Wednesday, January 31, 2007

ഒരു ആക്രാന്ത ചിരി


പാച്ചുവിന്റെ ചമ്മിയ ചിരികണ്ടല്ലോ എല്ലാരും അഗ്രജന്റെ ചുറ്റുവട്ടത്തില്‍. ഇനി അഗ്രജന് പായസം കിട്ടിയപ്പോഴുള്ള ആക്രാന്ത ചിരി കണ്ടോളു.

Monday, January 15, 2007

ഇഡിയറ്റിന്റെ നാനാര്‍ത്ഥങ്ങള്‍

ജബ്ബാര്‍, കാണാന്‍ കൊള്ളാവുന്ന സുന്ദരകുട്ടപ്പനും സല്‍സ്വഭാവിയും ഞങ്ങളുടെ ഇടയിലെ പഠിപ്പിസ്റ്റുമാണ്‌. ഒരു പഴയകാല ഹാജ്യാരുടെ മകനായ ഇദ്ദേഹം ഇതുപോലെ ആയില്ലെങ്കിലെ അല്‍ഭുതമുള്ളൂ.

ജംബു എന്നു ഞങ്ങള്‍ വിളിക്കുന്ന ജബ്ബാര്‍ രസതന്ത്രത്തില്‍ ബിരുദമെടുക്കാന്‍ അരയും തലയും മുറുക്കിയിറങ്ങീറ്റിത്‌ മൂന്നാം കൊല്ലം. ഇത്തരുണത്തിലാണ്‌ അയല്വീട്ടിലെ സെയ്തുക്കാന്റെ മോള്‌ ഷംല, ഗല്ഫിലെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ പാസ്സായി, ഗള്‍ഫിലെ പഠിപ്പിനേക്കാള്‍ ഉത്തമം നാട്ടിലെ പഠിപ്പാണെന്ന തിരിച്ചറിവില്‍ നാട്ടില്‍ വരികയും പ്രീ-ഡിഗ്രീ പഠിക്കാന്‍ എസ്‌ എന്‍ നാട്ടികയില്‍ അഡ്മിറ്റാവുകയും ചെയ്തത്‌.

കൈനിറയെ പണമുള്ള സെയ്തുക്ക മോള്‍ക്ക്‌ വേണ്ടി സെക്കന്റ്‌ ഗ്രൂപ്‌ തന്നെ വാങ്ങിക്കൊടുത്തു. രസതന്ത്രത്തിനു രസം പോരാതെയും ഊര്‍ജ്ജതന്ത്രത്തില്‍ തന്റെ തന്ത്രങ്ങളൊന്നും ഫലിക്കതെയും വന്നപ്പോള്‍, ട്യൂഷ്യന്‍ വേണമെന്ന നിര്‍ബന്ധത്തിനു വഴങ്ങി, സെയ്തുക്ക ട്യൂഷ്യനൊരാളെ കണ്ടു പിടിച്ചു. തന്റെ സോള്‍ ഗഡിയായ പരീതാജിന്റെ മോന്‍ ജബ്ബാര്‍. അങ്ങനെയാണ്‌ ഷംല, ജബ്ബാറിന്റെ വീട്ടിലെത്തുന്നത്‌.

എല്ലാകാര്യത്തിലും ഡീസന്റ്‌ ആയ ജബ്ബാര്‍, പെങ്കുട്ടികളുടെ കാര്യത്തില്‍ എക്സ്റ്റ്രാ ഡീസന്റ്‌ ആയിരുന്നു. തന്റെ ശിഷ്യയെ കയ്യില്‍ കിട്ടുന്ന അല്‍പസമയത്തിനുള്ളില്‍ അധികം അറിവ്‌ പകര്‍ന്നു നല്‍കാനുള്ള ത്വര, ശിഷ്യയുടെ കയ്യിലിരിപ്പിന്റെ ഫലമായി നടക്കാതെ പോകാറാണ്‌ പതിവ്‌. പുസ്തകവും തുറന്നു പിടിച്ച്‌ തന്റെ മുഖത്തേക്ക്‌ കണ്ണിമക്കാതെ നോക്കിയിരിക്കുന്ന ശിഷ്യയെ നേരിടാനാവാതെ, ജംബു സദാസമയം പുസ്തകത്തില്‍ തന്നെ നോക്കിയിരുന്നു.

