Wednesday, November 22, 2006

വരിക്കപ്ലാവ്‌

വരിക്കപ്ലാവ്‌, അതു ഞങ്ങളുടെ കുടുംബവൃക്ഷമാണ്‌. അതൊരു കുടുംബവൃക്ഷമാകുന്ന്തെങ്ങനെ? പറയാം. കുടുംബവൃക്ഷമോ അങ്ങനെയൊന്നുണ്ടൊ എന്നു സംശയം തോന്നിയേക്കാം. എന്നാല്‍ അങ്ങനെയൊന്നുണ്ട്‌. ആര്‍ക്കില്ലെ‍ങ്കിലും ഞങ്ങള്‍ക്കുണ്ട്‌. കുടുംബ ഡോക്ടര്‍ പോലെ, കുടുംബാശുപത്രിപോലെ, കുടുംബകൂട്ടുകാരന്‍ പോലെ (ഈ ആംഗലേയം മലയാളീകരിക്കുമ്പോള്‍ ഒന്നും തിരിയാത്ത പോലെ) ഞങ്ങള്‍ക്കൊരു കുടുംബവൃക്ഷം. അതൊരു വരിക്കപ്ലാവ്‌.

വളര്‍ന്നു പന്തലിച്ച്‌ വലിയ വലിയ ചില്ലകളും അതിനെ പിന്തുടര്‍ന്നുള്ള ചിന്ന ചിന്ന ചില്ലകളും, കാറ്റുള്ളപ്പോഴും ഇല്ലാത്തപ്പോഴും കലപിലകൂട്ടുന്ന ഇലകളും ഉള്ള അരയാലോ പേരാലോ പോലെ ഒരു വടവൃക്ഷ മൊന്നുമല്ല ഞങ്ങളുടെ ഈ പ്ലാവ്‌. ഇതൊരു കൊച്ചുമരം. ഏകദേശം പത്തു പന്ത്രണ്ട്‌ വയസ്സ്‌ പ്രായം.

സഹോദരിയുടെ ഭര്‍ത്തൃഗൃഹത്തിന്റെ മുറ്റത്തുണ്ടൊരു പ്ലാവ്‌. അവരുടെ വീടിന്റെ ചവിട്ടുകല്ലുകള്‍ അവസാനിക്കുന്നിടത്ത്‌ നില്‍ക്കുന്നു ഈ ഭീമന്‍ പ്ലാവ്‌. വീടിന്റെ ടെറസ്സില്‍ കയറിയാല്‍ ചക്കയില്‍ തൊടാവുന്ന വിധം കായ്ചു നില്‍കുന്ന ഇവന്‍ ഒരു കാഴ്ച തന്നെയാണ്‌. ഒരിക്കല്‍ എന്റെ ഉപ്പ അവരുടെ വീട്ടില്‍ വച്ച്‌ ഈ പ്ലവിന്റെ ചക്ക കഴിക്കാനിടയായി. ആ മരത്തില്‍ കായ്ചതാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ഉപ്പാക്കും ഒരു മോഹം, നമ്മുടെ വീട്ടുമുറ്റത്തും വേണം ഒരു പ്ലാവ്‌. കിഴക്കെമുറ്റത്തിന്റെ തെക്കേ കോടിയില്‍ കായ്ചു നില്‍കുന്ന ഒരു പ്ലാവ്‌ ഉപ്പയുടെ സ്വപ്നമായതങ്ങനെ.

