Friday, April 24, 2009

പുട്ട്മിണുങ്ങി ഏലിയാസ് കിട്ടുണ്ണിമാഷ്

തളിക്കുളം, പ്രശാന്ത സുന്ദരമായ ഒരു കൊച്ചു ഗ്രാമം. ഒരു ടിപ്പിക്കല്‍ കേരളഗ്രാമത്തിന്റെ ഡിഫൊള്‍ട്‌ സെറ്റിങ്ങ്സെല്‍ ഉള്ള, കേരള ഭൂമിശാസത്രത്തിന്റെ ഒരു സുവര്‍ണ്ണ ഏട്. കേരലത്തിന്റെ കള്ളുതലസ്ഥാനമായ അന്തിക്കാടും മുറ്റിച്ചൂരും ഭാഗങ്ങളെ തന്നില്‍ നിന്ന് കഴിയുന്നത്ര അകറ്റി നിര്‍ത്താന്‍ തളിക്കുളത്തിനു കിഴക്കേ അതിര്‍ത്തിയില്‍ കനോലിക്കനാല്‍ ഒരിക്കല്‍ നിറഞ്ഞും പിന്നെ നിറയാതെയും ഒഴുകുന്നു. പടിഞ്ഞാറ്‌ ഇന്ത്യയുടെ അതിര്‍ത്തി അറബി കടല്‍. വടക്കും തെക്കും രണ്ടു ഭീമാകാരന്മാരായ പഞ്ചായത്തുകള്‍ വാടാനപ്പള്ളിയും നാട്ടികയും. ഇവരുടെ ഇടയില്‍ കിടന്നു വികസനകാര്യത്തില്‍ ശ്വാസമ്മുട്ടി മരിക്കാറായിരിക്കുന്നു എന്റെ കൊച്ചു ഗ്രാമം. ഏതായാലും പറഞ്ഞുവന്നതിതല്ല.

ഈ ഗ്രാമത്തിലെ പത്താംകല്ല്‌ എന്ന പേരുള്ള ഒരു കൊച്ചു പ്രദേശം. അവിടുത്തെ ബാലികാബാലന്മാരുടെ ഹയര്‍ എഡുക്കേഷന്റെ അനന്തസാധ്യതകളുടെ അവസാനവാക്കായ സി യം എസ്‌ യു പി സ്കൂള്‍. ഈ സരസ്വതീമന്ദിരത്തിന്റെ ജീവാത്മാവും പരമാത്മാവുമായ കിട്ടുണ്ണി മാഷ്‌.

അഞ്ചര അഞ്ചെമുക്കാലടി പൊക്കം കറുത്ത്‌ മെലിഞ്ഞ ശരീരപ്രകൃതി. മുഖത്തൊരു വട്ടക്കണ്ണട. ഹിറ്റ്‌ലര്‍ സ്മരണകളുറങ്ങുന്ന ഇരുവര മീശ. ബാക്കിയുള്ള മാലോകരെയെല്ലാം പുച്ഛം നിറഞ്ഞ നോട്ടം. (ജന്മനാ അന്ധന്‍ എന്ന പോലെ ജന്മനാ പുച്ഛന്‍) ഇടതുകക്ഷത്ത്‌ ഇറുക്കിപ്പിടിച്ച മുണ്ടിന്‍ തലപ്പ്‌. കയ്യില്‍ തന്നെക്കാള്‍ വീതിയേറിയ ലാത്തി. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പേടി സ്വപ്നം. ഇതാണ്‌ കിട്ടുണ്ണിമാഷുടെ ഒരു പൂര്‍ണ്ണകായ ഹിസ്റ്ററി.