ദിനം പോകെപ്പോകെ കസേരകള്‍ തമ്മിലുള്ള അകലം ക്രമാതീതമായി കുറഞ്ഞു വരുന്നതറിഞ്ഞ്‌ ജബ്ബാറിനാധിയായി. അടുത്തുകൊണ്ടിരിക്കുന്ന അപകടത്തെ മണത്തറിഞ്ഞ ജബ്ബാര്‍ ഒഴിഞ്ഞ കോണുകളിലേക്ക്‌ തന്റെ കസേര മാറ്റിക്കൊണ്ടേയിരുന്നു.

ഈ കസേരകളി മടുത്തപ്പോള്‍, ജബ്ബാര്‍ ചെയ്യുന്ന കാല്‍ക്കുലേഷന്‍സ്‌ കാണാനെന്നമട്ടില്‍ കരതല സ്പര്‍ശനങ്ങളുടെ പുതിയ അദ്ധ്യായം തുറന്നു ശിഷ്യ. കാര്യമിത്രത്തോളമായപ്പോള്‍, തന്റെ മേശവലിച്ച്‌ മുറിയുടെ നടുവിലിട്ട്‌, ശിഷ്യയെപ്പിടിച്ച്‌ മേശയുടെ അപ്പുറത്തു പ്രതിഷ്ഠിച്ചു ജബ്ബാര്‍. ശിഷ്യക്കിത്‌ ഒരസുലഭാവസരമായിരുന്നെന്നു ജബ്ബാറിനി അറിയാനിരിക്കുന്നേയുള്ളൂ. അപ്പുറത്തിരിക്കുന്ന ശിഷ്യയുടെ കാലുകള്‍ തന്റെ കാലില്‍ ചിത്രം വരഞ്ഞ്‌ തുടങ്ങിയത്‌ ജബ്ബാറിന്റെ എല്ലാ കണ്ട്രോളും ഭേദിച്ചു. അവന്‍ ശിഷ്യയോടല്‍പം ചൂടായിതന്നെ ചോതിച്ചു.

"താനെന്തിനാ ഇങ്ങോട്ട്‌ വരുന്നത്‌. പഠിക്കാനോ പഠിപ്പിക്കാനൊ? അവിടെ ഒരു ഭാഗത്തിരുന്നാല്‍ മതി. ഇങ്ങടുത്ത്‌ വരേണ്ട."

ഇതു കേട്ടതും ചാടിയെഴുന്നേറ്റ ശിഷ്യ, തന്റെ ഗുരുവിനെ ക്രൂദ്ധമായൊന്നു നോക്കി, മേശയില്‍ വച്ചിരുന്ന പുസ്തകമെല്ലാം എടുത്തടക്കിപ്പിടിച്ച്‌, ഗുരുവിനു മറുപടി കൊടുത്തു.

“ഇടിയറ്റ്‌“ വാതില്‍ വലിച്ചടച്ച്‌ അവള്‍ സ്വന്തം വീട്ടിലേക്ക്‌ തിരിച്ചു.

(അവളെന്തിനാ എന്നെ ഇടിയേറ്റ്ന്ന് വിളിച്ചതെന്ന് ജബ്ബാര്‍ ഞങ്ങളോട്‌ ചോദിച്ചപ്പോഴാണ്‌ കഥമുഴുവനായി അറിയുന്നത്‌.)

