Tuesday, January 02, 2007

ആകാശവാണ്യേച്ചി

വീനമ്മയെ അറിയാത്തവര്‍ ഏഷണിമുക്കിലും അടുത്തുള്ള പ്രദേശങ്ങളിലും കാണില്ല. കാണാന്‍ സാധ്യതയില്ല. അല്‍പം കുനിഞ്ഞ്‌, വലത്തെ കയ്യിന്റെ എക്സ്റ്റന്‍ഷന്‍ തണ്ടലില്‍ വെച്ച്‌, കാലത്തും വൈകീട്ടും ഏഷണിമുക്കിലെ പഞ്ചാരമണലിനെ പുളകം കൊള്ളിച്ച്‌ പോകാറുള്ള വീനമ്മ. ഏഷണിമുക്കിലെ ആസ്ഥാന പാല്‍ കറവക്കാരിയാണ്‌ വീനമ്മ. എന്നിട്ടും മനസ്സിലായില്ലെ, ആ ചേച്ചി തന്നെ, ആകാശവാണിചേച്ചി എന്നു പറഞ്ഞാല്‍ ഇപ്പൊ നിങ്ങള്‍ പറയും, 'ങാ എനിക്കറിയാം' എന്ന്.

റേഡിയൊ അതിന്റെ ബാലാരിഷ്ട്രതകളോടെ ഗ്രാമങ്ങളില്‍ പിച്ച വെച്ചു പാടാന്‍ തുടങ്ങിയ കാലം. ടി വി, എന്നത്‌ എന്താണെന്നറിയാത്ത നിരക്ഷര കുക്ഷികളുടെ കാലം, ഉണ്ണിപിറന്നതും ഉണ്ണാനിരുന്നതും നാടുനീങ്ങിയതും നാടമുറിച്ചതും പാലം പണിതതും പാലുകാച്ചിയതും എല്ലാം വാര്‍ത്തയാക്കാന്‍ ചാനലുകാരൊന്നും ഇല്ലാതിരുന്ന പഴയ നല്ലകാലത്ത്‌. നാടന്‍ വിശേഷങ്ങള്‍ ചൂടോടെ അറിയാന്‍ ഏഷണിമുക്കിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും ആകാശവാണിച്ചേച്ചി തന്നെ ശരണം. ഇവിടന്നു കിട്ടിയത്‌ അവിടെകൊടുത്തും, അവിടെന്ന് കൊണ്ടുവന്നത്‌ ഇവിടെ അല്‍പം പൊടിപ്പും തൊങ്ങലും ബാസ്സും റ്റ്രീബ്ലും എല്ലാം ചേര്‍ത്ത്‌, ഏതു സ്റ്റേഷന്‍ പിടിക്കാത്ത സ്ഥലത്തും 7.1 ഡോള്‍ബി ഡിജിറ്റല്‍ വ്യക്തമായ ശബ്ദമാധുരിയില്‍ തന്റെ പ്രേക്ഷകര്‍ക്ക്‌ പകര്‍ന്നു നല്‍കിവന്നു ആകാശവാണിച്ചേച്ചി.

വീനമ്മ, ദിവാകരേട്ടന്റെ കൂടെ വാര്‍ത്താവായനക്ക്‌ കൂടിയത്‌ മാര്‍കോണി കണ്ടുപിടിച്ച റേഡിയൊ, കേരളം കണ്ടുപിടിക്കുന്നതിനു മുമ്പേതോ ചിങ്ങമാസത്തിലാണ്‌. പുരനിറഞ്ഞു നില്‍ക്കുന്ന രാമനും, വാസുവും, ബാലനും, പുര നിറഞ്ഞു തുളുംബിയ കല്യാണിയും, ചന്ദ്രനും കൂടിയതാണ്‌ വീനമ്മയുടെ ആര്‍ ജെ ഗ്രൂപ്‌. ദിവാകരേട്ടന്‍ മരിച്ചിട്ട്‌ അടുത്ത ത്രിശ്ശൂര്‌ പൂരത്തിന്‌ വര്‍ഷം പതിനാലാവുമെന്നാ വീനമ്മയുടെ വായിലെ ഇപ്പോഴത്തെ ന്യൂസ്‌ ഫ്ലാഷ്‌.

ദിവാകരേട്ടന്‍ ദിവംഗതനായ ശേഷവും വീനമ്മയുടെ വാര്‍ത്താവായന തുടര്‍ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ പഴയപടിയുള്ള റേഞ്ച്‌ ഒന്നുമില്ല. കിലോമീറ്ററുകള്‍ നീണ്ടു കിടന്ന കവറേജ്‌ ഏരിയ ചുരുങ്ങി ചുരുങ്ങി അയല്‍പക്കത്തെ അഞ്ചാറു വീടുകളില്‍ ഒതുങ്ങി.