വിദ്യാര്‍ത്ഥികളെയെല്ലാം ഇടം വലം വീക്കി വീക്കി മുന്നേറുന്ന മാഷിന്‌ ഒരേ ഒരു വീക്നെസ്സെ ഉള്ളൂ ഈ ഭൂമി മലയാളത്തില്‍. അതാണ്‌ ഇപ്പോള്‍ ചുട്ടെടുത്ത ആവിപറക്കും പുട്ട്‌. അതെ, താങ്കള്‍ മനസ്സില്‍ കണ്ടതു തന്നെ, അരിപ്പുട്ട് ബിറ്റ്‌വീന്‍ ബിറ്റ്‌വീന്‍ അരി പൊടിയും തേങ്ങ ചിരവിയതും അഞ്ചെ ഇസ്റ്റു ഒന്ന് എന്ന പ്രൊപോഷനില്‍ ഒരു അലുമിനിയം പൈപിനകത്ത് ഇന്‍സര്‍ട്ട് ചെയ്ത്, അടുപ്പത്തുള്ള പോട്ടില്‍ വെള്ളം ബോയിലിയിട്ട്, അതിന്റെ സ്റ്റീം കൊണ്ട് ഉണ്ടാക്കുന്ന അതേ പുഡ്ഡിംഗ്‌ തന്നെ. റൈസ്റ്റ് സ്റ്റീം കേക്ക്. ഇപ്പോള്‍ മനസ്സിലായില്ലെ ഗ്രാമത്തിലാണേലും മോഡേണ്‍ ഫുഡ്ഡാണ് മാഷിനിഷ്ടമെന്ന്.

മൂന്ന് അമ്പത്തി അഞ്ചിന് ‘ജനഗണമന‘ തുടങ്ങുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നിന്ന് പുസ്തകങ്ങളും പേന പെന്‍സില്‍ മറ്റു മാരകായുധങ്ങളുമെല്ലാം ബാഗില്‍ എടുത്ത് വച്ച് ഓടാനായി നില്‍ക്കും. കിട്ടുണ്ണിമാഷ് മാഷാണെങ്കിലും മാഷും അറ്റന്‍ഷനായി നിന്ന് ഒരുക്കങ്ങള്‍ തുടങ്ങും പുറപ്പെടാനായി. സ്കൂള്‍ വിട്ടാല്‍ മാഷ്‌ നേരെ വച്ചു പിടിക്കും പത്താംകല്ലു സിറ്റിയിലേക്ക്‌.

പത്താംകല്ലെന്നു പറഞ്ഞാല്‍ അതൊരു ഒന്നൊന്നര സിറ്റിയാണേ. സിറ്റിക്ക്‌ ഒത്ത നടുവില്‍ ഒരു പേരാല്‌. അതില്‍നിന്നും പെരുപാമ്പുകളെപ്പോലെ തൂങ്ങിക്കിടക്കുന്ന വേരുകള്‍. അതിനടിയില്‍ വിജയേട്ടന്റെ കപ്പലണ്ടി പീട്യ. റോഡിനിരുവശവുമായി മറ്റു ചില പീട്യകള്‍. കെ എസ്‌ തളിക്കുളത്തിന്റെ പാത്രക്കട. സക്ക്രിയക്കാടെ പലചരക്കുകട, ബാബുന്റെ മുടിവെട്ടുകട, ഇമ്പോര്‍ട്‌ എക്സ്പോര്‍ട്ട്‌ എമ്പ്ലോയീസ്‌ യൂണിയന്‍ ഓഫിസ്‌, പിന്നെ അന്തിക്കൊന്നു മിനുങ്ങാന്‍ ഒരു കള്ളുഷാപ്‌. റോഡിനു മറുവശത്തായി കുതിരക്കാരന്റെ സൈക്കിള്‍ കട, ഈ കടയ്ക്കടുത്തുള്ള മധുരിമ ഫൈവ്‌ സ്റ്റാര്‍ തട്ടുകടയാണ്‌ മാഷുടെ അന്തിമലക്ഷ്യം .

