Monday, June 30, 2008

പ്രസവാവധി


പുരുഷനു പ്രസവാവധി കിട്ടുമോ?

പുരുഷന്‍ പ്രസവിക്കത്തിടത്തോളം അതെല്ലാം പകല്‍ക്കിനാവുകള്‍ മാത്രമാവാനാണു സാധ്യത. എന്തായാലും എനിക്കൊരു പ്രസവാവധി കിട്ടി. അതും 'ജോലി കിട്ടിയിട്ടുവേണം കൂലിയൊന്നുമില്ലാത്ത ഒരു ലീവെടുക്കാന്‍' എന്നപോലെ, ഇപ്പോഴുള്ള ജോലിയില്‍ കയറി മൂന്നുമാസമാവുന്നതിനു മുന്‍പേ.

ഇത്രനാളും കൂടെയുണ്ടായിരുന്ന പ്രാണനാഥന്‍ തന്നെ ഒറ്റക്കാക്കി സ്ഥലം കാലിയാക്കുമ്പോള്‍, ബോറടിക്കാതിരിക്കാനും, സുല്ലി, ആലോചനാനിമഗ്നയും അതോടൊപ്പം വിഷദത്തിന്റെ പടുകുഴിയിലേക്ക്‌ കൂപ്പു കുത്താതിരിക്കുന്നതിനുമായി, നല്ലൊരു താങ്ങും തണലുമായി, ഓര്‍മ്മിക്കാന്‍ ഒരുപിടി നല്ലനാളുകളും ഓമനിക്കാന്‍ ഉദരത്തില്‍ ഒരു ഉണ്ണിവാവയെയും നല്‍കിയിട്ടാണ്‌ ഈ പ്രവാസി പ്രയാസിയായത്‌. ആകെക്കൂട്ടി മൊത്തം കലക്കിക്കൂട്ടി പറഞ്ഞാല്‍ ഉണ്ണിപിറക്കുന്നത്‌ കാണാന്‍ നില്‍ക്കാതെ ഉണ്ണാനുള്ള വകതേടി പരക്കം പായെണ്ടി വന്നു എന്നു ചുരുക്കം.

ദൈവ കൃപ ഒന്നുകൊണ്ടു മാത്രം, ഇവിടെ വന്നു ഒരു മാസം തികയുന്നതിനു മുന്‍പേ ഒരു ജൊലി തരമായി. ദുബായില്‍ ജോലി തിരയുംബോഴും മനം ഏറെ ദൂരെ, ഭൂമിയിലേക്ക്‌ ടിക്കറ്റ്റ്റെടുത്ത്‌ ബാപ്പയേയും ഉമ്മയേയും ഇത്താനേയും കാണാന്‍ കണ്ണില്‍ കിനാക്കള്‍ നിറച്ച്‌ കാത്തിരിക്കുന്ന, ഉണ്ണിയുടെ ആദ്യ രോദനം ശ്രവിക്കനുള്ള ഒരുക്കങ്ങളിലായിരുന്നു.

ജോയിന്‍ ചെയ്ത്‌ മൂന്നു മാസമാവുമ്പോഴേക്കും എങ്ങനെ ലീവ്‌ ചോദിക്കുമെന്നു ചിന്തിക്കുംബോഴാണു, രോഗി ഇച്ചിച്ചതും വൈദ്യന്‍ ഇച്ചിച്ചതും പാലെന്നപോലെ, നാട്ടില്‍ അനിയന്റെ കല്യാണം ശരിയായത്‌. ഇനി ഏതായാലും പോവാതിരിക്കാന്‍ നിവൃത്തിയില്ല. എം ഡി യോടു ചോദിക്കുകതന്നെ. ജൂണ്‍ 20 നു അനിയന്റെ കല്യാണം, 28 നു ഡോക്ടര്‍ പരഞ്ഞ ഡേറ്റ്‌, അപ്പോള്‍ 10 ദിവസത്തെ ലീവില്‍ എല്ലം ഒതുക്കാം എന്ന വ്യമോഹം പൊട്ടിത്തൂളിയ അപ്പൂപ്പന്താടി കണക്കെ എന്നില്‍ നിറഞ്ഞു. പോയാലൊരു വാക്ക്‌... കിട്ടിയാലൊരാന എന്ന കണക്കേ ഞാന്‍ എം ഡി യോട്‌ 10 ദിവസത്തേക്ക്‌ അവധി ചോദിച്ചു. പ്രസവ കേസല്ലെ, ചെറിയ ചെക്കനല്ലേ, പൊയ്ക്കോട്ടെ, കണ്ടൊട്ടെ, കരച്ചിലു കേട്ടോട്ടെ എന്നു കരുതി കരുണാവാരിധിയായ എം ഡി പത്ത്‌ ദിവസം ലീവ്‌ കനിഞ്ഞരുളി.

