Tuesday, December 19, 2006

ഒന്ന് തള്ളിത്താ....

നല്ല മഴയുള്ള രാത്രി. ഇടിവാളും, മിന്നലും, കാറ്റും എല്ലാരും കൂടി നാടു കയ്യേറിയ രാത്രി. പേടിച്ചിട്ടാണെന്നു തോന്നുന്നു, കെ എസ്‌ ഇ ബി കുട്ടന്‍ അടുത്തുക്കണ്ട ട്രാന്‍സ്ഫോര്‍മറില്‍ കയറി മൂടിപുതച്ചുറങ്ങി. നാടുമുഴുവന്‍ കൂരിരുട്ടിന്റെ പിടിയിലമര്‍ന്നു. പുറത്തെന്തോ ശബ്ദകോലാഹലം കേട്ടാണ്‌ മീനേച്ചി കണ്ണുതുറന്നത്‌. ഇതൊന്നും അറിയാതെ ശേഖരേട്ടന്റെ കൂര്‍ക്കംവലി അതിന്റെ ഉച്ചസ്ഥായിയില്‍ തന്നെ നിലകൊണ്ടു.

മീനേച്ചിക്ക്‌ ഇതു പുതിയ സ്ഥലമാണ്‌. ഇവിടേക്ക്‌ മാറിത്താമസിച്ചിട്ട്‌ അധികമായിട്ടില്ല. മകനും മരുമകളും ഗൃഹപ്രവേശവും കഴിച്ച്‌ പോയിട്ടൊരുമാസമാവുന്നേയുള്ളു. ചുറ്റുപാടുകളെക്കുറിച്ച്‌ വലിയ പിടിപാടും ഇല്ല. അതിനാല്‍ പണ്ടത്തെപ്പോലെ വിളക്കുമെടുത്ത്‌ പുറത്തേക്കോടിപ്പോവാനൊന്നും മിനക്കെട്ടില്ല. കെട്ടിയോനെ വിളിക്കുകതന്നെ.

"ഏയ്‌, ഒന്നെണീറ്റെ" മീനേച്ചി പുതപ്പുവലിച്ചു മാറ്റി കണവനെ പിടിച്ചു കുലുക്കിക്കൊണ്ട്‌ വിളിച്ചു."അവിടെ എന്തൊ എത്തം കേക്ക്‌ണൂ, ആരൊക്കെയൊ ഉണ്ട്‌"

"ആ അരേലും ആവട്ടെ. നീയവടെ കെട" ശേഖരേട്ടന്‍ പുതപ്പു തലവഴിമൂടി ചുരുണ്ടു കിടന്നു.

പുറത്തെ ശംബ്ദം കൂടുതലാവുന്നു. മീനേച്ചി തന്റെ പത്തൊമ്പതാം അടവായ മുഖത്തെക്ക്‌ മണ്ണുവാരി അല്ല വെള്ളം എറിഞ്ഞ്‌ ശേഖരേട്ടനെ തട്ടിയെഴുന്നേല്‍പ്പിച്ചു. മിഴിച്ചിരുന്ന ശേഖരേട്ടനോട്‌ പുറത്തെ വിശേഷങ്ങള്‍ ധരിപ്പിച്ചു. ശബ്ദം കേട്ട ശേഖരേട്ടന്‍ അഴിഞ്ഞമുണ്ടെടുത്ത്‌ കുത്തി ചാടിയെഴുന്നേറ്റു, എമര്‍ജന്‍സി (അത്യാഹിതം?) ലൈറ്റുമെടുത്ത്‌ എമര്‍ജന്‍സിയായി പൂമുഖത്തേക്കു നടന്നു പിന്നാലെ തന്റെ അഴിഞ്ഞുലഞ്ഞ കാര്‍ക്കൂന്തല്‍ പിന്നില്‍ ചുറ്റിക്കെട്ടിക്കൊണ്ട്‌ മീനേച്ചിയും.