മധുരിമയില്‍ നിന്നൊരുകുറ്റി ആവിപറക്കും പുട്ടുതട്ടിയില്ലേല്‍ അന്നേദിവസം മാഷിന്‌ അപൂര്‍ണ്ണമാണ്‌. ഹോട്ടലില്‍ വരുന്നതിനും പുട്ടകത്താക്കുന്നതിനും പുറത്തുവന്ന്‌ വിജയേട്ടന്റെ പീട്യേന്ന്‌ ഒരു ചാര്‍മിനാര്‍ പുകക്കുന്നതിനും പിന്നെ തന്റെ വീടിനടുത്തേക്ക്‌ പോകുന്ന കെ കെ മേനോന്‍ ബസ്സില്‍ കയറി സ്ഥലം കാലിയാക്കുന്നതിനും ബസ്സിനേക്കാളും കിറുകിറുത്യമായ സമയ നിഷ്ടയുണ്ടായിരുന്നു മാഷിന്‌. മാഷ്‌ വരുന്ന സമയം നോക്കി കയ്യേല്‍ കിടക്കുന്ന വാച്ചിന്റെ സമയം വരെ അഡ്ജസ്റ്റ്‌ ചെയ്യാമെന്നൊരു കിംവതന്തി പത്താംകല്ല്‌ ദേശീയപാതയിലൂടെ ഇടക്ക്‌ ലൂണ ഓടിച്ചു പോകുന്നതു കാണാം.

പതിവുപോലെ അന്നും മധുരിമയിലെ ആവിപറക്കുന്ന പുട്ടിന്റെ മധുരസ്മരണകളില്‍, കിട്ടാവുന്നത്ര വേഗത്തില്‍ സ്കൂളിന്റെ പടികടക്കുകയായിരുന്നു മാഷ്‌. അപ്പോഴാണ്‌ ഏഴാം ക്ലാസ്സിലെ ഇസ്മായിലിന്റുപ്പ മക്കാര്‍ക്ക ആ വഴി വന്നത്‌. മാഷ്‌ ഒന്നു ബ്രൈക്ക്ചവിട്ടി സൈഡൊതുക്കി മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും, മക്കാര്‍ക്ക ആരാ മോന്‍.

"ല്ല മാശേ, ങ്ങള്‍ത്‌ ബ്ട്ക്കാ ഈ ബാലുമ്മെ തീപിടിച്ചപോലെ പായിണീ?"

"അല്ല അതുപിന്നെ മക്കാരെ..." മാഷുടെ രക്ഷപ്പെടാനുള്ള ശ്രമം പാളുന്നു. മാഷിനു സംസാരിക്കേണ്ടി വരുന്നു.

"ങ്ങള്‌ നിക്കീന്ന്‌. ഇന്നലെ ആ ബലാല് ബീട്ടിബന്ന്‌ പറഞ്ഞീ ന്നോട്‌ ങ്ങളെ ബന്ന്‌ കാണാന്‍, എന്താ ബിശേസം മാശെ?"

മോന്‍ ഇസ്മായില് എന്തോ കൊസ്രാങ്കൊള്ളി ഒപ്പിച്ചതിന് അച്ചനെ കൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതി എന്നു പറഞ്ഞ ആ സമയത്തോട് പുച്ഛം തോന്നി മാഷിന്. ശപിക്കണമെന്നു വരെ തോന്നിപ്പോയി. തനെ പുട്ട് മണി തന്നെ മാടി വിളിക്കുന്നു... അതിനിടയില്‍ ഇയാള്‍...

"അതെ, ഞാന്‍ പറഞ്ഞിരുന്നു ഇസ്മായിലിനോട്‌"

"ഞമ്മക്ക്‌ ഇപ്പളാ ഒയ്‌വ്‌ കിട്ട്യേമ്മാശേ. എന്താ പ്രസ്നം മാശെ"

"അതൊക്കെ പിന്നെ പറയാം മക്കാരെ. നിങ്ങള്‍ നാളെ വാ" വീണ്ടും പാളുന്ന ശ്രമം. മാഷുടെ മനസ്സ്‌ പ്രിയ പുട്ടിനെക്കാണാന്‍ വെമ്പുന്നു.

