു കാലുംപൊക്കി നായക്കെന്തൊ ആവശ്യം സാധിക്കാനുണ്ടെന്ന മട്ടില്‍ നില്‍കുന്ന മാഷിന്റെ നില്‍പുകണ്ട്‌ അതിലെ വെര്‍തെ പോയിരുന്ന ഉര്‍ദുമാഷ്‌ വന്ന് പുട്ട്‌മിണുങ്ങിയെ അത്യാഹിതത്തില്‍ നിന്നു രക്ഷപ്പെടുത്തി സ്റ്റാഫ് റൂമിലേക്കാനയിച്ചു.

വലതു വശം കാവി നിറവും ഇടതു വശം തൂവെള്ള നിറവുമായി മല്‍ട്ടികളര്‍ ഡ്രസ്സില്‍ പുട്ട്‌മിണുങ്ങിയെ കാണാന്‍ അങ്ങനെ സി എം എസ്‌ യു പി സ്കൂളിനു ഭാഗ്യമുണ്ടായി.

(അടുത്തതില്‍ എന്തായാലും അവസാനിപ്പിക്കാം)

Wednesday, February 14, 2007

14ന്റെ ചിന്ത

വെര്‍ച്വല്‍ ആണ് ലൈഫ് പലപ്പോഴും,
പ്രണയം മിക്കപ്പോഴും

Sunday, February 11, 2007

കണ്ണന്റെ സെന്റര്‍സ്പ്രെഡ്‌ | Susmeram

ഇന്നലെ കണ്ണന്‍ വെച്ച പാരക്ക്‌ മറുപാരവെക്കാനൊരു കിടിലന്‍ ഐടിയ കത്തിയ തലയുമായാണ്‌ ഇസ്മായില്‍ കിടക്കവിട്ടെഴുന്നേറ്റത്‌. ഇന്നെങ്കിലും അതിനു പകരം വീട്ടിയില്ലെങ്കില്‍ ശരിയാവില്ല. ഇന്ന് കണ്ണനൊ അവന്റെ അനിയത്തിക്കോ ഇട്ട്‌ രണ്ടു പൊട്ടിച്ചിട്ടു തന്നെ കാര്യം.

പിന്നെ ഉദയന്‍. അവനും വച്ചിട്ടുണ്ട്‌. 'അവന്‍ വലിയ ടീചര്‍ടെ മോനല്ലെ. പിന്നെങ്ങനാ. ആ ഈനാമ്പേച്ചിയാ മറ്റേ‌ മരപ്പട്ടിക്ക്‌ കൂട്ട്‌' ഇസ്മായിലിന്റെ മനസ്സിലൂടെ പലവിധ ചിന്തകള്‍ കടന്നു പോയി.

.......

ക്ലാസ്സിലെ ലീഡറാണ്‌ ഉദയന്‍. സ്കൂളിലെ ശാരദമണിറ്റീച്ചറെ മോന്‍. വലിയ പടിപ്പു കാരന്നാണെന്നാ അവന്റെ ഭാവം. അതിനു വളംവച്ച്‌ വെള്ളൊഴിക്കാന്‍ ബാക്കി ടീചര്‍മാരും മാഷമ്മാരും. എന്തെന്നാല്‍ ശാരദമണി ടീച്ചര്‍ സ്കൂളിന്റെ ഹെട്ടീച്ചറല്ലെ.

കിട്ടുണ്ണിമാഷിന്റെ കണക്ക്‌ ക്ലാസ്‌ ഒരു കണക്കിനു ആടിയും ഉലഞ്ഞും കൂട്ടിയും കുറച്ചും മുന്നോട്ടു പോകുന്നു. അപ്പോഴാണ്‌ 7 ഏയിലെ ഒരു കുട്ടീടച്ഛന്‍ മാഷെക്കാണാന്‍ വന്നത്‌. ഈ പുട്ട്‌മിണുങ്ങീനെക്കാണാന്‍ കൊല്ലത്തില്‍ മുന്നൂറ്ററുപത്തഞ്ചു ദിവസോം കുട്ടികളുടെ വീട്ടിലുള്ളോര്‍ ഈ സ്കൂളില്‍ വരുന്നതല്ലെ. അതിലൊരു പുതുമേം ഇല്ല.