Tuesday, January 09, 2007

കുടമ്പുളി (ആകാശവാണ്യേച്ചി 2)

ജമീലത്താടെ വീടെന്നു പറഞ്ഞാല്‍ ഏതാണ്ട്‌ ആ നാട്ടാര്‍ക്കെല്ലാം ഒരു തറവാടുപോലെയാണ്‌. ആര്‍ക്കും എപ്പൊവേണേലും കയറിചെല്ലാവുന്ന ഒരു വീട്‌. ആതുരസേവന രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്നതിനാലായിരിക്കണം, വെള്ളുടുപ്പിട്ട മാലാഖയുടെ സ്നേഹം എന്നും മനസ്സില്‍ സൂക്ഷിച്ചിരുന്നു ജമീലത്ത. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളു ജമീലത്തയെ. ജമീലത്തക്ക്‌ നാലുമക്കള്‍. രണ്ട്‌ ആണും രണ്ട്‌ പെണ്ണും. അകാലത്തില്‍ വൈധവ്യം അവരെത്തേടിയെത്തിയെങ്കിലും മക്കളെയെല്ലാം നല്ലനിലയില്‍തന്നെ ഒരു കരപറ്റിച്ചു അവര്‍.

പണ്ടു പണ്ട്‌ ദൂരദര്‍ശനില്‍ ഡല്‍ഹി ഹിന്ദി മാത്രം കിട്ടിയിരുന്ന കാലത്തേ അവിടെയുണ്ടായിരുന്നൊരു ടിവി. അതിനുമുപില്‍ കുത്തിയിരിപ്പാണ്‌ അവിടെ വരുന്ന നാട്ടുകാരുടെ പ്രധാന വിനോദം. കൂടെ ജമീലത്ത കൊടുക്കുന്ന ചായയും, മിഠായികളും ഉണ്ടെങ്കില്‍ പിന്നെ വിനോദത്തിന്‌ വേറെന്തു വേണം? വിനോദവും വിജ്ഞാനവും കാര്‍ഷികപാഠവും കണ്ടു നേരം കളഞ്ഞു നാട്ടുകാര്‍. വീനമ്മയും ജമീലത്തയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകയാണ്‌. കുശലം പറഞ്ഞും ചായകുടിച്ചും നേരം കളയാന്‍ നല്ല ഒരു ഇടത്താവളമാണ്‌ വീനമ്മക്കിത്‌.

ഒരുദിവസം കാലത്തെ മുറ്റത്തിറങ്ങിയ ജമീലത്ത കണ്ടത്‌, വയലിലേക്ക്‌ ചരിഞ്ഞു നില്‍ക്കുന്ന കുടപ്പുളിമരത്തില്‍ നിന്നു വീണ കുടപ്പുളികള്‍ തന്റെ കുട്ടയില്‍ ശേഖരിക്കുന്ന വീനമ്മയെയാണ്‌. ജമീലത്ത അപ്പോള്‍ ഒന്നും പറഞ്ഞില്ല. അടുത്ത ദിവസവും ഇതേ കാഴ്ചകണ്ടപ്പോള്‍ ജമീലത്ത തന്റെ ഇളയമകനായ സലിംക്കാനെ വിളിച്ചു.

'സല്‍മുട്ടാ, ദേ അത്‌ നോക്യേ. ആ വീനമ്മ നമ്മടെ പുളിയൊക്കെ പറക്കിക്കൊണ്ടു പോകുന്നു. ഇന്നലേം എടുക്കുന്ന കണ്ടു. വെറുതെനടക്കുന്ന നേരം നിനക്കിതൊക്കെയൊന്നു ചോദിച്ചൂടെ'.

പീയര്‍ലെസ്സ്‌ ഏജെന്റായി നടന്ന് പീയര്‍ലെസ്സ്‌ പൂട്ടിയപ്പോള്‍ ഗീയര്‍ലെസ്സായി സ്കൂട്ടടിച്ച്‌, നാട്ടുകാരുടെ നാക്കിലുള്ളതു കേള്‍ക്കാന്‍ ഉള്‍ക്കാമ്പില്ലാതെ, ഉള്‍വലിഞ്ഞ്‌ വീട്ടില്‍ തന്നെ കൂടിയിരിക്കുകയാണ്‌ ചുള്ളന്‍. ഉമ്മപറഞ്ഞതു കേട്ടതും സലിംക്ക ഉഷാറായി. എന്നാ ഒന്നു ചോദിച്ചിട്ടു തന്നെ കര്യൊം. അത്രക്കായൊ ആകാശവാണി.

