Monday, July 06, 2009

ഒരു ഏകാദശിയുടെ ഓര്‍മ്മക്ക്

“മാഷെ, റോബിണ്ടാ അവിടെ?”

“ഏത് റോബി?”

“ങെ... നമ്മട റോബ്യെന്നെ അല്ലാണ്ടാരാ?”

“അപ്പൊ നീയ്യൊന്നും അറിഞ്ഞില്ലേ… എല്ലാം വളരെ പെട്ടെന്നായിരുന്നു. നിന്നെ അറിയിക്കാന്‍ പറ്റീലായിരിക്കും”

“എന്തേ മാഷെ റോബിക്ക്?”

“അവന്‍ ചത്തട്ട് രണ്ടൂസം കഴിഞ്ഞൂല്ലൊ… നീയിപ്പഴാ അവനേം അന്വേഷിച്ച് വര്ണേ..”

രാജന്‍ മാഷുടെ സംസാരം കേട്ട് ഞെട്ടറ്റ മാങ്ങ പോലെ ഞാന്‍ കസേരയിലേക്ക് കുഴഞ്ഞിരുന്നു. എന്നാലും ഇതെങ്ങനെ സംഭവിച്ചു എന്നറിയാതെ, മാഷുടെ മുഖത്തേക്ക് നോക്കിയിരുന്നു. ആള്‍ എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഫീസ് ഡിഫോള്‍ട്ടേഴ്സിന്റെ പേരു വിവരങ്ങള്‍ രെജിസ്റ്റര്‍ എടുത്ത് വച്ച് നോക്കികൊണ്ടിരിക്കുകയാണ്.

“എന്നാലും മാഷെ എന്താ പറ്റിയെ? ഒന്നു പറ..” കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം ഞാന്‍ ചോദിച്ചു.

“അവനതിനുള്ളിലെവടേങ്ങലുമുണ്ടാവോടപ്പാ... നീ അങ്ങോട്ട് ചെല്ല്” ഇത്രെം പറഞ്ഞ് മാഷ് വീണ്ടും രെജിസ്റ്ററിലേക്ക് തിരിഞ്ഞു.

അയാള്‍ പറയുന്നത് ആദ്യമൊന്നും എനിക്കു മനസ്സിലായില്ലെങ്കിലും, പിന്നെ തിരിഞ്ച് പോച്ച് അത് കളിപ്പീരായിരുന്നെന്ന്. ഈ മനുഷ്യന്‍ ഇങ്ങനെയാണെന്നറിയാന്‍ പിന്നെയും കുറെ കാലമെടുത്തു. ആരെയെങ്കിലും അത്യാവശ്യമായി അന്വേഷിച്ചാല്‍ അയാളിപ്പൊത്തന്നെ ചത്തു പോയി... നീ അറിഞ്ഞില്ലേ എന്നേ ചോദിക്കു. കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്റെ ആദ്യ ദിവസങ്ങളായതിനാല്‍ എനിക്കതു മനസ്സിലായില്ലെന്നു മാത്രം.

