Sunday, July 08, 2007

എക്സ്പ്രസ്സ് മണി

“വീട്ടാരേ... വീട്ടിലാരുല്ലേ...“

പോസ്റ്റ്മാന്‍ പ്രകാശേട്ടന്റെ നീട്ടിയുള്ള വിളി കേട്ട് ഉമ്മ കിഴക്കേപ്പുറത്തേക്കു വന്നു.

“ഒരു റെയ്സ്ട്രുണ്ട്” പ്രകാശേട്ടന്‍ പറഞ്ഞു.

ഉമ്മ കത്ത് ഒപ്പിട്ടു വാങ്ങി. പ്രകാശേട്ടന്‍ തലചൊറിഞ്ഞുകൊണ്ടു നിന്നു. ഉമ്മ അകത്തു പോയി പത്തു രൂപകൊണ്ടുവന്നു. പ്രകാശേട്ടന്‍ അതു വാങ്ങി തന്റെ സൈക്കിളുമായ് തിരിച്ചു പോയി.

ഉപ്പാക്കു നാട്ടില്‍ വരാന്‍ പറ്റാത്ത മറ്റൊരു പെരുന്നാളുകൂടി കടന്നു പോകുന്നു. ഉമ്മ കത്തു പൊട്ടിച്ചു വായന തുടങ്ങി. പെരുന്നാളിനു വെല്ലിപ്പാര്‍ക്കും അമ്മായിക്കും പെറ്റുമ്മാക്കും ബാക്കി ബന്ധുക്കള്‍ക്കും കൂടെ കുട്ടികളായ ഞങ്ങള്‍ക്കും കൊടുക്കുവാനുള്ള കൈനീട്ടത്തിന്റെ വിശദമായ കണക്കും അവര്‍ക്കുള്ള സ്നേഹാന്വേഷണങ്ങളും അടങ്ങുന്ന ഒരു അഞ്ചാറു പേജു വരുന്ന ഒരു കത്തും അതോടൊപ്പം ഒരു ഡ്രാഫ്റ്റും. ഞങ്ങളുടെയെല്ലാം പേരെടുത്തെഴുതി അതിനോടൊപ്പം ഉപ്പ തരുന്നതെന്തുതന്നെയായാലും അതു തരുന്ന ഒരു സന്തോഷവും സംതൃപ്തിയും എത്രമാത്രമുണ്ടായിരുന്നെന്ന് ഇപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്.

ആദ്യ കാലങ്ങളില്‍ ഒരു ശരാശാരി ഗള്‍ഫുകാരന്റെ പണം നാട്ടിലെത്തിയിരുന്നത് അവരുടെ സ്നേഹത്തില്‍ പൊതിഞ്ഞ സന്ദേശങ്ങളും ചേര്‍ന്നായിരുന്നു. വീട്ടുകാരുടേയും നാട്ടുകാരുടേയും വിശേഷങ്ങളന്വേഷിച്ചും അവര്‍ക്കെല്ലാം അന്വേഷണങ്ങളറിയിക്കണമെന്ന വരികളോടും കൂടി പേജുകള്‍ നീളുന്ന ലേഖനങ്ങള്‍. മണി എക്സ്ചേഞ്ചില്‍ നിന്നു വാങ്ങിയ ഡ്രാഫ്റ്റിനു മുന്നില്‍, നാടിനെ മനോമുകുരത്തില്‍ കണ്ടെഴുതുന്ന പ്രവാസിയുടെ കത്തുകള്‍. തന്റെ വിഷമങ്ങളും പ്രയാസങ്ങളും മറ്റുള്ളവരെയറിയിക്കാതെ, മറ്റുള്ളവരുടെ വിശേഷങ്ങളാരായുന്ന ഒരായിരം ചോദ്യങ്ങളടങ്ങിയ നീണ്ട നീണ്ട കത്തുകള്‍. പിന്നെ നാട്ടിലേക്കാരെങ്കിലും പോകുന്നുണ്ടൊ എന്ന തിരച്ചില് കത്ത് അവരുടെ കയിലേല്‍പ്പിക്കാന്‍‍. അതിലും പരാജയപ്പെട്ടാല്‍ മാത്രം, പോസ്റ്റൊഫീസില്‍ പോയി നാട്ടിലേക്കയക്കുന്ന ‘റെയ്സ്ട്രുകള്‍’.


