Wednesday, August 01, 2007

പ്രേമസുധാകരം 2

മഴക്കാലത്തിന്റെ കൊച്ചു തണുപ്പില്‍, തന്റെ സ്ഥിരം കലാപരിപാടിയായ കുംഭകര്‍ണ്ണ സേവയുടെ മൂര്‍ദ്ദന്ന്യത്തിലാണ് സുധാകരേട്ടന്‍. കെട്ടിയുണ്ടാക്കിയ വിറകുപുര ചോര്‍ന്നൊലിച്ച്, അടുപ്പില്‍ വെക്കാനുള്ള വിറകെല്ലാം നനഞ്ഞു വിറച്ചു വിറങ്ങലിച്ചിരിരിക്കുന്നത് നോക്കി കഷ്ടം വച്ചിരിക്കുകയാണ് പ്രേമേച്ചി.

തെക്കെപുറത്തെ ഇത്തിരികുഞ്ഞന്റെ മാവ് വെട്ടി വീടിന് കട്ലയും ജനലും പിടിപ്പിച്ചതില്‍ ബാക്കി കുറെ കൊമ്പും ചില്ലയും സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതൊന്നു വെട്ടി മെനയാക്കിതരാ‍ന്‍ ഇനി ആരെ വിളിക്കും. “ഇവിടെയൊരാളുണ്ട്, ഒന്നിനും കൊള്ളൂല്ല“ പ്രേമേച്ചിയുടെ ആത്മഗദങ്ങള്‍ ഗദ്ഗദങ്ങളായി
ദിഗന്ദങ്ങളിലേക്കൊഴുകി.

പ്രേമേച്ചി, തന്റെ ഡാര്‍ളിംഗും പ്രിയതമനും പരമാവധി കണവനുമായ സുധാകരേട്ടനെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ അകത്തേക്ക് നടന്നു. അന്നേരം പ്രേമേച്ചിയുടെ കരളിനു കുളിരേകി കാതിനിമ്പമേകുന്ന ഒരു ഗാനം റോഡിലൂടെ പോയിരുന്ന ചിദംബരന്റെ ലോട്ടറി വണ്ടിയില്‍ നിന്ന് പ്രേമേച്ചിയെ തേടിയെത്തി.

“യേലോ യേലോ യേലോ യേലോ യേലമ്മാ....
ഓലാ ഓലാ ഓലാ ഓലാ ഓലമ്മാ...
അന്തങ്കാക്ക കൊണ്ടക്കാരീ...
റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക
അച്ചുവെല്ലം തൊണ്ടക്കാരി...
റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക റണ്ടക്ക
ഐ ആറെട്ട് പല്ലുക്കാരി....”

പാടുന്നവരുടെ മധുരസ്വരത്തില്‍ പ്രേമേച്ചി അലിഞ്ഞലിഞ്ഞില്ലാതായി. തമിഴുനാട്ടില്‍ ഓലവിക്കുന്നവര്‍ പാടുന്ന പാട്ടായിരിക്കണം. നല്ല പാട്ട്. അവസാന വരി ആലോചിച്ചിട്ട് പ്രേമേച്ചിക്ക് ഒരെത്തും പിടിയും കിട്ടിയിരുന്നില്ല. ചിദംബരന് തന്റെ പുഞ്ചിരിയില്‍ പൊതിഞ്ഞ ഒരൊന്നൊന്നര കടാക്ഷവും
വീശിയെറിഞ്ഞ് പ്രേമേച്ചി അകത്തേക്ക് പോയി.


“ദേന്ന് ഒന്നെന്‍റ്റുവന്നേ, ഒരു കാര്യോണ്ട്” കയ്യെല്‍ ആവി പറക്കുന്ന കട്ടഞ്ചായയുമായി അങ്ങേരെ തട്ടിവിളിച്ചു.

സുധാകരേട്ടന്‍ തിരിഞ്ഞു മറിഞ്ഞ് മൂരി നിവര്‍ന്ന് കട്ടിലില്‍ കുത്തിയിരിപ്പായി. പ്രേമേച്ചി ചായകപ്പ് കയ്യേല്‍ കൊടുത്തുകൊണ്ടാരാഞ്ഞു.