ഇടിവെട്ടിയാല്‍ പിന്നെ പാമ്പു കടിക്കാതെ പോവുന്നതു പാമ്പിനു നാണക്കേടല്ലെ. അനിയന്റെ കല്യാണം നിശ്ചയിച്ചതിനും ഒരാഴ്ച മുമ്പ്‌ ജൂണ്‍ 12 ആം തിയതിയിലേക്കാക്കികൊണ്ടുള്ള കുറിമാനം കടലു കടന്നു വന്നു. അപ്പോള്‍ കല്യാണത്തില്‍ കൂടണമെങ്കില്‍ 11ആം തിയതി രാത്രിയെങ്കിലും ഇവിടന്നു മുങ്ങണം, പിന്നെ 29 നു വന്നു ജോയിന്‍ ചെയ്യണം, അവധി
കൂട്ടാനായി വീണ്ടും എം ഡി തന്നെ ശരണം, ഏതായാലും 17 ദിവസത്തെ പരോള്‍ അനുവദിച്ചുകൊണ്ടുത്തരവായി. അങ്ങനെ 11 നു രാവിലെ ഞാന്‍ നെടുംബാശ്ശേരിയിലെത്തി. 12 നു കല്യാണവും കൂടി. 29 നുള്ള റിട്ടേണ്‍ ടിക്കറ്റും ബുക്ക്‌ ചെയ്തു സീറ്റ്‌ ഉറപ്പാക്കി. അല്ലെങ്കില്‍ പണിപോകുന്ന കാര്യമാണെ.

ഇനി 27 ഓ 28 ഓ എന്ന ഒരു സന്ദേഹം മാത്രം. ഉണ്ണിയൊന്നു വരാന്‍, ഒരു നോക്കു കാണാന്‍, ഒരു വാക്കു മിണ്ടാന്‍. ആകാംക്ഷയോടെ കാത്തിരുന്ന നാളുകള്‍. ഡോക്റ്ററുടെ അഭിപ്രായത്തില്‍ 27നു മുന്‍പെ ആവാനാണു സാധ്യത. എന്തായാലും 28 ആണു ഡേറ്റ്‌.

27 ആം തിയതി ആശുപത്രിയില്‍ പോയി. കൂടെ കെട്ടും കിടക്കയും. പോക്കുകണ്ടാല്‍ തോന്നും അവിടെ സ്ഥിര താമസമാക്കാനാണെന്ന്. പിന്നെ എന്റെ ഉണ്ണി ഒരു ദിവസം മുന്‍പിങ്ങു വന്നു കിട്ടിയാല്‍ എനിക്ക്‌ അത്രയും നേരമധികം കാണാമല്ലോ. ഇതൊക്കെ ആ ഡാക്കിട്ടര്‍ സാറിനു മനസ്സിലാവുമോ. "പെയിനൊന്നുമില്ല, ആയിട്ടില്ല, നാളെ വരൂ.... " ഡാക്കിട്ടര്‍ ഞങ്ങളെ നിഷ്കുരണം ഇറക്കിവിട്ടു. 28നും കഥ ഇതു തന്നെ. അട്മിറ്റാക്കാമെന്നു പറഞ്ഞിട്ടു കൂടി ദാക്കിട്ടര്‍ സാര്‍ സമ്മതിച്ചില്ല.

ഉണ്ണിയെ കാണാമെന്നുള്ള മൊഹമെല്ലാം കൊഴിഞ്ഞു തുടങ്ങി. മേലേന്നുള്ള വിളികള്‍ മുറക്കു വരുന്നുണ്ട്‌. 29 നു തന്നെ ജോയിന്‍ ചെയ്യണം എന്നാണു തിട്ടൂരം. ടിക്കറ്റ്‌ ഒന്നോ രണ്ടോ ദിവസത്തേക്ക്‌ നീട്ടുവാനുള്ള ആലോചനയും ആവഴിക്കു നടന്നില്ല. അവസാനം 29 നു രാവിലെ പെട്ടീം പ്രമാണവുമായി വീണ്ടും ദുബായിലേക്കു തിരിച്ചു, നിറവയറുമായൊരുത്തിയെ നിറകണ്ണുകളോടെ തനിച്ചാക്കി....

