Saturday, August 15, 2009

അയാള്‍ വിവാഹിതനാവുന്നു

കുറെ നേരമായി ഒരു പെണ്‍കുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്. അല്ലേലും ഈ പെണ്‍ വര്‍ഗ്ഗം ഇങ്ങനെ തന്നെയാ. ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ല അവള്‍ക്ക്‍. ഒന്നുമില്ലേലും രണ്ടു മൂന്നു വര്‍ഷം ഒരുമിച്ചു പഠിച്ചതല്ലേ.

ഓ... അവളുമ്മാരുക്കെവടെ ഓര്‍മ്മകാണാനാ എത്രയെത്ര മുഖങ്ങള്‍ ഇങ്ങനെ മിന്നി മറഞ്ഞതല്ലേ എന്നു സുരേഷ് ഗോപി പറഞ്ഞ പോലെ അല്ലെങ്കിലും. എന്നിട്ടല്ലേ അഞ്ചാം ക്ലാസ്സില്‍ പഠിച്ച കാര്യം ഇപ്പോള്‍ ഓര്‍ത്തു വെക്കുന്നത്. നല്ല കാര്യമായി.

വാട്ടെവര്‍, ഒന്നു കേറി മുട്ടുകതന്നെ. ഇനി വല്ലപ്പോഴും വഴിയില്‍ വച്ച് കാണുമ്പോള്‍ നീയെന്തേ അന്ന് എന്നെ കണ്ടിട്ട് മിണ്ടിയില്ലാ എന്നു എന്ന് പറയാനിടവരുത്തരുതല്ലോ. പെണ്ണിന്റെ മനം ആര്‍ക്കറിയാം.

“ഹായ്... ആബിദയല്ലേ?” കൂട്ടുകാരന്റെ വിവാഹം നടക്കുന്ന ഹാളില്‍ ഒരു കൈക്കുഞ്ഞുമായി നില്‍ക്കുന്ന അവളോട് ആ തിരക്കിനിടയില്‍ ഞാന്‍ പരിചയം പുതുക്കാനുള്ള വഴിയൊരുക്കി. ഏകദേശം 15 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു കണ്ടുമുട്ടലല്ലേ. അതുകൊണ്ടായിരിക്കും അവള്‍ അത്ഭുതപരതന്ത്രയായി കാണപ്പെട്ടു.

“ഏയ് ഞാന്‍ ആബിദയല്ല...” അവള്‍ അത്ഭുതപ്രതന്ത്രയായി കൂര്‍പ്പിച്ചു നോക്കിയതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായി.

“ഓ.. സോറി പെങ്ങളെ... എന്നാലും... ആബിദയെപ്പോലെയുണ്ടല്ലൊ കാണാന്‍” എന്തായാലും ഞാന്‍ പിന്മാറാനുള്ള ഒരുക്കമില്ലായിരുന്നു. എന്തു ചെയ്യാനാ, എവിടെയെങ്കിലും ചെന്നു മുട്ടിയാല്‍ എന്തേലും കൊണ്ടേ പോകൂ എന്നതൊരു ശീലമായിപ്പോയി. കിട്ടിയത് മൊത്തം ഒരു ഹോര്‍ലിക്സ് കുപ്പിയില്‍ ഇട്ടു വെച്ചിട്ടില്ലെന്നു മാത്രം.

“ആബിദ എന്റെ ഇത്തെണ്. അവളപ്രത്ത് പുതുപെണ്ണിനടുത്ത് കാണും...” അനിയത്തിക്കിളി അതും പറഞ്ഞ് ചിരിച്ച് ചിറകടിച്ച് പറന്നു പോയി.

എന്തായാലും ആ ചോദ്യം കൊണ്ടൊരു ഗുണമുണ്ടായി, അനിയത്തിക്കൊച്ച് പോയി ഇത്താത്ത കൊച്ചിനെ കൊത്തിയെടുത്ത് എന്റെ മുന്നില്‍ കൊണ്ടുവന്നിട്ടു അല്പസമയങ്ങള്‍ക്കകം.

