(ഒന്നാം ഭാഗം വായിക്കാത്തവര്‍ക്ക്)
എങ്ങും കുറ്റാകൂരിരുട്ട്. സമയം പാതിരാത്രി കഴിഞ്ഞുകാണും. ചീവീടുകളുടെ ശബ്ദവും അതിനു കൂട്ടിന്നായി തവളകളുടെ പേക്കൊം പേക്കൊം കരച്ചിലും. അകലെയെവിടെയോ ശ്വാന സംഗം അവരുടെ ഗാനമേള പൊടിപൊടിക്കുന്നു. ഒരു വിജനമായ പ്രദേശത്തു കൂടെ വീട്ടിലേക്കുള്ള യാത്രയിലാണ് ഞാന്‍. പകലുപെയ്ത മഴയുടെ കാരുണ്യം കൊണ്ട് കരകവിഞ്ഞ കുളം, വഴിയിലേക്കും പറമ്പിലേക്കും കവിഞ്ഞ്, പരന്നു കിടക്കുന്നു. നാട്ടുകാര്‍ നടന്ന് നടന്നുണ്ടാക്കിയ ഒരു നടവഴി. അതിനടുത്തായി ഒരു വലിയ പ്ലാവ്. കഴിഞ്ഞ വേനലിലെ കൊടും വെയിലില്‍ കൊഴിഞ്ഞ ഇലകള്‍ ഇനിയും കിളിര്‍ത്ത് തുടങ്ങിയിട്ടില്ല.
സൈക്കിളും തള്ളി വഴിയിലെ വെള്ളത്തിലൂടെ കാലുകള്‍ വലിച്ചു വച്ചു നടന്നു. വെള്ളത്തിലുള്ള ചപ്പുചവറുകള്‍ ചെരിപ്പിനിടയില്‍ തടയുന്നുണ്ട്. എന്നാലും എത്രയും പെട്ടന്ന് ഇവിടം കഴിഞ്ഞു കിട്ടാന്‍ വേണ്ടി കാലുകള്‍ വലിച്ചു വച്ചു നടക്കുകയാണ്. കൂട്ടുകാരന് അവന്റെ വീടെത്തിയപ്പോള്‍ ഞാന്‍ ഒറ്റക്കായി. അവന്റടുത്തുന്നു ആ ടോര്‍ച് വാങ്ങാമായിരുന്നു. ഇനി പറഞ്ഞിട്ടെന്താ. ഈ പറമ്പുകഴിഞ്ഞു കിട്ടിയാല്‍ രക്ഷപ്പെട്ടു. വീട് അടുത്തു തന്നെയാണ്.
പെട്ടെന്ന് എനിക്കൊരു തോന്നല്‍. ഞാന്‍ നടക്കുന്ന ശബ്ദമല്ലാതെ വെള്ളത്തില്‍ മറ്റൊരു ശബ്ദം കേള്‍ക്കുന്നുണ്ടോ? പെട്ടെന്ന് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു വലിയ പാമ്പ് എന്റെ നേരെ ഇഴഞ്ഞിഴഞ്ഞു വരുന്നു. ഞാന്‍ സകല ശക്തിയുമെടുത്ത് ഓടാനാഞ്ഞു. പക്ഷെ എന്റെ കാലുകള്‍ ചലിക്കുന്നില്ല. ഞാന്‍ നിന്നിടത്തു തന്നെ നിന്ന് തിരിയുന്നു. ഒരടിപോലും മുന്നോട്ടോ പിന്നോട്ടോ പോകുന്നില്ല. ഓടാനുള്ള ഊക്കം കൂട്ടുന്നതനുസരിച്ച് തിരിയലിന്റെ ശക്തിയും കൂടികൂടി വന്നു. പാമ്പ് എന്റെ അടുത്ത് എത്തിതുടങ്ങി. കുറെ നേരത്തെ ശ്രമത്തിനുശേഷം ഞാന്‍ വെള്ളത്തില്‍ നിന്നൊരുവിധം കരയിലെത്തി. സൈക്കിളില്‍ കയറാനോ ചവിട്ടാനോ പറ്റുന്നില്ല. പാമ്പ് പിന്നാലെ വരുന്നുണ്ട്. ഓടിയില്ലെങ്കിലും വേണ്ട പതുക്കെയെങ്കിലും നടക്കാമെന്നു കരുതി നടന്നു. അല്പം ചെന്നപ്പോള്‍ തെങ്ങോലയില്‍നിന്നൂര്‍ന്നുവീണ മറ്റൊരു പാമ്പ് എന്റെ കൈകളിലൂടെ സൈക്കില്‍ ഹാന്‍ഡിലില്‍ ചുറ്റി കിടന്നു. സൈക്കിള്‍ തള്ളി മാറ്റിയിട്ട് ഞാന്‍ അവിടുന്നും ഓടി.
അയല്പക്കത്തെ സത്യന്റെ വീട്ടിലെ ടോമി, ഇന്നു കാലത്തു വരെ ഞങ്ങള്‍ നല്ല സൌഹൃദത്തിലായിരുന്നു, എന്റെ ഈ ഓട്ടവും വരവും കണ്ട്, എന്റെ പിന്നാലെ കുരച്ചുകൊണ്ടോടിവന്നു. കൂടെ വേറെ നാലഞ്ച് നായ്ക്കളും. പ്രാണന് കിട്ടിയാല്‍ മതിയെന്ന മട്ടിലെ ഓട്ടം നിര്‍ത്തിയത് എന്റെ റൂമിന്റെ ജനാലക്കു പിറകില്‍. എന്റെ ശ്വാസൊഛാസം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഹൃദയമിടിപ്പ് കൂടി കൂടി വരുന്നു.