*******

നമ്മളു ചുമ്മാതെന്തിനാ ഇവന്മാരുടെ മുഖോം കണ്ട് ഇവിടെ കഴിയണെ. പറമ്പിലെറങ്ങി കൈകോട്ടെടുത്തൊന്നു കെളച്ചാകിട്ടും നമ്മക്ക് ജീവിക്കാനുള്ളത്. (ഉം അവടെ കുഴിച്ചിട്ടിരിക്കുവല്ലേ എന്ന ചോദ്യം മാഫി). ഉള്ള നല്ല കാലം നാട്ടില്‍ ആര്ടേങ്ങലും വായേനോക്കി സായൂജ്യമടയാനുള്ള സുവര്‍ണ്ണകാലം ഇങ്ങനെ കളഞ്ഞ് കുളിച്ച്, ഈ അറബീടെ വായിരിക്കുനതെന്തിനാ കേള്‍ക്കുന്നത് മോനേ സുല്ലേ എന്ന് ഏതോ നായര്‍ക്കൊരുദിനം ഏതോ വെളിവാടുണ്ടായ പോലെ എനിക്കും ഒരു ബോധോദയമുണ്ടായപ്പോള്‍ ഉള്ളജോലീന്നൊരു അഞ്ച് വര്‍ഷത്തെ അവധി വാങ്ങി പ്രവാസം വെടിഞ്ഞ്, പ്രസവിക്കാന്‍ കഴിവുള്ള പെണ്ണിനെ തിരയാന്‍, ഞാന്‍ നാട്ടില്‍ വന്നിരിക്കുന്ന കാലം. ഓറക്കിള്‍ പഠിക്കണമെന്ന ആഗ്രഹവുമായി ചെന്നെത്തിയത് തൃപ്രയാറിലെ ഓറക്കിള്‍ പുലിയുടെ മടയില്‍... ബാക്കി നിങ്ങള്‍ വിചാരിച്ച പോലെ വായില്‍ മണ്ണൊന്നും വാരിയിട്ടല്ല തീര്‍ത്തതെന്നു മാത്രം.

“ചെക്കന്‍ ഗള്‍ഫീന്ന് വന്നതല്ലേ... അവനിനി ഒരു പെണ്ണു വേണ്ടെ?... “ഇപ്പൊ കല്യാണം നടത്തിയാല്‍ ഗള്‍ഫ്കാരന്‍ എന്ന ലേബലില്‍ പെണ്ണ് നോക്കാം...“, “ആ വീരാന്‍ വന്നു പറഞ്ഞ പെണ്ണ് അത്ര പോര.... “ ഇങ്ങനെ പല തരം ചര്‍ച്ചകള്‍ വീട്ടില്‍ നടക്കുന്നുണ്ടെങ്കിലും, ഒത്താല്‍ ഒന്നല്ല രണ്ടെണ്ണം കെട്ടാമെന്നുണ്ടെങ്കിലും നമ്മളിതിനൊന്നും വല്യ മൈന്റ് കൊടുത്തില്ല. പിന്നേ എനിക്കിപ്പോഴൊന്നും കെട്ടേണ്ട എന്നല്ല ജീവിതത്തീ കല്യാണമേ വേണ്ട എന്ന മട്ട്. വല്യ ഗുലുമാലാണെന്നെ. അതു മാത്രമോ ഒരു കല്യാണം നടക്കണമെങ്കില്‍ ഒരു ബ്രോക്കര് ഇസ് എ മസ്റ്റ്‍.. നാട്ടുനടപ്പനുസരിച്ച് പെണ്ണിന്റെ വീട്ടുകാര്‍ പെണ്ണിനെന്തെങ്കിലും ഗിഫ്റ്റ് കൊടുത്താല്‍ ഒരു പവന് 100 ഓ 150ഓ ബ്രോക്കറുടെ പോക്കറ്റിലേക്ക് വീഴണം അതാണ് ഇവന്മാരുടെ റേറ്റ്. ഈ പണം ബ്രോക്കര്‍ക്ക് നമ്മട കയ്യീന്നു കൊടുക്കണം. വല്ലവര്‍ക്കും വല്ലവരും സ്വര്‍ണ്ണം വാങ്ങി ഗിഫ്റ്റ് കൊടുക്കുന്നതിന് ഞാനെന്തിനു വേറൊരാള്‍ക്ക് പണംകൊടുക്കണം? എന്നെ കിട്ടൂല ഈ വക പരിപാടിക്ക്. ഞമ്മ അവിടുന്ന് തടി സലാമത്താക്കി വേറെ വഴി നോക്കി.