“ടാ നീയെന്താടാ ഇവടെ?” ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ ഫുള്‍ എക്സൈറ്റഡ് ആയി ഒരു ക്യൂട്ട് ഗ്ലാമറസ് യങ്ങ് ലേഡി മുന്നില്‍ അവതരിച്ചിരിക്കുന്നു. “നീയെന്താ ഇങ്ങനെ നോക്കുന്നെ... ടാ ഇതുഞാനാ ആബിദ...” ഒന്നു രണ്ട് സെക്കന്റുകള്‍ അവളില്‍ കുരുങ്ങിപ്പോയ എന്റെ കണ്ണുകളെ കുരുക്കില്‍ നിന്ന്‍ ഒരു വിധം അടര്‍ത്തിയെടുത്തു. ആദ്യം പെണ്ണിന്റെ മനസ്സിനെ പറ്റി ആലോചിച്ചതെല്ലാം തെറ്റിപ്പോയല്ലോ എന്നോര്‍ത്ത്, ഞാന്‍ എന്നോട് തന്നെ ക്ഷമിച്ചു. കസവു കരയുള്ള സെറ്റ് സാരിയില്‍ അവളൊരു പൊന്‍കതിരു പോലെ തോന്നി.

"ഹെന്റമ്മേ ഇതാര്... നീ ഇത്ര സുന്ദരിയാവുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും നിരൂപിച്ചില്ല... അല്ലെങ്കിലൊന്നു നോക്കാമായിരുന്നു...” സ്കൂള്‍ കാലത്ത് ഒരു കോന്ത്രമ്പല്ലും വച്ച്, മെലിഞ്ഞു ചുക്കിലി പോലിരുന്ന ഇവളെ പ്രേമിക്കണോ വേണ്ടേ എന്ന കണ്‍ഫ്യൂഷനടിച്ച് കാലം കളഞ്ഞു. അങ്ങനെയുള്ള ഇവളെ കണ്ട എന്റെ വായില്‍ ഈച്ച കയറാതിരുന്നത് ഈച്ചയുടെ ഭാഗ്യം.

“പോഡാ അവിടുന്ന്... കല്യാണോം കഴിഞ്ഞ് രണ്ട് കുട്ടിയായപ്പോഴാ അവന്റെ ഒരു..... അതു പോട്ടെ നീയെങ്ങനെ ഇവടെ“ എന്നാലും അവളുടെ മുഖം ലജ്ജയാല്‍ ഒന്നു ചുവന്നു തുടുത്തെന്നു ചുമ്മാ പറയാം ഒരു സമാധാനത്തിന്.

“ഹമീദ് നിന്റെ മൂത്തുമ്മാന്റെ മോനാണെങ്കിലും ഞാന്‍ അറിയാത്തതൊന്നുമല്ലല്ലോ...” ഹമീദിന്റെ കല്യാണത്തിന് ഞാന്‍ എത്തിപ്പെട്ടതെങ്ങനെയെന്ന് അവള്‍ക്കറിയണം. പണ്ട് അഞ്ചാം ക്ലാസ്സില്‍ ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ച് പഠിച്ചിരുന്നെന്ന് വച്ച് എന്നെ അവന്‍ കല്യാണത്തിനു വിളിക്കണമെന്നില്ലല്ലോ. അവള്‍ ചിന്തിച്ചതും ശരിയാണ്. അവള്‍ എന്നെ അവളുടെ കല്യാണത്തിനു വിളിച്ചിരുന്നില്ലല്ലൊ.

നിക്കാഹും താലിചാര്‍ത്തലും എല്ലാം കഴിഞ്ഞ് വരനും വധുവും ഊണു കഴിക്കാനായി ഇരിക്കുന്നു. കൂടെ അവരുടെ വീട്ടുകാരും എല്ലാം. അവിടെ നിന്നെഴുന്നേറ്റ് ഹമീദ് എന്റെയടുത്തു വന്നു. ഞാനും അവരുടെ കൂടെ ഊണ് കഴിക്കാനിരിക്കണം. ഞാന്‍ എന്തു പറഞ്ഞിട്ടും അവന്‍ വിടുന്നില്ല. അവരുടെ ഉമ്മ, പെണ്ണിന്റെ കൂടെ വന്ന സ്ത്രീകള്‍... ആബിദ, അവളുടെ കെട്ട്യോന്‍ കുട്ട്യോള്‍... അനിയത്തി... അങ്ങനെ ഒരു ഇരുപതോളം പേര്‍... ഞാന്‍ ചമ്മലിന്റെ പരമാവധിയിലെത്തി. ഒടുവില്‍ ഒരു രക്ഷയുമില്ലാതെ അവന്‍ എന്നെ പിടിച്ച് കൊണ്ടുപോയി അവനടുത്തു തന്നെ ഒരു കസേര തരമാക്കി അതില്‍ ഇരുത്തി. ആബിദ ഇപ്പോഴും എന്നെ തുറിച്ചു നോക്കുന്നുണ്ട്... ഇവനെന്താ ഇവിടെ കാര്യം എന്നമട്ടില്‍. ഒരിക്കല്‍ അവള്‍ ചോദിക്കുകയും ചെയ്തു... “ഇപ്പോള്‍ മനസ്സിലായില്ലെ വിളിക്കാതെ വന്നതല്ലെന്ന്..” എന്നു പറഞ്ഞൊഴിഞ്ഞു.