"ങ്ങള്‌ പറമാശേ" മക്കാര്‍ക്ക വിട്ടിട്ടുവേണ്ടെ മാഷിന് പുട്ട് വയറ്റിലേക്ക് ഇന്‍പുട്ടാന്‍.

ഇസ്മായിലിന്‌ ഇന്നലെ കൊടുത്തതൊന്നുംപോരാതെ, ബാപ്പാനെ വിളിച്ചു വരാന്‍ പറഞ്ഞത്‌ വീട്ടില്‍ നിന്ന്‌ കിട്ടാനുള്ളത്‌ ഇസ്മായിലിന്‌ കുറഞ്ഞുപോകേണ്ട എന്ന ഒരേ ഒരു സദുദ്ദേശത്തോടെ മാത്രമാണ്‌. വഴീല്‍ വെച്ച്‌ പറഞ്ഞാല്‍ ബാപ്പാക്ക്‌ അതിന്റെ സീരിയസ്നെസ്സ്‌ മനസ്സിലായില്ലെങ്കിലോ. മധുരിമയിലെ തന്റെ പ്രാണ സഖി ‘പുട്ട്‌‘ തന്നെ മാടി വിളിക്കുന്നു. അതിനിടയില്‍ കേറി വന്നോളും ഓരോന്ന്‌. ഏതായാലും പറഞ്ഞ്‌ സ്ഥലംവിടാന്‍ മാഷ്‌ തീരുമാനിച്ചു. അടുത്തിരുന്ന രാജുവിനെ ഇസ്മായില്‍ പേനകൊണ്ട്‌ കുത്തിയതും രണ്ടുപേരും അടികൂടിയതും ഒരുവിധം പറഞ്ഞൊപ്പിച്ച്‌ മാഷ്‌ പറഞ്ഞു "എന്ന ഞാന്‍ നീങ്ങട്ടേ. ഇസ്മായിലിനെ ഒന്നു സൂക്ഷിക്കണം."

"അത്‌ ഞമ്മളേറ്റ്‌ മാശെ, ങ്ങള്‌ ബേജാറാവേണ്ട".

മക്കാര്‍ക്ക സൈക്കിളെല്‍ തെക്കോട്ടും മാഷ്‌ വെടികൊണ്ട പന്നിപോലെ വടക്കോട്ടും വച്ചുപിടിച്ചു.

മധുരിമയിലെ ചില്ലലമാരയിലിരുന്ന്‌ ബോണ്ടയും വടയും സുജിയനും പഴമ്പൊരിയും (പലതിനും നല്ല പ്രായം തോന്നുന്നുണ്ട്‌) മാഷെ നോക്കി ചിരിച്ചു. പുട്ടുപെണ്ണിനെ മനസ്സിലിട്ടു താലോലിച്‌ ഓമനിച്ചു വളര്‍ത്തുന്ന മാഷുണ്ടോ ഈ ചിരിയില്‍ മയങ്ങുന്നു. അതോടൊപ്പം തന്റെ പ്രാണേശ്വരിയായ പുട്ടിനൊപ്പം ചിലവഴിക്കേണ്ട അമൂല്യ നിമിഷങ്ങള്‍ മക്കാര്‍ക്ക തട്ടിയെടുത്തതിന്റെ വൈക്ലബ്യവും.

