Thursday, November 08, 2007

നിറങ്ങള്‍

പലരും പല നിറങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്? എല്ലാവര്‍ക്കും ഒരു നിറം മാത്രം ഇഷ്ടപെട്ടാല്‍ പോരെ? ചിലര്‍ക്ക് ചുവപ്പിനോടിഷ്ടം, ചിലര്‍ക്ക് പച്ച, പിന്നെ മഞ്ഞ, നീല, പിങ്ക് ഇങ്ങനെ പോകും നിറങ്ങളോടുള്ള ഇഷ്ടങ്ങള്‍. എണ്ണക്കറുപ്പിനേഴഴകെന്നു പാട്ടും പാടി വെളുത്ത പെണ്ണിനെ മാത്രം കാണാന്‍ പോകുന്നവരും ഉണ്ട്.

നിറങ്ങളെ പറ്റി എന്റെ മനസ്സില്‍ ഒരു വട്ട് ചിന്തയുണ്ടായിരുന്നു കുട്ടികാലത്ത്. ഇപ്പോഴും അതിനൊരു തീര്‍പ്പായിട്ടില്ല എന്നു വേണം പറയാന്‍‍. അതൊന്നു പകര്‍ത്താമെന്നു കരുതി ഇവിടെ. എന്റെ സംശയം നിങ്ങളുടെ സംശയമായാല്‍ ഞാന്‍ വിജയിച്ചു.

നിറങ്ങള്‍ തിരിച്ചറിയുന്നത് നമ്മുടെ തലച്ചോറിലാണല്ലൊ. (അതെന്തെര് ചോറ്? എന്ന് ചോദിച്ചു വരരുത്. ഇല്ലാത്തവര്‍ മിണ്ടാതിരിക്കുക, എന്റെ കയ്യെല്‍ ഇല്ല നിങ്ങള്‍ക്കു തരാന്‍). എല്ലാവരും ഒരു നിറത്തെയാണ് ഇഷ്ടപ്പെടുന്നതെന്നാണ് എന്റെ കണ്ടുപിടുത്തം. അതായത് ലോകത്തിലുള്ള എല്ലാവര്‍ക്കും എന്റെ ചുവപ്പ് നിറത്തെയാണിഷ്ടപ്പെടേണ്ടത് എന്നാണ് നമ്മുടെ തലയുടെ ഡിഫാള്‍ട്ട് സെറ്റിങ് എന്നു കരുതുക. എന്നിട്ടത് വിശ്വസിക്കുക. അതെങ്ങനെ ശരിയാകും എന്നല്ലെ ചോദ്യം.

ഞാന്‍ ചുവപ്പു നിറം കാണുന്നു അതിഷ്ടപ്പെടുന്നു. അതു നിങ്ങള്‍ക്കിഷ്ടമാകുന്നില്ല. നിങ്ങള്‍ക്ക് നീല (എനിക്കു നീലയായി കാണുന്ന) നിറമാണിഷ്ടം. ഞാന്‍ കാണുന്ന ചുവപ്പ് നിങ്ങള്‍ പചയായാണ് കാണുന്നത്. പച്ച നിറം കാണുമ്പോള്‍ തലയ്കതിഷ്ടപ്പെടുന്നില്ല. എന്നാല്‍ ഞാന്‍ കാണുന്ന നീല നിറം ചുവപ്പ് ആയാണ് നിങ്ങളുടെ തല മനസ്സിലാക്കുന്നതെങ്കില്‍, ചുവപ്പിനെ ഇഷ്ടപ്പെടാന്‍ പ്രോഗ്രാം ചെയ്യപ്പെട്ട ബ്രൈന്‍ അതിനെ ഇഷ്ടപ്പെടുന്നു. അപ്പോള്‍ നിങ്ങള്‍ പറയുന്നു നിങ്ങള്‍ക്ക് നീലയാണിഷ്ടമെന്ന്. എന്നാല്‍ അതെനിക്കിഷ്ടപ്പെടുന്നുമില്ല എന്തെന്നാല്‍ ഞാന്‍ അതിനെ ചുവപ്പായല്ല നീലയായാണ് കാണുന്നത്.

