വളര്‍ന്നു പന്തലിച്ച് വലിയ വലിയ ചില്ലകളും അതിനെ പിന്തുടര്‍ന്നുള്ള ചിന്ന ചിന്ന ചില്ലകളും, കാറ്റുള്ളപ്പോഴും ഇല്ലാത്തപ്പോഴും കലപിലകൂട്ടുന്ന ഇലകളും ഉള്ള അരയാലോ പേരാലോ പോലെ ഒരു വടവൃക്ഷ മൊന്നുമല്ല ഞങ്ങളുടെ ഈ പ്ലാവ്. ഇതൊരു കൊച്ചുമരം. ഏകദേശം പത്തു പന്ത്രണ്ട് വയസ്സ് പ്രായം.
സഹോദരിയുടെ ഭര്‍ത്തൃഗൃഹത്തിന്റെ മുറ്റത്തുണ്ടൊരു പ്ലാവ്. അവരുടെ വീടിന്റെ ചവിട്ടുകല്ലുകള്‍ അവസാനിക്കുന്നിടത്ത് നില്‍ക്കുന്നു ഈ ഭീമന്‍ പ്ലാവ്. വീടിന്റെ ടെറസ്സില്‍ കയറിയാല്‍ ചക്കയില്‍ തൊടാവുന്ന വിധം കായ്ചു നില്‍കുന്ന ഇവന്‍ ഒരു കാഴ്ച തന്നെയാണ്. ഒരിക്കല്‍ എന്റെ ഉപ്പ അവരുടെ വീട്ടില്‍ വച്ച് ഈ പ്ലവിന്റെ ചക്ക കഴിക്കാനിടയായി. ആ മരത്തില്‍ കായ്ചതാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ഉപ്പാക്കും ഒരു മോഹം, നമ്മുടെ വീട്ടുമുറ്റത്തും വേണം ഒരു പ്ലാവ്. കിഴക്കെമുറ്റത്തിന്റെ തെക്കേ കോടിയില്‍ കായ്ചു നില്‍കുന്ന ഒരു പ്ലാവ് ഉപ്പയുടെ സ്വപ്നമായതങ്ങനെ.
വാടാനപ്പള്ളിയില്‍ നിന്ന് ഉപ്പ വാങ്ങികൊണ്ടുവരുന്ന ചക്കകള്‍ ഇപ്പോളെന്നോര്‍മ്മകളില്‍ മാത്രം. വേനല്‍കാലമായാല്‍ വീട്ടില്‍ എന്നും ചക്ക മണം തങ്ങി നില്‍ക്കും. ചക്ക കൊണ്ടു വന്നാല്‍, രാത്രിയില്‍, ഞങ്ങള്‍ എല്ലാവരും അതിനുചുറ്റും കൂടും. ഉമ്മ ഒരു ചെറിയ പാത്രത്തില്‍ വെളിച്ചെണ്ണയും ഒരു കത്തിയും പിന്നെ കുറച്ച് ചകിരി ചീന്തിയതും അടുത്ത് കരുതിയിരിക്കും. ഉമ്മയുടെ കയ്യില്‍ നിന്നു കത്തി വാങ്ങി ഉപ്പ ചക്ക കഷ്ണങ്ങളാക്കുന്നു. ഒരു പകുതി നാളേക്കും എടുത്തുവക്കും. പിന്നെ അതിന്റെ കൂണുകള്‍ അരിഞ്ഞു കളയും. അപ്പോള്‍ ഉമ്മ ചകിരികൊണ്ട്, ഉതിര്‍ന്നുവരുന്ന ചക്കപശ തുടച്ചു കളയും. എന്നിട്ട് ഞങ്ങള്‍ക്കെല്ലാം കയ്യില്‍ പുരട്ടാന്‍ എണ്ണതരും. ചക്ക കഴിച്ചു കഴിഞ്ഞാല്‍ പിന്നെ വയറ്റില്‍ ഒരിഞ്ചു സ്ഥലം ബാക്കികാണില്ല. എന്നാലും രാത്രിഭക്ഷണം (ചോറ്) ഒഴിവാക്കാന്‍ പാടില്ല. അന്തിപഷ്ണികിടന്നാല്‍ ഒരു പ്രാവിന്റെ തൂക്കം കുറയുമെന്നാ പ്രമാണം. (അതേതുപ്രാവെന്നെനിക്കിതുവരെയറിയില്ല).
ഇങ്ങനെ വന്ന ഒരു ചക്കയിലെ കുരുവാണ് ഇന്നു മുറ്റത്തു നില്‍ക്കുന്ന ഞങ്ങളുടെ വരിക്കപ്ലാവ്. മഴപെയ്തപ്പോള്‍ കുറെയേറെ പ്ലാവിന്‍ തൈകള്‍ മുറ്റത്തവിടെയിവിടെയായി മുളച്ചെങ്കിലും, നിലനിന്നതിവള്‍ മാത്രം. ഉപ്പയുടെ പ്രത്യേക പരിചരണം കൂടി ആയപ്പോള്‍ സംഗതി ഉഷാര്‍. ചെറുപ്പത്തില്‍ രണ്ടുമൂന്നിടം മാറിയെങ്കിലും, മൂന്നാം വര്‍ഷം മുതല്‍ ഇവള്‍ക്ക് സ്വന്തമായൊരിടം കിട്ടി.
കടതുറക്കലും കടമൂടലും പലവുരു കഴിഞ്ഞുപോയി. അങ്ങനെ ഒരു വര്‍ഷം അവളും പുഷ്പിണിയായി. അങ്ങിങ്ങായി ചെറിയ ചെറിയ തിരികള്‍. അതില്‍ ഒന്നു വളര്‍ന്ന് ഒരിടത്തരം ചക്കയായി. കന്നിചക്കയുടെ വളര്‍ച്ചയന്വേഷണം കൂടാതെ ഞങ്ങളുടെ ഒരു ദിവസവും കടന്നു പോയിട്ടില്ല എന്നു തന്നെ പറയാം. ചക്ക മൂത്തു തുടുത്തു പഴുത്തു, കാക്കകൊത്തിയപ്പോള്‍ വെട്ടിയിറക്കി. ഉപ്പ വന്നപ്പോള്‍ അതെല്ലാര്‍ക്കും പങ്കുവച്ചു. എല്ലാം കൂടി ആകെ പതിനാല് ചുളകള്‍ ഞങ്ങള്‍ക്ക് ബാക്കി വന്ന ചക്കച്ചവിണി അപ്പുറത്ത് പശുവിനും.
വരിക്കപ്ലാവ്, അതു ഞങ്ങളുടെ കുടുംബമരമാണ്.
ഈ കഴിഞ്ഞ ജൂലൈ മാസത്തില്‍ ഞങ്ങളെവിട്ടുപിരിഞ്ഞ എന്റെ സ്നേഹനിധിയായ ഉപ്പക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ....