Wednesday, November 21, 2007

രാക്ഷസന്‍ നമ്പര്‍ നാല്

ഈ കഥയില്‍ രാക്ഷസനില്ല. രാജകുമാരി മാത്രമേയുള്ളു. ഇനിയാരെയെങ്കിലും രാക്ഷസനെന്നു തോന്നിയാല്‍ അതെന്റെ കുറ്റമല്ല. - സുല്‍


രാജകുമാരനായ രാക്ഷസനില്‍ നിന്ന് രാജകുമാരിയെ തട്ടിയെടുത്ത് കൊട്ടാരത്തിന്റെ പുറത്തു വന്നു സിമി. നീല ജീന്‍സും വെളുപ്പ് മുഴുക്കയ്യന്‍ ടീ ഷര്‍ട്ടുമാണ് അയാള്‍ ധരിച്ചിരുന്നത്. അയാളുടെ കയ്യില്‍ ഒരു തൊപ്പിയും കഴുത്തില്‍ ഒരു സഞ്ചിയുമുണ്ടായിരുന്നു. രാജകുമാരിയുടെ പോലെ ചുവന്നു തിളങ്ങുന്ന വസ്ത്രങ്ങള്‍ അയാള്‍ക്കില്ല്ലായിരുന്നു. അയാള്‍ ചൂളമടിച്ചപ്പോള്‍ പുറത്തു നിന്നിരുന്ന കറുത്ത കുതിര അവരുടെ അടുത്തെത്തി. അയാളെ കുതിരക്ക് നല്ല ഇഷ്ടമായിരുന്നു. പിടുത്തം വിടുവിക്കാനായി രാജകുമാരി കൈ കുതറികൊണ്ടിരുന്നു. അയാള്‍ രാജകുമാരിയെ കൂടുതല്‍ മുറുകെ ചേര്‍ത്തു പിടിച്ചു. രാജകുമാരി കുതറികൊണ്ടേയിരുന്നു. കുതിരയുടെ പുറത്ത് ചാടിക്കയറാന്‍ പറ്റാതെ അയാള്‍ നിന്നു കിതച്ചു. ആനകിടക്കുന്നപോലെ കുതിര നിലത്തു കിടന്നു അതിനു കാലുകള്‍ അങ്ങനെ മടക്കുവാന്‍ പാടില്ലായിരുന്നെങ്കിലും. അയാള്‍ രാജകുമാരിയേയും പിടിച്ച് കുതിരപ്പുറത്തേറി ഏറ്റവും വേഗത്തില്‍ ഓടിച്ചു പോയി.

കോട്ടയും കഴിഞ്ഞ് കാടും കഴിഞ്ഞ് നാട്ടിലെത്തി. ടാറിട്ട റോഡിലെത്തിയപ്പോള്‍ കുതിര ഒരു കറുത്ത ബൈക്കായി മാറി. അയാള്‍ക്കേറ്റം ഇഷ്ടപ്പെട്ട ബുള്ളറ്റ്. അയാള്‍ക്ക് നല്ല ദാഹമുണ്ടായിരുന്നു. മാടക്കടക്കടുത്ത് ബൈക്ക് നിര്‍ത്തി അയാള്‍ രണ്ടു പെപ്സി വാങ്ങി. ഒരെണ്ണം അയാള്‍ കുടിച്ചു. ഒരെണ്ണം രാജകുമാരിക്കു കൊടുത്തു. രാജകുമാരിക്കും നല്ല ദാഹമുണ്ടായിരുന്നു. പെപ്സി വാങ്ങി കുടിച്ച രാജകുമാരിക്കതിഷ്ടപ്പെട്ടില്ല. രാജകുമാരി അത് തുപ്പിക്കളഞ്ഞു. പെപ്സി ദൂരെ വലിച്ചെറിഞ്ഞു. അയാള്‍ കടയില്‍ നിന്നു ഒരു സിഗരറ്റിനു തീകൊളുത്തി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രാജകുമാരിയേയും കൊണ്ട് ഓടിച്ചു പോയി.

