Thursday, April 26, 2007

സന്മാര്‍ഗ്ഗം

“സ്വര്‍ഗ്ഗത്തില്‍ കടക്കണമെങ്കില്‍ നമ്മള്‍ എന്തു ചെയ്യണം”

ത്രേസ്യാകുട്ടി ടീച്ചറുടെ സന്മാര്‍ഗ്ഗം ക്ലാസ്. വെള്ളിയാഴ്ചകളില്‍ ഉച്ചക്കുള്ള രണ്ടുമണിക്കൂര്‍ ഇടവേളകളില്‍ അരമണിക്കൂര്‍ കൊണ്ട് കുട്ടികളെ സന്മാര്‍ഗ്ഗികളാക്കുന്ന പരിപാടിയാണിത്. പള്ളിസ്കൂളുകളിലാണ് സന്മാര്‍ഗ്ഗികളായ ഭാവിതലമുറയെ വാര്‍ത്തെടുക്കാനായി ഈ പദ്ധതിയുള്ളത്. കാകൊല്ലം, അരക്കൊല്ലം, കൊല്ലം എന്നീ രീതികളില്‍ ഈ ക്ലാസ്സിനു പരീക്ഷകളും ഉണ്ടായിരുന്നു. ചോദ്യം എന്തു തന്നെയായാലും ഞങ്ങള്‍ കുറച്ചു പേര്‍ക്ക് ഉത്തരം എപ്പോഴും ഒന്നു തന്നെയായിരുന്നു, “ദൈവം”.

ക്ലാസ്സില്‍ ഞങ്ങള്‍ മുസ്ലിം ആണ്‍കുട്ടികള്‍ക്ക് ഈ ക്ലാസ്സ് കൊണ്ട് ചില ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ഒന്നാമത് വെള്ളിയാഴ്ച ഉച്ചസമയത്താണ് ഈ ക്ലാസ്സ്. നമസ്കാരത്തിനായി പള്ളിയില്‍ പോകണം. അര മണിക്കൂര്‍ ക്ലാസ്സ് കഴിഞ്ഞ് അപ്പോള്‍ തന്നെ ഓട്ടം തുടങ്ങിയാലാണ് നമസ്ക്കാരം കഴിയുന്നതിനു മുമ്പെന്കിലും പള്ളിയില്‍ എത്താന്‍ പറ്റുന്നത്. പള്ളിയും കഴിഞ്ഞ് തിരിച്ചു വന്നിട്ടു വേണം ഉച്ചഭക്ഷണം കഴിക്കാന്‍. ഈ സമയത്ത് ഞങ്ങളുടെ മറ്റു കൂട്ടുകാര്‍ മൈദാനത്ത് ഏറുമ്പന്ത് കളിക്കുന്നുണ്ടാവും. ഉച്ചക്കലെ ഇടവേള രണ്ടു മണിക്കൂറുണ്ടെങ്കിലും അതില്‍ അരമണിക്കൂര്‍ പോലും ആര്‍മ്മാദിക്കാന്‍ കിട്ടാറില്ല എന്നതാണ് സത്യം.

ത്രേസ്യാ ടിച്ചറോട് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് ഇക്കാര്യം. എന്നാലും ഫലം മാഫി. ഇങ്ങനെയൊരു ക്ലാസ്സില്‍ വച്ചാണ് മുടിയനായ പുത്രന്‍ നാടുകാണാന്‍ പോയി തിരിച്ചു വന്നപ്പോള്‍, അച്ചന്‍ ഒരു പോത്തിനെയറുത്ത് നാട്ടുകാര്‍ക്ക് സദ്യകൊടുത്ത കഥ പഠിച്ചത്. ഈ കഥ പഠിച്ചതിനു ശേഷം, ഉത്തരക്കടലാസ് നോക്കുമ്പോള്‍ ടീച്ചര്‍ക്ക് ബോറഡിക്കേണ്ട എന്നു കരുതി പരീക്ഷയുടെ ഉത്തരത്തില്‍ നിന്ന് ദൈവത്തിന് അവധി നല്‍കി. പിന്നെ “മുടിയന്‍”, “പുത്രന്‍”, “പോത്ത്”, “നാട്ടുകാര്‍”, “സദ്യ“ എന്നിങ്ങനെ ഉത്തരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഞങ്ങള്‍ എഴുതി വച്ചു പോന്നു. പക്ഷെ എല്ലാചോദ്യത്തിനും ഉത്തരം “ദൈവം” എന്നെഴുതിയപ്പോള്‍ കിട്ടിയിരുന്ന മാര്‍ക്ക് പോലും ഈ വറൈറ്റി ഉത്തരങ്ങള്‍ക്ക് കിട്ടിയിരുന്നില്ല എന്നത് മറ്റൊരു സത്യം.