ജൂണ്‍ 30 നു ജോലിയില്‍ ജോയിന്‍ ചെയ്തു. കുല്ലും പതിവുപോലെതന്നെ. ജോലികഴിയുന്നതുവരെ ഉണ്ണിവന്ന അറിയിപ്പൊന്നും വന്നില്ല. കാത്തിരിപ്പിന്റെയെല്ലാം അവസാനമെന്നോണം 30 നു രാത്രി എട്ടരയോടടുപ്പിച്ച്‌ നാട്ടില്‍ നിന്നു ആ നല്ലവാര്‍ത്ത ശ്രവിക്കാനായി. ബാപ്പയെക്കാണാന്‍ ഓടിവരാതിരുന്ന മോളുടെ വരവിനെക്കുറിച്ച്‌. സുഖ പ്രസവം. ഉമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഇന്നു ജൂണ്‍ 30 - അനുവിന്റെ 4 ആം പിറന്നാള്‍.

Tuesday, June 10, 2008

അന്തമാനിക്ക

അവധിക്ക് നാട്ടിലെത്തിയപ്പോള്‍, ഇല്ലാത്ത സമയമുണ്ടാക്കി വീടിനടുത്തുള്ള റോഡുകളിലൂടെയും ഇടവഴികളിലൂടെയും ചുറ്റി നടന്ന് നാട്ടുകാരേയും കൂട്ടുകാരേയും കണ്ട് അവിടുത്തെ വിശേഷങ്ങളെല്ലാം അപ്ഡേറ്റ് ചെയ്യുകയായിരുന്നു. പണ്ടവിടെ കണ്ട കൊച്ചുങ്ങള്‍ക്കെല്ലാം കൊച്ചുങ്ങളായോ എന്നറിയാനുള്ള കൌതുകവും.

“എല്ലാരും ഗള്‍ഫീ പോയാല്‍ നന്നാവാ ചെയ്യ. നീ ഇതെന്തെ പോയപോലെ തന്നെ?” നാല് ആടുകളേം കൊണ്ട് പാടത്ത് കെട്ടാന്‍ പോകുന്ന സരസൂന്റെ കുശലാന്വേഷണം.

“തടിയിത്രയൊക്കെ പോരെ. എല്ലാം കണ്ട്രോളിലാ സരസൂ”

“നിന്റെ പിശുക്കൊന്നും ഇപ്പൊഴും മാറിലല്ലേ. ഒര് കണ്ട്രോള്. എന്റെ മിഠായിം കിട്ടീല.“

“മിഠായി നിന്റെ വീട്ടികൊണ്ടന്ന് തന്നാല്‍ നിന്റെ കെട്ട്യോനെന്ത് വിചാരിക്കും. വീട്ടിലുണ്ട്. സുല്ലി തരും”

“ആ പെണ്ണിനും കുട്ട്യോള്‍ക്കും എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നുണ്ടാവൊ. നിന്റെ ഒടുക്കത്തെ പിശുക്ക്. വീട്ടിവരുമ്പോള്‍ ഞാന്‍ ചോദിക്കുന്നുണ്ട്”

“ഇന്നത്തെ കാലത്ത് ഗള്‍ഫീ ജീവിക്കാന്‍ ഒരു വിധം പിശുക്കൊന്നും പോരെന്റെ സരസൂ. അതൊക്കെ പറഞ്ഞിട്ടെന്താകാര്യം.”

“പിന്നെ പിന്നേ.. പോട മോനേ. ഈ സരസൂം കണ്ടിട്ട്ണ്ടേ കൊറെ ഗള്‍ഫ് കാരെ.” സരസു ആടുകളേയും കൊണ്ട് പാടത്തേക്കിറങ്ങിപ്പോയി.

