Tuesday, October 31, 2006

എല്ലാം തിരിച്ചുചോദിക്കുക

പ്ലാസ്റ്റിക് കുപ്പികളിലാക്കിയ ശുദ്ധജലം
നമ്മുടെ ജീവിതമായതെങ്ങനെ?

കേരളപ്പിറവിദിനാശംസകള്‍ ഒരിക്കല്‍ കൂടി.

എന്റെ സാഗരം.കോം ല്‍ നിന്ന്.

-സുല്‍

Monday, October 30, 2006

മുഖം തിരിക്കുന്നത്

മുഖം തിരിക്കുന്നത്
കണ്ണില്‍ നോക്കുവാനാവാത്ത നേരം
മനസ്സിനെ
ഒന്നുമറക്കാനൊരുങ്ങിടുമ്പോള്‍

കൊടും സങ്കടങ്ങളില്‍
തിരിച്ചുപോകും
പിന്നിലെയിരുളില്‍ മനമൊതുക്കാം

സ്വന്തമുള്ളിലെ
അപഹരണ ചിന്തയെ
മറക്ക്യാം

സ്നേഹവും പ്രണയവും
ഒന്നുമെയില്ലെന്നു പറഞ്ഞൊഴിയാം.

ഭീതിതമെങ്കില്‍ മുഖം തിരിക്കാം
ഉള്ളം-
ചകിതമല്ലെന്നും നിനക്കാം.

കാണേണ്ട നിന്നെ....
വെറുപ്പോടെ തിരിച്ചു പോകാം.

ഒന്നു കൂടി നിന്റെ കണ്ണുകണ്ടാല്‍
ഒട്ടു സ്നേഹിച്ചുപോയെങ്കിലോ?
നിനക്കും
മുഖം തിരിക്കാം.

-സുല്‍

Sunday, October 29, 2006

കേരളം - ഒരു കുട്ടിക്കവിത

അന്ന് (ഇന്ന്)
“അമ്മേ അമ്മേ പൊന്നമ്മേ
കുട്ടനു തിന്നാനെന്തമ്മേ“
“ചോറും കറിയാം സാമ്പാറും
കുട്ടനു വേണ്ടി റെഡിയല്ലൊ”
കുട്ടനുവേണ്ടീ സാമ്പാറ്
കുട്ടനുവേണ്ടീ പഴഞ്ചോറ്
കോക്കും പിസ്സയും വേണമമ്മേ
കുട്ടനുതിന്നാനെന്നെന്നും”.

“അമ്മേ അമ്മേ പൊന്നമ്മേ
കുട്ടനുസ്കൂളില്‍ പോണമമ്മേ”
“ബാഗും കുടയും പുസ്തകവും
കുട്ടനുവേണ്ടി റെഡിയല്ലോ”
“കുട്ടനുവേണ്ടീ ബ്ലൂ ബാഗ്
കുട്ടനുവേണ്ടീ ബ്ലാക്ക് കുട.
കുട്ടനുവേണം സ്കൂബീ ബാഗ്
കുട്ടനുവേണം പോപ്പിക്കുട”

ഇന്ന് (നാളെ)

“കുട്ടാ കുട്ടാ പോരുന്നോ നീ
എന്നുടെകൂടെ ഒരിടം വരെ”
“ക്വട്ടേഷന്‍ തന്നാല്‍ പോരാം ഞാന്‍
കൈകള്‍ കാലുകളരിഞ്ഞീടാം
വേണേല്‍ തലയുമരിഞ്ഞീടാം
കൂടുതല്‍ പണം തന്നീടില്‍”

“ഏവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍”

Thursday, October 26, 2006

എന്‍ പ്രിയസഖി

അന്നവള്‍ അതിമനോഹരിയായിരുന്നു
മുടിയില്‍ മനം മയക്കും മുല്ലപ്പൂ
നെറ്റിയില്‍ ചുവന്ന കുങ്കുമം
ഇളം മേനിയില്‍ ഒരു പട്ടുസാരിയും

എന്നെ തിരയുകയായിരുന്നോ ആ നീലകണ്ണുകള്‍
സ്നേഹമൂറും പുഞ്ചിരിയും എനിക്കായിരുന്നോ?
അവളുടെ നനുത്ത ചുണ്ടുകളെന്നെ വരവേറ്റു
കൈകളിലൊതുക്കീ അവളെന്‍ കൈകളെ.

