Thursday, December 28, 2006

അശ്വതി

എല്ലാം നഷ്ടപ്പെട്ട അവള്‍ കിടക്കയിലേക്കമര്‍ന്നു. ടി വിയുടെ റിമോട്ട്‌ അവളുടെ കയ്യില്‍ നിന്ന് ഊര്‍ന്നു താഴെ വീണു. ഈ ഇരുളടഞ്ഞ മുറിയില്‍ ഇനി എത്ര നാള്‍? ജീവിതകാലം മുഴുവന്‍ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനാണൊ തന്റെ വിധി? അപ്പുറത്തു അച്ഛനും അമ്മയുമുണ്ട്‌. അവര്‍ക്കും അവള്‍ വെറുക്കപ്പെട്ടവളായി. അവളുടെ കണ്ണുകള്‍ താനെ അടഞ്ഞു.

എത്ര സന്തോഷകരമായിരുന്നു അനിലേട്ടനോടൊത്തുള്ള അശ്വതിയുടെ ജീവിതം. ആദ്യ ദര്‍ശനത്തില്‍ തന്നെ മനസ്സില്‍ കയറിക്കൂടിയതാണ്‌ അനിലേട്ടന്‍. വിവാഹശേഷം ഡല്‍ഹിയിലേക്ക്‌, അനിലേട്ടന്റെ ജോലിസ്ഥലത്തേക്കുള്ള മാറിത്താമസം. തന്റെ ജീവിതം പച്ചപിടിക്കുന്നത്‌ അശ്വതി കണ്ടു. ജീവിതത്തില്‍ വര്‍ണ്ണങ്ങളുടെ വസന്ത കാലം അവളെത്തേടിയെത്തി.

അനിലേട്ടന്തെ ശ്രമഫലമായി തനിക്കൊരു ജോലി ലഭിച്ചപ്പോള്‍ അതു ജീവിതത്തിന്‌ കൂടുതല്‍ നിറം പകരുകയായിരുന്നു. രാവിലെ ഒരുമിച്ച്‌ ഓഫീസിലേക്കുള്ള യാത്രകളൂം കൊച്ചു കൊച്ചു തമാശകളും. വൈകുന്നേരങ്ങളില്‍ തന്റെ ഓഫീസിനുമുന്നില്‍ ഓടികിതച്ചെത്തുന്ന നീലക്കാര്‍, തന്റെ ഇഷ്ടത്തിനല്ലേ അനിലേട്ടന്‍ ആ നീലക്കാര്‍ വാങ്ങിയത്‌. പിന്നെ പാര്‍ക്കിലോ, ഷോപ്പിങ്ങിനോ സിനിമക്കോ പോകും. രാത്രിയില്‍ ഒരുമിച്ചുകൂടണയാറുള്ള ആ നല്ല ദിനങ്ങള്‍.

മകളുണ്ടായപ്പോള്‍ തന്നേക്കാള്‍ സന്തോഷം അനിലേട്ടനാണെന്നു തോന്നി. മോളും ചേട്ടനും താനുമടങ്ങുന്ന ആ വീട്‌ ഒരു സ്വര്‍ഗ്ഗം തന്നെയായിരുന്നു. മോളുടെ ജനനശേഷം പുറത്ത്‌ പോകുന്നത്‌ കുറഞ്ഞു വന്നു. അനിലേട്ടന്റെ ഇഷ്ടം മുഴുവന്‍ അനുമോള്‍ക്ക്‌ കൊടുക്കുന്നുവോ എന്നുപോലും തോന്നിപ്പോകും. ഓഫീസില്‍ നിന്നു വന്നാല്‍ അനുമോളുമായി കളിക്കാനേ ചേട്ടനു സമയമുള്ളു. ചാനലുകളും സീരിയലുകളുമായി താനും ഒതുങ്ങിക്കൂടി. പിന്നെ പിന്നെ പുറത്തുപോകുന്നത്‌ തനിക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമായി. ടി വിക്ക്‌ മുന്നില്‍ സമയം ചിലവഴിക്കാനാണ്‌ കൂടുതല്‍ താല്‍പര്യം തോന്നിയത്‌. മോളെ സ്കൂളിലയച്ചുതുടങ്ങിയതും തന്റെ ഓഫീസ്‌ ജീവിതവും എല്ലാം, പിന്നെയും ആ സന്തോഷത്തിന്റെ നാളുകള്‍ തിരികെ തന്നിരുന്നു.

എപ്പോഴാണ്‌ ഇതെല്ലാം മാറിമറിഞ്ഞത്‌? എന്നാണ്‌ താന്‍ ദേവനുമായി പരിചയപ്പെട്ടത്‌? കോഫിഹൌസില്‍ വച്ച്‌ ആദ്യമായികണ്ടതും സൌഹൃദത്തിലായതും, അതിനുശേഷം എത്ര വേഗമാണ്‌ ദേവന്‍ തന്റെ മനസ്സില്‍ കയറിപ്പറ്റിയത്‌. ബിസിനസ്സ്‌ ആവശ്യത്തിന്‌ ഡല്‍ഹിയിലെത്തിയിരുന്ന ദേവന്‍, പിന്നെ ഫ്ലൈറ്റിലേറി വന്നിരുന്നത്‌ തന്നെക്കാണാന്‍ മാത്രമായിരുന്നില്ലേ. വരുമ്പോഴെല്ലം തനിക്കായി കരുതിയിരുന്ന വിലപിടിപ്പുള്ള സമ്മനങ്ങള്‍, പെര്‍ഫ്യുമുകള്‍, സാരികള്‍ മറ്റു ഡ്രസ്സുകള്‍. ദേവന്‍ തനിക്കു നല്‍കിയ സ്നേഹം, ആ പുഞ്ചിരി, എല്ലാം ദേവനിലേക്ക്‌ തന്നെ കൂടുതല്‍ അടുപ്പിക്കുകയായിരുന്നില്ലേ. താന്‍ ദേവനെ പ്രണയിച്ചു തുടങ്ങിയിരുന്നു ആ നാളുകളില്‍. ദേവനോടുമൊത്തുള്ള സമയങ്ങള്‍, താന്‍ മറ്റൊരു ലോകത്തിലേക്കെത്തുകയായിരുന്നു. സ്വയം ദേവനു സമര്‍പ്പിക്കുകയായിരുന്നില്ലെ താന്‍? അനിലേട്ടനുതരാന്‍ കഴിയാതിരുന്നതെല്ലം ദേവനില്‍ നിന്നു തനിക്കു ലഭിച്ചെന്നു കരുതിയ ദിനങ്ങള്‍. അതു തന്നെയല്ലേ ദേവന്‍ വിവാഹ വാഗ്ദാനം നല്‍കിയപ്പോള്‍, മോളേയും അനിലേട്ടനേയും മറന്ന്‌ ഓഫിസില്‍ പോയ ഡ്രസ്സില്‍ തന്നെ ദേവനോടൊപ്പം ഇറങ്ങിത്തിരിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്‌.

