Monday, March 31, 2008

ഒന്നാമന്‍

“ഉമ്മാ.... ചോറെടുത്താ... ചായെവടെ?... ഇന്നും പൂട്ടാ.... അള്ളാ കൂട്ടാനുണ്ടാക്കീലേ ഇതേവരെ....“

“ഈ പയറൊന്ന് കുത്തിക്കാച്ചീറ്റ് ഇപ്പൊത്തരാം മോനെ... നീ അപ്പൊള്‍ക്കും ചായ കുടിക്ക്...“

“നോക്യൊമ്മാ.. ഇനി എപ്പളണ്. ഇപ്പത്തന്നെ മണി ഒമ്പതര കഴിഞ്ഞ്.... ഇതൊന്ന് നേരത്തെ ഉണ്ടാക്കി വച്ചൂടെ....“

ഒന്നര കിലോമീറ്റര്‍ അകലെയുള്ള കൈതക്കല്‍ നിന്ന് ഓത്തുപള്ളിവിട്ട് വീട്ടിലെത്തിയാല്‍ ആകെ മൊത്തം തിരക്ക് തന്നെ തിരക്ക്. ഒമ്പതു മണിക്കാണ് ഓത്തു കഴിയുന്നത്. അവിടന്ന് വലിച്ചു വച്ച് നടക്കും. കൂടെ അനിയത്തി ഉള്ളതിനാല്‍ കുറച്ചു കഴിയുമ്പോള്‍ വലിവ് താനെ കുറയും. വീട്ടിലെത്തുമ്പോള്‍ ഏകദേശം 9.25 ആവും. കിട്ടിയ സമയം കൊണ്ട് ഡ്രസ്സ് മാറി സ്കൂളില്‍ പോവാനുള്ള തിരക്കായിരിക്കും അടുത്ത പടി. ഡ്രസ്സ് മാറി അടുക്കളയിലെത്തുമ്പോള്‍... പുട്ടിന്നാവി വരുന്നുണ്ടാവുകയുള്ളു. അതെടുത്ത് എനിക്കു തന്നിട്ട് വേണം പയറ് അല്ലെങ്കില്‍ പരിപ്പ് കുത്തിക്കാച്ചാന്‍. ഉച്ചഭക്ഷണത്തിനായി വക്കാന്‍. ഈ വക പരിപാടിയെല്ലാം കഴിഞ്ഞു വരുമ്പോള്‍ ഒമ്പത് മുക്കാല്‍ ആവും. ഇനി എത്ര വേഗത്തില്‍ പോയാലും സ്കൂളില്‍ നേരത്തെ എത്താന്‍ പറ്റില്ല.

വാടാനപ്പള്ളി ആര്‍. സി. യു. പി സ്കൂളില്‍ പഠിച്ച മൂന്നു വര്‍ഷത്തിലും ഓരോദിവസവും ആവര്‍ത്തിച്ചു കൊണ്ടിരുന്ന ദിനചര്യ. വീട്ടില്‍ നിന്ന് ഇറങ്ങി പറ്റാവുന്നത്ര വേഗത്തില്‍ നടക്കും. പത്താംകല്ല് സി. എം. എസ് യുപി സ്കൂളില്‍ പഠിക്കുന്ന എന്റെ മറ്റു കൂട്ടുകാര്‍ എന്റെ പിന്നാലെ കൂടും അപ്പോള്‍. എന്റെ പിന്നാലെ വന്നാല്‍ അവര്‍ക്ക് കൃത്യ സമയത്ത് സ്കൂളിലെത്താമത്രേ. എനിക്കാണെങ്കില്‍ പത്താംകല്ലില്‍ നിന്ന് ഇനി ബസ് കയറി വേണം പോകാന്‍. ഒമ്പത് അമ്പത്തി അഞ്ചിനെത്തുന്ന സെന്റ് ജോര്‍ജ്ജ് കിട്ടിയില്ലെങ്കില്‍ പിന്നെ 10.10 നു കെ കെ മേനോന്‍. പത്തു മണിക്ക് ക്ലാസ് തുടങ്ങും. ബസ്സിറങ്ങിയിട്ടും നടക്കാനുണ്ട് കുറച്ച്. ഏതു ബസിനു പോയാലും നേരം വൈകും. പത്തേകാലാവാതെ ഞാന്‍ സ്കൂളില്‍ എത്താറില്ല.