ഞാനെത്രമാത്രം അവളെ സ്നേഹിക്കുന്നു
ഞാനെത്രമാത്രം അവളെ ആഗ്രഹിക്കുന്നു
ഒരുകടലോളം സ്നേഹം -
അവള്‍ക്കായുണ്ടെന്‍ ഹൃത്തില്‍

ഒരു ജന്മത്തിന്‍ സാഫല്യമായ്
നാമലിഞ്ഞുചേരുമൊരുദിനം
ദു:ഖങ്ങളിലെന്‍ തുണയായ്
ആനന്ദങ്ങളില്‍ പങ്കാളിയായ്

നാമൊരുമിചൊരു ജീവിതം
എന്‍ കുഞ്ഞുങ്ങള്‍ക്കമ്മയായ്
വീടിന്നു കെടാവിളക്കായ്
ജീവിതാന്ത്യം വരെ നീ

വികലമാം സങ്കല്പങ്ങള്‍...
മന്ദഹസിചൂ ഞാന്‍ അവളെനോക്കി
കൈമാറി കുറച്ചു പൂക്കള്‍
നേര്‍ന്നു ഞാന്‍ “വിവാഹമംഗളാശംസകള്‍”

-സുല്‍

Sunday, October 15, 2006

ഒരു കത്തും പിന്നെ ഞാനും.

സ്വഭാവ സാക്ഷിപത്രങ്ങളുടെ ഒരു ജൈത്രയാത്രയായിരുന്നു എന്റെ ജീവിതം. എല്ലാരും പറയും “സുല്‍ഫി നല്ല കുട്ടിയാണ്”. വീട്ടുകാര്‍ മുതല്‍ ടീചര്‍മാര്‍ തുടങ്ങി വാടാനപ്പള്ളി, തളിക്കുളം ദേശവാസികള്‍ക്കെല്ലാം ഞാന്‍ ഒരു നല്ലപ്പിള്ളയായി. ഇങ്ങനെയെല്ലാം ഇവരെക്കൊണ്ടു പറയിപ്പിക്കാ‍നും കാണുമല്ലോ ഒരു കാരണം. സാധാരണ കുട്ടികള്‍ കാണിക്കാറുള്ള വിക്രിതികളിലൊ, കളികളിലൊ ഒന്നും ഞാന്‍ പങ്കെടുക്കാറില്ല. നല്ല പേരങ്ങാനും വിസയും പാസ്പോര്‍ടും ഉണ്ടാക്കി കപ്പലേറിപ്പോയാലൊ. പിന്നെ പിടിച്ചാല്‍ കിട്ടില്ലല്ലൊ. നല്ലപിള്ള് ചമഞു വീട്ടില്‍ തന്നെ സ്വന്തമായ കളികളില്‍ കഴിചു കൂട്ടും. ഇതുമൂലം മറ്റുകുട്ടികളും എന്നെ ഒന്നു വേറിട്ടാണു കണ്ടിരുന്നത്. അതുമൂലം ആരുമായി അത്ര വലിയ ചങ്ങാത്തമൊന്നും ഇല്ലായിരുന്നു എനിക്ക്.

വീട്ടില്‍ വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുകയാണ് “ഇവളുടെ മുഖമെന്താ കടന്നെല്ലു കുത്തിയപോലെ”. എന്നാലും ചോദിക്കാന്‍ പോയില്ല. പെണ്ണല്ലേ, എന്തേലും കാണും. എല്ലാം കഴിയുമ്പൊള്‍ വന്നു പറയും. കാത്തിരിക്കുക തന്നെ. ഇനി കേറി ചോദിച്ചു പോയാലൊ? പിന്നെ ഡിമാന്റ് കൂടും. അതു വേണ്ട. ഇതെല്ലാം മനസ്സിലാവാന്‍ പി എച് ഡി ഒന്നും എടുക്കേണ്ട ഒന്നു എകൊണൊമിക്സ് പഠിച്ചാ‍ല്‍ മതി.

ചായ മേശപ്പുറത്തെത്തിയപ്പോഴും മുഖത്തെ നീരു വറ്റിയിട്ടില്ല.
“നടക്കട്ടെ“ ഞാനും കരുതി.

“ഇക്കാക്ക് ഞാന്‍ ആരാ?” ഇതെന്തൊരു ചോദ്യം. കല്യാണം കഴിഞ്ഞു 5-6 മാസമാവും മുന്‍പ് ഇങ്ങനെയും ചോദിക്കുമൊ. അതും നാട്ടില്‍ ആ‍കെ മൊത്തം അരിചു പെറുക്കിയാല്‍ കിട്ടുന്ന ഏക “നല്ലവന്‍” ആയ എന്നോട്.

“എന്തെ? ഇപ്പൊ എന്തു പറ്റി?” എന്റെ മറുചോദ്യം.

