എല്ലാം നഷ്ടപ്പെട്ട അവള് കിടക്കയിലേക്കമര്‍ന്നു. ടി വിയുടെ റിമോട്ട് അവളുടെ കയ്യില്‍ നിന്ന് ഊര്‍ന്നു താഴെ വീണു. ഈ ഇരുളടഞ്ഞ മുറിയില്‍ ഇനി എത്ര നാള്? ജീവിതകാലം മുഴുവന്‍ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനാണൊ തന്റെ വിധി? അപ്പുറത്തു അച്ഛനും അമ്മയുമുണ്ട്. അവര്‍ക്കും അവള് വെറുക്കപ്പെട്ടവളായി. അവളുടെ കണ്ണുകള്‍ താനെ അടഞ്ഞു.
എത്ര സന്തോഷകരമായിരുന്നു അനിലേട്ടനോടൊത്തുള്ള അശ്വതിയുടെ ജീവിതം. ആദ്യ ദര്‍ശനത്തില്‍ തന്നെ മനസ്സില്‍ കയറിക്കൂടിയതാണ് അനിലേട്ടന്. വിവാഹശേഷം ഡല്‍ഹിയിലേക്ക്, അനിലേട്ടന്റെ ജോലിസ്ഥലത്തേക്കുള്ള മാറിത്താമസം. തന്റെ ജീവിതം പച്ചപിടിക്കുന്നത് അശ്വതി കണ്ടു. ജീവിതത്തില്‍ വര്‍ണ്ണങ്ങളുടെ വസന്ത കാലം അവളെത്തേടിയെത്തി.
അനിലേട്ടന്തെ ശ്രമഫലമായി തനിക്കൊരു ജോലി ലഭിച്ചപ്പോള്‍ അതു ജീവിതത്തിന് കൂടുതല്‍ നിറം പകരുകയായിരുന്നു. രാവിലെ ഒരുമിച്ച് ഓഫീസിലേക്കുള്ള യാത്രകളൂം കൊച്ചു കൊച്ചു തമാശകളും. വൈകുന്നേരങ്ങളില്‍ തന്റെ ഓഫീസിനുമുന്നില്‍ ഓടികിതച്ചെത്തുന്ന നീലക്കാര്‍, തന്റെ ഇഷ്ടത്തിനല്ലേ അനിലേട്ടന് ആ നീലക്കാര്‍ വാങ്ങിയത്. പിന്നെ പാര്‍ക്കിലോ, ഷോപ്പിങ്ങിനോ സിനിമക്കോ പോകും. രാത്രിയില്‍ ഒരുമിച്ചുകൂടണയാറുള്ള ആ നല്ല ദിനങ്ങള്‍.
മകളുണ്ടായപ്പോള്‍ തന്നേക്കാള്‍ സന്തോഷം അനിലേട്ടനാണെന്നു തോന്നി. മോളും ചേട്ടനും താനുമടങ്ങുന്ന ആ വീട് ഒരു സ്വര്‍ഗ്ഗം തന്നെയായിരുന്നു. മോളുടെ ജനനശേഷം പുറത്ത് പോകുന്നത് കുറഞ്ഞു വന്നു. അനിലേട്ടന്റെ ഇഷ്ടം മുഴുവന്‍ അനുമോള്‍ക്ക് കൊടുക്കുന്നുവോ എന്നുപോലും തോന്നിപ്പോകും. ഓഫീസില്‍ നിന്നു വന്നാല്‍ അനുമോളുമായി കളിക്കാനേ ചേട്ടനു സമയമുള്ളു. ചാനലുകളും സീരിയലുകളുമായി താനും ഒതുങ്ങിക്കൂടി. പിന്നെ പിന്നെ പുറത്തുപോകുന്നത് തനിക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമായി. ടി വിക്ക് മുന്നില്‍ സമയം ചിലവഴിക്കാനാണ് കൂടുതല്‍ താല്പര്യം തോന്നിയത്. മോളെ സ്കൂളിലയച്ചുതുടങ്ങിയതും തന്റെ ഓഫീസ് ജീവിതവും എല്ലാം, പിന്നെയും ആ സന്തോഷത്തിന്റെ നാളുകള്‍ തിരികെ തന്നിരുന്നു.