"ആരാ" ശേഖരേട്ടന്‍ പതുക്കെ വാതില്‍ തുറന്ന് ഉറക്കെ ചോദിച്ചു.

"ഒന്നു തള്ളിത്തായോ വീട്ടാരെ" പുറത്തു നിന്ന് കള്ളില്‍കുഴഞ്ഞ ഒരു ശബ്ദം.

ശേഖരേട്ടന്‍ വാതിലടച്ചു തിരിഞ്ഞു നടന്നു. 'ഈ ഇടീം മഴെള്ളെപ്പളല്ലെ അവന്റെ ഒരു വണ്ടി തള്ളല്‍' ആത്മഗതമായി മീനേച്ചിയോട് പറഞ്ഞു.

"നിങ്ങളൊന്നു നിന്നെ. ഇന്നാള്‌ നമ്മള്‌ ഗുരുവായൂരുപോയപ്പോ ആ പിള്ളേരില്ലയിരുന്നെങ്കില്‍ കാണാരുന്നു. മോന്റെ കാറ്‌ വഴീകിടന്നേനെ." മീനേച്ചി കണവനെ ഭൂതകാലക്കുളിര്‍ കൊണ്ടു പുതപ്പിച്ചു. ശേഖരേട്ടന്റെ ട്യൂബ്‌ ലൈറ്റ്‌ പ്രകാശ വര്‍ഷം (മീറ്റര്‍ അല്ല) ചൊരിഞ്ഞതപ്പോഴാണ്‌. നമ്മക്കൊന്നു വെച്ചാ തിരിച്ചങ്ങോട്ടും ഒന്നു വെക്കേണ്ടെ? യേത്‌? എന്ന ലൈനില്‍, എന്നാലൊന്നു തള്ളിക്കൊടുത്തിട്ടു തന്നെ കാര്യൊം എന്നു കരുതി ശേഖരേട്ടന്‍ തിരിഞ്ഞു വാതില്‍ തുറന്നു.

"ആരാത്‌" ശേഖരേട്ടന്‍ ചോദിച്ചു.

"ഒന്നു തള്ളിത്തരോ" ആ പതിഞ്ഞ കുഴഞ്ഞ ശബ്ദം വീണ്ടും.

തന്റെ പതിവു ക്വാട്ടാ വിഴുങ്ങി വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു സുരേന്ദ്രന്‍. അതിനിടയിലാ ശേഖരേട്ടന്റെ വീടിന്റെ ഗേറ്റ്‌ തുറന്നു കിടക്കുന്നത്‌ കണ്ടത്‌. അതൊരസാധാരണ കാഴ്ചയായതുകൊണ്ടാവണം ഗേറ്റിലൂടെ ഉള്ളില്‍ വന്ന് വീടിനു മുന്നില്‍ നിന്നാ ഈ വിളിവരുന്നത്‌. ഇരുട്ടായതിനാല്‍ ശേഖരേട്ടന്‍ ഒന്നും കാണുന്നില്ലെന്നു മാത്രം.

"ആട്ടെ, നിങ്ങളെവിടെയാ. അല്ലേല്‍ വേണ്ട, ഞാനങ്ങോട്ടു വരാം." ശേഖരേട്ടന്‍ മഴയിലേക്കിറങ്ങി.

"ഞാന്‍ ഇവിടെയാ, ഈ ഊഞ്ഞാലില്‍. ഒന്നു തള്ളിതാ..."

കെട്ടുവിടുംവരെ, ഊഞ്ഞാലാടാനുള്ള അദമ്മ്യമായ ആഗ്രഹവും പേറി ശേഖരേട്ടന്റെ പൂന്തോട്ടത്തിലെ ഊഞ്ഞാലില്‍ ചാരിയിരുന്നു മഴനനഞ്ഞുകൊണ്ടിരുന്നു സുരേന്ദ്രന്‍.