ഉള്ള മക്കളില്‍ പെന്മണിയായ കല്യാണി നാലാം പേറിന്‌ കോപ്പുകൂട്ടി, നാലുമാസം തികഞ്ഞ ഉണ്ണിക്കുടവയര്‍ കാണാന്‍ വീനമ്മക്കൊരുദിനം പൂതിയുതിച്ചപ്പോള്‍, ആണ്‍ മക്കള്‍ പോയോടത്തെന്ന് തിരിച്ച്‌ വരുന്നത്‌ കാക്കാതെ, അവരെയാരെം കൂട്ടാതെ കൊടുങ്ങല്ലൂര്‍ക്കുള്ള ലിമിറ്റഡ്‌ സ്റ്റോപ്‌ ബസ്സ്‌ പിടിച്ചു വീനമ്മ.

അവശയും അബലയും പോരാത്തതിന്‌ കിളവിയുമായ വീനമ്മയെ കണ്ടപ്പോള്‍, ഭാവിയുടെ വാഗ്ദാനാമായ മറ്റൊരു അവശവും അബലയും പോരാത്തതിനു യുവതിയുമായ ജാനകി, സീറ്റില്‍ പറ്റാവുന്നത്ര മര്‍ദ്ദം കൊടുത്തുകൊണ്ട്‌ മുഖം തിരിച്ച്‌ പുറംകാഴചകളിലേക്ക്‌ കണ്ണുനട്ടു.

"മോളെ, ത്തിരി നീങ്ങിര്‌ന്നേ" വീനമ്മ ജനകിയെനോക്കിപ്പറഞ്ഞു, ജാനകി അതൊന്നും കേള്‍ക്കതെ പുറത്ത്‌ കടയില്‍ കൊട്ടയിലിരിക്കുന്ന ഓറഞ്ചിന്റെ കളര്‍ മഞ്ഞയൊ ചുവപ്പോ എന്നു കണ്ടുപിടിക്കുന്നതില്‍ മുഴുകി.

"നീയാ ചത്തുപോയ കോവാലന്റെ അഞ്ചാമത്തോളല്ലെ, ജാനു. നിന്റെ കെട്ട്യോനിപ്പളും മറ്റോളൊപ്പംതന്നെ?" വീനമ്മ ജനകീപുരാണം കെട്ടഴിച്ചു. വീനന്മയെക്കൊണ്ട്‌ അധികം പറയിപ്പിക്കാതെ ജാനകി വേഗമെഴുന്നേറ്റ്‌ മഹത്തായ ഇരിപ്പിടദാനം നിര്‍വഹിച്ചു.

"ങാ ചേച്ചിയെങ്‌ക്‍ട്‌ പോണേ?" എന്നൊരു കുശലാന്വേഷണവും നടത്തി ജാനകി കമ്പിയില്‍ തൂങ്ങി.

"എന്റെ നാലാമത്തോള്‌ കല്യാണിക്കിത്‌ നാലാം മാസ്വാ. അങ്ങ്‌ട്‌ പോവ്വാ". കണ്ട്രാവിക്ക്‌ പൈസയും കൊടുത്ത്‌ ടിക്കറ്റും ബാക്കിയും കൂടി കോന്തലക്കല്‍ കെട്ടി, കിളിക്കൊരു ഓര്‍ഡറും പാസ്സാക്കി വീനമ്മ.

"ഏയ്‌ മോനേ ആ കോതകൊളെത്തുമ്പോന്നു പറയണേ"

"ആ പറയാമ്മാമെ" കിളി ചിലച്ചു പറഞ്ഞു.

ഈ സമയംകൊണ്ട്‌, ജാനു, മാനഹാനി ഭയന്ന് മറ്റൊരു സീറ്റില്‍ അഭയം പ്രാപിച്ചിരുന്നു. കൂടെയിരിക്കുന്നയാള്‍ ഉറക്കത്തിലായതിനാല്‍ വീനമ്മ അധികം കത്തിവെക്കന്‍ പറ്റാതെ കല്യാണിക്കു പിറക്കാന്‍പോകുന്ന കൊച്ച്‌ ആണോ പെണ്ണോ എന്നീ കാര്യങ്ങള്‍ സ്വപ്നേപി ദര്‍ശനത്തിനായി കണ്ണുപൂട്ടിയിരുന്നു. പിന്നെ ഉറങ്ങിപ്പോയി.