തന്റെ മുന്നിലിരിക്കുന്ന ഒരു കുറ്റി പുട്ട്‌ മാഷ്‌ ഒന്നു കൂടെ നോക്കി. അതില്‍ ഒരു കഷണമെടുത്ത്‌ 90 ഡിഗ്രീ തിരിച്ചു വെച്ചു. ഐസ്രൂട്ടാരന്‍ അണ്ണാച്ചി തന്റെ ഹോണ്‍ മുഴക്കാന്‍ ബലൂണില്‍ അമര്‍ത്തുന്ന പോലെ മാഷ്‌ പുട്ടിനെ ഉള്ളം കയിലാക്കി ഒരു പ്രസ്സിംഗ്‌. തേങ്ങയും പൊടിയും എല്ലം മിക്സഡ് ലൈക് കോണ്‍ക്രീറ്റ് മിക്സ്ചര്‍‌. പിന്നെ ചെറിയ ചെറിയ ഉണക്കപുട്ടുപിടികള്‍ മാഷുടെ തിരുവായിലേക്ക് തിരുവെഴുന്നള്ളത്ത് നടത്തി‌. ശേഷം ഒരു കവിള്‍ ചായ. പിന്നെയും പുട്ട്. ബിറ്റ്വീന്‍ ബിറ്റ്വീന്‍ പുട്ട് ആന്‍ഡ് ചായ. പുട്ടുണ്ടാക്കുന്നപോലെ പുട്ടുകഴിക്കുന്ന കിട്ടുണ്ണിമാഷ്. മാഷ്‌ രണ്ടുകഷ്ണം പുട്ടിന്റെ കഥ കഴിച്ചു കഴിഞ്ഞു. അടുത്ത കഷ്ണത്തില്‍ തന്റെ പ്രസ്സിംഗ്‌ പരിപാടിക്ക്‌ കോപ്പുകൂട്ടുന്നു.

"മാഷ്ടെ ബസ്സ്‌ വന്നല്ലൊ മാഷെ" കടക്കാരന്‍ മനോഹരന്റെ മനോഹരമായ കമന്റ്‌ മാഷിന്റെ കര്‍ണ്ണങ്ങളില്‍ ഇടിത്തീയായ് പെയ്തിറങ്ങി.

കേട്ടതുപാതി കേള്‍ക്കാത്ത മറ്റേപാതി പ്രസ്സിങ്ങിനു വെച്ച പുട്ട്‌ പ്രസ്സാതെ പൊടിക്കാതെ നേരെ തിരുനാവായിലേക്ക് ഒരു അമക്കല്‍‌. ആ മഹാ വായില്‍ ഇനി കടുകിടാന്‍ സ്ഥലമില്ലത്തതിനാല്‍ ചായ ഔട്ട്‌. നിറഞ്ഞവായയുമായി (വയറല്ല കേട്ടൊ) മുണ്ടും പൊക്കിപ്പിടിച്ച്‌ തന്റെ ബസ്സുപിടിക്കാന്‍ ശ്രീഹരിക്കോട്ടയില്‍ നിന്നു വിട്ട വാണം പോലെ ഒരു പാച്ചില്‍. പാച്ചിലിനിടയില്‍, തനിക്കു വേണ്ടത്ത്ര ശ്രദ്ധനല്‍കതെ ഓടിയതില്‍ പ്രതിഷേധം അറിയിച്ച്‌ കാല്‍ അടുത്തു കണ്ട കല്ലിനെ കൂട്ടുപിടിച്ച്‌ മാഷെ തട്ടിമറിച്ചു താഴെയിട്ടു. "വീണിതല്ലോകിടക്കുന്നു ധരണിയില്‍...". “ഹമ്മേ”, “ഹയ്യൊ”, അല്ലെങ്കില്‍ കലിപ്പ് സ്റ്റൈലേല്‍ “രക്ഷിപ്പീരടെ”, അല്ലെല്‍ ഇന്നച്ചന്‍ സ്റ്റൈലേല്‍ “ഞാന്‍ ഇതാ പോണേ....” എന്നീ ആശ്ചര്യദായകങ്ങളൊന്നും പുട്ടിനാല്‍ സീല്‍ചെയ്ത മൌത്തില്‍നിന്നും നിര്‍ഗ്ഗളിച്ചില്ല. തൃപ്പാദം പൊട്ടി തൃരക്തം ചിന്തിയെങ്കിലും തൃവായിലെ ഒരുമണിപുട്ടുപോലും ചിന്തിയില്ല എന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌. തപ്പിപ്പിടിച്ചെഴുന്നേറ്റ്‌ ഒരു വിധം ഓടി ബസ്സ്പൂകിയ മാഷ്‌ പത്താംകല്ലുവിട്ടത്‌ ഒരു ഓമനപ്പേരിനുടമയായിട്ടയിരുന്നു. "പുട്ടുമിണു‍ങ്ങി".