“ങാ മോനെന്ന് വന്ന്..” മുഷിഞ്ഞ വേഷം ധരിച്ച വൃദ്ധനായ ഒരാള്‍ നടന്നടുത്തു. കക്ഷത്തില്‍ ഒരു പൊതിയുണ്ട്. മുഖത്ത് വാര്‍ദ്ധക്യത്തിന്റെ കരവിരുതുകള്‍. മുറുക്കാന്‍ കറ പുരണ്ട പല്ലുകള്‍ പലതും കാണാനില്ല. അന്തമാനിക്ക. കുറച്ചുകൂടി കുനിഞ്ഞിട്ടുണ്ട് മുതുക്.

“ഞാന്‍ വന്നെട്ടൊരാഴ്ചായിക്കാ”

“യ്യി ഇങ്ക്ട് വന്നേ. ഒരു ചായ വേടിച്ചന്നേ.” കൂടുതല്‍ വര്‍ത്തമാനത്തിനു നില്‍ക്കാതെ എന്റെ കയ്യും പിടിച്ച് അന്തമാന്ക്ക ഇബ്രാഹിംക്കയുടെ ചായപ്പീടികയിലേക്ക് നടന്നു.

എനിക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ ഞാന്‍ ഇബ്രാംഹിംക്കായുടെ ചായക്കട അവിടെ കാണുന്നുണ്ട്. അവിടെ പലരും വന്നിരിക്കുന്നതും ചായകുടിക്കുന്നതും പത്രം വായിക്കുന്നതും ഓത്തുപള്ളീല്‍ പോകുമ്പോഴുള്ള സ്ഥിരം കാഴ്ചയാണ്. എങ്കിലും ഇത്രകാലം ഞാന്‍ അവിടെ കയറിയിട്ടില്ലായിരുന്നു. വീടിനടുത്തുള്ള ചായക്കടയില്‍ കയറി ചായകുടിക്കാന്‍ എനിക്കെന്താ വട്ടുണ്ടോ? വീട്ടില്‍ ചോദിച്ചാല്‍ നല്ല അസ്സല് ചായ ഉമ്മ ഉണ്ടാക്കിത്തരും. ഹല്ല പിന്നെ. ഉമ്മയുണ്ടാക്കുന്ന ചായ, അതൊരു ഒന്നൊന്നര തന്നെയാണേ. രണ്ടുമൂന്ന് ദിവസം ഭക്ഷണം കിട്ടിയില്ലേലും വേണ്ടില്ല നാലഞ്ച് ചായയില്ലാതെ ഒരു ദിവസം തള്ളിനീക്കാന്‍ ഉമ്മാക്ക് വല്യ ബുദ്ധിമുട്ടാണ്. ലഞ്ചായാലും സപ്പറായാലും സൂപ്പറായ ഒരു ചായ ഇല്ലാത്ത ഊണ് ഉമ്മാക്ക് ചിന്തിക്കാനേ വയ്യ. അതു വേറെ കഥ.

ഓത്തുപള്ളിയില്‍ പോകുമ്പോഴാണ് ഞങ്ങള്‍ അന്തമാനിക്കയെ സ്ഥിരമായി കാണാറ്. എപ്പോഴും പുഞ്ചിരിക്കുന്ന മുഖമാണ് അന്തമാനിക്കാക്ക്. കുറച്ചു തടിച്ചിട്ടാണെങ്കിലും അധികം ഉയരമില്ല. എന്നു കാണുമ്പോഴും തല മൊട്ടയായിരിക്കും. കക്ഷത്ത് എപ്പോഴും എന്തെങ്കിലും ചുരുട്ടി വച്ചിരിക്കും, ഒരു തോര്‍ത്തുമുണ്ടോ ഒരു പഴയ മുണ്ടോ മറ്റോ. ഒരിക്കല്‍ ഞങ്ങള്‍ ചോദിച്ചു എന്തിനാണീ മുണ്ടും കക്ഷത്തു വച്ചു നടക്കുന്നതെന്ന്.

“ഹറാമ്പെറൊന്നോമ്മാര്. എപ്പളാ തുണിം ഉരിഞ്ഞ് ഓടാന്നറിയൊ. ഇട്ത്തതുണിപോയാ മാറ്റിയെട്ക്കാനാ ഇത്” അന്തമാനിക്കയുടെ തുണി ഇതുവരെ ആരും ഉരിഞ്ഞോടിയതായി തളിക്കുളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ എഴുതപ്പെട്ടിട്ടില്ല.

കുട്ടികള്‍ അന്തമാനിക്കയെ കാണുമ്പോള്‍ പാടുന്ന ഒരു പാട്ടും ഉണ്ട്.