മാഷ്‌, ഉദയനെ ക്ലാസിന്റെ അച്ചടക്കത്തിന്റെ ഭാരമേല്‍പിച്ച്‌ രക്ഷിതാവിന്നടുത്തേക്ക്‌ നീങ്ങി. ഒരു പേനയും പുസ്തകവുമായി ഉദയന്‍ മാഷെ മേശേടടുത്ത്‌ വന്നു നിന്നു, സംസാരിക്കുന്നവരുടെ പേരെഴുതി വെക്കാന്‍. തന്റെ കഴുക ദൃഷ്ടികളുമായി ഉദയന്‍ കുട്ടികളെ സ്കാനിംഗ്‌ ആരംഭിച്ചു.

തന്റെ മലയാളം പുസ്തകത്തില്‍ നിന്ന് ഒരു കടലാസെടുത്ത്‌ രമേഷിനു കാട്ടിക്കൊടുക്കുന്ന തിരക്കിലായിരുന്നു ഇസ്മായില്‍. ഇതു കണ്ട്‌ മുന്‍-ബഞ്ചിലിരുന്ന കണ്ണന്‍ അതു തട്ടിപറിച്ചു.

'ഡാ അതിങ്ങു താഡാ' അതു തിരിച്ചു ചോദിച്ചതിന്റെ പേരില്‍ ഇസ്മായിലിന്റെ പേരു ഉദയന്റെ ലിസ്റ്റില്‍ കേറി.

ഒരു കൊലപാതകം ചെയ്താലും പത്തെണ്ണം ചെയ്താലും ഒരിക്കലല്ലേ തൂക്കിക്കൊല്ലു എന്ന അറിവിന്റെ പിന്‍ബലത്തില്‍, ഇസ്മായില്‍ പൂര്‍വാദികം ശക്തിയായി കണ്ണനോട്‌ വഴക്കു തുടങ്ങി. ഉദയന്റെ ലിസ്റ്റില്‍ പേരുകള്‍ കൂടിവന്നു. അടി മൂര്‍ദ്ദന്യതയിലെത്തിയ സമയത്താണ്‌ പുട്ട്‌മിണുങ്ങി കയറി വന്നത്‌. ഈ തക്കത്തിന്‌ കണ്ണന്‍ ആ കടലാസ്‌ അവന്റെ പോക്കറ്റില്‍ ഭദ്രമായെടുത്തു വച്ചു.

പുതുതായി ചാര്‍ജെടുത്ത ഏമാന്‌, ഭരണ പ്രദേശത്തെ ക്രമസമാധാന സ്ഥിതി വിവരക്കണക്കേല്‍പ്പിക്കുന്ന ഏഡ്‌ കുട്ടമ്പിള്ളയെപ്പോലെ, ഉദയന്‍ കുട്ടികളുടെ പേരെഴുതിയ ലിസ്റ്റ്‌ കിട്ടുണ്ണി മാഷ്ക്ക്‌ കൈമാറി. കൂടെ ഒരു വിവരണവും.

'ഇസ്മായിലും കണ്ണനും അടികൂടി മാഷെ'

ഇതു മാത്രമായിരുന്നു ഇസ്മായിലിന്റെ കണ്ണില്‍, ഉദയന്‍ ചെയ്ത മഹാപരാധം.

മാഷ്‌ നേരെ ഇസ്മായിലിരിക്കുന്ന ലാസ്റ്റ്‌ ബഞ്ചിനടുത്തെത്തി. ഇസ്മായിലിനെം കണ്ണനേം പിടിച്ചു നിര്‍ത്തി തന്റെ ലാത്തി കൊണ്ട്‌ കൈകളില്‍ രണ്ടുവീതം പൊട്ടിച്ചു. എന്നിട്ട്‌ മാഷ്‌ ചോദിച്ചു.

"എന്തിനാടാ ഇവിടെ കിടന്നടികൂടിയത്‌?" കിട്ടിയ അടിയും വാങ്ങി, കിട്ടിയതു ലാഭം എന്ന മട്ടില്‍ ഇരിക്കാനാഞ്ഞ ഇസ്മായിലിന്‌ ഈ ചോദ്യം നിന്ന നില്‍പില്‍ ഇടിവെട്ടു കൊണ്ട പോലെയായി. കണ്ണനും ഇസ്മയിലും മുഖത്തോടു മുഖം നോക്കി. രമേഷ്‌ ഒന്നുമറിയാത്ത്‌ പോലെ കണക്കു പുസ്തകവും നോക്കിയിരുന്നു.

