Wednesday, November 22, 2006

വരിക്കപ്ലാവ്‌

വരിക്കപ്ലാവ്‌, അതു ഞങ്ങളുടെ കുടുംബവൃക്ഷമാണ്‌. അതൊരു കുടുംബവൃക്ഷമാകുന്ന്തെങ്ങനെ? പറയാം. കുടുംബവൃക്ഷമോ അങ്ങനെയൊന്നുണ്ടൊ എന്നു സംശയം തോന്നിയേക്കാം. എന്നാല്‍ അങ്ങനെയൊന്നുണ്ട്‌. ആര്‍ക്കില്ലെ‍ങ്കിലും ഞങ്ങള്‍ക്കുണ്ട്‌. കുടുംബ ഡോക്ടര്‍ പോലെ, കുടുംബാശുപത്രിപോലെ, കുടുംബകൂട്ടുകാരന്‍ പോലെ (ഈ ആംഗലേയം മലയാളീകരിക്കുമ്പോള്‍ ഒന്നും തിരിയാത്ത പോലെ) ഞങ്ങള്‍ക്കൊരു കുടുംബവൃക്ഷം. അതൊരു വരിക്കപ്ലാവ്‌.

വളര്‍ന്നു പന്തലിച്ച്‌ വലിയ വലിയ ചില്ലകളും അതിനെ പിന്തുടര്‍ന്നുള്ള ചിന്ന ചിന്ന ചില്ലകളും, കാറ്റുള്ളപ്പോഴും ഇല്ലാത്തപ്പോഴും കലപിലകൂട്ടുന്ന ഇലകളും ഉള്ള അരയാലോ പേരാലോ പോലെ ഒരു വടവൃക്ഷ മൊന്നുമല്ല ഞങ്ങളുടെ ഈ പ്ലാവ്‌. ഇതൊരു കൊച്ചുമരം. ഏകദേശം പത്തു പന്ത്രണ്ട്‌ വയസ്സ്‌ പ്രായം.

സഹോദരിയുടെ ഭര്‍ത്തൃഗൃഹത്തിന്റെ മുറ്റത്തുണ്ടൊരു പ്ലാവ്‌. അവരുടെ വീടിന്റെ ചവിട്ടുകല്ലുകള്‍ അവസാനിക്കുന്നിടത്ത്‌ നില്‍ക്കുന്നു ഈ ഭീമന്‍ പ്ലാവ്‌. വീടിന്റെ ടെറസ്സില്‍ കയറിയാല്‍ ചക്കയില്‍ തൊടാവുന്ന വിധം കായ്ചു നില്‍കുന്ന ഇവന്‍ ഒരു കാഴ്ച തന്നെയാണ്‌. ഒരിക്കല്‍ എന്റെ ഉപ്പ അവരുടെ വീട്ടില്‍ വച്ച്‌ ഈ പ്ലവിന്റെ ചക്ക കഴിക്കാനിടയായി. ആ മരത്തില്‍ കായ്ചതാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ഉപ്പാക്കും ഒരു മോഹം, നമ്മുടെ വീട്ടുമുറ്റത്തും വേണം ഒരു പ്ലാവ്‌. കിഴക്കെമുറ്റത്തിന്റെ തെക്കേ കോടിയില്‍ കായ്ചു നില്‍കുന്ന ഒരു പ്ലാവ്‌ ഉപ്പയുടെ സ്വപ്നമായതങ്ങനെ.