ജനല്‍പാളിയുടെ ഇടയിലൂടെ എന്റെ ശര്‍ട്ടിന്റെ ഒരറ്റം കാണുന്നു. ഞാന്‍ അതു പതുക്കെ പിടിച്ചു വലിച്ചു. ജനല്‍ തുറന്ന് കുപ്പായം കയ്യിലായി. അതോടൊപ്പം അവിടെനിന്നൊരുകൂട്ടം തവളകള്‍ എന്റെ നേരെ ചാടി. തവളകള്‍ ശരീരത്തില്‍ പറ്റാതിരിക്കാന്‍ ഒഴിഞ്ഞുമാറിയ ഞാന്‍ കാലുതെറ്റി മലര്‍ന്നടിച്ചു വീണു. മന്‍ഢൂകങ്ങള്‍ എന്റെ മണ്ടയില്‍ ടപ്പാംകുത്ത് നടത്തി. എന്റെ ഹൃദയമിടിപ്പു നിന്ന പോലെ തോന്നി. ഞാന്‍ ശക്തിയായി കിതച്ചു കൊണ്ടിരുന്നു.
"ടാ സുല്ലേ ടാ സുല്ലേ എന്തു പറ്റ്യേഡാ..." കൂടെ കിടന്നുറങ്ങിയിരുന്ന സക്രുവിന്റെ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. അപ്പോഴും ഞാന്‍ കിതച്ചുകൊണ്ടേയിരുന്നു.
ഇന്നലെ രാത്രി നടന്ന ആ ഭീകരസംഭവം കറന്റടിച്ചപോലെ എന്റെ തലയിലൂടെ മിന്നിമാഞ്ഞു.
(ഭാഗം രണ്ട്)
"ചെക്ക്"
കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സക്രു ജയിച്ചൊരു കളി അവസാനിച്ചു. ഇങ്ങനെയെങ്കിലും അവസാനിച്ചതില്‍ ആശ്വാസംതോന്നി. രണ്ടരമണിക്കൂറായി ഇരിക്കുന്നു ഒരു ബോര്‍ഡ് കളിക്കാന്‍. വീട്ടില്‍ ചട്ടിക്കെണ്ണം കൊടുത്തിട്ടുണ്ടെങ്കിലും കഴിക്കാന്‍ വീട്ടിലെത്തേണ്ടെ?. ഏകദേശം രാത്രി പത്ത് പത്തര മണിയായിക്കാണും. നാട്ടിലെല്ലാവരും കൂര്‍ക്കംവലിചുറങ്ങാന്‍ തക്കംപാര്‍ത്തിരിക്കുന്ന നേരം. ബദര്‍ പള്ളിയിലെ പുറത്തുകൂട്ടിയിട്ട പൂഴിമണലില്‍ ഇശാ നമസ്കാരം കഴിഞ്ഞ് ഇരുന്നതാണ് ഞാനും ജബ്ബാറും സക്രുവും. ഇനി ജബ്ബാറിനെ അവന്റെ വീട്ടില്‍ കൊണ്ടുചെന്നാക്കണം.
ബള്‍ബ് ഫ്യൂസായ സൈക്കിള്‍ ഡയനമോയില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി എവിടെപ്പോകുന്നു എന്ന എന്റെ പത്താംക്ലാസ്സ് ബുദ്ധിയുടെ ചോദ്യത്തിനു മുന്നില്‍ കണ്‍ഫ്യൂസായ ബുദ്ധിയുമായി ഉത്തരം കിട്ടാതെ കുഴങ്ങുകയാണ് ജബ്ബാര്‍.
അവനെ അവന്റെ വീട്ടില്‍ വിട്ട്, ഞങ്ങള്‍ രണ്ടുപേരും വീട്ടിലേക്ക് പോകുന്ന വഴി. വഴിയെന്നു പറയുമ്പോള്‍ ഒരു മൂന്നടി ഇടവഴി. പിന്നെ പാടവരമ്പത്തൂടെ കുറച്ചു ചെന്നാല്‍ കൈതക്കാടിനിടയിലൂടെ ഒരു വലിയ പറമ്പില്‍ കയറാം അതിലെ കുറെയേറെ പോയാല്‍ അപ്പുറത്തെ റോഡിലെത്താം. റോഡിന്റെ അപ്പുറമെത്തണം വീടെത്താന്‍.
അടുത്തുള്ള നായന്മാരുടെയാണ് ഈ വലിയ പറമ്പ്. ഇതു ഭാഗിചും ഭാഗിക്കാതെയും തര്‍ക്കിചും തര്‍ക്കിക്കാതെയും അങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് കാലശ്യായി. ആര്‍ക്കും ഭാഗം ശരിക്കു ലഭിക്കാത്തതിനാല്‍ പേരിനൊരു വീടു പോലുമില്ല ആഭാഗത്ത്. ആയകാലത്ത് ഏതോ നായരു കൂടുകെട്ടാന്‍ കെട്ടിയ ഇടിഞ്ഞു പൊളിഞ്ഞ ഒരു തറയുടെ അവശിഷ്ടം അവിടെയുണ്ട്. അതിനെ ചുറ്റിപറ്റി വളര്‍ന്നു നില്ക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും പൊന്തക്കാടുകളും. ഇടക്കിടെ കുറെ കശുമാവുകളും നല്ലമാവുകളും, തലപോയതും പോകാനായതുമായ തെങ്ങുകളും. ഇവിടം ഇപ്പോള്‍ പാമ്പ്, ചേമ്പ്, തേരട്ട, പഴുതാര, തേള് മുതലായവയുടെ വിഹാര കേന്ദ്രമാണ്. നാട്ടിലുള്ള എല്ലാ തെണ്ടിപട്ടിപ്രജകളും കൂട്ടുകൂടുന്നതും കൂടിനിന്ന് ഓലിയിടുന്നതും ഇവിടെതന്നെ. നാട്ടുകാരെല്ലാം വടക്കേപറമ്പെന്നു പറയുന്ന ഞങ്ങളുടെ വീടിന്റെ കിഴക്കെ പറമ്പ്.