“അന്തമാനുറക്കത്തില്‍ കുന്തം വിഴുങ്ങീ
അന്തിക്ക് പാടത്തൂടെ അന്തംവിട്ടോടീ.
അങ്ങേലെ പാത്തുമ്മാത്ത നെലവിളിച്ചേ
കേട്ടതും നാട്ടാരെല്ലാം പിന്നാലെ പാഞ്ഞേ...“

ഇത് അന്തമാനിക്ക അടുത്തുള്ളപ്പോള്‍ ആരും പാടാറില്ല. അന്തമാനിക്കയുടെ കല്ലേറ് എത്തേണ്ടിടത്തു തന്നെ എത്തുമെന്ന് എല്ലാര്‍ക്കുമറിയാം. ഈ പാട്ടാരെങ്കിലും പാടിയാല്‍ പിന്നെ ഓടെടാ ഓട്ടമാണ് എല്ലാവരും കൂടെ. പിന്നാലെ കല്ലുമായി അന്തമാനിക്കയും.

-------------

കൂലി, “ചെലവ് കഴിച്ച് കഞ്ഞി“ മതി എന്നതിനാല്‍ ഹാജ്യാരടവിടുത്തെ പുറം ജോലികളെല്ലാം ചെയ്തു പോന്നിരുന്നത് അന്തമാനിക്കയാണ്. തെങ്ങുകയറ്റ സമയത്ത് തേങ്ങയും ഓലയും പെറുക്കിക്കൂട്ടല്‍ മുതലായവ. ഒരിക്കല്‍ ഹാജ്യാരുടെ കടപ്പുറത്തെ പറമ്പിലെ നാളികേരം തള്ളുവണ്ടിയില്‍ നിറച്ച് വീട്ടില്‍ കൊണ്ടു വരികയായിരുന്നു അന്തമാനിക്ക. ഒരാളെക്കൊണ്ട് നിയന്ത്രിക്കാവുന്നതിലധികം ഭാരവും കയറ്റി വച്ചിട്ടുണ്ട്. റോഡില്‍ നിന്ന് വീട്ടിലേക്കുള്ള ഇറക്കത്തില്‍ വെച്ചാണ് അന്തമാനിക്ക ആ കാഴ്ക കാണുന്നത്, ഹാജ്യാര്ടെ മോന് കല്യാണം കഴിഞ്ഞ വകയില്‍ കിട്ടിയ ചുവന്ന മാരുതി കാറ് കാര്‍പോര്‍ച്ചില്‍ കിടക്കുന്നത്. വഴി സിമന്റിട്ട് ഉറപ്പിച്ചിട്ടുള്ളതിനാലും രണ്ടുവശവും പൂചെട്ടികള്‍ നിരന്നിരിക്കുന്നതിനാലും വണ്ടി മറ്റൊരിടത്തേക്ക് തിരിക്കാനും കഴിഞ്ഞില്ല.

“ഹാജ്യാരേ കാറ്മാറ്റിക്കാ... ഹാജ്യാരേ കാറ്മാറ്റിക്കാ...” ഇറക്കം ഇറങ്ങുന്നതനുസരിച്ച് വേഗം കൂടി കൊണ്ടിരിക്കുന്ന തള്ളുവണ്ടി വലിച്ചു നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ അന്തമാനിക്ക വിളിച്ചു പറഞ്ഞു. ഈ കൂക്കി വിളികേട്ട് ഹാജ്യാര് പുറത്തേക്കോടി വന്നു. ശൂലം വിട്ട പോലെ ഓടി വരുന്ന അന്തമാനിക്കയേയും തള്ളുവണ്ടിയും കണ്ട് ഹാജ്യാര്‍ മറ്റൊന്നും ആലോചിക്കാതെ ഓടിച്ചെന്ന് തള്ളുവണ്ടിയില്‍ പിടുത്തമിട്ടു.

പിടിച്ചതേ ഹാജ്യാര്‍ക്ക് ഓര്‍മ്മയുണ്ടായുള്ളു. താഴെക്കിടന്ന് തലപ്പൊക്കി നോക്കുമ്പോള്‍ തള്ളുവണ്ടി നൂറെ നൂറില്‍ പാഞ്ഞ് മോന്റെ മാരുതീന്റെ മൂട്ടിലിട്ടിടിക്കുന്നതാണ് കേട്ടത്. “ടമാര്‍” എന്ന ഒച്ചകേട്ട് പുറത്തെത്തിയ ഹാജ്യാരെ മോന്‍ കണ്ടത് മാരുതീന്റെ ഡിക്കി പപ്പട പരുവമായിരിക്കുന്നതായിരിന്നു.