സ്വര്‍ഗ്ഗത്തില്‍ കടക്കുന്ന കാര്യമാണ് പറഞ്ഞുവന്നത്. മറന്നിട്ടില്ല.

ടീച്ചര്‍ ഞങ്ങളോട് ചോദിച്ചുകൊണ്ടേയിരുന്നു.

“ഞാന്‍ എല്ലാവരോടും സ്നേഹത്തോടും കരുണയോടും കൂടി പെരുമാറിയാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമൊ?”

“ഇല്ല” ഞങ്ങള്‍ കൂട്ടത്തോടെ പറഞ്ഞു.

“നിരാലംബരായ അനാഥകുട്ടികളെ പരിപാലിച്ച് ജീവിതകാലം കഴിച്ചാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമൊ?”

“ഇല്ല”

“വൃദ്ധരേയും രോഗികളേയും ശുശ്രൂഷിച്ച് ജീവിതകാലം കഴിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമൊ?”

“ഇല്ല”

ഇത്രയും ഓപ്‌ഷന്സ് തന്നിട്ടും ടീച്ചറെ സ്വര്‍ഗ്ഗത്തില്‍ കടത്തിവിടാത്തതില്‍ ടീച്ചര്‍ക്കുള്ള അമര്‍ഷം വാക്കുകളിലും വന്നു തുടങ്ങി.

“എന്റെ സമ്പത്ത് മുഴുവന്‍ ഞാന്‍ ദാനം ചെയ്താല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമോ?”

“ഇല്ല”

ടീച്ചര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കാനുള്ള മറ്റു കുറുക്കുവഴികളൊന്നും അറിയാത്തതിനാലാവണം ചോദ്യം നിര്‍ത്തി.

“അപ്പോള്‍ പിന്നെ എന്തു ചെയ്യണം എനിക്ക് സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍?” ഞങ്ങള്‍ക്കറിയാവുന്ന ഓപ്ഷന്‍ അറിയാന്‍ വേണ്ടി ടീച്ചര്‍ ചോദിച്ചു.

“ടീച്ചര്‍ ഒന്നു മരിച്ചുതന്നാല്‍ മതി” ഇസ്മായിലിന്റെ ഉത്തരം വളരെ പെട്ടന്നായിരുന്നു.

---------

ഈ സംഭവത്തിനു ശേഷം പന്ത്രണ്ടരക്ക് സ്കൂള്‍ വിട്ടാല്‍ ഊണ് കഴിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കനുവദിച്ചുകിട്ടി. ക്ലാസ്സിലെ മറ്റുകുട്ടികള്‍ സന്മാര്‍ഗ്ഗത്തിന്റെ കുറുക്ക് കുടിക്കുമ്പോള്‍, അവരുടെ നാസാരന്ദ്രങ്ങള്‍ക്ക് കൊതിയുടെ മണം നല്‍കികൊണ്ട് ഞങ്ങള്‍ അടുത്ത മുറിയില്‍ ഊണുകഴിച്ചു കൊണ്ടിരുന്നു.