ടിക്കറ്റെടുക്കാന്‍ കണ്ടക്റ്ററോട് “ഒരു തൃപ്രയാര്‍” ചോദിച്ച മാഷ്, വിഷുവിനു കിഴക്കെ മുറ്റത്തു കത്തിക്കുന്ന പൂക്കുറ്റിയേക്കാള്‍ വിശേഷമായി വായിലുള്ള പുട്ടും തേങ്ങയും കണ്ടക്റ്ററുടെ മുഖത്തേക്ക് ഫയര്‍ ചെയ്തത് എനിക്ക് അന്നു ബസ്സിലുണ്ടായിരുന്ന മുത്തവ പറഞ്ഞറിവുമാത്രം.

ഇസ്മായിലും കൂട്ടരും വരുംതലമുറക്കു കൈമാറാനും കാത്തു വെക്കനുമായി ഈ സംഭവത്തെ ഒരു ഗാനരൂപത്തില്‍ ക്രോഡീകരിച്ച് സംഗീതം നല്‍കി കോറസ്സായി നാടുമുഴുവന്‍ പാണനെപ്പോലെ പാടിനടന്നു.

"ഓടിവരും ബസ്സുകളില്‍ ചാടിക്കേറും മാഷെ
ചാടിക്കേറി മറിഞ്ഞുവീഴും പുട്ട്മ്മ്ണ്‍ങ്ങി മാഷേ
കിട്ടുണ്ണിമാഷേ കിട്ടുണ്ണിമാഷേ“

16 comments:

സുല്‍ |Sul said...

"പുട്ട്മിണുങ്ങി ഏലിയാസ് കിട്ടുണ്ണിമാഷ് റീലോഡഡ്"

"ഓടിവരും ബസ്സുകളില്‍ ചാടിക്കേറും മാഷെ
ചാടിക്കേറി മറിഞ്ഞുവീഴും പുട്ട്മ്മ്ണ്‍ങ്ങി മാഷേ
കിട്ടുണ്ണിമാഷേ കിട്ടുണ്ണിമാഷേ“

-സുല്‍

kichu / കിച്ചു said...

പുട്ട്മിണുങ്ങി ഏലിയാസ് കിട്ടുണ്ണിമാഷ് കൊള്ളാം


“വടക്കും തെക്കും രണ്ടു ഭീമാകാരന്മാരായ പഞ്ചായത്തുകള്‍ വാടാനപ്പള്ളിയും നാട്ടികയും.“

ഇതെവിടെയാ??
ഇതിന്റെ മാപ്പ് ഉണ്ടോ മഷേ.. ഒന്നു കാണാനാ, ഇത്രേം ഭീമാകാരമാ യതുങ്ങളെ... :)

siva // ശിവ said...

എന്തായാലും അധ്യാപകരെ കളിയാക്കുന്നത് ഉചിതമല്ല....

Typist | എഴുത്തുകാരി said...

അതു മോശാട്ടോ, മാഷമ്മാരെ കളിയാക്കുന്നതു്.

കുഞ്ഞന്‍ said...

ഇങ്ങനെ ഗുരുവിനെ കളിയാക്കിയതിന് വേഗം സുല്ല് പറഞ്ഞോ സുല്ലപ്പാ

പാപ്പാത്തി said...

Oru rathriyude akalathilirunnu...njan ente Talikulathine orkunnu...ente balyakaalam...koumaram....

Unknown said...

''മൂന്ന് അമ്പത്തി അഞ്ചിന് ‘ജനഗണമന‘ തുടങ്ങുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നിന്ന് പുസ്തകങ്ങളും പേന പെന്‍സില്‍ മറ്റു മാരകായുധങ്ങളുമെല്ലാം ബാഗില്‍ എടുത്ത് വച്ച് ഓടാനായി നില്‍ക്കും. ''


ഓര്‍മകള്‍ക്കെന്തു സുഗന്ധം...