വാടാനപ്പള്ളിയില്‍ നിന്ന് ഉപ്പ വാങ്ങികൊണ്ടുവരുന്ന ചക്കകള്‍ ഇപ്പോളെന്നോര്‍മ്മകളില്‍ മാത്രം. വേനല്‍കാലമായാല്‍ വീട്ടില്‍ എന്നും ചക്ക മണം തങ്ങി നില്‍ക്കും. ചക്ക കൊണ്ടു വന്നാല്‍, രാത്രിയില്‍, ഞങ്ങള്‍ എല്ലാവരും അതിനുചുറ്റും കൂടും. ഉമ്മ ഒരു ചെറിയ പാത്രത്തില്‍ വെളിച്ചെണ്ണയും ഒരു കത്തിയും പിന്നെ കുറച്ച്‌ ചകിരി ചീന്തിയതും അടുത്ത്‌ കരുതിയിരിക്കും. ഉമ്മയുടെ കയ്യില്‍ നിന്നു കത്തി വാങ്ങി ഉപ്പ ചക്ക കഷ്ണങ്ങളാക്കുന്നു. ഒരു പകുതി നാളേക്കും എടുത്തുവക്കും. പിന്നെ അതിന്റെ കൂണുകള്‍ അരിഞ്ഞു കളയും. അപ്പോള്‍ ഉമ്മ ചകിരികൊണ്ട്‌, ഉതിര്‍ന്നുവരുന്ന ചക്കപശ തുടച്ചു കളയും. എന്നിട്ട്‌ ഞങ്ങള്‍ക്കെല്ലാം കയ്യില്‍ പുരട്ടാന്‍ എണ്ണതരും. ചക്ക കഴിച്ചു കഴിഞ്ഞാല്‍ പിന്നെ വയറ്റില്‍ ഒരിഞ്ചു സ്ഥലം ബാക്കികാണില്ല. എന്നാലും രാത്രിഭക്ഷണം (ചോറ്‌) ഒഴിവാക്കാന്‍ പാടില്ല. അന്തിപഷ്ണികിടന്നാല്‍ ഒരു പ്രാവിന്റെ തൂക്കം കുറയുമെന്നാ പ്രമാണം. (അതേതുപ്രാവെന്നെനിക്കിതുവരെയറിയില്ല).

ഇങ്ങനെ വന്ന ഒരു ചക്കയിലെ കുരുവാണ്‌ ഇന്നു മുറ്റത്തു നില്‍ക്കുന്ന ഞങ്ങളുടെ വരിക്കപ്ലാവ്‌. മഴപെയ്തപ്പോള്‍ കുറെയേറെ പ്ലാവിന്‍ തൈകള്‍ മുറ്റത്തവിടെയിവിടെയായി മുളച്ചെങ്കിലും, നിലനിന്നതിവള്‍ മാത്രം. ഉപ്പയുടെ പ്രത്യേക പരിചരണം കൂടി ആയപ്പോള്‍ സംഗതി ഉഷാര്‍. ചെറുപ്പത്തില്‍ രണ്ടുമൂന്നിടം മാറിയെങ്കിലും, മൂന്നാം വര്‍ഷം മുതല്‍ ഇവള്‍ക്ക്‌ സ്വന്തമായൊരിടം കിട്ടി.

കടതുറക്കലും കടമൂടലും പലവുരു കഴിഞ്ഞുപോയി. അങ്ങനെ ഒരു വര്‍ഷം അവളും പുഷ്പിണിയായി. അങ്ങിങ്ങായി ചെറിയ ചെറിയ തിരികള്‍. അതില്‍ ഒന്നു വളര്‍ന്ന് ഒരിടത്തരം ചക്കയായി. കന്നിചക്കയുടെ വളര്‍ച്ചയന്വേഷണം കൂടാതെ ഞങ്ങളുടെ ഒരു ദിവസവും കടന്നു പോയിട്ടില്ല എന്നു തന്നെ പറയാം. ചക്ക മൂത്തു തുടുത്തു പഴുത്തു, കാക്കകൊത്തിയപ്പോള്‍ വെട്ടിയിറക്കി. ഉപ്പ വന്നപ്പോള്‍ അതെല്ലാര്‍ക്കും പങ്കുവച്ചു. എല്ലാം കൂടി ആകെ പതിനാല്‌ ചുളകള്‍ ഞങ്ങള്‍ക്ക്‌ ബാക്കി വന്ന ചക്കച്ചവിണി അപ്പുറത്ത്‌ പശുവിനും.