Thursday, April 05, 2007

സാന്‍ഡോസിന്റെ ദു:ഖ വെള്ളി

ചോദിക്കുന്നത്‌ കൊണ്ട്‌ ഒന്നും തോന്നരുത്‌. ഇപ്പോള്‍ സാന്‍ഡൊസിന്റെ തലയിലിരിപ്പവനാര്‌? മദ്യമെന്നോ പോത്തെന്നോ പറയുന്നതിനു മുന്‍പ്‌ ഒരുവട്ടം കൂടി ഒന്നാലോചിക്കുക.


ആലോചിച്ചാലൊന്നും അങ്ങനെ പിടികിട്ടില്ല. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിച്ചവര്‍ക്ക്‌ ഏകദേശ രൂപം കിട്ടിക്കാണും. സാക്ഷാല്‍ പ്രേതമാണ്‌ അതായത്‌ പ്രേതവര്‍ഗ്ഗത്തിലെ സ്ത്രീഗണങ്ങളില്‍ പെട്ട യക്ഷിയാണ്‌ സാന്‍ഡോസിന്റെ തലയില്‍ ഇപ്പോള്‍ കുടിയേറിയിരിക്കുന്നതും കുടില്‍കെട്ടിയിരിക്കുന്നതും എന്നാണ്‌ അദ്ദേഹത്തിന്റെ അടുത്തിടെയിറങ്ങിയ പോസ്റ്റുകള്‍ വിളിച്ചു കൂവുന്നത്‌.


ഇപ്പറഞ്ഞതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടോ. കാണില്ല.... എന്നാല്‍ ഈ പ്രേത യക്ഷിയെ ആരെങ്കിലും കണ്ടവരുണ്ടോ അതും ഇല്ല. മനക്കലെ യക്ഷി, ഇല്ലത്തെ യക്ഷി, പാലയിലെ യക്ഷി, കോട്ടയത്തെ യക്ഷി എന്നെല്ലാം കേട്ടു കേള്‍വി മാത്രമേയുള്ളു. ഇതു വരെ നാമാരും യക്ഷിയെ കണ്ടിട്ടില്ല. ഭൂമിയുടെ നൊണ്‍ടാഞ്ചിയബിള്‍ അസെറ്റ്‌സില്‍ പെടുന്നതാണ്‌ യക്ഷികള്‍ എന്നാണ്‌ വെപ്പ്‌.


യക്ഷികള്‍ തുണിയെടുക്കാത്തവരെന്നല്ലേ പണ്ടുമുതലേ കരുതിപ്പോന്നിരുന്നത്‌. ഛായ്‌.. അതല്ല പറഞ്ഞത്‌. യക്ഷികള്‍ക്ക്‌ സാധാരണയായി വെള്ള സാരിയാണ്‌ പഥ്യം. ഉജാലയുടെ വെണ്മയെ വെല്ലുന്ന പുതുപുത്തന്‍ വെള്ള സാരികള്‍ ഉടുത്താണ്‌ യക്ഷികള്‍ പാലമുകളില്‍ നിന്നോ, തെങ്ങിന്‍ മുകളില്‍ നിന്നോ ഒന്നിനും പറ്റിയില്ലെങ്കില്‍ വല്ല കവുങ്ങില്‍ നിന്നോ ചാടിയിറങ്ങിവന്ന് ഇരപിടിക്കുന്നതെന്ന് സങ്കല്‍പം... അനുമാനം...