-------

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാര്‍ജ റോള പാര്‍ക്കില്‍ കൂട്ടുകാരുമായി സല്ലപിച്ചിരിക്കുകയായിരുന്നു. അലസമായി വസ്ത്രങ്ങള്‍ ധരിച്ച്, തലമൊട്ടയടിച്ച, കുറ്റിത്താടിയും മീശയുമുള്ള, മെലിഞ്ഞുണങ്ങിയ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ മുന്നില്‍ വന്നു പെട്ടു. ആദ്യത്തെ നോട്ടത്തില്‍ എനിക്കാളെ മനസ്സിലായില്ല. എങ്കിലും എവിടെയോ കണ്ടു മറന്ന ഒരു മുഖം. അയാള്‍ ആരേയും ശ്രദ്ധിക്കാതെ, യാന്ത്രികമായി നടന്നകലുകയാണ്.

“ഹലോ... ഹമീദ് ആണോ..” ഒത്തിരി തിരക്കിട്ട് അയാളുടെ പിന്നാലെ നടന്നു ചെന്ന് ഞാന്‍ ചോദിചു.

ഒരു വിളര്‍ത്ത ചിരി എന്നെ തിരിഞ്ഞു നോക്കി. “...ങാ സുല്‍ഫിയാ...” ഒരു പതിഞ്ഞ സ്വരം. ഏതായാലും അവനെന്നെ കണ്ടമാത്രയില്‍ തിരിച്ചറിഞ്ഞു. അതുതന്നെ ഭാഗ്യം. ഇങ്ങനെ ഒരാളില്‍ നിന്നു ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍.

“നിനക്കിതെന്തു പറ്റി? നീയെന്താ ഇങ്ങനെ?? നീയിപ്പോ എവിടെ ജോലി ചെയ്യുന്നു???“ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങളെല്ലാം ഒറ്റശ്വാസത്തില്‍ ചോദിച്ചുപോയി ഞാന്‍.

“ഞാന്‍ ഫുജൈറയില്‍...” മൂന്നു ചോദ്യങ്ങള്‍ക്കൊരു മറുപടി കിട്ടി. കണ്ടിട്ട് ഒരു പന്തിയില്ല കാര്യങ്ങള്‍. ഇവനെ എങ്ങനെ ഡീല്‍ ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി.

“എന്താ‍യാലും നീ വാ... ഒരു ചായ കുടിക്കാം...” അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയത്. അവനേയും കൊണ്ട് അടുത്തുള്ള ത്രിവേണി റെസ്റ്റോറന്റിലേക്ക് നടന്നു.

സ്കൂള്‍ കാലത്തെ കൂട്ടുകാരനെ, ഒട്ടും പ്രതീക്ഷിക്കാതെ, മറ്റൊരു നാട്ടില്‍ വച്ചു കണ്ടു മുട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. പല കാര്യങ്ങളും ചോദിക്കാനും പറയാനും ഉണ്ടെങ്കിലും അവന്റെ രൂപവും നിഷേധാത്മക സമീപനവും മൌനത്തിന്റെ മൂടുപടം ഇട്ടു ഞങ്ങള്‍ക്കിടയില്‍. എങ്കിലും എന്റെ അറിവില്‍ പെടാത്ത ഏതോ ദുരൂഹത അവന്റെ ചലങ്ങളില്‍ ഞാന്‍ കണ്ടത് എന്താണ് എന്നറിയാന്‍ തന്നെ തീരുമാനിച്ചു. പല വിധത്തിലുള്ള ചോദ്യങ്ങള്‍ക്കൊടുവില്‍ അവന്‍ ഒരു വലിയ കഥയുടെ ഭാണ്ഡം അവന്‍ എന്റെ മുന്നില്‍ അഴിച്ചു വച്ചു.

രണ്ടു വര്‍ഷം മുന്‍പ് ലീവിനു നാട്ടില്‍ പോയിരുന്നു ഹമീദ്. അവധി ദിനങ്ങള്‍ കൂടുതലും അവന്‍ ചിലവഴിച്ചത് അവന്റെ കൂട്ടുകാരന്‍ ചെപ്പുവിനോടും വീട്ടുകാരോടും ഒപ്പമായിരുന്നു. എവിടേക്ക് പോകുന്നതും വരുന്നതും അവര്‍ ഒരുമിച്ചായിരുന്നു. ചെപ്പുവിന്റെ വീട് ഹമീദിന് സ്വന്തം വീട് ആയിരുന്നു എന്നു തന്നെ പറയാം.