ഞങ്ങള്‍, ധൈര്യം ഒന്നു ബെല്‍റ്റിട്ടു മുറുക്കാന്‍ വേണ്ടി, ഉറക്കെ പാട്ടുപാടികൊണ്ടാണ് (നിലവിളിപോലെ) ഈ വഴിക്ക് വരാറ്. ഇടക്ക് കൂമന്റെയും കുത്തിച്ചൂളാന്റെയും ശബ്ദാനുകരണവും നടത്താറുണ്ട്. ഞങ്ങളുടെ പ്രകടനം ഇഷ്ടപെട്ടെന്നറിയിക്കാനായി, അവിടെയുള്ളപട്ടിപ്രജകള്‍, ഞങ്ങള്‍ക്ക് കൂകലില്‍ സപ്പോര്‍ട്ടും തരാറുണ്ട്. ഈ പ്രദേശം എങ്ങനെയെങ്കിലും ഒന്നു കടന്നു കിട്ടെണ്ടെ? അങ്ങനെ ഏകദേശം പകുതിവഴി പിന്നിട്ടു കാണും. വഴിയില്‍ അതാകിടക്കുന്നു ഒരു 'അനിയത്തി അന്നാകോണ്ട'. സാമാന്യം ആറേഴടി നീളം കാണും. പാമ്പിന്റെ പിന്നാലെ വല്യ ഗവേഷണത്തിനൊന്നും പോകാത്തതിനാല്‍, ഏതാണ് ജനുസെന്നൊന്നും ചോദിച്ചുകളയരുത്. എല്ലാം കോണ്ട തന്നെ, കടിച്ചാല്‍ മരിക്കും മരിച്ചില്ലേല്‍ ഭാഗ്യം. അത്രെം അറിയാം.
കോണ്ട കണ്ടതേ ഞങ്ങള്‍ രണ്ടുപേരും ശിലയില്‍ കൊത്തിവച്ച കവിതയായ് മാറി. ഈ ശിലയാമഹല്യന്മാരെ ചവിട്ടിഞ്ഞെരിച്ചുണര്‍ത്താന്‍ ഇനിയേതു ദേവന് വരും? ഇനിയെന്തു കുന്തം ചെയ്യും? കയ്യിലാണേല്‍ ഒരു കുന്തവുമില്ല. ആകെയുള്ളതോ ഒരു മഞ്ഞ നിറത്തിലുള്ള ഞെക്കുവിളക്ക്, മൂന്ന് വോള്‍ട്ട് സാനിയൊ ടോര്‍ച്. അനിയത്തികോണ്ട ഞങ്ങളെ നല്ലവണ്ണം നോക്കി, നീളം വണ്ണം നിറം എല്ലാം അതു കൂടാതെ കാലിന്മേല് കൊത്താന്‍ പറ്റിയ ഒരു സീറോ പോയിന്റ് പ്രത്യേകം കണ്ടുവെക്കുകയും ചെയ്ത് അനങ്ങാതെ കിടന്നു. ഞങ്ങള്‍ പാമ്പിനെ നോക്കികൊണ്ടേയിരിക്കുവാണ്, ഭംഗി കാണാനല്ല, പേടികൊണ്ടാണേയ് കോണ്ടി എവിടേക്ക്യാ നീങ്ങുന്നതെന്നറിയണമല്ലൊ. ആരുടെ കാലാണ് കൊത്താന്‍ സെലെക്റ്റ് ചെയ്തതെന്നും ഇതുവരെ പ്രഖ്യാഭിച്ചിട്ടില്ല. ഹരികൃഷ്ണന്‍സിലെ മീരയെപ്പോലെ ഈ കോണ്ടി ഇനിയെപ്പോഴണവൊ ഇല പൊട്ടിച്ച് ടോസ് ചെയ്യുന്നത്.
"നമുക്കിതിനെ കൊല്ലണം" സക്രു പറഞ്ഞു.
"അതിനിവിടെ വടിയൊന്നുമില്ലല്ലൊ തല്ലികൊല്ലാന്‍" രാത്രിയല്ലെ പാമ്പിനെ കൊല്ലാന്‍ കണ്ടനേരം, അതിനെങ്ങാന്‍ തിരിച്ചൊന്നു തരാന്‍ തോന്നിയാലോ? തീര്‍ന്നില്ലെ എല്ലാം. കൊല്ലണംപോലും."വടിയെല്ലാം ഞാന്‍ കൊണ്ടുവരാം" സക്രുവിന് പാമ്പിനെ കൊല്ലാനുള്ള ജ്വരം കേറിയെന്നു തോന്നുന്നു. ഇവന് വടികൊണ്ടുവരാന്‍ പോകുമ്പോള്‍ ഞാന്‍ എവിടെപോകും? പാമ്പ് എവിടെപോകും? പിന്നെ കൃത്യനിര്‍വ്വഹണത്തിനായി മൂന്നുപേരും എങ്ങനെ ഒത്തു കൂടും?. യാതൊരു പ്ലാന്നിങ്ങുമില്ലാതെ ഞാന്‍ വടികൊണ്ടുവരാം എന്നു പറഞ്ഞാലെങ്ങനെ? അറ്റ്ലീസ്റ്റ് പാമ്പിനെങ്കിലും ഒരു ഇന്‍വിറ്റേഷന്‍ കൊടുക്കേണ്ടെ? അഞ്ചു മിനിറ്റിനകം ഞങ്ങള്‍ നിന്നെ സ്വര്‍ഗ്ഗം കാണിക്കാനയി തിരിച്ചു വരാം. ഇവിടെ തന്നെ കാണണേ എന്നെല്ലാം. ഞാന്‍ ആകെ ആശയകുഴപ്പത്തിലായി.