“ആരാ ഞാന്‍?” - ഇവള്‍ ഇറങ്ങാനുള്ള പുറപ്പാടില്ല. ഇനി ഞാന്‍ വലിഞ്ഞു കേറണൊ?

“എന്താ കാര്യം അതു പറ. അല്ലാതെ നീ വെറുതെ...?” ഞാന്‍.

“ഞാനെന്തു പറയാനാ. ഓരോരുത്തരുടെ ഇഷ്ടം അല്ലെ” (എന്താ ആ കോര്‍ണര്‍ കിക്കിന്റെ ഒരു വശ്ശ്യത).

“നീ കാര്യം പറ പെണ്ണെ” ഞാന്‍ പിച് ഒന്നു താഴ്തി. (വീഴുമെങ്കില്‍ വീഴട്ടെ)

“ഞാന്‍ ഇന്നു ഇക്കാടെ ഒരു കത്തു വായിചു” - അവള്‍

“വീണെന്നു തോന്നുന്നു. അങ്ങനെ വഴിക്കു വാ” ആത്മഗതം. “അതിനെന്താ?” നാവ്ഗതം.

“ഇക്ക ഇങ്ങനെ ഒരാളാണെന്നു ഞാനെന്റ്റെ സ്വപ്നതില്‍ പോലും കരുതിയില്ല” - എന്റ്റുമ്മൊ ദേ വരുന്നു അടുത്തത്.

“ആ കത്തു ഞാന്‍ കീറി കളഞ്ഞു”. ഇപ്പൊ ഞാന്‍ ശരിക്കും ഞെട്ടി.

ഇതെന്താ എനിക്കു കിട്ടാതെപോയ എതെങ്കിലും പ്രേമലേഖനം? ഇവളുടെ കയ്യേല്‍ ആരാ നേരിട്ടു കൊണ്ടു വന്നു കൊടുത്തത്? എന്നാലും കൊടുത്ത ആള്‍ കൊള്ളാലൊ. പെണ്ണു കെട്ടി വര്‍ഷം പകുതി ആയി. എന്നിട്ടും ലൌ ലെറ്റര്‍. ശെശെ മോശം മോശം. ചായകുടി അത്ര മതി. ഇനി കാര്യമെന്തെന്നറിയണം. ആ കത്തൊന്നു കാണണമല്ലൊ. ഞാന്‍ പതുക്കെ അടുത്തുകൂടി.

“എന്തെ എന്നെ കാണിക്കാതെ കീറിക്കളഞ്ഞത്? എന്നിട്ടതെവിടെ?”

“അതെന്തിനാ ഇനി? ഇനിയും കാണണൊ?” - ങെ, കാണാനുള്ള കത്തൊ?

“അവിടെ കബോര്‍ഡില്‍ വചിരുന്നില്ലെ ഒരു കത്ത്, അത്, അതിനി കാണേണ്ട.” അവള്‍.

അയ്യൊ. അതൊ. എന്റെ ഞെട്ടല്‍ ഒരു വിറയലിലേക്കു കാല്‍ വെച്ചു തുടങ്ങി. ഇനി ഞാനിതെങ്ങനെ പറഞ്ഞു മനസ്സിലാക്കും. എന്റെ റബ്ബെ. ചതിചൊ? എന്റെ വിവാഹ ജീവിതം ഇനി എങ്ങനെ മുന്നോട്ടു പോകും. ഇനി ഇവള്‍ക്കെന്നോടുള്ള സമീപനം എങ്ങനെ. ഇത്രയും കാലം കാലു വളരു കൈ വളരു എന്നു നോക്കി കൊണ്ടു നടന്ന എന്റെ നല്‍(സല്‍)സ്വഭാവത്തിനു വിസയും പാസ്പോര്‍ട്ടും കിട്ടിയൊ? ഇതിനി കപ്പലിലൊ അതൊ ഫ്ലൈറ്റിലൊ കേറിപോയത്. ഒന്നു കാണാന്‍ പോലും പറ്റിയില്ല.

“അതെനിക്കുള്ള കത്തല്ല” ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു.

“പിന്നെ സുല്‍ഫിക്കര്‍ എന്നെഴുതിയ കത്ത് ഇക്കാടെ അല്ലാ‍തെ പിന്നെ...? “ അവള്‍ വിടാനുള്ള ഭാവമില്ല.

“ആ കീറികളഞ്ഞ കത്ത് എവിടെ”

“അതു ഞാന്‍ തരില്ല”

“എന്നാല്‍ എന്റെ പേരെഴുതിയ കവര്‍ എവിടെ?” എനിക്കു ബുദ്ധി വന്നു തുടങ്ങി. ഇനി ഓക്കെ.