ഒരു പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചാലെന്താ എന്ന മാസ്റ്റര്‍ പ്ലാനില്‍ വിരിഞ്ഞ പദ്ധതിയനുസരിച്ച്, തൃപ്രയാര്‍ സെന്ററില്‍‍ സ്കാനിങ്ങ് നടത്തുമ്പോളാണ്, പച്ചക്കരയുള്ള വെള്ള പട്ടുപാവാടയിട്ട സുന്ദരി എന്റെ കണ്ണുകളെ കൊരുത്തെടുത്തത്. ആദ്യദര്‍ശനാനുരാഗ പരവശനായ എനിക്ക് നസീമയോട് തോന്നിയ എന്റെ നിസ്സീമമായ മുഹബ്ബത്താണ് അവള്‍ പഠിക്കുന്ന ഈ കമ്പ്യൂട്ടര്‍ കലാലയത്തില്‍ എന്നെ ഒറാക്കിള്‍ മോഹവുമായി കൊണ്ടെത്തിച്ചത്. കുറച്ചു പണം ഇന്‍സ്റ്റിറ്റ്യൂട്ട് കാര്‍ക്ക് കൊടുത്താലെന്താ... പഠിപ്പിന് പഠിപ്പ്... പെണ്ണിന് പെണ്ണ്... ബ്രോക്കറേജില്ലാത്ത കല്യാണവും. ഒത്താലൊത്ത് പോയാ ടേക്ക് ഇറ്റ് ഈസി പോളിസി.

*******

ക്ലാസ്സിലേക്ക് കടന്നു ചെന്നപ്പോള്‍ നടരാജനണ്ണനു ഫോട്ടോഷോപ് ക്ലാസ്സെടുക്കുകയാണ് റോബി. തൃപ്രയാറിലെ ഒരു ചിന്ന ബ്ലേഡ് മാഫിയ ആയ പാണ്ടി നടരാജണ്ണനു ഒരേ ഒരു മോഹം മാത്രം, തന്റെ വിവിധ ഭാവഗുണാദി പടങ്ങള്‍ തന്റെ ഉയിരിന്നുയിരും രത്തത്തിന്‍ രത്തവുമായ രജനിയണ്ണന്റെ പടത്തോടൊപ്പം ചേര്‍ത്തുവക്കുക എന്നത്. ആ മഹാഭാഗ്യം തിരക്കിയുള്ളയാത്രയിലാണ് ഫോട്ടോഷോപ് പഠിത്തം.

റോബി ഒരു ഫോട്ടോഷോപ് പുലിയാണ് ആ ഇന്‍സ്റ്റിട്യൂട്ടിലെ. നാട്ടിലെ പ്രധാന ചുള്ളന്മാരില്‍ ഒരാളാണ് റോബി. സാക്ഷാല്‍ പൃഥ്വിരാജ് മാറിനില്‍കണം റോബിയെ കണ്ടാല്‍. അവര്‍ തമ്മില്‍ കാണാതിരുന്നത് ഭാഗ്യം. ക്രിക്കറ്റാണ് ചുള്ളന്റെ ക്രേസ്. ആകെ മൊത്തം ഒരു ആക്റ്റീവ് ലുക്ക്, സ്മാര്‍ട്ട് ചുള്ളന്‍. ആകെയൊരു പ്രശ്നമെന്നു പറയാവുന്നത്, ഇഷ്ടന്റെ സ്ത്രീഅനുരുക്തതാ വിരക്തത എന്നു പറയുന്ന ചമ്മല്‍ മാത്രമാണ്. ഈ രോഗം പിടിപെട്ടതിനാല്‍, പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്നതും അവനൊരുതലവേദന തന്നെ.

നസീമയുമായുള്ള ഓണ്‍ഗോയിങ് കൊള്ളകൊടുക്കകള്‍ക്കിടയിലാണ്, എന്റെ ഈ അഭ്യാസം കണ്ട് റോബി എന്നെ അവന്റെ പ്രണയഗുരുവായി പ്രതിഷ്ടിച്ചത്. അവന്റെ ആവശ്യം സിമ്പിള്‍.. ഡി.സി.എ പഠിക്കുന്ന രഞ്ചിത. നസീമയുടെ കൂട്ടുകാരി... ഞാന്‍ ഒരേ സമയം ലൌഗുരുവും ചിറകുവച്ച ഹംസയുമായി മാറിയ അസുലഭ നിമിഷങ്ങള്‍.