എപ്പോഴാണ് ഇതെല്ലാം മാറിമറിഞ്ഞത്? എന്നാണ് താന്‍ ദേവനുമായി പരിചയപ്പെട്ടത്? കോഫിഹൌസില്‍ വച്ച് ആദ്യമായികണ്ടതും സൌഹൃദത്തിലായതും, അതിനുശേഷം എത്ര വേഗമാണ് ദേവന് തന്റെ മനസ്സില്‍ കയറിപ്പറ്റിയത്. ബിസിനസ്സ് ആവശ്യത്തിന് ഡല്‍ഹിയിലെത്തിയിരുന്ന ദേവന്, പിന്നെ ഫ്ലൈറ്റിലേറി വന്നിരുന്നത് തന്നെക്കാണാന്‍ മാത്രമായിരുന്നില്ലേ. വരുമ്പോഴെല്ലം തനിക്കായി കരുതിയിരുന്ന വിലപിടിപ്പുള്ള സമ്മനങ്ങള്‍, പെര്‍ഫ്യുമുകള്‍, സാരികള്‍ മറ്റു ഡ്രസ്സുകള്‍. ദേവന് തനിക്കു നല്കിയ സ്നേഹം, ആ പുഞ്ചിരി, എല്ലാം ദേവനിലേക്ക് തന്നെ കൂടുതല്‍ അടുപ്പിക്കുകയായിരുന്നില്ലേ. താന്‍ ദേവനെ പ്രണയിച്ചു തുടങ്ങിയിരുന്നു ആ നാളുകളില്‍. ദേവനോടുമൊത്തുള്ള സമയങ്ങള്‍, താന്‍ മറ്റൊരു ലോകത്തിലേക്കെത്തുകയായിരുന്നു. സ്വയം ദേവനു സമര്‍പ്പിക്കുകയായിരുന്നില്ലെ താന്‍? അനിലേട്ടനുതരാന്‍ കഴിയാതിരുന്നതെല്ലം ദേവനില്‍ നിന്നു തനിക്കു ലഭിച്ചെന്നു കരുതിയ ദിനങ്ങള്‍. അതു തന്നെയല്ലേ ദേവന് വിവാഹ വാഗ്ദാനം നല്കിയപ്പോള്, മോളേയും അനിലേട്ടനേയും മറന്ന് ഓഫിസില്‍ പോയ ഡ്രസ്സില്‍ തന്നെ ദേവനോടൊപ്പം ഇറങ്ങിത്തിരിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്.
ഡല്‍ഹിയില്‍നിന്നും ഫ്ലൈറ്റില്‍ ബോംബെയിലെത്തി. ബോംബെയില്‍ ദേവനോടൊപ്പമുള്ള ജീവിതം സ്വര്‍ഗ്ഗതുല്യമായിരുന്നു. താന്‍ നഗര ജീവിതം ആസ്വദിച്ചു തുടങ്ങുകയായിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ താമസം, നൈറ്റ് ക്ലബ്ബുകള്‍, ബാറുകള്‍, ഡിസ്കൊകള്‍; പുതിയലോകം; തനിക്ക് പുതിയ വാതായനങ്ങള്‍ തുറന്നു തരികയായിരുന്നു. ജീവിതം വേണ്ടുവോളം ആസ്വദിച്ച നാളുകള്‍. ദേവന് തന്നെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച ആ ദിനങ്ങള്‍. അനിലിനേയും മകളേയും പാടെ മറന്നുപോയ ദിനങ്ങള്‍. ഗോവയിലും ബാങ്ക്ലൂരുമായി പിന്നെയും കുറെ നാളുകള്‍; താന്‍ ഒരു ജന്മത്തിന്റെ സന്തോഷങ്ങള്‍ മുഴുവനായി ആസ്വദിച്ചു തീര്‍ക്കുകയായിരുന്നു.
കോഴിക്കോട് എത്തിയതോടെ ദേവനില്‍ പല മാറ്റങ്ങളും കണ്ടുതുടങ്ങി. തന്നോടൊപ്പം ചിലവഴിക്കാന്‍ ദേവന് സമയമില്ലാതായി. പലദിനങ്ങളിലും താന്‍ തനിച്ചായിരുന്നു ഫ്ലാറ്റില്‍. എന്നെങ്കിലുമൊരിക്കല്‍ രാത്രിയില്‍ മദ്യപിച്ചു വരുന്നതായി ദേവന്റെ പതിവ്. ചോദ്യം ചെയ്തപ്പോള്‍ ദേവന്, ദേഹോപദ്രവവും തുടങ്ങി. പിന്നീടാണറിയുന്നത് അയാള്‍ക്ക് വേറെ ഭാര്യയും കുട്ടിയുമുണ്ടെന്ന്. അവിടെ തന്റെ തകര്‍ച്ച പൂര്‍ണ്ണമാകുകയായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാന്‍ യാതൊരു പഴുതുമില്ലാതെ, തന്നെ ആ ഫ്ലാറ്റില്‍ പൂട്ടിയിടാന്‍ തുടങ്ങി പിന്നെ ദേവന്. ഫോണ്‍ കട്ട് ചെയ്തു. തന്റെ സെല്‍ ഫോണ്‍ പോലും അയാള്‍കൊണ്ടുപോയി. മദ്യപിച്ചുവരുന്ന ദേവന്റെ മര്‍ദ്ദനങ്ങള്‍ ദിനംപ്രദി കൂടിവന്നു. എങ്ങിനെയെങ്കിലും അവിടന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി.
