Monday, March 31, 2008

ഒന്നാമന്‍

“ഉമ്മാ.... ചോറെടുത്താ... ചായെവടെ?... ഇന്നും പൂട്ടാ.... അള്ളാ കൂട്ടാനുണ്ടാക്കീലേ ഇതേവരെ....“

“ഈ പയറൊന്ന് കുത്തിക്കാച്ചീറ്റ് ഇപ്പൊത്തരാം മോനെ... നീ അപ്പൊള്‍ക്കും ചായ കുടിക്ക്...“

“നോക്യൊമ്മാ.. ഇനി എപ്പളണ്. ഇപ്പത്തന്നെ മണി ഒമ്പതര കഴിഞ്ഞ്.... ഇതൊന്ന് നേരത്തെ ഉണ്ടാക്കി വച്ചൂടെ....“

ഒന്നര കിലോമീറ്റര്‍ അകലെയുള്ള കൈതക്കല്‍ നിന്ന് ഓത്തുപള്ളിവിട്ട് വീട്ടിലെത്തിയാല്‍ ആകെ മൊത്തം തിരക്ക് തന്നെ തിരക്ക്. ഒമ്പതു മണിക്കാണ് ഓത്തു കഴിയുന്നത്. അവിടന്ന് വലിച്ചു വച്ച് നടക്കും. കൂടെ അനിയത്തി ഉള്ളതിനാല്‍ കുറച്ചു കഴിയുമ്പോള്‍ വലിവ് താനെ കുറയും. വീട്ടിലെത്തുമ്പോള്‍ ഏകദേശം 9.25 ആവും. കിട്ടിയ സമയം കൊണ്ട് ഡ്രസ്സ് മാറി സ്കൂളില്‍ പോവാനുള്ള തിരക്കായിരിക്കും അടുത്ത പടി. ഡ്രസ്സ് മാറി അടുക്കളയിലെത്തുമ്പോള്‍... പുട്ടിന്നാവി വരുന്നുണ്ടാവുകയുള്ളു. അതെടുത്ത് എനിക്കു തന്നിട്ട് വേണം പയറ് അല്ലെങ്കില്‍ പരിപ്പ് കുത്തിക്കാച്ചാന്‍. ഉച്ചഭക്ഷണത്തിനായി വക്കാന്‍. ഈ വക പരിപാടിയെല്ലാം കഴിഞ്ഞു വരുമ്പോള്‍ ഒമ്പത് മുക്കാല്‍ ആവും. ഇനി എത്ര വേഗത്തില്‍ പോയാലും സ്കൂളില്‍ നേരത്തെ എത്താന്‍ പറ്റില്ല.

വാടാനപ്പള്ളി ആര്‍. സി. യു. പി സ്കൂളില്‍ പഠിച്ച മൂന്നു വര്‍ഷത്തിലും ഓരോദിവസവും ആവര്‍ത്തിച്ചു കൊണ്ടിരുന്ന ദിനചര്യ. വീട്ടില്‍ നിന്ന് ഇറങ്ങി പറ്റാവുന്നത്ര വേഗത്തില്‍ നടക്കും. പത്താംകല്ല് സി. എം. എസ് യുപി സ്കൂളില്‍ പഠിക്കുന്ന എന്റെ മറ്റു കൂട്ടുകാര്‍ എന്റെ പിന്നാലെ കൂടും അപ്പോള്‍. എന്റെ പിന്നാലെ വന്നാല്‍ അവര്‍ക്ക് കൃത്യ സമയത്ത് സ്കൂളിലെത്താമത്രേ. എനിക്കാണെങ്കില്‍ പത്താംകല്ലില്‍ നിന്ന് ഇനി ബസ് കയറി വേണം പോകാന്‍. ഒമ്പത് അമ്പത്തി അഞ്ചിനെത്തുന്ന സെന്റ് ജോര്‍ജ്ജ് കിട്ടിയില്ലെങ്കില്‍ പിന്നെ 10.10 നു കെ കെ മേനോന്‍. പത്തു മണിക്ക് ക്ലാസ് തുടങ്ങും. ബസ്സിറങ്ങിയിട്ടും നടക്കാനുണ്ട് കുറച്ച്. ഏതു ബസിനു പോയാലും നേരം വൈകും. പത്തേകാലാവാതെ ഞാന്‍ സ്കൂളില്‍ എത്താറില്ല.