എന്റെ മേല്‍നോട്ടത്തില്‍ നടന്ന പലവിധ ആകര്‍ഷണ, പ്രത്യാകര്‍ഷണ പരാക്രമങ്ങള്‍ക്കു ശേഷവും റോബിയോടടുക്കാതെ രഞ്ചിതയുടെ തന്റെ വഞ്ചി തിരുനക്കരതന്നെ കെട്ടിയിട്ടു. ഇതിനിടയിലാണ് തൃപ്രയാറേകാശിയുടെ വരവ്.

ഏകാശീന്നു പറഞ്ഞാ പിന്നെ തൃപ്രയാറ്കാര്‍ക്ക് അന്നുമുതല്‍ ശിവരാത്രികളാണ്. കൊടിതോരണങ്ങള്‍ തൂക്കി... വീടും റോഡും കടകളും പരിസരവും എല്ലാം അലങ്കരിച്ച് അങ്ങനെ... ഓറഞ്ച്, പൊരി, മദ്രസേവ്, ഈത്തപ്പഴം, ഉഴുന്നട, കരിമ്പ് ഇത്യാദികളുടെ കൊച്ചു കൊച്ചു കടകള്‍ കൊണ്ട് പാതയോരം നിറയും. വള ചാന്ത് പൊട്ട്, ബലൂണ്‍, കളിപ്പാട്ടങ്ങള്‍ അങ്ങനെ ഏറെ കടകള്‍.

“നീയാ രഞ്ചിക്കൊന്നും ചെലവു ചെയ്തില്ലേ ഏകാശ്യായിറ്റ്?” വളക്കടയില്‍ വളകള്‍ പരതിയിരുന്ന മഞ്ഞക്കിളിയില്‍ ഒളികണ്ണിട്ടിരുന്ന റോബി, പെട്ടെന്നെന്നെ തിരിഞ്ഞു നോക്കി.


“വാ‍ങ്ങാന്‍ ഞാന്‍ വാങ്ങാം. എന്തു കൊടുക്കും എങ്ങനെ കൊടുക്കും.” റോബി ഇനി അതു തന്നെയായിരുന്നൊ ചിന്തിച്ചിരുന്നെന്ന് ശങ്കിച്ചു പോയി ഞാന്‍.

“എന്തു കൊടുക്കാനാ ഉദ്ദേശം?” ഞാന്‍ ആരാഞ്ഞു.

“അതാ നോക്കുന്നേ.. വളേ മാലേ എന്തേലും.”

“വളേം മാലേമല്ല രണ്ട് ബലൂണും വാങ്ങിച്ചൊ.. അതിന്റെം കൊറവുണ്ടവള്‍ക്ക്... എടാ നീ ഇതെല്ലാം വാങ്ങി ചെല്ലുമ്പോള്‍ അത് നിന്റെ കയ്യീന്നു വാങ്ങണോന്ന് അവള്‍ക്കും തോന്നണ്ടേ..”

“അങ്ങനെ ഇപ്പൊ എന്താ ചെയ്യാ..”

“അതിനെല്ലാം വഴിയുണ്ട് നീ വാ...”

പ്ലാനനുസരിച്ച് വലിയ രണ്ടു കിറ്റു നിറയെ പൊരിയും ഉഴ്ന്നടെം മധുരസേവുമായി റോബി വന്നു ക്ലാസ്സിലേക്ക്. ഞാന്‍ അത് നസീമ വഴി രഞ്ചിതയിലേക്ക് കൈമാറി... റോബിയുടെ ഏകാശീ സമ്മാനം കണ്ട് ക്ലാസിലെ മൊത്തം പേരും ചിരിച്ചെങ്കിലും... ആ ചിരിയില്‍ രഞ്ചിത പങ്കു ചേര്‍ന്നായിരുന്നു റോബിയുടെ റൂട്ട് ക്ലിയര്‍ ആക്കിയത്. എന്റെ പ്ലാനിന്റെ സമ്പൂര്‍ണ്ണവിജയം.