ഡല്‍ഹിയില്‍നിന്നും ഫ്ലൈറ്റില്‍ ബോംബെയിലെത്തി. ബോംബെയില്‍ ദേവനോടൊപ്പമുള്ള ജീവിതം സ്വര്‍ഗ്ഗതുല്യമായിരുന്നു. താന്‍ നഗര ജീവിതം ആസ്വദിച്ചു തുടങ്ങുകയായിരുന്നു. ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളിലെ താമസം, നൈറ്റ്‌ ക്ലബ്ബുകള്‍, ബാറുകള്‍, ഡിസ്കൊകള്‍; പുതിയലോകം; തനിക്ക്‌ പുതിയ വാതായനങ്ങള്‍ തുറന്നു തരികയായിരുന്നു. ജീവിതം വേണ്ടുവോളം ആസ്വദിച്ച നാളുകള്‍. ദേവന്‍ തന്നെ സ്നേഹം കൊണ്ട്‌ വീര്‍പ്പുമുട്ടിച്ച ആ ദിനങ്ങള്‍. അനിലിനേയും മകളേയും പാടെ മറന്നുപോയ ദിനങ്ങള്‍. ഗോവയിലും ബാങ്ക്ലൂരുമായി പിന്നെയും കുറെ നാളുകള്‍; താന്‍ ഒരു ജന്മത്തിന്റെ സന്തോഷങ്ങള്‍ മുഴുവനായി ആസ്വദിച്ചു തീര്‍ക്കുകയായിരുന്നു.

കോഴിക്കോട്‌ എത്തിയതോടെ ദേവനില്‍ പല മാറ്റങ്ങളും കണ്ടുതുടങ്ങി. തന്നോടൊപ്പം ചിലവഴിക്കാന്‍ ദേവന്‌ സമയമില്ലാതായി. പലദിനങ്ങളിലും താന്‍ തനിച്ചായിരുന്നു ഫ്ലാറ്റില്‍. എന്നെങ്കിലുമൊരിക്കല്‍ രാത്രിയില്‍ മദ്യപിച്ചു വരുന്നതായി ദേവന്റെ പതിവ്‌. ചോദ്യം ചെയ്തപ്പോള്‍ ദേവന്‍, ദേഹോപദ്രവവും തുടങ്ങി. പിന്നീടാണറിയുന്നത്‌ അയാള്‍ക്ക്‌ വേറെ ഭാര്യയും കുട്ടിയുമുണ്ടെന്ന്. അവിടെ തന്റെ തകര്‍ച്ച പൂര്‍ണ്ണമാകുകയായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാന്‍ യാതൊരു പഴുതുമില്ലാതെ, തന്നെ ആ ഫ്ലാറ്റില്‍ പൂട്ടിയിടാന്‍ തുടങ്ങി പിന്നെ ദേവന്‍. ഫോണ്‍ കട്ട്‌ ചെയ്തു. തന്റെ സെല്‍ ഫോണ്‍ പോലും അയാള്‍കൊണ്ടുപോയി. മദ്യപിച്ചുവരുന്ന ദേവന്റെ മര്‍ദ്ദനങ്ങള്‍ ദിനംപ്രദി കൂടിവന്നു. എങ്ങിനെയെങ്കിലും അവിടന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി.

ദേവന്‍ കാണാതെ ഒരിക്കല്‍ അയാളുടെ ഫോണിലൂടെ അനിലേട്ടനെ തന്റെ വിഷമം അറിയിച്ചപ്പോള്‍ അനിലേട്ടന്റെ മറ്റൊരു മുഖമാണ്‌ പിന്നെ കണ്ടത്‌. തന്നെ തീരെ അവഗണിച്ച അനിലേട്ടന്‍ "നീയൊന്നും ഇതുവരെ ചത്തില്ലെ" എന്നു ചോദിച്ചപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ദേവന്റെ പോക്കറ്റില്‍ നിന്ന് ഫ്ലാറ്റിന്റെ കീയെടുത്ത്‌ തുറന്ന് താന്‍ പുറത്തേക്കോടുകയായിരുന്നു ആ അര്‍ദ്ധരാത്രിയില്‍. തന്നെ പിന്തുടര്‍ന്ന ദേവന്റെ കുഴഞ്ഞ കാലുകളെ പിന്നിലാക്കികൊണ്ട്‌ കുതിച്ചോടുകകയായിരുന്നു റോഡിലൂടെ, മരണത്തെ വാരിപ്പുണരാന്‍.

റോഡില്‍ കുഴഞ്ഞുവീണ താന്‍ പിന്നെ കണ്മിഴിച്ചു നോക്കുമ്പോള്‍ പോലിസിന്റെ സംരക്ഷണയിലായിരുന്നു. ദേവനേയും അവര്‍ അറസ്റ്റ്‌ ചെയ്തിരുന്നു. ചോദ്യം ചെയ്യലുകള്‍ക്കുശേഷം, തന്റെ അച്ഛനെയും അമ്മയെയും അറിയിച്ചപ്പോള്‍ അവര്‍ക്കും തന്റെ കാര്യത്തില്‍ താല്‍പര്യമമില്ലായിരുന്നു. പൊന്നുപോലൊരു മോളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച തന്നെ, അവര്‍ക്കും വേണ്ടെന്ന് അച്ഛന്‍ തറപ്പിച്ചു പറഞ്ഞു. പോലിസിന്റെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങിയാണ്‌ ദേവന്റെ കയ്യില്‍ നിന്ന് തന്നെ അച്ഛന്‍ കൈപറ്റിയത്‌. ഒരു ശല്യം തീര്‍ന്നുകിട്ടിയെന്ന ആശ്വാസത്തില്‍ ചിരിക്കുകയായിരുന്നു ദേവനപ്പോള്‍.

അശ്വതി മെല്ലെ ഉറക്കത്തിലേക്ക്‌ വഴുതി. അപ്പോള്‍ ടി വിയില്‍ അടുത്ത പരമ്പരയുടെ അവതരണഗാനം മുഴങ്ങുന്നുണ്ടായിരുന്നു.

Monday, December 25, 2006

സുല്ലിന്റെ ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍

ഏവര്‍ക്കും നന്മ നിറഞ്ഞ ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍

വിശ്വപ്രഭ,

വല്യമ്മായി,

അരവിശിവ.,

ഇത്തിരിവെട്ടം,

സന്തോഷ്,

ദില്‍ബാസുരന്‍,

പച്ചാളം,

ഏറനാടന്‍,

salini,

സഹൃദയന്‍,

ഇടിവാള്‍,

കുട്ടമ്മേനോന്‍,

മഴത്തുള്ളി,

അഗ്രജന്‍,

വേണു venu,

പട്ടേരി l Patteri,

ഉമ്പാച്ചി,

മുരളി വാളൂര്‍,

പാര്‍വതി,

മിന്നാമിനുങ്ങ്‌,

Siju സിജു,

അത്തിക്കുര്‍ശി,

Abid Areacode,

ഇക്കാസ്,

പൊന്നമ്പലം,

തറവാടി,

Marthyan,

വാവക്കാടന്‍,

കലേഷ്‌ kalesh,

sandoz,

പടിപ്പുര,

Peelikkutty!!!!!,

shefi,

സു Su,

തത്തറ,

കുറുക്കനതുല്യ,

ഞാന്‍ ഇരിങ്ങല്‍,

പി. ശിവപ്രസാദ്,

സൂര്യോദയം,

ഗുണാളന്‍,

പയ്യന്‍‌,

കൃഷ്‌ krish,

ആത്മകഥ,

അരീക്കോടന്‍,

വിഷ്ണുപ്രസാദ്,

പ്രമോദ്‌ കുമാര്‍,

ബത്തേരിയന്‍..,

Sona,

സഹൃദയന്‍,

ചേച്ചിയമ്മ,

ദേവരാഗം,

deepoos,

വിശാല മനസ്കന്‍,

അരവിന്ദ് :: aravind,

ദിവാ (ദിവാസ്വപ്നം),

ittimalu,

പിന്നെ എന്റെ പോസ്റ്റുകള്‍വായിച്ച എല്ലാ ബൂലോകവാസികള്‍ക്കും അല്ലാത്തവര്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ
ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍

Tuesday, December 19, 2006

ഒന്ന് തള്ളിത്താ....

