Sunday, November 02, 2008

സമന്‍സ്

“കരകാണാ കടലലമേലെ
മോഹപ്പൂങ്കുരുവി പറന്നേ....”

തളിക്കുളം കാര്‍ത്തിക(തിയേറ്റര്‍)യുടെ സൈക്കില്‍ ഷെഡ്ഡില്‍ നിന്നു എന്റെ ഇരുചക്ര വാഹനം പുറത്തെടുക്കുമ്പോഴും ആ ഗാനം എന്റെ ചുണ്ടില്‍ തിരുവാതിര ചവിട്ടുകയായിരുന്നു. ഒരു നല്ല സിനിമ കണ്ട സന്തോഷം. കൂടെ വീട്ടില്‍നിന്നു ആദ്യമായി ഒളിച്ച് സെക്കന്റ് ഷൊ കാണാന്‍ പോയതിന്റെ പരിഭ്രമവും.

കൈതക്കല്‍ പള്ളിയില്‍ ഒരു വയളു*ണ്ടെന്നു പറഞ്ഞിറങ്ങിയതാണ് വീട്ടില്‍ നിന്ന്. കൂടെ കൂട്ടുകാര്‍ സൈഫുവും സക്രുവും(സകരിയ). കാലേകൂട്ടിയുള്ള പ്രോഗ്രാം ഫിക്സ്ചര്‍ അനുസരിച് പള്ളിയിലേക്കു തന്നെയാണ് മൂവരും ഇറങ്ങി തിരിച്ചത്. ഇടക്കു വച്ച് സൈഫുവിനൊരു ബോധോദയം, അല്ലേലും ഇത്തരം ബോധങ്ങളും അവബോധങ്ങളും അവന്റെ മാത്രം സ്വന്തമാണ്, “തളിക്കുളം കാര്‍ത്തികയില്‍ നാടോടിക്കാറ്റ് കളിക്കുന്നു പോയാലൊ?” ഏതായാലും വീട്ടില്‍ നിന്നിറങ്ങി. കഴിഞ്ഞ അഞ്ചു ദിവസം മുടങ്ങാതെ കേട്ടതല്ലെ വയള്. ഇന്നത്തെ വയളു കട്ട് ചെയ്യാം. വയളുകേട്ട് നന്നാവുമായിരുന്നെങ്കില്‍ മൈക് ഓപറേറ്റര്‍ ജലാല്‍ക്ക എന്നേ നന്നായേനെ. നയതന്ത്രപരവും കുടിലതന്ത്രപരവുമായ ചര്‍ച്ചകള്‍ക്കും വഗ്വാദങ്ങല്‍ക്കുമൊടുവില്‍, നാളികേരം വെട്ടുന്നപോലെ, വെട്ടൊന്ന് മുറിരണ്ട് എന്ന കണക്കില്‍ തീരുമാനമായി. വയള് എന്ന മുക്കണ്ണന്‍ മുറി ഒരിടത്തേക്ക് മാറ്റിവച്ച്, സ്വതവേ സിനിമാ ഭ്രാന്തില്ലാത സക്രുവും ഞാനും സമ്മതം മൂളി, വെറുതെ അല്ല, ഫുള്‍ ചെലവ് സൈഫു വഹ. പിന്നെ ഞാനെന്തു കാട്ടാനാ, എന്തു നോക്കാനാ. നേരെ വണ്ടി തളിക്കുളത്തേക്ക് തിരിച്ചു. ഒരു സൈക്കില്‍ 3 പേര്‍. പോകുംപോള്‍‍ ചവിട്ട് എനിക്ക് (സൈക്കിള്‍ ഡ്രൈവര്‍ ഞാന്‍) വരുമ്പോള്‍‍ സൈഫു. തടിയുടെ കാര്യത്തില്‍ ഈര്‍ക്കിലായ സക്രുവിന്, മഹാമനസ്കരും പരമാവധി ഉദാരമതികളുമായ ഞങ്ങളുടെ വക ഫ്രീ ലിഫ്റ്റ്.