മൌറീഷ്യസ്സിലേക്കു പുറപ്പെട്ട അവര്‍ എത്തിചേര്‍ന്നത് പാലക്കാടാണ്. അവന്റെ താമസസ്ഥലത്ത്. അവിടേക്ക് രാജകുമാരിയെ കൊണ്ടു വരണമെന്ന് അയാക്ക് ആഗ്രഹമില്ലായിരുന്നു. തന്റെ വേരുകളെ തൊട്ടറിയാന്‍ രാജകുമാരിക്കൊരവസരം കൊടുക്കാമെന്നു കരുതി‍. ഒരു ചെറിയ ഗേറ്റ് കടന്ന് ഉള്ളിലേക്ക് ഒരു നീണ്ട വഴി. അതിന്റെ അറ്റത്ത് മുന്നിലേക്ക് തുറക്കുന്ന മൂന്ന് വാതിലുകളുള്ള ഒരു വീട്. ഇടത്തു വശത്തെ വാതിലില്‍ ‘രഘു’ എന്നും വലതു വശത്തെ വാതിലില്‍ ‘പുട്ടുലു രാമറാവു’ എന്നും എഴുതിയിരുന്നു. നടുവിലെ പേരെഴുതാത്ത വാതിലിനടുത്തേക്ക് അവന്‍ രാജകുമാരിയേയും കൊണ്ടു നടന്നു.

1വാതില്‍ തുറക്കുവാന്‍ അയാള്‍ ഒന്നു മടിച്ചു നിന്നു. മുറിയില്‍ നിറയെ പെപ്സി ടിന്നുകളും സിഗരറ്റ് കുറ്റികളും പഴയ തുണികളും പത്രതാളുകളും പഴയ മാസികകളും മറ്റ് ചപ്പു ചവറുകളും നിറഞ്ഞു കിടന്നു. മതിലില്‍ മാറാല തൂങ്ങിയിരുന്നു. മുറിയില്‍ സാമാന്യം ദുര്‍ഗന്ധവുമുണ്ടായിരുന്നു. അവന്‍ ചിരിച്ചു. എന്നിട്ടു പറഞ്ഞു ഇതെന്റെ ഭൂതകാലമാണ്1. രാജകുമാരിക്ക് അയാളോട് ദയ തോന്നി, തന്റെ രാജ്യത്തില്‍ ഇങ്ങനെയും ഒരാള്‍ ജീവിക്കുന്നുണ്ടെന്ന് രാജകുമാരി അപ്പോഴാണ് അറിഞ്ഞത്. അയാള്‍ രാജകുമാരിയെ അവിടെ പൂട്ടിയിടാന്‍ പോകുകയാണെന്നാണ് രാജകുമാരിക്ക് മനസ്സിലായി.

ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴികണ്ടു പിടിക്കണം. കാട്ടിലെ കാട്ടാനയെ അടിച്ചു കൊല്ലുന്ന രാക്ഷസനില്‍ നിന്നു രക്ഷപ്പെട്ടിട്ടുള്ളതല്ലേ, പിന്നെയാണോ ഇത്. രാജകുമാരി നല്ല സൂത്രശാലിയായിരുന്നു. അവള്‍ ഒരു പദ്ധതി തയ്യാറാക്കി. 2അവളുടെ വിടര്‍ന്ന കണ്ണുകള്‍ അല്പംകൂടി വിടര്‍ത്തി മന്ദഹസിച്ചു. ഒന്നും മിണ്ടാതെ ഒരു ചൂലെടുത്ത് എല്ലാം അടിച്ചുവാരി പ്ലാസ്റ്റിക്ക് കൂടകളിലാക്കി മുറിയുടെ ഒരു മൂലക്കു വെച്ചു. ഒടുവില്‍ ചിരിച്ചുകൊണ്ട് നെറ്റിയിലെ വിയര്‍പ്പ് തുടച്ച് നിലത്തുവിരിച്ച മെത്തയില്‍ ചടഞ്ഞിരുന്നു. പുഞ്ചിരിച്ചുകൊണ്ട് അല്പം നാണത്തോടെ രാജകുമാരി പതിയെ പറഞ്ഞു. ഇനിമുതല്‍ നിന്റെ വര്‍ത്തമാനവും ഭാവിയുമെല്ലാം ഇങ്ങനെയാണ്. വൃത്തിയും വെടിപ്പുമുള്ളത്2.