"പറയെഡാ വേഗം" മാഷ്‌ വീണ്ടും.

"അതു... പിന്നെ.... മാഷെ...." ഇസ്മായില്‍ വിക്കി വിക്കി ചൊല്ലി.

"എന്റെ കയ്യിലിരുന്ന പേപ്പര്‍ കണ്ണന്‍ തട്ടിപ്പറിച്ചിട്ടാ മഷെ" അന്നേരം മറ്റു മറുപടികളൊന്നും ആലോചിച്ചു വച്ചിട്ടില്ലാത്തതിനാല്‍ ഇസ്മായില്‍ സത്യം പറഞ്ഞു.

"എവിടെടാ ആ പേപ്പര്‍?" കിട്ടിയ അടിയും വാങ്ങി നിക്കറിന്റെ പോകെറ്റില്‍ കയ്യിട്ടു നില്‍ക്കുന്ന കണ്ണനോടായി മാഷിന്റെ അടുത്ത ചോദ്യം.

മാഷ്‌ ഇത്രയും ഡീറ്റയിലായി കേസന്വേഷണം നടത്തുമെന്ന് സ്വപ്നേപി നിരൂപിക്കാത്ത കണ്ണന്‍, പെട്ടെന്ന് പോക്കറ്റില്‍ നിന്നു കയ്യെടുത്തു. ഇതു കണ്ട മാഷ്‌ കണ്ണനെ പിടിച്ചു നീക്കി നിര്‍ത്തി അവന്റെ പോകെറ്റില്‍ കയ്യിട്ടു.

നിന്ന നില്‍പില്‍ താന്‍ ഉരുകിയൊലിച്ചു പോകുമോ അതൊ മരവിച്ച് ഉറ്അച്ചു പോകുമൊ എന്നൊന്നും മാഷിനു മനസ്സിലായില്ല. കീശക്കുള്ളിലില്ലാത്ത പേപറിനെ അന്വേഷിച്ച്‌ ചെന്ന മാഷ്‌, കീശതന്നെയില്ലെന്നറിഞ്ഞത്‌ കണ്ണന്റെ കണ്ണായ സ്ഥലത്ത്‌ തന്റെ കൈകൊണ്ടപ്പോഴാണ്‌. ഷോക്കേറ്റ പോലെ കൈ പിന്‍വലിച്ച മാഷിന്റെ അപ്പൊഴത്തെ മുഖഭാവം നവരസങ്ങളില്‍ പത്താമത്തേതായിരുന്നു. കടിച്ച പാമ്പിനെ കൊണ്ട്‌ വിഷമിറപ്പിക്കുന്ന പോലെ അടിച്ച കൈ കൊണ്ട്‌ തടവിച്ചതിന്റെ ആത്മ സംതൃത്പ്തി കണ്ണന്റെ മുഖത്ത്‌.

ജാള്യത മറക്കാന്‍ കര്‍ക്കശതയുടെ മുഖം മൂടിയണിഞ്ഞ്‌ മാഷ്‌ കണ്ണന്റെ ഇടത്തേ പോക്കറ്റിലും കയ്യിട്ടു. അന്വേഷിച്ചത്‌ കണ്ടെത്തിയതു കൊണ്ടും, കഴിഞ്ഞ പോക്കറ്റിലെ വ്യത്യസ്തമായ അനുഭവം മനസ്സില്‍ വച്ചു കൊണ്ടും, എത്രയും വേഗം കിട്ടിയപേപ്പറും കൊണ്ട്‌ കീശകാലിയാക്കി മാഷ്‌.

"ഇതാണൊഡാ ഇസ്മായിലിന്റേന്ന് എടുത്ത പേപ്പര്‍?" മാഷ്‌ കണ്ണനോട്‌ ചോദിച്ചു.

"അതെ" ഇനിയെന്ത്‌? വരുന്നത്‌ വരുന്നോടത്തു വച്ചു കാണാം എന്ന മട്ടില്‍ കണ്ണന്‍ പറഞ്ഞു.

തനിക്കേതായലും നറുക്കു വീണ സ്ഥിതിക്ക്‌ ഇസ്മായിലിനെം അതില്‍ കൂടെ ചേര്‍ക്കാം എന്ന ഒരു ദുരുദ്യേശവും ആ 'അതേ' യില്‍ ഒളിഞ്ഞു കിടന്നിരുന്നു.