ഫോണിന്റെ വരവോടെ കത്തുകളുടെ നീളം കുറഞ്ഞു കുറഞ്ഞുവന്നു. ഫോണ്‍ സര്‍വ്വ സാധാരണമായ ഈ നാളുകളില്‍ അവസാനം കത്തുകളേയില്ലാതായി. വിശേഷങ്ങള്‍ എല്ലാം ഒന്നോ രണ്ടോ വാചകങ്ങളില്‍, കാര്‍ഡിലെ ക്രെഡിറ്റു കുറയുന്നതിന്റെ തിരക്കില്‍ ആര്‍ക്കോവേണ്ടി പറയുന്ന ആത്മാര്‍ത്ഥതയില്ലാത്ത വാക്കുകങ്ങളില്‍, പറഞ്ഞൊതുക്കുന്നു.

ജീവിതത്തിന്റെ തിരക്കു കൂടുന്നതനുസരിച്ച്, എത്രയും നേരത്തെ പണം നാട്ടിലെത്തിക്കാനുള്ള തത്രപ്പാടില്‍, നാമാശ്രയിക്കാറുള്ളത് എപ്പോഴും എക്സ്പ്രസ്സ് മണി ട്രാന്‍സ്ഫറുകളെയാണ്. അതിനുശേഷം ഫോണില്‍ നിന്നുള്ള ഒരു വിളിയോ അല്ലെങ്കില്‍ ഒരു സന്ദേശമോ. ഇതില്‍ അവസാനിക്കുന്നു വിനിമയം. വളരെ നല്ലരീതിയിലുള്ള സേവനം നല്‍കുന്ന ഒരുപാട് മണി എക്സേഞ്ചുകള്‍ കൂണുപോലെ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്നു. പണമയച്ച് പത്തുമിനുട്ടുകള്‍ക്കകം അതു നാട്ടില്‍ കൈപറ്റാനുള്ള സൌകര്യം ഇന്ന് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. ഇതു കൂടാതെ നറുക്കെടുപ്പുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്ത്, ഈ പ്രസ്ഥാനത്തെ ഒരു ഒഴിച്ചു കൂടാനാവാത്ത ഘടകമാക്കി മാറ്റിയിരിക്കുന്നു ഈ പണം പിഴിയല്‍ സ്ഥാപനങ്ങള്‍.

ഇതിനിടയിലെവിടെയോ പ്രവാസി വെറും പണം കായ്ക്കുന്ന മരങ്ങളായി മാറുന്നു നാട്ടില്‍ ശേഷിച്ചിരിക്കുന്നവര്‍ക്ക്. എപ്പോഴെങ്കിലും ഗള്‍ഫില്‍ നിന്നു നാട്ടിലുള്ളവരെ തേടിയെത്തുന്ന കത്തുകള്‍, മനസ്സുകള്‍ തമ്മില്‍ അകലമുണ്ടാവാതെ സൂക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു.

ഇനിയും കത്തുകളുടെ പ്രതാപകാലം തിരിച്ചു വരുമോ, മനസ്സുകള്‍ തമ്മിലുള്ള അടുപ്പവും.

Tuesday, July 03, 2007

പിന്മൊഴി പിന്‍‌വലി (സൂം ഇന്‍)

പിന്മൊഴി നിര്‍ത്തലാക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും, അവസാനം അതു നിര്‍ത്തലാക്കിയതിലേക്ക് അതിന്റെ ഭാരവാഹികളെ നയിച്ച ഘടകങ്ങളും‍.

സുല്ലിന്റെ ഒരു സൂം ഇന്‍...