ഇനി സൈഫുവിന്റെ ഊഴമാണ് സൈക്കില്‍ ഡ്രൈവിങ്ങ്. ഈ ദേഹത്തെക്കുറിച്ച് കുറച്ചൊന്നുമല്ല ഇണ്ട്രൊഡക്റ്റാന്‍ ഉള്ളത്. സ്കൂളില്‍ പോകും വഴിയിലുള്ള പുളിയും മാങ്ങയും എറിഞ്ഞ് ഞെട്ടരിഞ്ഞുവീഴ്ത്താന്‍ ഒരു പ്രത്യേക പാടവം തന്നെയുണ്ട് കക്ഷിക്ക്. വീഴുന്ന മാങ്ങ മതിലിനപ്പുറമാണെങ്കില്‍ ഇഞ്ചികടിച് ഡാവിഞ്ചിയായി ആശാനോരു നില്‍പ്പുണ്ട്. ചിലപോള്‍ വഴിയിലുള്ള തെങ്ങിന്‍ കരിക്കുകളില്‍ വരെ തന്റെ സ്കിത്സ് ടെസ്റ്റ് ചെയ്യാറുണ്ട്. കരിക്ക് എറിഞ്ഞു വീഴ്താം എന്ന അതിമോഹം കൊണ്ടൊന്നുമല്ല, മാങ്ങയോ പുളിയൊ ഇല്ലതിരിക്കുമ്പോള്‍ ഇത് ആശാന്റെ കൈതരിപ്പിന്റെ പ്രശ്നമാണ്. തന്റെ ട്രേഡ്മാര്‍ക്ക് ആയ തിരിഞ്ഞ പല്ലുകൊണ്ട് ഒരു ഉണത്തേങ്ങ ചകിരി അടര്‍ത്തിയവനാണ് ഒരിക്കല്‍. യവനാണ് യിവന്‍ സൈഫു.

വണ്ടിയുമെടുത്ത് ഞങ്ങള്‍ മൂന്നുപേരും സവാരിഗിരിഗിരി തുടങ്ങി. വാഹനം ആശേരി അമ്പലവും കഴിഞ്ഞ് ഹൈസ്കൂളിനടുത്തെത്തുന്നു. എങ്ങും നിശബ്ദത. ഞങ്ങളെ മൂന്നുപേരേയും വഹിക്കുന്നതിലുള്ള പെഡലിന്റെ എതിര്‍പ്പുകള്‍ “കിയൊ കിയൊ” എന്ന ഭീകര ശബ്ദമായി അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നു. പെട്ടെന്ന് ഒരു പോലീസ് ജീപ്പ് ഞങ്ങളുടെ അടുത്ത് സഡന്‍ ബ്രേക്കിട്ടു. ഞാനൊന്നു കിടുങ്ങിപ്പോയി.

“എവിടേക്കാടാ ഈ പാതിരാത്രീല്?”

ഞങ്ങള്‍ സൈക്കിളില്‍ നിന്ന് ചാടിയിറങ്ങി ഇടിവെട്ട് കൊണ്ടതുപോലെ അവശരും, അശക്തരും ആലമ്പഹീനരും അലവലാതികളുമായി നിന്നു. ആദ്യമായി ഒരു കള്ളത്തരം ചെയ്തതാ, അതിപ്പൊ പൊല്ലാപ്പായൊ അള്ളാ. എന്നെയെങ്ങാനും പോലീസ് പിടിച്ചുകൊണ്ടുപോയാല്‍, അത് ആലോചിക്കാന്‍ മൈ ബ്രൈന്‍ ഈസ് നൊട്ട് കോണ്‍ഫിഗേര്‍ഡ്. ഏതു കള്ളന്മാരെ പിടിക്കന്‍ വന്നവരാണൊ ഇവര്‍. ഇനി അവരെ കിട്ടാത്തതിന് ഞങ്ങളെയെങ്ങാനും.... എന്നാല്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. കൈതക്കല്‍ പോയ ഞങ്ങളെങിനെ തളിക്കുളത്തെത്തി?, വീട്ടുകാര്‍ ചോദിച്ചാല്‍, എല്ലാകള്ളവും ഒന്നിച്ചു പൊളിയുമല്ലോ റബ്ബെ. ഇത്യാദി ചിന്തകളാല്‍ വിവശനും, വായും തൊണ്ടയും വേനല്‍ക്കാലത്തെ ഭാരതപുഴപോലെ വറ്റിയവനും, നാവ് അതിന്റെ സര്‍വ്വീസ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് കട്ടപ്പുറം കേറിയവനും, വന്നുനില്‍ക്കുന്ന ജീപ്പിന്റെ ഹെഡ് ലൈറ്റ് പോലെ കണ്ണുന്തിയവനും, സര്‍വ്വോപരി മറ്റുള്ളവര്‍ കണ്ടാല്‍ ബോധം മറയും വിധം സുന്ദരനുമായി ഞാന്‍ നിലകൊണ്ടു.