നല്ല മഴയുള്ള രാത്രി. ഇടിവാളും, മിന്നലും, കാറ്റും എല്ലാരും കൂടി നാടു കയ്യേറിയ രാത്രി. പേടിച്ചിട്ടാണെന്നു തോന്നുന്നു, കെ എസ്‌ ഇ ബി കുട്ടന്‍ അടുത്തുക്കണ്ട ട്രാന്‍സ്ഫോര്‍മറില്‍ കയറി മൂടിപുതച്ചുറങ്ങി. നാടുമുഴുവന്‍ കൂരിരുട്ടിന്റെ പിടിയിലമര്‍ന്നു. പുറത്തെന്തോ ശബ്ദകോലാഹലം കേട്ടാണ്‌ മീനേച്ചി കണ്ണുതുറന്നത്‌. ഇതൊന്നും അറിയാതെ ശേഖരേട്ടന്റെ കൂര്‍ക്കംവലി അതിന്റെ ഉച്ചസ്ഥായിയില്‍ തന്നെ നിലകൊണ്ടു.

മീനേച്ചിക്ക്‌ ഇതു പുതിയ സ്ഥലമാണ്‌. ഇവിടേക്ക്‌ മാറിത്താമസിച്ചിട്ട്‌ അധികമായിട്ടില്ല. മകനും മരുമകളും ഗൃഹപ്രവേശവും കഴിച്ച്‌ പോയിട്ടൊരുമാസമാവുന്നേയുള്ളു. ചുറ്റുപാടുകളെക്കുറിച്ച്‌ വലിയ പിടിപാടും ഇല്ല. അതിനാല്‍ പണ്ടത്തെപ്പോലെ വിളക്കുമെടുത്ത്‌ പുറത്തേക്കോടിപ്പോവാനൊന്നും മിനക്കെട്ടില്ല. കെട്ടിയോനെ വിളിക്കുകതന്നെ.

"ഏയ്‌, ഒന്നെണീറ്റെ" മീനേച്ചി പുതപ്പുവലിച്ചു മാറ്റി കണവനെ പിടിച്ചു കുലുക്കിക്കൊണ്ട്‌ വിളിച്ചു."അവിടെ എന്തൊ എത്തം കേക്ക്‌ണൂ, ആരൊക്കെയൊ ഉണ്ട്‌"

"ആ അരേലും ആവട്ടെ. നീയവടെ കെട" ശേഖരേട്ടന്‍ പുതപ്പു തലവഴിമൂടി ചുരുണ്ടു കിടന്നു.

പുറത്തെ ശംബ്ദം കൂടുതലാവുന്നു. മീനേച്ചി തന്റെ പത്തൊമ്പതാം അടവായ മുഖത്തെക്ക്‌ മണ്ണുവാരി അല്ല വെള്ളം എറിഞ്ഞ്‌ ശേഖരേട്ടനെ തട്ടിയെഴുന്നേല്‍പ്പിച്ചു. മിഴിച്ചിരുന്ന ശേഖരേട്ടനോട്‌ പുറത്തെ വിശേഷങ്ങള്‍ ധരിപ്പിച്ചു. ശബ്ദം കേട്ട ശേഖരേട്ടന്‍ അഴിഞ്ഞമുണ്ടെടുത്ത്‌ കുത്തി ചാടിയെഴുന്നേറ്റു, എമര്‍ജന്‍സി (അത്യാഹിതം?) ലൈറ്റുമെടുത്ത്‌ എമര്‍ജന്‍സിയായി പൂമുഖത്തേക്കു നടന്നു പിന്നാലെ തന്റെ അഴിഞ്ഞുലഞ്ഞ കാര്‍ക്കൂന്തല്‍ പിന്നില്‍ ചുറ്റിക്കെട്ടിക്കൊണ്ട്‌ മീനേച്ചിയും.

"ആരാ" ശേഖരേട്ടന്‍ പതുക്കെ വാതില്‍ തുറന്ന് ഉറക്കെ ചോദിച്ചു.

"ഒന്നു തള്ളിത്തായോ വീട്ടാരെ" പുറത്തു നിന്ന് കള്ളില്‍കുഴഞ്ഞ ഒരു ശബ്ദം.

ശേഖരേട്ടന്‍ വാതിലടച്ചു തിരിഞ്ഞു നടന്നു. 'ഈ ഇടീം മഴെള്ളെപ്പളല്ലെ അവന്റെ ഒരു വണ്ടി തള്ളല്‍' ആത്മഗതമായി മീനേച്ചിയോട് പറഞ്ഞു.

"നിങ്ങളൊന്നു നിന്നെ. ഇന്നാള്‌ നമ്മള്‌ ഗുരുവായൂരുപോയപ്പോ ആ പിള്ളേരില്ലയിരുന്നെങ്കില്‍ കാണാരുന്നു. മോന്റെ കാറ്‌ വഴീകിടന്നേനെ." മീനേച്ചി കണവനെ ഭൂതകാലക്കുളിര്‍ കൊണ്ടു പുതപ്പിച്ചു. ശേഖരേട്ടന്റെ ട്യൂബ്‌ ലൈറ്റ്‌ പ്രകാശ വര്‍ഷം (മീറ്റര്‍ അല്ല) ചൊരിഞ്ഞതപ്പോഴാണ്‌. നമ്മക്കൊന്നു വെച്ചാ തിരിച്ചങ്ങോട്ടും ഒന്നു വെക്കേണ്ടെ? യേത്‌? എന്ന ലൈനില്‍, എന്നാലൊന്നു തള്ളിക്കൊടുത്തിട്ടു തന്നെ കാര്യൊം എന്നു കരുതി ശേഖരേട്ടന്‍ തിരിഞ്ഞു വാതില്‍ തുറന്നു.

"ആരാത്‌" ശേഖരേട്ടന്‍ ചോദിച്ചു.

"ഒന്നു തള്ളിത്തരോ" ആ പതിഞ്ഞ കുഴഞ്ഞ ശബ്ദം വീണ്ടും.

തന്റെ പതിവു ക്വാട്ടാ വിഴുങ്ങി വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു സുരേന്ദ്രന്‍. അതിനിടയിലാ ശേഖരേട്ടന്റെ വീടിന്റെ ഗേറ്റ്‌ തുറന്നു കിടക്കുന്നത്‌ കണ്ടത്‌. അതൊരസാധാരണ കാഴ്ചയായതുകൊണ്ടാവണം ഗേറ്റിലൂടെ ഉള്ളില്‍ വന്ന് വീടിനു മുന്നില്‍ നിന്നാ ഈ വിളിവരുന്നത്‌. ഇരുട്ടായതിനാല്‍ ശേഖരേട്ടന്‍ ഒന്നും കാണുന്നില്ലെന്നു മാത്രം.

"ആട്ടെ, നിങ്ങളെവിടെയാ. അല്ലേല്‍ വേണ്ട, ഞാനങ്ങോട്ടു വരാം." ശേഖരേട്ടന്‍ മഴയിലേക്കിറങ്ങി.

"ഞാന്‍ ഇവിടെയാ, ഈ ഊഞ്ഞാലില്‍. ഒന്നു തള്ളിതാ..."

കെട്ടുവിടുംവരെ, ഊഞ്ഞാലാടാനുള്ള അദമ്മ്യമായ ആഗ്രഹവും പേറി ശേഖരേട്ടന്റെ പൂന്തോട്ടത്തിലെ ഊഞ്ഞാലില്‍ ചാരിയിരുന്നു മഴനനഞ്ഞുകൊണ്ടിരുന്നു സുരേന്ദ്രന്‍.

Monday, December 04, 2006

കാളിയമര്‍ദ്ദനം (അവസാനഭാഗം)

(ഒന്നാം ഭാഗം വായിക്കാത്തവര്‍ക്ക്)
എങ്ങും കുറ്റാകൂരിരുട്ട്‌. സമയം പാതിരാത്രി കഴിഞ്ഞുകാണും. ചീവീടുകളുടെ ശബ്ദവും അതിനു കൂട്ടിന്നായി തവളകളുടെ പേക്കൊം പേക്കൊം കരച്ചിലും. അകലെയെവിടെയോ ശ്വാന സംഗം അവരുടെ ഗാനമേള പൊടിപൊടിക്കുന്നു. ഒരു വിജനമായ പ്രദേശത്തു കൂടെ വീട്ടിലേക്കുള്ള യാത്രയിലാണ്‌ ഞാന്‍. പകലുപെയ്ത മഴയുടെ കാരുണ്യം കൊണ്ട്‌ കരകവിഞ്ഞ കുളം, വഴിയിലേക്കും പറമ്പിലേക്കും കവിഞ്ഞ്‌, പരന്നു കിടക്കുന്നു. നാട്ടുകാര്‍ നടന്ന് നടന്നുണ്ടാക്കിയ ഒരു നടവഴി. അതിനടുത്തായി ഒരു വലിയ പ്ലാവ്‌. കഴിഞ്ഞ വേനലിലെ കൊടും വെയിലില്‍ കൊഴിഞ്ഞ ഇലകള്‍ ഇനിയും കിളിര്‍ത്ത്‌ തുടങ്ങിയിട്ടില്ല.

സൈക്കിളും തള്ളി വഴിയിലെ വെള്ളത്തിലൂടെ കാലുകള്‍ വലിച്ചു വച്ചു നടന്നു. വെള്ളത്തിലുള്ള ചപ്പുചവറുകള്‍ ചെരിപ്പിനിടയില്‍ തടയുന്നുണ്ട്‌. എന്നാലും എത്രയും പെട്ടന്ന് ഇവിടം കഴിഞ്ഞു കിട്ടാന്‍ വേണ്ടി കാലുകള്‍ വലിച്ചു വച്ചു നടക്കുകയാണ്‌. കൂട്ടുകാരന്‍ അവന്റെ വീടെത്തിയപ്പോള്‍ ഞാന്‍ ഒറ്റക്കായി. അവന്റടുത്തുന്നു ആ ടോര്‍ച്‌ വാങ്ങാമായിരുന്നു. ഇനി പറഞ്ഞിട്ടെന്താ. ഈ പറമ്പുകഴിഞ്ഞു കിട്ടിയാല്‍ രക്ഷപ്പെട്ടു. വീട്‌ അടുത്തു തന്നെയാണ്‌.

പെട്ടെന്ന് എനിക്കൊരു തോന്നല്‍. ഞാന്‍ നടക്കുന്ന ശബ്ദമല്ലാതെ വെള്ളത്തില്‍ മറ്റൊരു ശബ്ദം കേള്‍ക്കുന്നുണ്ടോ? പെട്ടെന്ന് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു വലിയ പാമ്പ്‌ എന്റെ നേരെ ഇഴഞ്ഞിഴഞ്ഞു വരുന്നു. ഞാന്‍ സകല ശക്തിയുമെടുത്ത്‌ ഓടാനാഞ്ഞു. പക്ഷെ എന്റെ കാലുകള്‍ ചലിക്കുന്നില്ല. ഞാന്‍ നിന്നിടത്തു തന്നെ നിന്ന് തിരിയുന്നു. ഒരടിപോലും മുന്നോട്ടോ പിന്നോട്ടോ പോകുന്നില്ല. ഓടാനുള്ള ഊക്കം കൂട്ടുന്നതനുസരിച്ച്‌ തിരിയലിന്റെ ശക്തിയും കൂടികൂടി വന്നു. പാമ്പ്‌ എന്റെ അടുത്ത്‌ എത്തിതുടങ്ങി. കുറെ നേരത്തെ ശ്രമത്തിനുശേഷം ഞാന്‍ വെള്ളത്തില്‍ നിന്നൊരുവിധം കരയിലെത്തി. സൈക്കിളില്‍ കയറാനോ ചവിട്ടാനോ പറ്റുന്നില്ല. പാമ്പ്‌ പിന്നാലെ വരുന്നുണ്ട്‌. ഓടിയില്ലെങ്കിലും വേണ്ട പതുക്കെയെങ്കിലും നടക്കാമെന്നു കരുതി നടന്നു. അല്‍പം ചെന്നപ്പോള്‍ തെങ്ങോലയില്‍നിന്നൂര്‍ന്നുവീണ മറ്റൊരു പാമ്പ്‌ എന്റെ കൈകളിലൂടെ സൈക്കില്‍ ഹാന്‍ഡിലില്‍ ചുറ്റി കിടന്നു. സൈക്കിള്‍ തള്ളി മാറ്റിയിട്ട്‌ ഞാന്‍ അവിടുന്നും ഓടി.

അയല്‍പക്കത്തെ സത്യന്റെ വീട്ടിലെ ടോമി, ഇന്നു കാലത്തു വരെ ഞങ്ങള്‍ നല്ല സൌഹൃദത്തിലായിരുന്നു, എന്റെ ഈ ഓട്ടവും വരവും കണ്ട്‌, എന്റെ പിന്നാലെ കുരച്ചുകൊണ്ടോടിവന്നു. കൂടെ വേറെ നാലഞ്ച്‌ നായ്ക്കളും. പ്രാണന്‍ കിട്ടിയാല്‍ മതിയെന്ന മട്ടിലെ ഓട്ടം നിര്‍ത്തിയത്‌ എന്റെ റൂമിന്റെ ജനാലക്കു പിറകില്‍. എന്റെ ശ്വാസൊഛാസം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഹൃദയമിടിപ്പ്‌ കൂടി കൂടി വരുന്നു.