"അപ്പോഴേക്കും പാമ്പ് അതിന്റെ കാര്യൊം കഴിച്ച് സ്ഥലം വിടും" ഞാന്‍ പറഞ്ഞു.
"അതിനൊരു സൂത്രമുണ്ട്. നീ ടോര്‍ച്ചിന്റെ ലൈറ്റ് ഇതുപോലെതന്നെ നേരെ പാമ്പിന്റെ കണ്ണിലേക്കടിച്ചു പിടിക്കുക. പാമ്പിന്റെ കണ്ണു മഞ്ഞളിക്കും. അനക്കാതെ കെടുത്താതെ പിടിച്ചോണം. അല്ലേല്‍ പാമ്പ് നിന്റെ കാലില്‍ കാണും." ഇതു പറഞ്ഞു അവന് നടന്നു നീങ്ങി.
ഞാന്‍ എന്റെ സകലധൈര്യവും സംഭരിച്ച്, പാമ്പിനു നേരെ ഞെക്കു വിളക്കിന്റെ വെളിച്ചം തെളിച്ച് നിന്നു. വിറക്കുന്ന പാദങ്ങളോടെ, വിങ്ങുന്ന ഹൃദയത്തോടെ, വരളുന്ന തൊണ്ടയോടെ. ഞാനും ഒരു പാമ്പും മുഖാമുഖം നില്ക്കുന്നു. അവളാണെങ്കിലോ കണ്ണു മഞ്ഞളിച്ച്, നമ്രശിരസ്കയായി, മണലില്‍ തലയും തല്ലി കിടക്കുന്നു. ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരാളുമായി അഭിമുഖം നടത്തുന്നത്. വീട്ടിലുള്ള പശു, ആട്, പൂച്ച എന്നീ ജീവികളെ അഭിമുഖം ചെയ്തിട്ടുണ്ടെന്നതൊഴിച്ചാല്‍ പിന്നെയങ്ങനെയൊന്നും ഉണ്ടായിട്ടേയില്ല. അഭിമുഖം ചെയ്യുമ്പോള്‍ വേറെ വല്ല കോണ്ടമാരൊ കോണ്ടിമാരോ മുഖം കാണിക്കാന്‍ അപ്ളിക്കേഷനും കൊണ്ടുവരുമൊ? അതോര്‍ത്തപ്പോള്‍ ശരീരത്തിലൂടെ ഒരു തണുപ്പന്‍ കടന്നുപോയി. ഓരോന്നുചിന്തിച്ച് നിമിഷങ്ങളും കടന്നു പോയി. അഭിമുഖം നീണ്ടുപോകുന്നു. അവനെവിടെപ്പോയി എന്നെ തനിച്ചാക്കിയിട്ട്? ഇപ്പോള്‍ ഒരു നാലഞ്ച് മിനിട്ടായിക്കാണും.
"ടാ നീയെവിടാ"
"ഇപ്പൊവരാ..." അവന്
ഇതിനിടയില്‍ സക്രു ഏതോ ഒരു ശീമകൊന്നകണ്ടുപിടിച്ച് അതിന്റെ കയ്യിലൊതുങ്ങാവുന്ന ഒരു കൊമ്പൊടിച്ചു. തേങ്ങയെറിഞ്ഞുടക്കുന്നപോലെ 7.1 ഡോള്‍ബി ഡിജിറ്റല്‍ 'ഠേ...' സൌണ്ടില്. അകലെ നിന്നുള്ള ഈ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി. എന്റെ കൈകള്‍ കിടുങ്ങി. ടോര്ചിന്റെ വെളിച്ചം തെറ്റി. അവസരം കാത്തിരുന്ന പാമ്പും തെറ്റി. നമ്രമുഖി മുഖമുയര്‍ത്തി എന്നോടടുക്കുന്നു. എന്തണിവളുടെ ഭാവം? ഒരുപിടിയുംകിട്ടുന്നില്ല. എനിക്കാണേല്‍, നട്ടുച്ചക്ക് ടാറിട്ട റോഡിലെ ഉരുകികിടക്കുന്ന ടാറില്‍ ചവിട്ടിയപോലെ, കാലൊന്നനക്കാന്‍ വയ്യ. അതവിടെ ഫിറ്റായിപ്പോയ്. ടോര്‍ച്ചിന്റെ ലൈറ്റ് വീണ്ടും കോണ്ടിത്തലയിലാക്കാനുള്ള ശ്രമം കുറച്ചു കഴിഞ്ഞപ്പോള്‍ വിജയം കണ്ടു. ഞാനാരാ മോന്? പിന്നെയും സര്‍പിണി മഞ്ഞള്‍കണ്ണിയായി. സര്‍പ്പിണി നിന്നു. നമ്രശിരസ്കയായി.
"ടാ വാ" എന്റെ മോങ്ങല് തുടര്‍ന്നു.
"ദേവരുന്നു...." അവന് അടുത്തെത്തിയെന്ന് തോന്നുന്നു.
റബ്ബേ ദേ ടോര്‍ച്ച് കണ്ണുചിമ്മാന്‍ തുടങ്ങുന്നു. ബാറ്ററിയിലെ ചാര്‍ജ് വറ്റുന്നു. ഇനി എങ്ങനെ പാമ്പിന്റെ കണ്ണില്‍ മഞ്ഞളടിക്കും? അതിനു മുമ്പ് പാമ്പ് എന്നെ നീലനടിക്കുമോ. അപ്പോഴേക്കും സക്രു തിരിച്ചെത്തി. സമാധാനമായി.