വരിക്കപ്ലാവ്‌, അതു ഞങ്ങളുടെ കുടുംബമരമാണ്‌.

ഈ കഴിഞ്ഞ ജൂലൈ മാസത്തില്‍ ഞങ്ങളെവിട്ടുപിരിഞ്ഞ എന്റെ സ്നേഹനിധിയായ ഉപ്പക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ....

25 comments:

സുല്‍ |Sul said...

“വരിക്കപ്ലാവ്‌, അതു ഞങ്ങളുടെ കുടുംബവൃക്ഷമാണ്‌. അതൊരു കുടുംബവൃക്ഷമാകുന്ന്തെങ്ങനെ? പറയാം. കുടുംബവൃക്ഷമോ അങ്ങനെയൊന്നുണ്ടൊ എന്നു സംശയം തോന്നിയേക്കാം. എന്നാല്‍ അങ്ങനെയൊന്നുണ്ട്‌. ആര്‍ക്കില്ലെ‍ങ്കിലും ഞങ്ങള്‍ക്കുണ്ട്‌.“

ഒരു ഓര്‍മ്മകുറിപ്പ്.

-സുല്‍

Rasheed Chalil said...

തേങ്ങ ഞാന്‍ സ്പോണ്‍സര്‍ ചെയ്യുന്നു.

thoufi | തൗഫി said...

സുല്ലെ,വരിക്കപ്ലാവ്..ഓര്‍മ്മക്കുറിപ്പുകള്‍ അസ്സലായി
പിതാവിന്റെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നു

thoufi | തൗഫി said...

ഓ.ടോ.)ഇത്തിരീ,തേങ്ങയല്ല,സുല്ല്..സുല്ല്
നാളികേരത്തിന്റെ പുതിയ പര്യായ പദമാണു സുല്ല്.
അതുല്ല്യേച്ചി ഇട്ട പേരാണത്.

സുല്ലെ,ഞാനിവിടെയും ഒരു സുല്ലിട്ടു.സുല്ലെന്ന ഓഫിനു മ്യാപ്പ്

Areekkodan | അരീക്കോടന്‍ said...

സുല്ലേ... വരിക്കച്ചക്ക തിന്നാന്‍ ഒരു മോഹം!!!

ഏറനാടന്‍ said...

സുല്ലേ സുല്ലിന്റെ ചക്കചരിതത്തിന്‌ എന്റെ ഒരു കൊട്ട സുല്ല്‌!
(സുല്ലൊരു കവിയായതിനാല്‍ ചക്കവൃത്തം ഒന്നിവിടെ സൂചിപ്പിക്കട്ടേ: "കുരുവൊന്നെങ്കിലും വേണം, നടുക്ക്‌ ചവിണിയും, പിന്നെ പശിമയും, എന്നാലത്‌ ചക്കയാമത്‌!!)

Rasheed Chalil said...

മിന്നാമിനുങ്ങേ തേങ്ങയുടെ അര്‍ത്ഥം സുല്ല് എന്നാണെങ്കില്‍ സുല്ലിന്റെ അര്‍ത്ഥം തേങ്ങ എന്നാണോ ?

ഞാന്‍ ഈ നാട്ടുകാരനേ അല്ല.

ലിഡിയ said...

തേന്‍ വരിക്ക പഴങ്ങള്‍ ചക്കമടലില്‍ നിന്ന് ഉരിഞ്ഞ് തിന്ന് കാലം മറന്നു, പ്ലാവിന്റെ ഓര്‍മ്മയുടെ മുന്നിലും ഒരു സ്നേഹിക്കുന്നാ ആത്മാവിന്റെ ഓര്‍മ്മയുടെ മുന്നിലും എന്റെയും പ്രണാമങ്ങള്‍

-പാര്‍വതി.