അന്നൊരു ദിനം ഹമീദിന് അത്യാ‍വശ്യമായി കൊടുങ്ങല്ലൂര്‍ വരെ പോകേണ്ടതുണ്ടായിരുന്നു. ബസിനു പോകാമെന്ന് ചെപ്പു പറഞ്ഞെങ്കിലും ഹമീദിന്റെ ഇഷ്ടപ്രകാരം അവര്‍ ബൈക്കില്‍ തന്നെ യാത്രയായി. നാഷണല്‍ ഹൈവേയില്‍ വച്ച് കുറുകെ വന്ന ഒരു വാഹനത്തിന് സൈഡ് കൊടുത്തതും, ഹമീദിന്റെ കയ്യെല്‍ നിന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി. ഓവര്‍ സ്പീഡില്‍ ആയിരുന്ന ബൈക്ക് സ്കിഡ് ചെയ്ത് അടുത്തുള്ള ഒരു പോസ്റ്റില്‍ ചെന്നിടിക്കുകയായിരുന്നു. വീണിടത്ത് നിന്ന് ചില്ലറ പരുക്കുകളോടെ എഴുന്നേറ്റ് നോക്കിയ ഹമീദ് കണ്ടത് തല പൊട്ടി രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചെപ്പുവിനെയായിരുന്നു. അല്പ സമയങ്ങള്‍ക്കകം അവന്‍ എന്നെന്നേക്കുമായി ഈ ലോകത്തുനിന്ന് യാത്രയായി.

ആ സംഭവത്തിനു ശേഷം ചെപ്പുവിന്റെ വീട്ടുകാരെ അഭിമുഖീകരിക്കാനുള്ള ഹമീദിന്റെ വിഷമവും... അവനാണ് ചെപ്പുവിന്റെ മരണത്തിനു കാരണം എന്ന കുറ്റബോധവും ഹമീദിന്റെ മനസ്സില്‍ നിറഞ്ഞു. ഒന്നിലും ഒരു താല്പര്യമില്ലാതെ... മരിക്കാന്‍ കഴിയാത്തതിനാല്‍ ജീവിക്കുന്നു എന്നു പറയാവുന്ന വിധത്തില്‍ ആയിരിക്കുന്നു അവന്‍. ആരോടും അധികം സംസാരിക്കാതെ അന്തര്‍മുഖനായി മാറിയിരിക്കുന്നു. ലീവ് കഴിയുന്നതിന് മുന്‍പേ തിരിച്ചു ഫുജൈറയിലെത്തിയ ഹമീദ്, രണ്ടു വര്‍ഷമായിട്ടും നാട്ടില്‍ പോകാതെ കഴിച്ചു കൂട്ടുകയാണ്.

പഴയ സൌഹൃദത്തിന്റെ ഇഴകളുടുപ്പിച്ച് അവനെ ഫുജൈറയിലേക്ക് തിരികെ വിടുമ്പോള്‍... അവനു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന ഒരു തോന്നല്‍ മനസ്സിനെ നന്നേ വിഷമിപ്പിച്ചു.

അടുത്ത ദിവസം മുതല്‍ ഓഫീസില്‍ എത്തിയാല്‍ ആദ്യത്തെ പണി ഹമീദിന് ഫോണ്‍ ചെയ്യുക എന്നതായിരുന്നു. ആദ്യമെല്ലാം ചെറു ചെറു സംഭാഷണങ്ങളില്‍ ഒതുങ്ങിയിരുന്ന ഫോണ്‍ കാളുകള്‍ കൂടുതലും ചെപ്പുവിനെ പറ്റി പറയാന്‍ ആണ് അവന്‍ ഉപയോഗിച്ചത്. അവനെ പറയാന്‍ വിട്ടിട്ട് ഒരു കേള്‍വിക്കാരനായി ഒതുങ്ങിക്കൂടി ഞാന്‍.

സംഭാഷണത്തിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ പലവിധ ചോദ്യങ്ങളും ഞാന്‍ ചോദിക്കുന്നുണ്ടെങ്കിലും ‘പണിയുണ്ട്‘ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അവന്‍ ആദ്യം ചെയ്തിരുന്നത്. ഒന്നു രണ്ടാഴ്ചകള്‍ക്കു ശേഷം ചോദ്യങ്ങള്‍ക്ക് മറുപടി തന്നു തുടങ്ങിയെങ്കിലും എല്ലാം ഹ്രസ്സ്വമായിരുന്നു. ഫുജൈറയില്‍, മറ്റു കൂട്ടുകാരൊന്നുമില്ലാത്ത ഒറ്റപ്പെടലിന്റെ ഈ അവസ്ഥയില്‍ അവന് ഒരു കൂട്ടുകാനെന്നതിലുപരി അവനോടൊപ്പം എപ്പോഴും കൂടെയുള്ള ഒരാളെപ്പോലെ ആയിമാറാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു, സംസാരങ്ങളില്‍.