പോക്കറ്റിലെ കണ്ണനെ പിടിച്ചതിന്റെ ചവര്‍പ്പു മാറ്റുവാന്‍ മാഷിനു കിട്ടിയ മധുരമിട്ടായിയാണോ ആ തുണ്ടു കടലാസ്‌? കടലാസ്‌ മടക്കുകള്‍ നീര്‍ത്തിയ മാഷ്‌, യോദ്ധയിലെ ജഗതിയെ ഓര്‍മ്മിപ്പിക്കും വിധം, പതുങ്ങി, ചളുങ്ങി, മണുങ്ങി മണുങ്ങനായി കണ്ണു തള്ളി നിന്നു. അല്ലേലും ഇത്രെം കുട്ട്യേള്‍ നോക്കി നില്‍കുമ്പോള്‍, ആദിപാപത്തിലെ അഭിലാഷേടെ പടമുള്ള നാനയുടെ നടുക്കണ്ടം കയ്യില്‍ കിട്ടിയാല്‍ മാഷ്ക്ക്‌ പിന്നല്ലാതെ കോള്‍മയില്‍ കൊള്ളാനൊ, രോമാഞ്ച കഞ്ചുകനാവാനോ, തന്റെയുള്ളിലുള്ളത്‌ പുറത്തു കാണിക്കാനൊ പറ്റില്ലല്ലൊ.

കേസിന്റെ കൂടുതല്‍ വിശദീകരണങ്ങലിലേക്കു കടക്കാതെ, കടന്നാല്‍ ഇനി അടുത്ത കുരിശ്‌ എന്താണെന്നരിയാത്തതിനാല്‍, മാഷ്‌, കണ്ണനും ഇസ്മായിലിനും തുടയില്‍ അഞ്ച്‌ വീതം ചൂരല്‍ പഴം കൊടുത്തു. അന്നത്തെ ക്ലാസ്‌ അത്രമതിയെന്നു പറഞ്ഞ്‌ ഉദയനു ചെങ്കോല്‍ കൈമാറി. കിട്ടുണ്ണിമാഷ്‌ സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു.

"ഇതൊക്കെ മാഷമ്മാരുടെ ഒരു അഡ്ജസ്റ്റ്‌മന്റ്‌ ഓഫ്‌ കേരളയല്ലെ. അഭിലാഷ മോളേം കൊണ്ടല്ലെ പോക്ക്‌. പുട്ട്‌മിണുങ്ങി ഓട്യാലെവടം വരെ" കണ്ണന്‍ മനസ്സില്‍ പറഞ്ഞു.

(അടുത്ത ലക്കത്തില്‍ അവസാനിപ്പിക്കാം)

Thursday, February 08, 2007

ഇരുട്ടുതീനികള്‍

ഞങ്ങള്‍ ഇരുട്ടുതീനികള്‍.
നിങ്ങളെന്നെ തേടുന്നു
ഇരുട്ടുള്ളപോള്‍ മാത്രം,
ആവാഹിക്കുവതിനായ്‌
നിന്നരികിലെ ഇരുട്ടിനെ.

കനം കൂടിയ ഇരുട്ട്‌
വന്നിടിക്കുമ്പോള്‍
എനിക്ക്‌ തീപിടിക്കുന്നു,
ഞാനെരിഞ്ഞു തീരുന്നു.

ഇരുട്ടിന്റെ കറുപ്പിനാല്‍
എന്നില്‍ കരിപിടിക്കുന്നു.

വെട്ടത്തേക്കാള്‍ വേഗതകൂടിയ
ഇരുട്ടെന്നിലെത്തുമ്പോള് ‍
ഞാന്‍ ഉരുകിയൊലിക്കുന്നു.

ഇരുട്ടിനു കനമില്ലെന്നോ?
നീലജലാശയത്തിന്റെ
തമോഗര്‍ത്തങ്ങളിലേക്കൊ-
ന്നൂളയിട്ടിറങ്ങാം
കട്ടികൂടിയ ഇരുട്ട്
‌ജലാശയത്തിന്റെ
അടിയില്‍
‍അടിഞ്ഞിരിക്കുന്നതു സത്യമല്ലേ.

ഇരുട്ടിന്റെ വേഗത്തിനൊ-
ഇല്ല എതിരഭിപ്രായം.
വെട്ടം വീഴുമുമ്പെ ഓടിയകലും
ഇരുട്ടിനു തന്നെ വെട്ടത്തേക്കാള്‍ വേഗം.

ഇരുട്ടിനെ തിന്നു തിന്ന്
എന്റെ വയറ്റിലെ
ഊര്‍ജ്ജം വറ്റുന്നു,
വയറ്റില്‍ ഇരുട്ടു നിറയുന്നു
ഞാന്‍ മരിക്കുന്നു.

വിളക്കണഞ്ഞെന്ന്
നിങ്ങള്‍ പറയുന്നു.

Sunday, February 04, 2007

ഒരു താക്കോല്‍ വിശേഷം (ആകാശവാണ്യേച്ചി 3)

അങ്ങനെ ആകാശവാണ്യേച്ചിടെ മോള്‍ കല്യാണി നാലാമതും പെറ്റു. കൊച്ചൊരു ഒന്നാന്തരം ആങ്കൊച്ച്‌. കെട്ടും കെടക്കീം കുണ്ടാമണ്ടിയമായി ആസ്പത്രിയില്‍ കഴിയാന്‍ തുടങ്ങീട്ട്‌ നാള്‌ നാലായി. ഇനി എങ്ങനേലും വീട്ടിലെത്തിയാല്‍ മതിയെന്നായി.

വീനമ്മക്കാണെങ്കില്‍ കാലത്തും വൈകീട്ടും കറവക്കു പോണം. അതിനിടയില്‍ മോളുടെ കുട്ടിയെക്കാണാന്‍ എല്ലാദിവസവും ഓടിപിടഞ്ഞ്‌ ആസ്പത്രിയിലെത്താന്‍പറ്റൊ. ഇനിയേതായാലും സമാധാനമായി. മോളെം മോനെം കൊണ്ട്‌ വീട്ടിലേക്ക്‌ പോകാലൊ.

വീനമ്മ പുതപ്പും തലയിണേം കവറിലാക്കുമ്പോഴാണ്‌ നഴ്സ്‌ കടന്നു വന്നത്‌. വന്നപാടെ കുട്ടിയെ ഒന്നു കൂടെ നോക്കി വീനമ്മയോടും കല്യാണിയോടുമായി പറഞ്ഞു

"അടുത്തയാഴ്ച കുട്ടിയെ ഒന്നു കൊണ്ടുവരണം ഡോക്ടറെ കാണിക്ക്യാന്‍"

"ഇനി മോനെ കാണാനുള്ളോര്‌ വീട്ടിവന്നു കണ്ടോട്ടെ" വീനമ്മ എടുത്തടിച്ച പോലെ മറുപടിയും പറഞ്ഞു കൊണ്ട്‌ പുറത്തേക്ക്‌ പോയി.

വീനമ്മ ഒരു ഓട്ടോയും വിളിച്ചു വന്നു. മകളെയും കുട്ടിയെയും കയറ്റി നേരെ ഏഷണിമുക്കിലെ സ്വന്തം വീട്ടിലേക്ക്‌ വിട്ടു. വീടിന്റെ വാതില്‍ തുറക്കാന്‍ താക്കോല്‍ തപ്പിയപ്പോഴാണ്‌, ആശുപത്രീന്ന് കെട്ടുകെട്ടുന്ന തിരക്കിനോട്‌ യോജിപ്പില്ലാതെ, തക്കോല്‌ താക്കോലിന്റെ വഴിക്കു പോയതറിഞ്ഞത്‌. മകളെം കുട്ടിയെം ഈ പൊരിവെയിലത്ത്‌ പുറത്തു നിര്‍ത്തുന്നതെങ്ങനെ, വീട്ടിനുള്ളില്‍ കടക്കാന്‍ വേറെ വഴിയൊന്നുമില്ല. ഒരു താക്കോല്‍ വീട്ടിനുള്ളിലുണ്ട്‌, അതൊന്നു കിട്ടിയാല്‍ മതി. അതിനും എന്താ വഴി. ആണ്മക്കളൊന്നും സ്ഥലത്തില്ല. ഇനിയെന്തു ചെയ്യും?