ചെറുപ്പകാലത്ത് നമ്മള്‍ നിറങ്ങളുടെ പേരുകള്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ആരോ പറഞ്ഞുതന്ന പേരുകള്‍ നമ്മള്‍ കാണാതെ പഠിച്ച് തിരിച്ചു പറയുകയല്ലേ ചെയ്യുന്നത്. ഇലയുടെ നിറം പച്ചയാണെന്ന് ടീച്ചര്‍ പറയുമ്പോള്‍ ടീച്ചര്‍ കാണുന്ന പച്ചയെ ഞാന്‍ ചുവപ്പായികണ്ട്, മറ്റൊരാള്‍ നീലയായി കണ്ട് മറ്റൊരാള്‍ മഞ്ഞയായി കണ്ട് അതിനെ പച്ചയെന്നു വിളിക്കുന്നു, പേരിടുന്നു. ഞാന്‍ കാണുന്ന നിറങ്ങള്‍ എനിക്കറിയുന്ന നിറങ്ങള്‍ അതേ നിറത്തില്‍ തന്നെയാണോ നിങ്ങളും കാണുന്നത്, അതായത് മനസ്സിലാക്കുന്നത്? അതായത് ഞാന്‍ കാണുന്ന പച്ച നിറം നിങ്ങള്‍ കാണുമ്പോള്‍ അത് എന്റെ പച്ചയായി തന്നെയോ നിങ്ങള്‍ കാണുന്നത്? അല്ലെങ്കില്‍ എന്റെ നീല പോലെയോ ചുവപ്പ് പോലെയൊ. അതെങ്ങനെ കണ്ടു പിടിക്കാന്‍ കഴിയും? എനിക്കറിയില്ല, നിങ്ങള്‍ക്കൊ?

ഇത്രയും പറഞ്ഞിട്ട് ഒരു പിടിയും കിട്ടിയില്ലെങ്കില്‍, ഫിലിമിന്റെ ഉപയോഗം നോക്കാം. കറുപ്പും വെളുപ്പും മാത്രം തിരിച്ചറിയുന്ന ഫിലിം, കളര്‍ തിരിച്ചറിയുന്ന ഫിലിം. ഇവ രണ്ടും കാണുന്നത് ഒരു വസ്തുവിനെ തന്നെ. എങ്കിലും അതിനെ വേറെ വേറെ നിറങ്ങളില്‍ കാണുന്നു. അതു മാത്രമല്ല ആ ഫിലിം നമ്മള്‍ കാണുമ്പോള്‍ (നെഗറ്റീവ്) മറ്റൊരു നിറമാണ്. ഇതു പോലെ നമ്മുടെ തലയും നിറങ്ങളെ പലതായി കാണുന്നില്ലെന്നാരാ പറഞ്ഞത്?

24 comments:

സുല്‍ |Sul said...

പലരും പല നിറങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്? എല്ലാവര്‍ക്കും ഒരു നിറം മാത്രം ഇഷ്ടപെട്ടാല്‍ പോരെ? ചിലര്‍ക്ക് ചുവപ്പിനോടിഷ്ടം, ചിലര്‍ക്ക് പച്ച, പിന്നെ മഞ്ഞ, നീല, പിങ്ക് ഇങ്ങനെ പോകും നിറങ്ങളോടുള്ള ഇഷ്ടങ്ങള്‍. എണ്ണക്കറുപ്പിനേഴഴകെന്നു പാട്ടും പാടി വെളുത്ത പെണ്ണിനെ മാത്രം കാണാന്‍ പോകുന്നവരും ഉണ്ട്.

നിറങ്ങള്‍ - പുതിയ പോസ്റ്റ്.

-സുല്‍

G.MANU said...

kalakkan post...niram post..

R. said...

(അതെന്തെര് ചോറ്? എന്ന് ചോദിച്ചു വരരുത്. ഇല്ലാത്തവര്‍ മിണ്ടാതിരിക്കുക, എന്റെ കയ്യെല്‍ ഇല്ല നിങ്ങള്‍ക്കു തരാന്‍).