ദേവന് കാണാതെ ഒരിക്കല്‍ അയാളുടെ ഫോണിലൂടെ അനിലേട്ടനെ തന്റെ വിഷമം അറിയിച്ചപ്പോള്‍ അനിലേട്ടന്റെ മറ്റൊരു മുഖമാണ് പിന്നെ കണ്ടത്. തന്നെ തീരെ അവഗണിച്ച അനിലേട്ടന് "നീയൊന്നും ഇതുവരെ ചത്തില്ലെ" എന്നു ചോദിച്ചപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ദേവന്റെ പോക്കറ്റില്‍ നിന്ന് ഫ്ലാറ്റിന്റെ കീയെടുത്ത് തുറന്ന് താന്‍ പുറത്തേക്കോടുകയായിരുന്നു ആ അര്‍ദ്ധരാത്രിയില്‍. തന്നെ പിന്തുടര്‍ന്ന ദേവന്റെ കുഴഞ്ഞ കാലുകളെ പിന്നിലാക്കികൊണ്ട് കുതിച്ചോടുകകയായിരുന്നു റോഡിലൂടെ, മരണത്തെ വാരിപ്പുണരാന്‍.
റോഡില്‍ കുഴഞ്ഞുവീണ താന്‍ പിന്നെ കണ്മിഴിച്ചു നോക്കുമ്പോള്‍ പോലിസിന്റെ സംരക്ഷണയിലായിരുന്നു. ദേവനേയും അവര്‍ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലുകള്‍ക്കുശേഷം, തന്റെ അച്ഛനെയും അമ്മയെയും അറിയിച്ചപ്പോള്‍ അവര്‍ക്കും തന്റെ കാര്യത്തില്‍ താല്‍പര്യമമില്ലായിരുന്നു. പൊന്നുപോലൊരു മോളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച തന്നെ, അവര്‍ക്കും വേണ്ടെന്ന് അച്ഛന് തറപ്പിച്ചു പറഞ്ഞു. പോലിസിന്റെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങിയാണ് ദേവന്റെ കയ്യില്‍ നിന്ന് തന്നെ അച്ഛന് കൈപറ്റിയത്. ഒരു ശല്യം തീര്‍ന്നുകിട്ടിയെന്ന ആശ്വാസത്തില്‍ ചിരിക്കുകയായിരുന്നു ദേവനപ്പോള്‍.
അശ്വതി മെല്ലെ ഉറക്കത്തിലേക്ക് വഴുതി. അപ്പോള്‍ ടി വിയില്‍ അടുത്ത പരമ്പരയുടെ അവതരണഗാനം മുഴങ്ങുന്നുണ്ടായിരുന്നു.
Thursday, December 28, 2006
Subscribe to:
Post Comments (Atom)
15 comments:
പ്രിയ ബൂലോകരെ,
ഈ 2006ല്‍ ഇനി നിങ്ങളെ വധിക്കാന്‍ എനിക്കവസരമൊക്കില്ലെന്നതിനാല്, എനിക്കു പറ്റാവുന്നതില്‍ വച്ചേറ്റവും നല്ല വധം ഇവിടെ പോസ്റ്റുന്നു. “അശ്വതി”. എല്ലാരും കൂടിയൊന്നു കൂവിത്തോല്പ്പിച്ചാല് 2007 മുതല്‍ ഈ വക കാര്യങ്ങളില്‍ കൈവെക്കില്ലെന്ന് ഉറപ്പു തരുന്നു.
സസ്നേഹം
സുല്‍
സുല്‍,
കഥ നന്നായി. വായനയില്‍ ആദ്യഭാഗം വല്ലാതെ പൈങ്കിളി രുചിച്ചപ്പോള്‍ വായന നിര്‍ത്താന്‍ പോലും തോന്നി. എന്നാല്‍ അവസാനമെത്തിയപ്പോള്‍ താങ്കളുടെ അമ്പ് ഉന്നം തെറ്റാതെ പതിച്ചു. അഭിനന്ദനങ്ങള്‍.