8. June 24, 3:22 am ചിദംബരിയുടെ ഒടുക്കത്തെ കമെന്റോടെ പിന്മൊഴിയുടെ ആപ്പീസ് പൂട്ടി താക്കോല്‍ കടലിലേക്കു വലിച്ചെറിയുന്നു. ചിദംബരിയുടെ ഒടുക്കത്തെ കമെന്റ് ഇവിടെ വായിക്കാം.

7. ബൂലോഗര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും ചെളിവാരി എറിയലും തമ്മിലടിയും സ്വപ്നം കണ്ട് മനം മടുത്ത് ഏവൂരാന്‍ പിന്മൊഴി പിന്‌വലിക്കുന്നതായി പ്രഖ്യാപിക്കുന്നു. കണ്ടത് ഇവിടെ

6. പെരിങ്ങോടന്റെ പോസ്റ്റ്. പിന്മൊഴി എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു? - ഞരമ്പ് രോഗത്തിനു പ്രതിവിധി കാണാന്‍ പിന്മൊഴി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശുന്ന പോസ്റ്റ്. പിന്മൊഴിയുടെ ഇവിടുത്തെ പണി കഴിഞ്ഞെന്നും ഇനി പിന്മൊഴി വേറെ പണിയന്വേഷിച്ച് പോവുകയാണ് നല്ലതെന്നും പെരിങ്ങോടന്‍ തന്മയിത്വത്തോടെ പറഞ്ഞൊപ്പിക്കുന്നു. അത് ഇവിടെ

5. ഇഞ്ചിപെണ്ണിന്റെ പോസ്റ്റ്. മലയാളം ബ്ലോഗിങ്ങും ഞരമ്പ് രോഗികളും! - ഞരമ്പ് രോഗികള്‍ വഴിവക്കിലോ ആട്ടോസ്റ്റാന്‍ഡിലോ മാത്രമല്ല കാണപ്പെടുന്നത്, വിദ്യാസമ്പന്നരുടെ ഇടയില്‍ ഈ രോഗം മാരകമായി പെരുകിയിട്ടുണ്ടെന്നും അതു പിന്മൊഴി വഴി കയറിവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഈ ബ്ലോഗ്ഗര്‍ സത്യം സത്യമായി പറയുന്നു. ഞരമ്പ് രോഗം പരത്തുന്നതില്‍ പിന്മൊഴിക്കുള്ള പങ്കിനെ കുറിച്ച് കൂലങ്കൂഷമായി ചിന്തിക്കുന്ന പോസ്റ്റ്.

4. ഇഞ്ചി കുഞ്ചുവിന്റെ പോസ്റ്റ്.ബൂലോകത്തും പിന്മൊഴിയിലും ഞരമ്പ് രോഗം എത്രത്തോളം പടര്‍ന്നു പിടിച്ചിട്ടുണ്ടെന്ന് കാണിക്കുന്നതിന് ഉത്തമോദഹാരണമായ പോസ്റ്റ്. ഇഞ്ചി കുഞ്ചുവിനും സ്വപ്നം കാണാനും കണ്ടതു കണ്ടപോലെ പകര്‍ത്താനും അറിയാമെന്നു പറയുന്നതിവിടെ.

3. അഗ്രജന്റെ പോസ്റ്റ്.ഷാര്‍ജ അല്‍ഖാനിലെ ആദ്യത്തെ ഇന്റര്‍ചേഞ്ചിന്റെ മൂലക്കിരുന്ന്, പയറുകൊറിക്കുമ്പോള്‍ ഇഞ്ചികടിച്ചതു സ്വപ്നം കണ്ടെന്നു അഗ്രജന്‍ തട്ടിവിടുന്ന വെറും പോസ്റ്റിനായുള്ള പോസ്റ്റ്. ഇഞ്ചികുഞ്ചുവിനെകൊണ്ട് സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച അഗ്രജന്റെ സ്വപ്ന പോസ്റ്റ്.