ജനല്‍പാളിയുടെ ഇടയിലൂടെ എന്റെ ശര്‍ട്ടിന്റെ ഒരറ്റം കാണുന്നു. ഞാന്‍ അതു പതുക്കെ പിടിച്ചു വലിച്ചു. ജനല്‍ തുറന്ന് കുപ്പായം കയ്യിലായി. അതോടൊപ്പം അവിടെനിന്നൊരുകൂട്ടം തവളകള്‍ എന്റെ നേരെ ചാടി. തവളകള്‍ ശരീരത്തില്‍ പറ്റാതിരിക്കാന്‍ ഒഴിഞ്ഞുമാറിയ ഞാന്‍ കാലുതെറ്റി മലര്‍ന്നടിച്ചു വീണു. മന്‍ഢൂകങ്ങള്‍ എന്റെ മണ്ടയില്‍ ടപ്പാംകുത്ത്‌ നടത്തി. എന്റെ ഹൃദയമിടിപ്പു നിന്ന പോലെ തോന്നി. ഞാന്‍ ശക്തിയായി കിതച്ചു കൊണ്ടിരുന്നു.

"ടാ സുല്ലേ ടാ സുല്ലേ എന്തു പറ്റ്യേഡാ..." കൂടെ കിടന്നുറങ്ങിയിരുന്ന സക്രുവിന്റെ ശബ്ദം കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു. അപ്പോഴും ഞാന്‍ കിതച്ചുകൊണ്ടേയിരുന്നു.

ഇന്നലെ രാത്രി നടന്ന ആ ഭീകരസംഭവം കറന്റടിച്ചപോലെ എന്റെ തലയിലൂടെ മിന്നിമാഞ്ഞു.

(ഭാഗം രണ്ട്)

"ചെക്ക്‌"

കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സക്രു ജയിച്ചൊരു കളി അവസാനിച്ചു. ഇങ്ങനെയെങ്കിലും അവസാനിച്ചതില്‍ ആശ്വാസംതോന്നി. രണ്ടരമണിക്കൂറായി ഇരിക്കുന്നു ഒരു ബോര്‍ഡ്‌ കളിക്കാന്‍. വീട്ടില്‍ ചട്ടിക്കെണ്ണം കൊടുത്തിട്ടുണ്ടെങ്കിലും കഴിക്കാന്‍ വീട്ടിലെത്തേണ്ടെ?. ഏകദേശം രാത്രി പത്ത്‌ പത്തര മണിയായിക്കാണും. നാട്ടിലെല്ലാവരും കൂര്‍ക്കംവലിചുറങ്ങാന്‍ തക്കംപാര്‍ത്തിരിക്കുന്ന നേരം. ബദര്‍ പള്ളിയിലെ പുറത്തുകൂട്ടിയിട്ട പൂഴിമണലില്‍ ഇശാ നമസ്കാരം കഴിഞ്ഞ്‌ ഇരുന്നതാണ്‌ ഞാനും ജബ്ബാറും സക്രുവും. ഇനി ജബ്ബാറിനെ അവന്റെ വീട്ടില്‍ കൊണ്ടുചെന്നാക്കണം.

ബള്‍ബ്‌ ഫ്യൂസായ സൈക്കിള്‍ ഡയനമോയില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി എവിടെപ്പോകുന്നു എന്ന എന്റെ പത്താംക്ലാസ്സ്‌ ബുദ്ധിയുടെ ചോദ്യത്തിനു മുന്നില്‍ കണ്‍ഫ്യൂസായ ബുദ്ധിയുമായി ഉത്തരം കിട്ടാതെ കുഴങ്ങുകയാണ്‌ ജബ്ബാര്‍.

അവനെ അവന്റെ വീട്ടില്‍ വിട്ട്‌, ഞങ്ങള്‍ രണ്ടുപേരും വീട്ടിലേക്ക്‌ പോകുന്ന വഴി. വഴിയെന്നു പറയുമ്പോള്‍ ഒരു മൂന്നടി ഇടവഴി. പിന്നെ പാടവരമ്പത്തൂടെ കുറച്ചു ചെന്നാല്‍ കൈതക്കാടിനിടയിലൂടെ ഒരു വലിയ പറമ്പില്‍ കയറാം അതിലെ കുറെയേറെ പോയാല്‍ അപ്പുറത്തെ റോഡിലെത്താം. റോഡിന്റെ അപ്പുറമെത്തണം വീടെത്താന്‍.

അടുത്തുള്ള നായന്മാരുടെയാണ്‌ ഈ വലിയ പറമ്പ്‌. ഇതു ഭാഗിചും ഭാഗിക്കാതെയും തര്‍ക്കിചും തര്‍ക്കിക്കാതെയും അങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്‌ കാലശ്യായി. ആര്‍ക്കും ഭാഗം ശരിക്കു ലഭിക്കാത്തതിനാല്‍ പേരിനൊരു വീടു പോലുമില്ല ആഭാഗത്ത്‌. ആയകാലത്ത്‌ ഏതോ നായരു കൂടുകെട്ടാന്‍ കെട്ടിയ ഇടിഞ്ഞു പൊളിഞ്ഞ ഒരു തറയുടെ അവശിഷ്ടം അവിടെയുണ്ട്‌. അതിനെ ചുറ്റിപറ്റി വളര്‍ന്നു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ്‌ പച്ചയും പൊന്തക്കാടുകളും. ഇടക്കിടെ കുറെ കശുമാവുകളും നല്ലമാവുകളും, തലപോയതും പോകാനായതുമായ തെങ്ങുകളും. ഇവിടം ഇപ്പോള്‍ പാമ്പ്‌, ചേമ്പ്‌, തേരട്ട, പഴുതാര, തേള്‍ മുതലായവയുടെ വിഹാര കേന്ദ്രമാണ്‌. നാട്ടിലുള്ള എല്ലാ തെണ്ടിപട്ടിപ്രജകളും കൂട്ടുകൂടുന്നതും കൂടിനിന്ന്‌ ഓലിയിടുന്നതും ഇവിടെതന്നെ. നാട്ടുകാരെല്ലാം വടക്കേപറമ്പെന്നു പറയുന്ന ഞങ്ങളുടെ വീടിന്റെ കിഴക്കെ പറമ്പ്‌.

ഞങ്ങള്‍, ധൈര്യം ഒന്നു ബെല്‍റ്റിട്ടു മുറുക്കാന്‍ വേണ്ടി, ഉറക്കെ പാട്ടുപാടികൊണ്ടാണ്‌ (നിലവിളിപോലെ) ഈ വഴിക്ക്‌ വരാറ്‌. ഇടക്ക്‌ കൂമന്റെയും കുത്തിച്ചൂളാന്റെയും ശബ്ദാനുകരണവും നടത്താറുണ്ട്‌. ഞങ്ങളുടെ പ്രകടനം ഇഷ്ടപെട്ടെന്നറിയിക്കാനായി, അവിടെയുള്ളപട്ടിപ്രജകള്‍, ഞങ്ങള്‍ക്ക്‌ കൂകലില്‍ സപ്പോര്‍ട്ടും തരാറുണ്ട്‌. ഈ പ്രദേശം എങ്ങനെയെങ്കിലും ഒന്നു കടന്നു കിട്ടെണ്ടെ? അങ്ങനെ ഏകദേശം പകുതിവഴി പിന്നിട്ടു കാണും. വഴിയില്‍ അതാകിടക്കുന്നു ഒരു 'അനിയത്തി അന്നാകോണ്ട'. സാമാന്യം ആറേഴടി നീളം കാണും. പാമ്പിന്റെ പിന്നാലെ വല്യ ഗവേഷണത്തിനൊന്നും പോകാത്തതിനാല്‍, ഏതാണ്‌ ജനുസെന്നൊന്നും ചോദിച്ചുകളയരുത്‌. എല്ലാം കോണ്ട തന്നെ, കടിച്ചാല്‍ മരിക്കും മരിച്ചില്ലേല്‍ ഭാഗ്യം. അത്രെം അറിയാം.