അങ്ങനെ എന്നും നേരം വൈകിയെത്തുന്നതിനാല്‍ കാലത്ത് ഹാജര്‍ബുക്കില്‍ എനിക്ക് ആബ്സന്റ് മാര്‍ക്ക് ചെയ്യാറില്ല. ഉച്ചക്ക് ഹാജറുണ്ടെങ്കില്‍ ഫുള്‍ ഓകെ. മേരി ടീചര്‍ക്കും, നിര്‍മ്മല ടീച്ചര്‍ക്കും ത്രേസ്യ ടീച്ചര്‍ക്കും അതിന് എത്ര നന്ദി പറയും ഞാന്‍? നേരം വൈകി എത്തുന്നതിനാല്‍ എന്നും അവസാനത്തെ ബഞ്ചില്‍ അവസാനത്തെ സീറ്റ് ആണ് കിട്ടിയിരുന്നത്. പിന്നെ ആകെയുള്ള ഒരു സമാധാനം ആദ്യത്തെ പിരിയഡിലെ ഇംഗ്ലീഷ് ഡിക്റ്റേഷന്‍ ആണ്. ഡിക്റ്റേഷന്‍ കഴിഞ്ഞാല്‍ കിട്ടിയ മാര്‍ക്കിനനുസരിച്ച് ഓരോരുത്തരുടേയും ഇരിപ്പിടവും മാറും എന്നതാണ് അതിലെ സമാധാനപ്രദമായ ഘടകം. അങ്ങനെ രണ്ടാം ബഞ്ചിലോ ചിലപ്പോള്‍ ഒന്നാം ബഞ്ചിലോ എല്ലാം എത്തിച്ചേരും. പിന്നെ സമാധാനമായി. അന്ന് അവിടന്നു മാറേണ്ടി വരില്ല.

പ്രമോദ് കെ എം ആണ് സാധാരണയായി ഒന്നാമനാവുന്നത്. എപ്പോഴും ഒന്നാം ബഞ്ചില്‍ ഒന്നാമത് തന്നെയായിരിക്കും അവന്‍. കേട്ടെഴുത്തിലും എല്ലാം ശരിയാവുന്നത് കൊണ്ട് അവന്റെ സ്ഥാനത്തിനു മാറ്റമുണ്ടാവാറില്ല. മറ്റുള്ളവര്‍ എല്ലാം ശരിയാക്കിയാലും ഒന്നാമതെത്താറില്ല, ഒന്നാമതിരിക്കുന്ന ആള്‍ എന്തെങ്കിലും തെറ്റിക്കാതിരുന്നാല്‍ അവിടന്നു മാറേണ്ടി വരില്ല. ഇങ്ങനെയിരിക്കുന്ന കാലത്തിങ്കലാണ് എനിക്ക് ഒന്നാമനാവാനൊരു സുവര്‍ണ്ണാവസരം വീണുകിട്ടിയത്. ക്ലാസ്സിലെ ഞാനൊഴികെ ബാക്കിയെല്ലാവരും കേട്ടെഴുത്തില്‍ ഒരുവാക്ക് തെറ്റിച്ചിരിക്കുന്നു.

മേരിടീച്ചര്‍ എന്നെ വിളിച്ച് ആദരണീയമായ ഒന്നാം സ്ഥാനത്തിരുത്തി. എനിക്കാണെങ്കില്‍ ഒന്നാമനാവണമെന്നും അവിടെയിരിക്കണമെന്നും നല്ല ആഗ്രഹവുമുണ്ടായിരുന്നു എന്നും. കുറച്ചു കഴിഞ്ഞപ്പോള്‍ പിരിയഡ് കഴിഞ്ഞു. മേരിടീച്ചര്‍ പോയി. പ്രമോദിന്റെ മുഖം നോക്കിയപ്പോള്‍ ഒരു തിളക്കവുമില്ലാത്തപോലെ. അവന് എന്തോ ഒരു വിഷമം പോലെ.