അങ്ങനെ എന്നും നേരം വൈകിയെത്തുന്നതിനാല്‍ കാലത്ത് ഹാജര്‍ബുക്കില്‍ എനിക്ക് ആബ്സന്റ് മാര്‍ക്ക് ചെയ്യാറില്ല. ഉച്ചക്ക് ഹാജറുണ്ടെങ്കില്‍ ഫുള്‍ ഓകെ. മേരി ടീചര്‍ക്കും, നിര്‍മ്മല ടീച്ചര്‍ക്കും ത്രേസ്യ ടീച്ചര്‍ക്കും അതിന് എത്ര നന്ദി പറയും ഞാന്‍? നേരം വൈകി എത്തുന്നതിനാല്‍ എന്നും അവസാനത്തെ ബഞ്ചില്‍ അവസാനത്തെ സീറ്റ് ആണ് കിട്ടിയിരുന്നത്. പിന്നെ ആകെയുള്ള ഒരു സമാധാനം ആദ്യത്തെ പിരിയഡിലെ ഇംഗ്ലീഷ് ഡിക്റ്റേഷന്‍ ആണ്. ഡിക്റ്റേഷന്‍ കഴിഞ്ഞാല്‍ കിട്ടിയ മാര്‍ക്കിനനുസരിച്ച് ഓരോരുത്തരുടേയും ഇരിപ്പിടവും മാറും എന്നതാണ് അതിലെ സമാധാനപ്രദമായ ഘടകം. അങ്ങനെ രണ്ടാം ബഞ്ചിലോ ചിലപ്പോള്‍ ഒന്നാം ബഞ്ചിലോ എല്ലാം എത്തിച്ചേരും. പിന്നെ സമാധാനമായി. അന്ന് അവിടന്നു മാറേണ്ടി വരില്ല.

പ്രമോദ് കെ എം ആണ് സാധാരണയായി ഒന്നാമനാവുന്നത്. എപ്പോഴും ഒന്നാം ബഞ്ചില്‍ ഒന്നാമത് തന്നെയായിരിക്കും അവന്‍. കേട്ടെഴുത്തിലും എല്ലാം ശരിയാവുന്നത് കൊണ്ട് അവന്റെ സ്ഥാനത്തിനു മാറ്റമുണ്ടാവാറില്ല. മറ്റുള്ളവര്‍ എല്ലാം ശരിയാക്കിയാലും ഒന്നാമതെത്താറില്ല, ഒന്നാമതിരിക്കുന്ന ആള്‍ എന്തെങ്കിലും തെറ്റിക്കാതിരുന്നാല്‍ അവിടന്നു മാറേണ്ടി വരില്ല. ഇങ്ങനെയിരിക്കുന്ന കാലത്തിങ്കലാണ് എനിക്ക് ഒന്നാമനാവാനൊരു സുവര്‍ണ്ണാവസരം വീണുകിട്ടിയത്. ക്ലാസ്സിലെ ഞാനൊഴികെ ബാക്കിയെല്ലാവരും കേട്ടെഴുത്തില്‍ ഒരുവാക്ക് തെറ്റിച്ചിരിക്കുന്നു.

മേരിടീച്ചര്‍ എന്നെ വിളിച്ച് ആദരണീയമായ ഒന്നാം സ്ഥാനത്തിരുത്തി. എനിക്കാണെങ്കില്‍ ഒന്നാമനാവണമെന്നും അവിടെയിരിക്കണമെന്നും നല്ല ആഗ്രഹവുമുണ്ടായിരുന്നു എന്നും. കുറച്ചു കഴിഞ്ഞപ്പോള്‍ പിരിയഡ് കഴിഞ്ഞു. മേരിടീച്ചര്‍ പോയി. പ്രമോദിന്റെ മുഖം നോക്കിയപ്പോള്‍ ഒരു തിളക്കവുമില്ലാത്തപോലെ. അവന് എന്തോ ഒരു വിഷമം പോലെ.

“എനിക്ക് ഇവിടെയിരിക്കേണ്ട. ഇവിടെ നീ തന്നെ ഇരുന്നോ ഞാന്‍ രണ്ടാമതിരുന്നോളാം” ഞാന്‍ അവനോടു പറഞ്ഞു. കുറെ നേരത്തെ നിര്‍ബന്ധത്തിനു ശേഷം അവന്‍ സന്തോഷത്തോടെ ഒന്നാമനായിരുന്നു. ഞാന്‍ സമാധാനത്തോടെ രണ്ടാമനായും...

-------------------------------------
ഈ സംഭവം ഓര്‍ക്കാനുണ്ടായ കാരണം:

അമിക്ക് സ്കൂളില്‍ എ+ കിട്ടി ഹാന്‍ഡ്‌റൈറ്റിങ് ഒഴികെ എല്ലാവിഷയത്തിലും. സ്കൂളിലെ നോട്ടീസ് ബോര്‍ഡില്‍ ഫോട്ടോയും ഉണ്ട്. സുല്ലി വല്ല്യ സന്തോഷത്തിലാണ്.