സു | Su said...

ആ ഓര്‍മ്മയില്‍ ഞാനും പങ്ക് ചേരുന്നു.

മനോജ് കുമാർ വട്ടക്കാട്ട് said...

ചക്ക, മാങ്ങ, കപ്പ, കണ്ടിക്കിഴങ്ങ്‌, മധുരക്കിഴങ്ങ്‌, വാഴക്കുണ്ട, ചേമ്പ്‌, ചേന, കാച്ചില്‍, ചാമ്പക്ക, ഞേറല്‍ തുടങ്ങി ഗൃഹാതുരത്വമുണര്‍ത്തുന്ന എന്തെന്ത്‌ ഓര്‍മ്മകള്‍...

(ഒ.ടോ. ചക്ക എന്നൊരക്ഷരം മിണ്ടരുത്‌. ഇവിടൊരാള്‍ അപ്പോ പാത്രവുമായി എത്തും. കുഞ്ഞുമോള്‍ക്കും തുടങ്ങിയിട്ടുണ്ട്‌ ഇപ്പോള്‍ ഈ അസുഖം)

അതുല്യ said...

ചക്ക തിന്നുമ്പോ കുരു ആദ്യം കീഴെ.. അതിനാ ചക്കേലു കുരു... എന്നിട്ട്‌ നാലു കൂഴ ച്ചക്ക ഒരുമിച്ച്‌ മിഴുങ്ങിയിരിയ്കു...

കണ്ണൂരാന്‍ - KANNURAN said...

വരിക്കചക്ക ഗൃഹതുരമായ ഓര്‍മ്മകളാണുwര്‍ത്തുന്നത്... മധുരമുള്ള ഓര്‍മ്മകള്‍ എല്ലാവര്‍ക്കും കാണും അല്ലെ??

Anonymous said...

പനസി ദശായാം പാശി

ഇതി പനസം ചരിതം

വല്യമ്മായി said...

വായിച്ചു.ഒന്നും പറയാനില്ല

അമല്‍ | Amal (വാവക്കാടന്‍) said...

ഉപ്പയുടെ ഓര്‍മ്മക്കായി ഒരു പ്ലാവ്..അതും വരിക്ക!!
നന്നാവട്ടെ!

നല്ല ചക്ക!!

ഓ.ടൊ. :കുറെ നാളിനു ശേഷം കാണുന്നു..ടെമ്പ്ലേറ്റ് കിടിലന്‍

Sona said...

പ്ലാവ്,വരിക്കച്ചക്ക എന്നൊക്കെ പറഞു കൊതിപ്പിച്ചു ദുഷ്ടന്‍..

റീനി said...

സുല്‍, ഓര്‍മ്മക്കുറിപ്പുകള്‍ ഇഷ്ടായി. ഉപ്പയുടെ ആത്മാവിന്‌ നിത്യശാന്തി.

വരിക്കച്ചക്കയും കൂഴച്ചക്കയും തിന്ന കാലം മറന്നു. എന്നാലും ഓര്‍മ്മകള്‍ ഒന്നും മറക്കില്ലല്ലൊ!

തറവാടി said...

കാണാന്‍ വൈകി , നല്ല ഓര്‍മ്മ

mydailypassiveincome said...

സുല്ലേ, ഞാനും ഈ പോസ്റ്റ് കാണാന്‍ വളരെ വൈകി.

കൊള്ളാം നല്ല ഓര്‍മ്മകള്‍. ഉപ്പയുടെ ഓര്‍മ്മകളുണര്‍ത്തുന്ന വരിക്ക പ്ലാവ് ഇനിയും ധാരാളം വരിക്കച്ചക്കകള്‍ സമ്മാനിക്കട്ടെ. അപ്പോള്‍ ഞങ്ങളേയും ഓര്‍ക്കണം.