തള്ളയെം കുട്ടിയേം ഇറയത്ത്‌ പുതപ്പു വിരിച്ചു അതില്‍ കിടത്തി. മുറ്റത്തു ഉണക്കാനിട്ടിരുന്ന ഒരു മടലു കയ്യിലെടുത്ത്‌, അടുക്കളവാതിലിന്റെ ഓടാമ്പലു നീക്കി അകത്തു കടക്കാന്‍ ഒരു ശ്രമം നടത്തി. വാതില്‍ തുറക്കാതെ തന്നെ മടല്‍ അടുക്കളയിലെത്തിയെന്നല്ലാതെ, വാതില്‍ ഒരടിക്കു മുന്നോട്ടൊ പിന്നോട്ടൊ ഇല്ലെന്ന മട്ടില്‍ നിലയുറപ്പിച്ചു.

പടിഞ്ഞാറേലെ സിദ്ദനോ തെക്കേലെ സുകുവൊ അവിടെയുണ്ടോന്നു ചെന്നു നോക്കി. അവരും ജോലിക്കു പോയിരിക്കുന്നു. അവിടെയുണ്ടായിരുന്ന അമ്മിണീം ലീലെം പിന്നെ അഞ്ചാറു പിള്ളേരും ആകാശവാണിയോടൊപ്പം കൂടിയതു മിച്ചം. ആകാശവാണ്യേച്ചി തിരികെ വന്ന്‌ മോളോടൊപ്പം ഇറയത്ത്‌ കുത്തിയിരിപ്പായി.

"കൃഷ്ണാ, ഗുരുവായൂരപ്പാ രക്ഷിക്കണേ. ഈ വാതിലൊന്നു തുറക്കാന്‍ ഒരു വഴികാണിക്കണേ... " ആകാശവാണ്യേച്ചി കരുണാകരന്റെ കരുണകടാക്ഷത്തിന്നായി കൈനീട്ടി.

അകത്തു കടക്കാനുള്ള വഴികളെല്ലാം കൊട്ടിയടഞ്ഞ്‌ ഇനിയെന്ത്‌ കുന്തമെന്ന ചിന്തയുമായി വഴിയിലേക്ക്‌ കണ്ണും നട്ടിരിക്കുപോഴാണ്‌, അപരിചിതനായ ഒരാള്‍ അതിലെ കടന്നു പോകുന്നത്‌ കണ്ടത്‌. അയാളെ കണ്ടപാടെ ആകാശവാണി ചാടിയെഴുന്നേറ്റ്‌ ഉറക്കെ വിളിച്ചു.

"ടാ... മോനെ ഒന്നിങ്ങ്ട്‌ വന്നിട്ട്‌ പോ"

കാട്ടുകോഴിക്കെന്ത്‌ കര്‍ക്കട ചന്‍ക്രാന്തിയെന്ന മട്ടില്‍ അയാളിതൊന്നും അറിയാതെ നടന്നു പോയി. ആകാശവാണി വഴിയരികിലോളം പോയി അയാളെ വീണ്ടും വിളിച്ചു. ഇത്തവണത്തെ വിളി ഏറ്റെന്നു തോന്നുന്നു. തെക്കോട്ടു പോയവന്‍ വടിവെട്ടിയെറിഞ്ഞപോലെ വടക്കോട്ടു തിരിച്ചുവന്നു. ഒരു അന്‍ഞ്ച്‌ അഞ്ചരയടി ഉയരം, കറുത്ത ശരീരം, പിരിച്ചു വച്ച മീശ. ഈ മനുഷ്യനെ അടുത്തിവിടെയെങ്ങും കണ്ടിട്ടില്ലെന്നറിയാന്‍ വീനമ്മക്ക്‌ അധികം ആലോചിക്കേണ്ടി വന്നില്ല. എന്തായാലും ആളോട്‌ വീനമ്മ താക്കോലു കളഞ്ഞുപോയ അത്യാഹിതം അറിയിച്ചു. അയാളെം കൂട്ടി വീനമ്മ വീട്ടു മുറ്റത്തെത്തി.