*******

പ്രേമം മുറുകിയപ്പോള്‍ ഞാന്‍ പറഞ്ഞു നീ ഇനി കല്യാണക്കാര്യം നോക്കിക്കൊ. അങ്ങനെയാണ് രഞ്ചിതയുടെ വീട് കാണാനുള്ള മോഹമുദിക്കുന്നത് റോബിക്ക്. എനിക്ക് കൂടെ പോകാന്‍ കഴിയാഞ്ഞതിനാല്‍ നടരാജനണ്ണനെയാണ് കക്ഷി കൂടെ കൂട്ടിയത്. വലപ്പാട് ബീച്ചിലെ ചിത്ര തിയേറ്ററിനു വടക്കു മാറിയാണ് രഞ്ചിയുടെ വീടെന്നറിയാം. രണ്ടു പേരും കൂടെ അവിടെ ചെന്ന് ബൈക്ക് നിറുത്തി. അവിടെ കടയുടെ മുന്നില്‍ നിന്നിരുന്ന ഒരാളെ വിളിച്ച് നടരാജണ്ണന്‍ ചോദിച്ചു.

“അണ്ണാ, ഇന്ത ഗോപാലനായര്‍ വീടെങ്കെ?”

“ഏത് ഗോപാലന്നായര്? ഇവ്ടെമൂന്നാള്ണ്ട് ഗോപാലന്നായര്”

“എന്നാ ഗോപാലന്‍... ഇന്ത... ഇന്ത... കോവില്‍ സാപ്പിട്ട ഗോപാലന്നായര്‍ താന്‍” മറന്നുപോയ മലയാളം വാക്കിന്റെ തമിഴ് വെര്‍ഷന്‍ പുറത്തെടുത്തു കാച്ചിയതായിരുന്നു അണ്ണാച്ചി. ഈ ചോദ്യം കേട്ടപടി റോബി ബൈക്കൊന്ന് റൈസ് ചെയ്തു പിടിച്ചു. ഇനി ഇത് ചോദിച്ചത് ശരിക്കുള്ള ഗോപാലന്‍ നായരോടാണെന്നറിയില്ലല്ലൊ.

“കോവില്‍ സാപ്പിട്ട ഗോപാലനാ... അങ്ങനെ ഒരാളില്ലല്ലൊ ഇവിടെ”

“അതു താന്‍... കോവില്‍... കോവില്‍... എന്നാ അമ്പലമാ സാപ്പിട്ടേ...” തമിഴിനെ മലയാളീകരിച്ചുകൊണ്ട് അണ്ണന്‍ വീണ്ടും ശൊല്ലിയാച്ച്.

“അമ്പലമാ... അങ്ങനെ പറ... അമ്പലം വിഴുങ്ങി ഗോപാലന്‍ നായര്‍... “ ഇത്രയും പറഞ്ഞ് ഇദ്ദേഹം നേരെ കടയിലേക്ക് തിരിഞ്ഞു ഉറക്കേ വിളിച്ച് പറഞ്ഞു “ദേ ഗോപാലന്നായരേ... നിങ്ങളെ കാണാന്‍ രണ്ടാള്‍ക്കാര്‍ വന്നിരിക്കുന്നു” ഇത്രയും കേട്ടതും കടയില്‍ നിന്നൊരു ശുഭ്രവസ്ത്രധാരി എഴുന്നേറ്റതും ഒരുമ്മിച്ചായിരുന്നു. ഒന്നിനു വന്നവന്‍ രണ്ടും കഴിഞ്ഞു പോണോ അല്ലേല്‍ ഒന്നും കഴിക്കാതെ പോണോ?