26 comments:

സുല്‍ |Sul said...

വല്യമ്മായി ചോദിച്ചു പോസ്റ്റൊന്നുമില്ലേന്ന്. എന്നാ കിടക്കട്ടെ ഒരെണ്ണം എന്നു കരുതി. പിന്നെ ആരോപറഞ്ഞിരുന്നു ബ്ലോഗില്‍ ചിലന്തിയെ വലകെട്ടാനാനുവദിക്കരുതെന്ന്. 2-3 സ്പൈഡര്‍മാന്‍സിനെ കില്ലിയിട്ട് തൂത്തുവാരി ഞാന്‍ പുതിയ പോസ്റ്റിടുന്നു. എല്ലാരും “ഒന്ന് തള്ളിത്താ...”

-സുല്‍

mydailypassiveincome said...

കിടക്കട്ടെ എന്റെ വക ഒരു സുല്ല് ഠേ.. ഠേ.. ഠേ..

അഗ്രജന്‍ കാണുന്നതിനു മുമ്പ് തന്നെ ;)

Mubarak Merchant said...

സുല്ലേ..
നന്നായി രസിച്ചു.
ഊഞ്ഞാലിന്റെ കാര്യമാണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല!
അറ്റ്ലീസ്റ്റൊരു ഭാരവണ്ടിയെങ്കിലുമായിരിക്കുമെന്നു കരുതി.

mydailypassiveincome said...

സുല്ലിനു പണ്ടെങ്ങാണ്ടു ഒരു അബദ്ധം പറ്റിയ കാര്യം ഇന്നാണോ എഴുതുന്നത്. കഷ്ടം അന്ന് ആ തണുപ്പത്ത് മഴ മുഴുവനും നനഞ്ഞു അല്ലേ ;)

സുല്‍ |Sul said...

ഇക്കാസെ :) ഞാനാരാ മോന്‍.
തുള്ളീ, ഇതെല്ലാം ഇങ്ങനെ ആരുടേലും പുറത്തു വച്ചു കെട്ടേണ്ടെ. എനിക്കു ചുമക്കാന്‍ വയ്യ.

-സുല്‍

മുസ്തഫ|musthapha said...

ഹഹഹ... ശരിക്കും രസിച്ചെടാ നിന്‍റെ ഈ പോസ്റ്റ്... തള്ളല്‍ കലക്കി :)


മഴതുള്ളി: :)

മനോജ് കുമാർ വട്ടക്കാട്ട് said...

സുല്ലേ, അത്‌ തകര്‍ത്തു.

Anonymous said...

ആ സമയത്ത്‌ ശേഖരേട്ടന്റെ പ്രതികരണമെന്തായിരിക്കും എന്നാലോചിച്ചിട്ടാണ്‌ എനിക്ക്‌ കൂടുതല്‍ ചിരിവന്നത്‌.ഊഞ്ഞാലായിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ.

ദേവന്‍ said...

ഹ ഹ. അത്‌ കലക്കി.

asdfasdf asfdasdf said...

അത് കലക്കി. ആ ഊഞ്ഞാലിപ്പോഴും അവിടെ ഇല്ലേ. സൌകര്യായിട്ടൊന്ന് പോയി ആടണം. :)

Anonymous said...

കൊള്ളാം ഉഗ്രന്‍ സാധനം.

ഞങ്ങളുടെ നാട്ടില്‍ ഊഞ്ഞാല്‌ താള്ളാന്‍ പറയില്ല പകരം ഊഞ്ഞാല്‌ ആട്ടാന്‍ ആണ്‌ പറയുക. ഞങ്ങളുടെ നാട്ടില്‍ ഈ സംഭവം നടക്കാഞ്ഞത്‌ ഭാഗ്യം.

സു | Su said...