ഈയടുത്ത കാലത്താണ്‌, ദിനചര്യയില്‍ ഒഴിച്ചു കൂടാനാവാത്ത ഒഴിച്ചു കുടിയും കഴിഞ്ഞ്‌ സ്വഗൃഹത്തിലേക്ക്‌ ഗമിക്കവേ, മനക്കലെ മീനാക്ഷിയുടെ പ്രേതം എന്നവകാശപ്പെടുന്ന യക്ഷി സാന്‍ഡോസിനെ തടഞ്ഞു നിര്‍ത്തുകയും എങ്ങിനെയെങ്കിലും അയാളെ ഭയപ്പെടുത്തി ഞരമ്പുകള്‍ എഴുന്നു വരുന്നതും കാത്തുനില്‍കുകയും ചെയ്തത്‌. ആളോഹരി മദ്യതോതിന്റെ അഞ്ച്‌ മടങ്ങ്‌ കൂടുതല്‍ ചെലുത്തിയിരുന്ന ദേഹത്തു നിന്ന് ഞരമ്പൊന്നും എഴുന്നു വരാത്തതില്‍ കോപിച്ച്‌, തന്റെ സ്വന്തം വസ്ത്രമായ വെള്ളസാരി അഴിച്ചെടുത്ത്‌ കുടഞ്ഞ്‌ മടക്കി ശ്രീ സാന്‍ഡൊ വശം കൊടുക്കുകയും, സാരിവാങ്ങാന്‍ നീട്ടിയ കൈകളുടെ സ്പര്‍ശനത്തിലൂടെ മീനാക്ഷിയക്ഷി അങ്ങേരുടെ തിരുമണ്ടയില്‍ കയറി ടെമ്പററി ലിവിംഗ്‌ സെറ്റപ്‌ ഉണ്ടാക്കുകയും ചെയ്തത്‌. തലയില്‍ കേറിയ പാടെ മുണ്ടിനോടലര്‍ജിയായ യക്ഷി കയറിക്കൂടിയ ദേഹത്തെ മുണ്ടഴിച്ചെറിയുകയായിരുന്നു ആദ്യമായി ചെയ്തത്‌. വി ഐ പി സ്യൂട്ടിലായിരുന്നു സാന്‍ഡൊ വീട്ടിലെത്തിയതെന്ന ചില കുപ്രചരണങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്‌.


ഈ പ്രേതബാധക്കു ശേഷം തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഉല്ലാസകേന്ദ്രമായ പാലക്കാടിനടുത്തുള്ള കരിമ്പനക്കാടുകളിലേക്കുള്ള ഉല്ലാസ യാത്രക്കിടയില്‍ ഹൊണൊലുലുവില്‍ വച്ച്‌ ഒരു എമണ്ടന്‍ പോത്തിനെ പിടിച്ച്‌ അലുമിനിയം കലത്തിലാക്കാന്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു.


ഒരിക്കല്‍ മണ്ടനായിവന്‍ ലണ്ടനില്‍ പോയി രാജ്ഞിയുടെ കിരീടം മോഷ്ടിക്കുകയും കൊച്ചിയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ജീവിതത്തില്‍ ഒരിക്കലും പരാചയമെന്തെന്നറിയാത്ത പൂജ്യം പൂജ്യം ഏഴ്‌ ഇതിന്റെ അന്വേഷണ ചുമതല ഏറ്റെടുത്ത്‌ കൊച്ചിയില്‍ എത്തി. അയാളുടെ ജീവിതത്തിലെ ആദ്യ പരാജയം അവിടെ തുടങ്ങുകയയിരുന്നു. ഈ കാര്യത്തില്‍ കൊച്ചിയിലെ മണ്ണില്‍ മിസ്റ്റര്‍ ബോണ്ട്‌ മുട്ടുകുത്തിയെന്നാണൈതിഹ്യം.


--------------


"ട്ര്ണിം... ട്ര്ണിം... ട്ര്ണിം... "


"ഹലോ, ആരാത്‌?"


"ഹലോ, മനുവല്ലേ ത"


"അതെ മനുവാണ്‌ ത"


"കടമറ്റത്ത്‌ ഫാമിലിയിലെ മനു ത?"


"അതേഡോ താന്‍ കാര്യം പറ"


"കൊച്ചീലെ ഇടപ്പള്ളീലുള്ള സാന്‍ഡൊസിനെയറിയൊ?"


"യാ"


"ഒരു അത്യാവശ്യ കാര്യം അറിയിക്കാനാ വിളിച്ചത്‌"


"നേരം കളയാതെ പറഞ്ഞു തുലക്കടോ"


"ഒരൊഴിപ്പിക്കല്‍ കേസ്സാ"


"ക്വെട്ടേഷന്‍ അല്ലേ?"