ആകെ കന്‍ഫ്യൂസ് ആയ റോബി ബൈക്ക് റൈസ് ചെയ്തതും മുന്നോട്ടെടുത്തതും ഒരുമിച്ചായിരുന്നു. ഈ നീക്കം മുന്നേക്കാണാതിരുന്ന നടരാജണ്ണന്‍ റോഡില്‍ നടൂം തല്ലി നിലത്ത് വീണ് ആധികാരികമായി ശവാസനം നടത്തുന്നതാണ് കുറച്ചു പോയി തിരിഞ്ഞു നോക്കിയ റോബി കാണുന്നത്. പെട്ടെന്ന് തിരിച്ചു വന്ന് അമ്പലം വിഴുങ്ങി എത്തുന്നതിനു മുന്നേ മണ്ണുവിഴുങ്ങാ‍നനുവദിക്കാതെ നടരാജനെ ബൈക്കിലേറ്റി തിരിച്ചു പോന്നു. കണ്ടുനിന്നവര്‍ കഥയറിയാതെ താളിയൊടിക്കാന്‍ പറ്റാതെ ആട്ടം മാത്രം കണ്ടു എന്നു പറയുന്നതാവും ശരി.

ഫൈലിയര്‍ മിഷന്‍ ഞാനും റോബിയും മറ്റൊരു ദിവസം പോയി കമ്പ്ലീറ്റ് ചെയ്തു. അതെ തുടര്‍ന്ന് ഇരുവരുടേയും കുടുമ്പങ്ങള്‍ തമ്മിലാലോചിച്ച് കല്യാണാനുമതിയും വാങ്ങി പ്രണയത്തിന്റെ പുതിയ തീരങ്ങള്‍ തേടുകയാണ് റോബിയും രഞ്ചുവും.

*******

അന്ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്ന എന്നെ കാത്തിരുന്നത് പുഷ്പന്റെ പകച്ച മുഖമാണ്.

“ഡാ നീ ഇങ്ങു വന്നേ... ഒരു കാര്യോണ്ട്... “

“ഉം.. എന്ത് പറ്റി ഗഡീ ഇന്ന്.. ആകെ വെളറീറ്റ്ണ്ടല്ലാ..“

“അതല്ലടാ രാജനാ എന്നെ ഇത് വിളിച്ചു പറഞ്ഞത്... അതു കൊണ്ട് വിശ്വസിക്കാനും വയ്യ... നീ വന്നെ.“ എന്റെ കയ്യും പിടിച്ച് പുഷ്പന്‍ പുറത്തേക്ക് നടന്നു. “സന്തോഷിനെ വിളിച്ചിട്ട് എടുക്കുന്നുമില്ല.”

“അല്ല എന്താ കാര്യം.. നീ കാര്യം പറ”

“ഡാ രാജന്‍ വിളിച്ചു പറഞ്ഞു നമ്മുടെ റോബി കുഴഞ്ഞ് വീണ് മരിച്ചൂന്ന്... എനിക്കങ്ങ്ട് വിശ്വാസാവ്ണില്ല” ഇപ്പറയുന്നത് കേട്ടപ്പോള്‍ ഞാനും വിശ്വസിച്ചില്ല.

“മരിക്കേ... എങ്ങനെ?”

“അവന്‍ അവടെ ഗ്രൌണ്ടില്‍ എക്സൈസ് ചെയ്യുകയായിരുന്നു ഇന്ന് കാലത്ത്... പെട്ടന്ന് അവിടെ കുഴഞ്ഞു വീണു... ഹോസ്പിറ്റലില്‍ എത്തുന്നതിനു മുന്‍പ് മരിച്ചെന്നാ പറയുന്നത്” റോഡിലെത്തി ഓട്ടൊയില്‍ കയറി റോബിയുടെ വീടിന്റെ സ്ഥലം പറഞ്ഞു.