സുല്ലേ, അടിപൊളി തന്നെ. പക്ഷെ എന്തിനാ വെറുതേ ആ സുരേന്ദ്രന്റെ പേര് പറഞ്ഞത്? ഞങ്ങളൊന്നും വിചാരിക്കില്ലെന്നേ. ;)

ലിഡിയ said...

ഫൈനല്‍ ട്വിസ്റ്റ് നന്നായി രസിച്ചു..

സുല്ലടിച്ചും ഉടച്ചും പാഴാക്കാനുള്ളതല്ലാ സുല്ലിന്റെ ജന്മമെന്ന്..

:)

-പാര്‍വതി.

Unknown said...

സുല്‍ ഭായ്,
കൊള്ളാം. രസികന്‍ പോസ്റ്റ്. :-)

വേണു venu said...

സുല്ലേ ഇതിഷ്ടപ്പെട്ടേ..

Visala Manaskan said...

ക്ലൈമാക്സ് ഊഹിക്കാന്‍ പറ്റിയില്ല. ഹഹഹ. കലക്കി.

അരവിന്ദ് :: aravind said...

സുല്ലൊരു തമാശക്കാരനാണെന്ന് കരുതിയതേയില്ല.
ഞാന്‍ സുസ്മേരത്തില്‍ വരുന്നതാദ്യം..
വായിച്ചിഷ്ടപ്പെട്ടാല്‍ കമന്റിടാതെ പോകുന്നതെങ്ങിനെ!

തള്ളിത്താ വായിച്ചു ചിരിച്ച ചിരിയില്‍, പിന്നിലേക്ക് പോയി കവിതയല്ലാത്തത് എല്ലാം വായിച്ചു..
നല്ലോം രസിച്ചു ചിരിച്ചു (കാളിയ മര്‍ദ്ദനം 2 പ്രത്യേകിച്ച്..)

സൂപ്പര്‍ :-) ഈ ബ്ലോഗ് ഫേവറിറ്റ്സില്‍ കേറി..പൂവാ റൈറ്റ്...

ഇനി ഇങ്ങനെ കാണാതെ കിടക്കുന്ന എത്ര ബ്ലോഗുകളുണ്ടോ ആവോ!

സുല്‍ |Sul said...

തള്ളിതരാന്‍ വന്നവര്‍ക്കും, തള്ളുകാണാന്‍ വന്നവര്‍ക്കും നന്ദി.

മഴത്തുള്ളീ :)

ഇക്കാസെ :) അതു പ്രതീക്ഷിക്കരുതല്ലോ?

അഗ്രു :) രസിച്ചൂലെ?

പടിപ്പുര :) നന്ദി.

ചേച്ചിയമ്മ :) സ്വാഗതം. നന്ദി വീണ്ടും വരിക.

ദേവേട്ടാ :) സന്തോഷം.

കുട്ടമ്മേനോനെ :) അതവിടെതന്നെയുണ്ട്. ആടണം.

ദീപൂസ് :) നന്ദി. ശേഖരേട്ടന്‍ ദീപൂസല്ലാതിരുന്നതും ഭാഗ്യം.

സു :) സുരേന്ദ്രനെ പിന്നെ സു എന്നു മാത്രം പറഞ്ഞാല്‍ ബൂലോകര് തെറ്റിത്തെറിക്കില്ലേ?

പാര്‍വതി :) സുല്ലടിയെല്ലാം എല്ലാരെം സുല്ലിടീക്കാനുള്ള ഒരടിയല്ലെ പാറു.

ദില്‍ :) ആ ഭായ് വേണ്ടാരുന്നു. ആ കെടക്കെട്ടെ.

വേണു :) നന്ദി.

വിശാലു :) നന്ദി. ചുമ്മാ ഒരു ട്വിസ്റ്റിസ്റ്റ്.