സക്രു പാമ്പിനടുത്തേക്കടിവെച്ചടുത്തു. വടി തലക്കുമീതെ പൊക്കിപിടിച്ച് രണ്ടുകാലും അകത്തി വച്ച് അല്പം കുനിഞ്ഞു നിന്നു. എന്നിട്ട് അവന്റെയൊരു ചോദ്യം.
"ബിസ്മെ്യല്ലണോഡാ" എന്നിട്ടൊരു ചിരിയും. ഇവിടെ വിളക്കിന്റെ കാറ്റുപോകാറായിരിക്കുന്നു. പാമ്പിന്റെ മഞ്ഞള്‍ തീരാറായിരിക്കുന്നു. നൂറു മീറ്റര്‍ ഓട്ടത്തിനു കചകെട്ടിയപോലെ പാമ്പ് മഞ്ഞപ്പ് വിടാന്‍ കാത്തു നില്ക്കുന്നു. വേഗം ചെയ്യാനുള്ളത് ചെയ്യാതെ കിന്നരിക്കാന്‍ നില്ക്കുന്നു അതിനിടയില്‍.
"നീ എന്തേലും ചെയ്യ്" ഞാന്‍ അക്ഷമനായി.
"യാ ശൈഖ് യാ മുഹിയദ്ദീന്‍" എന്ന് പറഞ്ഞ് വടി ഒന്നുതാണു. 'ഠേ...' വീണ്ടും ദിഗന്തങ്ങള്‍ മുഴക്കുന്ന ശബ്ദം. അടികിട്ടിയപാമ്പിന്റെ മഞ്ഞപ്പ് മാറിയെന്ന് സര്‍പ്പന്റെ അടുത്ത അടവ് കണ്ടപ്പോള്‍ മനസ്സിലായി. ഇപ്പോള്‍ മഞ്ഞപ്പുമാറി ആകാശത്തില്‍ നക്ഷത്രങ്ങല്‍ തെളിഞ്ഞു കാണും. എന്നാലും അടുത്ത കുതിപ്പിന് പാമ്പ് എന്റെ കാലിനടുത്തെത്തി. ഷോക്കടി കിട്ടിയപോലെ ഞാന്‍ മുകളിലേക്കെറിയപ്പെട്ടു. വായുവില്‍ ഒരര്‍ദ്ധ നിമിഷം. അതാപോണൂ ഞാന്‍ താഴോട്ട്. വന്നു നേരെ ലാന്റ് ചെയ്തത് വലതുകാല്‍ പാമ്പിന്റെ തലയില്‍ ചവിട്ടികൊണ്ട്. ചതഞ്ഞ പാമ്പിന് തല ഉപേക്ഷിച്ച് അടുത്ത ചാട്ടവും അപ്പോള്‍ തന്നെ സംഭവിച്ചു. വാലുമാത്രം ഇളക്കുന്ന സര്‍പ്പന്റെ ബാക്കി കഥ സക്രു വടിതല്ലു നടത്തി തീര്‍ത്തു. അതിനുശേഷം വടികൊണ്ട് കോരി എടുത്ത് അടുത്ത പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. തിരികെക്കിട്ടിയ ജീവനും കൊണ്ട് രണ്ടുപേരും കിട്ടാവുന്ന സ്പീഡില്‍ അവിടം കാലിയാക്കി.
ശുഭം അല്ല അശുഭം.
Monday, December 04, 2006
Subscribe to:
Post Comments (Atom)
31 comments:
"കാളിയമര്‍ദ്ദനം (അവസാനഭാഗം)" ബൂലോക സമക്ഷം പ്രസിദ്ധീകരിച്ചിരിക്കുന്നു.
-സുല്‍
ഇത് കലക്കീടാ ഗഡീ,
തകര്‍പ്പന്‍,
കിടിലന്‍,
ഘടോല്കചന്...
ഇനി സത്യം പറയാം ... ആദ്യത്തെ ഭാഗത്തേക്കാളും രസിച്ചു... ഇത്. നിനക്ക് ഫാവിയുണ്ടേടാ മഹനേ... :)
“ഇടക്ക് കൂമന്റെയും കുത്തിച്ചൂളാന്റെയും ശബ്ദാനുകരണവും നടത്താറുണ്ട്. ഞങ്ങളുടെ പ്രകടനം ഇഷ്ടപെട്ടെന്നറിയിക്കാനായി, അവിടെയുള്ളപട്ടിപ്രജകള്‍, ഞങ്ങള്‍ക്ക് കൂകലില്‍ സപ്പോര്‍ട്ടും തരാറുണ്ട്“.
തിരിച്ചങ്ങോട്ടും കാണിക്കണം ഈ സപ്പോര്‍ട്ട്... ട്ടോ :)
ഠ്... ഠേ... ഠേ...
സുല്ലേ ഇത് അടിപൊളിയായി. തകര്‍പ്പന്‍ വിവരണം.
സര്‍പ്പകോപത്തിന് പ്രതിവിധിയൊന്നും ചെയ്തില്ലെ ...പാമ്പ് പാമ്പായാല്‍ പിന്നെന്ത് കോപം അല്ലേ..