ഞങ്ങളുടെ പുളിമരത്തില്‍ കായ്ക്കുന്ന ഞങ്ങളുടെ പുളി, ഞങ്ങള്‍ വാങ്ങുന്ന മീനിനോടൊപ്പം ഞങ്ങളുടെ കലത്തില്‍ കിടന്ന് ഞങ്ങള്‍ക്ക്‌ കൂട്ടാനുള്ളൊരു കൂട്ടാനിന്റെ കൂട്ടാവേണ്ടതല്ലേ എന്ന അഹം കേറി സല്‍മുട്ടന്‍ മുറ്റത്തേക്കിറങ്ങി.

'ഞാനൊന്ന് ചോദിക്കട്ടെ' എന്നും പറഞ്ഞ്‌ വയല്‍കരയിലേക്ക്‌ നടന്നു. അവിടെയെത്തിയപ്പോള്‍ വീനമ്മ പുളിപറക്കലും കഴിഞ്ഞ്‌ തിരിച്ച്‌ വീട്ടിലേക്കുള്ള വഴിയിലെത്തി.

'വീനമ്മേ നിന്നെ ഒരുകാര്യം ചോദിക്കട്ടെ'

'പറ മോനെ'

'വീനമ്മ ഇന്നലെ ഇവിടന്ന് പുളിപെറുക്കീല്ലെ?'

'ങാ പറക്കി'

'ഇന്നും പുളിപറക്കീലെ?'

'ങാ ഇന്നും പറക്കി'

'ഇനി നാളെം പറക്കൊ?'

'പിന്നല്ലാണ്ട്‌? ഞാന്‍ നാളെം പറക്കും'

'എന്നാ ശരി വീനമ്മ പൊയ്ക്കൊ'.

ഉമ്മപറഞ്ഞത്‌ അക്ഷരംപ്രതി അനുസരിച്ച ദിവ്യാനുഭൂതിയോടെ സലിംക്ക തിരിച്ചു നടന്നു, വീനമ്മ വീനമ്മേടെ വീട്ടിലേക്കും.

Sunday, January 07, 2007

അരക്കൊല്ല പരീക്ഷ

അരക്കൊല്ല പരീക്ഷ കഴിഞ്ഞു, കൃസ്തുമസ്‌ അവധിയും കഴിഞ്ഞു. സ്കൂളുകള്‍ അവധിയുടെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റു. ഇനിയിപ്പൊ പരീക്ഷാ ഉത്തരകടലാസുകളുടെ കാലം. മാര്‍ക്കുകള്‍ കൂട്ടുകയും കുറക്കുകയും ചെയ്യുന്ന നേരം. റാങ്കുകള്‍ മാറി മറിഞ്ഞു വരും (ഗ്രേഡിംഗ്‌ സിസ്റ്റം നിലവിലില്ലാത്ത പഴയ കാലം).

ഓരൊരുത്തരും കയ്യില്‍ കിട്ടിയ ഉത്തരക്കടലാസിലെ മാര്‍ക്കുകള്‍ കൂട്ടി നോക്കി, മാഷ്‌ കൂട്ടിയെഴുതിയത്‌ ശരിയാണൊ എന്നു തിരയുന്നു. മാഷ്‌ മാര്‍ക്കുകള്‍ കൂട്ടുമ്പോള്‍ വിട്ടുപോയ കാല്‍ മാര്‍ക്കുകള്‍ക്കും അര മാര്‍ക്കുകള്‍ക്കുമായി കുട്ടികള്‍ കിട്ടുണ്ണിമാഷുടെ അടുത്ത്‌ വട്ടം കൂടി മാര്‍ക്കുകള്‍ കൂട്ടിയെഴുതിക്കുന്നു. റാങ്കുകള്‍ പിന്നെയും മാറിമറിയുന്നു.