“ഞങ്ങള്‍ കാര്‍ത്തികേന്ന് വരാ സാറെ” സൈഫുവിന്റെ ശബ്ദം.
“ഇവിടെ വാടാ” - സൈഫു ആദ്യം, ഞങ്ങള്‍ പിമ്പെ.
“ഒരു സൈക്കിളില്‍ 3 പേരെയുള്ളു, വേറാരെം കിട്ടീലെഡാ”
മൌനത്തെ വായിലിട്ട് അമ്മാനമാടികൊണ്ട് ഞങ്ങള്‍ വിദ്ധ്വാന്മാരായി നിന്നു.
“എന്തെഡാ നിന്റെ പേര്?” ചോദ്യം സൈഫുവിനോട്. അവനല്ലേ ചവിട്ടുകാരന്‍, തൊഴിയും അവനുതന്നെ ഇരിക്കട്ടെ!
“കോയാസ്സന്‍” അവന്റെ പുതിയനാമധേയം കേട്ട് ഞങ്ങളൊന്നു പരുങ്ങി.
“അഡ്രസ്സ്”
“പണിക്കവീട്ടില്‍, സാ‍ല്‍മിപടി, തളിക്കുളം” അഡ്രസ്സ് പൂര്‍ത്തിയായി.
“പി സി ആകാറ്റഴിചുവിട്ടോ, നാളെ സ്റ്റേഷനില്‍ വാ മൂന്നുപേരും” ജീപ്പ് നീങ്ങി.

തല്‍ക്കുമുകളിലൂടെ പറന്നു കളിച്ചിരുന്ന എന്റെ പാതിജീവന്‍ സ്വകായ പ്രവേശം നടത്തി. ശാസൊച്ച്വാസം പതുക്കെ പഴയതുപോലെ. ഇനി എമര്‍ജന്‍സി ഓക്സിജന്‍ സെറ്റപ് എടുത്തുമാറ്റാം. 100 നും 110 നും ഇടയില്‍ ഓടികളിച്ചിരുന്ന ഹാര്‍ട്ട് സെന്‍സെക്സ് 72-75 ലേക്ക് കൂപ്പുകുത്തി. തന്നിഷ്ടപ്രകാരം നടത്തിവന്ന പ്രഭാതഭേരി യാതൊരുമുന്നറിയിപ്പും കൂടാതെ ഹൃദയം നിര്‍ത്തിവച്ചു. ഞാനിപ്പോള്‍ ലോലഹൃദയന്‍, മിസ്റ്റര്‍ ലോലന്‍.

കാറ്റില്ലാത്ത സൈക്കിളും തള്ളി രാജപാതയില്‍നിന്ന് പതുക്കെ ഉള്‍വഴിയിലേക്ക് ഉള്‍വലിഞ്ഞു. ഇനി മറ്റുവല്ല ഏമാന്മാരും കണ്ടാലോ. ഒരു ചിന്ന കുഴിയില്‍ വീണ് ചിന്നതായി കാലുളുക്കിയതൊഴിച്ചാല്‍ ഒരു പോറല്പോലും ഏല്‍ക്കാതെ ഞാന്‍ വീട്ടിലെത്തി.

രംഗം 2
സ്ഥലം - സാല്‍മിപടി, മാധവേട്ടന്റെ ചായക്കട പരിസരം.
സമയം - 5 മണിയോടടുത്തിരിക്കുന്നു.

കടയുടെ മുന്നില്‍ സ്ഥിരം ചീട്ട് കളി ഗാങ്ങ് അവരുടെ പരിപാടികളില്‍ വ്യാപൃതര്‍.
ഒരു പോലീസ് ജീപ് കടയുടെ മുന്നില്‍ ലാന്റ് ചെയ്യുന്നു.

ചീട്ടുകളി ഇന്റര്‍നാഷനല്‍ ക്രൈമുകളുടെ പട്ടികയില്‍ എണ്ണപ്പെടുന്നതിനാലും, ഏമാനുകൊടുക്കാന്‍ സ്വന്തം കയ്യില്‍ പൂത്തകായില്ലാ‍ത്തതിനാലും, ചീട്ടുകളിക്കാര്‍ ഒരാളൊഴികെ മറ്റെല്ലാരും ചാടി എഴുന്നേറ്റ് മുഖത്ത് ഭവ്യത എന്ന ക്ണാപ് ഫിറ്റ് ചെയ്ത് വളഞ്ഞ് മടങ്ങി ഒടിഞ്ഞ് തളര്‍ന്ന് അറ്റന്‍ഷനായി നിന്നു.