പരിശ്രമങ്ങള്‍ വീണ്ടുമുണ്ടാകുമല്ലൊ.
അയ്യോ സുല്ലേ, നല്ലോരു വര്ഷാവസനമൊക്കേയായിട്ടിതെന്തു പറ്റി? 2007 മുതല്‍ ബ്ലോഗിങ്ങ് നിറുത്തി മാ വാരികകളിലെങ്ങാനും എഴുതാനുള്ള വല്ല പരിപാടിയുമുണ്ടോ?
2007 മുതല്‍ ബ്ലോഗേഴ്സിനെ സുല്ല് വെറുതെ വിട്ടിരിക്കുന്നു. അതിനു പകരം പാവം മലയാളി മാ വായനക്കാരായിരിക്കും സുല്ലിന്റെ അടുത്ത ഇരകള്‍ ;)
കഥ വളരെ ഇഷ്ടപ്പെട്ടു. ആ ദേവനെ കയ്യില്‍ കിട്ടിയാല്‍ ഒന്നു പെരുമാറാമായിരുന്നു ;)ഡല്‍ഹി, ബോംബെ, ഗോവ, ബാംഗ്ലൂര്‍, കോഴിക്കോട് ഇവിടെല്ലാം അടിച്ചുപൊളിച്ചു നടക്കുവാ അവന്റെ പണി അല്ലേ. ആ കോഫിഹൌസ് ഒന്നു പറഞ്ഞുതന്നാല്‍ ഇനി അയാള്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ കൈകാര്യം ചെയ്തോളാം ;)
ഹഹഹ... പറ്റിച്ചല്ലോടാ :)
അന്നത്തിനെന്തായാലും മുട്ടു വരില്ലെടാ, നീ ജീവിച്ച് പോകും :)
സുല്ലേ:) ഇങ്ങനെയൊരു കാര്യം, ഒരു വനിതാമാസികയില്‍ ഉണ്ടായിരുന്നു. പോലീസ് എഴുതിയത്.
ഒരിക്കല്‍ ഏഷ്യാനെറ്റിലെ സ്ത്രീ സീരിയല്‍ കണ്ടുകൊണ്ടിരുന്ന സുല്ലിയോട് ഞാന്‍ ചോദിച്ചു “എന്തിനാ വെറുതെ ഈ വഴിപിഴച്ചവരുടെ കഥ നീ കാണുന്നത്. ഇതെല്ലാം വെറും കഥയല്ലെ?” എന്ന്. അതോടൊപ്പം ടി വി ഓഫ് ചെയ്യുകകൂടി ചെയ്തപ്പോള്‍ സുല്ലി പറഞ്ഞുതന്ന കഥയാണിത്. ഇങ്ങനെയെല്ലാം സംഭവിക്കുന്നുണ്ടെന്ന് സ്ഥാപിക്കാന്‍.
ഇന്നതൊരു കഥയാക്കിയാല്‍ കൊള്ളാമെന്നു തോന്നി. (അല്ലാതെ ഈ ആശയം എനിക്കെവിടുന്നു കിട്ടാന്‍?). സു പറഞ്ഞത് ശരിയായിരിക്കും. ശ്രീമതി (മന്ത്രി അല്ല) യുടെ സഹായം വളരെയുണ്ടായിരുന്നു ഇതെഴുതാന്‍. കട : സുല്ലി വെക്കാമായിരുന്നു.
ഇന്നു നിത്യയുടെ പോസ്റ്റിലെ ദേവന്റെ കമെന്റ് കണ്ടപ്പോള്‍, ഈ പോസ്റ്റ് ഇവിടെ കിടക്കേണ്ടതു തന്നെ എന്നു മനസ്സിലായി.
-സുല്‍
സൂ പറഞ്ഞതുപോലെ ഇത് “വനിതാ” മാസികയില്‍ ശ്രീലേഖ ഐ പി എസ് എഴുതിയ, നടന്ന സംഭവമാണ്. ഇതു പൈങ്കിളിയായി തോന്നും,പക്ഷേ യതാര്‍ത്ഥത്തില്‍ നടന്നതാണ് എന്നാണ് ലേഖിക എഴുതിയിരിക്കുന്നത്.