“എനിക്കു കാണണം”

“എന്നാ വാ” - നേരെ പടിഞ്ഞാപുറത്തെ തെങ്ങിഞ്ചുവട്ടിലേക്ക്. അടിചുവാരിയ ചവറുകളുടെ കൂട്ടത്തില്‍ കുറെ കടലാസു കഷണങ്ങള്‍. അതില്‍ നിന്ന് ചുവപ്പും നീലയും അടയാളങ്ങള്‍ ഉള്ള പേപ്പറുകള്‍ അവള്‍ എടുത്തു തന്നു. ഞാന്‍ എല്ലാം ഒത്തു നോക്കി. അഡ്രസ്സു കാണുന്നില്ലല്ലൊ പടചോനെ. “സുല്‍ഫിക്ക” വരെ കിട്ടി. ഇനി ബാക്കി. വീണ്ടും എന്റെ സ്വന്തം നേത്ര്‌ത്വതില്‍ ഒരു തിരചില്‍. അതാവരുന്നു ഒരു തുണ്ടുകൂടി. അതിങ്ങനെ “ര്‍ പി.യു”. അപ്പൊ ആകെ മൊത്തം “സുല്‍ഫിക്കര്‍ പി. യു”. ഇതു ഞാനല്ല. ഞാന്‍ വി. യു ആണ്. അവളെ ഒരുവിധം പരഞ്ഞു മനസ്സിലാക്കി.

“അപ്പൊ ഈ കത്തെങ്ങനെ ഇവിടെ വന്നു” ചോദ്യം ന്യായം.

“എന്റെ കൂട്ടുകാരന്‍ കാസിം ഷാര്‍ജയില്‍ നിന്നു വന്നപ്പൊള്‍ കൊണ്ടുവന്നകത്താണത്. അവന്റ്റെ അറിവിലുള്ള ഏക സുല്‍ഫി ഞാനായതു കൊണ്ടും ഇന്നലെ അവന്‍ എന്നെ വഴിയില്‍ വച്ചു കണ്ടതു കൊന്ടും ഇതു ഇപ്പൊ ഇവിടെ എത്തി.”

ഈ കത്തു ഞാന്‍ പൊട്ടിച്ചു കണ്ടതാണ്. അതു അപ്പൊ തന്നെ കീറികളയാന്‍ തോന്നിയതാ. പക്ഷെ മറ്റൊരാളുടെ കത്തല്ലെ. അടച്ചു അലമാരയില്‍ വച്ചു. ഇത് എന്റെ അപര‍നു കൊടുക്കണൊ വേണ്ടെ? ധര്‍മ്മ സങ്കടം. കൊടുക്കാ‍ന്‍ പറ്റിയ മുതല്‍ അല്ല അതിനകത്ത് ഉള്ളത്. ഒരു പേജ് തെറിയും ഒരു തെറി പടവും. കൊടുത്തില്ലേല്‍ ഞാന്‍ പിന്നെ കത്തു കട്ടവന്‍ ആവും. അപ്പൊഴും കിട്ടും വിസയും പാസ്പോര്‍ട്ടും. പിന്നെ കൊടുക്കാമെന്നു കരുതി അലമാരയില്‍ വെച്ച ആ കത്തിന്റെ അന്ത്യം ഇങ്ങനെ ആവുമെന്നാരു കണ്ടു.

(ഞങ്ങളുടെ ഇനീഷ്യലുകള്‍ ഒന്നായിരുന്നെങ്കില്‍ ഞാനിന്നാരായെനെ?)

Wednesday, October 11, 2006

ഭൂമിയിലെ സ്വര്‍ഗ്ഗം.