അത് കറക്ട്. സമ്മതിച്ച് !

(കിട്ട്യ ഗ്യാപ്പില് ഗോളടിച്ചതാ... എന്നെ തല്ലല്ലേ... :-D )

Murali K Menon said...

അപ്പ ശരി. ചുവപ്പെങ്കില്‍ ചുവപ്പ്. ഒരു ചുവന്ന പെണ്ണിനെ കെട്ടിയിട്ടേ ഉള്ളു ബാക്കി കാര്യം. (ചിലപ്പോള്‍ നല്ല രണ്ടെണ്ണം കിട്ടിയാല്‍ ഞാന്‍ ചുവന്നേക്കാനും മതി)

Rasheed Chalil said...

മുകളില്‍ വര്‍ണ്ണവൈവിധ്യങ്ങളുടെ ഫിലോസഫിയുടെ വട്ട്.താഴെ ലേബലില്‍ ‘വട്ടുകള്‍’... ഇത് ഇനിയും തുടരാന്‍ തന്നെയാണൊ തീരുമാനം..


ഓടോ:
ശരിക്കും നിറങ്ങള്‍ കണ്ണിലാണല്ലേ ഒളിഞ്ഞിരികുന്നത്. അതിന്റെ സൌന്ദര്യത്തിന്റെ ഏറ്റക്കുറച്ചില്‍ ആരെങ്കിലും പറയുന്ന പോലെയാണൊ.. കാലം അടിച്ചേല്‍പ്പിച്ച പോലാണോ... ഇത് പോലെ തന്നെ രുചിയെക്കുറിച്ചും പറയാമല്ലോ... മധുരം അല്ല ടേസ്റ്റ് കൈപ്പാണെന്ന്... (അവസാനം എനിക്കും വട്ടായോ)

അല്ല ‘സുല്ല്’ എന്ന പേര് സത്യത്തില്‍ സുല്ലിന്റേത് തന്നെയാണൊ... സുല്ല് ബായ്.

സുല്‍ |Sul said...

ശരിയാണ് ഇത്തിരീ
ഇതേ വീക്ഷണം രുചിക്കും ബാധകമാണ്. ഇതു തന്നെ പറഞ്ഞു വന്ന എന്നിക്കും വായിച്ചു തീര്‍ത്ത നിങ്ങള്‍ക്കും എത്ര വട്ടുണ്ടെന്നായിരിക്കും മറ്റു പലരും ചിന്തിക്കുന്നത്. അതെന്തിനാ അവര്‍ അങ്ങനെ ചിന്തിക്കുന്നത്. അവരുടെ ചിന്തകള്‍കെന്തെങ്കിലും കുഴപ്പമുണ്ടെന്ന് നമ്മുടെ ചിന്ത പറയുന്നു. അവര്‍ നമ്മുടേതും. ഇതാണ് മനുഷ്യന്‍.

ജോസ്‌മോന്‍ വാഴയില്‍ said...

ലേബല്‍‌സിലെഴുതിയിട്ടുണ്ടല്ലോ.... അതാവും ശരി.... “വട്ട്”...!!

സുല്‍....,
ഒരു കാലത്ത് ഇങ്ങനെയുള്ള ഒരു പാട് ചോദ്യങ്ങള്‍ എന്റെ മനസിലും ഉണ്ടായീരുന്നു. ചിലത് ഇപ്പോഴുമുണ്ട്...!!
ഉദാഹരണം: നമ്മള്‍ കണ്ണില്‍ ഇത്തിരി അമര്‍ത്തിപ്പിടിച്ചോ അല്ലെങ്കില്‍ എന്തെങ്കിലും കോപ്രായം കാട്ടിയോ നോക്കിയാല്‍... നാം കാണുന്ന വസ്തു രണ്ടായോ... സ്ഥാ‍നം തെറ്റിയോ കാണുന്നു...!!
അല്ലാ... ചിലര്‍ക്കെങ്കിലും ശരിക്കും ഇങ്ങനെ തന്നെ (ജന്മനാ) ആയിരിക്കുമോ കാണുന്നത്...? അതോ ഇനി എന്റെ കണ്ണ് ശരിയല്ലേ...!!?? എന്നൊക്കെ...!!!!