വാടാനപ്പള്ളിയില്‍ നിന്ന് ഉപ്പ വാങ്ങികൊണ്ടുവരുന്ന ചക്കകള്‍ ഇപ്പോളെന്നോര്‍മ്മകളില്‍ മാത്രം. വേനല്‍കാലമായാല്‍ വീട്ടില്‍ എന്നും ചക്ക മണം തങ്ങി നില്‍ക്കും. ചക്ക കൊണ്ടു വന്നാല്‍, രാത്രിയില്‍, ഞങ്ങള്‍ എല്ലാവരും അതിനുചുറ്റും കൂടും. ഉമ്മ ഒരു ചെറിയ പാത്രത്തില്‍ വെളിച്ചെണ്ണയും ഒരു കത്തിയും പിന്നെ കുറച്ച്‌ ചകിരി ചീന്തിയതും അടുത്ത്‌ കരുതിയിരിക്കും. ഉമ്മയുടെ കയ്യില്‍ നിന്നു കത്തി വാങ്ങി ഉപ്പ ചക്ക കഷ്ണങ്ങളാക്കുന്നു. ഒരു പകുതി നാളേക്കും എടുത്തുവക്കും. പിന്നെ അതിന്റെ കൂണുകള്‍ അരിഞ്ഞു കളയും. അപ്പോള്‍ ഉമ്മ ചകിരികൊണ്ട്‌, ഉതിര്‍ന്നുവരുന്ന ചക്കപശ തുടച്ചു കളയും. എന്നിട്ട്‌ ഞങ്ങള്‍ക്കെല്ലാം കയ്യില്‍ പുരട്ടാന്‍ എണ്ണതരും. ചക്ക കഴിച്ചു കഴിഞ്ഞാല്‍ പിന്നെ വയറ്റില്‍ ഒരിഞ്ചു സ്ഥലം ബാക്കികാണില്ല. എന്നാലും രാത്രിഭക്ഷണം (ചോറ്‌) ഒഴിവാക്കാന്‍ പാടില്ല. അന്തിപഷ്ണികിടന്നാല്‍ ഒരു പ്രാവിന്റെ തൂക്കം കുറയുമെന്നാ പ്രമാണം. (അതേതുപ്രാവെന്നെനിക്കിതുവരെയറിയില്ല).

ഇങ്ങനെ വന്ന ഒരു ചക്കയിലെ കുരുവാണ്‌ ഇന്നു മുറ്റത്തു നില്‍ക്കുന്ന ഞങ്ങളുടെ വരിക്കപ്ലാവ്‌. മഴപെയ്തപ്പോള്‍ കുറെയേറെ പ്ലാവിന്‍ തൈകള്‍ മുറ്റത്തവിടെയിവിടെയായി മുളച്ചെങ്കിലും, നിലനിന്നതിവള്‍ മാത്രം. ഉപ്പയുടെ പ്രത്യേക പരിചരണം കൂടി ആയപ്പോള്‍ സംഗതി ഉഷാര്‍. ചെറുപ്പത്തില്‍ രണ്ടുമൂന്നിടം മാറിയെങ്കിലും, മൂന്നാം വര്‍ഷം മുതല്‍ ഇവള്‍ക്ക്‌ സ്വന്തമായൊരിടം കിട്ടി.

കടതുറക്കലും കടമൂടലും പലവുരു കഴിഞ്ഞുപോയി. അങ്ങനെ ഒരു വര്‍ഷം അവളും പുഷ്പിണിയായി. അങ്ങിങ്ങായി ചെറിയ ചെറിയ തിരികള്‍. അതില്‍ ഒന്നു വളര്‍ന്ന് ഒരിടത്തരം ചക്കയായി. കന്നിചക്കയുടെ വളര്‍ച്ചയന്വേഷണം കൂടാതെ ഞങ്ങളുടെ ഒരു ദിവസവും കടന്നു പോയിട്ടില്ല എന്നു തന്നെ പറയാം. ചക്ക മൂത്തു തുടുത്തു പഴുത്തു, കാക്കകൊത്തിയപ്പോള്‍ വെട്ടിയിറക്കി. ഉപ്പ വന്നപ്പോള്‍ അതെല്ലാര്‍ക്കും പങ്കുവച്ചു. എല്ലാം കൂടി ആകെ പതിനാല്‌ ചുളകള്‍ ഞങ്ങള്‍ക്ക്‌ ബാക്കി വന്ന ചക്കച്ചവിണി അപ്പുറത്ത്‌ പശുവിനും.

വരിക്കപ്ലാവ്‌, അതു ഞങ്ങളുടെ കുടുംബമരമാണ്‌.

ഈ കഴിഞ്ഞ ജൂലൈ മാസത്തില്‍ ഞങ്ങളെവിട്ടുപിരിഞ്ഞ എന്റെ സ്നേഹനിധിയായ ഉപ്പക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ....

Sunday, November 19, 2006

വടം

സമീഹയുടെ സ്റ്റാറ്റസ്സ്‌ സന്ദേശം പോലെ, എഴുതാനായി പേനയെടുത്തു. അക്ഷരങ്ങളും വാക്കുകളും എവിടെപോയൊളിച്ചു. ഒന്നും എഴുതാനില്ല. കുട്ടമ്മേനോന്‍ പറയുന്നു സുല്‍ ഇനി എഴുത്തിനെ സീരിയസ്‌ ആയി കാണണമെന്ന്. സീരിയസ്‌ ആയി നോക്കിയപ്പോള്‍ അക്ഷരങ്ങള്‍ എന്നെ തുറിച്ചു നോക്കി. എന്നാലും എന്തെങ്കിലും സീരിയസ്സ്‌ ആയത്‌ എഴുതണം. തകഴിയുടെ 'കയറി'നേക്കാള്‍ കെട്ടുറപ്പും സുന്ദരവുമായത്‌. അങ്ങനെ എഴുതാനുള്ളതിന്റെ പേരുകിട്ടി. 'വടം'.