സുല്ലേ സൂക്ഷിച്ചു നടന്നോ.. ഇണപ്പാമ്പു പ്രതികാരദാഹിയായീ പുതു മണ്ണു തിന്നു പല്ലു മൂര്‍ച്ചപ്പെടുത്തി വിഷം കുറുക്കി ഒരു ദിവസം .. ശോ എന്നാലും എന്തൊരു നല്ല മനുഷ്യനാരുന്നു എന്നു മഞ്ഞള്‍ കുറിയിട്ട കന്യകമാര്‍ പറയാതിരിക്കില്ല
'ബള്‍ബ് ഫ്യൂസായ സൈക്കിള്‍ ഡയനമോയില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി എവിടെപ്പോകുന്നു?'
ആ ചോദ്യം ഇശ്ശി പിടിച്ചൂ..
കലക്കീണ്ട്..... നീലനടിയ്ക്കാഞ്ഞത് ഭാഗ്യം...
പാമ്പ് കടിച്ചോ ഇല്ലേ എന്ന കണ്ഫിയൂഷന് കുറച്ച് ദിവസം ഉണ്ടായിക്കാണുമല്ലോ... അനുഭവസ്ഥനാണേ... ഒരിക്കല്‍ കൂട്ടുകാരന്റെ കൂടെ ട്യൂഷന് ക്ലാസ്സിലേക്ക് പോകുന്ന വഴി ഒരു പാമ്പണ്ണന്‍ ക്രോസ്സ് ചെയ്തു. കൂട്ടുകാരന്.. 'ദേ പാമ്പ്' എന്ന് പറഞ്ഞ് കേട്ട് ഞാന്‍ ചാടിമാറി ലാന്റ് ചെയ്തത് അതിന്റെ തലയിലായിരുന്നു എന്നും അത് ഇഴഞ്ഞ് അടുത്തുള്ള കുറ്റിക്കാട്ടില്‍ പോയി എന്നും അവന് റിപ്പോര്‍ട്ട് ചെയ്തു. കാല് വിശദമായി പരിശോധിക്കലായിരുന്നു അടുത്ത ഒരു മണിക്കൂര്‍ പരിപാടി.
സുല്‍
ഇതു കലക്കി
സുല്ലേ.. ഈ പാമ്പിന്റെ ക്ഷമ അപാരം തന്നെ.. അല്ലെങ്കില്‍ പിന്നെ ശീമക്കൊന്ന വടി കൊണ്ടുവരുന്നതുവരെ ഒരേ പോസില്‍ അടി ഏറ്റുവാങ്ങാന്‍ തയ്യാറായി സുല്ലുമായി അഭിമുഖം ചെയ്യുമായിരുന്നുവോ... അതോ സുല്ലിന്റെ സൗന്ദര്യം കണ്ടു മയങ്ങി പോയതാണോ... 'കോണ്ടി'മര്‍ദ്ദനം നന്നായി.
കൃഷ് | krish
വിവരണം അസ്സലായി പക്ഷെ ചെയ്തത് വളരെ തെറ്റും .. ന്യായീകരിക്കാവുന്നതല്ല ചെയ്ത തെറ്റ്
സുല്ലേ , അവസാന ഭാഗം വായിച്ചു , എന്നാല്‍ ഇതൊരു സ്വപ്നമാണെന്ന് ആദ്യത്തെ നാലു വരികള്‍ കഴിഞ്ഞപ്പോഴേ മനസ്സിലായി , അതിനാല്‍ തന്നെ ആസ്വാദനം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയില്ലേന്നൊരു സംശയം ,
ഒരു പക്ഷെ , വിവരണത്തില്‍,
ഉണ്ടായ സ്വപ്നത്തോട് സത്യ സന്തത കാട്ടാതെ , കുറച്ച് യഥാര്‍ത്ത വല്‍ക്കരണം നടത്തിയിരുന്നെങ്കില്‍ ഒന്നുകൂടി നന്നായേനെ , ഇതെന്റെ അഭിപ്രായം മാത്രം
( ഇനി ആസ്വാദനത്തിന് അങ്ങിനെ ഒരു അവസ്ഥയുണ്ടോ ആവോ?)
സുല്ലെ,രണ്ടാം ഭാഗവും കലക്കീട്ട്ണ്ട്.
ഈ ഭൂമിയില്‍ എനിക്ക് ഏറ്റവും പേടിയുള്ള ജന്തുവാ ഇത്.കണ്ടാല്‍ തല്ലികൊല്ലാനൊന്നും നില്‍ക്കില്ല,പേടിയും അറപ്പും കാരണം ഓടിരക്ഷപ്പേടാന് നോക്കും.
ഈ അവതരണരീതി അസ്സലായിട്ടുണ്ട്.
വായിച്ച് കൊണ്ടിരുന്നപ്പോ തന്നെ ഞാന്‍ മേശേടെ ചോട്ടില് ഒന്ന് നോക്കി.. പാമ്പ് കൊച്ചീലുണ്ടെങ്കില് ഞാന്‍ കോഴിക്കോട്ടിനു പോവും. അത്രയ്ക് ധൈര്യാ.
പാമ്പിനെ കൊല്ലാന്‍ പാടില്ല്യാ. ഫോര്‍ ഷുവര്‍. അതിന്റെ തലയിലു ചവിട്ടിയാല്‍ അല്ലാതെ, അത് ആരേയും ഉപദ്രവയ്കാറില്ല.
nwതളിക്കുളത്തധികവും ഇങ്ങനെ പറമ്പിലൂടെയാല്ലേ നടക്കുക.പഴയകാലത്തെക്ക് പോയി മനസ്സ്.