ഇതിലൊന്നും വലിയ താല്‍പര്യമില്ലാതെ, എത്ര കൂട്ടിയെഴുതിയാലും എല്ലാവിഷയവും പാസ്സാകുകപോലുമില്ലെന്ന അറിവില്‍, പിന്നിലെ ബഞ്ചിലെ വില്ലന്മാര്‍ ഇസ്മായിലിനു ചുറ്റും കൂടിയിരിക്കുകയാണ്‌. അവരുടെയെല്ലാം കണ്ണുകള്‍ ഇസ്മയിലിന്റെ കയ്യിലെ പൈസയിലേക്കും.

'ടാ ഇതെന്താ?'

'വീട്ടീന്നു കൊണ്ടന്നതാ പൈസ?'

'നിന്‌ക്കെന്തിനാ മാഷ്‌ പൈസന്നേ?'

'ഏറ്റം കൂടുതല്‍ മാര്‍ക്ക്‌ കിട്ട്യോര്‍ക്ക്‌ പോലുല്ല പൈസ'

'വിജയേട്ടന്റെ കടേന്ന് സര്‍ബത്തും കപ്പലണ്ടിം വാങ്ങിത്തരണം ഇന്ന് നീ'

പലതരം ചോദ്യങ്ങളും ഊഹാപോഹങ്ങളും. കിട്ടുണ്ണിമാഷ്‌ എന്തിനാ ഉത്തരക്കടലാസിനോപ്പം ഇസ്മായിലിന്‌ പൈസകൊടുത്തതെന്നറിയാതെ എല്ലാര്‍ക്കും ആകാംക്ഷ.

ഇസ്മായിലാണേല്‍ ഒന്നും പറയുന്നുമില്ല. അണ്ടിപോയ അണ്ണാനെപ്പോലെ, പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഇരിക്കുകയാണ്‌ സാക്ഷാല്‍ ഇസ്മായില്‍. അവസാനം ഇസ്മായില്‍ തന്റെ ഉത്തരക്കടലാസ്‌ തുറന്നു. അതിലെ അവസാന വാചകം കൂട്ടുകാര്‍ക്കു കാണിച്ചു കൊടുത്തു.

'മാഷെ, അന്‍പത്‌ രൂപ ഇതില്‍ വെക്കുന്നു. മാഷിടുന്ന ഓരോ മാര്‍ക്കിനും ഒരു രൂപാവച്ച്‌'

അതിന്റെ ബാക്കിയാ ഈ നാല്‍പതു രൂപ, മാഷ്‌ തിരിച്ചു തന്നത്‌.

Tuesday, January 02, 2007

ആകാശവാണ്യേച്ചി

വീനമ്മയെ അറിയാത്തവര്‍ ഏഷണിമുക്കിലും അടുത്തുള്ള പ്രദേശങ്ങളിലും കാണില്ല. കാണാന്‍ സാധ്യതയില്ല. അല്‍പം കുനിഞ്ഞ്‌, വലത്തെ കയ്യിന്റെ എക്സ്റ്റന്‍ഷന്‍ തണ്ടലില്‍ വെച്ച്‌, കാലത്തും വൈകീട്ടും ഏഷണിമുക്കിലെ പഞ്ചാരമണലിനെ പുളകം കൊള്ളിച്ച്‌ പോകാറുള്ള വീനമ്മ. ഏഷണിമുക്കിലെ ആസ്ഥാന പാല്‍ കറവക്കാരിയാണ്‌ വീനമ്മ. എന്നിട്ടും മനസ്സിലായില്ലെ, ആ ചേച്ചി തന്നെ, ആകാശവാണിചേച്ചി എന്നു പറഞ്ഞാല്‍ ഇപ്പൊ നിങ്ങള്‍ പറയും, 'ങാ എനിക്കറിയാം' എന്ന്.