അരവിന്ദ് :) സ്വാഗതം. ഫേവറിറ്റ്സില്‍ കേറിയല്ലോ. ഇനിയും ഈ റൂട്ടിലൂടെയെല്ലാം വരണം. അല്ലേല്‍ ജിറ്റാല്‍കില്‍ വന്ന് കയ്യോടെ പിടിച്ചു കൊണ്ടുവന്നു ഒപ്പുവെപ്പിക്കും. കേട്ടല്ലോ. നന്ദി.

ഒപ്പം എല്ലാവര്‍ക്കും നന്ദി. എന്നാലും ആരേലും ഒന്നു തള്ളിത്താ...

ദിവാസ്വപ്നം said...

ഹ ഹ അതു കലക്കി കട്ടിലൊടിച്ചു. ഇന്ന്, പ്രതിഭാ‍സം ചേച്ചിയ്ക്ക്ക്ക് പിന്നാ‍ലെ, ചിരിപ്പീരിന്റെ എട്ടുകളിയാണല്ലോ. ചൊവ്വാഴ്ഛ നല്ല ദിവസം എന്ന് മാറ്റേണ്ടിവരുമോ പഴഞ്ചൊല്ല്

:-)

ഇടിവാള്‍ said...

കലക്കി ഗെഡീ.. ന്നട്ടു തള്ളിയോ? അതോ തല്ലിയോ?

ഇട്ടിമാളു അഗ്നിമിത്ര said...

സുല്ലെ... :) ... ഇതു ഒരു ഒന്നൊന്നര തള്ളാണല്ലോ ..?

തറവാടി said...

സുല്ലേ,

രസികന്‍ പോസ്റ്റ്

സുല്‍ |Sul said...

ദിവാ :) സ്വാഗതം സുസ്മേരത്തിലേക്ക്. നന്ദി വന്നതിനും വായിച്ചതിനും കമെന്റിയതിനും.

ഇഡിഗഡീ :) എന്നാലും ഇടിവാളും, മിന്നലും അന്നവിടെയുണ്ടായിരുന്നല്ലോ. ഒന്നും അറിഞ്ഞില്ലായൊ?

ഇട്ടിമാളു :) തള്ള് തള്ള് തള്ള് തള്ള് അതെന്നെ.

തറവാടി :) സന്തോഷം.

ഇനിയാരും തള്ളാനില്ലെ. തള്ളി തീര്‍ന്നെങ്കില്‍ തള്ളയെ കൊണ്ടരാരുന്നു. :)

-സുല്‍

ഏറനാടന്‍ said...

ഒരുപാട്‌ ചിരിച്ചുപോയ്‌ സുല്ലിന്റെ "ഒന്ന് തള്ളിത്താ...." എന്റെ 'തൊള്ള പൂട്ടിത്തരോ' എന്ന പരുവത്തിലാക്കി (ചിരി അടക്കുവാനാവുന്നില്ല)

അല്‍പനാളുകള്‍ ബൂലോഗത്ത്‌ മേയാഞ്ഞതിനാല്‍ ഈ വഹ സാധനങ്ങളൊന്നും കണ്ടില്ലായിരുന്നു. അല്ലേല്‍ ശ്രദ്ധിച്ചില്ലായിരുന്നു, അല്ലെങ്കില്‍ നോക്കിയില്ലായിരുന്നു. (കപ്യാര്‌ പണ്ട്‌ അച്ചനോട്‌ പറഞ്ഞ പോലെ: "ഏതേലൊന്നുറപ്പിക്ക്‌ അച്ചോ" എന്ന് പറേണതിനു മുന്നെ ഞാന്‍ നിറുത്തുന്നു)

സുല്‍ |Sul said...

ഏറനാടനൊരു ഏറും ഒരു തള്ളും. അവിടെയിരുന്നാടിക്കൊ. പിന്നൊരു നന്ദീം.

-സുല്‍

Anonymous said...

ഞാനെന്തെക്കെയോ വിചാരിച്ചു. പക്ഷെ പറയില്ല.