പാമ്പ് ഒരു അത്ഭുതജീവിയായാണ് എന്നും എനിക്ക് തോന്നാറുള്ളത്, ഡിസ്ക്കവറിചാനലില് കഴിഞ്ഞ ദിവസങ്ങളില്‍ എന്നോ ലോകത്തിലേയ്ക്കും ഏറ്റവും വിഷമുള്ള പത്ത് പാമ്പുകളെ കാണിച്ചിരുന്നു, ശരിക്കും അതിനെ എന്ത് ഉപദ്രവിച്ചാലാണ് അതൊന്ന് പ്രതികരിക്കാന്ന് അറിയ്യോ, മനുഷ്യനെ കൊണ്ട് അവര്‍ക്കാവും കൂടുതല്‍ ശല്യം.
സുല്ലിന്റെ സ്വപ്നവും സ്വപ്ന കാരണവും ഇഷ്ടമായി കേട്ടോ.
-പാര്‍വതി.
കാളിയ(കോണ്ടി) മര്‍ദ്ദനത്തില്‍ പങ്കെടുത്ത എല്ലാ നല്ലവരായ ബൂലോകര്‍ക്കും നന്ദി.
അഗ്രു :) നിനക്കെന്റെ സപ്പോര്‍ട്ട് എന്നും കാണും.
മേനോനെ :) ഞാനല്ലല്ലോ കൊന്നത്. അതു കൊണ്ടെന്നോട് നോ കോപം ആയിരിക്കും.
ഗുണാളന്‍ :) സ്വാഗതം. ഇതെന്റെ 15 വയസ്സിലെ കഥയാ. അന്ന് കുറെ ദിവസത്തിനു പിന്നെ ആ വഴി പോയിട്ടില്ല എന്നതാണ് സത്യം.
സൂര്യോദയം :) അതെവിടെ പോകുന്നു എന്നിതുവരെ ആരും പറഞ്ഞു തന്നില്ല. ബൂലോക പുലികള്‍ പറയുമോ ആവൊ?
പയ്യന് :) സ്വാഗതം. നന്ദി
കൃഷ് :) പാമ്പിന് ഇത്ര ക്ഷമ ഉണ്ടാവുമെന്ന് ഞാനും കരുതിയില്ല. സംഗതിയുടെ ക്രെഡിറ്റ് മുഴുവനും സാനിയോ ടോര്ച്ചിനാണ്.
ആത്മകഥ :) സ്വാഗതം. എന്തു ചെയ്യാം ചെയ്തുപോയില്ലെ.
തറവാടി :) അതു മുഴുവന്‍ സ്വപ്നമല്ല. രണ്ടാം ഭാഗം കഴിഞ്ഞ് കിടന്നുറങ്ങുമ്പോഴാണ് ഒന്നാം ഭാഗം അരങ്ങേറുന്നത്.
മിന്നു :) എനിക്കിപ്പോഴും പേടിയാ. എന്തൊ ആവൊ.
അതുല്യേചി :) എനിക്കു പേടിക്കൊരു കൂട്ടായല്ലൊ.
വല്യമ്മായി :) എന്റെ വീടിന്റെ നാലുവശത്തും നടവഴിയാണ് ഇപ്പോഴും. അതിലെ ഇടക്ക് ചിലര്‍ സ്കൂട്ടര്‍ അല്ലെങ്കില്‍ ബൈക്ക് കൊണ്ട് പോകും. അപ്പോള്‍ ഉപ്പ അവരെ ചീത്തപറയാറുണ്ട്. ഇപ്പൊ ആരും ഇല്ല ചീത്ത പറയാന്‍.
പാര്‍വതി :) പാമ്പുകളെപറ്റി കൂടുതല്‍ ഗവേഷണത്തിനൊന്നും പോയിട്ടില്ല. പിന്നെ പാമ്പിനെ കണ്ടാല്‍ ഇതൊന്നും ഓര്‍മ്മയും വരില്ല. ഇഷ്ടപെട്ടതില്‍ സന്തോഷം.
-സുല്‍
എന്നാലും ആ ധൈര്യം ;) സക്രു ഒന്നടിച്ചപ്പോള്‍ പാവം പാമ്പിന്റെ തല നോക്കിയല്ലേ പാമ്പിനെ പേടിയുള്ള സുല്‍ ഒരു ചവിട്ട് കൊടുത്തത്. അഥവാ പാമ്പിന് സക്രുവിന്റെ ആദ്യത്തെ അടികൊണ്ട് ഒന്നും പറ്റിയില്ലായിരുന്നില്ലെങ്കില് തിരിച്ച് പമ്പിന്റെ തലയില്‍ ലാന്റു ചെയ്തപ്പോള്‍ കാണായിരുന്നു പാമ്പ് കാലില്‍ കയറി ചുറ്റുന്നത്.. ഹഹ..
സുല്ലേ..ഇവിടെയെത്താന്‍ കുറെ താമസിച്ചു.....എങ്കിലും മുഴുവന്‍ വായിച്ചു...
"ഇവന് വടികൊണ്ടുവരാന്‍ പോകുമ്പോള്‍ ഞാന്‍ എവിടെപോകും? പാമ്പ് എവിടെപോകും? പിന്നെ കൃത്യനിര്‍വ്വഹണത്തിനായി മൂന്നുപേരും എങ്ങനെ ഒത്തു കൂടും?. യാതൊരു പ്ലാന്നിങ്ങുമില്ലാതെ ഞാന്‍ വടികൊണ്ടുവരാം എന്നു പറഞ്ഞാലെങ്ങനെ?"
ഈ വരികള്‍ വളരെ വളരെ ഇഷ്ടപ്പെട്ടു.
തുള്ളീ തുള്ളീ മഴത്തുള്ളീ, ആ പറഞ്ഞത് നേര്. എന്റെ ഫാഗ്യം ല്ലെ.