രണ്ടു മാസത്തിനു ശേഷം അവന്‍ വീണ്ടും ഷാര്‍ജയില്‍ വന്നപ്പോള്‍ അവന്റെ പഴയ ചിരി അവനു തിരിച്ചു കിട്ടിയിരുന്നു.

ഇതിനിടയില്‍ എനിക്ക് ലീവ് കിട്ടി നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ ചെപ്പുവിന്റെ വീട്ടില്‍ പോയി. ചെപ്പുവിന്റെ ഇക്കയോട് സംസാരിച്ചതനുസരിച്ച് അവര്‍ക്ക് ഹമീദിനോട് യാതൊരു വെറുപ്പും ഇല്ല എന്നു മാത്രമല്ല ചെപ്പുവിനെ പോലെ അവര്‍ അവനെ സ്നേഹിക്കുന്നുണ്ടെന്നും മനസ്സിലായി.

തിരിച്ച് ഷാര്‍ജയിലെത്തി ഹമീദിനുള്ള ഫോണ്‍ വിളികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചെപ്പുവിന്റെ വീട്ടില്‍ പോയ കാര്യവും മറ്റും പറയുന്ന കൂട്ടത്തില്‍ തന്നെ സ്കൂളില്‍ പഠിച്ചിരുന്ന കാലവും, അന്നുണ്ടായിരുന്ന കൂട്ടുകാരും, അവരുടെ ഇപ്പോഴത്തെ അവസ്ഥയും, എല്ലാം ഞാന്‍ ബോധപൂര്‍വ്വം സംഭാഷണത്തില്‍ കൊണ്ടുവന്നു. എന്റെ സംഭാഷണങ്ങളോട് അവന്‍ നന്നായി പ്രതികരിച്ചു തുടങ്ങിയിരുന്നു അടുത്ത രണ്ടു മാസത്തിനിടെ.

അടുത്ത വട്ടം ഷാര്‍ജയിലേക്ക് അവന്‍ വരുമ്പോള്‍ ഒരു ദിവസം എന്റെ കൂടെ ഉണ്ടാവണമെന്ന് പറഞ്ഞിരുന്നു ഞാന്‍. അന്നു വന്നപ്പോള്‍ ആദ്യം കണ്ട ഹമീദില്‍ നിന്ന് തികച്ചും വ്യത്യസ്ഥനായിരുന്നു അവന്‍. താടിയെല്ലാം ഷേവ് ചെയ്ത് മുടി ചീകിയൊതുക്കി നല്ല രീതിയില്‍ വസ്ത്രം ധരിച്ച് ഒരു സാധരണ ചെറുപ്പക്കാരെപ്പോലെ. എന്റെ കുഞ്ഞിപ്പയോട് ചെപ്പുവിന്റെ കാര്യം പറയുന്നുണ്ടെങ്കിലും കൂടുതല്‍ ഡിപ്രഷന്‍ ആവാതെയാണ് അവന്‍ ഇപ്പോള്‍ അത് പറയുന്നത്. ഹമീദിനോടൊപ്പം കിട്ടിയ ആ ഒരു ദിവസം വെറുതെ കളയരുതെന്ന ഓരേ ഒരു ചിന്ത കൊണ്ട് മാത്രമാണ് വര്‍ഷങ്ങളായി സിനിമകാണാതിരുന്ന അവനെയും കൂട്ടി കോണ്‍കോഡില്‍ “അനിയത്തിപ്രാവ്“ കാണാന്‍ പോയത്.

-------

ജോലി ചെയ്തിരുന്ന കമ്പനിയിലെ ചില പ്രശ്നങ്ങള്‍ കാരണം എന്റെ വിസ കാന്‍സല്‍ ചെയ്ത് നാട്ടില്‍ വരേണ്ടി വന്നു എനിക്ക് അതിനിടെ. അതിനു ശേഷം ഹമീദിനെ ഞാന്‍ കാണുന്നത് അവന്റെ വിവാഹം ക്ഷണിക്കാന്‍ എന്റെ വീട്ടില്‍ വന്നപ്പോഴായിരുന്നു.

41 comments:

സുല്‍ |Sul said...