ദിലീപ് വിശ്വനാഥ് said...

അത് കൊള്ളാം. ഇങ്ങനെയൊക്കെ ചോദിക്കുന്നത്‌ നല്ലതാണ്. നമുക്കു ഇപ്പോഴും ചിന്തിക്കാന്‍ കഴിയുന്നു എന്ന് നമ്മളെ തന്നെ ബോധ്യപ്പെടുത്താന്‍.
പിന്നെ, ഈ ടെമ്പ്ലേറ്റ് ഇത്തിരി അരോചകമായി തോന്നി. നടുവിലൂടെയുള്ള ആ വരകള്‍.

Unknown said...

ശരിക്കും എന്താ പ്രശ്നം?ആര്‍ക്കാ പ്രശ്നം

സഹയാത്രികന്‍ said...

സുല്‍ജി കൊള്ളാം....
ആകെ ഒരു ഫ്യൂഷനും കണ്‍ഫ്യൂഷനും...!

അപ്പൊ ഇതൊന്നും ഒരു നിറമല്ലല്ലെ... ഈ കാണണ നിറമല്ല നിറം
:)

പ്രയാസി said...

നിറപറ..
എനിക്കൊന്നും മനസ്സിലായില്ല..:(

മഴത്തുള്ളി said...

സുല്ലേ, ഉം മനസ്സിലായി ചുവപ്പ് നിറമാണ് ഇഷ്ടമെന്ന്. അതുപോലെ നീലയും. പിന്നെ ഒരു കാര്യം ചോദിക്കട്ടെ, എണ്ണക്കറുപ്പിനേഴഴകെന്ന് എപ്പോഴും പാട്ടും പാടി നടക്കുന്ന കാണാമല്ലോ എന്താ കാര്യം, ങേ....... :)

“ഞാന്‍ ചുവപ്പു നിറം ഇഷ്ടപ്പെടുന്നു. അതു നിങ്ങള്‍ക്കിഷ്ടമാകുന്നില്ല. നിങ്ങള്‍ക്ക് നീല നിറമാണിഷ്ടം. ഞാന്‍ കാണുന്ന ചുവപ്പ് നിങ്ങള്‍ പചയായാണ് കാണുന്നത്. പച്ച നിറം കാണുമ്പോള്‍ തലയ്കതിഷ്ടപ്പെടുന്നില്ല. എന്നാല്‍ ഞാന്‍ കാണുന്ന നീല നിറം ചുവപ്പ് ആയാണ് നിങ്ങളുടെ തല മനസ്സിലാക്കുന്നതെങ്കില്‍, ചുവപ്പിനെ ഇഷ്ടപ്പെടാന്‍ പ്രോഗ്രാം ചെയ്യപ്പെട്ട ബ്രൈന്‍ അതിനെ ഇഷ്ടപ്പെടുന്നു. അപ്പോള്‍ നിങ്ങള്‍ പറയുന്നു നിങ്ങള്‍ക്ക് നീലയാണിഷ്ടമെന്ന്. എന്നാല്‍ അതെനിക്കിഷ്ടപ്പെടുന്നുമില്ല എന്തെന്നാല്‍ ഞാന്‍ അതിനെ ചുവപ്പായല്ല നീലയായാണ് കാണുന്നത്.“

ഈ മുകളില്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. മനസ്സിലായെങ്കിലല്ലേ മനസ്സിലായെന്ന് പറയാനാവൂ. മനസ്സിലാവാതെ മനസ്സിലായി എന്ന് പറയാന്‍ പറ്റുമോ. മനസ്സിലാവാതെ മനസ്സിലായെന്ന് പറഞ്ഞാല്‍ മനസ്സിലായതും കൂടി മനസ്സിലാവാതെ പോവില്ലേ. ഞാന്‍ പറഞ്ഞത് സുല്ലിന് മനസ്സിലായോ ;)

സുല്ലേ, പിന്നെ ഇതില്‍ എന്തൊക്കെയോ കാര്യമുണ്ട്. പണ്ടെവിടെയോ വായിച്ചിട്ടുണ്ട്. അതൊന്നുകൂടി വിശദമായി പറഞ്ഞുതാ. :)

മയൂര said...