ബാല്യത്തിന്‍ വളപ്പൊട്ടുകള്‍ പെറുക്കിയെടുത്ത എന്‍ കളിമുറ്റം
മൂവാണ്ടന്‍ മാവില്‍ കണ്ണിമാങ്ങയെറിഞ്ഞും
പാ‍ഠപുസ്തകത്തില്‍ മയില്പീലി സൂക്ഷിച്ചും
കൊഴിഞ്ഞുപോയ ഓരൊ ദിവസവും.
അറിഞ്ഞില്ല ഞാനെന്‍ കാലത്തിന്‍ നെട്ടോട്ടത്തെ.
എല്ലാം ഓടിയകലുകയായിരുന്നു എന്നില്‍ നിന്നും.
എവിടെയോ പോയ് മറയുകയായിരുന്നു.
ഇന്നെ‌ന്റെ ചുണ്ടില്‍ മധുരിക്കും പാട്ടിനീണമില്ല
കൈകളില്‍ കുപ്പിവളയുടെ പൊട്ടിചിരിയില്ല
പുത്തനുടുപ്പിന്‍ മടുപ്പിക്കും മണമില്ല
കാലില്‍ പാദസ്വരത്തിന്‍ കൊഞ്ചലില്ല
സങ്കല്പ ഗോപുരങ്ങള്‍ താനെയുടഞ്ഞു
ജീവിത യഥാര്‍ത്ഥ്യങ്ങളിന്നെന്റെ സൌന്ദര്യം കവര്‍ന്നു
ഞാനും എന്റെ മണ്‍കുടിലും ഇന്നെനിക്കു സ്വന്തം.
സാന്ത്വനത്തിന്റെ തലോടലായ്
ഓര്‍മ്മയിലെ സുഗന്ധം പേറി
സങ്കല്പത്തിന്റെ വാതില്‍ ചാരി
ഞാനിന്നുമൊറ്റക്ക്
എന്നുമ്മറപ്പടിയില്‍...
ആരെയൊ കാത്ത്...
ഇതെന്റെ സ്വര്‍ഗ്ഗം....
ഭൂമിയിലെ സ്വര്‍ഗ്ഗം.

(എന്റെ കുഞ്ഞനുജത്തി ഷിബി എഴുതിയത്)

Tuesday, October 10, 2006

മീന്‍ നുള്ള്.

രാത്രിയിലെ ഭക്ഷണത്തിനു മുന്‍പ് കിലൊക്കണക്കിനു ഉറക്കം തൂക്കിക്കൊടുക്കല്‍ എന്റെ ഒരു സ്ഥിരം പരിപാടിയായിരുന്നു. ബുക്കും കിതാബും എടുത്ത് ദിക്‍‌ര്‍ ചൊല്ലല്‍, കണക്കുചെയ്യല്‍ എന്നീ കലാപരിപാടികള്‍ക്കിരുന്ന് അതിന്റെ ആദ്യ പാദത്തില്‍ തന്നെ തുടങ്ങും തൂക്കിക്കൊടുപ്പ്.

അടികളുടെയും വഴക്കിന്റെയും അകമ്പടിയോടെ കണക്കെല്ലാം ഒരു കണക്കിനു കണക്കാക്കിവെക്കും. പിന്നെയും തുടരും എന്റെ തൂങ്ങല്‍.

ഇടക്കു ഉമ്മാചോദിക്കുന്നതു കേള്‍ക്കാം “എത്ര കിലോ അയി ഇപ്പൊ?”

ഇതിനിടയില്‍ ഇത്തയും അനിയത്തിയും അവരുടെ ജോലി തീര്‍ത്ത് സ്ഥലം വിട്ടു കാണും.
ഇനിയാണ് ഊണിങ്. അതിനു ചോറും കറിയും ആണ് എന്നും. മീന്‍ കറി ഈസ് എ മസ്റ്റ്. എനിക്കല്ലട്ടൊ. ഉപ്പാക്ക്. എനിക്കൊരു പരിപ്പുകറി മതി. മി ഹാപ്പി. എന്നാലും എല്ലാര്‍ക്കും ഉണ്ടാവും മീങ്കറി സെപെരേറ്റ്.

തൂക്കം പിടിക്കുന്ന എനിക്കു ചോറു വാരിത്തരിക എന്ന മഹനീയകര്‍മ്മം ഇത്ത അല്ലേല്‍ അനിയത്തി അരേലും ഏറ്റെടുക്കും. ഒരു പിടി ചോറിനു ഒരു നുള്ള് മീന്‍ ഇതാണു കണക്ക്.

ഒന്നൊ രണ്ടൊ പിടി ചോറിനു കൂടെ മീന്‍ നുള്ള് പിന്നാലെ വരും. അപ്പോഴേക്കും ഞാന്‍ ഉറക്കത്തിന്റ്റെ മൂര്‍ദ്ധന്യതയില്‍ എത്തിക്കാണും. പിന്നെ വരുന്ന പിടിയിലാണു വാരിതരുന്നവരുടെ ആത്മാര്‍തത തളം കെട്ടി കിടക്കുന്നത്. പിന്നാലെ വരുന്ന മീന്‍ നുള്ള് കൊടപ്പുളി നുള്ള് ആണെന്നു മാത്രം. മീന്‍ നുള്ള് സ്വന്തം വായിലേക്കും.

ഈ ഇത്തമാരുടെ ഓരൊ കാര്യങ്ങളെ!