“ഈ ഐ ആറെട്ട് പല്ലെന്നു പറഞ്ഞാലെന്താ. പണ്ടൊക്കെ നിങ്ങള്, എനിക്ക് മുല്ലപ്പൂമൊട്ടു പോലത്തെ പല്ലെന്നല്ലേ പറഞ്ഞിരുന്നേ...” പ്രേമേച്ചി വിറകുകീറുന്ന കാര്യത്തിലേക്ക് കടക്കാതെ കിന്നാരം പറഞ്ഞു. കാര്യം പറയുന്നതിനുമുമ്പൊന്നു പതപ്പിക്കുന്ന സ്വഭാവം പണ്ടേ കൂടപ്പിറപ്പല്ലേ.

“എന്തൂട്ടാ നീയീപറേണേ” സുധാകരേട്ടന്‍ കണ്ണുമിഴിച്ചിരുന്നു.

“അല്ലേലും നിങ്ങക്കെന്നോട് ഇപ്പളായേപിന്നെ ഇങ്ങനാ.. ഞാനൊന്നും പറഞ്ഞാ മനസ്സിലാവൂല്ല. ”

“ആടി.. അങ്ങനെ തന്നെ... മനസ്സിലാവാണ്ടല്ല... മുല്ലമൊട്ടായിരുന്നുത്രേ. അതന്ന്. ഇന്നതെല്ലാം വിരിഞ്ഞ് പൂവായില്ലേ” ഒന്നുമറിയാത്ത പോലെ സുധാകരേട്ടന്‍ ചായ മൊത്തിക്കുടിച്ചു.

“ദേ മനുഷ്യാ... എന്നെ വെറുതെ.... ഇവിടെ കത്തിക്കാന്‍ ഒരു തരി വിറകില്ല. മുറ്റത്തുകിടക്കുന്ന ആമാവുംകൊമ്പൊന്നു കീറിതാ..” ഭര്‍ത്താവിന്റെ വാക്കുകള്‍ മൊത്തമായും
ചില്ലറയായും അവോയ്ഡ് ചെയ്ത്, പ്രേമേച്ചി സീരിയസ് മാറ്റര്‍ അവതരിപ്പിച്ചു.

“വിറകു കീറാനോ ഞാനോ. അതു നിന്റെ മറ്റവനോടു പറ.” പ്രേമേച്ചിടെ മറ്റവന്മാരോടു പറഞ്ഞാല്‍ വിറകു കീറാനായി മുറ്റത്തൊരടി നടക്കും എന്നറിയാത്ത പുവര്‍മേന്‍.

“ങാ എന്താണെച്ചാ ആക്കിക്കൊ.. ഇന്നു രാത്രിക്ക് ചോറുവച്ചിട്ടില്ല” പ്രേമേച്ചി ഒരു കഞ്ഞിപാത്രവും തൂക്കി പാലുവാങ്ങാനായി അടുത്ത വീട്ടിലേക്കു ജൂണ്‍ ജൂലായ് സ്റ്റെപ്പേല്‍ നടന്നുപോയ്.

കാര്യങ്ങളുടെ കിടപ്പത്ര പന്തിയല്ലെന്നറിയാവുന്നതിനാലും, ഇന്നേരത്തന്വേഷിച്ചാല്‍ വിറകുകീറാനൊരു അണ്ണാച്ചിയെ തരപ്പെടുത്താന്‍ പറ്റില്ലെന്നതിനാലും, അണ്ണാച്ചിക്ക് കൊടുക്കാന്‍ പൂത്തകായൊന്നും കീശയിലില്ലാത്തതിനാലും, ഈ ഉദ്ദ്യമം ഏറ്റെടുക്കാന്‍ തന്നെ സുധാകരേട്ടന്‍ തീരുമാനിച്ചു. ചിലപ്പോള്‍ രാത്രി ഭക്ഷണം തരാതിരിക്കാനും മതി. ഒരുമ്പെട്ടവള്‍....

പ്രേമേച്ചി തിരിച്ചു വരുമ്പോള്‍ കീറിയിട്ട വിറകിനടുത്ത് വിയര്‍ത്തൊലിച്ചിരിക്കുന്ന കണവനെ കണ്ട് വെര്‍തേ ഒന്നു ചോദിച്ചു.

“ങാ നിങ്ങളല്ലേ പറ്റൂല്ലാന്ന് പറഞ്ഞത്. എന്നിട്ടിപ്പോ എന്തുപറ്റി?”