“ഞാനിപ്പോഴും ഇതു വിശ്വസിച്ചിട്ടില്ല. എന്നാലും റോബിയുടെ വീട് വരെ പോയിനോക്കാം. അവരുടെ വീട്ടില്‍ വിളിച്ച് ചോദിക്കാനും പറ്റില്ലല്ലൊ” ഓട്ടൊയില്‍ ഇരുന്ന് അവരുടെ വീടെത്തുന്നവരെ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു പുഷ്പന്‍.

ഓട്ടോയിറങ്ങി അവരുടെ വീട്ടിലേക്ക് നടക്കുന്ന ഇടവഴിയെത്തിയപ്പോഴേക്കും ഞങ്ങള്‍ക്കും ആ സത്യം വിശ്വസിക്കേണ്ടി വന്നു. വഴിയരികില്‍ ഒറ്റക്കും കൂട്ടം കൂടിയും നില്‍കുന്നവരും വര്‍ത്താനം പറയുന്നവരും... കുറച്ചുകൂടി അങ്ങോട്ടു മാറി ഒരു മരത്തില്‍ ചാരിനിന്നിരുന്ന സന്തോഷിന്റെ വിങ്ങിപ്പൊട്ടല്‍ ഞങ്ങളെ കണ്ടതോടെ പൊട്ടിക്കരച്ചിലായി മാറി. അവനോടൊപ്പം പുഷ്പനും കൂടിയപ്പോള്‍...

മനസ്സില്‍ എന്തോ ഒരു വലിയ ശൂന്യത കൂടുകൂട്ടിയിരിക്കുന്നു... ഞാന്‍ ഒന്നുമല്ലാതായതു പോലൊരു തോന്നല്‍... ഒരു പാടു കാര്യങ്ങള്‍ ചോദിക്കാനും പറയാനുമുണ്ടായിരുന്നു. ഇനി ഞാന്‍ അതെല്ലാം ആരോട്... എങ്ങനെ? അങ്ങുമാറി വീടിനടുത്തായി രഞ്ചിതയേയും കണ്ടപ്പോള്‍... എന്തു ചെയ്യണമെന്നറിയാതെ... അവിടെ തന്നെ നിശ്ചലനായി ഞാന്‍.


... തുഷാരത്തില്‍...

18 comments:

സുല്‍ |Sul said...

"ഒരു ഏകാദശിയുടെ ഓര്‍മ്മക്ക്"

ഒരു ഓര്‍മ്മക്കഥ. ഏറെ കാലങ്ങള്‍ക്കു ശേഷം ഒരു കുറിപ്പ്.

-സുല്‍

ശ്രീ said...

എന്താ പറയുക? വിധി ചിലപ്പോള്‍ അപ്രതീക്ഷിതമായതൊക്കെയാകും നമുക്കായി കരുതി വയ്ക്കുക...

siva // ശിവ said...

ഇതൊക്കെ ഓര്‍ക്കാല്‍ കഴിയുക എന്നതു തന്നെ മഹത്തരം...

Sapna Anu B.George said...

ജീവിതം അപ്രതീക്ഷിതമാണ്, പിന്നെ വിധിയുടെ കാര്യം പറയാനുണ്ടോ???

അരുണ്‍ കരിമുട്ടം said...

ആദ്യം മാഷിന്‍റെ വാചകം കേട്ട് ഞാനും ഞെട്ടി.പിന്നെ ചിരിച്ചു പോയി.പക്ഷേ തുഷാരത്തില്‍ പോയി വായിച്ചപ്പോള്‍ വിഷമിച്ചു.മാഷ് പറഞ്ഞത് അറം പറ്റിയത് പോലെ

ഏറനാടന്‍ said...

ഓര്‍മ്മകള്‍ കയ്പേറിയവ ആണെങ്കിലും ഓര്‍ക്കുക എന്നത് മഹത്തരമാണ്‌..

സുല്ലേ കൊള്ളാം വായനാസുഖം അനുഭവപ്പെട്ടു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ആ അവസാനം ചേര്‍ത്ത രണ്ട് വരി കോപ്പീറൈറ്റുള്ള കവിത എന്തിനായിരുന്നു? അത് മാത്രം ചേരുന്നില്ല...