കോണ്ട കണ്ടതേ ഞങ്ങള്‍ രണ്ടുപേരും ശിലയില്‍ കൊത്തിവച്ച കവിതയായ്‌ മാറി. ഈ ശിലയാമഹല്യന്മാരെ ചവിട്ടിഞ്ഞെരിച്ചുണര്‍ത്താന്‍ ഇനിയേതു ദേവന്‍ വരും? ഇനിയെന്തു കുന്തം ചെയ്യും? കയ്യിലാണേല്‍ ഒരു കുന്തവുമില്ല. ആകെയുള്ളതോ ഒരു മഞ്ഞ നിറത്തിലുള്ള ഞെക്കുവിളക്ക്‌, മൂന്ന്‌ വോള്‍ട്ട്‌ സാനിയൊ ടോര്‍ച്‌. അനിയത്തികോണ്ട ഞങ്ങളെ നല്ലവണ്ണം നോക്കി, നീളം വണ്ണം നിറം എല്ലാം അതു കൂടാതെ കാലിന്മേല്‍ കൊത്താന്‍ പറ്റിയ ഒരു സീറോ പോയിന്റ്‌ പ്രത്യേകം കണ്ടുവെക്കുകയും ചെയ്ത്‌ അനങ്ങാതെ കിടന്നു. ഞങ്ങള്‍ പാമ്പിനെ നോക്കികൊണ്ടേയിരിക്കുവാണ്‌, ഭംഗി കാണാനല്ല, പേടികൊണ്ടാണേയ്‌ കോണ്ടി എവിടേക്ക്യാ നീങ്ങുന്നതെന്നറിയണമല്ലൊ. ആരുടെ കാലാണ്‌ കൊത്താന്‍ സെലെക്റ്റ്‌ ചെയ്തതെന്നും ഇതുവരെ പ്രഖ്യാഭിച്ചിട്ടില്ല. ഹരികൃഷ്ണന്‍സിലെ മീരയെപ്പോലെ ഈ കോണ്ടി ഇനിയെപ്പോഴണവൊ ഇല പൊട്ടിച്ച്‌ ടോസ്‌ ചെയ്യുന്നത്‌.

"നമുക്കിതിനെ കൊല്ലണം" സക്രു പറഞ്ഞു.

"അതിനിവിടെ വടിയൊന്നുമില്ലല്ലൊ തല്ലികൊല്ലാന്‍" രാത്രിയല്ലെ പാമ്പിനെ കൊല്ലാന്‍ കണ്ടനേരം, അതിനെങ്ങാന്‍ തിരിച്ചൊന്നു തരാന്‍ തോന്നിയാലോ? തീര്‍ന്നില്ലെ എല്ലാം. കൊല്ലണംപോലും."വടിയെല്ലാം ഞാന്‍ കൊണ്ടുവരാം" സക്രുവിന്‌ പാമ്പിനെ കൊല്ലാനുള്ള ജ്വരം കേറിയെന്നു തോന്നുന്നു. ഇവന്‍ വടികൊണ്ടുവരാന്‍ പോകുമ്പോള്‍ ഞാന്‍ എവിടെപോകും? പാമ്പ്‌ എവിടെപോകും? പിന്നെ കൃത്യനിര്‍വ്വഹണത്തിനായി മൂന്നുപേരും എങ്ങനെ ഒത്തു കൂടും?. യാതൊരു പ്ലാന്നിങ്ങുമില്ലാതെ ഞാന്‍ വടികൊണ്ടുവരാം എന്നു പറഞ്ഞാലെങ്ങനെ? അറ്റ്‌ലീസ്റ്റ്‌ പാമ്പിനെങ്കിലും ഒരു ഇന്‍വിറ്റേഷന്‍ കൊടുക്കേണ്ടെ? അഞ്ചു മിനിറ്റിനകം ഞങ്ങള്‍ നിന്നെ സ്വര്‍ഗ്ഗം കാണിക്കാനയി തിരിച്ചു വരാം. ഇവിടെ തന്നെ കാണണേ എന്നെല്ലാം. ഞാന്‍ ആകെ ആശയകുഴപ്പത്തിലായി.

"അപ്പോഴേക്കും പാമ്പ്‌ അതിന്റെ കാര്യൊം കഴിച്ച്‌ സ്ഥലം വിടും" ഞാന്‍ പറഞ്ഞു.

"അതിനൊരു സൂത്രമുണ്ട്‌. നീ ടോര്‍ച്ചിന്റെ ലൈറ്റ്‌ ഇതുപോലെതന്നെ നേരെ പാമ്പിന്റെ കണ്ണിലേക്കടിച്ചു പിടിക്കുക. പാമ്പിന്റെ കണ്ണു മഞ്ഞളിക്കും. അനക്കാതെ കെടുത്താതെ പിടിച്ചോണം. അല്ലേല്‍ പാമ്പ്‌ നിന്റെ കാലില്‍ കാണും." ഇതു പറഞ്ഞു അവന്‍ നടന്നു നീങ്ങി.

ഞാന്‍ എന്റെ സകലധൈര്യവും സംഭരിച്ച്‌, പാമ്പിനു നേരെ ഞെക്കു വിളക്കിന്റെ വെളിച്ചം തെളിച്ച്‌ നിന്നു. വിറക്കുന്ന പാദങ്ങളോടെ, വിങ്ങുന്ന ഹൃദയത്തോടെ, വരളുന്ന തൊണ്ടയോടെ. ഞാനും ഒരു പാമ്പും മുഖാമുഖം നില്‍ക്കുന്നു. അവളാണെങ്കിലോ കണ്ണു മഞ്ഞളിച്ച്‌, നമ്രശിരസ്കയായി, മണലില്‍ തലയും തല്ലി കിടക്കുന്നു. ജീവിതത്തിലാദ്യമായാണ്‌ ഇങ്ങനെയൊരാളുമായി അഭിമുഖം നടത്തുന്നത്‌. വീട്ടിലുള്ള പശു, ആട്‌, പൂച്ച എന്നീ ജീവികളെ അഭിമുഖം ചെയ്തിട്ടുണ്ടെന്നതൊഴിച്ചാല്‍ പിന്നെയങ്ങനെയൊന്നും ഉണ്ടായിട്ടേയില്ല. അഭിമുഖം ചെയ്യുമ്പോള്‍ വേറെ വല്ല കോണ്ടമാരൊ കോണ്ടിമാരോ മുഖം കാണിക്കാന്‍ അപ്‌ളിക്കേഷനും കൊണ്ടുവരുമൊ? അതോര്‍ത്തപ്പോള്‍ ശരീരത്തിലൂടെ ഒരു തണുപ്പന്‍ കടന്നുപോയി. ഓരോന്നുചിന്തിച്ച്‌ നിമിഷങ്ങളും‍ കടന്നു പോയി. അഭിമുഖം നീണ്ടുപോകുന്നു. അവനെവിടെപ്പോയി എന്നെ തനിച്ചാക്കിയിട്ട്‌? ഇപ്പോള്‍ ഒരു നാലഞ്ച്‌ മിനിട്ടായിക്കാണും.

