Wednesday, October 11, 2006

ഭൂമിയിലെ സ്വര്‍ഗ്ഗം.

ബാല്യത്തിന്‍ വളപ്പൊട്ടുകള്‍ പെറുക്കിയെടുത്ത എന്‍ കളിമുറ്റം
മൂവാണ്ടന്‍ മാവില്‍ കണ്ണിമാങ്ങയെറിഞ്ഞും
പാ‍ഠപുസ്തകത്തില്‍ മയില്പീലി സൂക്ഷിച്ചും
കൊഴിഞ്ഞുപോയ ഓരൊ ദിവസവും.
അറിഞ്ഞില്ല ഞാനെന്‍ കാലത്തിന്‍ നെട്ടോട്ടത്തെ.
എല്ലാം ഓടിയകലുകയായിരുന്നു എന്നില്‍ നിന്നും.
എവിടെയോ പോയ് മറയുകയായിരുന്നു.
ഇന്നെ‌ന്റെ ചുണ്ടില്‍ മധുരിക്കും പാട്ടിനീണമില്ല
കൈകളില്‍ കുപ്പിവളയുടെ പൊട്ടിചിരിയില്ല
പുത്തനുടുപ്പിന്‍ മടുപ്പിക്കും മണമില്ല
കാലില്‍ പാദസ്വരത്തിന്‍ കൊഞ്ചലില്ല
സങ്കല്പ ഗോപുരങ്ങള്‍ താനെയുടഞ്ഞു
ജീവിത യഥാര്‍ത്ഥ്യങ്ങളിന്നെന്റെ സൌന്ദര്യം കവര്‍ന്നു
ഞാനും എന്റെ മണ്‍കുടിലും ഇന്നെനിക്കു സ്വന്തം.
സാന്ത്വനത്തിന്റെ തലോടലായ്
ഓര്‍മ്മയിലെ സുഗന്ധം പേറി
സങ്കല്പത്തിന്റെ വാതില്‍ ചാരി
ഞാനിന്നുമൊറ്റക്ക്
എന്നുമ്മറപ്പടിയില്‍...
ആരെയൊ കാത്ത്...
ഇതെന്റെ സ്വര്‍ഗ്ഗം....
ഭൂമിയിലെ സ്വര്‍ഗ്ഗം.

(എന്റെ കുഞ്ഞനുജത്തി ഷിബി എഴുതിയത്)

4 comments:

സുല്‍ |Sul said...

എന്റെ കുഞ്ഞനുജത്തി ഷിബി എഴുതിയത്. ബൂലോകത്തു പോസ്റ്റുന്നു.

(വല്യമ്മായി പറഞ്ഞതുകേട്ടില്ലെന്നു പറയരുതല്ലൊ)

ശാലിനി said...

“ഇന്നെ‌ന്റെ ചുണ്ടില്‍ മധുരിക്കും പാട്ടിനീണമില്ല
കൈകളില്‍ കുപ്പിവളയുടെ പൊട്ടിചിരിയില്ല
പുത്തനുടുപ്പിന്‍ മടുപ്പിക്കും മണമില്ല
കാലില്‍ പാദസ്വരത്തിന്‍ കൊഞ്ചലില്ല“

കുഞ്ഞനുജത്തിയോട് കവിത നന്നായി എന്നു പറയണം. പിന്നെ, ഇനിയും ധാരാളം എഴുതണമെന്നും.

സുല്‍ |Sul said...

ശാലിനി നന്ദി.
അവള്‍ ഷിബിയോടു പറയാം ഇനിയും എഴുതാന്‍. താ‍ങ്കള്‍ക്കു വീണ്ടും പ്രതീക്ഷിക്കാം...

സഹൃദയന്‍ said...

എന്റെ ബ്ലൊഗിലിട്ട സുല്‍ഫികറിന്റെ കമന്റാണ്‌ ഈ പോസ്റ്റ്‌ കാണിച്ചത്‌.

നന്ദി സുഹൃത്തെ.........