"അങ്ങനെം പറയാം. സാന്‍ഡോസിനു പ്രേതബാധ. അതൊന്നുഴിഞ്ഞിറക്കിത്തരണം."


"അതാണോ ഇത്ര വലിയ കാര്യം. ഇത്തിരി വെള്ളുള്ളിപൂക്കളും, ഇത്തിരി ചുവന്നുള്ളിപൂകളും, ഒരു മരക്കുരിശും റെഡിയാക്ക്‌, കുറച്ച്‌ കടുകും മോരും. ഞാന്‍ ഇന്നു സൂര്യാസ്തമനത്തിനു ശേഷം അവിടെയെത്തുന്നതാണ്‌"


"ഓ, വളരെ ഉപകാരം. വെക്കട്ടെ"


"ഓ"


-----------


ചത്ത ശവത്തിനു ജീവന്‍ കൊടുക്കുന്ന മൃതോത്ഥാന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തന്റെ ഗുരുവില്‍ നിന്ന് അനുഗ്രഹവും വാങ്ങി, മൊട്ടത്തലമറക്കാനൊരു ചട്ടിതൊപ്പിയും കമഴ്തി ചാരനിറത്തിലുള്ള ളോഹയും വലിച്ചു കേറ്റി ബ്ലാക്ക്ബെല്‍റ്റിട്ട്‌ കയ്യിലൊരു കൊടക്കാലന്‍ വടിയുമായി മനുത വൈകുന്നേരം ഏഴുമണിയോടെ ഇടപ്പള്ളിയിലെ സാന്‍ഡോസ്‌ ഗൃഹത്തിലെത്തി.


മനുതയുടെ കൂടെ ക്ഷണിക്കപ്പെടാത്ത ഒരതിധി കൂടിയെത്തിയിരുന്നു. മനുതയുടെ പോര്‍ട്ട്‌ഫോളിയൊ ഡെവലപ്പിങ്ങിനായി ചെയ്തു തീര്‍ത്ത വര്‍ക്കുകളുടെ പടം പിടിക്കാനും ഒഴിപ്പിക്കലില്‍ ഇത്തിരി സഹായത്തിനയും കൂടെ നിര്‍ത്തിയിരിക്കുന്ന മുത്തുപ്പ, തന്റെ സന്തത സഹചാരിയായ ക്യാമറയും തോളിലേറ്റി മുത്തുപ്പയും എത്തിചേര്‍ന്നു. സൈറ്റിന്റെ വിഗഹ വീക്ഷണം നടത്തി വീടും കൂടും എല്ലാമടക്കം ഒരഞ്ചാറ്‌ ക്ലിക്ക്‌. മുത്തുപ്പ പണിയിലേക്ക്‌ പ്രവേശിച്ചു.


വെള്ളസാരിയില്‍ പൊതിഞ്ഞ ഒരു മനുഷ്യനെ പൂമുഖത്തേക്ക്‌ കൊണ്ടുവന്നു. അവിടെ പ്രത്യേകം തയ്യാറാക്കിയ വാഴയിലയില്‍ ഇരുത്തി.


"ആരാ നീ?"


"നീയാരാടാ അതു ചോദിക്കാന്‍"


"ഞാന്‍ മനു ത. കടമറ്റത്ത്‌ മനുത. നീയാര്‌?"


"ഞാന്‍ യക്ഷി. മീനാക്ഷിയക്ഷി"


"നീ ഇവന്റെ ദേഹം വിട്ടിറങ്ങിപോകുക"


"ഉവ്വ, താന്‍ പറയുമ്പോളിറങ്ങിപ്പോവാനല്ലേ ഞാന്‍ കയറിക്കൂടിയത്‌"


"അല്ലേല്‍ നിന്നെ ഞാന്‍ തളക്കും"