ഇന്നലെ പുതിയ ബുക്ക്സെല്ലാം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ സുല്ലി അമിയോട് ചോദിച്ചു. “അമി ഇനി വണ്ണില്‍ പോവില്ലേ. അപ്പോള്‍ ഫ്രന്‍ഡ്സിനോട് പറയോ നിന്റെ ഫോട്ടൊ നോട്ടീസ് ബോര്‍ഡില്‍ വന്നത് എ+ കിട്ട്യേതും? ”

കുറച്ചു നേരത്തെ ആലോചനക്കുശേഷം അമി പറഞ്ഞു “ഇല്ല ഞാന്‍ പറയില്ല. ചിലപ്പോള്‍ അവര്‍ക്ക് വിഷമമായാലോ. അവരുടെ ഫോട്ടൊ ബോര്‍ഡില്‍ വരാത്തതുകൊണ്ട്”

Sunday, March 16, 2008

അവളെക്കാണാന്‍

അവളെ അവിടെ ചെന്നു കാണണമെന്ന്. എന്തിനായിരിക്കും അവിടേക്കു ചെല്ലാന്‍ പറഞ്ഞത്? ടെലഫോണില്‍ പറയാന്‍ പറ്റാത്ത എന്തു കാര്യമാണുള്ളത്. കാര്യങ്ങള്‍ തുറന്നു പറയുകയാണെങ്കില്‍ ഒരു സമാധാനമായേനെ. ഇതു യാതൊരു ഉറപ്പും തരാതെയുള്ള ക്ഷണമാണ്. ഏതായാലും കല്യാണം ഉറപ്പിച്ചതല്ലേ. വേറെ വഴിയൊന്നുമില്ല. പോയി കാണുകതന്നെ. എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിക്കണമാവോ ഇതൊന്നു നടന്നു കിട്ടാന്‍.

ഓഫീസില്‍ നിന്ന് ഒരാഴ്ചത്തെ അവധിയേ കിട്ടിയുള്ളു. ഉമ്മയും ബാപ്പയും ബ്രോക്കര്‍മാരും കൂടി തിരച്ചിലോടു തിരച്ചിലിനൊടുവില്‍, അവര്‍ക്കിഷ്ടമായ ഒരാളെ കിട്ടിയപ്പോള്‍ എന്നെ അറിയിക്കുകയായിരുന്നു. അവളെ കാണുമ്പോള്‍ പിന്നാലെ വരാനിരിക്കുന്ന പ്രശ്നങ്ങളെ പറ്റിയൊന്നും ഒട്ടും ബോധവാനായിരുന്നില്ല എന്നതാണു സത്യം. പ്രഥമദര്‍ശനത്തില്‍ തന്നെ എന്റെ മനസ്സില്‍ കയറിപറ്റിയവള്‍. ഇരുവീട്ടുകാരും തീരുമാനിച്ചു എന്‍‌‌ഗേജ്മെന്റും ഒരു വിധം കഴിഞ്ഞു.

അതിനുശേഷം ഞങ്ങള്‍ ടെലഫോണിലൂടെ കൈമാറാത്ത വിശേഷങ്ങളില്ല. രാത്രിയെന്നോ പകലെന്നോ വേര്‍തിരിവില്ലാതെ ഞങ്ങള്‍ സംസാരിച്ചു തീര്‍ത്തത് ഞങ്ങളുടെ ജീവിതം തന്നെയായിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാതെ നീണ്ടു പോകുന്ന സംഭാഷണങ്ങള്‍. അവളുടെ കളി തമാശകളും കുസൃതികളും അപ്പോഴേക്കും ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. അതെല്ലാം തന്റേതു മാത്രമെന്ന് വിശ്വസിക്കാനും തുടങ്ങി. അവളുമായി സംസാരിക്കുമ്പോള്‍ അവള്‍ തന്റെ സമീപമുണ്ടെന്ന തോന്നലോ... അതൊ അവളില്ലാതെയിനി ജീവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവോ... എന്താണ് ആ സംഭാഷണങ്ങള്‍ തനിക്കു നല്‍കിയതെന്നു പറയുക വയ്യ ഇപ്പോഴും. ഇത്രയും കാലം ഞാന്‍ കാത്തിരുന്നത് അവള്‍ക്കു വേണ്ടിയായിരുന്നോ. അങ്ങനെയൊരു കാത്തിരിപ്പ് എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നോ, എനിക്കും പ്രണയിക്കാനാവുമെന്നു തിരിച്ചറിഞ്ഞ നാളുകളാണിത്.

ഇനി കല്യാണത്തിന് ഏറെയില്ല ദിനങ്ങള്‍. അതിനിടയില്‍ ഒരുക്കേണ്ട ഒരു പാടു കാര്യങ്ങള്‍. നാട്ടില്‍ പോയതും എന്‍‌ഗേജ്മെന്റ് മറ്റുപരിപാടികളുമായി കുറെ പണം ചിലവായി. കല്യാണം ആര്‍ഭാഢമാക്കുന്നതിനോടൊന്നും യോജിക്കുന്നില്ലെങ്കിലും സ്വന്തം കാര്യം വരുമ്പോള്‍ അത്തരം തത്വശാസ്ത്രങ്ങളൊന്നും തുണക്കാറില്ല. ഇനി കല്യാണകാര്യം മുറക്കു നടക്കണമെങ്കില്‍ ലോണെടുക്കുകയേ നിവൃത്തിയുള്ളൂ. ഒറിജിനല്‍ പാസ്സ്പോര്‍ട്ടും, സാലറി സര്‍ട്ടിഫിക്കേറ്റും മറ്റു രേഖകളുമായി ഞാന്‍ യാത്രയായി, അവള്‍ക്കായി, ഇവളെക്കാണാന്‍, ബാങ്കിലേക്ക്.