കുറെ നേരമായി ഒരു പെണ്‍കുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്. അല്ലേലും ഈ പെണ്‍ വര്‍ഗ്ഗം ഇങ്ങനെ തന്നെയാ. ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലും ഇല്ല അവള്‍ക്ക്‍. ഒന്നുമില്ലേലും രണ്ടു മൂന്നു വര്‍ഷം ഒരുമിച്ചു പഠിച്ചതല്ലേ. ഓ... അവളുമ്മാരുക്കെവടെ ഓര്‍മ്മകാണാനാ എത്രയെത്ര മുഖങ്ങള്‍ ഇങ്ങനെ മിന്നി മറഞ്ഞതല്ലേ...

ഒരു പോസ്റ്റ്... വീണ്ടും

Anil cheleri kumaran said...

മനോഹരമായ കഥ. ഒട്ടും അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു.

ചാണക്യന്‍ said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു സുല്‍....
അഭിനന്ദനങ്ങള്‍......

അരുണ്‍ കരിമുട്ടം said...

സംഭവങ്ങള്‍ കോര്‍ത്തിണക്കി നല്ല ഒരു അവതരണം
ആശംസകള്‍
:)

yousufpa said...

ഒരു ആത്മമിത്രം എന്ന നിലയില്‍ സുല്‍ ഹമീദിന്‌ വേണ്ടി ചെയ്യാവുന്നതിന്‍റെ ഏറ്റവും വലിയ കാര്യമാണ്‌ ചെയ്തത്. അപ്പോള്‍ പിന്നെ ഹമീദ് കൂടെയിരുത്തിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. നന്നായി എഴുതി സുല്ലേ....

Unknown said...

ഒരു സുഹൃത്തിന്‌ ചെയ്യാവുന്നതില്‍ ഏറ്റവും വലിയ ഒന്ന്.

ഇത്തരം എഴുത്തുകള്‍ മനുഷ്യമനസ്സുകളെ ചിന്തിപ്പിക്കട്ടെ.

ആശമ്സകള്‍

Typist | എഴുത്തുകാരി said...

കഥയായാലും അനുഭവമായാലും, ഹമീദിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞതു നന്നായി.

ബിനോയ്//HariNav said...

കഥയാണെങ്കില്‍ എഴുത്തിന് അഭിനന്ദനം. കഥയല്ലെങ്കില്‍ പ്രവര്‍ത്തിക്ക് അഭിനന്ദനം :)

smitha adharsh said...

നല്ല കുട്ടി...നല്ല കാര്യമാണല്ലോ ചെയ്തത്...
നല്ല വിവരണം.

Jayasree Lakshmy Kumar said...

കഥയെങ്കിൽ നന്നായി. കഥയല്ലായെങ്കിൽ വളരേ വളരേ നന്നായി

മാണിക്യം said...

മനുഷ്യമനസ്സില്‍ ഇപ്പൊഴും
നന്മ അവശേഷിക്കുന്നു എന്നു
വിശ്വസിക്കുന്ന ആളാണു ഞാന്‍
എന്റെ വിശ്വസത്തിനു ഉദാഹരണമായി
ഇനി ഭൂലോകത്തെന്റെ ഇങ്ങേ വശത്തിരുന്നു മറുവശത്തുള്ള എന്നാല്‍ ബൂലോകത്ത് തൊട്ടടുത്ത്
സുല്‍ ഉണ്ടെന്ന് ഇനി അല്പമധികം
സന്തോഷത്തോടെ ഓര്‍ക്കാം ..പറയാം ...

കഥ ആയാല്‍ ഈ വിധം ചിന്തിച്ചതിനു
കാര്യമാണേല്‍ ഈ വിധം ആ പയ്യനെ
ഈ ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വന്നതിനു അഭിനന്ദനങ്ങള്‍...... ....

ഇന്ന് ചിങ്ങം ഒന്ന്
പുതുവര്‍ഷാശം‌സകളോടെ മാണിക്യം‌

മീര അനിരുദ്ധൻ said...

കഥയായാലും അനുഭവകഥയായാലും ഹമീദ് ജീവിതത്തിലേക്ക് മടങ്ങിവന്നുവല്ലോ.അതു തന്നെയാണു വലിയൊരു കാര്യ. നന്നായി എഴുതിയിരിക്കുന്നു സുൽ.ഈ കഥ മഴത്തുള്ളികളിൽ വായിച്ചിരുന്നു.

Sureshkumar Punjhayil said...

Ee nalla manssinu asheevadangal...!

Nalla varikal... Ashamsakal...!!!

സുല്‍ |Sul said...

എന്റെ സുഹൃത്തിനു വന്ന ഒരു അപകടവും അത് അവനില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളുമായിരുന്നു ഈ എഴുത്തിനാധാരാം. ഈ കാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തുവച്ചു എന്നല്ലാതെ അവന് ഓര്‍മ്മകാണാന്‍ വഴിയില്ല.