കടലാസില്‍ 'വടം' എന്നെഴുതി ഞാന്‍ വാക്കുകള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ്‌ തുടര്‍ന്നു.

Sunday, November 12, 2006

സ്വര്‍ഗ്ഗത്തിലെ പുട്ട്

കിട്ടുണ്ണിമ്മാഷും കുട്ടമാഷും വല്യ ചങ്ങാതികളായിരുന്നു. അവര്‍ ഇന്നും ഇന്നലെയും തുടങ്ങിയ ചങ്ങാത്തമല്ല, കുഞ്ഞുനാളില്‍ മണ്ണുകൊണ്ട്‌ പുട്ട്‌ ചുട്ട്‌ തുടങ്ങിയതാണ്‌. കിട്ടുണ്ണിമാഷിനും കുട്ടമ്മാഷിനും പുട്ടെന്നു പറഞ്ഞാല്‍ ജീവനാണെന്നു ഞാന്‍ പറയാതെ തന്നെ ഈ ബൂലോകത്തുള്ള എല്ലാര്‍ക്കും അറിയാം.

എന്തിനു പറയുന്നു, അവരുടെ ജീവിതം ഇപ്പോള്‍ അപ്പാപ്പന്റെ വായിലെ പല്ലു പോലെ തൊണ്ണൂറിന്റെ പടിവാതിലില്‍ ആടിക്കളിക്കുന്നു. ആയിടെക്കാണ്‌ കിട്ടുണ്ണിമാഷ്‌ കിടപ്പിലായത്‌. ഇതു കണ്ട കുട്ടമ്മാഷിനോ സങ്കടം സഹിക്കാനായില്ല. കിട്ടുണ്ണി മാഷ്‌ മരണത്തെ മുഖാമുഖം കണ്ടുതുടങ്ങി. അപ്പോള്‍ കുട്ടമ്മാഷിനൊരു ആഗ്രഹം അതു കിട്ടുണ്ണിമാഷിനെ അറിയിച്ചു.

"കിട്ടുണ്ണിമാഷെ, സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ അവിടെ പുട്ടും കടലേം കിട്ടോന്നൊന്നറിയിക്കണം"

കിട്ടുണ്ണിമാഷ്‌ സമ്മതിച്ചു. കാര്യനിര്‍വഹണത്തിന്നായി കിട്ടാവുന്ന വേഗത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ കുതിച്ചു പാഞ്ഞു.

അടുത്ത ദിവസം രാത്രി, കിട്ടുണ്ണിമാഷ്‌ കുട്ടമ്മാഷിനെ കാണാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷനായി. അവര്‍ തമ്മില്‍ ഇങ്ങനെയൊരു സംഭാഷണവും നടന്നു.

"കുട്ടമ്മാഷെ, രണ്ടു വിശേഷങ്ങല്‍ ഉണ്ട്‌." കിട്ടുണ്ണീഭൂതം മൊഴിഞ്ഞു.

"പറയു കേള്‍ക്കട്ടെ"

"ഞാന്‍ സ്വര്‍ഗ്ഗത്തില്‍ അന്വേഷിചു, അവിടെ കുഞ്ഞമ്മാന്റെ തട്ടുകടയില്‍ പുട്ട്‌ അവയ്‌ലബിള്‍ ആണ്‌".

"എന്താ രണ്ടാമത്തെ കാര്യൊം" കുട്ടമ്മാഷ്‌ ചോദിച്ചു.

"ഈ വരുന്ന ബുധനാഴ്ച സ്വര്‍ഗ്ഗത്തില്‍ നമ്മുക്കൊരുമിച്ചിരുന്നു പുട്ടു കഴിക്കാം. ഇതാണു രണ്ടാമത്തേത്‌"

ഇതു പറഞ്ഞു കുട്ടമ്മാഷിന്റെ ഉള്ളബോധവും കൊണ്ട്‌ കിട്ടുണ്ണി ഭൂതം അപ്രത്യക്ഷനായി.