ഒന്നും മിണ്ടാതെ അവന്‍ രാജകുമാരിയെ തള്ളിപുറത്താക്കി ബൈക്കിന്റെ താക്കോലും കൊടുത്തു കതകടച്ചു. പ്ലാസ്റ്റിക്ക് കൂടകളില്‍ നിന്ന് ചപ്പു ചവറുകള്‍ വാരി മുറിയില്‍ വിതറി. അഴുക്കു പുരണ്ട മെത്തയില്‍ ചുരുണ്ടുകിടന്ന് സുഖമായുറങ്ങി.

രാജകുമാരിയുടെ മുത്തശ്ശി രാജകുമാരിക്ക് അട്ടയെപിടിച്ചു മെത്തയില്‍ കിടത്തുന്ന കഥ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. രാജകുമാരിയെ കണ്ട രഘു വാതില്‍ തുറന്നു പുറത്തു വന്നു. ബുള്ളറ്റുസ്റ്റാര്‍ട്ട് ചെയ്ത് രാജകുമാരിയേയും പിറകില്‍ കയറ്റിയിരുത്തി യാത്രയായി. അന്നുമുതല്‍ സിമിയുടെ കഥകളില്‍ നിന്ന് രഘു പുറത്തായി. വലതു വശത്ത് അടഞ്ഞുകിടന്ന വാതിലിനു പിന്നില്‍ ഒറ്റ ജനലിലൂടെ പുട്ടുലു രാമറാവു അപ്പോഴും വിളിച്ചു പറഞ്ഞു LET ME OUT!.


1 & 2 സിമിയുടെ കഥകളില്‍ വന്ന അതേ വാചകങ്ങള്‍ . കോപിറൈറ്റ് സിമിക്ക്:)
രാക്ഷസന്‍ നമ്പര്‍ ഒന്ന്
രാക്ഷസന്‍ നമ്പര്‍ രണ്ട്
രാക്ഷസന്‍ നമ്പര്‍ മൂന്ന്

Thursday, November 08, 2007

നിറങ്ങള്‍

പലരും പല നിറങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്? എല്ലാവര്‍ക്കും ഒരു നിറം മാത്രം ഇഷ്ടപെട്ടാല്‍ പോരെ? ചിലര്‍ക്ക് ചുവപ്പിനോടിഷ്ടം, ചിലര്‍ക്ക് പച്ച, പിന്നെ മഞ്ഞ, നീല, പിങ്ക് ഇങ്ങനെ പോകും നിറങ്ങളോടുള്ള ഇഷ്ടങ്ങള്‍. എണ്ണക്കറുപ്പിനേഴഴകെന്നു പാട്ടും പാടി വെളുത്ത പെണ്ണിനെ മാത്രം കാണാന്‍ പോകുന്നവരും ഉണ്ട്.

നിറങ്ങളെ പറ്റി എന്റെ മനസ്സില്‍ ഒരു വട്ട് ചിന്തയുണ്ടായിരുന്നു കുട്ടികാലത്ത്. ഇപ്പോഴും അതിനൊരു തീര്‍പ്പായിട്ടില്ല എന്നു വേണം പറയാന്‍‍. അതൊന്നു പകര്‍ത്താമെന്നു കരുതി ഇവിടെ. എന്റെ സംശയം നിങ്ങളുടെ സംശയമായാല്‍ ഞാന്‍ വിജയിച്ചു.

നിറങ്ങള്‍ തിരിച്ചറിയുന്നത് നമ്മുടെ തലച്ചോറിലാണല്ലൊ. (അതെന്തെര് ചോറ്? എന്ന് ചോദിച്ചു വരരുത്. ഇല്ലാത്തവര്‍ മിണ്ടാതിരിക്കുക, എന്റെ കയ്യെല്‍ ഇല്ല നിങ്ങള്‍ക്കു തരാന്‍). എല്ലാവരും ഒരു നിറത്തെയാണ് ഇഷ്ടപ്പെടുന്നതെന്നാണ് എന്റെ കണ്ടുപിടുത്തം. അതായത് ലോകത്തിലുള്ള എല്ലാവര്‍ക്കും എന്റെ ചുവപ്പ് നിറത്തെയാണിഷ്ടപ്പെടേണ്ടത് എന്നാണ് നമ്മുടെ തലയുടെ ഡിഫാള്‍ട്ട് സെറ്റിങ് എന്നു കരുതുക. എന്നിട്ടത് വിശ്വസിക്കുക. അതെങ്ങനെ ശരിയാകും എന്നല്ലെ ചോദ്യം.