റേഡിയൊ അതിന്റെ ബാലാരിഷ്ട്രതകളോടെ ഗ്രാമങ്ങളില്‍ പിച്ച വെച്ചു പാടാന്‍ തുടങ്ങിയ കാലം. ടി വി, എന്നത്‌ എന്താണെന്നറിയാത്ത നിരക്ഷര കുക്ഷികളുടെ കാലം, ഉണ്ണിപിറന്നതും ഉണ്ണാനിരുന്നതും നാടുനീങ്ങിയതും നാടമുറിച്ചതും പാലം പണിതതും പാലുകാച്ചിയതും എല്ലാം വാര്‍ത്തയാക്കാന്‍ ചാനലുകാരൊന്നും ഇല്ലാതിരുന്ന പഴയ നല്ലകാലത്ത്‌. നാടന്‍ വിശേഷങ്ങള്‍ ചൂടോടെ അറിയാന്‍ ഏഷണിമുക്കിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും ആകാശവാണിച്ചേച്ചി തന്നെ ശരണം. ഇവിടന്നു കിട്ടിയത്‌ അവിടെകൊടുത്തും, അവിടെന്ന് കൊണ്ടുവന്നത്‌ ഇവിടെ അല്‍പം പൊടിപ്പും തൊങ്ങലും ബാസ്സും റ്റ്രീബ്ലും എല്ലാം ചേര്‍ത്ത്‌, ഏതു സ്റ്റേഷന്‍ പിടിക്കാത്ത സ്ഥലത്തും 7.1 ഡോള്‍ബി ഡിജിറ്റല്‍ വ്യക്തമായ ശബ്ദമാധുരിയില്‍ തന്റെ പ്രേക്ഷകര്‍ക്ക്‌ പകര്‍ന്നു നല്‍കിവന്നു ആകാശവാണിച്ചേച്ചി.

വീനമ്മ, ദിവാകരേട്ടന്റെ കൂടെ വാര്‍ത്താവായനക്ക്‌ കൂടിയത്‌ മാര്‍കോണി കണ്ടുപിടിച്ച റേഡിയൊ, കേരളം കണ്ടുപിടിക്കുന്നതിനു മുമ്പേതോ ചിങ്ങമാസത്തിലാണ്‌. പുരനിറഞ്ഞു നില്‍ക്കുന്ന രാമനും, വാസുവും, ബാലനും, പുര നിറഞ്ഞു തുളുംബിയ കല്യാണിയും, ചന്ദ്രനും കൂടിയതാണ്‌ വീനമ്മയുടെ ആര്‍ ജെ ഗ്രൂപ്‌. ദിവാകരേട്ടന്‍ മരിച്ചിട്ട്‌ അടുത്ത ത്രിശ്ശൂര്‌ പൂരത്തിന്‌ വര്‍ഷം പതിനാലാവുമെന്നാ വീനമ്മയുടെ വായിലെ ഇപ്പോഴത്തെ ന്യൂസ്‌ ഫ്ലാഷ്‌.

ദിവാകരേട്ടന്‍ ദിവംഗതനായ ശേഷവും വീനമ്മയുടെ വാര്‍ത്താവായന തുടര്‍ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ പഴയപടിയുള്ള റേഞ്ച്‌ ഒന്നുമില്ല. കിലോമീറ്ററുകള്‍ നീണ്ടു കിടന്ന കവറേജ്‌ ഏരിയ ചുരുങ്ങി ചുരുങ്ങി അയല്‍പക്കത്തെ അഞ്ചാറു വീടുകളില്‍ ഒതുങ്ങി.