കൃത്യം കോതകുളം കഴിഞ്ഞപ്പോള്‍ വീനമ്മ ഉണരുകയും കിളിസമക്ഷം കോതകുളവിശേഷം ആരായുകയും ചെയ്തു. കോതകുളവിശേഷം മറന്നുപോയ കിളി "അയ്യോ" എന്നു മനുഷ്യശബ്ധത്തില്‍ ചിലച്ചതും ബെല്ലൊന്നടിച്ചറ്റും ഒരുമിച്ച്‌. ലിമിറ്റെഡ്‌ സ്റ്റോപ്‌, അണ്‍ലിമിറ്റെഡായി കോതകുളത്തിനും ആനവിഴുങ്ങിക്കുമിടയില്‍ സ്റ്റോപ്പായി.

"ഇവിടെയിറങ്ങിക്കൊ അമ്മാമെ" കിളി കളകൂജനം നടത്തി വീനമ്മയോട്‌.

"നിന്നോടല്ലേ പറഞ്ഞെ കോതകോളെത്ത്യാ പറേണന്ന്. ന്നിട്ടിപ്പൊ ഇവ്‌ടെറങ്ങിക്കോളാനാ, ഇതെന്തേര്‍പ്പാടാ" വീനമ്മ അരിശത്തോടെ കിളിയോട്‌ കയര്‍ത്തു.

ഇറങ്ങെണ്ട ആളുടെ പ്രായവും നട്ടുച്ച വെയിലും പരിഗണിച്ച്‌, മര്യാദക്കാരനായ ഡ്രൈവര്‍ പറഞ്ഞു വണ്ടി പിന്നോട്ടെടുക്കാമെന്ന്‌. അല്‍പം ദൂരമല്ലേയുള്ളു. വണ്ടി പതുക്കെ പിന്നോട്ടുരുണ്ടു.

"ഒരാള്‍ക്ക്‌ വേണ്ടി ഇത്രെം ആള്‍ക്കാരുടെ റ്റൈം കളയണോ" ആള്‍ നമ്പര്‍ ഒന്ന്.

"വയസ്സായ ആളല്ലെ ക്ഷമിക്കു ചേട്ടാ" ആള്‍ നമ്പര്‍ രണ്ട്‌.

"ഇവമ്മാരൊക്കെ എവിടെനോക്കിയാ വണ്ടിയോടിക്കണെ. സ്റ്റോപില്‍ നിര്‍ത്താതെ ഇവമ്മാര്‍ടെ ഒരോട്ടം" ആള്‍ നമ്പര്‍ മൂന്ന്.

യാത്രക്കാരുടെ പലതരം കോലാഹലങ്ങള്‍ക്കിടയില്‍ ബസ്‌ പിന്നോട്ടടിച്ച്‌ കോതകുളത്ത്‌ സ്റ്റോപ്‌ ചെയ്തു.

"അമ്മാമെ സ്ഥലെത്തി. എറങ്ങിക്കൊ" കിളി വീണ്ടും.

"മതിലോത്ത്‌ (മതിലകത്ത്‌) എന്റെ മോളെക്കാണാന്‍ പോണ ഞാനെന്തിനാ ചെക്കാ ഇവടെറങ്ങണെ?. ദേ ആ കാണ്ണതാ എന്റെ മോന്റെ ചായക്കട. അവനവടൊണ്ടോന്ന് നോക്കാനല്ലേ ഞാന്‍ ഇവടെത്യാ പറയാമ്പറഞ്ഞെ." വീനമ്മ ഇതു പറഞ്ഞ്‌ മകനെ കണ്ട സന്തോഷത്തില്‍ സീറ്റിലേക്ക്‌ ചാഞ്ഞു കൂടെ ഒരു ഓര്‍ഡെറും.

"ഡാ ചെക്കാ, ഇനി ആ മതിലോം എത്തുമ്പ പറയാന്‍ മറക്കണ്ട"

20 comments:

സുല്‍ |Sul said...

ഏവര്‍ക്കും പുതുവത്സരാശംസകളുമായി "ആകാശവാണ്യേച്ചി" എത്തിയിരിക്കുന്നു.

-സുല്‍

mydailypassiveincome said...

ഹഹ ആകാശവാണി കൊള്ളാം ;)

പുതുവത്സരത്തിലെ ആദ്യത്തെ പോസ്റ്റിന് തേങ്ങ എന്റെ വക ഒന്ന് (1) ;)

Mubarak Merchant said...

തേങ്ങ നമ്പ്ര -2.
മതിലകം വരെ എത്തിച്ചോ വീനമ്മ ചേച്ചിയെ ബസുകാര്‍?

sandoz said...