"താന്‍ ഒലത്തും. ഒന്നു കാണട്ടേടൊ തന്റെ തളക്കല്‍. നല്ല പുത്തന്‍ സാരിയൊരെണ്ണം അഡ്വാന്‍സ്‌ ഡെപ്പോസിറ്റ്‌ വെച്ചാ ഞാനിവിടെ താമസിക്കുന്നത്‌"


"മുത്തുപ്പാ, ആ വെള്ളുള്ളിപ്പൂക്കള്‍ തരൂ"


"ഇതാ"


"താനിതെവിടെയാ തിരുകി കേറ്റുന്നേ. മനുഷ്യെന്റെ ചെവിയിലും മൂക്കിലും ഈ പൂക്കള്‍ വെക്കാന്‍ തനിക്ക്‌ ഭ്രാന്തുണ്ടോ?"


"ശബ്ദിക്കരുത്‌. ഈ മനുത നിന്നെപ്പോലെ എത്രയെണ്ണത്തെ തളച്ചതാ. നിനക്കു ബ്ലോഗ്ഗ്‌ അറിയുമോ. അവിടെ പോയി നോക്ക്‌. ഈ മനുത ആരാണെന്നറിയാം. എങ്ങനെയറിയാനാ, നീയെല്ലാം ചത്തു പോയിട്ടെത്രകാലമായി"


"താനെന്ത്‌ --പ്പായാലും എനിക്കെന്താ."


"നിന്നേക്കാള്‍ വലിയ കാമധേനുവിനെ പിടിച്ചു കെട്ടിയവനാ ഈ ഞാന്‍. എന്റെ കമ്പൈസ്‌ മാത്രം വായിച്ചാമതി. നീ ചിരിച്ച്‌ ചിരിച്ച്‌ മരിച്ചു പോകും. പിന്നെ ഈ പൂക്കളൊന്നും വേണ്ട"


"പിന്നേ താന്‍ കൊറെ ഒലത്തി.... തുണ്ണീം പൊക്കിപ്പിടിച്ച്‌ പെണ്‍പിള്ളേരുടെ മുന്നിലൂടെ ഓടി... ദീപേടെ മുന്നില്‍ മുണ്ടഴിച്ചിട്ടുള്ള ഹനുമാന്‍ ചാട്ടമൊന്നും എനിക്കറിയാത്തതല്ല. അന്നു ദീപ ഓടിക്കാണും അതുപോലെ എന്നെോടിക്കാന്‍ നൊക്കല്ലേ... ഇതു ആളു വേറെയാ... തന്റെ ഊഞ്ഞാലു വായിച്ചിട്ട്‌ ഞാന്‍ മരിച്ചില്ല എന്നിട്ടല്ലെ?"


"എന്റെ ആഴ്ചകുറിപ്പുകള്‍ വായിച്ചാല്‍ നീ മാനസാന്തരം പ്രാപിച്ച്‌ ഈ ബോഡിയുപേക്ഷിച്ചു പോകും" മുത്തുപ്പ മനസ്സില്‍ പറഞ്ഞു.


യക്ഷിയുടെ ബ്ലോഗ്ഗു വായനയെപറ്റിയറിഞ്ഞ മനുത ഇവളെകൊണ്ട്‌ അധികം പറയിച്ച്‌ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടാനുള്ള സകലസാധ്യതകളും ഉള്ളതിനാല്‍ അധികം കാത്തു നില്‍ക്കാതെ, ബാക്കിയുള്ള പൂവും കടുകും വാരി പ്രേതവായിലേക്ക്‌ കുത്തിത്തിരുകി. ഗ്ലാസ്സിലിരുന്ന മോരും ഒഴിച്ചു കൊടുത്തു പ്രേതവായ്‌ ഫില്‍ ചെയ്ത്‌ സീല്‍ ചെയ്തു.


മുത്തുപ്പ, മനുതഗുരു ചെയ്യുന്ന ഓരോന്നിന്റേയും പടം ക്ലിക്കികൊണ്ടിരുന്നു. മനുത അടിയന്തിര ഗട്ടത്തില്‍ പെട്ടെന്നെടുത്ത തീരുമാനമായതിനാല്‍, വായില്‍ പൂതിരുകുന്ന രംഗം ക്ലിക്കാന്‍ മുത്തുപ്പാക്കു കഴിയാതെപോയി. അന്നേരം മുറ്റത്തൂടെ ഓടിപ്പോയ പൂച്ചകുട്ടിയെ ക്ലിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.