2. ഇത്തിരിവെട്ടത്തിന്റെ പോസ്റ്റ്. സ്വപ്നം കാണാന്‍ തനിക്കും അറിയാം എന്ന് ഇത്തിരി പറയുന്നു. ബൂലോഗരെയെല്ലാം തന്റെ വാലിന്‍ തുമ്പില്‍ കെട്ടി യു എ യിയില്‍ നിന്നു ഇത്തിരി കൊച്ചിയിലേക്കു ചാടുന്ന തന്റെ സ്വപ്നം. ചെണ്ടയുള്ള കുറുമാനും, നീല മുണ്ടുടുത്ത ഇടിവാളും, നൂലു(ണ്ട)പോലെ മെലിഞ്ഞ ദില്‍ബനും.... അങ്ങനെയങ്ങനെ ബൂലോഗരേറെ ഈ സ്വപ്നത്തില്‍. അഗ്രജനെ ഒരു സ്വപ്നത്തിലേക്ക് തള്ളിയിട്ട ഇത്തിരിപോസ്റ്റ്.

1. വിശാലമനസ്കന്റെ പോസ്റ്റുകള്‍സ്വപ്നം കാണുകമാത്രമല്ല അത് കുറിച്ചു വെക്കുകയും, നാലാളോട് പറയുകയും ചെയ്യുന്ന സ്വപ്നങ്ങളുടെ സുല്‍ത്താന്റെ സ്വപ്നങ്ങള്‍ക്കായുള്ള പോസ്റ്റ്. ഇവിടെയെല്ലാം കാണാം. ഇവിടെ കാണാത്തത് മറ്റൊന്നുമില്ല. ഇവിടെ കണ്ടില്ലെങ്കില്‍ പിന്നെ എവിടെയും ഇല്ല. ഇതാ ഇതാ ഇതാ......

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ബൂലോകര്‍ക്ക് സ്വപ്നം കാണാനുള്ള വക ബൂലോകത്തില്‍ നിന്നും കിട്ടുമെന്നും, അത് ഒരു പോസ്റ്റ് ആക്കി ഇറക്കിയാല്‍ പിന്മൊഴിയില്‍ ആവശ്യമുള്ളതും ആവശ്യമില്ലാത്തതും കുത്തിനിറക്കാന്‍ കമെന്റെര്‍മാര്‍ തയ്യാറാണെന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതു തന്നെയല്ലേ പിന്മൊഴിയെ ശ്വാസം മുട്ടിച്ചു കൊന്നതും. തും. തും...

ബൂലോകത്തിന്റെ വളര്‍ച്ചക്ക് വി.യം നല്‍കിയെന്നു പറയുന്ന സംഭാവനകളുടെ കൂട്ടതില്‍ ഇതും ഇരിക്കട്ടെ.

ഇതു വായിച്ച് വിയം ഉം വിയം ഫാനുകളും ഏസികളും എന്നെ തല്ലികൊല്ലാതിരുന്നാല്‍ മതിയായിരുന്നു.

സ്വരക്ഷക്ക് :
ഇവിടെ പറഞ്ഞ കാര്യങ്ങള്‍ പകുതിയും, മുക്കാലും അല്ല മുഴുവനായും സത്യമല്ലെന്നും ഇതെല്ലാം ഒരു തമാശമേശപ്പുറത്ത് എഴുതിയതാണെന്നും ഈയുള്ളവനും ഇതു വായിക്കുന്നവര്‍ക്കും അറിയാവുന്നതാണ് എന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. കാര്യങ്ങള്‍ ഗൌരവമായെടുത്ത് വീണ്ടുമൊരു ചെളിവാരിയെറിയല്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഈ പോസ്റ്റ്, ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ വിഷമത്തിനു കാരണമാകുന്നെങ്കില്‍ sullvu@gmail.com ല്‍ ഒന്നു പറയാന്‍ താല്പര്യപ്പെടുന്നു. പോസ്റ്റ് ഉടനെ നീക്കുന്നതായിരിക്കും. :) സുല്‍.