വായിച്ച എല്ലാവരോടും കടപ്പാട് അറിയിക്കട്ടെ.

കുമാരന്‍ | kumaran നന്ദി.
ചാണക്യന്‍ : നന്ദി... ഈ കണ്ണ് ഒരൊന്നൊന്നര കണ്ണ് തന്നെയണ്ണാ.
അരുണ്‍ : ഈ വഴിവന്ന്തിനു നന്ദി.
യൂസുഫ്പ : നന്ദിമച്ചാ.... അങ്ങനെയൊന്നും ഇല്ല. എന്റെ മനസ്സിന്റെ സമാധാനത്തിനു വേണ്ടി ചെയ്തതല്ലെ.
പാലക്കുഴി : നന്ദി ചേട്ടാ.
Typist | എഴുത്തുകാരി : ഉം അതൊരു ഭാഗ്യം തന്നെയാണു ചേചി. നന്ദി.
ബിനോയ്//Binoy : നന്ദി കേട്ടൊ.
smitha adharsh : നന്ദി
lakshmy: നന്ദീണ്ട്.
മാണിക്യം : നന്ദി ചേചി.
മീര അനിരുദ്ധൻ : നന്ദി.
Sureshkumar Punjhayil : നന്ദി.

വന്നു വായിച്ച് കമെന്റിടാതെ പോയവര്‍ക്ക് പ്രത്യേകം നന്ദി.

-സുല്‍

Unknown said...

ഈ മനോഹര പോസ്റ്റിനു നന്ദി.. ഞാന്‍ താങ്കളെ പിന്തുടരുവാന്‍ തീരുമാനിച്ചു..

Areekkodan | അരീക്കോടന്‍ said...

ഹമീദിനെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവന്ന സുല്ലിണ്റ്റെ വഴി എല്ലാവര്‍ക്കും മാത്റ്‍കയാകട്ടെ...പക്ഷേ സുല്‍,ഹമീദിനോടൊത്ത്‌ കിട്ടിയ ആ ദിവസം വെറുതേ കളയരുതെന്ന്‌ തീരുമാനിച്ച്‌ അനിയത്തിപ്രാവ്‌ കണ്ടത്‌ ഒട്ടും ശരിയായില്ല. അത്രയും സമയം അടുത്തായിട്ടും വെറുതേ ആയില്ലേ

Unknown said...

കൊള്ളാം മാഷെ...........

പകല്‍കിനാവന്‍ | daYdreaMer said...

വളരെ നന്നായെടാ.. നിന്റെ എഴുത്തും പിന്നെ ഈ ശ്രമവും.
ആശംസകള്‍

കുറുമാന്‍ said...

നല്ല കഥ. ഇത്ര നല്ലൊരു മനസ്സുണ്ടെന്ന് ആ മുഖത്ത് നോക്കിയാല്‍ പറയില്ലാട്ടോ :)

simy nazareth said...

അതു തന്നെ, സുല്ലിനെ കണ്ടാല്‍ പറയില്ലകേട്ടോ, ഒരു നല്ല സൈഡ് ഉണ്ടെന്ന് :)

പൊറാടത്ത് said...

നല്ല കാര്യം സുല്ലേ... അനുഭവം തന്നെയെന്ന് ഉറപ്പിക്കുന്നു...

കമന്റുകള്‍ അതി ഗംഭീരം.. പ്രത്യേകിച്ച്, അവസാനത്തെ രണ്ടെണ്ണം.. :)

asdfasdf asfdasdf said...

അനുഭവക്കുറിപ്പ് നന്നായി.

monu.. said...

വളരെ നന്നായിരിക്കുന്നു സുൽ..

siva // ശിവ said...

Good story.....

തത്തനംപുള്ളി said...

kollameda sulleeeeeeeeee

തത്തനംപുള്ളി said...
This comment has been removed by the author.
Mohamedkutty മുഹമ്മദുകുട്ടി said...

മുമ്പെവിടെയോ വായിച്ചതാണെങ്കിലും (തെറ്റിദ്ധരിക്കണ്ട സുല്ലിന്റെ പോസ്റ്റായി തന്നെ!)ഒന്നു കൂടി വയിച്ചപ്പോള്‍ സുല്ലിനെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒരാളെപ്പറ്റി കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനുള്ള ആ കഴിവിനു അനുമോദനങ്ങള്‍!.ഒരു നല്ല കൂട്ടുകാരനുണ്ടായാല്‍ ജീവിതത്തില്‍ പലര്‍ക്കും പലതും നേടാന്‍ കഴിയും എന്നതിന്നു ഒരു ഉത്തമ തെളിവു കൂടിയാണിത്.