സുല്ലേ, ഒരു ചോദ്യം : ചക്കയാണോ അതോ ചക്കക്കുരുവാണോ മൂത്തത്? ;)

asdfasdf asfdasdf said...

ചക്ക ചരിത്രം അസ്സലായി. ഓര്‍മ്മകള്‍ പലതും തിരികെ തന്നതിന് നന്ദി.

Anonymous said...

ചക്ക ചരിതം അസ്സലായി ... വരിക്കപ്ലാവിനെ മകളെ പോലെ നോക്കിവളര്‍ത്തിയ സുസമേരത്തിന്‍റെ പിതാവിന് ആത്മശാന്തി നേരുന്നു ...
(രാത്രി നമ്മള്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ പ്രാവിന്‍റെ തൂക്കമല്ല കുറയുക നമ്മുടെ ശരീരത്തില്‍ നിന്ന് ഒരു പ്രാവിന്‍റെ തൂക്കം കുറയൂന്നാ.. അതൊരു പഴമൊഴി .. അതില്‍ പതിരുണ്ടാവില്ലല്ലോ )

umbachy said...

ഫാമിലീ ട്രീ
എന്നു പറഞ്ഞാല്‍
മറ്റൊന്നാ അല്ലേ ഇങ്ലീഷില്‍
കുടുമ്പമരം നന്നായി

സുല്‍ |Sul said...

എന്റെ വരിക്കപ്ലാവിന്‍ കടക്കല്‍ വന്നവര്‍ക്കും കടമാന്തിയവര്‍ക്കും വളമിട്ട് വെള്ളമൊഴിച്ച എല്ലാവര്‍ക്കും നന്ദിയുടെ തേന്‍‌വരിക്കചക്കയിലെ ഓരൊ ചുളകള്‍ നേദിക്കുന്നു. :)

ഇത്തിരി :) തേങ്ങയും ചക്കയും ആവാം ല്ലെ.

മിന്നു :) നമ്മുടെ പ്രാര്‍ഥനകള്‍ പടച്ചവന്‍ സ്വീകരിക്കുമാറാകട്ടെ! (ആമീന്‍)

ആബിദേ ജ്ജ് ഇപ്പൊ എവടാ? നാട്ടിലൊ അതൊ?

ഏറനാടാ ഇതു പുതിയ വൃത്തമാണോ ചക്ക വൃത്തം. ഇലതിന്നാന്‍ ആടിനെ കെട്ടുമ്പോള്‍ അവള്‍ വരക്കുന്ന വൃത്തമായല്ലാതെ മറ്റു വൃത്തങ്ങളുമായി ഈ പ്ലാവിനെ ബന്ധിപ്പിക്കരുത് :)

പാര്‍വ്വതീ പ്രണാമങ്ങള്‍ ജഗദീശ്വരന്‍ സ്വീകരിക്കട്ടെ!

സു :) പങ്കുചേരാനെത്തിയല്ലൊ. അതു മതി.

പടിപ്പുരേ അതു അന്ത കാലം.

അതുല്യേച്ചീ കൂഴചക്ക എന്താ?

കണ്ണൂരാന്‍ :) എല്ലാവര്‍ക്കും കാണും വരിക്കചക്കയുടെ ഓര്‍മ്മകള്‍!

പയ്യന്‍ :) നന്ദി (ഒന്നും മനസ്സിലായില്ല)

വല്യമ്മായി :0 ഒന്നും പറയാനില്ലെങ്കിലും ഈ ചക്കയിലെ ഒരു ചുളയെങ്കിലും കഴിച്ചിട്ട് പോ. സ്നേഹത്തോടെ തരുന്നതല്ലെ.