“എനിക്ക് ഇവിടെയിരിക്കേണ്ട. ഇവിടെ നീ തന്നെ ഇരുന്നോ ഞാന്‍ രണ്ടാമതിരുന്നോളാം” ഞാന്‍ അവനോടു പറഞ്ഞു. കുറെ നേരത്തെ നിര്‍ബന്ധത്തിനു ശേഷം അവന്‍ സന്തോഷത്തോടെ ഒന്നാമനായിരുന്നു. ഞാന്‍ സമാധാനത്തോടെ രണ്ടാമനായും...

-------------------------------------
ഈ സംഭവം ഓര്‍ക്കാനുണ്ടായ കാരണം:

അമിക്ക് സ്കൂളില്‍ എ+ കിട്ടി ഹാന്‍ഡ്‌റൈറ്റിങ് ഒഴികെ എല്ലാവിഷയത്തിലും. സ്കൂളിലെ നോട്ടീസ് ബോര്‍ഡില്‍ ഫോട്ടോയും ഉണ്ട്. സുല്ലി വല്ല്യ സന്തോഷത്തിലാണ്.

ഇന്നലെ പുതിയ ബുക്ക്സെല്ലാം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ സുല്ലി അമിയോട് ചോദിച്ചു. “അമി ഇനി വണ്ണില്‍ പോവില്ലേ. അപ്പോള്‍ ഫ്രന്‍ഡ്സിനോട് പറയോ നിന്റെ ഫോട്ടൊ നോട്ടീസ് ബോര്‍ഡില്‍ വന്നത് എ+ കിട്ട്യേതും? ”

കുറച്ചു നേരത്തെ ആലോചനക്കുശേഷം അമി പറഞ്ഞു “ഇല്ല ഞാന്‍ പറയില്ല. ചിലപ്പോള്‍ അവര്‍ക്ക് വിഷമമായാലോ. അവരുടെ ഫോട്ടൊ ബോര്‍ഡില്‍ വരാത്തതുകൊണ്ട്”

29 comments:

സുല്‍ |Sul said...

സ്കൂള്‍ ജീവിതം. ഒരു ഓര്‍മ്മക്കുറിപ്പ്.

-സുല്‍

കാവലാന്‍ said...

...<<<<((((((((ഠോ)))))))>>>>>.....
കൂടിയ ഇനം തേങ്ങയാ...

നാസ് said...

പഴയ നല്ല ഓര്‍മകളല്ലേ??.... കൊള്ളാം...

ചന്ദ്രകാന്തം said...

"അവനവന്‍ ആത്മസുഖത്തിനാചരിയ്ക്കുന്നവ അപരന്റെ കൂടി സുഖത്തിനെ കണക്കാക്കിയാകണം" എന്നതിലുപരി, അപരന്റെ മന:സ്സുഖത്തിനായി, ആത്മസുഖം ഉപേക്ഷിയ്ക്കുകയെന്നത്‌...... തികഞ്ഞ ത്യാഗ മന:സ്ഥിതി തന്നെ.
ഈശ്വരന്‍ എന്നും നന്മ വരുത്തട്ടെ...

Rasheed Chalil said...

എനിക്ക് സ്കൂളില്‍ പോവാന്‍ ബസ്സ് വേണ്ടായിരുന്നു. എന്നാലും വഴിയിലെ പുളിപ്പുള്ള ഒരു വിധം എല്ല ഇലയും ഉപ്പ് കൂട്ടി കഴിച്ച്... പാടത്തും തോട്ടിലും കാണുന്ന മുഴുവന്‍ മത്സ്യങ്ങേയും നോക്കി... ചിലപ്പോല്‍ കുടകൊണ്ട് ഒന്നിനേയെങ്കിലും പിടിക്കാന്‍ ശ്രമിച്ച് (അങ്ങനെ പാടത്ത് ചേറില്‍ വീണത് ഒരുപാട് തവണ) അങ്ങനെയങ്ങനെ... എന്നും വൈകിയെത്തുമായിരുന്നു...