G.MANU said...

സുല്‍മേ ശ്രീ ഗുരവേ നമഹ

:)

സുല്‍ |Sul said...

കിട്ടുണ്ണിമാഷ് എന്നൊരു മാഷേ ഇല്ല. സി എം എസില്‍ ഞാന്‍ പഠിച്ചിട്ടുമില്ല. എല്ലാം ചൂമ്മ. കമെന്റുകളില്‍ ഈ പോസ്റ്റ് ഗുരുനിന്ദ ആണെന്നു കണ്ടതുകൊണ്ട് മാത്രം ഇത്രകൂടി ചേര്‍ക്കുന്നു. ക്ഷമ.

എല്ലാവര്‍ക്കും നന്ദി.

-സുല്‍

Appu Adyakshari said...

കിട്ടുണ്ണിമാഷെന്നൊരു മാഷ് ഇല്ലെന്നോ? സുല്ലേ ഉണ്ടെങ്കിലും ഇല്ലെങ്കിലും സംഭവം വിവരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു !

കുഞ്ഞന്‍ said...

സുല്ലപ്പാ...


കിട്ടുണ്ണി മാഷ് ഉണ്ടൊ ഇല്ലയൊ എന്നല്ല പ്രാധാന്യം അങ്ങിനെയൊരു ഫീല്‍ നല്‍കാന്‍ വാക്കുകള്‍ക്ക് കഴിയുമെങ്കില്‍ എഴുത്തുകാരന്റെ വിജയം..!

പിന്നെ കിട്ടുണ്ണി മാഷ് എന്നത് വെറും ഭാവന സൃഷ്ടി എന്നു പറഞ്ഞാല്‍ ബൂലോഗം വിശ്വസിക്കില്ല എന്നാല്‍ സുല്ലപ്പന്‍ സ്കൂളില്‍ പോയിട്ടില്ലാന്നു പറഞ്ഞത് ബൂലോഗം വിശ്വസിക്കും സുല്‍ ജീ..!

സുല്‍ |Sul said...

കുഞ്ഞപ്പാ...

സത്യം സമത്വം സാഹോദര്യം എല്ലാം നാള്‍ക്കുനാള്‍ ഇല്ലാതാവുകയല്ലേ. സത്യത്തെ വളച്ചൊടിക്കുന്ന ശബ്ദം എട്ടുദിക്ക് പൊട്ടുമാറുച്ചത്തില്‍ കേട്ടുകൊണ്ടേയിരിക്കുന്നു. ഞാന്‍ പറഞ്ഞ ഒരു സത്യത്തെയും കുഞ്ഞന്‍ വളച്ചൊടിച്ച് ഒരു പരുവമാക്കിക്കളഞ്ഞു. നന്ദിയുണ്ട് സുഹൃത്തേ നന്ദി.

-സുല്‍

കാട്ടിപ്പരുത്തി said...

ആ ഇല്ലാ കമെന്റ് വായനയുടെ ഭംഗി കുറച്ചു എന്നു പറഞ്ഞാല്‍ എന്നെ തല്ലരുത്

ജ്വാല said...

ഭാവന എന്നു പറയുന്നത് ഇല്ലാത്തതു സംഭവിച്ചത് പോലെ അവതരിപ്പിക്കുന്നതിനാണല്ലോ.തളിക്കുളം എന്ന സ്ഥലവും ചിത്രവും സത്യം തന്നെ.എന്തായാലും ആസ്വദിച്ചു

സെറീന said...

കൊള്ളാം സുല്ലേ..ന്നാലും
കിട്ടുണ്ണി മാഷെന്നൊരു മാഷില്ലാതിരുന്നത്
അയാള്‍ടെ ഭാഗ്യം...

സുധി അറയ്ക്കൽ said...

നല്ല രസമുണ്ടായിരുന്നു.