Sabu Kottotty said...

ഞാന്‍ സുല്ലിട്ടു...

pallikkarayil said...

നല്ല അവതരണം.
മനസ്സിൽ തൊട്ടു.
നന്മയുടെ പച്ചത്തുരുത്തുകൾ കാണുമ്പോൾ സന്തോഷം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആദ്യം കോമഡി. പിന്നെ അല്പം നൊമ്പരം. കഥ നന്നായി.അതിലെ ചില സന്ദേശങ്ങളും ..

ബഷീർ said...

ഒരു യഥാർത്ഥ അനുഭവം പോലെ ..
ഒരു വിങ്ങൽ...

നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ബഷീർ said...

ഓടോ:

2010 ൽ കഥയൊന്നുമില്ലേ

മന്‍സു said...
This comment has been removed by the author.
മന്‍സു said...

കുറേ വൈകിയാണ് വായിച്ചത്. നന്നായിട്ടുണ്ട്. അടിയന്‍ ബൂലോകത്തിലെ ഒരു പുതു നാമ്പാണ്.

ഒഴാക്കന്‍. said...

സുല്ല് സുല്ലു!.. കൊള്ളാം അവതരണം

Sulfikar Manalvayal said...

മല പോലെ വന്നു മനു പോലെ പോയല്ലോ സുല്ലേ.
തുടക്കം അതി ഗംഭീരമായി. ഒടുവില്‍ വരെ അതെ പുതുമ നിലനിര്‍ത്തി പറഞ്ഞു.
പക്ഷെ, അവസാനം എങ്ങുമെത്താതെ അവസാനിച്ചു പോയല്ലോ.
കൂട്ടുകാരനെ തിരിച്ചു ജീവിതതിലെക്കെതിക്കാന്‍ കൊണ്ട് വന്ന ശ്രമത്തിനു പ്രത്യേക അഭിനന്ദനം.
പക്ഷെ ...... ഒടുവില്‍ വെള്ളത്തില്‍ വരച്ച പോലെ.. അതിനു കൊണ്ട് കളഞ്ഞല്ലോ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സുല്‍...

കുറച്ച് നാളായി ഞാന്‍ താങ്കളെ കുറിച്ച് അന്വേഷിച്ചു നടക്കുകയായിരുന്നു...പാപ്പാത്തി എന്ന ബ്ലോഗിണിയാണു താങ്കളുടെ പേരെനിക്കു പറഞ്ഞു തന്നത്..ഞാനും ഒരു തളിക്കുളത്തുകാരനാണേ...
ഷെമീര്‍ തളിക്കുളം എന്ന ബ്ലോഗറുടെ പോസ്റ്റിലിട്ട കമന്റ് വഴി ഇവിടെയെത്തി...

ചെപ്പു, ഹമീദ്.ഇവരെ രണ്ടുപേരേയും എനിക്കറിയാം...

ശിവപ്രസാദ് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്. ആ ബസ് ആദ്യാമായി റൂട്ടിലിറങ്ങിയത്, ആദ്യത്തെ ട്രിപ്പ് എര്‍ണാകുളത്ത് നിന്നും ഗുരവായൂര്‍ക്കു വരുന്ന വഴി തളിക്കുളം വടക്ക് ഭാഗത്തുള്ള ആശേരി അമ്പലത്തിന്റെ മുന്നില്‍ വെച്ചിട്ടാണപകടം നടന്നത്.ആ അപകടം നടന്നത് ഞാനിന്നുമോര്‍ക്കുന്നു...

അനശ്വര said...

കഥയോ അനുഭവമോ എന്ന് അറിയുന്നില്ല. എതായാലും ഒരു അനുഭവക്കുരിപ്പ് പോലെ തോന്നിച്ചു. ആരെയും ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ വളരെ കുറവായ ഈ കാലത്തും ഇങ്ങിനെ കുറച്ച് പേരൊക്കെ ഉണ്ട് ല്ലെ? ആ സല്പ്രവര്‍ത്തിക്ക് അഭിനന്ദനങ്ങള്‍.! കഥയായിരുന്നെങ്കില്‍ കഥാകാരനും..

ജയരാജ്‌മുരുക്കുംപുഴ said...

hridayam niaranja vishu aashamsakal............

സുധി അറയ്ക്കൽ said...
This comment has been removed by the author.
മുബാറക്ക് വാഴക്കാട് said...

വായിക്കാനൊത്തിരി വൈകി...
എങ്കിലും ശരിക്കാസ്വദിച്ചു...
നല്ല എഴുത്ത്...
:)
സൗഹൃദത്തിനെന്തു മധുരം...