സുല്ലേ സത്യം... ഇപ്പോള്‍ ചില സ്ഥലത്ത് ചെല്ലുമ്പോള്‍... ചിലരെ കാണുമ്പോള്‍... ആ ഓര്‍മ്മകളൊക്കെ ഒന്നിച്ച്‍ ഒഴുകിയെത്തും. അവിടെയങ്കനെ ഒരു രണ്ടാം ക്ലാസ്സുകാരനോ മുന്നാം ക്ലാസ്സുകാരനോ ആയി ഇരിക്കുമ്പോഴായിരിക്കും ആരെങ്കിലും വര്‍ത്തമാനകലത്തിലേക്ക് തിരിച്ച് വിളിക്കുന്നത്.

നല്ല കുറിപ്പ്. ആ A+നും അത് ഫ്രന്റിസിനോട് പറയാതിരിക്കുന്നതിലുള്ള മനുഷ്യത്വത്തിലും സന്തോഷം... മക്കള്‍ നന്നായി വളരട്ടേ...

സുബൈര്‍കുരുവമ്പലം said...

കൊള്ളാം...
നല്ല കുറിപ്പ്.

കണ്ണൂരാന്‍ - KANNURAN said...

തനിയാവര്‍ത്തനം!!! നല്ല മക്കള്‍, നല്ല കുറിപ്പ്.

കാസിം തങ്ങള്‍ said...

വാടാനപ്പള്ളി, കയ്തക്കല്‍, പത്താം കല്ല്, ആര്‍ സി യു പി.എല്ലാം കൂടി ഓര്‍മ്മകളെ ഒരുപാട് ദൂരത്തേക്ക് വലിച്ചിഴച്ച് കെണ്ടുപോയി സുല്‍. ഞാന്‍ വാടാനപ്പള്ളിക്കരനാണേ.............

Sharu (Ansha Muneer) said...

നല്ല ഓര്‍മ്മക്കുറിപ്പ്...അതിനേക്കാളും ഇഷ്ടമായത് അതിലൂടെ പറയാന്‍ ശ്രമിച്ച ചെറുതെങ്കിലും വളരെ വലുതായ ഒരു കാര്യമാണ്.
ആ മോളൂട്ടി മിടുക്കിയായി വളരട്ടെ.

Rare Rose said...

അച്ഛന്റെ നല്ല മനസ്സു കുഞ്ഞു അമിക്കുട്ടിക്കും പകര്‍ന്നുകിട്ടിയിരിക്കുന്നു..കൂട്ടുകാരെ നോവിക്കാതിരിക്കാന്‍ നേട്ടങ്ങള്‍ പോലും മറച്ചു വക്കുന്ന അമിക്കുട്ടി ഇന്നത്തെ മത്സരബുദ്ധിയുള്ള ലോകത്തു അപൂര്‍വമായിരിക്കും..അമി മിടുക്കികുട്ട്യായി വളര്‍ന്നു വരട്ടെ......:-)

അപ്പു ആദ്യാക്ഷരി said...

ബാപ്പേടെ മോള്‍തന്നെ....
അമിക്കുട്ടിയല്ലേ, അവള്‍ക്ക് നല്ല അറിവാ സുല്ലേ.

മുസ്തഫ|musthapha said...

വിത്ത് ഗുണം പത്ത് ഗുണം!

മിടുക്കിക്കുട്ടി :)

നല്ല കുറിപ്പ്.

പ്രിയ said...

കുഞ്ഞു അമിയുടെ വല്യ മനസു എന്നും സന്തോഷത്തോടെ ഇരിക്കട്ടെ. :)

ബൈജു സുല്‍ത്താന്‍ said...
This comment has been removed by the author.
ബൈജു സുല്‍ത്താന്‍ said...