പെടക്കണതും കൊണ്ട്‌ 2007-ല്‍ സുല്‍ ഇറങ്ങിയല്ലോ.

സു | Su said...

ആകാശവാണി പോന്നോട്ടെ. വീനമ്മയെ ബസ്സുകാര്‍ ഇറക്കിവിട്ടാലും ഈ ബ്ലോഗില്‍ നിന്ന് ഇറക്കിവിടരുത്. :)

ഏറനാടന്‍ said...

പുതുവര്‍ഷത്തെ സൂപ്പര്‍ബംമ്പര്‍ ഹിറ്റെന്ന് തോന്നി. നല്ല രസം. നടി ഫിലോമിന ഉണ്ടായിരുന്നേല്‍ ഈ വേഷം നന്നായി ഫലിപ്പിച്ചേനേം.. (സീന്‍ ബൈ സീന്‍ ആയിട്ടാണ്‌ എന്റെ മനസ്സിലീ കഥ അനുഭവപ്പെടുന്നത്‌).

ന്നാ സുല്ലേ പിടി ഒരു 2007 മുഴുത്ത ത്യേങ്ങാസ്‌...!

കുറുമാന്‍ said...

സുല്ലേ കലക്കീലോ ആകാശവാണ്യേച്ചി.

എനിക്കുറപ്പാ, ആ ക്ലീനറും, ഡ്രൈവറും കൂടി, വീനമ്മചേച്ചിയെ, വല്ല പെരിഞ്ഞനത്തോ, കൊറ്റംകൊളത്തോ, അതുമല്ലെങ്കില്‍ പുന്നക്കുരു ബസാറിലോ ഇറക്കിയിട്ടുണ്ടാകും. മതിലകമെത്തിക്കാന്‍ ഒരു വഴിയും കാണുന്നില്ല.

Anonymous said...

സുല്ലേ ഇതുകലക്കി.
"സുല്ലിനും കുടുംബത്തിനും പുതുവത്സരാശംസകള്‍."

അങ്ങനെ പെരിഞ്ഞനത്തോ കൊറ്റംകുളത്തോ പിടിച്ചിറക്കിവിടുമെന്നൊന്നും തോന്നുന്നില്ല കുറുമാനേ. എനിക്ക്‌ തോന്നുന്നത്‌, മതിലകത്തിറക്കാതെ എസ്‌.എന്‍.പുരത്ത്‌ കൊണ്ടുപോയിറക്കി "ഇനി അമ്മാമ വടക്കോട്ടുള്ള ബസ്സ്‌ പിടിച്ചോള്ളൂ" എന്ന് പറയുമെന്നാ.

മുസ്തഫ|musthapha said...

ഹഹഹ ആകാശവാണ്യേച്ചി ശരിക്കും രസിച്ചു...

ഏറനാടന്‍ പറഞ്ഞ പോലെ കഥ വായിക്കുമ്പോള്‍ അന്തരിച്ച ഫിലോമിന തന്നെയായിരുന്നു വാണ്യേച്ചീടെ സ്ഥാനം അലങ്കരിച്ചത്.


നേട്ടങ്ങളുടേതായിരിക്കട്ടെ പുതുവര്‍ഷം എന്നാശംസിക്കുന്നു.

Anonymous said...

സുല്ലേ.. കലക്കി..
വീനമ്മ സുല്ലിനെ കാണുമ്പോള്‍ വിശേഷം തിരക്കാറുണ്ടോ.. (ജാനുവിനോട്‌ തിരക്കിയതുപോലെ അല്ലാട്ടോ)..
പുതുവല്‍സരാശംസകള്‍.

കൃഷ്‌ | krish

Anonymous said...

ഹിഹിഹി
/*നവവത്സരാശംസകള്‍*/

സ്നേഹിതന്‍ said...

വീനമ്മയ്ക്ക് സ്പെഷല്‍ സര്‍വീസ്സാണല്ലെ.

'ആകാശവാണ്യേച്ചി' നന്നായിരിയ്ക്കുന്നു.

ദിവാസ്വപ്നം said...

സ്നേഹിതന്റെ കമന്റ് കണ്ടാണിവിടെ വന്നത്. വന്നത് നഷ്ടമായില്ല. ആകാശവാണേച്ചി കലക്കി.

Anonymous said...

ആകാശവാണ്യേച്ചിയെ നന്നായി ഇഷ്ടപ്പെട്ടു. സൂപ്പര്‍ ഹിറ്റാണു സുല്ലെ.

Areekkodan | അരീക്കോടന്‍ said...