വാവക്കാടന്‍ :) ഉപ്പ ഒരു ഓര്‍മ്മ മാത്രം. ഉപ്പാടെ ഓര്‍മ്മക്കൊരു പ്ലാവൊന്നും വേണ്ട വാവക്കാടാ. എന്നാലും ഒരു സങ്കല്പം ആവാം. ഓടോക്കും നന്ദി. :)

കൊതിപ്പിചില്ലല്ലോ സോനാ, ചുള കഴിച്ചു പൊയ്കോളൂ.

റീനി ആ ഓര്‍മ്മകള്‍ അല്ലേ നമ്മളെ നമ്മളായി മുന്നോട്ട് നയിക്കുന്നത്.

തറവാടീ സ്വാഗതം :) തറവാട്ടിലേക്കൊരു ചക്ക കൊടുത്തു വിടുന്നുണ്ട്.

മഴത്തുള്ളീ :) നീയല്ലേ വന്ന് പ്ലാവിലുള്ളചക്കയുടെ മധുരം മുഴുവന്‍ ഊറ്റികുടിക്കുന്നത്. ബാക്കിയല്ലെ ഭൂമിയിലുള്ളവര്‍ക്ക്. ഓര്‍ക്കാം തുള്ളീ :)

കുട്ടമ്മേനോനെ ചക്ക ചരിതം പോസ്റ്റുമൊ?

ആത്മകഥ സ്വാഗതം :) അതെ അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ. പ്രാവിന്റെ തൂക്കം അറിയാമായിരുന്നു. ഒരു ചോദ്യത്തിനുള്ള ഗ്യാപ് അടച്ചതല്ലെ. ഇപ്പോളതൊരുത്തരത്തിനുള്ള ഗ്യാപ്പായി :)

ഉമ്പാച്ചി ആ ഫാമിലി ട്രീ മലയാളീകരിച്ചാല്‍ തറവാട് എന്ന ഒറ്റവാക്കില്‍ നില്‍ക്കും. കൂടുതല്‍ അറിയാന്‍ തറവാടിയോട് ചോദിക്കുക :)

ചക്കമരം കാണാന്‍ വന്ന എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി:)

-സുല്‍

Unknown said...

വരിക്കപ്ലാവും അതിന്‍റെ ചക്കയും കൊതിയും മണവുമുണ്ടാക്കി.
താങ്കളുടെ വീട്ടില ഉപ്പയും മക്കളും ചക്ക പങ്കുവച്ചു കഴിക്കുന്ന രംഗം; എനിക്കു തോന്നുന്നു എല്ലാ നല്ല കുടുംബങ്ങളിലും ഇതേ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയിരിക്കണം. പറയാന്‍ കാരണം
ഉമ്മ കത്തിയും വെളിച്ചെണ്ണയും ഒപ്പം ചകിരിയും എടുത്തു കൊണ്ടു വരുന്നതും ഉപ്പ ചക്ക രണ്ടു മുറിയായ് മാറ്റുന്നതും എന്‍റെ വീട്ടിലും നടന്നിരുന്ന സംഭവം തന്നെ. വട്ടമിരുന്ന് കഴിക്കുകയും പിന്നെ രാത്രി ചോറുണ്ടില്ലെങ്കില്‍ ഒരു പ്രാവിന്‍റെ ഇറച്ചി കുറയുന്നതുമൊക്കെ എന്‍റെ അമ്മയും പറയുമായിരിന്നു.
അതു കൊണ്ടു തന്നെ വരിക്ക പ്ലാവ് ഒരു പാട് ഗൃഹാതുരത്വമുണര്‍ത്തി.
നന്ദി. ഒരു പാട് സന്തോഷത്തോടെ
രാജു

സുല്‍ |Sul said...

രാജു ചേട്ടനും എത്തിയൊ ഞങ്ങളുടെ ചക്കയില്‍ പങ്കുചേരാന്‍. നന്ദിയുണ്ട് താങ്കള്‍ക്കീ ഓര്‍മ്മ്കുറിപ്പ് ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ :)

-സുല്‍