"ടാ നീയെവിടാ"

"ഇപ്പൊവരാ..." അവന്

‍ഇതിനിടയില്‍ സക്രു ഏതോ ഒരു ശീമകൊന്നകണ്ടുപിടിച്ച്‌ അതിന്റെ കയ്യിലൊതുങ്ങാവുന്ന ഒരു കൊമ്പൊടിച്ചു. തേങ്ങയെറിഞ്ഞുടക്കുന്നപോലെ 7.1 ഡോള്‍ബി ഡിജിറ്റല്‍ 'ഠേ...' സൌണ്ടില്‍. അകലെ നിന്നുള്ള ഈ ശബ്ദം കേട്ട്‌ ഞാന്‍ ഞെട്ടി. എന്റെ കൈകള്‍ കിടുങ്ങി. ടോര്‍ചിന്റെ വെളിച്ചം തെറ്റി. അവസരം കാത്തിരുന്ന പാമ്പും തെറ്റി. നമ്രമുഖി മുഖമുയര്‍ത്തി എന്നോടടുക്കുന്നു. എന്തണിവളുടെ ഭാവം? ഒരുപിടിയുംകിട്ടുന്നില്ല. എനിക്കാണേല്‍, നട്ടുച്ചക്ക്‌ ടാറിട്ട റോഡിലെ ഉരുകികിടക്കുന്ന ടാറില്‍ ചവിട്ടിയപോലെ, കാലൊന്നനക്കാന്‍ വയ്യ. അതവിടെ ഫിറ്റായിപ്പോയ്‌. ടോര്‍ച്ചിന്റെ ലൈറ്റ്‌ വീണ്ടും കോണ്ടിത്തലയിലാക്കാനുള്ള ശ്രമം കുറച്ചു കഴിഞ്ഞപ്പോള്‍ വിജയം കണ്ടു. ഞാനാരാ മോന്‍? പിന്നെയും സര്‍പിണി‍ മഞ്ഞള്‍കണ്ണിയായി. സര്‍പ്പിണി നിന്നു. നമ്രശിരസ്കയായി.

"ടാ വാ" എന്റെ മോങ്ങല്‍ തുടര്‍ന്നു.

"ദേവരുന്നു...." അവന്‍ അടുത്തെത്തിയെന്ന്‌ തോന്നുന്നു.

റബ്ബേ ദേ ടോര്‍ച്ച്‌ കണ്ണുചിമ്മാന്‍ തുടങ്ങുന്നു. ബാറ്ററിയിലെ ചാര്‍ജ്‌ വറ്റുന്നു. ഇനി എങ്ങനെ പാമ്പിന്റെ കണ്ണില്‍ മഞ്ഞളടിക്കും? അതിനു മുമ്പ്‌ പാമ്പ്‌ എന്നെ നീലനടിക്കുമോ. അപ്പോഴേക്കും സക്രു തിരിച്ചെത്തി. സമാധാനമായി.

സക്രു പാമ്പിനടുത്തേക്കടിവെച്ചടുത്തു. വടി തലക്കുമീതെ പൊക്കിപിടിച്ച്‌ രണ്ടുകാലും അകത്തി വച്ച്‌ അല്‍പം കുനിഞ്ഞു നിന്നു. എന്നിട്ട്‌ അവന്റെയൊരു ചോദ്യം.

"ബിസ്മെ്യ‍ല്ലണോഡാ" എന്നിട്ടൊരു ചിരിയും. ഇവിടെ വിളക്കിന്റെ കാറ്റുപോകാറായിരിക്കുന്നു. പാമ്പിന്റെ മഞ്ഞള്‍ തീരാറായിരിക്കുന്നു. നൂറു മീറ്റര്‍ ഓട്ടത്തിനു കചകെട്ടിയപോലെ പാമ്പ്‌ മഞ്ഞപ്പ്‌ വിടാന്‍ കാത്തു നില്‍ക്കുന്നു. വേഗം ചെയ്യാനുള്ളത്‌ ചെയ്യാതെ കിന്നരിക്കാന്‍ നില്‍ക്കുന്നു അതിനിടയില്‍.

"നീ എന്തേലും ചെയ്യ്‌" ഞാന്‍ അക്ഷമനായി.

"യാ ശൈഖ്‌ യാ മുഹിയദ്ദീന്‍" എന്ന്‌ പറഞ്ഞ്‌ വടി ഒന്നുതാണു. 'ഠേ...' വീണ്ടും ദിഗന്തങ്ങള്‍ മുഴക്കുന്ന ശബ്ദം. അടികിട്ടിയപാമ്പിന്റെ മഞ്ഞപ്പ്‌ മാറിയെന്ന് സര്‍പ്പന്റെ അടുത്ത അടവ്‌ കണ്ടപ്പോള്‍ മനസ്സിലായി. ഇപ്പോള്‍ മഞ്ഞപ്പുമാറി ആകാശത്തില്‍ നക്ഷത്രങ്ങല്‍ തെളിഞ്ഞു കാണും. എന്നാലും അടുത്ത കുതിപ്പിന്‌ പാമ്പ്‌ എന്റെ കാലിനടുത്തെത്തി. ഷോക്കടി കിട്ടിയപോലെ ഞാന്‍ മുകളിലേക്കെറിയപ്പെട്ടു. വായുവില്‍ ഒരര്‍ദ്ധ നിമിഷം. അതാപോണൂ ഞാന്‍ താഴോട്ട്‌. വന്നു നേരെ ലാന്റ്‌ ചെയ്തത്‌ വലതുകാല്‍ പാമ്പിന്റെ തലയില്‍ ചവിട്ടികൊണ്ട്‌. ചതഞ്ഞ പാമ്പിന്‍ തല ഉപേക്ഷിച്ച്‌ അടുത്ത ചാട്ടവും അപ്പോള്‍ തന്നെ സംഭവിച്ചു. വാലുമാത്രം ഇളക്കുന്ന സര്‍പ്പന്റെ ബാക്കി കഥ സക്രു വടിതല്ലു നടത്തി തീര്‍ത്തു. അതിനുശേഷം വടികൊണ്ട്‌ കോരി എടുത്ത്‌ അടുത്ത പൊന്തക്കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞു. തിരികെക്കിട്ടിയ ജീവനും കൊണ്ട്‌ രണ്ടുപേരും കിട്ടാവുന്ന സ്പീഡില്‍ അവിടം കാലിയാക്കി.

ശുഭം അല്ല അശുഭം.