"സര്‍, ഒരിക്കല്‍ കൂടി വായില്‍ കയ്യൊന്നു വെക്കു"


"മിസ്റ്റര്‍ മുത്തുപ്പ. ഇതു കല്യാണത്തിലെ താലികെട്ടു രംഗമല്ല. ഇനി കൈവെച്ചാല്‍ അവള്‍ അതിലൂടെ എന്നിലേക്ക്‌ കയറികൂടും. ബാക്കിയുള്ളത്‌ പിടിച്ചാല്‍ മതി"


"ഡോ താന്‍ കൊറെ നേരായല്ലോ ഇതു തൊഡങ്ങീട്ട്‌. ഇതൊന്നവസാനിപ്പിക്കഡോ. മോരു കുഡിച്ച്‌ ഉള്ളകെട്ടും ഇറങ്ങീട്ടു നിക്ക്വാ. എനിക്കു പോയിട്ടൊന്നു വീശീട്ടു വരാനുള്ള സമയമായി"


"നീ ഇനിയും ഇറങ്ങിപ്പോയില്ലെ."


"ഹഹഹ. കുടികിടപ്പവകാശം വാങ്ങിട്ടാഡോ ഞാനിവിടെ കേറിയത്‌"


"ഹും കുടികിടപ്പവകാശം... ഈ കുരിശിനാല്‍ ഞാന്‍ നിന്നെ തളക്കാന്‍ പോകുകയാണ്‌"


"താന്‍ വേറെ വല്ല പണിയും നോക്കി പോകുന്നുണ്ടോ. ചൂടുകാലത്ത്‌ അല്പം തണുപ്പുകിട്ടാന്‍ സെമിത്തേരിയിലെ മാര്‍ബിളിട്ട കല്ലറക്കുമുകളില്‍ കുരിശില്‍ തലയും ചാരികിടന്നുറങ്ങുന്ന എന്റെയടുത്താണോ തന്റെ ഈ ചിന്ന കുരിശും വച്ചുള്ള കളി"


തന്റെ അവസാനത്തെ അടവും പിഴക്കുമെന്നുറപ്പായപ്പോള്‍ വളഞ്ഞ കാലുള്ള വടിയും കയ്യിലെടുത്ത്‌ സ്ഥലം കാലിയാക്കാന്‍ ഒരുങ്ങുകയാണ്‌ മനുത. ക്ലിക്കിയ പടത്തേക്കാളും നല്ലത്‌ ക്ലിക്കാത്ത പടമാണെന്നറിയാമെങ്കിലും ഇനിയും ക്ലിക്കാന്‍ പോയാല്‍ ശരിയാവില്ലെന്നതിനാല്‍ മുത്തുപ്പയും തിരിച്ചുപോക്കിനുള്ള ഒരുക്കം തുടങ്ങി.


"സാന്‍ഡോസില്ലേ അവിടെ"


"ആ ഇതാര്‌ സിയ മോനൊ. വാ കയറിവാ. അപ്പൊ മോനൊന്നുമറിഞ്ഞില്ലേ. നമ്മടെ സാന്‍ഡൊയല്ലേ ഈ സാരിയുമെടുത്തിവിടെയിരിക്കുന്നെ"


"ഓ ഇവനെന്തു പറ്റി?" "പ്രേതം കയറിക്കൂടിയതാ. അതിന്റെ ഒഴിപ്പിക്കലാ ഇപ്പൊ നടക്കുന്നത്‌"


"ഉം, ഈ പ്രേതത്തെ ഒഴിപ്പിക്കാല്‍ ട്രഡീഷണല്‍ വഴികളൊന്നും പറ്റില്ല. ഇതു ബ്ലോഗൂര്‍ കാവിന്റെ അടുത്തുള്ള കരിമ്പനയില്‍ താമസിച്ചിരുന്ന ബ്ലോക്ഷി ആവാനാ വഴി. ഇവന്‍ ഈയിടെയായി നട്ടപ്പാതിരക്കും നട്ടുച്ചക്കും ഒരുപോലെ ബ്ലോഗില്‍ തന്നെയായിരുന്നു."