ഞാന്‍ ചുവപ്പു നിറം കാണുന്നു അതിഷ്ടപ്പെടുന്നു. അതു നിങ്ങള്‍ക്കിഷ്ടമാകുന്നില്ല. നിങ്ങള്‍ക്ക് നീല (എനിക്കു നീലയായി കാണുന്ന) നിറമാണിഷ്ടം. ഞാന്‍ കാണുന്ന ചുവപ്പ് നിങ്ങള്‍ പചയായാണ് കാണുന്നത്. പച്ച നിറം കാണുമ്പോള്‍ തലയ്കതിഷ്ടപ്പെടുന്നില്ല. എന്നാല്‍ ഞാന്‍ കാണുന്ന നീല നിറം ചുവപ്പ് ആയാണ് നിങ്ങളുടെ തല മനസ്സിലാക്കുന്നതെങ്കില്‍, ചുവപ്പിനെ ഇഷ്ടപ്പെടാന്‍ പ്രോഗ്രാം ചെയ്യപ്പെട്ട ബ്രൈന്‍ അതിനെ ഇഷ്ടപ്പെടുന്നു. അപ്പോള്‍ നിങ്ങള്‍ പറയുന്നു നിങ്ങള്‍ക്ക് നീലയാണിഷ്ടമെന്ന്. എന്നാല്‍ അതെനിക്കിഷ്ടപ്പെടുന്നുമില്ല എന്തെന്നാല്‍ ഞാന്‍ അതിനെ ചുവപ്പായല്ല നീലയായാണ് കാണുന്നത്.

ചെറുപ്പകാലത്ത് നമ്മള്‍ നിറങ്ങളുടെ പേരുകള്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ആരോ പറഞ്ഞുതന്ന പേരുകള്‍ നമ്മള്‍ കാണാതെ പഠിച്ച് തിരിച്ചു പറയുകയല്ലേ ചെയ്യുന്നത്. ഇലയുടെ നിറം പച്ചയാണെന്ന് ടീച്ചര്‍ പറയുമ്പോള്‍ ടീച്ചര്‍ കാണുന്ന പച്ചയെ ഞാന്‍ ചുവപ്പായികണ്ട്, മറ്റൊരാള്‍ നീലയായി കണ്ട് മറ്റൊരാള്‍ മഞ്ഞയായി കണ്ട് അതിനെ പച്ചയെന്നു വിളിക്കുന്നു, പേരിടുന്നു. ഞാന്‍ കാണുന്ന നിറങ്ങള്‍ എനിക്കറിയുന്ന നിറങ്ങള്‍ അതേ നിറത്തില്‍ തന്നെയാണോ നിങ്ങളും കാണുന്നത്, അതായത് മനസ്സിലാക്കുന്നത്? അതായത് ഞാന്‍ കാണുന്ന പച്ച നിറം നിങ്ങള്‍ കാണുമ്പോള്‍ അത് എന്റെ പച്ചയായി തന്നെയോ നിങ്ങള്‍ കാണുന്നത്? അല്ലെങ്കില്‍ എന്റെ നീല പോലെയോ ചുവപ്പ് പോലെയൊ. അതെങ്ങനെ കണ്ടു പിടിക്കാന്‍ കഴിയും? എനിക്കറിയില്ല, നിങ്ങള്‍ക്കൊ?

ഇത്രയും പറഞ്ഞിട്ട് ഒരു പിടിയും കിട്ടിയില്ലെങ്കില്‍, ഫിലിമിന്റെ ഉപയോഗം നോക്കാം. കറുപ്പും വെളുപ്പും മാത്രം തിരിച്ചറിയുന്ന ഫിലിം, കളര്‍ തിരിച്ചറിയുന്ന ഫിലിം. ഇവ രണ്ടും കാണുന്നത് ഒരു വസ്തുവിനെ തന്നെ. എങ്കിലും അതിനെ വേറെ വേറെ നിറങ്ങളില്‍ കാണുന്നു. അതു മാത്രമല്ല ആ ഫിലിം നമ്മള്‍ കാണുമ്പോള്‍ (നെഗറ്റീവ്) മറ്റൊരു നിറമാണ്. ഇതു പോലെ നമ്മുടെ തലയും നിറങ്ങളെ പലതായി കാണുന്നില്ലെന്നാരാ പറഞ്ഞത്?