രണ്ടേമാന്മാരും അവരുടെ നാല് ബൂട്ടുകളും ജീപ്പിനു പുറത്തേക്ക് “ആരാ ഇവിടെ കോയാസ്സന്‍?” ഏമാന്‍ ഒന്നിന്റെ ചോദ്യം.

കളിക്കാരുടെയും കണ്ടു നിന്നവരുടേയും മുഖത്ത് ഉത്കണ്‍ട, ഉല്പ്രേക്ഷ, അത്ഭുതം എന്നീ ഭാവഹാവാദികളുടെ തിരയേറ്റം, വേലിയേറ്റം, മതിലേറ്റം.

“ആ ഇരിക്കുന്നവനാ സാറെ” ചീട്ടുകളിക്കാരില്‍ എഴുന്നേല്‍ക്കാതിരുന്ന ആളെചൂണ്ടി കരിപ്പിടി കണാരന്‍.

ഇനി ഇരിക്കുന്നതാരെന്നു പറയാം, ഇത് ഒറിജിനല്‍ കോയാസ്സന്‍, പണിക്കവീട്ടില്‍, സാല്‍മി പടി, തളിക്കുളം.

“എന്താകാര്യം സാറെ?” കോയാസ്സന്‍ ഇരുന്നുകൊണ്ട്.

“നിനക്കൊരു സമന്‍സ് ഉണ്ട്’

“സമന്‍സോ? എനിക്കോ?” കോയാസ്സന്റെ കൈകള്‍ പതുക്കെ തന്റെ കാലിനരുകിലേക്കു നീങ്ങി. പുള്ളീ എഴുന്നേല്‍ക്കാനുള്ള ഭാവമില്ല. കണ്ടുനിന്നവര്‍ ഇന്ദ്രന്‍സിനെ മനസ്സില്‍ ധ്യാനിച്ച്, അവരുടെ കഴുത്തുകള്‍ 1, 1 1/2 ഇഞ്ചുകള്‍ വലിച്ചു നീട്ടി കോയാസ്സനില്‍ ദൃഷ്ടികള്‍ ഉറ്പ്പിച്ചു.

“എന്താ സമന്‍സ് സാറെ” കോയാസ്സന്‍ വിവരം മുഴുവന്‍ അറിഞ്ഞേ അടങ്ങൂ എന്ന ഭാവം. ഇതിനിടയില്‍ കോയാസ്സന്റെ കൈകളില്‍ കറുത്ത് തിളങ്ങുന്ന എന്തൊ ഒന്ന്.

“ഈ മാസം 10നു രാത്രി 12 മണിക്ക് തളിക്കുളം ഭാഗത്ത്‌വച്ച് രണ്ട് പേരെ ലോഡ് വച്ച് സൈക്കിളില്‍ പോയതിനുള്ളതാണ്”. ഏമാന്‍ ഒരു മര്യാദാ പുരുഷോത്തമ കൈമള്‍ തന്നെ. അല്ലേല്‍ കണ്ണീല്‍ കണ്ട തെറിയെല്ലാം വിളിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരം പാഴാക്കുമൊ.

കൂടി നില്‍ക്കുന്നവര്‍ ചിരിയടക്കാന്‍ പാടു പെടുന്നു. ഏമാന്റെ മുന്നിലെങ്ങനെ....

ഇതിനിടയില്‍ കോയാസ്സന്‍ കറുത്ത വസ്തു കൈകളില്‍ തിരുകി, കൈകള്‍ മണ്ണില് കുത്തി മുട്ടിലിഴഞ്ഞ് ഏമാന്റെ അടുത്തു വന്നു മുട്ടുകാലേല്‍ നിന്നു.

“ഞാനോ സൈക്കിളിലോ? അതും രണ്ടുപേരെവെച്ച്”.

കോയാസ്സ തിരുദര്‍ശനത്താല്‍ സായൂജ്യമടഞ്ഞ കേരളാ പോലീസ് ഏമാന്‍സ് കൂടുതല്‍ ക്വസ്റ്റ്യന്‍ ആന്‍സേര്‍സിനു പഴുതു കൊടുക്കാതെ കിട്ടിയ വേഗത്തില്‍ ജീപ്പ് വിട്ടു പോയി എന്നത് പരമാര്‍ത്ഥം. വിഗലാംഗനായ കോയാസ്സന്റെ മുച്ചക്ര വാഹനം ഇതിനെല്ലാം സാക്ഷിയായി മാധവേട്ടന്റെ ചായക്കടക്കുമുന്നില്‍ മിണ്ടാതെ അനങ്ങാതെ കിടന്നു.

-------------------
*വയള് = മുസ്ലിം മതപ്രസംഗം