ആബിദ് :) കാടന്‍ ചിന്തകളുടെ കൂട്ടത്തില്‍ കൂട്ടിക്കൊ ഈ ഒരു വരി ചിന്തയും. അപ്പൊ എല്ലാം പറഞ്ഞപോലെ. നന്ദി
-സുല്‍
സുല്ലേ,രണ്ടുഭാഗവും ഇന്നലെ വായിച്ചതാണ്.കമന്റിടാന്‍ നേരത്ത് കറന്റ് പോയി.
വിവരണം രസായി.
സുല്ലേ വൈകിവായിച്ചതില് സുല്ല്... ആദ്യഭാഗം വായിക്കുമ്പോഴെല്ലാം ആലോചിച്ചതാണ്: "എന്തിനേപ്പോ സുല്ലന്‍ ഇതിനിങ്ങനൊരു ശീര്‍ഷകം കൊടുത്തതെന്ന്? ഇപ്പഴല്ലേ സന്മിലായത്, "കാളിയമര്‍ദ്ധനം" എന്നല്ലാണ്ട് പിന്നെ വേറെയേതാ ഉചിതമായതുള്ളത്?
വിഷ്ണു :) ഇതാണ് ആത്മാര്‍ത്ഥത. കറന്റ് പോയിട്ടും പിന്നെയും ഇവിടെവന്ന് രണ്ടുവാക്കു കുറിക്കാന്‍ തോന്നിയല്ലോ. നന്ദി.
ഏറനാടാ :) ‘കോണ്ടി മര്‍ദ്ദനം’ എന്നാക്കാമെന്നു കരുതിയതാ. പിന്നെ വേണ്ടെന്നു വച്ചു. ഇഷ്ടപെട്ടല്ലോ അതു മതി. ഒരു പേരിലെന്തിരിക്കുന്നു എന്നല്ലെ. നന്ദി
-സുല്‍
എന്റെ ശബരിമല മുരുകാ, ഇത്രയും മണ്ടന്മാരായ പാമ്പുകളാണോ നിങ്ങളുടെ നാട്ടില്‍? അതോ ആത്മഹത്യ ചെയ്യാനിറങ്ങിയ പാമ്പായിരുന്നോ?
പക്ഷേ എനിക്ക് ക്ഷ പിടിച്ചു ട്ടോ!!!!!!!!!
പ്രമോദ്, സ്വാഗതം. മണ്ടന്മാരായ പാമ്പുകളാണോ എന്നറിയില്ല. പക്ഷെ സംഗതി 100% സത്യം സത്യമാണ്. നന്ദി.
-സുല്‍
ഇത് കലക്കി ട്ടോ..
അവസാന ഭാഗത്ത് ശരിക്കും ചിരിച്ചു...
‘അവളാണെങ്കിലോ കണ്ണു മഞ്ഞളിച്ച്, നമ്രശിരസ്കയായി, മണലില്‍ തലയും തല്ലി കിടക്കുന്നു‘ - ഹ ഹ ഹ കിടു......
അങ്ങനെ ബത്തേരിയനും ഈവഴി വന്നു. സ്വാഗതം. ചിരിച്ചല്ലോ. അതുകേട്ടാമതി. ഞാനും നമ്രമുഖനായി.
-സുല്‍
ആദ്യത്തെ പാമ്പ് ചരിതം വായിച്ചിട്ട്, ഈ രണ്ടാം ഭാഗം വന്നപ്പോള്‍ ഞാന്‍ കസേരയില്‍, നിലം തൊടാതെ ഇരുന്നു. പാമ്പിനോട് എനിക്കത്രേം സ്നേഹാ ;)
പാമ്പ് ചരിതം എനിക്കും എഴുതാന്‍ ഉണ്ട്. എന്നെങ്കിലും എഴുതാം. സ്വപ്നം ഒന്നും അല്ല.
സു അവസാനം ഇവിടെയെത്തിയല്ലെ. തേങ്ങാപെറുക്കിക്കൂട്ടാന് നടക്കുന്നതിനിടയില്‍ ഈ തേങ്ങാക്കാരനെ മറന്നു. ഞാന്‍ കരയണൊ വേണ്ടെ?.
എന്തായാലും 25ആം കമെന്റായി വന്നല്ലൊ. സന്തോഷായി. :)
-സുല്‍
സുല്ലേ, ഞാന്‍ വായിച്ച് പഠിച്ച് പരീക്ഷ എഴുതിയിട്ടേ കമന്റ് ഇടൂ. ആദ്യത്തേത് ആയാലും , അവസാനത്തേത് ആയാലും. :)
പരീക്ഷ എഴുതിയിട്ട് തേങ്ങയുടക്കല് ടീച്ചറിനുള്ളതും പിന്നെ തല്ലിതോല്പ്പിക്കല് കമെന്റ് രക്ഷിതാക്കളുടെം അല്ലെ സു. അതിലൊന്നും ഞാന്‍ കൈ കടത്തില്ല.
-സുല്‍
സുല്ന്റെ സ്വപ്നം കൊള്ളാംട്ടൊ..എനിക്കും ഏറ്റവും പേടിയും,അറപ്പും ഉള്ള ഒരു ജന്തുവാ സുല്ലിന്റെ ഈ കാളിയന്..ഇവിടെ ഈ സാധനം കോമണ്‍ അല്ലല്ലോ എന്നത് ഒരു ആശ്വാസം തന്നെയാണേ...
സുല്‍ ,സേവ് ചെയ്തൂ.സമയമെടുത്ത്
വായിച്ചോളാം
സോനാജി, കാളിയനെ ഇത്ര പേടിയൊ? എന്നാലും എന്റെ അത്ര വരില്ല :) നന്ദി.
സഹൃദയന് :) സേവ് ചെയ്തല്ലോ. വായിച്ചിരിക്കും എന്നു കരുതുന്നു. നന്ദി.
- സുല്‍
Post a Comment