"ചിലപ്പോള്‍ അവര്‍ക്ക് വിഷമമായാലോ."
പിതാവില്‍ നിന്നും മക്കള്‍ക്ക് പകര്‍ന്നു കിട്ടിയ നന്മ. ആ നല്ല മനസ്സ് കാണാതിരിക്കാന്‍ വയ്യ.
നന്മ വരട്ടെ...

തണല്‍ said...

നന്നായി സുല്‍..

കുഞ്ഞന്‍ said...

മത്ത കുത്തിയാല്‍ കുമ്പളമുണ്ടാകില്ലെന്ന് അമി തെളിയിച്ചിരിക്കുന്നു.

ഈ നന്മ എന്നും നിറഞ്ഞുനില്‍ക്കട്ടേ..!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഞങ്ങളൊക്കെ സ്ക്കൂളില്‍ തിരക്കു കൂട്ടിയതുംഇരിക്കാനാഗ്രഹിച്ചതും പിന്‍ ബെച്ചില്‍ ആയിരുന്നു. കൊണാപ്പ പണികള്‍ ചെയ്യാന്‍ അതായിരുന്നുപറ്റിയ സ്ഥലം. സുല്ല് ഒരു മിടുക്കന്‍ കുട്ടിയായിരുന്നുഎന്നറിഞ്ഞതില്‍ സന്തോഷം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കഴിഞ്ഞുപോയ ഇന്നലെയുടെ തീരത്തിലേയ്ക്കൊരു പ്രയാണം നന്നായിട്ടുണ്ട്..
കുഞ്ഞുമനസ്സിലെ നന്മ എന്നും നിലനില്‍ക്കട്ടെ..

ദിലീപ് വിശ്വനാഥ് said...

സുല്ലേ...വളരെ നല്ല കുറിപ്പ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അമി മിടുക്കിയായ് വളരട്ടെ. ഇങ്ങനെയുള്‍ല ഓര്‍മ്മകള്‍ അവള്‍ക്ക് വഴിതെളിക്കട്ടെ

അതുല്യ said...

എനിക്കൊന്നുമാവണ്ട, സ്ക്കൂളില്‍ പോയാല്‍ മതി.

,, said...

ആമിയ്ക്ക് ഒരു ചക്കരയുമ്മ.

തോന്ന്യാസി said...

“ഇല്ല ഞാന്‍ പറയില്ല. ചിലപ്പോള്‍ അവര്‍ക്ക് വിഷമമായാലോ. അവരുടെ ഫോട്ടൊ ബോര്‍ഡില്‍ വരാത്തതുകൊണ്ട്”


സുഹൃത്തുക്കള്‍ക്ക് വേണ്ടി സ്വന്തം സന്തോഷം ത്യജിക്കാന്‍ തയ്യാറായ ആ മിടുക്കിക്ക് ഒരു പാട് നാരങ്ങാമുട്ടായികള്‍

yousufpa said...

“വിത്തു ഗുണം പത്തു ഗുണം“

യാരിദ്‌|~|Yarid said...

സുല്‍..:)

nandakumar said...

എന്താന്നറിയില്ല.. ഒരു കണ്ണീര്‍ ജാലകത്തിനപ്പുറത്തുനിന്നാണ് അവസാന വരി വായിച്ചത്. കുട്ടികളില്‍ മത്സരബുദ്ധി വളര്‍ത്തുകയും വളരുകയും ചെയ്യുന്ന ഇക്കാലത്ത് അമിയെപ്പോലെ ഒരായിരം കുഞ്ഞുങ്ങളുണ്ടായങ്കില്‍...
ഓര്‍മ്മകളുടെ കണ്ണീര്‍ പടര്‍ത്തിയ ഈ കുറിപ്പിനു നന്ദി..

http://nandaparvam.blogspot.com/

ശരത്‌ എം ചന്ദ്രന്‍ said...

സുല്‍.വീണ്ടും ചിന്തിപ്പിക്കുന്നൂ.. നന്നായിരികുന്നു...

Sapna Anu B.George said...

നല്ല എഴുത്ത്............നല്ല വിവരണം, ഭൂതകാലത്താണ്‍് ജീവിതം അല്ലെ???