"അങ്ങനെയൊ, ഇനി ഇപ്പൊ എന്തോ ചെയ്യും?"


"അതിനെന്തു പ്രയാസം. ഇതിപ്പൊ ഇറക്കിത്തരാം. കമ്പ്യുട്ടര്‍ എവിടെ. ഫോട്ടോഷോപ്‌ ലോഡ്‌ ചെയ്തിട്ടുണ്ടോ?"


"ഉണ്ട്‌, ഇതാ"


"ഉം. ഇപ്പൊ ശരിയാക്കിതരാം."


മനുതയും മുത്തുപ്പയും നോക്കിനില്‍ക്കേ സിയ കമ്പ്യൂട്ടറില്‍ ഫോട്ടോഷോപ്പെടുത്ത്‌ ഫയല്‍ ന്യു സെലക്റ്റ്‌ ചെയ്ത്‌ ഒരു പുത്തന്‍ ചിത്രം തയ്യാറാക്കാന്‍ ഒരുങ്ങി. ടെക്സ്റ്റ്‌ ടൂള്‍ എടുത്ത്‌ ഏരിയല്‍ ഫോണ്ട്‌ സെലെക്റ്റ്‌ ചെയ്ത്‌ ചുവന്ന നിറവും എടുത്ത്‌ പുതിയ ലയെറും എടുത്ത്‌ ചിത്രത്തിന്റെ നടുവില്‍ "SAN DOZ" എന്നെഴുതി. അതിനു നടുവിലൂടെ കാണുന്ന വിടവിലൂടെ ഒരു കുരിശു രൂപം അടുത്ത ലെയറിലും വരച്ചു വച്ചു. ഫയല്‍ മെനുവില്‍ ക്ലിക്ക്‌ ചെയ്ത്‌ സേവ്‌ എടുത്ത്‌ sandoz2 എന്നു നാമകരണവും ചെയ്തു.


ഫയല്‍ സേവ്‌ ചെയ്ത്‌ കഴിഞ്ഞതും വാഴയിലയിലിരുന്നിരുന്ന സാന്‍ഡോസ്‌ ചാടിയെഴുന്നേറ്റു. സാരിയെല്ലാം അഴിച്ചു മാറ്റി. ഓടിപ്പോയി മുറിയില്‍ നിന്നു കൈലിയും ചുറ്റി ഒരു ടീ ഷര്‍ട്ടും ഇട്ട്‌ തിരിച്ചു വന്നു. പട്ടഷാപ്പില്‍ പോകാനിരുന്ന സാന്‍ഡോസ്‌ സിയയോടൊപ്പം ഫൊട്ടൊഷാപ്പില്‍ കേറി മേഞ്ഞു നടന്നു.


ആധുനിക കാലത്തെ പ്രേതമൊഴിപ്പിക്കല്‍ കണ്ട്‌ ഒരക്ഷരം മിണ്ടാതെ മനുത ഊശാന്താടിയിലെ രണ്ടു രോമങ്ങളേയും തലോടി ചിന്താകുന്തനായി തിരിച്ചു പോയി. ചുമ്മ കിട്ടുന്നതല്ലേ എന്നു കരുതി സാന്‍ഡോസ്‌ അഴിച്ചു കളഞ്ഞ സാരി മുത്തുപ്പ തന്റെ ക്യാമറയോടൊപ്പം കയ്യില്‍ കരുതി. മുത്തുപ്പയുടെ കയ്യിലെ വെള്ളസാരി അപ്പോഴും ചിരിച്ചുകൊണ്ടേയിരുന്നു.