Sunday, December 03, 2006

കാളിയമര്‍ദ്ദനം (ഒന്നാം ഭാഗം)

എങ്ങും കുറ്റാകൂരിരുട്ട്‌. സമയം പാതിരാത്രി കഴിഞ്ഞുകാണും. ചീവീടുകളുടെ ശബ്ദവും അതിനു കൂട്ടിന്നായി തവളകളുടെ പേക്കൊം പേക്കൊം കരച്ചിലും. അകലെയെവിടെയോ ശ്വാന സംഗം അവരുടെ ഗാനമേള പൊടിപൊടിക്കുന്നു. ഒരു വിജനമായ പ്രദേശത്തു കൂടെ വീട്ടിലേക്കുള്ള യാത്രയിലാണ്‌ ഞാന്‍. പകലുപെയ്ത മഴയുടെ കാരുണ്യം കൊണ്ട്‌ കരകവിഞ്ഞ കുളം, വഴിയിലേക്കും പറമ്പിലേക്കും കവിഞ്ഞ്‌, പരന്നു കിടക്കുന്നു. നാട്ടുകാര്‍ നടന്ന് നടന്നുണ്ടാക്കിയ ഒരു നടവഴി. അതിനടുത്തായി ഒരു വലിയ പ്ലാവ്‌. കഴിഞ്ഞ വേനലിലെ കൊടും വെയിലില്‍ കൊഴിഞ്ഞ ഇലകള്‍ ഇനിയും കിളിര്‍ത്ത്‌ തുടങ്ങിയിട്ടില്ല.

സൈക്കിളും തള്ളി വഴിയിലെ വെള്ളത്തിലൂടെ കാലുകള്‍ വലിച്ചു വച്ചു നടന്നു. വെള്ളത്തിലുള്ള ചപ്പുചവറുകള്‍ ചെരിപ്പിനിടയില്‍ തടയുന്നുണ്ട്‌. എന്നാലും എത്രയും പെട്ടന്ന് ഇവിടം കഴിഞ്ഞു കിട്ടാന്‍ വേണ്ടി കാലുകള്‍ വലിച്ചു വച്ചു നടക്കുകയാണ്‌. കൂട്ടുകാരന്‍ അവന്റെ വീടെത്തിയപ്പോള്‍ ഞാന്‍ ഒറ്റക്കായി. അവന്റടുത്തുന്നു ആ ടോര്‍ച്‌ വാങ്ങാമായിരുന്നു. ഇനി പറഞ്ഞിട്ടെന്താ. ഈ പറമ്പുകഴിഞ്ഞു കിട്ടിയാല്‍ രക്ഷപ്പെട്ടു. വീട്‌ അടുത്തു തന്നെയാണ്‌.

പെട്ടെന്ന് എനിക്കൊരു തോന്നല്‍. ഞാന്‍ നടക്കുന്ന ശബ്ദമല്ലാതെ വെള്ളത്തില്‍ മറ്റൊരു ശബ്ദം കേള്‍ക്കുന്നുണ്ടോ? പെട്ടെന്ന് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു വലിയ പാമ്പ്‌ എന്റെ നേരെ ഇഴഞ്ഞിഴഞ്ഞു വരുന്നു. ഞാന്‍ സകല ശക്തിയുമെടുത്ത്‌ ഓടാനാഞ്ഞു. പക്ഷെ എന്റെ കാലുകള്‍ ചലിക്കുന്നില്ല. ഞാന്‍ നിന്നിടത്തു തന്നെ നിന്ന് തിരിയുന്നു. ഒരടിപോലും മുന്നോട്ടോ പിന്നോട്ടോ പോകുന്നില്ല. ഓടാനുള്ള ഊക്കം കൂട്ടുന്നതനുസരിച്ച്‌ തിരിയലിന്റെ ശക്തിയും കൂടികൂടി വന്നു. പാമ്പ്‌ എന്റെ അടുത്ത്‌ എത്തിതുടങ്ങി. കുറെ നേരത്തെ ശ്രമത്തിനുശേഷം ഞാന്‍ വെള്ളത്തില്‍ നിന്നൊരുവിധം കരയിലെത്തി. സൈക്കിളില്‍ കയറാനോ ചവിട്ടാനോ പറ്റുന്നില്ല. പാമ്പ്‌ പിന്നാലെ വരുന്നുണ്ട്‌. ഓടിയില്ലെങ്കിലും വേണ്ട പതുക്കെയെങ്കിലും നടക്കാമെന്നു കരുതി നടന്നു. അല്‍പം ചെന്നപ്പോള്‍ തെങ്ങോലയില്‍നിന്നൂര്‍ന്നുവീണ മറ്റൊരു പാമ്പ്‌ എന്റെ കൈകളിലൂടെ സൈക്കില്‍ ഹാന്‍ഡിലില്‍ ചുറ്റി കിടന്നു. സൈക്കിള്‍ തള്ളി മാറ്റിയിട്ട്‌ ഞാന്‍ അവിടുന്നും ഓടി.

അയല്‍പക്കത്തെ സത്യന്റെ വീട്ടിലെ ടോമി, ഇന്നു കാലത്തു വരെ ഞങ്ങള്‍ നല്ല സൌഹൃദത്തിലായിരുന്നു, എന്റെ ഈ ഓട്ടവും വരവും കണ്ട്‌, എന്റെ പിന്നാലെ കുരച്ചുകൊണ്ടോടിവന്നു. കൂടെ വേറെ നാലഞ്ച്‌ നായ്ക്കളും. പ്രാണന്‍ കിട്ടിയാല്‍ മതിയെന്ന മട്ടിലെ ഓട്ടം നിര്‍ത്തിയത്‌ എന്റെ റൂമിന്റെ ജനാലക്കു പിറകില്‍. എന്റെ ശ്വാസൊഛാസം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഹൃദയമിടിപ്പ്‌ കൂടി കൂടി വരുന്നു.

ജനല്‍പാളിയുടെ ഇടയിലൂടെ എന്റെ ശര്‍ട്ടിന്റെ ഒരറ്റം കാണുന്നു. ഞാന്‍ അതു പതുക്കെ പിടിച്ചു വലിച്ചു. ജനല്‍ തുറന്ന് കുപ്പായം കയ്യിലായി. അതോടൊപ്പം അവിടെനിന്നൊരുകൂട്ടം തവളകള്‍ എന്റെ നേരെ ചാടി. തവളകള്‍ ശരീരത്തില്‍ പറ്റാതിരിക്കാന്‍ ഒഴിഞ്ഞുമാറിയ ഞാന്‍ കാലുതെറ്റി മലര്‍ന്നടിച്ചു വീണു. മന്‍ഢൂകങ്ങള്‍ എന്റെ മണ്ടയില്‍ ടപ്പാംകുത്ത്‌ നടത്തി. എന്റെ ഹൃദയമിടിപ്പു നിന്ന പോലെ തോന്നി. ഞാന്‍ ശക്തിയായി കിതച്ചു കൊണ്ടിരുന്നു.

"ടാ സുല്ലേ ടാ സുല്ലേ എന്തു പറ്റ്യേഡാ..." കൂടെ കിടന്നുറങ്ങിയിരുന്ന സക്രുവിന്റെ ശബ്ദം കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു. അപ്പോഴും ഞാന്‍ കിതച്ചുകൊണ്ടേയിരുന്നു.

ഇന്നലെ രാത്രി നടന്ന ആ ഭീകരസംഭവം കറന്റടിച്ചപോലെ എന്റെ തലയിലൂടെ മിന്നിമാഞ്ഞു.

(തുടരും)