Tuesday, January 09, 2007

കുടമ്പുളി (ആകാശവാണ്യേച്ചി 2)

ജമീലത്താടെ വീടെന്നു പറഞ്ഞാല്‍ ഏതാണ്ട്‌ ആ നാട്ടാര്‍ക്കെല്ലാം ഒരു തറവാടുപോലെയാണ്‌. ആര്‍ക്കും എപ്പൊവേണേലും കയറിചെല്ലാവുന്ന ഒരു വീട്‌. ആതുരസേവന രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്നതിനാലായിരിക്കണം, വെള്ളുടുപ്പിട്ട മാലാഖയുടെ സ്നേഹം എന്നും മനസ്സില്‍ സൂക്ഷിച്ചിരുന്നു ജമീലത്ത. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളു ജമീലത്തയെ. ജമീലത്തക്ക്‌ നാലുമക്കള്‍. രണ്ട്‌ ആണും രണ്ട്‌ പെണ്ണും. അകാലത്തില്‍ വൈധവ്യം അവരെത്തേടിയെത്തിയെങ്കിലും മക്കളെയെല്ലാം നല്ലനിലയില്‍തന്നെ ഒരു കരപറ്റിച്ചു അവര്‍.

പണ്ടു പണ്ട്‌ ദൂരദര്‍ശനില്‍ ഡല്‍ഹി ഹിന്ദി മാത്രം കിട്ടിയിരുന്ന കാലത്തേ അവിടെയുണ്ടായിരുന്നൊരു ടിവി. അതിനുമുപില്‍ കുത്തിയിരിപ്പാണ്‌ അവിടെ വരുന്ന നാട്ടുകാരുടെ പ്രധാന വിനോദം. കൂടെ ജമീലത്ത കൊടുക്കുന്ന ചായയും, മിഠായികളും ഉണ്ടെങ്കില്‍ പിന്നെ വിനോദത്തിന്‌ വേറെന്തു വേണം? വിനോദവും വിജ്ഞാനവും കാര്‍ഷികപാഠവും കണ്ടു നേരം കളഞ്ഞു നാട്ടുകാര്‍. വീനമ്മയും ജമീലത്തയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകയാണ്‌. കുശലം പറഞ്ഞും ചായകുടിച്ചും നേരം കളയാന്‍ നല്ല ഒരു ഇടത്താവളമാണ്‌ വീനമ്മക്കിത്‌.

ഒരുദിവസം കാലത്തെ മുറ്റത്തിറങ്ങിയ ജമീലത്ത കണ്ടത്‌, വയലിലേക്ക്‌ ചരിഞ്ഞു നില്‍ക്കുന്ന കുടപ്പുളിമരത്തില്‍ നിന്നു വീണ കുടപ്പുളികള്‍ തന്റെ കുട്ടയില്‍ ശേഖരിക്കുന്ന വീനമ്മയെയാണ്‌. ജമീലത്ത അപ്പോള്‍ ഒന്നും പറഞ്ഞില്ല. അടുത്ത ദിവസവും ഇതേ കാഴ്ചകണ്ടപ്പോള്‍ ജമീലത്ത തന്റെ ഇളയമകനായ സലിംക്കാനെ വിളിച്ചു.

'സല്‍മുട്ടാ, ദേ അത്‌ നോക്യേ. ആ വീനമ്മ നമ്മടെ പുളിയൊക്കെ പറക്കിക്കൊണ്ടു പോകുന്നു. ഇന്നലേം എടുക്കുന്ന കണ്ടു. വെറുതെനടക്കുന്ന നേരം നിനക്കിതൊക്കെയൊന്നു ചോദിച്ചൂടെ'.

പീയര്‍ലെസ്സ്‌ ഏജെന്റായി നടന്ന് പീയര്‍ലെസ്സ്‌ പൂട്ടിയപ്പോള്‍ ഗീയര്‍ലെസ്സായി സ്കൂട്ടടിച്ച്‌, നാട്ടുകാരുടെ നാക്കിലുള്ളതു കേള്‍ക്കാന്‍ ഉള്‍ക്കാമ്പില്ലാതെ, ഉള്‍വലിഞ്ഞ്‌ വീട്ടില്‍ തന്നെ കൂടിയിരിക്കുകയാണ്‌ ചുള്ളന്‍. ഉമ്മപറഞ്ഞതു കേട്ടതും സലിംക്ക ഉഷാറായി. എന്നാ ഒന്നു ചോദിച്ചിട്ടു തന്നെ കര്യൊം. അത്രക്കായൊ ആകാശവാണി.

ഞങ്ങളുടെ പുളിമരത്തില്‍ കായ്ക്കുന്ന ഞങ്ങളുടെ പുളി, ഞങ്ങള്‍ വാങ്ങുന്ന മീനിനോടൊപ്പം ഞങ്ങളുടെ കലത്തില്‍ കിടന്ന് ഞങ്ങള്‍ക്ക്‌ കൂട്ടാനുള്ളൊരു കൂട്ടാനിന്റെ കൂട്ടാവേണ്ടതല്ലേ എന്ന അഹം കേറി സല്‍മുട്ടന്‍ മുറ്റത്തേക്കിറങ്ങി.