സുല്ലേ കലക്കി.
"സുല്ലിനും കുടുംബത്തിനും പുതുവത്സരാശംസകള്‍."
ആകാശവാണ്യേച്ചി ശരിക്കും രസിച്ചു...

Anonymous said...

സുല്ലേ, കൊള്ളാട്ടോ...നന്നായിരിക്കുന്നു...
ഇങ്ങള്‍ മ്മടെ ബല്യ കൂട്ടുകാരന്‍ ആവണംന്നു തന്ന്യാ മ്മടെ പെരുത്ത ആസ...
മെയിലിനു മറുപടീം കണ്ടില്ല്യ...

Rasheed Chalil said...

എല്ലാഗ്രാമങ്ങളുടേയും മുഖമുദ്രയായി ഒന്നോ രണ്ടോ ആകാശവാണികള്‍ ഉണ്ടായിരിക്കും. ഗ്രാമങ്ങള്‍ നഷ്ടപെടുമ്പോള്‍ കൂടെ അവരും കുറ്റിയറ്റുപോവുന്നു.

സുല്ലേ നന്നായിരിക്കുന്നു.

അമല്‍ | Amal (വാവക്കാടന്‍) said...

ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്‌..സുല്‍

നല്ല രസമുണ്ട്‌ വായിക്കാന്‍!

പണ്ട്‌ ബസ്സില്‍ വച്ച്‌ ഒരു വല്ല്യമ്മ,
ഒരു പത്മ, ഒരു ജോസ്‌..എന്നു പറയുന്നതു കേട്ട്‌,
"ഒരു രുഗ്മിണി" എന്നു പറഞ്ഞ ഒരു കഥ ഓര്‍മ്മവന്നു :)

സുല്‍ |Sul said...

നാടന്‍ വാര്‍ത്തകള്‍ കേള്‍ക്കാന്‍ വന്ന എല്ലാവര്‍ക്കും നന്ഡ്രി.

മഴത്തുള്ളീ :) 2007 ആദ്യതേങ്ങക്ക് നന്ദി.

ഇക്കാസ് :) രണ്ടാം തേങ്ങക്കും.

സാന്‍ഡൊസ് :) 2007 മുഴുവന്‍ പെടക്കാന്‍ കഴിയട്ടെ അല്ലെ.

സു :) വീനമ്മയെ വല്ല നൂലാമാലയിലും കേറ്റി നൂലുപോലെ നീണ്ടുപോകുന്ന സി റിയല്‍ ആക്കിയാലൊ? വായിക്കാനാളുന്ടാവൊ?

ഏറനാടന്‍ :) എഴുതുമ്പോള്‍ ഫിലു മനസ്സിലില്ലാരുന്നു. ഫിലുവിനേക്കാളും കുറച്ച് ഉയരവും ദേഹപുഷ്ടിയും കൂടിയുണ്ട് ഈ വീനമ്മക്ക്.

കുറു :) അവരുമതിലകത്തെത്തീന്ന് കമ്പി വന്നു കുറു.

ചേച്ചിയമ്മെ :) ആശംസകള്‍ തിരിച്ചും. പറഞ്ഞ സാദ്ധ്യത തള്ളിക്കളയാനാവില്ല.

അഗ്രു :) ആശംസകള്‍

ക്രിഷ് :) വീനമ്മ ഞങ്ങട വീട്ടിലെ പയ്യിനെ കറന്നിരുന്നതല്ലെ. പിന്നെ വിശേഷം ചോദിക്കാതിരിക്കൊ?

നവന്‍ :) ആശംസകള്‍

സ്നേഹിതന്‍ :) ആശംസകള്‍

ദിവാ :) ആശംസകള്‍

സാരംഗി :) ആശംസകള്‍

അരീക്കോടന്‍ :) ആശംസകള്‍

സിയ :) മ്മക്ക് ബല്യ കൂട്ടുകാരാകണം. ഓ കെ?

ഇത്തിരീ :) ശരിയാണ്. എന്നാലും ഗ്രാമങ്ങളില്‍ ഇതു സ്ഥിരം കാഴ്ചയാണ്‍്.

വാവക്കാടാ :) ആരാ ആ രുക്കുമണി?

പിന്നെ പാട്ടുകേള്‍ക്കാന്‍‌ വന്ന് മിണ്ടാതെപോയവര്‍ക്കും നന്ദി നമസ്കാരം.

-സുല്‍

Anonymous said...

ഗൊച്ചു ഗള്ളാ..
ബോബനും മോളിയും വായിക്കാറൂണ്ടല്ലേ ;)