“ഹിമാറെ, നിനക്ക് കണ്ണും കണ്ടൂടെ.“ മുണ്ടും കൂട്ടിപ്പിടിച്ച് ഓടിവന്ന ഹാജ്യാരുടെ ചോദ്യവും അടിയും ഒന്നിച്ചായിരുന്നു.

“ങ്ങളോട് കാറ് മാറ്റിക്കോളാമ്പറഞ്ഞില്ലേ. ഈ ഉന്തുംവണ്ടിക്ക് ബ്രേക്കില്ലാന്ന് ഇങ്ങക്കറിഞ്ഞൂടെ?” ഇത്രയും പറഞ്ഞ് ചെയ്ത പണിക്ക് കൂലിയും വാങ്ങാതെ തലയില്‍ തോളിലിട്ടിരുന്ന തോര്‍ത്തെടുത്ത് കക്ഷത്തു വച്ച് അന്തമാനിക്ക തിരിച്ചു നടന്നു. പിന്നെ കുറെക്കാലത്തേക്ക് അന്തമാനിക്ക ഹാജ്യാരുടെ വീട്ടില്‍ പോവാറില്ലായിരുന്നു.

---------

തളിക്കുളം സിറ്റിയിലെ പേരുകേട്ട ഒരു സ്താപനമാണ് സഹദേവന്‍ ചേട്ടന്റെ മൈത്രീ ടീസ്റ്റാള്‍. ചന്തയില്‍ വരുന്നവര്‍ക്ക് ഒരു ചായകുടിക്കണമെങ്കിലോ ഒരു ബോണ്ട കഴിക്കണമെങ്കിലോ മൈത്രീ ടീസ്റ്റാള്‍ അല്ലാതെ മറ്റൊരു സ്താപനമില്ലവിടെ. അവിടെയുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് ചായ എത്തിക്കുന്നതിനായി അന്തമാനിക്കയും മൈത്രീ ടീസ്റ്റാളിലെ സ്റ്റാഫ് ആയിരുന്നു.

ഒരിക്കല്‍ റോഡിനപ്പുറമുള്ള ആനന്ദ് ടൈലേര്‍സിലേക്ക് ആറു ചായയും കൊണ്ട് പോയ അന്തമാനിക്ക പോയതിലും വേഗം തിരിച്ചു വന്ന് പുതിയ ആറുചായയും തൂക്കി പോകുന്നത് കണ്ടപ്പോള്‍ സഹദേവേട്ടന്‍ ചോദിച്ചു.

“ഇപ്പൊകൊണ്ടോയ ആറെണ്ണത്തിന്റെ പൈസയെവടെ?”

“അതിനു പൈസയൊന്നും കിട്ടീല”

“അതെന്തേ?”

“അത് ഒരുകാറ് വന്ന് ഹോണടിച്ചപ്പോള്‍ ചാടിയപ്പോള്‍ ആറു ഗ്ലാസ്സും റോഡില് വീണ് പൊട്ടിപ്പോയി”

“ങേ.. എങ്ങനെ?” സഹദേവേട്ടന്‍ നെഞ്ചത്ത് കൈ വച്ചു കൊണ്ട് ചോദിച്ചു.

“ഇങ്ങനെ” അന്തമാനിക്ക കയ്യിലുണ്ടായിരുന്ന ആറു ഗ്ലാസ്സുകളും നിലത്തിട്ട് ലൈവ് ഡെമോ കാണിച്ചു കൊടുത്തു സഹദേവേട്ടന്.

------------------

ഇബ്രാഹിംക്കാടെ കടയില്‍ നിന്ന് ചായയും പുട്ടും കഴിച്ച് ഇറങ്ങിയപ്പോള്‍ അന്തമാനിക്കയുടെ കയ്യില്‍ കുറച്ചു പൈസ കൂടി വച്ചു കൊടുത്തു. ആ ചുളിവു വീണ മുഖത്ത് ഇപ്പൊഴും പഴയ പുഞ്ചിരിയുണ്ടായിരുന്നു.