'ഞാനൊന്ന് ചോദിക്കട്ടെ' എന്നും പറഞ്ഞ്‌ വയല്‍കരയിലേക്ക്‌ നടന്നു. അവിടെയെത്തിയപ്പോള്‍ വീനമ്മ പുളിപറക്കലും കഴിഞ്ഞ്‌ തിരിച്ച്‌ വീട്ടിലേക്കുള്ള വഴിയിലെത്തി.

'വീനമ്മേ നിന്നെ ഒരുകാര്യം ചോദിക്കട്ടെ'

'പറ മോനെ'

'വീനമ്മ ഇന്നലെ ഇവിടന്ന് പുളിപെറുക്കീല്ലെ?'

'ങാ പറക്കി'

'ഇന്നും പുളിപറക്കീലെ?'

'ങാ ഇന്നും പറക്കി'

'ഇനി നാളെം പറക്കൊ?'

'പിന്നല്ലാണ്ട്‌? ഞാന്‍ നാളെം പറക്കും'

'എന്നാ ശരി വീനമ്മ പൊയ്ക്കൊ'.

ഉമ്മപറഞ്ഞത്‌ അക്ഷരംപ്രതി അനുസരിച്ച ദിവ്യാനുഭൂതിയോടെ സലിംക്ക തിരിച്ചു നടന്നു, വീനമ്മ വീനമ്മേടെ വീട്ടിലേക്കും.

21 comments:

സുല്‍ |Sul said...

ആകാശവാണ്യേച്ചി സ്ട്രൈക്ക്സ് എഗെയ്ന്‍.

ആകാശവാണ്യേച്ചി രണ്ടാം ഭാഗം സമപ്പിക്കുന്നു.

-സുല്‍

അരവിന്ദ് :: aravind said...

കൊള്ളാം.
:-)

(ഇവിടെ തേങ്ങയില്ല..പകരം ഒരു ഓറഞ്ച് എറിഞ്ഞിരിക്കുന്നു.

പ്‌തക്! )

magnifier said...

അതുശരി...അരവിന്ദോ, വാങ്ങിയ ഓറഞ്ച്ചില്‍ കേടായ ഒരെണ്ണം എടുത്താ സുല്ലിനു ഓറാഞ്ചടിച്ചത്. ആ “പ്തക്” നൊരു ഗുമ്മില്ലാത്ത പോലെ?

സുല്ലേ ആകാശവാണി വീനാമ്മ...വായിക്കുന്നത് സുല്‍ കലക്ക്ണുണ്ട്ട്ടാ...!!

Anonymous said...

സുല്ലിന്‌ ഗൃഹാതുരത്വം സഹിക്കവയ്യാതായതുകൊണ്ട്‌ എഴുതിയതാണെന്ന് കരുതട്ടെ.

sandoz said...

സുല്ലേ-എന്നെയങ്ങട്‌ കൊല്ല്

Unknown said...

പോസ്റ്റ് കൊള്ളാം പക്ഷെ തലക്കെട്ടില്‍ സ്പെല്ലിങ് മിസ്റ്റേക്ക്. ഐഡിയാ ഈസ് ഗുഡ് ബട്ട് ലെഗ് ഈസ് മൈന്‍ എന്ന് പറഞ്ഞ പോലെ. :-)

സു | Su said...

:) സത്യസന്ധയായ വീനമ്മച്ചേച്ചി.

Anonymous said...

സുല്‍, ആകാശവാണി സീരീസ്‌ നന്നാകുന്നുണ്ട്‌.

Rasheed Chalil said...

കൊള്ളാം ചുള്ളാ... ഇത് സീരിസാക്കന്‍ നിശ്ചയിച്ചല്ലേ.

Anonymous said...

ഈ ചേച്ചിയെ ഇഷ്ടായി..കുടമ്പുളി ഇട്ടു വച്ച മീന്‍ കൂട്ടാന്‍ പോലെ..

Anonymous said...

പ്രായോഗികം

ഇട്ടിമാളു അഗ്നിമിത്ര said...

സുല്ലെ ... ഹി ഹി ഹി .. :)

മുസ്തഫ|musthapha said...

സുല്‍ സ്ട്രൈക്സ് എഗെയ്ന്‍...

അതു ശരി... അപ്പോ ആകാശവാണ്യേച്ചി സീരീസ് തൊടങ്ങി അല്ലേ :)

ഞങ്ങളുടെ നാട്ടില്‍ ഒരു പ്രയോഗമുണ്ട്... ‘അമാനത്ത് ചാവക്കാട് പോയത് പോലെ’ എന്ന്.

അതായത്...

ഒരു ദിവസം അമാനത്തിനെ വിളിച്ച് മുതലാളി പറഞ്ഞു...