ആക്ച്യലി എന്താണു സംഭവിക്കുന്നത്? എനിക്ക് എല്ലാ നിറങ്ങളും ഇഷ്ടമല്ല...:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സുല്‍.

ഇമ്മാതിരി ചെറിയ വട്ടുകള്‍ എനിക്കുമുണ്ട്. പൊതുവെ കയ്പ്പുള്ള സാധനങ്ങള്‍ എന്ന് മറ്റുള്ളവര്‍ പറയുന്ന സാധനങ്ങള്‍ , അത് മധുരമായി രുചിച്ച് കഴിക്കാന്‍ എനിക്കും കഴിയാറുണ്ട്. ഉദ: ടാബ്‌ലെറ്റ് ചവച്ചരച്ച് കഴിക്കുക. പാവയ്ക്കായ് കടിച്ച് തിന്നുക. ഒരോ വട്ടുകളേ

Sethunath UN said...

ഹോ! ഓരോ ചിന്ത പോകുന്ന വഴിയേ!
ബ്രാന്താണോ കഴിഞ്ഞിട്ട് വന്നെഴുതിയതാരിക്കും. ഇല്ലേ? :)
നല്ലോരു മനുഷേനാരുന്നു. ങ്ഹാ.. ഇനീപ്പോ ;)

കാര്യമൊക്കെ കൊള്ളാം. പോസ്റ്റ് വായിച്ചിട്ട് കണ്ണടിച്ചു പോകുന്ന ലക്ഷണം ഉണ്ട് കേട്ടോ സുല്ലേ. ടെമ്പ്ലേറ്റിന്റെ ക‌ളറേ. ഇതെന്തായിങ്ങനെ ചൊമന്നിരിക്കുന്നേ? ;) :))

ഇട്ടിമാളു അഗ്നിമിത്ര said...

സുല്ലെ... അപ്പൊ അത് സത്യാണല്ലെ.. എല്ലാരും പറഞ്ഞപ്പൊ ഞാന്‍ വിശ്വസിച്ചില്ല... എന്തായാലും വട്ടല്ലെ ചികിത്സിച്ചാല്‍ ഭേദാവും ട്ടൊ...:)

സിനി said...

വായിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ കൂടിയതേയുള്ളൂ
ഇപ്പോള്‍ കാണുന്നതിനൊക്കെ ഒരേ നിറം.ഒരേ രൂപം

ഏതായാലും പുതിയൊരു ചിന്തക്ക് കോപ്പുണ്ട്

ഗിരീഷ്‌ എ എസ്‌ said...

നിറങ്ങളിലേക്ക്‌
ചിന്തകളെ വഴിമാറ്റിവിടുമ്പോഴറിയാം..അതിന്റെ വ്യാപ്തി..
അങ്ങനെ ചിന്തിക്കുമ്പോള്‍
നിറം ജീവിതത്തിന്റെ ഭാഗമാണ്‌..
എന്ത്‌ തിരഞ്ഞെടുക്കുമ്പോഴും
അതിന്റെ പ്രധാനഘടകം നിറം തന്നെയാണ്‌...
ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പോലും നിറം അതിന്റെ സ്ഥാനം അലങ്കരിക്കുന്നു...

നല്ല പോസ്റ്റ്‌
ഭാവുകങ്ങള്‍...

കരീം മാഷ്‌ said...

ശരി.ശരി....

കൊച്ചുത്രേസ്യ said...

അപ്പോള്‍ ഇങ്ങനെയൊക്കെയാണല്ലെ കാര്യങ്ങള്‍...അടുത്ത കാലത്തെങ്ങാനും തലയ്ക്കിട്ട്‌ വല്ല അടിയും കിട്ടിയിരുന്നോ..