ഉള്ള മക്കളില്‍ പെന്മണിയായ കല്യാണി നാലാം പേറിന്‌ കോപ്പുകൂട്ടി, നാലുമാസം തികഞ്ഞ ഉണ്ണിക്കുടവയര്‍ കാണാന്‍ വീനമ്മക്കൊരുദിനം പൂതിയുതിച്ചപ്പോള്‍, ആണ്‍ മക്കള്‍ പോയോടത്തെന്ന് തിരിച്ച്‌ വരുന്നത്‌ കാക്കാതെ, അവരെയാരെം കൂട്ടാതെ കൊടുങ്ങല്ലൂര്‍ക്കുള്ള ലിമിറ്റഡ്‌ സ്റ്റോപ്‌ ബസ്സ്‌ പിടിച്ചു വീനമ്മ.

അവശയും അബലയും പോരാത്തതിന്‌ കിളവിയുമായ വീനമ്മയെ കണ്ടപ്പോള്‍, ഭാവിയുടെ വാഗ്ദാനാമായ മറ്റൊരു അവശവും അബലയും പോരാത്തതിനു യുവതിയുമായ ജാനകി, സീറ്റില്‍ പറ്റാവുന്നത്ര മര്‍ദ്ദം കൊടുത്തുകൊണ്ട്‌ മുഖം തിരിച്ച്‌ പുറംകാഴചകളിലേക്ക്‌ കണ്ണുനട്ടു.

"മോളെ, ത്തിരി നീങ്ങിര്‌ന്നേ" വീനമ്മ ജനകിയെനോക്കിപ്പറഞ്ഞു, ജാനകി അതൊന്നും കേള്‍ക്കതെ പുറത്ത്‌ കടയില്‍ കൊട്ടയിലിരിക്കുന്ന ഓറഞ്ചിന്റെ കളര്‍ മഞ്ഞയൊ ചുവപ്പോ എന്നു കണ്ടുപിടിക്കുന്നതില്‍ മുഴുകി.

"നീയാ ചത്തുപോയ കോവാലന്റെ അഞ്ചാമത്തോളല്ലെ, ജാനു. നിന്റെ കെട്ട്യോനിപ്പളും മറ്റോളൊപ്പംതന്നെ?" വീനമ്മ ജനകീപുരാണം കെട്ടഴിച്ചു. വീനന്മയെക്കൊണ്ട്‌ അധികം പറയിപ്പിക്കാതെ ജാനകി വേഗമെഴുന്നേറ്റ്‌ മഹത്തായ ഇരിപ്പിടദാനം നിര്‍വഹിച്ചു.

"ങാ ചേച്ചിയെങ്‌ക്‍ട്‌ പോണേ?" എന്നൊരു കുശലാന്വേഷണവും നടത്തി ജാനകി കമ്പിയില്‍ തൂങ്ങി.

"എന്റെ നാലാമത്തോള്‌ കല്യാണിക്കിത്‌ നാലാം മാസ്വാ. അങ്ങ്‌ട്‌ പോവ്വാ". കണ്ട്രാവിക്ക്‌ പൈസയും കൊടുത്ത്‌ ടിക്കറ്റും ബാക്കിയും കൂടി കോന്തലക്കല്‍ കെട്ടി, കിളിക്കൊരു ഓര്‍ഡറും പാസ്സാക്കി വീനമ്മ.

"ഏയ്‌ മോനേ ആ കോതകൊളെത്തുമ്പോന്നു പറയണേ"

"ആ പറയാമ്മാമെ" കിളി ചിലച്ചു പറഞ്ഞു.

ഈ സമയംകൊണ്ട്‌, ജാനു, മാനഹാനി ഭയന്ന് മറ്റൊരു സീറ്റില്‍ അഭയം പ്രാപിച്ചിരുന്നു. കൂടെയിരിക്കുന്നയാള്‍ ഉറക്കത്തിലായതിനാല്‍ വീനമ്മ അധികം കത്തിവെക്കന്‍ പറ്റാതെ കല്യാണിക്കു പിറക്കാന്‍പോകുന്ന കൊച്ച്‌ ആണോ പെണ്ണോ എന്നീ കാര്യങ്ങള്‍ സ്വപ്നേപി ദര്‍ശനത്തിനായി കണ്ണുപൂട്ടിയിരുന്നു. പിന്നെ ഉറങ്ങിപ്പോയി.