കാര്യം കേട്ടതെ ആഗതനു സംഗതീടെ കെടപ്പുവശം പിടികിട്ടുകയും, അതിനടിസ്ഥാനത്തില്‍ താക്കോലു കണ്ടുപിടിക്കാനുള്ള പ്രാരംഭ നടപടികളില്‍ വ്യാപൃതനാവുകയും ചെയ്തു. വീടിനടുത്തു നിന്നിരുന്ന മൂവാണ്ടന്‍ മാവിനടുത്തു വന്നു. ഇട്ടിരുന്ന ഷര്‍ട്ടൂരി മാവിന്‍ കൊമ്പില്‍ തൂക്കി. ഉടുത്തിരുന്ന കെയിലി മടക്കിക്കുത്തി അതിന്റെ നീണ്ടു കിടക്കുന്ന വാലെടുത്ത്‌ പിന്നിലേക്ക്‌ കുത്തി. കുരങ്ങിനെപോലെ മാവില്‍ വലിഞ്ഞു കയറി ചാഞ്ഞു കിടക്കുന്ന ചില്ലയിലൂടെ പുരപ്പുറത്തിറങ്ങി വിദ്വാന്‍. പുരപ്പുറത്തെ ഓടു നീക്കി വിദ്വാന്‍ വീടിനുള്ളിലെത്തിയത്‌ നിമിഷ നേരം കൊണ്ട്‌. ഇതെല്ലാം കണ്ടുകൊണ്ട്‌ വീനമ്മയും പുത്രിയും, പുത്രീ പുത്രനും അയല്‍കാരും മുറ്റത്ത്‌ മാനം നോക്കി നിന്നു.

അല്‍പനേരം കഴിഞ്ഞ്‌, അടുക്കളവാതില്‍ വഴി പുറത്തു കടന്നു വിദ്വാന്‍. അകത്ത്‌ അലമാരയിലിരുന്ന പൂമുഖ വാതിലിന്റെ താക്കോലെടുത്ത്‌ വലതു കയ്യിന്റെ ചൂണ്ടു വിരലിലിട്ട്‌, ഭഗവാന്റെ കയ്യിലെ സുദര്‍ശനം പോലെ കറക്കിക്കൊണ്ട്‌, വീനമ്മയുടെ അടുത്തെത്തിയ വിദ്വാനെ വാരിപുണര്‍ന്ന് ഒരുമ്മ കൊടുത്തു വീനമ്മ. വിദ്വാന്‍ താക്കോല്‍ വീനമ്മയുടെ കയ്യിലേല്‍പ്പിച്ചു.

“ഈ താക്കോലവടെ അളമാരീലുള്ള കാര്യം നീയെങ്ങനറിഞ്ഞു?” വീനമ്മക്ക് അതു ചോദിക്കാതിരിക്കാനായില്ല. വാതില്‍ തുറന്നു മകളേയും മോനെയും അകത്തു കയറ്റിയ വീനമ്മ ആഗതനെയും വീട്ടിലേക്ക്‌ ക്ഷണിച്ചു.

"ഞാനാരാണെന്നെച്ചാ നിങ്ങളിങ്ങനെ?" ഒരുമ്മം തന്നതും പോരാഞ്ഞ്‌ ഇനി വീട്ടിലേക്ക്‌ സല്‍കരിക്കന്‍ വിളിക്കുന്നതിന്റെ ഗുട്ടന്‍സ്‌ മനസ്സിലാവാതെ വിദ്വാന്‍ ചോദിച്ചു.

"നീ ആരായാലെന്താ. നിന്നെപ്പൊയിങ്ങട്‌ സാക്ഷാഗുരുവായൂരപ്പനയച്ചതല്ലെ" വീനമ്മ കൃഷ്ണകടാക്ഷത്തെ വാഴ്ത്തിപ്പറഞ്ഞു.

"ങാ ങാ. ഗുരുവായൂരപ്പന്‍. ഞാനിപ്പൊ പോലീസ്‌ സ്റ്റേഷനീന്ന് വരാ തള്ളേ. വാടാനപ്പള്ളീലൊരുവീട്ടില്‍ രാത്രി കക്കാന്‍ കേറ്യേന്‌ പോലീസ്‌ പിടിച്ചിട്ട്‌" വിദ്വാന്‍ പറഞ്ഞു നിര്‍ത്തി.

"ഞാനൊന്നു പറഞ്ഞപ്പോള്‍, എന്നെ സഹായിക്കാന്‍ നീ മിടുക്കന്മാരെ തന്നെ തെരഞ്ഞെടുത്തയച്ചല്ലൊ കൃഷ്ണാ, ഗുരുവായൂരപ്പാ. എല്ലാം നിന്റെ മായ" വീനമ്മ നെടുവീര്‍പ്പിട്ടു.

ഏതായാലും ആഗതനും അയല്‍ക്കാര്‍ക്കും ചായയും ബിസ്കറ്റും കൊടുത്ത്‌ സല്‍കരിച്ചിട്ടെ വിട്ടുള്ളു ആകാശവാണ്യേച്ചി.