കുഞ്ഞന്‍ said...

അപ്പോള്‍ നിറങ്ങളെല്ലാം പറ്റീരാണല്ലെ...:(

എന്തായാലും ചോറ് കലക്കി..!

Ziya said...

ഈ പോസ്റ്റില്‍ നിഗൂഢവും ഗുരുതരവും ക്ലിഷ്‌ഠവുമായെ എന്തെങ്കിലും പതിയിരിക്കുന്നു എന്നെനിക്കു തോന്നുന്നില്ല.

നിറത്തിനെ ഏതു പേരിട്ടു വിളിച്ചാലും നിറം നിറമായിത്തന്നെ നില്‍ക്കുന്നു എന്നു മനസ്സിലാക്കണം. നിറങ്ങള്‍ മനുഷ്യനോട് അതിശക്തമായി സംവേദിക്കുന്ന ഒരു പ്രതിഭാസമാണ്.
ചില നിറങ്ങള്‍ മനുഷ്യരില്‍ ഉളവാക്കുന്ന വികാരവിചാരങ്ങളെകുറിച്ച് പണ്ടേ പഠനങ്ങള്‍ നടക്കുന്നുണ്ട്.
ചില നിറങ്ങള്‍ മനസ്സിനു ശാന്തി തരും, കുളിര്‍മ്മ തരും. ചിലത് രക്തയോട്ടം വര്‍ദ്ധിപ്പിക്കും, ചിലത് ടെന്‍ഷന്‍ അധികരിപ്പിക്കും. അതിലൊട്ടെ ഒട്ടു വാസ്തവമുണ്ട് താനും.
ചുവപ്പിന്റെ പേരു നീല എന്ന് നമ്മള്‍ ബ്രെയ്‌നില്‍ ഫീഡ് ചെയ്താലും നീല എന്ന നിറം കാണുന്ന ഇമ്പാക്റ്റ് ആയിരിക്കില്ല നീല എന്നു റീനെയിം ചെയ്യപ്പെട്ട കളാര്‍ കാണുമ്പോള്‍ ഉണ്ടാകുന്നത്. അതു പോലെ മറിച്ചും.

ഇവിടെ സുല്ലിനു കരണീയമായ കാര്യം കാവിയുടുത്ത്, താടിവെച്ച് (ഒരു ചെമ്പരത്തിപ്പൂവും) “നിറങ്ങളേ പാടൂ...” എന്നു പാടി നടക്കുന്നതാണെന്ന് തോന്നുന്നു. :)

she said...

താങ്കളുടെ ചോദ്യത്തിന് ഇങ്ങനെയൊരു സമാധാനം ആയാലോ: ഇഷ്‌ടപ്പെട്ട ഒരു നിറത്തില്‍ എന്തേലും ബ്ലോഗിലിട്ടിട്ട് ഒരു അഭിപ്രായ സര്‍വ്വേ നടത്താം, അത് ഏതു നിറം ആണെന്നും ചോദിച്ചു കൊണ്ട്. എല്ലാരും പറയുന്നത് താങ്കള്‍ കരുതുന്ന അതേ പേര് ആണെങ്കിലോ? (എന്നെപ്പോലെ കളര്‍ ബ്ലൈന്‍ഡ് ആയവരെ കയറ്റരുത് :) )
തല്ലാന്‍ അന്വേഷിക്കണ്ട; ഞാന്‍ ഒളിവിലാ :)

ഓഫ്: ഈ ബ്ലോഗ് ടെമ്പ്ലേറ്റ് (നീലയായാലും ചുവപ്പായാലും അതല്ല ഇനി മഞ്ഞയായാലും) എനിക്ക് വളരെ ഇഷ്‌ടമായി.

Anonymous said...

ഓരൊ നിറങ്ങളും നമ്മെ ഓരൊ ഓര്‍മകളിലേക്കു കൂട്ടിക്കൊന്‍ഡു പൊകുന്നു .അവ നമ്മില്‍ സ്മ്രിതി ഉണര്‍തുന്നു . ഇഷടമായി വിടരുന്നു