കൃത്യം കോതകുളം കഴിഞ്ഞപ്പോള്‍ വീനമ്മ ഉണരുകയും കിളിസമക്ഷം കോതകുളവിശേഷം ആരായുകയും ചെയ്തു. കോതകുളവിശേഷം മറന്നുപോയ കിളി "അയ്യോ" എന്നു മനുഷ്യശബ്ധത്തില്‍ ചിലച്ചതും ബെല്ലൊന്നടിച്ചറ്റും ഒരുമിച്ച്‌. ലിമിറ്റെഡ്‌ സ്റ്റോപ്‌, അണ്‍ലിമിറ്റെഡായി കോതകുളത്തിനും ആനവിഴുങ്ങിക്കുമിടയില്‍ സ്റ്റോപ്പായി.

"ഇവിടെയിറങ്ങിക്കൊ അമ്മാമെ" കിളി കളകൂജനം നടത്തി വീനമ്മയോട്‌.

"നിന്നോടല്ലേ പറഞ്ഞെ കോതകോളെത്ത്യാ പറേണന്ന്. ന്നിട്ടിപ്പൊ ഇവ്‌ടെറങ്ങിക്കോളാനാ, ഇതെന്തേര്‍പ്പാടാ" വീനമ്മ അരിശത്തോടെ കിളിയോട്‌ കയര്‍ത്തു.

ഇറങ്ങെണ്ട ആളുടെ പ്രായവും നട്ടുച്ച വെയിലും പരിഗണിച്ച്‌, മര്യാദക്കാരനായ ഡ്രൈവര്‍ പറഞ്ഞു വണ്ടി പിന്നോട്ടെടുക്കാമെന്ന്‌. അല്‍പം ദൂരമല്ലേയുള്ളു. വണ്ടി പതുക്കെ പിന്നോട്ടുരുണ്ടു.

"ഒരാള്‍ക്ക്‌ വേണ്ടി ഇത്രെം ആള്‍ക്കാരുടെ റ്റൈം കളയണോ" ആള്‍ നമ്പര്‍ ഒന്ന്.

"വയസ്സായ ആളല്ലെ ക്ഷമിക്കു ചേട്ടാ" ആള്‍ നമ്പര്‍ രണ്ട്‌.

"ഇവമ്മാരൊക്കെ എവിടെനോക്കിയാ വണ്ടിയോടിക്കണെ. സ്റ്റോപില്‍ നിര്‍ത്താതെ ഇവമ്മാര്‍ടെ ഒരോട്ടം" ആള്‍ നമ്പര്‍ മൂന്ന്.

യാത്രക്കാരുടെ പലതരം കോലാഹലങ്ങള്‍ക്കിടയില്‍ ബസ്‌ പിന്നോട്ടടിച്ച്‌ കോതകുളത്ത്‌ സ്റ്റോപ്‌ ചെയ്തു.

"അമ്മാമെ സ്ഥലെത്തി. എറങ്ങിക്കൊ" കിളി വീണ്ടും.

"മതിലോത്ത്‌ (മതിലകത്ത്‌) എന്റെ മോളെക്കാണാന്‍ പോണ ഞാനെന്തിനാ ചെക്കാ ഇവടെറങ്ങണെ?. ദേ ആ കാണ്ണതാ എന്റെ മോന്റെ ചായക്കട. അവനവടൊണ്ടോന്ന് നോക്കാനല്ലേ ഞാന്‍ ഇവടെത്യാ പറയാമ്പറഞ്ഞെ." വീനമ്മ ഇതു പറഞ്ഞ്‌ മകനെ കണ്ട സന്തോഷത്തില്‍ സീറ്റിലേക്ക്‌ ചാഞ്ഞു കൂടെ ഒരു ഓര്‍ഡെറും.

"ഡാ ചെക്കാ, ഇനി ആ മതിലോം എത്തുമ്പ പറയാന്‍ മറക്കണ്ട"