“അതൊക്കെ നിസ്സാര കാര്യല്ലേ... ഈ മാവിങ്കൊമ്പ് നീയാണെന്ന് ഞാനങ്ങ് കണക്കു കൂട്ടി. അത്ര തന്നെ.“ സുധാകരേട്ടന്‍ തോര്‍ത്തെടുത്ത് തോളിലിട്ട് പുറത്തെ വഴിയിലേക്ക് നടന്നു. വടികൊടുത്തടി വാങ്ങിയതെന്തിനെന്നറിയാതെ പ്രേമേച്ചി അകത്തേക്കും.

12 comments:

സുല്‍ |Sul said...

"പ്രേമസുധാകരം 2"

സുധേട്ടന്റേം പ്രേമേച്ചീടെം ജീവിതത്തില്‍ നിന്നൊരേട്....

പുതിയ പോസ്റ്റ്.

-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഗള്‍ഫിലെന്തിന്റെയാ വിറക്? ഈന്തപ്പനേടെ തടീന്റെ വിറകാ?

ശ്രീ said...

"തമിഴുനാട്ടില്‍ ഓല വിക്കുന്നവര്‍ പാടുന്ന പാട്ടായിരിക്കണം. നല്ല പാട്ട്."

നല്ല പോസ്റ്റ്...

(ചാത്താ... വേണ്ട... ഒട്ടകത്തെ കൊണ്ട് ഓടിച്ചിട്ട്കടിപ്പിക്കും, കേട്ടോ!)

ഏറനാടന്‍ said...

സുല്ലേ :) വിറ്റ്‌ വിറ്റിപ്പം വിറകും? ഒരു "ഠേ"

mydailypassiveincome said...

ഹഹഹഹഹ....

ഇതെവിടെന്നു കിട്ടി ഈ ലോട്ടറിപ്പാട്ട് ;) നല്ല പരിചയമുണ്ടെന്നു തോന്നുന്നു ;)

കൊള്ളാം സുല്ലേ. നന്നായിരിക്കുന്നു.

'ങ്യാഹഹാ...!' said...

'ങ്യാ....ഹഹാ...!'

Sul, gollaam..tto!

Kaithamullu said...

സുല്ലേ,

‘റണ്ടാ‘മത്തെ പ്രേമസുധാകരവും ‘റൊമ്പ” പുടിച്ചു.
(എന്റെ സഹധര്‍മ്മിണിയുടെ പേരും പ്രേമ എന്നായതിനാലാണോ എന്തോ?)

സുല്‍ |Sul said...

"പ്രേമസുധാകരം 2"

ചാത്താ കാലത്തേ കുരുത്ത്ക്കേട് പറയാതെ. നന്ദി വാങി വക്കു.

ശ്രീ :) നന്ദി.

ഏറൂ :) വിറ്റെങ്കിലും വിക്കാമെന്നു കരുതി :)

മഴത്തുള്ളീ :) ഇതു ഞമ്മളെന്നും കേക്കണതല്ലേ ഈ ലോട്ടറിപാട്ട്. നന്ദിണ്ട്ട്ടാ.

'ങ്യാ....ഹഹാ...!:) ഹാ ഹാ ഹാ

കൈതമുള്‍സ് :) നന്ദി.

വന്നവര്‍ക്കും വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
-സുല്‍

Rasheed Chalil said...

സുല്ലേ ഇതിന്റെ ഒരു പ്രന്റിടുത്ത് സുല്ലിയെ വായിച്ക് കേള്‍പ്പിക്കണേ...

:) :) :) മൂന്ന് ഇസ്മൈലി...

മയൂര said...

പ്രേമസുധാകരം 2 കിടിലന്‍.........

മുസ്തഫ|musthapha said...

സുല്ലേ, ഈ ലക്കവും ചിരിപ്പിച്ചു...

“മുല്ലമൊട്ടായിരുന്നുത്രേ. അതന്ന്. ഇന്നതെല്ലാം വിരിഞ്ഞ് പൂവായില്ലേ” :)

പ്രേമസുധാകരം ആട്ടക്കഥ ഒന്നാം ദിവസം... രണ്ടാം ദിവസം ഇങ്ങിനെയാക്കാം ടൈറ്റില്‍ - സുധാകരേട്ടന്‍ അരിയാട്ടുന്നത് വരെ ഇങ്ങിനെ പോട്ടെ :)

Unknown said...

സുധാകരേട്ടന്‍ കലക്കി....
പ്രേമസുധാകരവും...
kudos :)