പക്ഷേ വേറൊരു “യഥാര്‍ത്ഥ” സംഭവത്തില്‍ ശ്രീലേഖ ഐ.പി.എസ് പുലിവാലും പിടിച്ചു. മകളെ കൊന്ന ഒരമ്മയെയോ മറ്റോ അവര്‍ കേസെടുക്കാതെ വിട്ടയച്ചു എന്നും പറഞ്ഞ് അതേ സീരീസില്‍ തന്നെയാണെന്ന് തോന്നുന്നു, അവര്‍ എഴുതി. അത് വായിച്ച ആരോ അവര്‍ക്കെതിരെ കോടതിയിലോ ഐ.ജിക്കോ മറ്റോ പരാതിയും കൊടുത്തു. അവസാനം അത് വെറും ഭാവന മാത്രമായിരുന്നു എന്നും പറഞ്ഞ് ആ പംക്തി തന്നെ അവര്‍ ഉപേക്ഷിച്ചു എന്ന് തോന്നുന്നു.
ശാലിനീ :) വളരെ നന്ദി. ആ ലക്കം ഇവിടെ നോക്കിയിട്ട് കാണുന്നില്ല. ആരെങ്കിലും കൊണ്ടുപോയിക്കാണും. ശ്രീലേഖയാണെന്ന് എനിക്കറിയാമായിരുന്നു. ഈ കഥ, ആ കഥപോലെത്തന്നെ ആയതുകൊണ്ട് സുല്ലിനോടൊന്ന് പറഞ്ഞു എന്നേയുള്ളൂ.
അവര്‍ നവംബര്‍ വരെ എഴുതിയിട്ടുണ്ട്. പിന്നെ, തല്ക്കാലം നിര്‍ത്തി എന്നാണ് ഞാന്‍ വിചാരിച്ചത്. അവര്‍ ഫ്ലോറിഡയില്പ്പോയ കഥ എഴുതിയിട്ടുണ്ട്. ഏതോ മലയാളസമ്മേളനത്തിന് ആണെന്ന് തോന്നുന്നു. ഒന്ന് കണ്ടിരുന്നെങ്കില്‍ അവിടുത്തെ വിശേഷങ്ങള്‍ ചോദിക്കാമായിരുന്നു. ;)
"ശ്രീലേഖ ഐ.പി.എസ് പുലിവാലും പിടിച്ചു."
(വക്കാരി).
ഈ കഥ ഇവിടെ പോസ്റ്റിയിട്ട് ഞാനും പുലിവാലു പിടിച്ചു.
എന്നാലും കുഴപ്പമില്ല. വക്കാരിക്കീവഴിയൊക്കെയറിയാമെന്നറിഞ്ഞതില് സന്തോഷം.
-സുല്‍
സത്യം പറയാമല്ലോ സുല്ലിന്റെ ബ്ലോഗ് എനിക്ക് മിസ്സായി. ഓരോന്നായി വായിക്കുന്നു. വായിക്കാന്‍ നല്ല ഫെഷ്നസ്സ് തോന്നിക്കുന്ന നല്ല ലേയൌട്ടും.
...നിക്കിഷ്ടായീ :)
qw_er_ty
സൂ, ഫ്ലോറിഡയില്‍(ഏതോ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതല്ലേ) പോയവിശേഷം “ഗൃഹലക്ഷ്മിയില്‍” ഉണ്ട്,പിന്നെ അവര്‍ എഴുതിയതിനെ വിമര്‍ശിച്ച് വേറേ ഒരാളും എഴുതിയിരുന്നു.
വാര്‍ത്ത ഇവിടുണ്ട്.
ജൂണ്‍ 2005 ലെ മംഗളം പത്രങ്ങളിലായിരുന്നു ഇതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ വന്നിരുന്നത് (ഒരു വാര്‍ത്ത ജൂണ്‍ 1, 2005 ലെ മംഗളത്തിലുണ്ട്). മനോരമയ്ക്കിട്ട് കൊട്ടാന്‍ കിട്ടുന്ന ചാന്‍സൊന്നും മംഗളം കളയാത്തതുകാരണം മംഗളം അത് ആഘോഷപൂര്‍വ്വം കൊണ്ടാടി. അവസാനം ശ്രീലേഖ ഐ.പി.എസ് പംക്തി അവസാനിപ്പിച്ചു എന്ന ശുഭവാര്‍ത്തയും തന്നാണ് മംഗളം കലാപരിപാടി അവസാനിപ്പിച്ചത് (ഇപ്പോളൊക്കെയാണ് മലയാളം പത്രങ്ങളില്‍ സേര്‍ച്ച് ഓപ്ഷന് ഇല്ലാത്തതിന്റെയും യുണീകോട് ആക്കാത്തതിന്റെയും വിഷമം മനസ്സിലാവുന്നത്)
കീചകവധം നന്നായി.....ആശംസകള്‍....
Post a Comment