Thursday, November 09, 2006

പാരെലെല്‍ പാര്‍ക്കിങ്ങ്

ദുബെയിലെ ട്രാഫിക്ക്‌. അതൊന്നു കാണേണ്ടതും അനുഭവിക്കേണ്ടതുമായ വിശേഷപ്പെട്ട ഒന്നാണ്‌. കാലത്ത്‌ സൂര്യന്‍ ലൈറ്റിടാന്‍ സ്വിച്ചില്‍ കൈ വെക്കും മുമ്പെ, പത്തു-പതിനഞ്ഞു കിലോമീറ്റര്‍ അപ്പുറത്തുള്ള ഷാര്‍ജയില്‍ നിന്നും പുറപ്പെട്ടാല്‍, ഏകദേശം ഒന്നേകാല്‍-ഒന്നര മണിക്കൂര്‍ കൊണ്ട്‌ ഇക്കരെ ദുബായിലെത്താം. കാറിന്റെയൊക്കെ ഒരു സ്പീഡെ. അതു കാല്‍കി നോക്കി തലപുണ്ണാക്കെണ്ട 10 കെ യം പി എച്‌.

ഇനി ഈ ഗുസ്തിയെല്ലാം കഴിഞ്ഞു ഓഫീസിനടുത്ത്‌ വല്ല കച്ചാ പാര്‍ക്കിങ്ങും (പക്കാ പാര്‍ക്കിങ്ങും ഫുള്‍, ടിക്കറ്റ്‌ എടുത്താലും) കിട്ടാനുണ്ടോ. അതും ഇല്ല. അങ്ങനെ തിരിഞ്ഞു തിരഞ്ഞു നടക്കുമ്പോളാണ്‌ അകലെ ഒരു കാറിന്റെ റിവേഴ്സ്‌ ലൈറ്റ്‌ എന്നെ നോക്കി ചിരിക്കുന്നു. ഏതായാലും ചിരിയല്ലെ വിടേണ്ടെന്നുകരുതി ഓടിക്കിതച്ചവിടെയെത്തി.

അവളൊരു സുന്ദരി ഫോര്‍ഡ്‌ ഫോക്കസ്‌ ആണ്‌. പാരെലെല്‍ പാര്‍കിങ്ങില്‍ കിടന്നു വട്ടം തിരിയുവാ അവള്‍(അല്ല മുന്നോട്ടും പിന്നോട്ടും നീങ്ങുന്നു). ഇവിടന്ന് എങ്ങനേലും രക്ഷപ്പെടേണ്ടെ. അവളെ മേക്കുന്നതാണെല്‍ ഒരു അമ്മാമ മദാമ്മയും.

അവള്‍ മുന്നോട്ടു പോകുമ്പോള്‍ മുന്നില്‍ കിടക്കുന്ന ലാന്റ്‌ ക്രുയിസര്‍ കുട്ടനൊരു മുത്തം, പിന്നിലേക്കു വരുമ്പോള്‍ അവിടെയുള്ള കിയ മോനും ഒരു മുത്തം. ഈ കിസ്സിംഗ്‌ പരിപാടി 4-5 തവണ തുടര്‍ന്നു. മുത്തം കൊടുത്ത്‌ ക്ഷീണിച്ചവശയായി അവള്‍ പതുക്കെ പാര്‍ക്കിങ്ങില്‍ നിന്ന് പുറത്തു വന്നു.

എന്റെ മര്യാദകൊണ്ട്‌ (അതൊ മര്യാദകേടൊ) ഈ മുത്തം കൊടുപ്പെല്ലാം കൊമ്പില്ലാത്ത സാക്ഷിയുടെ കണ്ണാല്‍ കണ്ടു എന്നു മാത്രമല്ല അത്‌ ലൈവ്‌ ആയി അവളുടെ മേയര്‍ക്ക്‌ (മേക്കുന്ന ആള്‍ക്ക്‌) സമ്പ്രേക്ഷിക്കുകയും ചെയ്തിരുന്നു.

പാരലല്‍ പാര്‍ക്കിങ്ങിന്റെ കുരുക്കില്‍നിന്ന് തടിയൂരിവന്ന അമ്മാമ മദാമ്മ ഈ ചെറുപ്പക്കാരനും ചുള്ളനും ഒരു പാര്‍ക്കിങ്ങിന്‌ ഇടം തേടി നടക്കുന്നവനുമായ എന്നെ നോക്കി തന്റെ വെള്ളതലമുടി ചുളിവുവീണ കൈകളാല്‍ മാടിയൊതിക്കൊണ്ട്‌, ആംഗലേയത്തില്‍ ഇങ്ങനെ മൊഴിഞ്ഞു. "ഇവള്‍ക്കീ ബമ്പറെല്ലാം പിന്നെയെന്തിനാ ഉണ്ടാക്കിവെച്ചിരിക്കുന്നേ. അതെല്ലാം ഇടക്കൊക്കെയൊന്ന്‌ ഉപയോഗിക്കേണ്ടെ?".