സമാന്തരന്‍ said...

ഓർമ്മകളുടെ ചൂരും പിടിച്ച് ഇങ്ങനെ നടക്ക്....
അരവിന്ദൻ മാഷാണോ ആ കൊല്ലുന്ന കക്ഷി..?

Unknown said...

അവസാനം ആ തൃപ്പറയാറുകാരുടെ ഏകാദശിയെകുറിച്ചുള്ള വിവരണങ്ങളാണ് ഏറെ
രസിച്ചത്.കയ്പ്പുള്ള ഓർമ്മകൾ ആണ് പിന്നെ ജീവിതത്തെ മാറ്റി തീർക്കുക

Kaithamullu said...

സുല്ലേ,
എന്നെക്കൊണ്ട് രണ്ട് വട്ടം വാ‍യിപ്പിച്ചു,ല്ലേ?
- ഒന്ന് മുഴോനോടെ,പിന്നെ മുക്കാലും!

വിചാരം said...

ഒരു വട്ടം ഒന്നോടിച്ചു... വിശദമായാ വായനയ്ക്ക് ശേഷം വീണ്ടും വരാം...

Lathika subhash said...

ഈ ഓർമ്മ നൊമ്പരമുണ്ടാക്കി.

Sureshkumar Punjhayil said...

Angine enthellam....!

Manoharam... Ashamsakal...!!!

Sathees Makkoth | Asha Revamma said...

തമാശരൂപേണ പറഞ്ഞ് അവസാനം...
വിധി എന്ന് പറഞ്ഞാശ്വസിക്കാം.

Mohamedkutty മുഹമ്മദുകുട്ടി said...

കുറച്ചു പണം ഇന്‍സ്റ്റിറ്റ്യൂട്ട് കാര്‍ക്ക് കൊടുത്താലെന്താ... പഠിപ്പിന് പഠിപ്പ്... പെണ്ണിന് പെണ്ണ്... ബ്രോക്കറേജില്ലാത്ത കല്യാണവും. ഒത്താലൊത്ത് പോയാ ടേക്ക് ഇറ്റ് ഈസി പോളിസി. (ഇതാദ്യം എടുത്തു വെച്ച പോയിന്റ്...) എന്നാല്‍ വായിച്ച് ഒടുവിലെത്തിയപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ജീവിതത്തിന്റെ പച്ചയായ ചിത്രീകരണം.

Sulfikar Manalvayal said...

കുറെ ദിവസമായി ഈ വഴിക്ക് വന്നിട്ട്.
ഓര്‍മകള്‍ അതല്ലേ നമ്മെ എന്നും മുന്നോട്ടു നയിക്കുന്നത്.
മനസിനെ നൊമ്പരപ്പെടുത്തി.
കുറെ തമാശകള്‍ക്കൊടുവില്‍ ഇങ്ങിനെ ഒരു ദുരന്തം.
വായിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇതു പോലൊരനുഭവം എന്റെ കൂട്ടുകാരനും സംഭവിച്ചിരുന്നു...സെറാഫിക്കില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി...വീടന്വേഷിച്ചു ചെന്നത് അവളുടെ അച്ഛന്റെ കടയിലും...
സുല്ലേ...യാദ്രിശ്ചികമാവാം.എന്റെയീ കൂട്ടുകാരന്‍ തൃപ്രയാര്‍ പാലത്തിന്റെ അവിടെ വെച്ച് ഒരു അപകടത്തില്‍ മരിച്ചു...
എല്ലാ ഏകാദശിക്കും ഞങ്ങള്‍ ഈ കൂട്ടുകാരന്റെ വീട്ടിലാ ഒത്തു കൂടാറുണ്ടായിരുന്നത്...

സുധി അറയ്ക്കൽ said...

അവസാനം വിഷമിപ്പിച്ചല്ലോ!!!