‘അമാനത്തേ... നാളെ രാവിലെ ചാവക്കാട് പോണം’

‘ശരി മൊതലാളി...’ അമാനത്ത് സമ്മതിച്ചു.

പിറ്റേന്ന് രാവിലെ തന്നെ എവിടേയോ പോയി വരുന്ന അമാനത്തിനെ കണ്ട് മുതലാളി ചോദിച്ചു...

‘ഇയ്യെബ്ടുന്നാ നേരം വെളുക്കുമ്പെന്നേ...’

‘മൊതലാള്യല്ലേ ഇന്നലെ പറഞ്ഞത്... രാവിലെ ചാവക്കാട് പോണംന്ന്...’

Areekkodan | അരീക്കോടന്‍ said...

സുല്ലേ....കഴിഞ്ഞ പോസ്റ്റില്‍ വീനമ്മയെ ഇഷ്ടായി....ഇപ്പോ അതിലും മൂത്ത സല്‍മുട്ടനും....അസ്സലായി

Mubarak Merchant said...

സുല്ലേ.. സുലൈമാനേ..
നല്ല കഥ.
സല്‍മുട്ടന്‍ ഈ ധൈര്യോം വെച്ചോണ്ടാണോ പിയര്‍ലെസ് വിക്കാനെറങ്ങിയത്?
സമ്മതിക്കണം.

സുല്‍ |Sul said...

വീനമ്മ പുളിപെറുക്കിക്കോട്ടെ ബൂലോകരെ. നിങ്ങളെന്തിനാ അതും നോക്കി വായപൊളിച്ചിരിക്കുന്നത്? അത് സല്‍മുട്ടനും, തത്വത്തില്‍ ജമീലത്തയും അംഗീകരിച്ചതല്ലെ.

അരവിന്ദ് :) തേങ്ങയടിക്കനറിയില്ലാലേ. അതല്ലേ ഈ നാരങ്ങേം കൊണ്ട് നടയടി. ശിഷ്യപ്പെടണൊ?

മാ‍ഗ്നി :) പ്രോത്സാഹനത്തിനു നന്ദി. ഇനിയും വരണേ.

ചിത്രകാരാ :) അതത്രതന്നെ.

സാന്‍ഡോ :) മഞ്ഞുമ്മല്‍ ആര്‍ക്കെഴുതിക്കൊടുക്കും?

ദിലു :) തല വെട്ടി തിരുത്തി.

സു :) വീനമ്മചേച്ചിയെ അറിയാത്തത് കൊണ്ട് പറഞ്ഞതാവും അല്ലെ.

സാരംഗി :) നന്ദി.

നവന്‍ :) നന്ദി

ഇത്തിരി :) നോക്കട്ടെ സീരീസ് ആവോ സീരിയസ് ആവോന്ന്.

പ്രിയംവദ :) എനിക്കും ഇഷ്ടാ കു.പു ഇട്ട മീ. കറി

ബയാന്‍ :) നന്ദി

ഇട്ടികുട്ടി :) നന്ദി

അഗ്രു :) ഞങ്ങടെ നാട്ടിലത് ‘അമാനത്താക്ക ചാവക്കാട്ട് പോയ പോലെ’ എന്നാ

ആബിദ് : ) സല്‍മുട്ടന്‍ ഇപ്പൊ അടിപൊളിയാ കേട്ടൊ.

ഇക്കാസെ :) സല്‍മുട്ടന്‍ പീയര്‍ലെസ്സ് കഴിഞ്ഞ് പിന്നെ കന്നാലിത്തീറ്റ കച്ചവടം തുടങ്ങി. പിന്നെ അതുപോലെ പലതും. നിന്നെ പോലെ.

സംഭവം കഴിഞ്ഞുവന്നപ്പോള്‍ ജമീലത്ത സലിംക്കാട് പറഞ്ഞു ‘കുഞ്ഞറാമ്പെറന്നോനെ, നീ വീനമ്മക്ക് പുളിപറക്കാന്‍ സമ്മതോം കൊടുത്തോ’ ചിരിച്ചും കൊണ്ടാണേ ഇതും പറഞ്ഞത്.

-സുല്‍

ഉത്സവം : Ulsavam said...

നല്ല പുത്രന്‍, മക്കളായാല്‍ ഇങ്ങനെത്തന്നെ വേണം!

ഏറനാടന്‍ said...

വീണേടം കിടന്നുരുളുന്നതോണ്ടാവാം വീനമ്മ എന്ന പേരുകിട്ടിയതല്ലേ സുലൂഭായ്‌..?

Siju | സിജു said...

ഇത്രേം അനുസരണയുള്ള മക്കളെ കിട്ടാന്‍ ഭാഗ്യം ചെയ്യണം

കുറുമാന്‍ said...

ആ സല്‍മുട്ടനും, ഈ സുല്ലും ഒരേ ആളല്ലേന്നൊരു തംശയം :)

Anonymous said...

😂