അന്തം വിട്ട്‌ കുന്തം വിഴുങ്ങിയ എന്നെ തനിച്ചാക്കി ഫോര്‍ഡ്‌ സുന്ദരിയും അമ്മാമ്മയും ട്രാഫിക്‌ ജാമിലേക്കു ലയിച്ചു ചേര്‍ന്നു. എന്റെ കൊറോള കുട്ടനും മുത്തം കിട്ടുമോ, അവന്‍ വഴിതെറ്റിപ്പോക്കുമൊ എന്ന ആശങ്കപ്പുറത്ത്‌, ഞാന്‍ പതുക്കെ പാരെലെല്‍ പാര്‍ക്കിങ്ങിലേക്കും.

Wednesday, November 08, 2006

മാലാഖ (കവിത)

എല്ലാം കഴിഞ്ഞെന്നു നിനച്ചൊരുനാള്‍,
ദുഖങ്ങളെന്നെന്‍ കൂട്ടുകാരായ്‌,
സന്തോഷങ്ങളോ എന്നെനോക്കി
പല്ലിളിക്കും പ്രേതങ്ങളായ്‌.

കൂരിരുള്‍ പടരുന്നൊരെന്‍ ജഗത്തിലേക്ക്‌
തകര്‍ന്നടിയുന്നൊരാ കയത്തിലേക്ക്‌
നിന്നെയയച്ചൊരെന്‍ ദൈവം
നിന്‍ കുഞ്ഞു ചിരാതിനാല്‍ എന്‍ തമസ്സകറ്റുവാന്‍

‍അവള്‍ വന്നെന്നിലേക്കൊരു മാലാഖയായ്‌
മിഴിനിറയുമ്പോള്‍ തലചായ്ക്കനൊരിടമായ്‌.
അഗാധഗര്‍ത്തങ്ങളില്‍ ഞാന്‍ പിടയുമ്പോള്‍,
കല്‍പടവുകളായ്‌ ആ കനിവിന്‍ സ്വരം.

ഞാനവള്‍ക്കാരുമല്ലാതിരുന്നിട്ടും അവള്‍,
എനിക്കേകീ നല്‍-പ്രതീക്ഷകള്‍.
അവള്‍ തൂകും മധുരമന്ദസ്മിതം
എന്‍ ഹൃത്തിലെന്നും തുറന്നൂ നല്‍-പാതകള്‍.

‍പടര്‍ന്നെലിവള്‍ മുല്ലവള്ളിപോല്‍
മുറുകെ പുണര്‍ന്നൂ ദയാ ഹസ്തങ്ങളാല്‍
‍അവളൊരു മാലാഖയല്ലെന്നിരിക്കിലും
ഞാനറിയുന്നവളെന്‍ പ്രതീക്ഷതന്‍ മാലാഖയെന്ന്.

Monday, November 06, 2006

മൌനം (കവിത)

യാദൃച്ഛികം നാം നാമായത്‌
ആ സന്തോഷങ്ങള്‍, പ്രതീക്ഷകള്‍
സങ്കടങ്ങള്‍, ഓര്‍മ്മകള്‍.

എപ്പൊഴോ എന്‍ മിഴി നിറഞ്ഞു നിനക്കായ്‌
പറന്നുപോയ്‌ നീ എവിടെയോ.
പിന്നെയും
എന്‍ ഹൃത്തില്‍ നീ മാത്രം
നിന്നൊര്‍മ്മകള്‍ മാത്രം.

മൌനം എന്നെ വരിയുന്നു
മുറുകെ മുറുകെ നാള്‍ക്കുനാള്‍.

നിന്നിലലിയുവാന്‍ നിന്നില്‍ ലയിക്കുവാന്‍
‍പൊഴിയുന്ന കാലത്തിന്നിടനാഴിയില്
‍കാത്തിരിപ്പാണു ഞാന്‍ മരണത്തെ.

Sunday, November 05, 2006

കടലകന്നുപോയ്

കടലകന്നുപോയ്
നടന്ന വഴികളും,
ചിത്തം മാത്രമുണ്ട്
മാറാത്ത ചിത്തഭ്രമവും.